ആറാം ക്ലാസിലെ കുട്ടികൾ അവരുടെ ടീച്ചറെ ലോകകപ്പിലേക്ക്​ പായിച്ച കഥ

ഈ ലോകകപ്പ് കഴിയുന്നതുവരെ, കളി കണ്ടതിന് കുട്ടികളെ ശകാരിക്കുന്ന അധ്യാപകരാവുന്നതിനുപകരം, അതിനെതന്നെ വലിയൊരു ടീച്ചിങ് എയ്​ഡ്​ ആയി സ്വീകരിക്കുന്നത് യുക്തിപൂർവവും വിദ്യാർത്ഥികേന്ദ്രിതവുമായ ഒരു സമീപനമാവുമെന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. ക്ലാസ്​ റൂമിലെ സ്വന്തം അനുഭവം മുൻനിർത്തി എഴുതുന്നു, കോഴിക്കോട്​ ഫാറൂഖ്​ ട്രെയിനിങ്​ കോളേജിലെ രണ്ടാം വർഷ ബി.എഡ്​ വിദ്യാർഥി മരിയ സണ്ണി.

ലോകകപ്പുകാലത്തെ ടീച്ചിങ് പ്രാക്ടീസ് ഇത്രമാത്രം ഭീകരമാവും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

നിലമ്പൂരിലെ വനപ്രദേശത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക് മലപ്പുറത്തിന്റെ ഫുട്‌ബോൾ ഭ്രാന്ത് ഒരു പുതുമയായിരുന്നില്ല. അങ്ങാടികളും ഇടവഴികളുമെല്ലാം ലോകകപ്പ് ഒരുക്കങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും നിറയും. ഓർമയിലുള്ള ആദ്യ വേൾഡ് കപ്പിന്റെ ആവേശവും അതിവൈകാരിക നിമിഷങ്ങളും ഇന്നും മങ്ങാതെ കിടപ്പുണ്ട്.

എന്നെക്കാൾ ഒരു വയസ്സിനു മാത്രം മൂപ്പുള്ള ചേട്ടൻ അന്ന് പത്രങ്ങളിൽ വരുന്ന ബ്രസീൽ കളിക്കാരുടെ ചിത്രങ്ങൾ വെട്ടി ഒട്ടിച്ച വലിയ ഒരു ബോർഡ് മുറിയിൽ സ്ഥാപിച്ചതു മുതൽ കക്ക എന്ന ഒറ്റ ബ്രസീൽ കളിക്കാരന്റെ പേരു മാത്രം അറിയുന്ന ഞാനും ഒരു ബ്രസീലിയൻ ആരാധികയായി മാറി. അത്തരം ബോർഡുകളും പുസ്തകങ്ങളുമൊക്കെ ഞങ്ങളുടെ അടുത്തുള്ള എല്ലാ വീടുകളിലും ആ കാലത്ത് പ്രത്യക്ഷപ്പെടുമായിരുന്നു. കളിയുണ്ടാവുന്ന ദിവസങ്ങളിലെല്ലാം അയലത്തും കൂടെയുമുള്ള അർജന്റീനിയൻ ആരാധകരോട് വെല്ലുവിളിക്കാനും വിജയങ്ങളാഘോഷിക്കാനും അവന്റെ കൂടെ ഞാനും കട്ടക്ക് കൂടി. അന്ന് അത് ആ ഓളത്തിനൊത്തുള്ള വെറുമൊരു ആവേശമായിരുന്നു. വലുതായപ്പോൾ പഠനത്തിലും മറ്റു തിരക്കിലും പെട്ട് പിന്നീടുവരുന്ന ലോക കപ്പുകളിൽ ഈ ആവേശം ചോർന്നുപോയിരുന്നു.

