2014 ലോകകപ്പ് സെമി ഫൈനൽ.
ഏത് നിമിഷവും ഗോൾ വീഴാം, അർജൻറീനയും നെതർലാൻഡ്‌സും തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണ്. തൊട്ടു മുമ്പത്തെ ദിവസം നടന്ന സെമിയിൽ ജർമനിയോട് ഏഴുഗോളുകൾക്ക് ബ്രസീൽ തോറ്റത് ഫുട്‌ബോൾ ലോകം ഇനിയും വിശ്വസിച്ചിട്ടില്ല. അർജന്റീന തോറ്റാൽ ഇന്നലെ ഏറ്റ പരിഹാസങ്ങളിൽ നിന്ന് ബ്രസീൽ ആരാധകർക്ക് കുറച്ചെങ്കിലും ആശ്വസിക്കാനുള്ള വക കിട്ടും. ഒരു വശത്ത് മെസ്സിയും മറുവശത്ത് ആര്യൻ റോബനും പ്രതിരോധനിര കീറിമുറിച്ച് മുന്നേറ്റം നടത്തുകയാണ്. ഏത് ടീം ആദ്യം ഗോൾ അടിച്ചാലും വിജയം അവർക്കൊപ്പം നിന്നേക്കും. കാരണം, ഇങ്ങനെയൊരു മത്സരത്തിൽ ലീഡ് എടുത്ത ശേഷം ടീമുകൾ പ്രതിരോധത്തിലേക്ക് പോവാനാണ് എല്ലാ സാധ്യതയും. 90 മിനിറ്റ് കഴിഞ്ഞു, എക്‌സ്ട്രാ ടൈമിന്റെ ആദ്യ സെക്കൻഡുകൾ. അർജന്റീനൻ ബോക്‌സിനടുത്തുവെച്ച് ഡച്ച് വിങ്ങർ ഡിർക് കയ്റ്റിൽ നിന്ന് വെസ്ലി സ്നൈഡർ പന്ത് സ്വീകരിക്കുന്നു. ഓടിവരുന്ന ആര്യൻ റോബന് പതിയെ പന്ത് തട്ടി നൽകുന്നു. റോബനു പിന്നിൽ മഷെറാനോ, മുമ്പിൽ അർജന്റീന പ്രതിരോധ താരങ്ങൾ ഗാരെയും, ഡെമിചെലസും. മൂന്നു ടച്ചുകൾ കൊണ്ട് റോബൻ രണ്ടുപേരെയും മറികടക്കുന്നു. മുമ്പിൽ ഇനി അർജന്റീനൻ ഗോൾകീപ്പർ മാത്രം. റോബന്റെ ഒരു ഷോട്ട് കൊണ്ട് അർജന്റീന പുറത്താവും. റോബനെ വീഴ്ത്തിയാൽ പെനാൽറ്റി വഴങ്ങേണ്ടി വരും. എന്തുചെയ്യണം എന്ന് ഏത് ഡിഫൻഡറും പകച്ചുപോവുന്ന നിമിഷം. ഒരു ചെറിയ പിഴവ് മതി, പിന്നീടുള്ള കാലം മുഴുവൻ അത് വേട്ടയാടും, ആരാധകരുടെ ശാപ വാക്കുകൾ ഏറ്റുവാങ്ങേണ്ടി വരും. റോബൻ തൊടുക്കുന്ന ഷോട്ടിലേക്ക് പിന്നിൽ നിന്ന് ഓടി വരുന്ന മഷെറാനോ വലം കാൽ നീട്ടി വീഴുന്നു. അത്രയും കിറുകൃത്യമായ ടാക്കിൾ. മഷെറാനോയുടെ കാലിൽ തട്ടി പന്ത് പുറത്തേക്ക്. ആയിരം ഗോളുകളുടെ വിലയുള്ള ഒരു ടാക്കിൾ.
മത്സരശേഷം മഷെറാനോ, ആ ടാക്കിളിനുവേണ്ടി നടത്തിയ ഡൈവിൽ തന്റെ മലദ്വാരം പൊട്ടി ചോരയൊലിച്ചെന്നും, ആ വേദനയിലാണ് കളിയുടെ ബാക്കി പൂർത്തിയാക്കിയതെന്നും വെളിപ്പെടുത്തിയിരുന്നു.
ഫുട്‌ബോൾ മാച്ചുകൾ എപ്പോഴും ഓർമിക്കപ്പെടുന്നതും, ആവേശമുണർത്തുന്നതും ഇത്തരം നിമിഷങ്ങളിലാണ്. ഒരു ചെറിയ ടച്ചിൽ എതിരാളി കീഴ്‌പ്പെടുന്നത്, ശരീരത്തിന്റെ ചെറിയൊരു ചലനത്തിൽ എതിരാളിയെ കബളിപ്പിച്ച് ബാലൻസ് തെറ്റിക്കുന്നത്, പരസ്പരം പോരടിക്കുന്നത്... ഇങ്ങനെ പല നിമിഷങ്ങൾ. ഫുട്‌ബോൾ ഒരിക്കലും ‘ജെൻറിൽമാൻസ് ഗെയിം’ അല്ല. സുവാരസ് ഘാനയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് കൈകൊണ്ട് തടഞ്ഞ് റെഡ് കാർഡ് വാങ്ങിപ്പോകുകയും അതിനെ തുടർന്ന് ഉറുഗ്വേ ജയിച്ചതും നമുക്ക് ഓർമയുണ്ടാവും. 2006ൽ സിദാനെ പ്രകോപിപ്പിച്ച് തലയ്ക്ക് അടിയേറ്റുവാങ്ങി വീണ്, ആ കളി ഇറ്റലിക്ക് അനുകൂലമാക്കിയെടുത്ത മറ്റെരസിയെ നമുക്ക് ഓർമയുണ്ടാവും, 2014 ൽ നെയ്മറെ ചവുട്ടിവീഴ്ത്തിയ കൊളംബിയൻ താരം സുനിഗയും നമുക്ക് അപരിചതനല്ല. എന്തിന്, കൈ കൊണ്ട് ഗോളടിച്ച മറഡോണവരെയുണ്ട് ആ ലിസ്റ്റിൽ.
കടലാസ് വിലയിരുത്തലുകൾക്ക് ഫുട്ബോളിൽ വലിയ പ്രാധാന്യമില്ല. മഷറാനോ ഒന്ന് ഡൈവ് ചെയ്താൽ, ഒരു മറ്റരാസി സിദാനെ തെറി വിളിച്ചാൽ, ഒരു സുനിഗ നെയ്മറെ ചവുട്ടിവീഴ്ത്തിയാൽ പൊളിഞ്ഞു പോവുന്നതേയുള്ളൂ ഈ പ്രവചനങ്ങൾ.
ഫുട്‌ബോളിന്റെ ഭംഗിയും, ഈ നിയമമില്ലായ്മ തന്നെയല്ലേ? നിയമങ്ങൾക്കുള്ളിലെ നിയമമില്ലായ്മ. അടുത്തനിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റാത്ത, തന്റെ ടീം ജയിക്കാൻ എന്തും ചെയ്യാൻ താരങ്ങൾ തയ്യാറാവുന്ന കളി. അത് മഷരാനോയെ പോലെ തന്റെ ജീവൻ കളത്തിൽ കൊടുക്കുന്നതാവാം. മലദ്വാരത്തിൽ ചോരയൊലിച്ച് കളം വിടുമ്പോഴും അദ്ദേഹം ഒരിക്കലും അതോർത്ത് ദുഃഖിച്ചിരിക്കാനിടയില്ല. സിദാനെ പ്രകോപിപ്പിച്ചതിൽ മറ്റരാസിക്ക് കുറ്റബോധം തോന്നിയിരിക്കാനിടയില്ല. അതൊക്കെ ഈ കളിയുടെ ഭാഗമാണ്.
അടുത്ത ലോകകപ്പ് വരുമ്പോൾ ഉയരുന്ന ഫ്ലക്‌സുകളും, പോർവിളികളും ഈ നിമിഷങ്ങൾക്കുകൂടി വേണ്ടിയുള്ള അരങ്ങൊരുക്കമാണ്. ഈ ലോകകപ്പിലെ ഓരോ ടീമുകളെയും കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. കടലാസ് വിലയിരുത്തലുകൾക്ക് ഫുട്ബോളിൽ വലിയ പ്രാധാന്യമില്ല. മഷറാനോ ഒന്ന് ഡൈവ് ചെയ്താൽ, ഒരു മറ്റരാസി സിദാനെ തെറി വിളിച്ചാൽ, ഒരു സുനിഗ നെയ്മറെ ചവുട്ടിവീഴ്ത്തിയാൽ പൊളിഞ്ഞു പോവുന്നതേയുള്ളൂ ഈ പ്രവചനങ്ങൾ. എന്നിരുന്നാലും കളിക്ക് മുമ്പ് ടീമുകളുടെ ശക്തിയും, സമീപ കാല പ്രകടനങ്ങളും അറിയുന്നത് പ്രധാനം തന്നെയാണ്.
