മെസിയുടെ ആ ഗോൾ വീണപ്പോൾ ഖത്തറിൽ സംഭവിച്ചത്

വൈകിട്ട് ഏഴുമണിക്ക് മുമ്പുതന്നെ ഖത്തറിലെ എല്ലാവഴികളും ഐക്കണിക് സ്റ്റേഡിയമായ ലുസ്സൈലിലേക്ക് തിരിഞ്ഞു. സ്വപ്നത്തിനും സത്യത്തിനുമിടയിലെവിടെയോ ആയിരുന്നു സ്റ്റേഡിയത്തിലാകമാനമുള്ള ലോകപൗരത്വം മുഴുവൻ. അതിൽ അർജന്റീനക്കാരും ബ്രസീലുകാരും മാത്രമല്ല, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും കാൽപ്പന്തുസ്നേഹികളാകെ ഒത്തുചേർന്നിരുന്നു. ഖത്തർ ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന മെക്സിക്കോ - അർജന്റീന മത്സരം നേരിൽ കണ്ടതിന്റെ അനുഭവം എഴുതുന്നു.

ലോകത്ത് എവിടങ്ങളിലൊക്കെയോ അപ്പോൾ സൂര്യൻ ഉദിക്കുകയുംഅസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു... ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ഒന്നിലേയ്ക്ക് മാത്രം ഉറ്റുനോക്കിയപ്പോൾ ചിലപ്പോൾ സൂര്യൻപോലും അൽപസമയം സംശയിച്ചു നിന്നുപോയിട്ടുണ്ടാകാം... തന്നെച്ചുറ്റുന്ന ലോകത്തിലെന്തേ ഇത്രമാത്രം ആരവമെന്നു വിചാരിച്ചുപോയിക്കാണും... വാചാലമായ ആ നിമിഷങ്ങളെ ഒരു നോക്കുകാണാൻ സൂര്യൻ പോലും അൽപ്പനേരം നിന്നുപോയോ എന്നുപോലും സംശയിച്ചു പോകും.
ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം.

ഇനിയും മരിക്കാത്ത ആയിരം സ്നേഹനിർഭരമായ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് തീ പറക്കുന്ന കാലുകളിൽ ആവാഹിച്ച് കൽപ്പന്ത് കളിയിലെ സമകാലിക ഇതിഹാസം ആ ഒറ്റ ഷോട്ട് തൊടുത്തത്.

മെസ്സിയുടെ മുന്നേറ്റം ആർത്തിരമ്പുന്ന ആവേശത്തോടെയാണ് സ്റ്റേഡിയം വരവേറ്റത്. ഗോൾപോസ്റ്റിന് പുറകിൽ വലത്തേക്ക് മാറിയിരിക്കുന്ന ഞങ്ങളടക്കമിരിക്കുന്ന ഭാഗത്തെ കാണികൾക്ക് അത് സ്വപ്നതുല്യമായ നിമിഷങ്ങളാണ് പകർന്നേകിയത്. ഫുട്ബോൾ ലോകത്തെ ഇതിഹാസം രചിച്ച അതിമനോഹരമായ കവിത.

മെക്സിക്കോയുടെ ഹരിത ദുർഗത്തെ നിഷ്‍പ്രഭമാക്കി വലതു മൂലയിലൂടെ തറഞ്ഞുകയറിയ ആ പന്ത് ലോകമാസകലമുള്ള ഫുട്ബോൾ പ്രേമികളുടെയും ഹൃദയത്തിലേക്ക് നങ്കൂരമിടുകയായിരുന്നു.

പിന്നീടൊരിക്കലും ആരവങ്ങൾ അവസാനിച്ചില്ല. മെസ്സി മെസ്സീ വിളികളാൽ സ്റ്റേഡിയം ആകെ പ്രകമ്പനം കൊള്ളുകയായിരുന്നു... സ്വപ്നത്തിനും സത്യത്തിനും ഇടയ്ക്കുള്ള ഒരു നിമിഷം. ആരവങ്ങൾക്ക് നടുവിലൂടെ അതിമനോഹരമായ മറ്റൊരു ഗോൾ ഫെർണണ്ടസിലൂടെ സ്റ്റേഡിയത്തേയും ലോകത്തേയും പിടിച്ചു കുലുക്കി. ഒരിക്കലും ഉണങ്ങാത്ത നോവിന്റെ മുറിവുകളിൽ, ചവിട്ടി തേച്ച ആക്ഷേപങ്ങളുടെയും അധിക്ഷേപങ്ങളുടേയുമിടയിലേയ്ക്കൊരു മൃതസഞ്ജീവനി... നീലയുംവെള്ളയും ഇടകലർന്നു സ്റ്റേഡിയമാകെ ആർത്തിരമ്പുന്ന അലയാഴിയാവുകയായിരുന്നു.

ഞങ്ങൾക്ക് മുന്നിൽ കുറച്ച് ഖത്തറി യുവാക്കളായിരുന്നു ഇരുന്നത്. ഫാൻസിന്റെ ആവേശങ്ങൾക്കൊപ്പം അവർ ആർത്തിരമ്പുന്നില്ല... അവർക്ക് തൊട്ടടുത്തായി ഇരുന്നിരുന്ന മെക്സിക്കോ ആരാധകനായ ഒരു യുവാവിന്റെ ചലനങ്ങളും പ്രോത്സാഹനങ്ങളും ഇടയ്ക്കിടെ ആസ്വദിക്കുന്നുണ്ട്. ഒരു ഗോൾ വീണതോടെ മെക്സിക്കോയുടെ ആരാധകരാകെ തളർന്നമട്ടായി... അപ്പോഴും അർജന്റീനിയൻ കടലിരമ്പുകയായിരുന്നു.

ആൾക്കൂട്ടത്തിനൊപ്പമിരുന്നുള്ള കാഴ്ചാനുഭവം, ആ കളിയുടെ നിമിഷങ്ങളെ കൂടുതൽ സമ്പന്നമാക്കുകയായിരുന്നു. സ്വപ്നത്തിനും സത്യത്തിനുമിടയിലെവിടെയോ ആയിരുന്നു സ്റ്റേഡിയത്തിലാകമാനമുള്ള ലോകപൗരത്വം മുഴുവൻ. അതിൽ അർജന്റീനക്കാരും ബ്രസിലുകാരും മാത്രമല്ല, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും കാൽപ്പന്തുസ്നേഹികളാകെ ഒത്തുചേർന്നിരുന്നു.

വൈകിട്ട് ഏഴുമണിക്ക് മുമ്പുതന്നെ ഖത്തറിലെ എല്ലാവഴികളും ഐക്കണിക് സ്റ്റേഡിയമായ ലുസ്സൈലിലേക്ക് തിരിഞ്ഞു. മെട്രോയും ബസും കാറുമുൾപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളും യാതൊരു സംഖ്യയുമീടാക്കാതെയാണ് കളിപ്രേമികളെ ഓരോ സ്റ്റേഡിയത്തിലും എത്തിക്കുന്നത്. ഇന്നലത്തെ കളികൾക്കുമാത്രമല്ല, എല്ലാകളികൾക്കും ഇതൊക്കെ ബാധകമാണ്.

തൊട്ടുമുമ്പു പോളണ്ടും സൗദി അറേബ്യയും തമ്മിൽ നടന്ന മത്സരങ്ങൾ വീക്ഷിച്ചവരും അതത് ദേശീയ ടീമുകളുടെ ജേഴ്സിയും മറ്റ് ആടയാഭരണങ്ങളുമണിഞ്ഞാണ് ഫുട്ബോളിനെ ആഘോഷമാക്കുന്നത്. മെട്രോയിൽവെച്ചു കണ്ട രസകരമായ കാര്യം നേരത്തേ നടന്ന മത്സരത്തിലെ സൗദി ആരാധകൻ അർജന്റീനിയൻ ഫുട്ബോളിനെ പ്രകീർത്തിക്കുന്ന ഗാനമാലപിക്കുന്നതാണ്. മെട്രോയിലുള്ള അർജന്റീനയിലേയും മറ്റു ലാറ്റിനമേരിക്കൻ നാടുകളിലേയും ആരാധകർ ഒരുമിച്ച് ആ ഗാനം ഏറ്റുപാടുന്നു. കേരളീയരായ ഞാനുൾപ്പെട്ട കളിപ്രേമികൾക്കാകട്ടെ ലാറ്റിനമേരിക്കൻ സാഹിത്യംപോലെ അത്ഭുതകരമായ സ്ഥലകാലങ്ങളിൽ അകപ്പെട്ട പ്രതീതിയായിരുന്നു.

