ചിത്രങ്ങൾ: അഞ്​ജു പുന്നത്ത്​

ഫുട്‌ബോൾഒരു വീടെന്ന
നിലയിൽ

ഫുട്‌ബോൾ എന്നെ സംബന്ധിച്ച്​ നാലു കൊല്ലം കൂടുമ്പോൾ കടന്നുവരുന്ന ഒരാഘോഷമാണ്. ലോകകപ്പെന്ന മാമാങ്കത്തിന്റെ ആവേശത്തിനൊപ്പമുള്ള പങ്കുചേരലാണ്. ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ ആരാധികയായ അമ്മക്കൊപ്പം രാത്രി ഉറക്കമൊഴിച്ച് ടി.വിക്കുമുന്നിലിരുന്നിരുന്ന ഓർമകൾ കൂടിയാണെനിക്ക്​ ഫുട്‌ബോൾ.

ചുവർ നിറയെ സ്റ്റെഫി ഗ്രാഫ്​

കുട്ടിക്കാലത്തിന്റെ വലിയൊരു പങ്ക് ചെലവഴിച്ചത് കേരളത്തിനുപുറത്താണ്. ആറാം ക്ലാസ് വരെ ആന്ധ്രയിലെ തിരുപ്പതിയിലായിരുന്നു പഠനം. അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ അച്ഛന്റെ രണ്ടു സഹോദരങ്ങളും അടങ്ങുന്ന വലിയ കുടുംബത്തിൽ വളർന്ന ഓർമകളാണ് എനിക്ക് സ്‌പോർട്‌സിനോട്​ ഇഷ്ടം രൂപപ്പെടുത്തിയത്.

അച്ഛന്റെ തൊട്ടു താഴെയുള്ള സഹോദരന് സ്‌പോർട്‌സ് ഷോറൂം ആയിരുന്നു. ചെറിയച്ഛന്റെ മുറി തുറന്നാൽ ആദ്യം കാണുന്നത് ഒരു ചുവർ നിറയെ സ്റ്റെഫി ഗ്രാഫിന്റെ പടമായിരുന്നു. ചെറിയച്ഛൻ സ്ഥിരം ക്രിക്കറ്റും ടെന്നിസും ടേബിൾ ടെന്നീസ് ദൂരദർശനിൽ കാണും. ഒപ്പമിരുന്നുകാണാൻ ഞാനും ഏട്ടനും ചേച്ചിയും ഉണ്ടാവും. അന്നെനിക്ക് വെറും അഞ്ചു വയസ്​. ഒന്നും അറിയില്ലെങ്കിലും ചെറിയച്ഛന്റെ ആവേശത്തിനൊപ്പം കൂടുക എന്നതായിരുന്നു എന്റെയും ഏട്ടന്റെയും പണി. അവധി ദിവസങ്ങളിൽ അച്ഛനും ചെറിയച്ഛന്മാരും ഷട്ടിൽ കളിക്കും. പന്തയം വെച്ചിട്ടാവും കളി. കോക്ക് ഒന്ന് നിലത്തുവീഴാൻ കൊതിക്കുമെങ്കിലും കിട്ടില്ല. അത്രമാത്രം വാശിയോടെയായിരുന്നു കളി.

അങ്ങനെയിരിക്കേ ചെറിയച്ഛൻ കല്യാണം കഴിച്ചു. ആൻറിയാണെങ്കിൽ കിടിലൻ കാരംസ് പ്ലെയറാണ്. അന്നും, ഏറെക്കുറെ ഇന്നും, സ്‌പോർട്സ്​ ആണുങ്ങളുടെ കുത്തകയാണല്ലോ. ഇന്ത്യയുടെ കളി നടക്കുമ്പോൾ ആന്റി അടുക്കള വാതിക്കൽ നിന്ന് ഒളിഞ്ഞുനോക്കും. സിക്‌സ്റും ഫോറും ഒക്കെ ടി.വിയിൽ മിന്നിമറയുമ്പോൾ ആൻറി കയ്യടിക്കും. ആണുങ്ങളുടെയിടയിലിരുന്ന് ക്രിക്കറ്റ് കാണുന്ന, കാരംസിൽ അച്ഛനെയും ചെറിയച്ഛന്മാരെയും തോൽപ്പിക്കുന്ന ആന്റി ഒരു സുന്ദരൻ കാഴ്ചയായിരുന്നു