മുൻ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ക്ലബ് മത്സരങ്ങളുടെ സീസൺ അവസാനിച്ച ശേഷം ജൂൺ-ജൂലൈ മാസങ്ങളിലാണ് സാധാരണ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ നടക്കാറുള്ളത്. ഇത്തവണ വേദി ഖത്തർ ആയത് കൊണ്ടും, ഈ മാസങ്ങളിൽ ഖത്തറിലെ ഉഷ്ണം വളരെ കൂടുതലായത് കൊണ്ടുമാണ് മിഡ്-സീസണിൽ നവംബർ-ഡിസംബർ മാസങ്ങളിലേക്ക് ലോകകപ്പ് മാറ്റിയത്. ഇത് പല തരത്തിൽ ലോകകപ്പിനെ സ്വാധീനിക്കാൻ ഇടയുള്ള തീരുമാനമാണ്. താരങ്ങൾക്കോ ടീമുകൾക്കോ മതിയായ തയ്യാറെടുപ്പിന് അവസരം ലഭിച്ചിട്ടില്ല. എല്ലാ ലീഗുകളിലും കളികൾ അവസാനിക്കുക നവംബർ 11 - 13 തീയതികളിൽ മാത്രമാണ്. പല രാജ്യങ്ങളുടെയും ടീം അംഗങ്ങൾ ഒരുമിച്ച് വെറും ഒരാഴ്ച മാത്രം തയ്യാറെടുത്തതേയുള്ളൂ. അതുപോലെ പരിക്ക് ഈ ലോകകപ്പിലെ വലിയ വില്ലനാണ്. ഒരു കലണ്ടർ വർഷത്തിലെ ഫുടബോൾ മാച്ചുകളുടെ എണ്ണം, രണ്ട് മത്സരങ്ങൾക്കിടയിൽ താരങ്ങൾക്ക് ലഭിക്കുന്ന വിശ്രമം എന്നീ കാര്യങ്ങൾ നിലവിൽ തന്നെ കഠിനമാണ്. ഒരാഴ്ചയിൽ രണ്ട് മുതൽ മൂന്ന് മത്സരങ്ങൾ വരെ പലപ്പോഴും ക്ലബ് വിഭാഗത്തിലുണ്ട്. പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ചെറിയ ടീമുകളെ സംബന്ധിച്ച് ഒരു താരത്തിന് പരിക്കേറ്റാൽ പകരം എത്തിക്കാൻ അതെ നിലവാരത്തിൽ മറ്റൊരാൾ ഉണ്ടാവണമെന്നില്ല. സെനഗലിനെ സംബന്ധിച്ച് മാനെ, ദക്ഷിണ കൊറിയയിൽ സൺ ഹ്യുങ് മിൻ എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. ഗത്യന്തരമില്ലാതെ പലരും പരിക്കേറ്റ താരങ്ങളെ ഉൾപ്പെടുത്തിയാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുന്നത് പോലും.
ഓരോ ഗ്രൂപ്പിലെയും പ്രധാന ടീമുകൾ, അവരെ പ്രതിനിധീകരിക്കുന്ന താരങ്ങൾ, സമീപകാല പ്രകടനങ്ങൾ, അവരെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങൾ, ലോകകപ്പിലെ സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ സംക്ഷിപ്ത രൂപത്തിൽ താഴെ വായിക്കാം.
മാനെ കളിച്ചില്ലെങ്കിൽ അത് ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് വലിയ തിരിച്ചടിയായിരിക്കും. എന്നാൽ മാനെ മാത്രമല്ല, ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്കുവേണ്ടി കളിക്കുന്ന പ്രതിരോധ താരം കാലിഡോ കൂലിബാലിയും ടീമിലെ സൂപ്പർതാരമാണ്.
ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, ഇക്കഡോർ, നെതർലൻഡ്‌സ്.
ആതിഥേയരായ ഖത്തർ ഉൾപ്പെടുന്ന ഗ്രൂപ്പാണ് എ.
ഖത്തറിനെ കൂടാതെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസ് വിജയികളായ സെനഗൽ, നെതർലാൻഡ്‌സ്, ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ഇക്കഡോർ എന്നിവരാണ് മറ്റ് ടീമുകൾ. ആഫ്രിക്കയുടെ പ്രതീക്ഷകൾ ഗ്രൂപ്പ് സ്റ്റേജിനും, ആദ്യ ഘട്ടങ്ങളിലെ നോക്കൗട്ട് റൗണ്ടുകൾക്കും അപ്പുറത്തേക്ക് എത്തിക്കാൻ കഴിയുന്ന ടീമായി സെനഗലിനെ വിലയിരുത്താം. തുടർച്ചയായി രണ്ട് ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് ഫൈനലുകൾ കളിച്ച സെനഗൽ നല്ല ഫോമിലാണ്. 2002ൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് സെനഗലിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോർഡ്. സെനഗലിന്റെ എല്ലാ പ്രതീക്ഷകൾക്കും തിരിച്ചടിയായാണ് കഴിഞ്ഞ ദിവസം സൂപ്പർ താരം സാദിയോ മാനേയുടെ പരിക്കുവാർത്ത പുറത്തെത്തിയത്. മാനെ കളിച്ചില്ലെങ്കിൽ അത് ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് വലിയ തിരിച്ചടിയായിരിക്കും. എന്നാൽ മാനെ മാത്രമല്ല, ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്കുവേണ്ടി കളിക്കുന്ന പ്രതിരോധ താരം കാലിഡോ കൂലിബാലിയും ടീമിലെ സൂപ്പർതാരമാണ്. ഇവരെ കൂടാതെ കഴിഞ്ഞ സീസണിൽ ചെൽസിക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, യൂറോപ്പിലെ മുൻനിര ക്ലബുകളിൽ കളിക്കുന്ന താരങ്ങളായ അബ്ദു ദയാലോ, ഇദ്രിസ ഗയെ, ഇസ്മാലിയ സാർ. പെപെ സാർ എന്നിവരെല്ലാം സെനഗൽ ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ടീം നെതർലാൻഡ്‌സ് തന്നെ. കേരളത്തിലുൾപ്പെടെ ചെറുതല്ലാത്ത ആരാധകവൃന്ദമുള്ള, ടോട്ടൽ ഫുട്‌ബോൾ കളിക്കുന്ന രാജ്യം. യോഹാൻ ക്രൈഫും, ഫ്രാങ്ക് റൈക്കാർഡും, മാർകോ വാൻ ബാസ്റ്റനും, റൊണാൾഡ് കൂമാനും, റൂഡ് ഗല്ലിറ്റും, പാട്രിക്ക് ക്ലൈവെർട്ടും വാൻ ഡെർ സാറും പന്ത് തട്ടിയ രാജ്യം. ഫുട്‌ബോൾ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഇതിഹാസങ്ങളും, ചരിത്രനിമിഷങ്ങളും നെതർലാൻഡ്സിനുണ്ട്. ഈ ഇതിഹാസങ്ങൾക്ക് തുടർച്ചയുമുണ്ടായിരുന്നു. 2010 ലോകകപ്പ് ഫൈനലിലും 2014 ലോകകപ്പ് സെമി ഫൈനലിലും നെതർലാൻറ് ടീമിനെ എത്തിച്ച ആര്യൻ റോബൻ, വെസ്ലി സ്നൈഡർ, റോബിൻ വാൻ പേഴ്‌സി തുടങ്ങിയ താരങ്ങളെ ആരാധകർ മറക്കാനിടയില്ല. എന്നാൽ 2014 നുശേഷം അത്ര നല്ല കാലമായിരുന്നില്ല ഡച്ച് നിരക്ക്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ പോലും സാധിച്ചില്ല.
പുതിയ കോച്ച് ലൂയിസ് വാൻ ഗാൽ നെതർലൻഡ്‌സിനെ ടീമിനെ അണിനിരത്തുന്നത് 5-3-2 എന്ന, പ്രതിരോധത്തിന് പ്രാമുഖ്യമുള്ള ഫോർമേഷനിലാണ്. ഇതിനോടുള്ള എതിർപ്പ് ടീമിലെ സൂപ്പർതാരമായ വിർജിൻ വാൻ ഡൈക്ക് ഉൾപ്പെടെ പരസ്യമായി പറയുകയും ചെയ്തു.
2020 യൂറോ കപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ നോക്കൗട്ട് റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ, ലൂയിസ് വാൻ ഗാളിന്റെ കീഴിൽ പതിയെ പതിയെ കരുത്താർജ്ജിക്കുന്നുണ്ട് ഓറഞ്ച് പട. കഴിഞ്ഞ യുവേഫ നാഷൻസ് ലീഗിൽ പോളണ്ട്, ബെൽജിയം, വെയ്ൽസ് തുടങ്ങിയ ടീമുകളെ തോൽപ്പിച്ച നെതർലൻഡ്‌സിനെ ലോകകപ്പിലും എളുപ്പം എഴുതിത്തള്ളാനാകില്ല. ടീം ഫോർമേഷനുമായി ബന്ധപ്പെട്ട തർക്കമാണ് കളിക്കാരും കോച്ചും തമ്മിലുള്ളത്. ഡച്ച് പടയുടെ കയ്യൊപ്പ് പൊസഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ആക്രമണ ഫുട്‌ബോളാണ്. ഇതിനനുയോജ്യമായ 4-3-3 അല്ലെങ്കിൽ 3-4-3 ഫോർമേഷനാണ് പൊതുവെ നെതർലാൻഡ്‌സ് സ്വീകരിക്കാറ്. എന്നാൽ പുതിയ കോച്ച് ലൂയിസ് വാൻ ഗാൽ ടീമിനെ അണിനിരത്തുന്നത് 5-3-2 എന്ന, പ്രതിരോധത്തിന് പ്രാമുഖ്യമുള്ള ഫോർമേഷനിലാണ്. ഇതിനോടുള്ള എതിർപ്പ് ടീമിലെ സൂപ്പർതാരമായ വിർജിൻ വാൻ ഡൈക്ക് ഉൾപ്പെടെ പരസ്യമായി പറയുകയും ചെയ്തു. എന്നാൽ ഈ ഫോർമേഷനിൽ ആക്രമിക്കാനും പ്രതിരോധിക്കാനും സാധിക്കുമെന്നാണ് കോച്ചിന്റെ പക്ഷം.
നെതർലാൻഡ്‌സ് നേരിടുന്ന മറ്റൊരു പ്രതിസന്ധി, ആക്രമണ നിരയിൽ മികച്ച കളിക്കാരില്ല എന്നതാണ്. ബാഴ്സിലോണ താരമായ മെംപിസ് ഡീപേ ലോകകപ്പിന് മുമ്പ് പരിക്ക് ഭേദമായി തിരിച്ചെത്തുകയേയുള്ളൂ. ഈ സീസണിൽ വളരെ കുറച്ച് കളികൾ മാത്രം കളിച്ചിട്ടുള്ള മെംപിസിനെ ആക്രമണത്തിന്റെ ചുമതല ഏൽപ്പിച്ചുവേണം നെതർലാൻഡ്‌സ് കളത്തിലിറങ്ങാൻ. പിന്നെയുള്ളത് ഡച്ച് ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കോഡി ഗാപ്കോയെ പോലെയുള്ള യുവതാരങ്ങളാണ്.