ഇതൊക്കെ സത്യമായി നടക്കുന്നതാണോയെന്ന് ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ മാജിക്കൽ റിയലിസത്തെപ്പറ്റിച്ചോദിച്ചപ്പോൾ മാർക്കേസ് പറഞ്ഞത്, സത്യത്തേക്കാൾ വിചിത്രമാണ് അവിടെ നടക്കുന്ന കാര്യങ്ങളെന്നാണ്. ലാറ്റിനമേരിക്കൻ പോരാളിയായ ചെഗുവരേയുടേതുൾപ്പെടെ നടന്ന പോരാട്ടങ്ങളും നമ്മെസംബന്ധിച്ച് കെട്ടുകഥകളേക്കാൾ വിചിത്രവും അത്ഭുതകരവുമാണ്.

ഏതാണ്ട് തൊണ്ണൂറായിരം കാണികളെയാണ് സ്റ്റേഡിയത്തിലെത്തിക്കേണ്ടിയിരുന്നത്. സാധ്യമായ എല്ലാ പൊതുഗതാഗത മാർഗങ്ങളും രാജ്യം ഇതിനുവേണ്ടി ഭംഗിയായി ഉപയോഗിച്ചു. പ്രൈവറ്റ് വാഹനങ്ങളുള്ളവർക്ക് അതിൽ എത്തി സൗകര്യപ്രദമായി വാഹനം പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് നടന്നുപോകാനുള്ള സൗകര്യം. ഒട്ടും മുഷിപ്പോ അപസ്വരങ്ങളോ ഇല്ലാത്തവിധം ആർത്തിരമ്പുന്ന ജനസഞ്ചയം സ്റ്റേഡിയത്തിലേക്ക് ഒഴുകി. വിവിധ ഭാഷയിൽ വിവിധ വർണങ്ങളിൽ അവരൊരു നദീപ്രവാഹമായി അലിഞ്ഞുചേരുകയായിരുന്നു. അത്യന്തം മനോഹരമായ കാഴ്ചകൾ കണ്ടും കേട്ടും മുന്നേറുന്ന പ്രവാഹം...

 ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ ലേഖകൻ
ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ ലേഖകൻ

കളി സ്ഥലത്ത് എത്തുന്നവർക്ക് പ്രത്യേകമായൊരുക്കിയ ഫാൻസ് കൗണ്ടറുകളിൽ അതത് രാജ്യത്തിന്റെ ചെറുതും വലുതുമായ പതാകകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. എല്ലാ കൗണ്ടറുകൾക്കു മുന്നിലും നല്ല തിരക്ക്. ഒരു സ്ഥലത്തുനിന്ന് ചെറുതും രണ്ടാമത്തെ സ്ഥലത്തുനിന്ന് വലിയ പതാകയും വാങ്ങിയാണ് ഞാനും കൂട്ടുകാരും ഗ്രൗണ്ടിലേക്ക് പോയത്. എവിടെയും തിരക്കുകളില്ല. വളരെ എളുപ്പത്തിൽ എല്ലാവർക്കും പ്രവേശിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ. ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതെന്നോർക്കണം. ഇടവേളകളിൽ ഇവർക്കെല്ലാം പോകാവുന്ന തരത്തിലുള്ള ബാത്ത് റൂം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ മെട്രോകൾക്കു സമീപവും ശുചിമുറി വളരെ വൃത്തിയായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിന് പുറത്ത് ഒരു തുള്ളിവെള്ളം പോലും നിങ്ങൾക്ക് കാണാനാവില്ല. കണ്ടെയ്നുകളാൽ നിർമ്മിതമായ അത്തരം അനേകം ശുചിമുറികൾ എല്ലാ സ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. ആർക്കും ഒരു പരാതിക്കുമിടയില്ലാത്തവിധമുള്ള സംഘാടനം.

കളി കഴിഞ്ഞ് തിരിച്ചുപോകവേ, ബ്രസീൽ ആരാധകരായ ഖത്തർ, മഞ്ഞപ്പട എന്ന കേരളത്തിലെ ഒരു ടീമിന്റെ ബാന്റ് വാദ്യങ്ങൾ ഒരു സ്ഥലത്തും മറ്റൊരു മലയാളി ടീമിന്റെ ഡാൻസും പാട്ടുകളും തെരുവോരങ്ങളിലും നടക്കുന്നുണ്ടായിരുന്നു. ഹിന്ദിപ്പാട്ടുകളും മലയാളം പാട്ടുകളും എല്ലാ രാജ്യക്കാരും തങ്ങളുടേതുപോലെ ആസ്വദിച്ചും പകർത്തിയുമാണ് കടന്നുപോയത്.