എന്നാൽ ഇതിൽ നിന്നൊക്കെ വളർന്ന്, ഒരു നാല് ലോകകപ്പിനിപ്പുറം ഇത്രയധികം എന്റെ നിലനിൽപ്പിനെ പോലും സ്വാധീനിക്കുന്ന ഒന്നായി ഈ കളി ഇങ്ങനെ എനിക്കുമുന്നിൽ വട്ടം വന്ന് നിൽക്കുമെന്ന് കരുതിയേയില്ല. കോഴിക്കോട്​ ഫാറൂഖ് ട്രെയിനിങ് കോളേജിൽ ബി.എഡിനു ചേർന്ന അന്നുമുതൽ മൂന്നാം സെമസ്റ്ററിൽ വരുന്ന ടീച്ചിങ് പ്രാക്ടീസ് കാലം ഒരു അല്പം ആശങ്കയോടെയാണ് കണ്ടിരുന്നത്. അങ്ങനെ മൂന്നാം സെമസ്റ്ററിലെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി. ആ ആവേശത്തിൽ അടുത്തുള്ള ജി.യു.പി സ്‌കൂളിൽ രണ്ടാം ഘട്ടത്തിന് ചേർന്നു. ചെന്നുകയറിയ ആദ്യ ക്ലാസിൽ തന്നെ കേട്ട ചോദ്യം, ‘ടീച്ചറെ, ടീച്ചർ ഏത് ടീമാ' എന്നാണ്. ഒരു ടീമിനെ പറഞ്ഞാൽ മറ്റു ടീമുകാർ ഇടയും. കുട്ടികളെ കയ്യിലെടുത്തേ പറ്റൂ. ഞാൻ ഒരു ന്യൂട്രൽ സ്റ്റാൻഡ് എടുത്തു: ‘എല്ലാരേം ഇഷ്ടമാണ്, എല്ലാരും എന്റെ ടീമാണ്, ഞാൻ സ്‌നേഹിക്കുന്നത് ഫുട്‌ബോളിനെയാണ്’ എന്നൊക്കെ തട്ടിവിട്ടു.
പക്ഷെ അവർ അത്ര പെട്ടെന്നൊന്നും എന്റെ കുടുക്കിൽ വീഴുന്നവരായിരുന്നില്ല. ടീച്ചർ കാര്യായിട്ടാണോ പറയണേ, അതോ ചുമ്മാ ഷോ ഇറക്കിയതാണോ എന്നറിയാൻ അവർ ചില കുനിഷ്ട് ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടിരുന്നു.

ഫുട്ബോൾ ഫാൻസ് ആയ കൂട്ടുകാരുടെ സ്റ്റാറ്റസുകളിൽ കാണുന്നതും പണ്ട് കേട്ടതും ഒക്കെ വച്ച് ഞാൻ ഒരു വിധം പിടിച്ചുനിന്നു. അന്നത്തോടെ ഒരു കാര്യം മനസിലായി. ലോകകപ്പ് കാണാതെ ഈ പിള്ളേരെ കയ്യിലെടുക്കാൻ പറ്റില്ല. അന്നുതന്നെ ഹോസ്റ്റൽ മുറിയിൽ ചെന്ന് കുത്തിയിരുന്ന് സകലമാന ലോകകപ്പ് റിവ്യുകളും വായിച്ചു. ആ ആത്മവിശ്വാസത്തിൽ പിറ്റേന്ന് ക്ലാസിൽ ചെന്ന് ‘നിങ്ങൾക്ക് ലോകകപ്പ് വിശേഷം പറയണം അല്ലേടാ, ഇന്നാ പിടിച്ചോ’ എന്നും പറഞ്ഞ് ഒരു ചെറിയ പ്രസംഗം അങ്ങു കാച്ചി. ദാ കിടക്കണു പിള്ളേര്. അവരുടെ മുഖത്ത് അന്ന് കണ്ട സന്തോഷം, അവർ എന്നെ അവരിലൊരാളായി സ്വീകരിച്ചു കഴിഞ്ഞു. ഞാൻ പറഞ്ഞതിലധികം അവർക്ക് ഇങ്ങോട്ട് പറയാനുണ്ടായിരുന്നു. ഇവരെല്ലാം ജനിക്കുന്നതിനും എത്രയോ മുൻപ് നടന്ന ലോകകപ്പുകളെ പറ്റിയും അതിൽ പിറന്ന അത്ഭുതകരമായ ഗോളുകളെ പറ്റിയും എത്ര ആധികാരികമായാണ് അവരെന്നോട് സംസാരിക്കുന്നത്..

