ജാഫർ പനാഹിയുടെ ഓഫ് സൈഡ് എന്ന സിനിമയിൽ, ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനകത്തേക്ക് കയറാനാകാതെ വിലക്കപ്പെടുന്ന ആറ് ഇറാനി പെൺകുട്ടികളെ കാണിച്ചു തരുന്നുണ്ട്. കടുത്ത ഫുട്‌ബോൾ പ്രേമികളായ അവർ ഉദ്യോഗസ്ഥരാൽ പിടക്കപ്പെട്ട് ബന്ധനസ്ഥരായിരിക്കുമ്പോഴും മൈതാനത്തിനകത്ത് നിന്നുയരുന്ന ആരവങ്ങളിലൂടെ മത്സരത്തെ അറിയാനാണ് ശ്രമിക്കുന്നത്. ഒരു ഫുട്‌ബോൾ കാണിയെന്ന നിലയിൽ സ്ത്രീകളെ അംഗീകരിക്കാനാകാത്ത ഒരു ഇസ്‍ലാമിക് സ്റ്റേറ്റിന്റെ യാഥാസ്ഥികമായ മത ബോധങ്ങളെയും ലിംഗ വിവേചനങ്ങളെയും വ്യക്തമായി കാണിക്കാൻ പനാഹിക്ക് സിനിമയിലൂടെ കഴിയുന്നുണ്ട്. എന്നാൽ ഇന്ന് ഇതേ പശ്ചിമേഷ്യയിലേക്ക് ലോകകപ്പെത്തുമ്പോൾ മത്സരത്തെ നിയന്ത്രിക്കാൻ, ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതാ റഫറിമാർ എത്തുകയാണ്. വനിതാ റഫറിമാർ നിയന്ത്രിക്കാനെത്തുന്ന ആദ്യ പുരുഷ ഫിഫ ലോകകപ്പ് എന്ന നിലയിൽ ഖത്തർ അടയാളപ്പെടുന്നതിന്റെ രാഷ്ട്രീയത്തെ ഒരിക്കലും ചെറുതായി കാണാനാകില്ല. ലോകകപ്പിന്റെ സമവാക്യങ്ങളിൽ തന്നെ നിർണ്ണായകമായ പല മാറ്റങ്ങൾക്ക് കൂടിയാണ് ഖത്തർ വേദിയാകുന്നത്.
ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പർട്ട്, റുവാൻഡക്കാരി സലീമ മുകാൻസാംഗ, ജപ്പാനിലെ യോഷിമി യമഷിദ എന്നിവരാണ് 36 അംഗ റഫറിപാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആ മൂന്ന് വനിതകൾ. ഇവരെ കൂടാതെ അസിസ്റ്റന്റ് റഫറിമാരായി ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡയസ് മദീന, അമേരിക്കകാരിയായ കാതറിൻ നെസ്ബിറ്റ് എന്നിവരെയും ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഇത്രയും വനിതകളെത്തുന്നത്.
