അൽഹംദുലില്ലാഹ്, ഖത്തർ ലോകകപ്പ് തുടങ്ങുകയാണ്

മറഡോണയെപ്പോലെ അത്രമേൽ എന്നെ ഉന്മാദിയാക്കിയ ഒരു ഫുട്ബോൾ താരത്തെ കണ്ടിട്ടില്ല. ചരിത്രത്തിൽ അങ്ങനെയൊരു താരോദയം ഇനിയുണ്ടാകുമോ? മറഡോണയുടെ കളിയോർമ്മകൾക്ക് മുന്നിൽ മെസ്സിയും നെയ്മറും വെറും താരങ്ങൾ മാത്രം. ലോകകപ്പ് പോലെ കരുത്തിന്റെ, വേഗത്തിന്റെ, തന്ത്രങ്ങളുടെ വലിയ കളിക്കളങ്ങൾ വലിയ താരങ്ങൾക്ക് പറഞ്ഞതാണ്. കട്ടൗട്ടുകൾ ഒരു കാറ്റടിച്ചാൽ വീഴും, താരങ്ങൾ ചരിത്രത്തിന്റെ കൊടുങ്കാറ്റുകളെയും അതിജീവിക്കും.

ൽഹംദുലില്ലാഹ്, ഖത്തർ ലോകകപ്പ് തുടങ്ങുകയാണ്. സ്പിരിച്വൽ സ്പിരിറ്റ് എന്നാൽ, സ്പോർട്സ്മാൻ സ്പിരിറ്റാണ്.

ഈ വർഷം കേരളത്തിൽ കട്ടൗട്ടുകളുടെ ആൾപ്പൊക്ക വിശേഷങ്ങളാണ്. ഇനി ഫുട്ബോൾ പിരാന്തിന്റെ ഒരു മാസം. ആരൊക്കെ കെട്ടിപ്പൊക്കിയ കട്ടൗട്ടുകൾ ചരിത്രത്തിൽ കപ്പു നേടി മുഖമുയർത്തുമെന്ന് കണ്ടറിയാം. താരങ്ങൾ കളിച്ചറിയുകയും കാണികൾ കണ്ടറിയുകയും ചെയ്യുന്ന പിരാന്തിന്റെ
മാന്ത്രികതയാണ് ഫുട്ബോൾ. കായിക കലകളിൽ മിസ്റ്റിസസമുള്ളത് ഫുട്ബോളിലാണ്.

ഞങ്ങളുടെ കൗമാരങ്ങളിൽ, മാടായിയിൽ സെവൻസിന്റെ വലിയ ആരവമുണ്ടായിരുന്നു. നാട്ടിൻ പുറത്തെ ഫുട്ബോൾ താരങ്ങളെ ആരാധനയോടെ കണ്ടിരുന്ന കാലം. എന്നാൽ, എന്റെ മുസ്‍ലിം കൂട്ടുകാരിക്ക് ഫുട്ബോൾ സെവൻസ് കാണാൻ എന്നോടൊപ്പം വളപട്ടണത്തും ചെറുകുന്ന് തറയിലും വരാൻ ആ കാലത്ത് ആഗ്രഹമുണ്ടായിരുന്നു. ഗ്യാലറിയിരുന്ന് കളി കാണാൻ ആവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും, അത് സാധിച്ചില്ല. ഗ്യാലറിയിൽ ഇരുന്ന് ഫുട്ബോൾ കാണുന്ന മുസ്‍ലിം പെൺകുട്ടികൾ അന്ന്, എൺപതുകളുടെ തുടക്കത്തിൽ, പേരിന് പോലുമുണ്ടായിരുന്നില്ല. ഉമ്മ എന്തു വിചാരിക്കും, ഇക്ക എന്തു വിചാരിക്കും, ഉസ്താദ് എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ചതു കാരണം അവൾക്കോ അവളെ ഫുട്ബോൾ ടൂർണമെൻറിന്റെ
കാണിയായി ഒപ്പം കൊണ്ടുപോകാൻ എനിക്കോ ധൈര്യം വന്നില്ല. എൺപതുകളിലെ ആ ഉപ്പമാരും ഇക്കമാരും പോകട്ടെ, ഈ കാലത്തെ ഇക്കമാർക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? അറിയില്ല. സ്ത്രീകൾ ഫുട്ബോൾ ആരവങ്ങളിൽ പതുക്കെയാണെങ്കിലും പങ്കു ചേരുന്നുണ്ട്.

ഖത്തർ ലോകകപ്പ് പ്രതീക്ഷയുടെ ഒരു ഇമ്പമായി തീരുക, ഗ്യാലറിയിൽ ഇരിക്കുന്ന മുസ്‍ലിം സ്ത്രീകളെ കാണുമ്പോഴാണ്. അവർ മെസ്സിക്കും നെയ്മറിനും കൈയടിച്ച്, പർദ്ദയിട്ടും മുടി പറത്തിയും കളിയാരവത്തിൽ കൈകൊട്ടി പാടണം. അങ്ങനെ മെയിൽ ഷോവ്നിസത്തിന്റെ മുഖത്തേക്ക് തുടരെ പന്തുകൾ അടിച്ചു കയറ്റണം.

