ബ്രസീലിനെ ആരാധിക്കുമ്പോൾ തന്നെ മെസ്സി ഒരു ലോകകപ്പ് അർഹിക്കുന്നു

മുപ്പത്തിരണ്ട് കൊല്ലത്തിനിപ്പുറം ബ്രസീലിനെ ആരാധിക്കുമ്പോൾ തന്നെ, മെസ്സിയുടെ കരിയറിനെ ഒരു ലോകകപ്പ് കിരീടം പൂർണമാക്കുമെങ്കിൽ, അയാളത് അർഹിക്കുന്നുവെന്ന് കരുതുന്ന ഫുട്‌ബോൾ കാത്തിരിപ്പിലാണ്. ഈ ദിവസങ്ങളിൽ വന്നുചേരുന്ന പണികളെ, തിരക്കുകളെ എങ്ങനെയൊക്കെ ഒഴിവാക്കി, മുഴുവൻ സമയ ഫുട്‌ബോൾ പ്രേമിയായി ഒരു മാസമെങ്ങനെ ജീവിക്കാം എന്നുള്ളതടക്കമുള്ള പദ്ധതികളോടെ.

ന്ന് തിരിഞ്ഞുനോക്കുമ്പോൾ മലബാറിലേതുപോലുള്ള ഫുട്‌ബോൾ ജ്വരമൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നില്ല. ക്രിക്കറ്റായിരുന്നു ഭൂരിപക്ഷം കുട്ടികളുടേയും കളി. മൂന്ന് പൂവ് കൃഷിയുണ്ടായിരുന്ന പാടങ്ങളും കപ്പ മുതൽ സർവ്വതും വിളയുന്ന പറമ്പുകളും ആയിരുന്നു പൊതുവിടങ്ങൾ എന്നതുമാകാം കാരണം. സ്‌കൂൾ ഗ്രൗണ്ടുകളോ നിരപ്പുള്ള ഇടങ്ങളോ എളുപ്പമെത്തുന്നിടത്തുണ്ടായിരുന്നില്ല. സെവൻസ് എന്നൊക്കെ കേൾക്കുന്നത്, ക്ലബ്ബ് ഫുട്‌ബോളുകൾ ഭ്രാന്തുപോലെ പിന്തുടരുന്ന പൊതുജനങ്ങളുണ്ടെന്ന അറിവ്, എല്ലാം പിന്നീടുള്ള കാലത്തുണ്ടായതാണ്. പക്ഷേ എങ്കിലും അപ്പോഴേയ്ക്കും കാണിയെന്നതായി അടിസ്ഥാന അസ്ത്വിത്വമെന്നുള്ളതുകൊണ്ട് സന്തോഷ് ട്രോഫിയും നെഹ്രു ട്രോഫിയും മുതൽ ലോകകപ്പ് വരെയുള്ള സകല ഫുട്‌ബോൾ കമന്ററികൾക്കും കാഴ്ചകൾക്കും വാർത്തകൾക്കും ഞാൻ കണ്ണും കാതും വിട്ടു നൽകി. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, കുരികേശ് മാത്യു, സി.വി. പാപ്പച്ചൻ, ഷറഫലി മുതൽ സത്യനും വിജയനും ശിശിർ ഘോഷും ചീമ ഒക്കേരിയും സുബ്രതഭട്ടാചാര്യയും എല്ലാം പാഠപുസ്തകങ്ങളേക്കാൾ പരിചിതമായിരുന്നു.

കൗമാരകാലത്ത്, പെലെയായിരുന്നു ഫുട്‌ബോൾ ലോകത്തെ അതിശയപ്പിറവിയെന്ന് വായിച്ച് തീരുമാനിച്ചു. പെലെയുടെ കളികൾ കാണാൻ വഴിയൊന്നുമില്ലായിരുന്നു. പിന്നീടാണ് ദൂരദർശനിൽ സ്‌പോർട്‌സ് ദിസ് വീക്കും അതിൽ ഗാന്ധിയെ പോലെ വേഗത്തിൽ നടന്നും ഓടിയും പെലെയും വന്നത്. അക്ഷരങ്ങളെ വിശ്വസിച്ച, കളിക്കാരനല്ലാത്ത, കാണിയും വായനക്കാരനുമായ ഒരു ഫുട്‌ബോൾ പ്രേമി, ചരിത്രവും രാഷ്ട്രീയവും കൂട്ടിക്കലർത്തി, ഒരു മത്സരം പോലും അവർ കളിക്കുന്നത് കാണുന്നതിനുമുമ്പ്, ബ്രസീൽ പക്ഷപാതിയായി മാറി. ഒരു സ്വാധീനമില്ല, ഒരു കളിപോലുമില്ല റഫറൻസിന്. പക്ഷേ, 1990-ൽ ഇറ്റലിയിൽ ലോകകപ്പ് എത്തുമ്പോൾ, അപ്പോഴേയ്ക്കും പത്താം ക്ലാസ് പരീക്ഷ എഴുതി കഴിഞ്ഞിരുന്ന, മുതിർന്നെന്ന് സ്വയം തീരുമാനിച്ച, ഞാൻ എന്റെ ആദ്യത്തെ ഫുട്‌ബോൾ ലോകകപ്പിന് തയ്യാറായി. അഥവാ മറഡോണ ഹീറോ ആയി നിലനിൽക്കുന്നുണ്ടെങ്കിലും പെലെ എന്ന മനുഷ്യനെ കുറിച്ചുള്ള കഥകളിലൂടെ ബ്രസീൽ എന്ന രാജ്യം ഫുട്ബോൾ എന്നതിന്റെ പര്യായമായി.