ഇക്കഡോർ, ഖത്തർ എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് സ്റ്റേജ് കടക്കണമെങ്കിൽ വലിയ അട്ടിമറികൾ സംഭവിക്കണം. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാൻ ഇക്കഡോറിന് കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഇക്കഡോർ ടൂർണമെന്റിനെത്തുന്നത്. ഖത്തറാകട്ടെ യൂറോപ്യൻ- ലാറ്റിനമേരിക്കൻ കരുത്തരോട് മത്സരിക്കാനുള്ള ശേഷി ആർജ്ജിച്ചോ എന്നത് സംശയമാണ്. സമീപ കാലത്ത് യൂറോപ്യൻ ടീമുകളോട് മത്സരിച്ചപ്പോഴൊക്കെ കനത്ത തോൽവിയായിരുന്നു ഫലം. ഫിഫ അറബ് കപ്പിൽ ഈജിപ്തിനെ തോൽപ്പിച്ചതും 2019 ഏഷ്യാ കപ്പ് വിജയികളായതുമാണ് ഖത്തറിന്റെ എടുത്തുപറയാവുന്ന സമീപകാല നേട്ടങ്ങൾ.
ആവനാഴിയിൽ ആയുധങ്ങൾ ഒരുപാടുണ്ടെങ്കിലും പരിശീലകൻ ഗാരി സൗത്ത്ഗേറ്റ് 5-2-3 എന്ന പ്രതിരോധ തന്ത്രമാണ് ഇഷ്ടപ്പെടുന്നത്. ഇതിൽ, ഇംഗ്ലണ്ട് ആരാധകർക്ക് മുറുമുറുപ്പുണ്ട്. യുവേഫ നാഷൻസ് ലീഗിൽനിന്ന് പുറത്തായതിലും ആരാധകർക്ക് അതൃപ്തിയുണ്ട്.
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക, വെയ്ൽസ്
വളരെ ശക്തമായ പ്രാദേശിക ഫുട്‌ബോൾ ലീഗുള്ള രാജ്യമായതുകൊണ്ടുതന്നെ ലോകത്തര താരങ്ങളെ സൃഷ്ടിക്കുന്നതിൽ ഇംഗ്ലണ്ട് എന്നും മുൻപന്തിയിലാണ്. എല്ലാ ലോകകപ്പിനും അവരെത്തുന്നതും ആരെയും വെല്ലുന്ന സ്‌ക്വാഡുമായാണ്. എന്നാൽ ഇംഗ്ലണ്ടിന്റെ കരുത്തായ പ്രാദേശിക ഫുട്‌ബോൾ വൈരം തന്നെയാണ് അവരുടെ ബലഹീനത എന്നും പറയപ്പെടുന്നു. പ്രാദേശിക ഫുട്ബോളിലെ ശക്തമായ പരസ്പര കലഹം കാരണം ഇംഗ്ലീഷ് താരങ്ങൾ ഒത്തിണക്കത്തോടെ കളിക്കാത്തതാണ് 1966നുശേഷം ഒരു ലോകകപ്പ് പോലും നേടാൻ ഇംഗ്ലണ്ടിന് സാധിക്കാത്തതിന്റെ കാരണം എന്ന് വിലയിരുത്തുന്നവരുണ്ട്.
ലോകചാമ്പ്യന്മാരായശേഷമുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കഴിഞ്ഞ തവണയാണ്, നാലാം സ്ഥാനം. സെമി ഫൈനലിൽ ക്രൊയേഷ്യയോട് അധിക സമയത്ത് ഗോൾ വഴങ്ങി പുറത്തുപോവുകയായിരുന്നു ഇംഗ്ലണ്ട്. 2020 യൂറോ കപ്പിലാവട്ടെ, ഫൈനൽ വരെയെത്തിയെങ്കിലും പെനാൽറ്റി കിക്കിൽ ഇറ്റലിയോട് പരാജയപ്പെട്ടു. അന്ന് കിക്ക് നഷ്ടപ്പെടുത്തിയ ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ്, ബുക്കായോ സാക എന്നീ താരങ്ങളെ ഇംഗ്ലീഷ് ആരാധകർ വംശീയമായി അധിക്ഷേപിച്ചത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ആവനാഴിയിൽ ആയുധങ്ങൾ ഒരുപാടുണ്ടെങ്കിലും പരിശീലകൻ ഗാരി സൗത്ത്ഗേറ്റ് 5-2-3 എന്ന പ്രതിരോധ തന്ത്രമാണ് ഇഷ്ടപ്പെടുന്നത്. ഇതിൽ ആരാധകർക്ക് മുറുമുറുപ്പുണ്ട്. യുവേഫ നാഷൻസ് ലീഗിൽനിന്ന് പുറത്തായതിലും ആരാധകർക്ക് അതൃപ്തിയുണ്ട്. ഇംഗ്ലീഷ് യുവതാരങ്ങളായ ജൂഡ് ബെലിങ്ങ്ഹാം, ഫിൽ ഫോടൻ, ബുകായോ സാക എന്നിവർ തങ്ങളുടെ ക്ലബുകൾക്കുവേണ്ടി നടത്തുന്ന മികച്ച പ്രകടനം തുടർന്നാൽ ഈ ലോകകപ്പിൽ ഒരുപാട് ദൂരം മുന്നേറാനുള്ള കരുത്ത് ഇംഗ്ലണ്ടിനുണ്ട് എന്നുറപ്പ്. ക്യാപ്റ്റനും സ്റ്റാർ സ്ട്രൈക്കറുമായ ഹാരി കെയ്‌നിൽ തന്നെയായിരിക്കും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ.
ഗ്രൂപ്പിലെ മറ്റൊരു പ്രധാന ടീം ഇംഗ്ലണ്ടിന്റെ അയൽക്കാരായ വെയ്ൽസാണ്. ടൂർണമെൻറ് ഏതാണെങ്കിലും വെയ്ൽസ് ടീം കളിക്കുന്ന അതിവേഗ ആക്രമണ ഫുട്‌ബോൾ കാണികളെ ഹരം കൊള്ളിക്കും. സൂപ്പർ താരം ഗാരെത് ബെയ്ൽ യൂറോപ്യൻ ഫുടബോളിൽനിന്ന് വിരമിച്ചെങ്കിലും വെയ്ൽസ് മുന്നേറ്റനിരയുടെ കുന്തമുന മുൻ റയൽ മാഡ്രിഡ് താരം തന്നെയായിരിക്കും.1958നുശേഷം ഇതാദ്യമായാണ് വെയ്ൽസ് ലോകകപ്പ് യോഗ്യത നേടുന്നത്. ബെയ്ലിനെ കൂടാതെ ആരോൺ റാംസി, ഏദൻ അമ്പാടു, ബെൻ ഡേവിസ് തുടങ്ങിയവരെല്ലാം മികച്ച താരങ്ങളാണ്. അമേരിക്ക, ഇറാൻ എന്നിവരെ ഗ്രൂപ്പിൽ മറികടക്കുക എന്നത് വെയ്ൽസിന് വലിയൊരു കടമ്പയായിരിക്കില്ല.
സമീപകാലത്തെ ഏറ്റവും മികച്ച അർജന്റീന സ്‌ക്വാഡാണ് നിലവിലുള്ളത്. അവരുടെ ഏറ്റവും വലിയ ശക്തി, വിശേഷണം ആവശ്യമില്ലാത്ത ലയണൽ മെസ്സിയും. എന്നാൽ അർജന്റീന ടീമിന്റെ സമീപകാല പ്രകടനത്തിന് കാരണം മെസ്സി മാത്രമല്ല.
ഗ്രൂപ്പ് ബിയിലെ കരുത്തർ ഇംഗ്ലണ്ടും വെയ്ൽസും ആണെന്ന് പറയുമ്പോൾ തന്നെ അത്ര എളുപ്പം എഴുതിത്തള്ളാവുന്ന ടീം അല്ല അമേരിക്ക. വളരെ വലിയ പുരോഗതിയാണ് ഫുടബോളിന്റെ കാര്യത്തിൽ അമേരിക്ക സമീപകാലത്ത് നേടിയിട്ടുള്ളത്. യോഗ്യതാ മത്സരങ്ങളിൽ മൂന്നാം സ്ഥാനം മാത്രമേ നേടാൻ സാധിച്ചുള്ളുവെങ്കിലും ഏത് ടീമിനെയും വിറപ്പിക്കാനുള്ള ആയുധങ്ങൾ അമേരിക്കൻ സ്‌ക്വാഡിലുണ്ട്. ചെൽസി താരം ക്രിസ്ത്യൻ പുലിസിച്ച്, ബൊറൂസിയ താരം ജിയോവാനി റെയ്ന, മിലാൻ താരം സെർജിനോ ഡെസ്റ്റ്, ലീഡ്‌സ് താരം ബ്രെണ്ടൻ ആരോൺസൻ എന്നിവർ അവരിൽ ചിലരാണ്. യുവന്റസ് താരം വെൺസ്റ്റൻ മക്കെന്നി പരിക്ക് ഭേദമായി എത്തുമോ എന്ന ആശങ്ക മാത്രമേ അമേരിക്കൻ ടീമിന് ഉണ്ടാവാനിടയുള്ളു.
ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്
ഗ്രൂപ്പ് സി ആരാധകരുടെ ശ്രദ്ധാകേന്ദ്രമാവുന്നത് അർജന്റീനയുടെ സാന്നിധ്യം കൊണ്ടാണ്. സമീപകാലത്തെ ഏറ്റവും മികച്ച അർജന്റീന സ്‌ക്വാഡാണ് നിലവിലുള്ളത്. അവരുടെ ഏറ്റവും വലിയ ശക്തി, വിശേഷണം ആവശ്യമില്ലാത്ത ലയണൽ മെസ്സിയും. എന്നാൽ അർജന്റീന ടീമിന്റെ സമീപകാല പ്രകടനത്തിന് കാരണം മെസ്സി മാത്രമല്ല. വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു ടീമിനെ തന്നെ നിരന്തരം കളിപ്പിച്ച് അവർക്കിടയിൽ ഒത്തിണക്കമുണ്ടാക്കിയെടുത്ത കോച്ച് ലയണൽ സ്‌കലോണി കൂടിയാണ്. പല ടീമുകളും മതിയായ ഒത്തിണക്കമില്ലാതെ ബൂട്ട് കെട്ടുമ്പോൾ, ഈ ഒത്തിണക്കം അർജന്റീനക്ക് മുൻതൂക്കം നൽകും. 2019 കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിനോട് തോറ്റ ശേഷം അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. രണ്ടു മത്സരങ്ങൾ കൂടി തോൽക്കാതെ മുന്നേറിയാൽ ഇറ്റലിയുടെ 37 തോൽവി അറിയാത്ത മത്സരങ്ങൾ എന്ന ലോക റെക്കോർഡിനൊപ്പമെത്തും അർജന്റീന.