ഖത്തർ തെരുവുകളിൽ മലയാളികൾ നടത്തിയ ഫാൻസ് പരേഡുകളിൽ സ്ത്രീകളുടെ സാന്നിധ്യം കണ്ടിട്ടില്ല. എവിടെയും ആണുങ്ങൾ! ഇവിടെ കേരളത്തിലും അതാണവസ്ഥ. ആണുങ്ങളുടെ അർമാദമാണെവിടെയും. നമ്മുടെ പുഴയിലും നാൽക്കവലകളിലും വെച്ച കൂറ്റൻ കട്ടൗട്ടുകൾ ആണുങ്ങൾ, ആണുങ്ങൾക്ക് വേണ്ടി, ആണുങ്ങളാൽ കെട്ടിപ്പൊക്കിയതാണ്. പൗരുഷത്തിന്റെ ആളാനന്ദങ്ങൾ. ഈ കട്ടൗട്ടുകൾ കെട്ടിപ്പൊക്കുന്നതിൽ ഒരു സ്ത്രീയുടെയും സാന്നിധ്യം എവിടെയും കണ്ടില്ല.

ഞങ്ങളുടെ കൗമാരകാലത്ത് മാടായിയിൽ ഫുട്ബോൾ മത്സരത്തിന് പിരിവെടുക്കാൻ പല വീടുകളിലും പോയ കൂട്ടത്തിൽ, കയ്ച്ചുമ്മ എന്ന സ്ത്രീയുടെ വീട്ടിലും പോയി. ഞങ്ങളെപ്പോഴും കാണുന്ന ഉമ്മാമ്മയാണ്. കയ്ച്ചൂമ്മ ചോദിച്ചു: "ങ്ങള് ആണ് ങ്ങള് പുള്ളേറെ (കുട്ടികളുടെ) കളിക്ക് ഞാനെന്തിനാ പൈശ തര്ന്നത് മക്കളേ'.

Photo : Binu Sekhar

എന്നിട്ടും, അവർ ഞങ്ങൾക്ക് സംഭാവന നൽകിയെന്നു മാത്രമല്ല, നന്നാറി സർവത്തും നൽകി. കുട്ടികളെ അവർ ഒരുപാട് സ്നേഹിച്ചിരുന്നു. കയ്ച്ചുമ്മ ഓർമയിൽ നിഷ്കളങ്കമായ ആ ചോദ്യത്തോടെ ചിരിക്കുന്നു.

കയ്ച്ചൂമ്മയുടെ ചോദ്യം പ്രസക്തമാണ്. ഇന്ന് ഒരു പത്രത്തിൽ ഖത്തർ ലോകകപ്പ് കാണാൻ പോകുന്ന ചിലരുടെ ഫോട്ടോയും വാർത്തയുമുണ്ടായിരുന്നു. ആ നിരയിലുമില്ല സ്ത്രീകൾ. എന്നാൽ, വൊളന്ററിയർമാർ സ്ത്രീകളുണ്ട്. ഒഫീഷ്യലുകളായും സ്ത്രീ സാന്നിധ്യമുണ്ട്.

എന്തായാലും യൂറോപ്പിൽ നിന്നു ഖത്തറിലേക്ക് കാണികളായി പാറി വരുന്ന സ്ത്രീകൾ മാത്രമല്ല, അറേബ്യൻ നാടുകളിലെ പല ദിക്കുകളിൽ നിന്ന് വരുന്ന സ്ത്രീകളും പിരാന്തിന്റെ ഗോളാരവങ്ങളിലേക്ക് നമ്മെ കൊണ്ടു പോകുമെന്നാശിക്കാം. മുസ്‍ലിം സ്ത്രീകൾ ഫുട്ബോൾ കാണാൻ വരുമ്പോൾ, "ഇതാ ലോകാവസാനത്തിന്റെ അടയാള'മെന്നൊക്കെ പലരും പ്രസംഗിക്കും. ആദം നബിയുടെ കാലം തൊട്ടേ കേൾക്കുന്നതാണ് ലോകാവസാനം അടുക്കാറായി എന്ന്. അതു കൊണ്ട് അത്തരം പ്രഭാഷണങ്ങളിൽ വലിയ പുതുമയില്ല.

മറഡോണയെപ്പോലെ അത്രമേൽ എന്നെ ഉന്മാദിയാക്കിയ ഒരു ഫുട്ബോൾ താരത്തെ കണ്ടിട്ടില്ല. ചരിത്രത്തിൽ അങ്ങനെയൊരു താരോദയം ഇനിയുണ്ടാകുമോ? മറഡോണയുടെ കളിയോർമ്മകൾക്ക് മുന്നിൽ മെസ്സിയും നെയ്മറും വെറും താരങ്ങൾ മാത്രം. ലോകകപ്പ് പോലെ കരുത്തിന്റെ, വേഗത്തിന്റെ, തന്ത്രങ്ങളുടെ വലിയ കളിക്കളങ്ങൾ വലിയ താരങ്ങൾക്ക് പറഞ്ഞതാണ്. കട്ടൗട്ടുകൾ ഒരു കാറ്റടിച്ചാൽ വീഴും, താരങ്ങൾ ചരിത്രത്തിന്റെ
കൊടുങ്കാറ്റുകളെയും അതിജീവിക്കും. പെലെ, പ്ലാറ്റിനി, മറഡോണ, സിദാൻ ... അവർ, ചരിത്രത്തിന്റെ കാലുകൾ


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments