അണയ്ക്കാതെ സഞ്ചരിക്കുന്ന ഏകാന്തതകൾ

വായനക്കാരോട് കൗതുകമുണർത്തുന്ന ഒരു പ്രാക്ടീസ് നടത്താൻ അപേക്ഷിച്ചുകൊള്ളുന്നു: റഫറിയെ മായ്ച്ച്​ കളി കാണുന്ന നമ്മുടെ ശീലത്തിനു പകരം 22 കളിക്കാരെ ബ്ലർ ചെയ്ത് റഫറിയെ ഫോക്കസ് ചെയ്ത് ഒരു തവണ കളി കാണൂ. കളി മാറും തീർച്ച.

ഫുട്ബോൾ മൈതാനത്തിലെ ആ ഇരുപത്തിമൂന്നാമ(ൻ)!
ചലനമാണ് അടിസ്ഥാന പ്രപഞ്ചതത്വമെന്നതിന്റെ ലൈവ് ഡെമോ.
നിയമ-നീതി പരിപാലനത്തിനായുള്ള അവിശ്രമ നെട്ടോട്ടം.
തൊണ്ണൂറു മിനിറ്റിനിടയിൽ ഫോർവേഡുകളും മിഡ് ഫീൽഡർമാരും ഡിഫൻസിലുള്ളവരും ഇടയ്ക്കെല്ലാം കിതപ്പാറ്റാൻ അചരാവസ്ഥയെ പ്രാപിക്കുമ്പോഴും അഭംഗുരമയാൾ തലങ്ങും വിലങ്ങുമോടുകയാണ്, മൊബിലിറ്റിയുള്ള സർവയലൻസ് ക്യാമറ പോലെ. കോടതി ന്യായാധിപരുടെ അത്യുന്നത പീഠത്തിൽ പ്രതാപത്തോടെ ഞെളിഞ്ഞിരുന്നുള്ള വിധിപ്രസ്താവങ്ങളല്ല അയാളുടേത്. ചിലപ്പോഴെല്ലാം തെരുവിലെ അക്രമാസക്തമായ ആൾക്കൂട്ടത്തിനിടയിൽ മധ്യസ്ഥനാവാൻ വിധിക്കപ്പെട്ടയാളിന്റെ വിപൽസാധ്യത അയാൾ നേരിടുന്നുണ്ട്.

മൂളിപ്പറക്കുന്ന പന്തുകളുടെ ഷെൽവർഷത്തെ അയാൾക്കു നേരിടാതെ വയ്യ. അയാൾ കളിക്കളത്തിലാണ്, പക്ഷേ കളിയിലല്ല. കളിയയാൾക്ക് വിനോദമല്ല. ഒരു നീതിന്യായവ്യവസ്ഥയാണ്. മറ്റാരെക്കാളും അയാൾക്ക് കളി കാര്യമാണ്. ക്ലോസപ്പ് മാത്രമുള്ള ചലച്ചിത്രം അയാളുടെ കാഴ്ചകൾ. ശിരസ്സിനകത്തൊരു നിയമഗ്രന്ഥവുമായി അശ്രാന്തമക്ഷീണമനുസ്യൂതം ഓടിക്കൊണ്ടിരിക്കുന്ന ഒരാൾ. അയാളുടെ പിഴവുകൾ ചരിത്രം സൃഷ്ടിക്കുന്നു, ശരികൾ പോലെത്തന്നെ.

കളിക്കാരിലയാൾ ഇടക്കിടെ അതൃപ്തിയും ആശാഭംഗവും ഈർഷ്യയും ജനിപ്പിക്കുന്നുണ്ട്. സ്ഥിതിപരിപാലനത്തിന് നിയോഗിക്കപ്പെട്ട ആ വിധികർത്താവിന് ഒരേസമയം എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. ഒരു രാജ്യത്തിന്റെ ശത്രുവാകാൻ അയാളുടെ ഒരൊറ്റ തീരുമാനം മതിയാകും.

റഫറി. ജേഴ്സികളിൽ അഞ്ചു തെരഞ്ഞെടുപ്പു സാധ്യതകളുള്ള കറുപ്പു ഷോർട്സും സോക്സുമിട്ട് കളിക്കളത്തിലിറങ്ങുന്ന ഏകാകി. ഗോൾകീപ്പറുടെ ഏകാകിതയേക്കാൾ എത്രയോ വലുതാണ് റഫറിയുടെ ഏകാന്തത. രാജ്യമോ ആരാധകരോ ഗാലറിയോ പത്തു സഹകളിക്കാരോ അയാൾക്കൊപ്പമില്ല. കാവ്യഭംഗിയൊട്ടും അനുവദിക്കപ്പെട്ടിട്ടില്ലാത്ത മ്യൂസിക് കമ്പോസർ .

 Photo: Wikimedia Commons
Photo: Wikimedia Commons

കളിക്കാരെ കൊല്ലാനും ശാസിക്കാനും കൈചൂണ്ടി മുന്നറിയിപ്പു കൊടുക്കാനും അധികാരമുള്ള ഒരേയൊരാൾ. പോക്കറ്റിലയാൾ സൂക്ഷിച്ചിട്ടുള്ള ചുവപ്പുകാർഡ് വധശിക്ഷയുടെ പബ്ലിക് ഡെമോൺസ്ട്രേഷന്​ അധികാരം നൽകുന്ന കൊലയുടെ ചിഹ്നവ്യവസ്ഥയാണ്. ഇത്രയും അർത്ഥം ആവാഹിച്ചിട്ടുള്ള കാവ്യബിംബങ്ങൾ അധികമില്ല. ചുവപ്പുകാർഡ് ഒരാളെ വധിക്കുകയും ശേഷിക്കുന്ന പത്തുപേരെ ഡിസേബിൾഡാക്കുകയും ചെയ്യുന്നു. ചുവപ്പുകാർഡ്‌ വാങ്ങി ഒരു കളിക്കാരൻ പുറത്തുപോയതിനുശേഷമുള്ള ശിഷ്ടസംഘം അവയവഭംഗംവന്ന് ചോരയൊലിപ്പിച്ച് നിലവിളിച്ചോടുന്ന ഒരു ജന്തുവിനെപ്പോലെയാണ്.

ഗാലറിയിൽ കളി കാണുന്ന അയാളുടെ കാമുകി പോലും മടുപ്പുളവാക്കുന്ന ഒരു തിരശ്ശീല വകഞ്ഞു മാറ്റുന്നതുപോലെ അയാളെ ഇറേസു ചെയ്തുകൊണ്ടാണ് കളി കാണുന്നത്.

2018 ൽ ഫ്രാൻസ് ക്രൊയേഷ്യയെ തോൽപ്പിച്ച്​​ റഷ്യയിൽ കിരീടം ചൂടിയ മൽസരം നിയന്ത്രിച്ച മുഖ്യ റഫറി ആരായിരുന്നു എന്ന് എത്ര ഫുട്ബാൾ ആരാധകൻമാർ ഓർമയിൽ സൂക്ഷിക്കുന്നുണ്ടാവും? വിഭവത്തിൽ നിന്ന്​നിസ്സാരമായി പുറത്തുകളയുന്ന കറിവേപ്പിലയാണയാൾ, ഒരു ഫ്ലേവർ എന്നതിനപ്പുറമുള്ള ധർമം നിർവ്വഹിക്കുമ്പോഴും. ലൈൻ റഫറിമാരുടെ കഥ പറയാനില്ല. പശ്ചാത്തല വാദ്യകാരൻമാർ സിംഫണികളുടെ ചരിത്രത്തിൽ ഇടം പിടിക്കാറില്ല. അവരുടെ ഉപകരണസംഗീതം അവിഭാജ്യ ഘടകമാകുമ്പോഴും. എസ്.എ.ഒ.ടി എന്ന കിറുകൃത്യതയുള്ള ഓഫ് സൈഡ് ടെക്നോളജി പ്രാബല്യത്തിൽ വന്നതോടെ ലൈൻ റഫറിമാർ അക്ഷരാർത്ഥത്തിൽ സൈഡ് ലൈൻ ചെയ്യപ്പെട്ടുകഴിഞ്ഞു.

