മൊറോക്കൻ ഫുട്ബോൾ, പ്ലേയിങ് വിത്ത് പാഷൻ

കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ തീപാറും കളി കാഴ്ചവെച്ചു നിർഭാഗ്യത്തോടെ മടങ്ങിയവർ. സ്‌പെയ്‌നിനെ ഏതാണ്ട് തോൽപ്പിച്ച് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി. ഏറ്റവും കൂടുതൽ ഷോട്ടുകളും പൊസെഷനുമായി പോർച്ചുഗലിനെ വിറപ്പിച്ചു, ഇറാനെയും. ഇക്കുറി മൊറോക്കോയാണ് നാല് പോയന്റോടെ ഗ്രൂപ്പിൽ മുന്നിൽ. മൊറോക്കോയ്‌ക്കൊപ്പം സർപ്രൈസ് മുന്നേറ്റങ്ങളോടെ കളിക്കുന്ന കാനഡയുടെ ഇടയിൽ ഞെരുങ്ങിയിരിക്കുകയാണ് വമ്പന്മാരായ ബെൽജിയവും ക്രൊയേഷ്യയും.

രു രാജ്യത്ത് 90 ശതമാനത്തോളം ആളുകൾ കഫെകളിലും, ചായക്കടകളിലും, കൊച്ചു ക്ലബുകളിലും കൂട്ടമായിരുന്നു പന്തുകളി കാണുന്ന രാജ്യം. വൈദാദ് അത്‌ലറ്റിക്, രാജ കസബ്ളാങ്ക, അസ് ഫാർ തുടങ്ങിയ ക്ലബുകളുടെ ബൊട്ടോല ലീഗിലെ മാച്ചുകളിലെ വലിയ കൊടികളും, നിറങ്ങളും, തീയും, പുകയും, വാശിയും, മുദ്രാവാക്യങ്ങളും, പാട്ടുകളും, ഫാൻസ്‌ സപ്പോർട്ടുകളും, റിവൽറിയും കണ്ടാൽ തലയിൽ കൈവെച്ചു പോകും. ആഫ്രിക്കൻ നേഷൻസിലോ, ലോകകപ്പ് യോഗ്യതാ മത്സരത്തിലോ തോൽക്കുമ്പോൾ രാജ്യത്തെ കുട്ടികളും, സ്ത്രീകളും, തൊഴിലാളികളും, മുത്തശ്ശീ- മുത്തശ്ശന്മാരും എന്തിന് മതനേതാക്കളടക്കം ഫുട്‍ബോൾ വിദഗ്ധരും വിശകലനം ചെയ്യുന്നവരുമാകുന്ന രാജ്യം. രാഷ്ട്രീയം വരെ പന്തുകളിയിലൂടെ സംസാരിക്കാറുള്ള ജനത. അതാണ് മൊറോക്കോ.

കഴിഞ്ഞ റഷ്യ ലോകകപ്പിൽ തീപാറും കളി കാഴ്ചവെച്ചു നിർഭാഗ്യത്തോടെ മടങ്ങിയവർ. സ്പെയ്നിനെ ഏതാണ്ട് തോൽപ്പിച്ചു അവസാന മിനിറ്റിൽ ഗോൾ വഴങ്ങി, ഏറ്റവും കൂടുതൽ ഷോട്ടുകളും പൊസെഷനുമായി പോർച്ചുഗലിനെ വിറപ്പിച്ചു, ഇറാനെയും. ഇക്കുറി കുറച്ചു കൂടി സൂക്ഷ്മതയോടെ കൂടി കളിക്കുന്നത് കൊണ്ട് റിസൾട്ടുകളും ലഭിച്ചു.

മഷറാനോയുടെയും, കസമിറോയുടെയും, പാട്രിക് വിയേറയുടേയുമൊക്കെ മൊറോക്കൻ പതിപ്പായ മിഡ്ഫീൽഡ് ഒറ്റയാൻ സോഫിയാൻ അംറബാത് എന്ന കളിക്കാരന്റെ ധൈര്യത്തിലാണ് കോച്ച് മുൻനിരയും പിൻനിരയും ഒരുക്കിയിട്ടുള്ളത്. അത്രയും വിശ്വാസമുണ്ട് കോച്ചിനും കളിക്കാർക്കും രാജ്യത്തിനും. അറ്റാക്കിനും ഡിഫൻസിനുമൊപ്പം അല്പം റിസ്കുള്ള ടാക്കിളുകൾ കൂടി എടുക്കുന്ന മനുഷ്യനായതിനാൽ ക്രൊയേഷ്യക്കെതിരെ മഞ്ഞകാർഡ് വഴങ്ങി രണ്ടാമത്തെ കളിയിൽ വാങ്ങിക്കാതിരുന്നത് നന്നായി.