ജെൻഡറല്ല, കഴിവാണ് മാനദണ്ഡമാക്കിയത്
ലോകത്താകെയുള്ള റഫറിമാരുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാണ് പാനൽ രൂപീകരിച്ചതെന്ന് ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കോളിന വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ജൂനിയർ, സീനിയർ ടൂർണമെന്റുകളിൽ വനിതാ റഫറിമാരെ വിന്യസിച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ഫിഫ ആരംഭിച്ച ഒരു നീണ്ട പ്രക്രിയയാണ് ലോകകപ്പ് ലിസ്റ്റിലേക്കും എത്തി നിൽക്കുന്നത്. ഇതിലൂടെ ഭാവിയിലെ പുരുഷ മത്സരങ്ങളിൽ വനിതാ റഫറിമാരെ തിരഞ്ഞെടുക്കുന്നത് സെൻസേഷണൽ എന്നതിനെക്കാൾ ഒരു സാധാരണമായ കാര്യമായി കണക്കാക്കപ്പെടുമെന്ന് പിയർലൂജി കോളിന പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുക്കെപ്പെട്ട വനിതാ റഫറിമാരെല്ലാം ഫിഫ ലോകകപ്പിന് തീർത്തും അർഹരാണെന്ന് മികച്ച പ്രകടനങ്ങളിലൂടെ അവർ തെളിയിച്ചുകഴിഞ്ഞതാണെന്നും കോളീന അഭിപ്രായപ്പെടുന്നുണ്ട്. ഇത് തന്നെയാണ് ഫിഫയുടെ പ്രസിഡന്റായ ഗിയാനി ഇൻഫാന്റിനോയും ആവർത്തിക്കുന്നത്. സ്ത്രീകളായാലും പുരുഷന്മാരായാലും ഫിഫയെ സംബന്ധിച്ചിടത്തോളം എല്ലാവരും ഒരേ ടീമിലെ അംഗങ്ങളാണ്. മാച്ചുകളിലേക്ക് റഫറിമാരെ തിരഞ്ഞെടുക്കുമ്പോൾ ഒരിക്കലും ലിംഗഭേദത്തയല്ല, ഗുണനിലവാരത്തെയാണ് തങ്ങൾ മാനദണ്ഡമായി എടുക്കുന്നതെന്ന് ഫിഫ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചരിത്രം തിരുത്താനെത്തുന്ന മൂന്ന് പേർ
ഖത്തറിലൂടെ ലോക കപ്പ് ചരിത്രത്തിൽ അടയാളപ്പെടാൻ പോകുന്ന മൂന്ന് വനിതാ റഫറിമാരും തങ്ങളുടെ പ്രകടനങ്ങളിലൂടെ ഫുട്‌ബോൾ ഗ്രൗണ്ടിൽ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാർട്ട്, 2020 - ൽ ഒരു പുരുഷ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ആദ്യ വനിതയായി റെക്കോർഡിട്ട റഫറിയാണ്. 2019 ൽ ഫ്രാൻസിൽ നടന്ന വനിതാ വുമൺ വേൾഡ് കപ്പിലൂടെയും യുവേഫ സൂപ്പർ കപ്പിന്റെ ഫൈനലുകളിലൂടെയും ആണ് ഫ്രാപ്പാർട്ട് ശ്രദ്ധേയയാകുന്നത്. 2019 മുതൽ തുടർച്ചയായി ഇന്റർ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ മികച്ച വനിതാ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
റുവാണ്ടയിൽ നിന്നുള്ള സലിമ മുകൻസംഗയും 2012 മുതൽ ഫിഫയുടെ റഫറിയായി പ്രവർത്തിക്കുന്നുണ്ട്. 2019 ലെ വനിതാ ലോകകപ്പിലെയും 2020 -ലെ ടോക്കിയോ ഒളിമ്പിക്‌സിലെയും റഫറിയെന്ന നിലയിൽ മുകൻസംഗ അടയാളപ്പെടുകയായിരുന്നു. 2022 ലെ മെൻസ് ആഫ്രിക്കൻ കപ്പിൽ പങ്കെടുത്തതിന് ശേഷമാണ് ഖത്തർ വേൾഡ് കപ്പിലൂടെ ചരിത്രത്തിന്റെ ഭാഗമാകാൻ മുകൻസംഗ എത്തുന്നത്.
വനിതാ ഫുട്‌ബോൾ ലോകകപ്പിൽ റഫറിയായി മികവു തെളിയിച്ചിട്ട് തന്നെയാണ് യമഷിതാ യോഷിമിയും ലോകകപ്പ് നിയന്ത്രിക്കാനെത്തുന്നത്. എ.എഫ്‌സി ചാമ്പ്യൻസ് ലീഗിലും ജാപ്പനീസ് ലീഗിലും റഫറിയാകുന്ന ആദ്യ വനിതയാണെന്ന റെക്കോർഡ് കൂടി യമഷിതക്കുണ്ട്.