കളികഴിഞ്ഞ് തിരിച്ചുവരുമ്പോഴും ആർത്തലയ്ക്കുന്ന ജനപ്രവാഹം.... അൽപനേരം മെട്രോയ്ക്കടുത്ത് നിൽക്കേണ്ടിവന്നുവെന്നതൊഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും എവിടേയുമില്ലായിരുന്നു. ഏറ്റവും അവസാനത്തെ കാണിയും അവരവരുടെ വീടുകളിലെത്തുന്നു എന്ന് ഉറപ്പുവരുത്തുന്ന ഒരു സംവിധാനം. എനിക്കിറങ്ങേണ്ട മെട്രോയ്ക്ക് പുറത്ത് ഒരു മലയാളി വളണ്ടിയർ ഇരിക്കുന്നുണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ കടമേരിയിലാണ്. രാത്രി മൂന്നുവരെ നീണ്ടുനിൽക്കുന്ന പ്രതിഫലരഹിതമായ ഈ സേവനം കഴിഞ്ഞുവേണം അയാൾക്കുപോയി കിടന്നുറങ്ങാനും പിറ്റേന്ന് ജോലിക്ക് പോകാനും. മലയാളികളുൾപ്പെടെ ഇത്തരത്തിൽ ലക്ഷക്കണക്കായ വ്യക്തികളാണ് സ്വയംസന്നദ്ധമായി ഈ ലോകകപ്പുമായി സഹകരിക്കുന്നത്.

സ്റ്റാമ്പു കളക്ഷൻ പോലെ ഉപയോഗിച്ച ടിക്കറ്റുകൾ ശേഖരിക്കുന്നവരേയും വഴിവക്കിൽ കാണാം. അവർ പ്ലക്കാർഡ് ഉയർത്തി തങ്ങളുടെ ആവശ്യം കളികണ്ട് ഇറങ്ങുന്നവരെ അറിയിക്കുന്നു. പലരും ടിക്കറ്റുകൾ കൊടുക്കുന്നത് കണ്ടു.

തിരിച്ചുവരുമ്പോഴും മെട്രോയിൽ രസകരമായ കാഴ്ചകളായിരുന്നു. മെക്സിക്കോക്കാരൻ സമ്മാനിച്ച തൊപ്പിയണിഞ്ഞു നിൽക്കുന്ന അർജന്റീനിയൻ ആരാധകൻ.

കളി ഒരു ഭാഗത്ത് നടക്കുമ്പോൾ ഖത്തറിലെ ദൈനംദിന ജോലികൾ മറുഭാഗത്ത് മുറപോലെ നടക്കുന്നു... ഒന്നിനും ഒരിടത്തും തടസ്സങ്ങളില്ല. അൽബിദയിലും കോർണീഷിലുമുൾപ്പെടെ ഒരുക്കിയ ഫാൻസോണുകളിലും ലക്ഷങ്ങളാണ് പടുകൂറ്റൻ സ്‍‌ക്രീനിൽ കളിയാസ്വദിച്ച് മടങ്ങിയത്.

എന്നെങ്കിലും ഒരു ലോകകപ്പ് കാണുമെന്നത് സ്വപ്നത്തിൽപ്പോലുമില്ലാത്തൊരു സ്വപ്നമായിരുന്നു. അതാണീ പ്രവാസലോകം സ്നേഹപൂർവം മലയാളികൾക്കു നൽകിയത്. ഏറ്റവുമധികം മലയാളികൾ കണ്ട ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്.


Summary: വൈകിട്ട് ഏഴുമണിക്ക് മുമ്പുതന്നെ ഖത്തറിലെ എല്ലാവഴികളും ഐക്കണിക് സ്റ്റേഡിയമായ ലുസ്സൈലിലേക്ക് തിരിഞ്ഞു. സ്വപ്നത്തിനും സത്യത്തിനുമിടയിലെവിടെയോ ആയിരുന്നു സ്റ്റേഡിയത്തിലാകമാനമുള്ള ലോകപൗരത്വം മുഴുവൻ. അതിൽ അർജന്റീനക്കാരും ബ്രസീലുകാരും മാത്രമല്ല, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും കാൽപ്പന്തുസ്നേഹികളാകെ ഒത്തുചേർന്നിരുന്നു. ഖത്തർ ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന മെക്സിക്കോ - അർജന്റീന മത്സരം നേരിൽ കണ്ടതിന്റെ അനുഭവം എഴുതുന്നു.


Comments