പിറ്റേന്ന് ക്ലാസിൽ ചെല്ലുമ്പോൾ എന്റെ ചാർട്ടും ടീച്ചിങ് എയ്ഡുമൊക്കെ തൂക്കാൻ കണ്ടുവച്ച സ്ഥലത്ത് നോക്കുമ്പോഴല്ലേ, വെള്ളയും നീലയും വരയുള്ള അർജന്റീനയുടെ പതാക രാജകീയമായി സ്ഥാനം പിടിച്ചിരിക്കുകയാണ്. നാട്ടിൻപുറത്തും അങ്ങാടിയിലും നിറയുന്ന ഈ ലോകകപ്പ് ആവേശം എന്റെ ക്ലാസ്​മുറിയിലേക്കും എത്തിയിരിക്കുന്നു. ‘കാർണിവലൈസേഷൻ’ എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ് എന്നു ഞാൻ മിഖായേൽ ഭക്തിനെ സ്മരിച്ചു.

ക്ലാസുകൾ മുഴുവൻ നിറയുന്ന കൊടികൾ, മെസ്സിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കുഞ്ഞു കട്ടൗട്ടുകൾ, സ്റ്റിക്കറുകൾ, തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി യൂണിഫോമിനകത്ത് ഇട്ടുവരുന്ന കടുത്ത ആരാധകർ. ഓരോ ക്ലാസും തലേന്നത്തെ കളിയെ പറ്റി ചെറിയൊരു അവലോകനം കഴിഞ്ഞശേഷം മാത്രം ആരംഭിക്കാൻ പറ്റുന്ന അവസ്ഥ. ക്ലാസിൽ അവർ അടങ്ങിയിരിക്കാതെയാവുമ്പോൾ, ഇപ്പോൾ ശ്രദ്ധിച്ചാൽ ക്ലാസിന്റെ അവസാന 10 മിനുറ്റ് നമുക്കു ലോകകപ്പിനെ പറ്റി സംസാരിക്കാം എന്ന് പറയുമ്പോൾ അവരുടെ കണ്ണിൽ നിറയുന്ന തെളിച്ചം. ആ ഒരു 10 മിനുറ്റിനുവേണ്ടി കഠിനമായ കവിതകൾ പോലും ശ്രദ്ധിച്ച്, ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം തെറ്റാതെ ഉത്തരം പറയാനും ആരും തെറ്റിക്കാതെ ഇരിക്കാനും അവർ പുലർത്തുന്ന വ്യഗ്രത.