കളി കയ്യാങ്കളിയാകുമ്പോൾ വെളിച്ചപ്പെടുന്ന കഥാപാത്രമാണ് മിക്കപ്പോഴും റഫറി. ഫീൽ ഗുഡ് നിമിഷങ്ങളിലൊന്നും കാണികൾ റഫറിയെ കാണുന്നതേയില്ല. കാഴ്ചയിൽപ്പെടുമ്പോഴും കാണാൻ കണ്ണ്​ വിസമ്മതിക്കുന്ന അപ്രധാന ദൃശ്യമായി നമ്മളാ കഥാപാത്രത്തെ തമസ്കരിക്കുന്നു. സ്പോർട്സ്പേഴ്സ​ൺ സ്പിരിറ്റ് ചോർന്ന് കളിക്കാർ കുരുത്തക്കേടു കാണിക്കുമ്പോൾ കുടം തുറന്നുവരുന്ന ഭൂതത്തെപ്പോലെ സ്ഥിതിപരിപാലകനായ റഫറി അരങ്ങിൽ തന്റെ ഭാഗം നടിക്കുന്നു.

 ലൈൻ റഫറി /Photo: Wikimedia Commons
ലൈൻ റഫറി /Photo: Wikimedia Commons

മൈതാനമധ്യത്തിൽ വല്ലപ്പോഴും കൈമുദ്രകൾ കാണിക്കുന്ന ക്രിക്കറ്റ് അമ്പയറുടെ പ്രതിമാസ്റ്റേച്ചറല്ല ഫുട്ബാൾ റഫറിയുടേത്.
ടെന്നീസിലും ഷട്ടിൽ ബാറ്റ്മിന്റനിലും ബാസ്​ക്കറ്റ്​ബോളിലും കളിക്കളത്തിനു പുറത്ത് അത്യുന്നതങ്ങളിലിരുന്ന് ഏരിയൽ വ്യൂവിൽ വിധിപ്രസ്താവങ്ങൾ നടത്തുന്ന ദൈവപദവിയാണ് റഫറിമാർക്കുള്ളത്. കളിയിൽ ഇടപെടാനധികാരമുള്ള കാണികളുമാണവർ. ജീവൻമരണപോരാട്ടം നടക്കുന്ന ഇടിക്കൂട്ടിൽ കൂറ്റൻമാരെ ശാരീരികമായിത്തന്നെ കൈകാര്യം ചെയ്യേണ്ടിവരുന്ന ബോക്സിങ്ങ് റഫറിമാർ ചിലപ്പോഴെല്ലാം കളിയിലെ മൂന്നാമനെപ്പോലെ കാണപ്പെടും. റിസ്ക് അലവൻസ് ഏറ്റവുമധികം അർഹിക്കുന്ന ആ ജനവിഭാഗത്തെക്കുറിച്ച് മറ്റൊരു പ്രകരണത്തിൽ ചർച്ച ചെയ്യാം.

കളിയൊട്ടും ആസ്വദിക്കാനാവാത്ത കാണിയാണ് ഫുട്ബാൾ റഫറി, ഏറ്റവും സമീപസ്ഥനായ കാണിയായിരുന്നിട്ടും. തെറ്റുകൾ അരിച്ചെടുക്കുന്ന ഒരു യന്ത്രമാണയാൾ. എംബാപ്പെയും മെസ്സിയും പെലേയും സീക്കോയും മറഡോണയും റോബർട്ടോ കാർലോസും സിദാനും ക്രിസ്ത്യാനോയും ഒരേ എലിവേറ്ററിൽ യാത്ര ചെയ്യുന്ന സഹസഞ്ചാരികളെപ്പോലെ അയാളെ തൊട്ടും തൊടാതെയും ചുറ്റിലുമുണ്ട്. പക്ഷേ അവരിൽ നിന്നെല്ലാമയാൾ അതിവിദൂരമാണ്. കളിക്കളത്തിലെ ഏകാധിപതിയുടെ അലംഘനീയമായ ഒറ്റയാവൽ റഫറി നിരന്തരം അനുഭവിക്കുന്നു. ആരാധന ശിരസ്സിൽ പിടിക്കുന്ന നിമിഷം റഫറിയിലെ ന്യായാധിപൻ അന്തരിക്കുന്നു. സ്വകരസ്പർശമുള്ള ഗോൾ മറഡോണയെ ദൈവമാക്കിയുയർത്തും, അത്​ കാണാതെ പോയ റഫറി ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ കിടക്കും.

വാർ ടെക്​നോളജി (വീഡിയോ അസിസ്റ്റൻറ്​ റഫറി ) പ്രാബല്യത്തിൽ വന്നതോടെ മൈതാനത്തിലെ റഫറിയുടെ ഏകഛത്രാധിപത്യത്തിനു വിരാമമായി. കളിക്കത്തിൽ നിന്ന്​ റിവ്യൂ നിർവ്വഹിക്കാൻ മൈതാനത്തിനു വെളിയിലേക്ക് അശരണമായി ഓടുന്ന റഫറി ആ അധികാരനഷ്ടത്തിന്റെ വിഷ്വൽ ട്രാജഡിയാണ്. മനുഷ്യരെക്കാൾ പതിൻമടങ്ങ് കാര്യക്ഷമതയുള്ള, ഒരിക്കലും പിഴവുകൾ പറ്റാത്ത, ഒരു നിമിഷവും ജാഗ്രത കൈമോശം വരാത്ത, സമ്മർദ്ദങ്ങൾക്കടിപ്പെടാത്ത 43 ഒറ്റുക്യാമറകൾ അയാളെ നിരന്തരം ഓഡിറ്റു ചെയ്യുന്നുണ്ട്. വിചാരണയുടെ ചുമതലയുള്ള റഫറിയും തൽസമയം വിചാരണ ചെയ്യപ്പെടുകയാണ്. ആത്യന്തിക തീരുമാനം അപ്പോഴും റഫറിയുടേതാണ് എന്നത് ഫുട്ബാൾ നിയന്ത്രകൻമാർക്ക് ആശ്വാസമരുളുന്നുണ്ട്.

ക്രിക്കറ്റ് അമ്പയർക്കാവട്ടെ തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് മൈതാനത്തിൽ ചങ്കിടിപ്പോടെ നിന്ന് ഗാലറിയുടെ ശബ്ദഘോഷത്തിനു സാക്ഷിയായി ലജ്ജയോടെ ആകാശത്തിലെ ഡിജിറ്റൽ ബോർഡിൽ കാണേണ്ട ഗതികേടുണ്ട്. വാർ ടെക്​നോളജി കളിനീതിന്യായത്തെ കുറേക്കൂടി പിഴവുകളില്ലാതാക്കിയിട്ടുണ്ട്. എന്നാൽ ഈ ലോകക്കപ്പിലെ പ്രാഥമിക റൗണ്ടിൽ ക്യാമറക്കണ്ണുകളുടെ കാഴ്ചയും എപ്പോഴും ആധികാരികമായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന്​ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അഥവാ, ശരിയായ തീരുമാനങ്ങളിലെ ശരികേടുപോലെ ചില വിധിയെഴുത്തുകൾ മുഴച്ചു നിൽക്കുന്നു.

 വീഡിയോ അസിസ്റ്റന്റ് റഫറി
വീഡിയോ അസിസ്റ്റന്റ് റഫറി

കളിനിയമങ്ങളുടെ ഗ്രാഹ്യം മാത്രം പോരാ, മികച്ച റഫറിയാവാൻ. ശിരസ്സിലെ നിയമഗ്രന്ഥത്തിന്റെ ലിങ്ക് റഫറിക്ക് അപ്പപ്പോൾ ലഭിക്കുന്നുണ്ട്. കോടതി ന്യായാധിപൻമാരെപ്പോലെ കേസ് അടുത്തമാസത്തേക്കു നീട്ടിവെയ്ക്കാനോ പഠിക്കാൻ സമയമെടുക്കാനോ റഫറിക്ക് നിർവ്വാഹമില്ല. തൽക്ഷണതയുടെ ആസന്നതകളിലാണയാളുടെ തീരുമാനങ്ങൾ. ചിന്തിച്ചു തീരുമാനമെടുക്കൂ എന്ന സെൽഫ് ഹെൽപ്പ് വേദഗ്രന്ഥ ആപ്തവാക്യങ്ങൾ അയാൾക്ക്​ ബാധകമല്ല. അപ്രവചനീയതകളും യാദൃച്ഛികതകളും അനുനിമിഷ റിഫ്ലക്സുകളും കൊണ്ട് സങ്കീർണ്ണമായ ഒരിടത്തു നിന്നു കൊണ്ടാണ് റഫറി തീരുമാനങ്ങളെടുക്കുന്നത്. വർത്തമാനം മാത്രമാണയാളുടെ കാലം. തിരുത്തിപ്പറയുന്നതും ഏറ്റുപറയുന്നതും മാനുഷിക മൂല്യങ്ങളായി ശ്ലാഘിക്കപ്പെടുമെങ്കിലും റഫറിമാർക്ക് അത്തരം ആനുകൂല്യങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല ആ ഡ്രൈവർ എപ്പോഴും ഹെയർപിൻ ചുരത്തിലാണ് വണ്ടിയോടിക്കുന്നത്.

നാടകങ്ങളുടെ ആചാര്യൻമാരായ കളിക്കാരുടെ കപടനാട്യങ്ങളിൽ അയാൾക്ക് വഴുതി വീഴാൻ പാടില്ല. കണ്ണുപിഴ ഇത്ര വലിയ കുറ്റകൃത്യമാകുന്ന മനുഷ്യാവസ്ഥ അധികമില്ല. എല്ലായ്പ്പോഴും ഹൃദയ ശസ്ത്രക്രീയ ചെയ്യുന്ന സർജന്റെ ജാഗ്രത അയാളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. സന്ദേഹിയുടെ സംവാദങ്ങൾക്ക് തത്വചിന്തയിൽ സൗന്ദര്യമുണ്ട്. ചഞ്ചലചിത്തതയുടെ സൗന്ദര്യശാസ്ത്രത്തിന് മൈതാനത്തിനുവെളിയിൽ അഴകും അർത്ഥവുമുണ്ട്. റഫറിയിങ്ങിലെ അന്തക വികാരമാണ് സന്ദേഹവും ചലിത ചിത്തവും.

 പിയർലൂജി കൊളീന /Phot: GiveMeSport Fb page
പിയർലൂജി കൊളീന /Phot: GiveMeSport Fb page

ഫുട്ബാളിലെ അതികായനായ ഒരു റഫറിയെ അനുസ്മരിച്ച്​ ഈ ഉപന്യാസം അവസാനിപ്പിക്കാം. Pierluigl collina. പെലെയെപ്പോലുള്ള സമുന്നതനായ ഫുട്ബാൾ ചരിത്രവ്യക്തിത്വം. ഇറ്റാലിയൻ റഫറിയായ ഈ മനുഷ്യൻ ആറു തവണ തുടർച്ചയായി ഫിഫയുടെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടു. തലയുടെ മുടി കൊഴിയുന്ന രോഗം ബാധിച്ച കോളിന മുഴുക്കഷണ്ടിക്കാരനായി മാറി. രോഗം അദ്ദേഹത്തിലെ റഫറിയെ ബാധിച്ചിരിക്കുമെന്ന ധാരണയിൽ കളിവിധികർത്താവെന്ന നിലയിൽനിന്ന് അദ്ദേഹം വിലക്കപ്പെട്ടു. പിന്നീട് വിലക്കു നീങ്ങിയതോടെ ഈ പ്രതിഭാശാലി തലയ്ക്ക് വെളിയിലെ കാര്യങ്ങളല്ല, തലയ്ക്കകത്തെ സൂക്ഷ്മവിഭവങ്ങളാണ് പ്രധാനം എന്നു തെളിയിച്ചു. ഇതിഹാസ കളിക്കാർ പോലും അദ്ദേഹത്തെ ആദരിച്ചു. സ്കാൻ ചെയ്യുന്ന മൂർച്ചയുള്ള ആ കണ്ണുകൾക്ക് അധികമൊന്നും പിഴവു പറ്റിയില്ല.

ബെർഗ്​മാന്റെ സിനിമയിൽനിന്ന്​ നാടകീയമായി ഇറങ്ങിവന്ന കഥാപാത്രത്തെപ്പോലെ ആ മനുഷ്യൻ കളിയരങ്ങിൽ തകർത്തഭിനയിച്ചു. മോശപ്പെട്ട കവികൾ നിരൂപകരായി മാറുന്നു എന്ന പതിവുയുക്തിയിൽ ഫുട്​ബോൾ റഫറിമാരെ കാണുന്ന കുറ്റകൃത്യത്തിന്​ മാപ്പില്ല.