അമ്മയുടെ ബ്രസീൽ

ഏഴാം ക്ലാസിൽ കേരളത്തിലേക്കു പറിച്ചുനടപ്പെട്ട എനിക്ക് എല്ലാവരെയും പോലെ തന്നെ ആ കാലത്ത് പ്രിയം ക്രിക്കറ്റായിരുന്നു. അന്നത്തെ എന്റെ കൂട്ടുകാരിയാണെങ്കിൽ ഊണിലും ഉറക്കത്തിലും സച്ചിനെ മാത്രം ധ്യാനിക്കുന്നവളും. അങ്ങനെ നാട്ടിലെത്തിയിട്ടും സ്‌പോർട്​സിനോടുള്ള ഇഷ്ടം മാഞ്ഞുപോയില്ല. പിന്നീടെപ്പോഴോ അത് ഫുട്‌ബോളിലേക്ക് മാറി. ഫുട്‌ബോൾ എന്നെ സംബന്ധിച്ച്​ നാലു കൊല്ലം കൂടുമ്പോൾ കടന്നുവരുന്ന ഒരാഘോഷമാണ്. ലോകകപ്പെന്ന മാമാങ്കത്തിന്റെ ആവേശത്തിനൊപ്പമുള്ള പങ്കുചേരലാണ്. ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ ആരാധികയായ അമ്മക്കൊപ്പം രാത്രി ഉറക്കമൊഴിച്ച് ടി.വിക്കുമുന്നിലിരുന്നിരുന്ന ഓർമകൾ കൂടിയാണെനിക്ക്​ ഫുട്‌ബോൾ.
അലാറമൊക്കെ വച്ച്​ നട്ടപാതിരാക്ക് എഴുന്നേറ്റുവരുമ്പോൾ കാണുന്ന കാഴ്ച ഒരു അലാറം പോലുമില്ലാതെ കളി കാണാൻ ടി.വിയും തുറന്നിരിക്കുന്ന അമ്മയെയാകും. പിന്നീട് അമ്മയ്ക്ക് വെല്ലുവിളിയായി ഞാൻ അർജന്റീനയെ നെഞ്ചിലേറ്റി.

അവന്റെ അർജൻറീന

വിവാഹശേഷം കൂടെ കൂട്ടിയവനാണെങ്കിൽ കടുത്ത അർജൻറീന ആരാധകൻ. എനിക്ക് ഫുട്‌ബോൾ ഒരാഘോഷമാണെങ്കിൽ അവന്​ അതൊരു ലഹരിയാണ്. മറഡോണയുടെയും പെലെയുടെയും കഥകൾ കേൾക്കുന്നതും പ്രകടനങ്ങളുടെ വീഡിയോകൾ കാണുന്നതുമൊക്കെ അവനിലൂടെയാണ്. ഇപ്പോൾ ആ കൂട്ടത്തിൽ മകനും കൂടി കൂടിയപ്പോൾ ഇത്തവണത്തെ ലോകകപ്പ് ആഘോഷം കൂടുതൽ പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ.

വിശപ്പറിയാതെയിരിക്കാനാണ് പന്തു തട്ടിയിരുന്നതെന്ന് മറഡോണ പറഞ്ഞത് വായിച്ചിട്ടുണ്ട്. അതു സത്യമാണെന്നാണ് ഫുട്‌ബോൾ കളിക്കാറുള്ള കൂട്ടുകാരുടെ അനുഭവസാക്ഷ്യം. പൊതുവേ പെൺകുട്ടികൾക്ക് ഫുട്‌ബോൾ കളിക്കാൻ പറ്റുന്ന ഒരു തലമുറയിലോ നാട്ടിലോ അല്ലാത്തതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ നിവൃത്തിയില്ലല്ലോ.

പക്ഷേ, ഒന്നുണ്ട്. മറ്റൊരു കളിക്കും സാധിക്കാനാകാത്ത വിധം, കാണുന്നവരെപ്പോലും തളച്ചിടുന്ന ഒരു മാന്ത്രികത ഫുട്‌ബോളിനുണ്ട്. മറ്റു വേവലാതികളൊക്കെ നമ്മളോർക്കാത്തവണ്ണം മയക്കിനിർത്തുന്ന വശ്യതയുണ്ട്. അപ്പോൾ പിന്നെ കളിക്കുന്നവർ അനുഭവിക്കുന്ന ഉന്മാദത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സോഷ്യൽ മീഡിയ കൂടുതൽ പ്രചാരത്തിലായതോടെ കേരളത്തിലെ ഫുട്‌ബോൾ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ഫുട്‌ബോൾ താല്പര്യമില്ലാത്തവർ പോലും അത്​ കൗതുകത്തോടെ നോക്കുകയാണ്. നാാടിന്റെ ലഹരിയിൽ അർജന്റീന കപ്പെടുക്കുമെന്ന പ്രതീക്ഷയോടെ ഞാനും പങ്കു ചേരുകയാണ്. ▮


അഞ്ജു പുന്നത്ത്

ഫ്രീലാൻസ്​ ഇല്ലസ്​​ട്രേറ്റർ, ചിത്രകാരി. കേരള ലളിതകലാ അക്കാദമിയുടെ എക്​സിബിഷനുകളിൽ പ​ങ്കെടുത്തിട്ടുണ്ട്​.

Comments