ഗ്രൂപ്പ് സിയിലെ കരുത്തർ അർജന്റീന ആണെന്ന കാര്യത്തിൽ തർക്കമില്ല. അർജന്റീനയുടെ പ്രധാന പ്രശ്‌നം സ്‌ക്വാഡ് ഡെപ്ത് ആയിരിക്കും. ലോകകപ്പ് പോലെ തുടർച്ചയായ മത്സരങ്ങളുള്ള ടൂർണമെന്റിൽ നല്ല പകരക്കാരെ അത്യാവശ്യമാണ്. പരിക്കും, സസ്പെൻഷനും, തളർച്ചയും താരങ്ങളെ ബാധിച്ചേക്കാം. മധ്യനിരയിലെ പ്രധാന താരങ്ങളിലൊരാളായ ജിയോവാനി ലോ സെൽസോ പരിക്കേറ്റ് പുറത്തായതും തിരിച്ചടിയാണ്. ഈ പ്രശ്‌നങ്ങളുള്ളപ്പോഴും മെസ്സി ഈ സീസണിൽ തുടരുന്ന ഉഗ്രൻ ഫോം തങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയാവും ആരാധകർക്കുണ്ടാവുക.
കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ഇത്തവണ വരുന്നത് അത്ര ശുഭസൂചനകളുമായിട്ടല്ല. സ്റ്റാർ മധ്യനിര താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവർ പരിക്കുമൂലം പുറത്താണ്.
ഗ്രൂപ്പ് സിയിലെ മറ്റൊരു ആകർഷണീയ ഘടകം പോളണ്ട്- അർജന്റീന മത്സരമായിരിക്കും. അർജന്റീനയുടെ ടീം കരുത്തിനുമുന്നിൽ പോളണ്ട് ഒന്നുമല്ലെങ്കിലും, റോബർട്ട് ലെവൻഡോവ്‌സ്‌കി- മെസ്സി എന്നീ താരങ്ങൾ നേർക്കുനേരെ വരുന്നത് ആരാധകർ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ്. പ്രത്യേകിച്ചും മെസ്സി തന്റെ കരിയറിൽ എല്ലാ വിജയവും നേടിയ ബാഴ്സിലോണ ഫുടബോൾ ക്ലബിന്റെ നിലവിലെ താരമാണ് ലെവൻഡോവ്‌സ്‌കി. അതുകൊണ്ട് തന്നെ ഈ മത്സരത്തിന് മറ്റ് പല മാനങ്ങളും കൈവരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി എത്തുന്ന മെക്‌സിക്കോയെയും എഴുതിത്തള്ളാനാകില്ല. ലോകകപ്പുകളിലെ മികച്ച ഗോൾകീപ്പിങ് കൊണ്ട് ആരാധകരുടെ പ്രിയതാരമായി മുമ്പ് മാറിയിട്ടുള്ള ഗില്ലർമോ ഒച്ചോവ, അയാക്‌സ് താരം എഡ്‌സൺ അൽവാരസ്, നാപ്പോളി താരം ഹിർവിങ് ലൊസാനോ, വോൾവ്സ് താരം റൗൾ ജിമിനസ് തുടങ്ങിയവരടങ്ങിയ മെക്‌സിക്കോ കരുത്തർ തന്നെയാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം പോളണ്ടും, മെക്‌സിക്കോയും തമ്മിലാവും എന്നാണ് സ്‌ക്വാഡുകൾ വിശകലനം ചെയ്യുമ്പോൾ എത്താവുന്ന നിഗമനം. സൗദി അറേബ്യയുടെ ലക്ഷ്യം ഈ വമ്പന്മാരുടെ മുന്നോട്ടുള്ള പ്രയാണം കഠിനമാക്കുക്ക എന്നതായിരിക്കും.
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്, ടുണീഷ്യ, ആസ്ട്രേലിയ
കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ഇത്തവണ വരുന്നത് അത്ര ശുഭസൂചനകളുമായിട്ടല്ല. സ്റ്റാർ മധ്യനിര താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവർ പരിക്കുമൂലം പുറത്താണ്. റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ യുവതാരങ്ങളായ ചുമേനി, കാമവിങ്ക എന്നിവരെ കോച്ച് ദിദിയർ ദഷാമ്പ്‌സ് ചുമതലയേൽപ്പിക്കാനാണ് സാധ്യത. റയൽ മാഡ്രിഡിൽ മികച്ച രീതിയിൽ ഒത്തിണക്കത്തോടെ കളിക്കുന്നവർ ആ പ്രകടനം ലോകകപ്പിലും പുറത്തെടുക്കും എന്നതാവും ഫ്രാൻസിന്റെ കണക്കുകൂട്ടൽ. സൂപ്പർ താരം എമ്ബാപ്പെ, ഇത്തവണത്തെ ബാലൻ ഡി ഓർ വിന്നർ കരിം ബെൻസേമ എന്നിവർ മുന്നേറ്റത്തിലെ ഉറച്ച താരങ്ങളാണ്. ഇവരെ കൂടാതെ, വിങ്ങിൽ ബാഴ്സിലോണ താരം ഉസ്മാൻ ഡെമ്പെലെ അല്ലെങ്കിൽ ബയേൺ താരം കിങ്സ്ലി കോമൻ- ഇതിൽ ഒരു താരമായിരിക്കും അവസാന ലൈനപ്പിൽ ഇടം നേടുന്നത്. അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാനെ തന്നെ ഒരിക്കൽ കൂടി കളി മെനയുന്ന ജോലി ദഷാമ്പ്‌സ് ഏൽപ്പിച്ചേക്കും. പ്രതിരോധനിരയിലും കഴിഞ്ഞ ലോകകപ്പിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഫ്രാൻസ് സ്‌ക്വാഡിലുണ്ടാവും. ബയേൺ താരങ്ങളായ ലൂക്കാസ് ഹെർണാഡസ്, ഉപമെക്കാനോ എന്നിവർ ബാഴ്സ താരം ജൂൾസ് കുണ്ടേ, ആഴ്സണൽ താരം വില്യം സാലിബ ഇവരെല്ലാം ഫ്രാൻസിന്റെ പ്രതിരോധ ചുമതല ഏറ്റെടുക്കാൻ കരുത്തുള്ളവരാണ്. ഇതിലാരെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തണം എന്ന സംശയം മാത്രമേയുള്ളൂ.
ഫ്രാൻസിനെ സംബന്ധിച്ച് കുറച്ചെങ്കിലും ശക്തി കുറഞ്ഞ ഒരു പൊസിഷൻ ഉണ്ടെങ്കിൽ അത് വലത് വിങ് ബാക്ക് ആയിരിക്കും. ബയേൺ താരം ബെഞ്ചമിൻ പാവാർഡിനെ തന്നെ ദഷാമ്പ്‌സ് പരീക്ഷിക്കാനാണ് സാധ്യത. ഇംഗ്‌ളണ്ടിനെ പോലെ ഫ്രാൻസിന്റെയും ഏറ്റവും വലിയ കരുത്ത് സ്‌ക്വാഡ് ഡെപ്ത് തന്നെയാണ്. ഏത് താരത്തെ നഷ്ടമായാലും പകരം വെയ്ക്കാൻ ലോകത്തര താരങ്ങൾ ഫ്രാൻസിന്റെ ബെഞ്ചിലുണ്ട്. ലോകകപ്പ് പോലെയുള്ള ടൂർണമെന്റുകളിൽ പലപ്പോഴും നിർണായകമാവുക ഈ കരുത്താണ്. എന്നാൽ കഴിഞ്ഞ യൂറോ കപ്പിലെ ഫ്രാൻസിന്റെ പ്രകടനം അത്ര പ്രതീക്ഷ തരുന്നതല്ല. പ്രീ ക്വാർട്ടറിൽ തന്നെ സ്വിറ്റ്‌സർലൻഡിനോട് തോറ്റ് പുറത്ത് പോവേണ്ടി വന്നു. പ്രതിരോധത്തിലൂന്നിയ ഫ്രാൻസിന്റെ കേളി ശൈലിക്ക് അന്നൊരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
ഫ്രാൻസിനെ ഭയപ്പെടുത്തുന്ന കൗതുകകരമായ ഒരു ശാപം കൂടിയുണ്ട്. കഴിഞ്ഞ കുറെ തവണകളായി ലോകകപ്പ് ജേതാക്കൾ അടുത്ത ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് കടന്നിട്ടില്ല. 1998ൽ ജേതാക്കളായ ഫ്രാൻസ് 2002ൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായി. 2010ൽ ഇറ്റലിയും, 2014ൽ സ്‌പെയിനും, 2018ൽ ജർമനിയും ഇങ്ങനെ പുറത്തായവരാണ്. ഇത്തവണ ആ ശാപം ഫ്രാൻസിനെ പിടികൂടുമോ എന്ന ഭയം ആരാധകരിലുണ്ട്. എന്നാൽ ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് പുറത്താവാനുള്ള സാധ്യത വളരെ വളരെ കുറവാണെന്നുതന്നെ പറയേണ്ടി വരും.
ഫ്രാൻസ് കഴിഞ്ഞാൽ ഗ്രൂപ്പിലെ കരുത്തർ ഡെന്മാർക്കാണ്. കഴിഞ്ഞ യൂറോയിൽ സെമി ഫൈനൽ വരെയെത്താൻ ഡെന്മാർക്കിന് സാധിച്ചിരുന്നു. അന്ന് കളിക്കിടെ ഡാനിഷ് താരം ക്രിസ്ത്യൻ എറിക്സൺ തളർന്നുവീണതും, ലോകമൊട്ടാകെ എറിക്‌സണിനുവേണ്ടി പ്രാർത്ഥനയോടെ നിന്നതുമെല്ലാം ആരും മറക്കാനിടയില്ല. അവിടെ നിന്ന് കളത്തിലേക്ക് തിരിച്ചുവന്ന എറിക്സൺ തന്നെയാവും ഡെന്മാർക്കിന്റെ പ്രതീക്ഷ. എന്നാൽ, എറിക്സൺ മാത്രമല്ല ബാഴ്സിലോണ പ്രതിരോധ താരം ക്രിസ്റ്റൻസൺ , ഗോൾകീപ്പർ കാസ്പർ ഷ്മഷെൽ, മിലാൻ താരം സൈമൺ ക്യാർ, സെവിയ്യ താരങ്ങളായ ഡെലനെ, ഡോൾബെർഗ് എന്നിവർ ടോട്ടൻഹാം താരം ഹൊജ്ബെർഗ്, ബ്രെൻറ്ഫോഡ് താരം ഡംസ്ഗാർഡ് ഇവരൊക്കെ ഡെന്മാർക്ക് നിരയിലെ മികച്ച താരങ്ങളാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തിനുതന്നെയായിരിക്കും ഡെന്മാർക്കിന്റെ പോരാട്ടം. ഫ്രാൻസിന് അതൊരു കനത്ത വെല്ലുവിളിയുമായിരിക്കും.