പുതിയ ലോകകപ്പ് വരുമ്പോൾ കാണി വീണ്ടുമൊരുങ്ങുന്നുണ്ട്. റിസർച്ച് കുറച്ച് എളുപ്പമാണ്. ഇരുന്നൂറ് പേജിന്റെ പുസ്തകം വേണ്ട, ഫോൺ മതി റെഫറൻസിന്. ഏത് പണിയും ഇടയ്ക്ക് നിർത്തിയും വിയർത്തും ചീത്ത കേട്ടും ടി.വിയുടെ മുന്നിലേയ്ക്ക് പായേണ്ടതില്ല. അറ്റ കൈയ്ക്ക് ഫോണിൽ പോലും കളി കാണാം. നേരത്തേ ചാർജ്ജ് ചെയ്തിട്ടാൽ കരണ്ടില്ലേലും കളി കാണാം. റേഞ്ചിലാണെന്ന് ഉറപ്പിച്ചാൽ മതി. ഓരോ ടീമിനെ കുറിച്ചും കളിക്കാരെ കുറിച്ചും ധാരണയുണ്ട്. അത് പത്രറിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയതല്ല. കളി കണ്ടും ഡാറ്റ നോക്കിയും റാങ്കിങ് നോക്കിയും അവരവരുടെ മാതൃരാജ്യങ്ങളിലെ ഫുട്‌ബോൾ പണ്ഡിതരുടെ അഭിപ്രായത്തിലൂന്നിയുമാണ് ഉറപ്പിച്ചത്. മിക്കവാറും ടി.വി അപ്രസക്തമാകുന്ന ആദ്യത്തെ ഫുട്‌ബോൾ ലോകകപ്പാകും ഇത്. ഇപ്പോൾ തന്നെ ടി ട്വന്റി ലോകകപ്പ് കാഴ്ച ടിവിയിലല്ല, നെറ്റ് ബേസ്ഡ് പ്ലാറ്റ്‌ഫോമുകളിലാണ്. ടെലിവിഷൻ സ്‌ക്രീൻ മാത്രമാണ് ഇപ്പോൾ.

മുപ്പത്തിരണ്ട് കൊല്ലത്തിനിപ്പുറം ബ്രസീലിനെ ആരാധിക്കുമ്പോൾ തന്നെ, മെസ്സിയുടെ കരിയറിനെ ഒരു ലോകകപ്പ് കിരീടം പൂർണമാക്കുമെങ്കിൽ, അയാളത് അർഹിക്കുന്നുവെന്ന് കരുതുന്ന ഫുട്‌ബോൾ കാണി കാത്തിരിപ്പിലാണ്. ഈ ദിവസങ്ങളിൽ വന്നുചേരുന്ന പണികളെ, തിരക്കുകളെ എങ്ങനെയൊക്കെ ഒഴിവാക്കി, മുഴുവൻ സമയ ഫുട്‌ബോൾ പ്രേമിയായി ഒരു മാസമെങ്ങനെ ജീവിക്കാം എന്നുള്ളതടക്കമുള്ള പദ്ധതികളോടെ. പഴയ സോളിഡയർ ടി.വിയിൽ തെളിഞ്ഞുകണ്ട അത്ഭുത വേഗങ്ങളെ, അസാധ്യമെന്ന് എങ്ങനെയും ഉറപ്പിക്കാവുന്ന നീക്കങ്ങളെ, അന്നത്തെ അതുല്യമായ അനുഭൂതിയെ വീണ്ടും വീണ്ടും അനുഭവിക്കാനായി. മതവും ദൈവങ്ങളുമില്ലാത്ത മനുഷ്യർക്ക് ലോകത്തോട് മുഴുവൻ പരസ്പരം ബന്ധിപ്പിക്കാനാവുന്ന വൈകാരികതകൾ ഫുട്‌ബോളും സിനിമയും കമ്യൂണിസവുമാണെന്നാണ് എന്റെ തോന്നൽ. നിരാശകൾക്കും ഉന്മാദങ്ങൾക്കുമിടക്ക് ആനന്ദത്തിന്റെ തൊണ്ണൂറുമിനുട്ടുകളുടെ ആവർത്തനങ്ങളുടെ കാത്തിരിപ്പാണ് ഇനി.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 102 ൽ
ശ്രീജിത്ത് ദിവാകരൻ എഴുതിയ ലേഖനത്തിന്റെ
പൂർണരൂപം വായിക്കാം, കേൾക്കാം
മലബാർ ഇതര കേരളത്തിലെ ഫുട്ബോൾ കാണിയെന്ന നിലയിലുള്ള ജീവിതം

Comments