കളി വേറെ, കളി ന്യായാധിപവൃത്തി വേറെ.

മനുഷ്യരുടെ ഹിംസാഭിവാഞ്ജയുടെ നേർപ്പിച്ച സാംസ്കാരിക രൂപമാണ് കളികൾ. സൗന്ദര്യപ്പെടുത്തിയ യുദ്ധങ്ങൾ. കളികളിൽ രാഷ്ട്രീയം കലർത്തരുത് എന്നു ലളിതമനസ്കർ പറയാറുണ്ട്. കളി തന്നെയും ഒരു രാഷ്ട്രീയ പ്രയോഗമാണ്. ഹിറ്റലറുടെ മുമ്പിൽ വച്ച് കളി ജയിക്കുന്ന ജൂത ഫുട്ബാൾ ടീം, ഫുട്ബാൾ കളിക്കുക മാത്രമല്ല ചെയ്യുന്നത്. സ്റ്റേറ്റിനെതിരെ നിലപാട്​ പ്രഖ്യാപിച്ചുകൊണ്ട് ദേശീയഗാനവേളയിൽ മൗനികളായ ഇറാനിയൻ ഫുട്ബാൾ ടീമും പറയുന്നതു മറ്റൊന്നല്ല. പ്രതീകാത്മക കൊലകളും ഷെൽ വർഷങ്ങളും ബോംബിങ്ങും കൊണ്ട് സമൃദ്ധമായ കളികളെ പ്രാചീനവും ആധുനികവുമായ രക്തദാഹാവിഷ്കാരങ്ങളിൽനിന്ന് ഉയർത്തുന്നതിൽ റഫറിമാർക്ക് പങ്കുണ്ട്. അധികാരത്തിന് ചിലപ്പോഴെല്ലാം ധനാത്മക വശങ്ങളുണ്ട്. റഫറിയുടെ അഭാവത്തിൽ അമേരിക്കയും റഷ്യയും ഫുട്ബാൾ മൈതാനത്ത് ഏറ്റുമുട്ടുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! സ്പോർട്സ് പേർസൺ സ്പിരിറ്റിനു പിറകിൽ റഫറിയുടെ നെട്ടോട്ടങ്ങളുടെ ചരിത്രം കൂടി പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരോട് കൗതുകമുണർത്തുന്ന ഒരു പ്രാക്ടീസ് നടത്താൻ അപേക്ഷിച്ചു കൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കാം. റഫറിയെ മായ്ച്ച്​ കളി കാണുന്ന നമ്മുടെ ശീലത്തിനു പകരം 22 കളിക്കാരെ ബ്ലർ ചെയ്ത് റഫറിയെ ഫോക്കസ് ചെയ്ത് ഒരു തവണ കളി കാണൂ. കളി മാറും തീർച്ച.

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. വിഖ്യാത ജർമൻ റഫറിയായ
മാർക്യൂസ് മെർക് ഗാലറിയിലിരുന്ന്​ ജർമനിയുടെ കളി കാണുന്നു. ആർപ്പുവിളിക്കുന്നു. വിരൽ വായിലിട്ടു വിസിൽ വിളിക്കുന്നു. നിരാശനായി തലയ്ക്കു കൈ വെക്കുന്നു. ജർമനി ജയിക്കുമ്പോൾ നൃത്തം ചെയ്തുകൊണ്ട് മൈതാനത്തിലേക്കിരച്ചിറങ്ങി മുള്ളറെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു.

എല്ലാ സ്കൂൾ ടീച്ചർമാരിലും ഒരു കുഞ്ഞിന്റെ സാധ്യതയൊളിഞ്ഞുകിടക്കുന്നുണ്ട്.


Summary: വായനക്കാരോട് കൗതുകമുണർത്തുന്ന ഒരു പ്രാക്ടീസ് നടത്താൻ അപേക്ഷിച്ചുകൊള്ളുന്നു: റഫറിയെ മായ്ച്ച്​ കളി കാണുന്ന നമ്മുടെ ശീലത്തിനു പകരം 22 കളിക്കാരെ ബ്ലർ ചെയ്ത് റഫറിയെ ഫോക്കസ് ചെയ്ത് ഒരു തവണ കളി കാണൂ. കളി മാറും തീർച്ച.


Comments