മരണഗ്രൂപ്പ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പാണ് ഇ. അതിന്റെ കാരണം ജർമനി, സ്പെയിൻ എന്നീ രണ്ട് മുൻ ചാമ്പ്യന്മാരുടെ സാന്നിധ്യം തന്നെ. ഗ്രൂപ്പ് ഘട്ടത്തിൽ കാണാൻ കഴിയുന്ന വമ്പൻ പോരാട്ടങ്ങളിലൊന്നായിരിക്കുമിത്.
ആസ്‌ട്രേലിയക്കും ആഫ്രിക്കയിൽ നിന്നെത്തുന്ന ടുണീഷ്യക്കും ഫ്രാൻസിനും ഡെന്മാർക്കിനും വലിയ പ്രതിസന്ധികളുണ്ടാക്കാൻ ശേഷിയില്ല എന്നുതന്നെ പറയാം. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട്, ബെൽജിയം, പനാമ എന്നിവരടങ്ങിയ ഗ്രൂപ്പിൽ കളിച്ച ട്യുണീഷ്യക്ക് പനാമയെ മാത്രമാണ് തോൽപ്പിക്കാൻ സാധിച്ചത്. കഴിഞ്ഞ തവണയും ഡെന്മാർക്കുള്ള ഗ്രൂപ്പിൽ കളിച്ച ആസ്ട്രേലിയ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായിരുന്നെങ്കിലും, ഡെന്മാർക്കിലെ സമനിലയിൽ തളക്കാൻ അവർക്ക് സാധിച്ചിരുന്നു.
ഗ്രൂപ്പ് ഇ: സ്പെയിൻ, ജർമനി, ജപ്പാൻ, കോസ്റ്ററിക
മരണഗ്രൂപ്പ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പാണ് ഇ. അതിന്റെ കാരണം ജർമനി, സ്പെയിൻ എന്നീ രണ്ട് മുൻ ചാമ്പ്യന്മാരുടെ സാന്നിധ്യം തന്നെ. ഗ്രൂപ്പ് ഘട്ടത്തിൽ കാണാൻ കഴിയുന്ന വമ്പൻ പോരാട്ടങ്ങളിലൊന്നായിരിക്കുമിത്. ലൂയിസ് എന്റിക്വെയുടെ കീഴിൽ വരുന്ന സ്പെയിൻ ഒരുപിടി യുവതാരങ്ങളുമായാണ് എത്തുക. ബാഴ്‌സിലോണയിൽ നിന്ന് മെസ്സിക്കുശേഷം യൂറോപ്യൻ ഗോൾഡൻ ബോയ് അവാർഡ് നേടിയ രണ്ട് മധ്യനിര താരങ്ങൾ 18 ഉം 19 ഉം വയസ്സുള്ള ഗാവിയും, പെഡ്രിയും- ഇവരെ രണ്ടുപേരെയായിരിക്കും എന്റിക്വെ കളി നിയന്ത്രിക്കാനുള്ള ചുമതല ഏൽപ്പിക്കുക.
ഇവരെ കൂടാതെ പി.എസ്.ജി താരം കാർലോസ് സോളർ, മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി, ബാഴ്‌സിലോണയുടെയും സ്‌പെയിനിന്റെയും ക്യാപ്റ്റൻ സെർജിയോ ബുസ്‌കറ്റെസ് എന്നിവരുടെ അനുഭവസമ്പത്തും സ്പെയിൻ മധ്യനിരയിലുണ്ട്. പ്രതിരോധത്തിന്റെ പ്രധാന ചുമതല വിയ്യാറയൽ താരം പാവു ടോറസ്, ബാഴ്സിലോണ താരം എറിക് ഗാർഷ്യ, സിറ്റി താരം അയമെറിക് ലാപോർട്ട് എന്നിവർക്ക് തന്നെയാവും. സീനിയർ താരം സെർജിയോ റാമോസിനെ ടീമിൽ ഉൾപ്പെടുത്താൻ എന്റിക്വെ തയ്യാറായിട്ടില്ല.
സ്പെയിനിന്റെ പ്രധാന തലവേദന മുന്നേറ്റ നിരയായിരിക്കും അൽവാരോ മൊറാട്ട, ഫെറാൻ ടോറസ് എന്നിവരൊക്കെ മികച്ച നീക്കങ്ങൾ കൊണ്ടും, കൗശലം കൊണ്ടും, സമ്മർദ്ദം ചെലുത്തുന്നതിലുമെല്ലാം മുന്നിട്ട് നിൽക്കുമ്പോഴും പന്ത് വലയിലെത്തുക്കുന്ന അവസാന ടച്ചിൽ പിന്നിലാണ്. ഒരു ക്ലിനിക്കൽ സ്ട്രൈക്കർ ഇല്ലാത്തതാണ് സ്‌പെയിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. പ്രതീക്ഷ ഉയർത്തിയിരുന്ന ബാഴ്സ താരം അൻസു ഫാറ്റി മോശം ഫോമിലുമാണ്.
ജർമൻ ടീമിലെ ഏറ്റവും വലിയ മാറ്റം അവരുടെ കോച്ച് തന്നെയാണ്. ബയേൺ മ്യൂണിക്കിന് 2020 ൽ 6 കിരീടങ്ങൾ നേടിക്കൊടുത്ത സ്റ്റാർ കോച്ച് ഹാൻസി ഫ്ലിക്കാണ് ജർമനിയെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്. സ്‌പെയിനിനെ പോലെ തന്നെ ജർമനിയുടെ മധ്യനിരയും പ്രതിരോധവും ശക്തമാണ്. റയൽ താരം റുഡിഗർ, ഡോർട്ട്മുണ്ട് താരമായ സുലെ എന്നിവരായിരിക്കും ജർമൻ പ്രതിരോധത്തിൽ. മധ്യനിരയിൽ ബയേൺ താരങ്ങളായ കിമ്മിക്, ഗോരെറ്റ്‌സ്‌ക്ക യുവതാരം ജമാൽ മുസിയാല, സിറ്റി താരം ഗുണ്ടോവൻ എന്നിവർ അണിനിരന്നേക്കും. മുന്നേറ്റത്തിൽ സെർജി ഗ്‌നാബ്രി, ലിറോയ് സാനെ എന്നിവർ ഉറച്ച താരങ്ങളാണ്. ജർമനിയും മിസ് ചെയ്യുന്നത് ഒരു പെർഫെക്ട് സ്ട്രൈക്കറെയാണ്. ലെയ്പ്‌സിഗ് താരം തിമോ വെർമാർ പരിക്കേറ്റ് പുറത്താണ്. ചെൽസിയുടെ കൈ ഹാവെർട്ട്‌സോ, ബയേണിന്റെ തോമസ് മുള്ളറോ ആവും സ്ട്രൈക്കറുടെ ചുമതല വഹിക്കുക. ഇതിനെല്ലാം പുറമെ ക്യാപ്റ്റനും സ്റ്റാർ ഗോൾകീപ്പറുമായ മാനുവൽ ന്യൂയറും കൂടെ ചേരുമ്പോൾ ജർമൻ നിര പൂർണമാവും. ഹാൻസി ഫ്ലിക്കിന്റെ ആക്രമണത്തിലൂന്നിയ തന്ത്രം ജർമനി തുടരും എന്ന കാര്യത്തിൽ സംശയം വേണ്ട. കരുത്തരായ ഫുൾബാക്കുകൾ ഇല്ല എന്ന പ്രശ്‌നത്തെ ഫ്ലിക്ക് എത്ര ശക്തമായി മറികടക്കും എന്നതിനെ ആശ്രയിച്ചാവും ജർമൻ മുന്നേറ്റം.
കഴിഞ്ഞ ലോകകപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തി ഫൈനലിസ്റ്റുകളായ ടീമാണ് ക്രൊയേഷ്യ. ഇത്തവണ മത്സരത്തിനെത്തുമ്പോൾ കഴിഞ്ഞ ലോകകപ്പിൽ കാണികളുടെ പ്രിയങ്കരരായി മാറിയ പല താരങ്ങളും ഉണ്ടാവില്ല.
കഴിഞ്ഞ ലോകകപ്പിൽ സെനഗലിനെയും പോളണ്ടിനെയും മറികടന്ന് നോക്ക് ഔട്ട് റൗണ്ടിലെത്തിയ രാജ്യമാണ് ജപ്പാൻ. സോസിഡാഡ് താരം കുബോ, ആഴ്സണൽ താരം ടോമിയാസു, മൊണാക്കോ താരം മിനോമിനോ എന്നിവരടങ്ങുന്ന ജപ്പാൻ ടീമിന് അട്ടിമറികൾക്ക് കരുത്തുണ്ട്. കഴിഞ്ഞ ലോകകപ്പിലെ പോലെ നോക്ക് ഔട്ടിലേക്ക് മുന്നേറാനുള്ള സാധ്യത വിരളമാണെങ്കിലും ജപ്പാനോട് കളിക്കാൻ ബൂട്ട് കെട്ടുമ്പോൾ ജർമനിയുടെയും സ്‌പെയിനിന്റെയും ഉള്ളിൽ ഭീതിയുണ്ടാവും.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നാലാം സ്ഥാനം മാത്രം നേടിയാണ് കോസ്റ്ററിക്ക എത്തുന്നത്. അവരുടെ പ്രതീക്ഷകൾ മുഴുവൻ മൂന്നുതവണ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ കെയ്ലർ നവാസ് എന്ന ഗോൾകീപ്പറിലായിരിക്കും.
ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
2018 ൽ ലഭിച്ച മൂന്നാം സ്ഥാനമാണ് ബെൽജിയത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. ബെൽജിയം ഫുട്ബോളിന്റെ സുവർണ കാലം അതിന്റെ അവസാന ദശകത്തിലാണ്. 2014 ലോകകപ്പ് മുതൽ ബെൽജിയം കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. എന്നാൽ 2014 ൽ ക്വാർട്ടറിൽ അർജന്റീനയോട് പരാജയപ്പെട്ടു, 2018 സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടും. ഇത്തവണ ആ പ്രകടനം മെച്ചപ്പെടുത്തുക എന്ന ഉദ്യമം പക്ഷെ ബെൽജിയത്തിന് എളുപ്പമായിരിക്കില്ല. പല താരങ്ങളും കരിയറിന്റെ അവസാന ദശകത്തിലാണ്. പ്രത്യേകിച്ചും പ്രതിരോധനിരയിൽ. ഒരു കാലത്ത് ടീമിന്റെ നെടുംതൂണായ വിൻസൻറ് കൊംപനി 2019ൽ വിരമിച്ചു. യാൻ വെർട്ടോങ്ങൻ, ടോബി ആൽഡർവെൽഡ് എന്നിവർക്ക് പ്രായം യഥാക്രമം 35ഉം 33മാണ്. ഇരുവരും മുൻനിര ക്ലബുകളിൽ കളിക്കുന്നുമില്ല. ഈ വയസ്സൻ പ്രതിരോധം തന്നെയാവും ബെൽജിയത്തെ അലട്ടുന്നത്. ഗോൾകീപ്പർ തിബോ കുർട്ടയെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല എന്നതാവും അപ്പോഴും ആശ്വാസം. മധ്യനിരയിലും ആക്രമണത്തിലും ബെൽജിയം ഇപ്പോഴും സമ്പന്നരാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ താരം കെവിൻ ഡിബ്രൂയിനെ, ലെസ്റ്റർ താരം ടീലെമണ്‌സ്, ഇന്റർ മിലാൻ താരം ലുകാകു എന്നിവരാവും ബെൽജിയത്തിന്റെ തുറുപ്പുചീട്ടുകൾ.
കഴിഞ്ഞ ലോകകപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തി ഫൈനലിസ്റ്റുകളായ ടീമാണ് ക്രൊയേഷ്യ. ഇത്തവണ മത്സരത്തിനെത്തുമ്പോൾ കഴിഞ്ഞ ലോകകപ്പിൽ കാണികളുടെ പ്രിയങ്കരരായി മാറിയ പല താരങ്ങളും ഉണ്ടാവില്ല. പ്രത്യേകിച്ച് ഗോൾകീപ്പർ സുബാസിച്ച്, മധ്യനിര താരം ഐവാൻ റാക്കിറ്റിച്ച് എന്നിവർ. ഇരുവരും അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു. ഭാവിയിലെ താരമായി കരുതപ്പെടുന്ന ലെയ്പ്സിഗിന്റെ ജോസ്‌കോ ഗ്വാഡിയോൾ, ബയേൺ താരം സ്റ്റാനിസിച്ച്, സ്റ്റ്ഗാർട്ട് താരം ബോർണ സോസ എന്നിവരാവും പ്രതിരോധത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം മധ്യനിരയിൽ ലൂക്ക മോഡ്രിച്ചും, ബ്രോസവിച്ചും, കോവാസിച്ചും ചേരുന്നതോടെ മധ്യനിരയുമായി. ആക്രമണമാണ് ക്രൊയേഷ്യക്ക് വെല്ലുവിളിയാകുക. ടോട്ടൻഹാം താരം ഇവാൻ പെരിസിച്ച്, ഹോഫൻഹാം താരം ക്രാമറിച്ച് എന്നിവരുണ്ടെങ്കിലും ലോകകപ്പ് പോലൊരു മത്സരത്തിൽ ഈ നിരയുമായി എത്ര ദൂരം താണ്ടാൻ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.
ബ്രസീലിന്റെ സ്‌ക്വാഡ് പോലെ ശക്തമായ ആക്രമണനിര ഈ ലോകകപ്പിൽ മറ്റൊരു ടീമിനുമില്ല. നെയ്മർ തന്നെയാണ് സ്റ്റാർ താരം. കൂടാതെ ഇത്തവണ റയൽ മാഡ്രിഡിൽ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന വിനീഷ്യസ് ജൂനിയറുമുണ്ട്. ഇവർ ഇരുവരുടെയും പന്തുമായുള്ള മുന്നേറ്റം തടയുക ഏറെക്കുറെ അപ്രാപ്യമാണ്.
അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനവുമായാണ് കാനഡ അവരുടെ രണ്ടാമത്തെ മാത്രം ലോകകപ്പ് കളിക്കാൻ എത്തുന്നത്. ലില്ലി താരം ജോനാഥൻ ഡേവിഡ്, ബയേൺ താരം അൽഫോൻസോ ഡേവിസ് എന്നിവരിലാണ് കാനഡയുടെ മുഴുവൻ പ്രതീക്ഷകളും. എന്നാൽ കഴിഞ്ഞ ദിവസം ഡേവിസിന് പരിക്കേറ്റത് കാനഡയുടെ ലോകകപ്പ് പ്രതീക്ഷകളെ മുഴുവൻ ഉലയ്ക്കുന്ന വാർത്തയായിരുന്നു. മത്സരങ്ങൾ തുടങ്ങുമ്പോഴേക്കും ഡേവിസ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കാനഡ ആരാധകർ. മൊറോക്കോയും നിസ്സാരക്കാരല്ല. പി.എസ്.ജി താരം അഷ്റഫ് ഹക്കിമി, ബയേൺ താരം നാസർ മസറായി, ചെൽസി താരം ഹക്കിം സീയെച്ച് എന്നിവരടങ്ങുന്ന മൊറോക്കോക്ക് ക്രൊയേഷ്യയുടെയും ബെൽജിയത്തിന്റെയും അത്താഴം മുടക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധവും മധ്യനിരയുമാവും മൊറോക്കോയുടെ തലവേദന.
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ
ബ്രസീലിന്റെ ഗ്രൂപ്പ് എന്ന് പറയുന്നതാവും ഗ്രൂപ്പ് ജി എന്നുപറയുന്നതിലുമെളുപ്പം. 2018 ലോകകപ്പിന്റേതിന് ഏറെക്കുറെ സമാനമായ ഗ്രൂപ്പ്. അന്ന് ബ്രസീലിനൊപ്പം ഉണ്ടായിരുന്നത് സ്വിറ്റസർലണ്ടും, സെർബിയയും കോസ്റ്ററികയുമാണെങ്കിൽ ഇത്തവണ കോസ്റ്ററികക്കുപകരം കാമറൂണാണ്. അർജന്റീനയുമായി താരതമ്യം ചെയ്യുമ്പോൾ വിഷമമുള്ള ഗ്രൂപ്പാണ് ബ്രസീലിന്റേത്. കരുത്തരായ സെർബിയ, സ്വിറ്റ്സർലാൻഡ് എന്നിവരോട് മുട്ടി വേണം ഗ്രൂപ്പ് കടക്കാൻ. ബ്രസീലിന്റെ സ്‌ക്വാഡ് പോലെ ശക്തമായ ആക്രമണനിര ഈ ലോകകപ്പിൽ മറ്റൊരു ടീമിനുമില്ല. ഇവരിൽ ആരെ ഉൾക്കൊള്ളിക്കണം എന്ന സംശയം മാത്രമേ കോച്ച് ടിറ്റെക്ക് ഉണ്ടാവൂ. നെയ്മർ തന്നെയാണ് സ്റ്റാർ താരം. കൂടാതെ ഇത്തവണ റയൽ മാഡ്രിഡിൽ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന വിനീഷ്യസ് ജൂനിയറുമുണ്ട്. ഇവർ ഇരുവരുടെയും പന്തുമായുള്ള മുന്നേറ്റം തടയുക ഏറെക്കുറെ അപ്രാപ്യമാണ്. ഇവരെ കൂടാതെ ആന്റണി, റാഫിഞ്ഞ, റിചാർലിസണ്, മാർട്ടിനെല്ലി, റോഡ്രിഗോ എന്നിവരും വിങ്ങുകളിൽ അപകടം വിതയ്ക്കാൻ ശേഷിയുള്ള, ബ്രസീലിന്റെ കയ്യൊപ്പ് പതിഞ്ഞ മൂവ്‌മെന്റുകൾ ചെയ്യാൻ സാധിക്കുന്ന താരങ്ങളാണ്.
ആഴ്സനിലിനുവേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഗബ്രിയേൽ ജീസസ് ആയിരിക്കും ബ്രസീൽ ആക്രമണനിരയെ നയിക്കുക. മധ്യനിരയിൽ കാസമിറോ ഉറച്ച താരമാണ്. കസമിറോക്കൊപ്പം ബൂട്ട് കെട്ടുന്നത് ആര് എന്നതിൽ മാത്രമേ സംശയമുള്ളൂ. ന്യൂകാസിൽ യുണൈറ്റഡിൽ നല്ല രീതിയിൽ കളിക്കുന്ന ബ്രൂണോ ഗിമിറസ് ആണോ ടിറ്റെയുടെ പ്രിയങ്കരൻ ഫ്രെഡ് ആണോ ആ കൃത്യം നിർവ്വഹിക്കുക എന്നാണ് അറിയാനുള്ളത്. നിലവിലെ ഫോമിൽ ബ്രൂണോ തന്നെയായിരിക്കും ടിറ്റെയുടെ ചോയ്സ്. പ്രതിരോധത്തിലും ബ്രസീലിൽ എമ്പടി താരങ്ങളുണ്ട്. മാർകിഞോസ്, മിലിടാവോ, തിയാഗോ സിൽവ തുടങ്ങിയവർ. 39കാരൻ ഡാനി ആൽവ്സ് സ്‌ക്വാഡിൽ തിരിച്ചുവന്നതാണ് കൗതുകമായത്. ഇത്രയൊക്കെ പറയുമ്പോഴും വിങ് ബാക്ക് പൊസിഷനാണ് ബ്രസീലിന്റെ വീക്ക് പോയിൻറ്. മിലിറ്റാവോയെ വലത് വിങ് ബാക്കായും, അലക്‌സ് ടെല്ലസ്സിനെ ഇടത് വിങ് ബാക്കായും കളിപ്പിക്കാനാണ് സാധ്യതകളേറെയും.
ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസിലെ മൂന്നാം സ്ഥാനവും കൊണ്ടാണ് കാമറൂൺ വേൾഡ് കപ്പിനെത്തുന്നത്. അത്ര നല്ല ഫോമിലാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഏത് ടീമിനെയും ഒന്ന് വിറപ്പിക്കാനുള്ള ശക്തി കാമറൂണിനുമുണ്ട്.