ഇവർക്ക് മുമ്പും തങ്ങളുടെ മികവുകളിലൂടെ റഫറിപാനലിലെ ലിംഗഭേദങ്ങൾ ഇല്ലാതാക്കിയ നിരവധി വനിതകളുണ്ട്. ആദ്യ ഫിഫ അംഗീകൃത വനിതാ റഫറിയായി അറിയപ്പെടുന്നത് സോണിയ ഡിനോൻകോർട്ടാണ്. കൂടാതെ അണ്ടർ 17 ലോകകപ്പ് നിയന്ത്രിച്ച് ഫിഫ ലോകകപ്പിൽ പുരുഷൻമാരുടെ മൽസരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി എസ്തർ സ്റ്റോബ്ലി റെക്കോർഡിട്ടിട്ടുണ്ട്. ഇവരെ കൂടാതെ യുറഗ്വായ് ടോപ് ലീഗിൽ പുരുഷന്മാരുടെ മൽസരം നിയന്ത്രിച്ച ആദ്യ വനിത ക്ലോഡിയോ ഉംബിറെയാണ്.
ഫുട്‌ബോൾ കുത്തകയെ തകർക്കുന്ന സ്ത്രീകൾ
ലോകമാസകലം പുരുഷ വിനോദമായി വ്യാഖ്യാനിക്കപ്പെട്ട ഫുട്‌ബോളിനെ നിയന്ത്രിക്കാൻ സ്ത്രീകളെത്തുന്നു എന്നത് ചരിത്രപരമായ ചില അനീതികൾക്ക് നേരെയുള്ള തിരുത്താണ്. 1881 ലെ ഇംഗ്ലണ്ട്- സ്‌കോട്ട്‌ലാന്റ് അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന് ശേഷം 1920 കൾ വരെ യൂറോപ്പ്യൻ കായിക ചരിത്രത്തിൽ വനിതാ ഫുട്‌ബോളിനും ഇടമുണ്ടായിരുന്നു. എന്നാൽ 1921ൽ വനിതാ ഫുട്‌ബോൾ നിരോധിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ ഫുട്‌ബോൾ അസോസിയേഷൻ ഒരു വിവാദ പ്രസ്താവന പുറത്തിറക്കി . സ്ത്രീകൾക്ക് യോജിച്ച കളിയല്ല ഫുട്‌ബോളെന്നും അത് പ്രോത്സാഹിക്കപ്പെടേണ്ടതില്ലെന്നുമുള്ള ഫുട്ബോൾ അസോസിയേഷന്റെ യാഥാസ്ഥിക സമീപനത്തെ പിന്തുണച്ച് അന്ന് നിരവധി രാജ്യങ്ങൾ വനിതാ ഫുട്‌ബോൾ നിരോധിക്കുകയുണ്ടായി.
പിന്നീട് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ഈ നിരോധനം ഇല്ലാതാകുന്നത് . തുടർന്ന് 1969 മുതൽ 71 വരെയുള്ള കാലങ്ങളിൽ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡെന്റ് യൂറോപ്യൻ ഫീമെയിൽ ഫുഡ്‌ബോൾ സംഘടന വുമൺസ് വേൾഡ് കപ്പ് നടത്തിയിരുന്നു. 1991ൽ ഫിഫയും 1996ൽ ഒളിമ്പിക്‌സും വനിതാ ഫുട്‌ബോൾ സംഘടിപ്പിച്ചതോടെ വനിതാ കായിക താരങ്ങൾക്ക് ലോക ഫുട്ബോൾ ഭൂപടത്തിൽ കൂടുതൽ ഇടം ലഭിച്ചുതുടങ്ങി രാജ്യാതിർത്തികൾ മറികടന്ന് പുരുഷ ഫുട്‌ബോളിന് ലഭിക്കുന്ന, ജനകീയതയും സ്വീകാര്യതയും വനിതാ ഫുട്‌ബോൾ വേൾഡ് കപ്പുകൾക്ക് ഇന്നും ലഭിക്കുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ഫുട്ബോൾ എന്നത് പുരുഷ ആഘോഷങ്ങളുടെയും ആനന്ദങ്ങളുടെയും മാത്രം ഭാഗമായി നിലകൊള്ളുന്നുമുണ്ട്. എങ്കിലും , ഒരു ആൺകളിയായി മാത്രം ചുരുങ്ങുമായിരുന്ന ഈ പുരുഷ വേൾഡ് കപ്പിനെ നിയന്ത്രിക്കാൻ മൂന്ന് വനിതാ റഫറിമാർ എത്തുന്നുവെന്നത് പ്രതീക്ഷാനിർഭരമാണ്