അവിടുന്നങ്ങോട്ട് സ്‌കൂൾ കഴിഞ്ഞ്​ ഓടി വന്ന് കോളേജിന്റെ യൂസഫ് അൽ സാഖർ ഓഡിറ്റോറിയത്തിലും ഹോസ്റ്റലിലും വെക്കുന്ന കളികൾ ഒന്നും വിടാതെ കാണാൻ തുടങ്ങി. മലബാറിന്റെ ഫുട്ബോൾ ഭ്രമത്തെ മൊത്തത്തിൽ ആവാഹിച്ചിരിക്കുകയാണ് ഫാറൂഖ് കോളേജ് എന്നു തോന്നും. ഓരോ വരാന്തയും മൂക്കും മൂലയും വരെ ലോകകപ്പ് ഓളത്തിലാണ്. ഈ ബഹളത്തിനിടയിലും കളി കാര്യമാക്കാതെ നടന്ന എന്നെയാണ് ഈ കുഞ്ഞു പിള്ളേർ ഈ വലിയ കളിക്കളത്തിലേക്ക് വലിച്ചിട്ടത്. കളി വല്ലാത്തൊരു വികാരമായി എന്നിൽ വളരുന്നത് ഞാനറിഞ്ഞു. മിക്ക ടീമിലെയും കളിക്കാരുടെ വായിൽ കൊള്ളാത്ത ഘടാഘടിയൻ പേരുകളും അവരുടെ പ്ലേയിങ് സ്‌റ്റൈലുമൊക്കെ നിഷ്​പ്രയാസം എനിക്ക് വിശദീകരിച്ചു തരുന്ന എന്റെ കുഞ്ഞുങ്ങളോടൊപ്പം പിടിച്ചുനിൽക്കാൻ ഞാനും ഓരോരുത്തരെയും പഠിച്ചു തുടങ്ങി. ഏതോ പത്രത്താളിൽ നിന്ന്​ വെട്ടിയെടുത്ത് ക്ലാസിൽ ഒട്ടിച്ചു വച്ചിരിക്കുന്ന കളിയുടെ ഷെഡ്യൂൾ നോക്കി, ടീച്ചറെ ഇന്ന് ഇത്ര മണിക്ക് ഇന്ന ടീമിന്റെ കളിയുണ്ട് എന്ന് ഓരോ ദിവസത്തെ കളിയും അവരെന്നെ ഓർമിപ്പിക്കും.

കളിയുടെ പേരിൽ പഠനത്തിൽ പിറകോട്ട് പോവില്ല എന്ന് എനിക്കുറപ്പുതന്ന, തലേദിവസത്തെ കളി കണ്ട ഉറക്കക്ഷീണം മാറാത്ത കണ്ണുകളുമായി ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കവരോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നാറുണ്ട്.

അർജന്റീന സൗദിയോട് തോറ്റത്തിന്റെ പിറ്റേദിവസം ക്ലാസിൽ ചെന്നപ്പോൾ ഞാൻ കളിമട്ടിൽ അർജന്റീന ആരാധകനായ നിഹാലിനോട്, ‘അപ്പൊ എങ്ങനാ കൊടി നമുക്ക്​ അഴിക്കുവല്ലേ’ എന്ന് ചോദിച്ചപ്പോൾ, ഉള്ളിലെ വിഷാദമൊക്കെ മാറ്റിവെച്ച്​ അവൻ തന്ന ഉത്തരം, ‘ഇല്ല ടീച്ചറെ, ഇത് ഒരു കളിയല്ലേ, അടുത്ത കളി ഞങ്ങൾ ജയിച്ചിരിക്കും’ എന്നാണ്​.