2018ൽ ബ്രസീൽ- സെർബിയ മത്സരം വന്നപ്പോൾ രണ്ടു ഗോളുകൾക്ക് വിജയം ബ്രസീലിനൊപ്പം നിന്നു. എന്നാൽ ഇത്തവണ അത്ര എളുപ്പം സെർബിയയെ മറികടക്കാൻ സാധിച്ചെന്നുവരില്ല. മുന്നേറ്റത്തിൽ യുവ താരം വ്ലാഹോവിച്ച് മികച്ച പ്രകടനമാണ് ഇറ്റാലിയൻ ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം വളരെ ക്രിയാത്മകമായി കളിക്കാൻ സാധിക്കുന്ന ഫിലിപ് കോസ്റ്റിച്ച്, ദുസാൻ ടാടിച്ച് എന്നിവർ കൂടി ചേരുമ്പോൾ സെർബിയയുടെ മുന്നേറ്റം പൂർണമാവും. മധ്യനിരയിൽ ലാസിയോ താരം സവിച്ച്, സെവില്ല താരം ഗുഡ്ലേജ് എന്നിവരും പ്രതിരോധത്തിൽ മാക്‌സിമോവിച്ച്, ഗെറ്റാഫെ താരം മിട്രോവിച്ച് എന്നിവരുമായിരിക്കും കളിക്കുക.
ഏറെക്കുറെ സന്തുലിതമാണ് സെർബിയൻ ടീം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 8ൽ 6 മത്സരങ്ങളും ജയിച്ച് പോർച്ചുഗൽ അടങ്ങുന്ന ഗ്രൂപ്പിൽ ചാമ്പ്യന്മാരാവാൻ സെർബിയക്ക് സാധിച്ചിരുന്നു. നാഷൻസ് ലീഗിലും സെർബിയ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റത് ഒരു തവണ മാത്രമാണ്.
കഴിഞ്ഞ യൂറോയിൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ വെയ്ൽസിന് പിറകിൽ ഫിനിഷ് ചെയ്ത് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ ടീമാണ് സ്വിറ്റ്‌സർലാൻറ്. എന്നാൽ നോക്ക് ഔട്ട് റൗണ്ടിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് അവർ രാജകീയമായി ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. അന്നവർ പുറത്തെടുത്ത പോരാട്ടവീര്യം ആരും മറന്നിരിക്കാനിടയില്ല. ഇന്ന് കളിക്കുന്നതിൽ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പർമാരിൽ ഒരാളായ യാൻ സോമറാണ് സ്വിറ്റസർലണ്ടിന്റെ ഗോൾവല കാക്കുന്നത്. പ്രതിരോധത്തിൽ അകാഞ്ചി, എൽവേദി, റിക്കാർഡോ റോഡ്രിഗസ് എന്നിവർ, മധ്യനിരയിൽ ആഴ്സണലിൽ മികച്ച ഫോമിൽ കളിക്കുന്ന ഗ്രാനിത്ത് ഷാക്ക, ചെൽസിയുടെ ഡെനീസ് സക്കറിയ മുന്നേറ്റത്തിൽ സെഫോറോവിച്ച്, ബ്രീൽ എംബോളോ- ഇത്രയുമായിരിക്കും സ്വിറ്റസർലാൻഡിന്റെ കരുത്ത്.
ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസിലെ മൂന്നാം സ്ഥാനവും കൊണ്ടാണ് കാമറൂൺ വേൾഡ് കപ്പിനെത്തുന്നത്. അത്ര നല്ല ഫോമിലാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഏത് ടീമിനെയും ഒന്ന് വിറപ്പിക്കാനുള്ള ശക്തി കാമറൂണിനുമുണ്ട്. റോബർട്ട് ലെവൻഡോവ്‌സ്‌കി പോയ ഒഴിവിൽ ബയേൺ മ്യൂണിക്കിൽ മികച്ച പ്രകടനം നടത്തുന്ന ചോപ്പോ മൊട്ടെങ്, നാപ്പോളി താരം അംഗീസ, ഇന്റർ മിലാൻ ഗോൾ കീപ്പർ ആന്ദ്രേ ഒനാന ഇവരൊക്കെ കാമറൂൺ താരങ്ങളാണ്. പ്രതിരോധമായിരിക്കും കാമറൂണിനെ അലട്ടുന്ന ഘടകം. യൂറോപ്യൻ വമ്പന്മാരും ബ്രസീലുമുള്ള ഗ്രൂപ്പിൽ കാമറൂണിനെ കാത്തിരിക്കുന്നതെല്ലാം വമ്പൻ മത്സരങ്ങളാണ്.
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ
അത്ര എളുപ്പമായിരുന്നില്ല ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കൂട്ടരുടെയും ലോകകപ്പ് യോഗ്യത. ഗ്രൂപ്പ് സ്റ്റേജിൽ സെർബിയക്കുപിറകിൽ ഫിനിഷ് ചെയ്ത പോർച്ചുഗലിന്റെ യോഗ്യത തുലാസിലായിരുന്നു. പിന്നീട് തുർക്കി, നോർത്ത് മാസഡോണിയ എന്നിവരെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ യോഗ്യത നേടിയത്. ഇറ്റലി- നോർത്ത് മാസിഡോണിയ ഫലം അനുകൂലമായതും പോർച്ചുഗലിനെ തുണച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് എന്നതാണ് പോർച്ചുഗൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന വൈകാരിക ഘടകം.
ആദ്യ ലോകകപ്പ് നേടിയ രാജ്യമാണെങ്കിലും അത്ര സുഖകരമല്ല ഉറുഗ്വെയുടെ സമീപകാല പ്രകടനങ്ങൾ. കോപ്പ അമേരിക്ക ടൂർണമെന്റിൽ നമ്മൾ കണ്ടത്, ഗോൾ കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടുന്ന ഉറുഗ്വേയെയാണ്.
സ്‌ക്വാഡ് ഡെപ്ത് നോക്കിയാൽ ഇംഗ്ലണ്ട്, ഫ്രാൻസ് പോലെയുള്ള ടീമുകൾക്കൊപ്പമാണ് പോർച്ചുഗലിന്റെ സ്ഥാനം. മിലാൻ താരം റാഫേൽ ലിയോ, സിറ്റി താരം ബെർണാഡോ സിൽവ എന്നിവർക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടെ ചേരുന്നതാവും പോർച്ചുഗലിന്റെ മുന്നേറ്റം. ബെൻഫിക്കയിൽ മികച്ച പ്രകടനം നടത്തുന്ന ജാവോ മാരിയോ, മാഞ്ചസ്റ്റർ യുണൈറ്റഡ് തരാം ബ്രൂണോ ഫെർണാഡസ്, പി.എസ്.ജി താരം വിറ്റിഞ്ഞ എന്നിവർ മധ്യനിരയിലെ കരുത്താവും. വിങ് ബാക്കുകളിൽ ജാവോ ക്യാൻസലോ, ഡിയാഗോ ഡാലോട്ട്, നുനോ മെൻഡസ്, ഗുരേരോ ഇങ്ങനെ ഒരുപാട് പ്രതിഭകൾ പോർച്ചുഗീസ് നിരയിലുണ്ട്. ക്രിസ്റ്റ്യാനോയുടെ ഫോം അല്ലാതെ പോർച്ചുഗൽ നേരിടുന്ന ചോദ്യം, പ്രതിരോധത്തിന്റെ നടുവിൽ സിറ്റി താരം റൂബൻ ഡയസിനൊപ്പം കളിക്കുന്നത് ആരാണ് എന്നതാവും. പഴയ പടക്കുതിര 39 കാരൻ പെപെ ഇത്തവണയും ടീമിലുണ്ട്. ഇപ്പോഴും ശൗര്യത്തിന് കുറവില്ലെങ്കിലും വേൾഡ് കപ്പ് പോലെ ഒരു ടൂർണമെന്റിൽ ഫിറ്റ്‌നസ് പ്രശ്‌നങ്ങൾക്ക് സാധ്യത ഏറെയാണ്. പെപെ ഇല്ലെങ്കിൽ ബെനഫിക താരം അന്റോണിയോ സിൽവയോ, പി.എസ്.ജി ഡിഫൻസീവ് മിഡ്ഫീൽഡർ ഡാനിലോ പേരെരയോ ആയിരിക്കും ആ റോൾ വഹിക്കുക.
ആദ്യ ലോകകപ്പ് നേടിയ രാജ്യമാണെങ്കിലും അത്ര സുഖകരമല്ല ഉറുഗ്വെയുടെ സമീപകാല പ്രകടനങ്ങൾ. കോപ്പ അമേരിക്ക ടൂർണമെന്റിൽ നമ്മൾ കണ്ടത്, ഗോൾ കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടുന്ന ഉറുഗ്വേയെയാണ്. ക്വാർട്ടറിൽ കൊളംബിയയോട് പെനാൽട്ടിയിൽ പരാജയപ്പെടുകയും ചെയ്തു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ജയിക്കാനായത് എട്ടെണ്ണത്തിൽ, 22 ഗോളുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ഈയിടെ ഇറാനുമായി നടന്ന സൗഹൃദമത്സരത്തിലും ഉറുഗ്വെക്ക് പരാജയമായിരുന്നു.
ബാഴ്സിലോണ പ്രതിരോധ താരം റൊണാൾഡ് അരാഹോക്ക് പരിക്ക് പറ്റിയതാണ് ഉറുഗ്വെയുടെ ഒരു വെല്ലുവിളി. അരാഹോ ടീമിലുണ്ടെങ്കിൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ കളിച്ചേക്കില്ല. ടീമിലെ വെറ്ററൻ സ്ട്രൈക്കർമാരായിരുന്ന ലൂയിസ് സുവാരസ്, എഡിസൺ കവാനി എന്നിവർ വിരമിക്കലിന്റെ വക്കിലാണ്. സുവാരസ് യൂറോപ്പ് വിട്ട് വീണ്ടും ഉറുഗ്വേ ഫുട്‌ബോൾ ലീഗിലെത്തി. പിന്നെയുള്ളത് ലിവർപൂൾ യുവതാരം ഡാർവിൻ നുനെസാണ്. മധ്യനിര ഏറെക്കുറെ പഴുതടഞ്ഞതാണെന്ന് പറയാം. റയൽ മാഡ്രിഡിൽ ഉജ്ജ്വല ഫോമിൽ കളിക്കുക ഫെഡേ വാൽവെർഡെയിൽ ആവും ഉറുഗ്വെയുടെ പ്രതീക്ഷ. മുന്നേറ്റ ഗോൾ അടിച്ചില്ലെങ്കിൽ ഫെഡേ അടിക്കും എന്ന റയലിന്റെ വിജയ ഫോർമുല ലോകകപ്പിലും വിജയിക്കുമെന്നു കരുതാം. ഫെഡെയെ കൂടാതെ ബെന്റങ്കർ, വെച്ചീനോ, ലൂക്കാസ് ടോറെരിയ എന്നിവരും ഉറുഗ്വേ മധ്യനിരയിലെ കരുത്തരാണ്. പ്രതിരോധ നിരയിൽ അരാഹോയുടെ അഭാവവും, ഡിയേഗോ ഗോഡിന്റെ പ്രായവും ആയിരിക്കും ഉറുഗ്വെയുടെ ആശങ്കകൾ.