ഹകീം സിയാച്, അഷ്‌റഫ് ഹകീമി, യൂസഫ് അൽ നെസിരി തുടങ്ങിയ കളിക്കാരെല്ലാം അത്രയും സമർപ്പണത്തോടെ കളിക്കുന്നവരാണ്. ഇവർ മുന്നേറ്റത്തിൽ ശ്രദ്ധിക്കുമ്പോൾ പ്രതിരോധത്തിൽ കാപ്റ്റൻ ഗാനിം സെസ്സും കൂടെ നൈഫ് അഗെർഡും ബെൽജിയം നിരയെ തടുക്കാനും ഡെബ്ര്യൂനെ , ഹസാർഡുമാർ തുടങ്ങിയവരുടെ പാസുകൾ ബോക്സിലെത്താതിരിക്കാനും നന്നായി വിയർപ്പൊഴുക്കിയിട്ടുണ്ട്. ആദ്യ പകുതിയിൽ ഹകീം സിയാച്ചെടുത്ത കിക്ക് ഗോളായെങ്കിലും VAR ഓഫ്‌സൈഡ് റൂളിൽ പെടുത്തി, പക്ഷേ രണ്ടാം പകുതിയിൽ അബ്ദുൽഹമീദ് സബീരിയെടുത്ത ഫോട്ടോകോപ്പി കിക്ക് കോർട്ടിയോസ് എന്ന വലകാക്കുന്ന ശക്തിമാനെ കീഴടക്കി, ശേഷം അബൂഖിലാൽ ബെൽജിയത്തിന്റെ പെട്ടിക്കുള്ള അവസാന നിമിഷത്തെ ആണി കൂടി അടിക്കുകയായിരുന്നു.

മൊറോക്കോയാണ് 4 പോയന്റോടെ ഗ്രൂപ്പിൽ മുന്നിൽ. മൊറോക്കയ്‌ക്കൊപ്പം സർപ്രൈസ് മുന്നേറ്റങ്ങളോടെ കളിക്കുന്ന കാനഡയുടെ ഇടയിൽ ഞെരുങ്ങിയിരിക്കുകയാണ് വമ്പന്മാരായ ബെൽജിയവും ക്രൊയേഷ്യയും. ക്ഷമയോടെയും, ഉശിരോടെയും, ഫുട്‍ബോൾ വികാരത്തോടെയും കൂട്ടായി പൊരുതിയാൽ വലിയ താരനിരയുള്ളവരെ തോൽപ്പിക്കാനാകും. ഖത്തർ ലോകകപ്പ് കുറെ പാഠങ്ങൾ ഫുട്‍ബോൾ ലോകത്തിന് കാണിച്ചു തന്നു കൊണ്ടിരിക്കുന്നു.

രണ്ടാം റാങ്കുകാരായ ടീമിനെ ഇരുപത്തിരണ്ടാം റാങ്കുകാരായ ടീം തോൽപ്പിച്ചിരിക്കുന്നു. മൊറോക്കോ എന്ന രാജ്യവും, അവരുടെ പന്തുകളി ലഹരിയും, കളിക്കാരും, ടീമിനായി അകമഴിഞ്ഞു സ്റ്റേഡിയത്തിൽ പിന്തുണ നൽകുന്ന കാണികളും അർഹിക്കുന്ന വിജയം.
മബ്‌റൂക് മൊറോക്കോ, വെൽ ഡൺ അറ്റ്‌ലസ് ലയൺസ്.


Summary: കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ തീപാറും കളി കാഴ്ചവെച്ചു നിർഭാഗ്യത്തോടെ മടങ്ങിയവർ. സ്‌പെയ്‌നിനെ ഏതാണ്ട് തോൽപ്പിച്ച് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി. ഏറ്റവും കൂടുതൽ ഷോട്ടുകളും പൊസെഷനുമായി പോർച്ചുഗലിനെ വിറപ്പിച്ചു, ഇറാനെയും. ഇക്കുറി മൊറോക്കോയാണ് നാല് പോയന്റോടെ ഗ്രൂപ്പിൽ മുന്നിൽ. മൊറോക്കോയ്‌ക്കൊപ്പം സർപ്രൈസ് മുന്നേറ്റങ്ങളോടെ കളിക്കുന്ന കാനഡയുടെ ഇടയിൽ ഞെരുങ്ങിയിരിക്കുകയാണ് വമ്പന്മാരായ ബെൽജിയവും ക്രൊയേഷ്യയും.


Comments