ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോകം. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് മത്സരം നടക്കാൻ പോവുന്നത്. 48 രാജ്യങ്ങൾ പങ്കെടുക്കുന്നുവെന്നതാണ് ഈ ലോകകപ്പിൻെറ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ലോകകപ്പിൽ വരെ 32 രാജ്യങ്ങളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ 16 ടീമുകളാണ് കൂടുതലായി ലോകകപ്പിൽ പങ്കെടുക്കാനായി എത്തുന്നത്. ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ഇടപെടലുകൾ മത്സരങ്ങളുടെ നടത്തിപ്പിനെ പോലും ബാധിച്ചേക്കുമെന്ന ആശങ്ക ഒരുഭാഗത്ത് ഉയരുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ അമേരിക്കയും ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന കാലമാണിത്.
ലാറ്റിനമേരിക്ക മുതൽ ഏഷ്യ വരെ ഭൂഖണ്ഡങ്ങൾ വ്യത്യാസമില്ലാതെ എല്ലായിടത്തുമുള്ള രാജ്യങ്ങളുമായി അമേരിക്ക പലവിധ പ്രശ്നത്തിൽ ഏർപ്പെടുന്നുണ്ട്. വെനസ്വേലയിൽ നിന്നും പ്രസിഡൻറ് നിക്കോളാസ് മഡൂറോയെ കടത്തിക്കൊണ്ടു വന്ന് വിചാരണ ചെയ്യുന്നത് ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാവുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്തെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടാണ് ട്രംപ് പ്രസിഡൻറിനെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യുന്നത്. ഇത് കൂടാതെ പശ്ചിമേഷ്യൻ രാജ്യമായ ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാനുമുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമായും, എന്തിന് ലോകകപ്പിൽ സഹ ആതിഥേയ രാജ്യങ്ങളായ മെക്സിക്കോയുമായും കാനഡയുമായൊന്നും നല്ല ബന്ധത്തിലല്ല ട്രംപ് ഭരണകൂടം.

ഇതിനിടയിലാണ് ട്രംപിൻെറ വിസാനയങ്ങളിലെ കടുംപിടിത്തം ലോകകപ്പിലെ കാണികളുടെ പങ്കാളിത്തത്തിൽ കുറവുണ്ടാക്കുമോയെന്ന വലിയ ആശങ്ക ഉയർത്തുന്നത്. നിലവിൽ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് അമേരിക്ക. ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലുള്ള രാജ്യങ്ങൾക്കെല്ലാം വിസാവിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുമായി എതിർപ്പുള്ളതും അടുപ്പമുള്ളതും ഏറെക്കാലമായി കുടിയേറ്റബന്ധങ്ങളുള്ളതുമായ രാജ്യങ്ങൾ പട്ടികയിലുണ്ട്.
ഇതെല്ലാം വിരൽ ചൂണ്ടുന്നത് 2026-ലെ ലോകകപ്പ് ഗ്യാലറയിൽ കാണാൻ ആളില്ലാത്ത ലോകകപ്പായി മാറിയേക്കുമെന്ന ആശങ്കയിലേക്കാണ്. ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത് അമേരിക്കയിലാണ്. മെക്സിക്കോയിലെ മൂന്ന് നഗരങ്ങളിലും കാനഡയിലെ രണ്ട് നഗരങ്ങളിലും മത്സരങ്ങൾ നടക്കുമ്പോൾ അമേരിക്കയിലെ 11 നഗരങ്ങളിലാണ് മത്സരങ്ങളുള്ളത്. സ്വാഭാവികമായും ഏറ്റവും കൂടുതൽ കാണികൾ എത്തേണ്ടത് അമേരിക്കയിലേക്കാണ്. ട്രംപ് നിലവിൽ വിസാ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ള 75 രാജ്യങ്ങളിൽ 16 എണ്ണവും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് ആദ്യ ലോകകപ്പിനെത്തുന്ന കേപ്പ് വെർദെ പോലും ട്രംപിൻെറ വിസാ നിയന്ത്രണ പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ ലോകകപ്പുകൾ നേടിയിട്ടുള്ള ലാറ്റിനമേരിക്കയിലെ കരുത്തരായ ബ്രസീലും ഈ പട്ടികയിലുണ്ട്.

ലോകകപ്പ് കളിക്കുന്ന വിസാ നിയന്ത്രണമുള്ള മറ്റ് രാജ്യങ്ങൾ:
ആഫ്രിക്ക: അൾജീരിയ, ഐവറി കോസ്റ്റ്, ഈജിപ്ത്, ഘാന, മൊറോക്കോ, സെനഗൽ, ടുണീഷ്യ.
കോൺമെബോൾ: കൊളംബിയ, യുറഗ്വായ്.
കോൺകാഫ്: ഹെയ്തി.
ഏഷ്യ: ജോർദാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ.
പ്ലേ ഓഫ് കളിച്ച് ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ടിരിക്കുന്ന ടീമുകളും ഈ പട്ടികയിലുണ്ട്. അൽബേനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, കൊസോവോ, നോർത്ത് മാസിഡോണിയ, കോംഗോ, ഇറാഖ്, ജമൈക്ക എന്നിവയാണ് പ്ലേ ഓഫ് കളിക്കുന്ന ടീമുകളിൽ വിസാ നിയന്ത്രണപട്ടികയിലുള്ളത്. ആകെയുള്ള 48-ൽ പകുതിയോളം രാജ്യങ്ങളിൽ നിന്നുള്ള കാണികളെ മത്സരം നേരിട്ട് കാണാൻ അനുവദിക്കില്ലെന്നാണോ ട്രംപ് തീരുമാനമെടുക്കാൻ പോവുന്നത്? അങ്ങനെയെങ്കിൽ ലോകകപ്പിനെ അത് ഗുരുതരമായി തന്നെ ബാധിക്കും.

“ഏഷ്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള ഫാൻസിന് കളി കാണാൻ വിസ കിട്ടുമെന്ന് പോലും നമുക്കിപ്പോൾ അറിയില്ല. ഒരു ലോകകപ്പ് മത്സരം കാണാൻ ആതിഥേയ രാജ്യത്ത് നിന്ന് ആളുകളില്ലെങ്കിൽ പോലും തമ്മിൽ കളിക്കുന്ന രാജ്യങ്ങളിൽ നിന്ന് ആരാധകരെത്തുന്നതാണ് സാധാരണ ഉണ്ടാവാറുള്ളത്. പക്ഷേ അമേരിക്ക വിസ നിഷേധിച്ചാൽ ഇറാൻ - ടുണീഷ്യ പോലുള്ള മത്സരം കാണാൻ പത്ത് പേർ പോലും ഉണ്ടാവാത്ത സാഹചര്യം ഉണ്ടായേക്കാം,” അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ നേരത്തെ ട്രൂകോപ്പി തിങ്കിനോട് ഇക്കാര്യം വിശദീകരിച്ചപ്പോൾ പറഞ്ഞിരുന്നു.