സൗത്ത് കൊറിയ എന്ന് കേൾക്കുമ്പോൾ ഓർമ വരിക, ഒരുപക്ഷെ 2018ലെ ജർമനിയുമായുള്ള മത്സരമായിരിക്കും. അധികസമയത്ത് മാനുവൽ ന്യൂയറെ ലജ്ജിപ്പിച്ച് സൺ ഹ്യുങ് മിന്നും, കിമ്മും നേടിയ രണ്ട് ഗോളുകൾ. ഇത്തവണ പക്ഷെ സൂപ്പർ താരമായ സൺ പരിക്കിന്റെ പിടിയിലാണ്. ടീമിൽ ഉൾപ്പെടുത്തും എന്ന് കൊറിയൻ കോച്ച് പറഞ്ഞെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ സൺ ഇറങ്ങുന്ന കാര്യം ഉറപ്പായിട്ടില്ല. ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ ഇറാന് പിറകിലായാണ് ഫിനിഷ് ചെയ്തതെങ്കിലും പോർചുഗലിന്റെയും ഉറുഗ്വെയുടെയും നോക്ക് ഔട്ട് പ്രവേശനം കൊറിയ എളുപ്പമാകില്ല.
ആഫ്രിക്കൻ നാഷൻസ് കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ ഒരു മത്സരം പോലും ജയിക്കാതെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതിന്റെ നാണക്കേടുമായാണ് ഘാനയുടെ വരവ്. കിറൻ കപ്പ് സെമിയിൽ ജപ്പാനോടും ഘാന പരാജയം രുചിച്ചു. തോമസ് പാർട്ടി, ആന്ദ്രേ അയൂ, ഇനാക്കി വില്യംസ് ഇങ്ങനെ മികച്ച താരങ്ങൾ ഘാനയുടെ നിരയിലുണ്ട്, എന്നാൽ സമീപ കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഘാനയുടെ ലോകകപ്പ് അത്ര സുഖകരമാകാനിടയില്ല.
ഗ്രൂപ്പ് എ യിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നെതർലാൻഡ്‌സിനും സെനഗലിനുമാവാനാണ് സാധ്യത. സാദിയോ മാനേയുടെ പരിക്ക് സെനഗലിനെ രണ്ടാം സ്ഥാനക്കാരാക്കുമെന്ന് കണക്കുകൂട്ടാം.
നോക്ക് ഔട്ട് റൗണ്ടിലെ സാധ്യതകൾ; വരാനിടയുള്ള മത്സരങ്ങൾ
അത്ഭുതങ്ങളും അട്ടിമറികളും ഇല്ലാത്ത ലോകകപ്പില്ല. അതുകൊണ്ടുതന്നെ ആര് ജയിക്കും ആര് തോൽക്കും എന്ന് ഉറച്ചുപറയുന്നതിൽ അർത്ഥമില്ല. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിലുള്ള നോക്ക് ഔട്ട് മത്സര സാധ്യതകൾ മാത്രം ചെറുതായി പരിശോധിക്കാം.
ഗ്രൂപ്പ് എ യിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നെതർലാൻഡ്‌സിനും സെനഗലിനുമാവാനാണ് സാധ്യത. സാദിയോ മാനേയുടെ പരിക്ക് സെനഗലിനെ രണ്ടാം സ്ഥാനക്കാരാക്കുമെന്ന് കണക്കുകൂട്ടാം. ഗ്രൂപ്പ് ബി യിൽനിന്ന് നോക്ക് ഔട്ടിലേക്ക് എത്താൻ ഏറ്റവും സാധ്യതയുള്ള ടീമുകളാവട്ടെ ഇംഗ്ലണ്ടും, വെയ്ൽസുമാണ്. ഇതിൽ ഒന്നാമൻ ഇംഗ്ലണ്ട് തന്നെ. ഗ്രൂപ്പ് സിയിൽനിന്ന് ഒന്ന്, രണ്ട് സ്ഥാനങ്ങൾ അർജന്റീനയും പോളണ്ടും നേടുമെന്ന് കരുതാം.
ഡിയിൽ നിന്ന് ഫ്രാൻസ് ഡെന്മാർക്ക്, ഇ യിൽ നിന്ന് സ്പെയിൻ, ജർമനി, എഫിൽ നിന്ന് ബെൽജിയം, ക്രൊയേഷ്യ, ജിയിൽ നിന്ന് ബ്രസീൽ, സ്വിറ്റ്സർലാൻഡ്, എച്ചിൽ നിന്ന് പോർച്ചുഗൽ, ഉറുഗ്വേ എന്നിവരെയും പ്രതീക്ഷിക്കാം.
അങ്ങനെയെങ്കിൽ പ്രീ ക്വാർട്ടറിൽ കരുത്തരുടെ പോരാട്ടങ്ങളാകും. ജർമനി- ബെൽജിയം, അർജന്റീന- ഡെന്മാർക്, പോർച്ചുഗൽ- സ്വിറ്റസർലാൻഡ് മത്സരങ്ങൾക്കാണ് സാധ്യത. അർജന്റീനയും ബ്രസീലും ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയാൽ അവർ തമ്മിലുള്ള മത്സരം വരിക സെമി ഫൈനലിലാവും. ജർമനി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുകയാണെങ്കിൽ ബ്രസീൽ- ജർമനി മത്സരം ക്വാർട്ടർ ഫൈനലിൽ തന്നെ കാണാൻ പ്രേക്ഷകർക്ക് അവസരമുണ്ടാകും. ഈ മത്സരത്തിലെ വിജയിയെ ആവും അർജന്റീന സെമിയിൽ എത്തുകയാണെങ്കിൽ നേരിടുക. റൊണാൾഡോ, മെസ്സി എന്നിവർ നേർക്കുനേരെ വരണമെങ്കിൽ അത് ഫൈനലിൽ മാത്രമേ സംഭവിക്കു, അല്ലെങ്കിൽ പോർച്ചുഗലോ അർജന്റീനയോ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്യണം. പോർച്ചുഗൽ രണ്ടാമതായാൽ തൊട്ടടുത്ത റൗണ്ടിൽ നേരിടേണ്ടി വരിക ബ്രസീലിനെയായിരിക്കും. പോർച്ചുഗലിനെ സംബന്ധിച്ച് ഒരു ചെറിയ അശ്രദ്ധ പോലും അവരെ കൊണ്ടെത്തിക്കുക ബ്രസീലുമായുള്ള മത്സരത്തിലേക്കായിരിക്കും. അല്ലെങ്കിൽ അടുത്ത ഘട്ടത്തിൽ സെർബിയയോ സ്വിറ്റസർലാണ്ടോ ആയിരിക്കും എതിരാളികൾ.
കഴിഞ്ഞ ദശകത്തിൽ ഫുടബോൾ അടക്കി ഭരിച്ച, സർവ്വ റെക്കോർഡുകളും തകർത്ത രണ്ട് താരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കളിക്കുന്ന അവസാന ലോകകപ്പായിരിക്കുമിത്.
ഈ താരങ്ങൾ ഇനിയില്ല
ഓരോ ലോകകപ്പും ഒരു യാത്രയയപ്പ് കൂടിയാണ്. 2018 ൽ ആന്ദ്രേ ഇനിയേസ്റ്റ, മെസൂത്ത് ഓസിൽ, ഹാവിയർ മഷെറാനോ, കെയ്സികെ ഹോണ്ട തുടങ്ങി നമുക്ക് ഒരുപിടി ഓർമകൾ സമ്മാനിച്ച താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളോട് വിട പറഞ്ഞു. ഇത്തവണ ആ ലിസ്റ്റ് വളരെ വലുതാണ്. കഴിഞ്ഞ ദശകത്തിൽ ഫുടബോൾ അടക്കി ഭരിച്ച, സർവ്വ റെക്കോർഡുകളും തകർത്ത രണ്ട് താരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കളിക്കുന്ന അവസാന ലോകകപ്പായിരിക്കുമിത്. ഒരാൾ 2014 ലോകകപ്പ് ഗോൾഡൻ ബോൾ ജേതാവ്, മറ്റെയാൾ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും ഗോൾ നേടിയ വ്യക്തി. ഒരു ദശകത്തിലേറെയായി നമ്മുടെ കവലകളിലെ ഫ്ലക്‌സുകളിൽ കണ്ട ഈ മുഖങ്ങൾ അടുത്ത ലോകകപ്പ് മുതൽ ഉണ്ടാവില്ല.
മറ്റൊരു താരം ലൂക്കാ മോഡ്രിച്ചാണ്. 37-ാം വയസ്സിലും റയൽ മധ്യനിരയുടെ നട്ടെല്ല് മോഡ്രിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുകയും ചെയ്ത താരം. മെസ്സി- റൊണാൾഡോ യുഗത്തിൽ ബാലൻ ഡി ഓർ നേടിയ രണ്ട് താരങ്ങളിൽ ഒരാൾ കൂടെയാണ് മോഡ്രിച്ച്. വിട പറയുന്ന മറ്റൊരു താരം കരിം ബെൻസേമയാണ്. റോബർട്ട് ലെവൻഡോവ്സ്‌കി, തിയാഗോ സിൽവ, ഡാനി ആൽവസ്, മാനുവൽ ന്യൂയർ, തോമസ് മുള്ളർ, സെർജിയോ ബുസ്‌കേറ്റസ്, എയ്ഞ്ചൽ ഡി മരിയ, ഇവർക്കൊക്കെ ഇത് അവസാന ലോകകപ്പായിരിക്കും. ▮