ഇത്രമേൽ ജീവിതത്തെ പ്രതീക്ഷയോടെ കാണാൻ ഏത് കവിതയും നോവലും എത്ര ക്ലാസിൽ എത്ര ലസൻ പ്ലാനിൽ എത്ര പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്താലാണ് എനിക്ക് അവരിൽ എത്തിക്കാനാവുന്നത്. അവരോടൊപ്പം ലോകകപ്പെന്ന മഹാകാവ്യത്തെ ഒരുമിച്ച് നുകരുക എന്നതാണ് ഒരു മലയാളം അധ്യാപികയായ ഞാൻ ഇവിടെ സ്വീകരിക്കുന്ന ബോധനതന്ത്രം. മറ്റൊരു സിദ്ധാന്തഭാരവുമില്ലാതെ മൂല്യവും മനോഭാവവും ആശയങ്ങളും ഒരു പെഡഗോഗിക് അനാലിസിസിലൂടെയെന്നപോലെ അവരിലേക്കെത്തിക്കാൻ ഇതിൽപ്പരം മറ്റൊരു മാർഗമില്ല. ഓരോ കളിക്കുശേഷവുമുള്ള, അവരോടൊപ്പം ചേർന്നുള്ള അവലോകനത്തിൽ അധ്യാപികയുടെ ബോധപൂർവവും എന്നാൽ പ്രത്യക്ഷത്തിൽ പ്രകടവുമല്ലാത്ത ഒരു പരുവപ്പെടുത്തൽ മാത്രമാണ് ഇവിടെ ആവശ്യമുള്ളത്. യഥാർത്ഥ കൺസ്ട്രക്ടിവിസം പ്രയോഗികമാകുന്നത് ഇവിടെയെല്ലാമാണ്. തന്റെ ജീവിത ചുറ്റുപാടുകളോട് നിരന്തരം ഇടപെട്ട്​സ്വയമേവ ജ്ഞാനം നിർമിക്കുന്ന, പുതിയ വിദ്യാഭ്യാസ നയങ്ങൾ സങ്കല്പിച്ചുവച്ചിരിക്കുന്ന ഒരു ഐഡിയൽ വിദ്യാർത്ഥിയായി ഓരോരുത്തരും മാറുന്നു. ഇവിടെ വളരെ അനായാസമായി പരാജയങ്ങളെ നേരിടാനും പ്രതീക്ഷയോടെ ജീവിതത്തെ മുന്നോട്ടു നയിക്കാനും അവൻ പഠിച്ചു കഴിഞ്ഞു.

ഈ ലോകകപ്പ് കഴിയുന്നതുവരെ, കളി കണ്ടതിന് കുട്ടികളെ ശകാരിക്കുന്ന അധ്യാപകരാവുന്നതിനുപകരം, അതിനെ തന്നെ വലിയൊരു ടീച്ചിങ് എയ്ഡ് ആയി സ്വീകരിക്കുന്നത് യുക്തിപൂർവവും വിദ്യാർത്ഥികേന്ദ്രിതവുമായ ഒരു സമീപനമാവുമെന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.

ഞാൻ പഴയൊരു ബ്രസീൽ ഫാൻ ആണെന്ന് അറിയുന്ന ആര്യൻ അല്പം അനുതാപത്തോടെ, ‘ഇന്ന് നെയ്മറിന് കളിക്കാൻ പറ്റില്ലാലെ ടീച്ചറെ, സാരല്ല, അടുത്ത കളി ആവുമ്പോഴേക്ക് മൂപ്പരെ കാല് ശെരിയാവും' എന്ന് എന്നോട് ഐക്യപ്പെടുമ്പോൾ ഏത് ടെക്​സ്​റ്റ്​ ബുക്കിലെ ഏത് മൂല്യബോധമാണ്​ ഞാൻ അവനെ ഇനി ഇരുത്തി പഠിപ്പിക്കേണ്ടത് എന്ന് വിസ്മയപ്പെട്ടുപോകുന്നു.

ഒന്ന് നിശ്ചയം. ഇത് വെറുമൊരു ലോകകപ്പല്ല. നമുക്കും വളർന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്കും കുറേക്കൂടി മെച്ചപ്പെട്ട ഒരു ലോകസാഹചര്യത്തെ സാധ്യമാക്കാൻ പോന്ന വിമോചനമന്ത്രം കൂടിയാണ്.

കുട്ടികളുടെ കളി കാണലിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളോടാണ്... അവർ ഉറക്കമിളച്ചിരുന്നു കളി കാണട്ടെ. ആ സമയത്ത് മനഃപാഠമാക്കാമായിരുന്ന പാഠപുസ്തകത്തിലെ അറിവിനെക്കാൾ പതിന്മടങ്ങു ജീവിതപാഠങ്ങൾ അവർ ആർജിക്കുകയാണ്, അവർ കളി കണ്ടുതന്നെ വളരട്ടെ.

Comments