ടെക്സസിലെ എടി & ടി (AT & T) സ്റ്റേഡിയത്തിൽ നടന്ന 2026-ലെ ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോട് ഫ്രഞ്ച് ദേശീയ ടീം വഴങ്ങിയ 2-0 തോൽവി, കേവലം മത്സരഫലം എന്നതിലുപരി മൈതാനത്തിന് പുറത്ത് വലിയ രാഷ്ട്രീയ പ്രതിധ്വനികളാണ് സൃഷ്ടിച്ചത്. ഫ്രഞ്ച് സമൂഹത്തിന്റെ അടിത്തറയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സംഘർഷങ്ങളെ ആളിക്കത്തിക്കുന്ന ഒന്നായി ഈ പരാജയം മാറിയിരിക്കുന്നു.
സെമിഫൈനലിന് മുന്നോടിയായി ഫ്രഞ്ച് ദേശീയ ടീമിനെതിരെ നടന്ന വംശീയവും വിദേശവിരുദ്ധവുമായ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കിലിയൻ എംബാപ്പെയെ “ഫ്രഞ്ചുകാരനായി അഭിനയിക്കുന്ന അധിനിവേശ കാമറൂണിയൻ” എന്ന് വിശേഷിപ്പിച്ച പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല നടത്തിയ പരാമർശം അന്താരാഷ്ട്രതലത്തിൽ വ്യാപക പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. എംബാപ്പെയുടെ ഫ്രഞ്ച് പൗരത്വം, അദ്ദേഹം വളർന്നുവന്ന സാമൂഹികാന്തരീക്ഷം, ഫ്രാൻസിനോടുള്ള അദ്ദേഹത്തിന്റെ കൂറ് എന്നിവയെ പാടെ അവഗണിച്ച്, അദ്ദേഹത്തിന്റെ പൂർവ്വികരുടെ വേരുകളെ മാത്രം അടിസ്ഥാനമാക്കി ദേശീയ സ്വത്വത്തെ ചോദ്യം ചെയ്യാനുള്ള വംശീയ ഉദ്യമമായാണ് ഈ പരാമർശം വിലയിരുത്തപ്പെട്ടത്.
കറുത്ത വർഗ്ഗക്കാരനായ ഒരു കായികതാരത്തിന്റെ ദേശീയതയുടെ ആധികാരികതയെ ചോദ്യം ചെയ്തതിലൂടെ, ബഹുസ്വരത ഉൾക്കൊള്ളുന്ന ദേശീയ ടീമുകളെ ലക്ഷ്യം വെക്കുന്ന വിദേശവിരുദ്ധ വികാരങ്ങൾക്ക് സെനറ്റർ ആക്കം കൂട്ടുകയായിരുന്നു. എംബാപ്പെയുടെ സങ്കീർണ്ണ വ്യക്തിത്വത്തെ കൊളോണിയൽ കാലഘട്ടത്തിലെ സ്റ്റീരിയോടൈപ്പുകളിലേക്ക് (Stereotypes) ചുരുക്കിക്കെട്ടിയ ഈ നടപടി, സമകാലിക സമൂഹത്തിൽ ദേശീയതയെയും പൗരത്വത്തെയും സംബന്ധിച്ച് നിലനിൽക്കുന്ന വിവേചനപരമായ ചിന്താഗതികളുടെ ആഴത്തെയാണ് തുറന്നുകാട്ടുന്നത്. ഈ സംഭവം അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും, ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (FFF) ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. തുടർന്ന്, പരസ്യമായ അധിക്ഷേപത്തിനും വിദ്വേഷത്തിന് പ്രേരിപ്പിച്ചതിനും ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.

എംബാപ്പെയെ “ഫ്രഞ്ചുകാരനായി അഭിനയിക്കുന്ന അധിനിവേശ കാമറൂണിയൻ” എന്ന് വിശേഷിപ്പിച്ചത് കേവലം വ്യക്തിപരമായ അധിക്ഷേപമല്ലെന്നും, മറിച്ച് ദേശീയ ടീമിന്റെ അഖണ്ഡതയ്ക്കും ബഹുസ്വരതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വിലയിരുത്തി. ഇതിനെത്തുടർന്ന്, പാരിസ് പ്രോസിക്യൂട്ടർ ഓഫീസിൽ ഫെഡറേഷൻ ഔദ്യോഗികമായി പരാതി നൽകുകയും തുടർന്ന് നിയമപരമായ പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. വംശീയമോ വംശാവലിയിലൂന്നിയതോ ആയ പരസ്യമായ അധിക്ഷേപം, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം എന്നീ ക്രിമിനൽ കുറ്റങ്ങൾ അടിസ്ഥാനമാക്കിയാണ് അധികൃതർ അന്വേഷണം നടത്തുന്നത്.
ഉന്നത രാഷ്ട്രീയ സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം പ്രസ്താവനകളെ കേവലം രാഷ്ട്രീയ അഭിപ്രായപ്രകടനമായി തള്ളിക്കളയാതെ, സാമൂഹിക ഐക്യത്തിന് ഭീഷണിയായ ക്രിമിനൽ കുറ്റമായി തന്നെ കാണുമെന്ന ശക്തമായ സന്ദേശമാണ് ഈ നിയമനടപടി നൽകുന്നത്. ഫ്രഞ്ച് ദേശീയ സ്വത്വം എന്നത് വംശീയ വേരുകളിലല്ല, മറിച്ച് പൗരത്വത്തിലും റിപ്പബ്ലിക്കൻ മൂല്യങ്ങളിലുമാണ് അധിഷ്ഠിതമെന്ന് ഉറപ്പിച്ചു പറയുന്നതിലൂടെ, കായികതാരങ്ങൾക്കെതിരായ വംശീയ അധിക്ഷേപങ്ങളെ പ്രതിരോധിക്കാൻ ഫെഡറേഷന് സാധിച്ചു. ഈ ആഭ്യന്തര നടപടികൾക്ക് പുറമെ, വിവേചനത്തിനും ഉപദ്രവത്തിനുമെതിരായ ഫിഫയുടെ ചട്ടങ്ങൾ ലംഘിച്ചതിന് സെനറ്റർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടുകൊണ്ട് ഫിഫയുടെ അച്ചടക്ക സമിതിക്കും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നുണ്ട്.
2026-ലെ ലോകകപ്പ്, ആഗോള ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും ആഘോഷമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും, വംശീയത, വിദേശവിരുദ്ധത, ദേശീയ സ്വത്വത്തിന്റെ നിർവചനം എന്നിവയെച്ചൊല്ലിയുള്ള തീവ്രമായ ചർച്ചകളുടെ വേദിയായി അത് മാറി. ഫിഫ കർശനമായ ഡിജിറ്റൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടും, ദേശീയ ടീമുകളെ സംബന്ധിച്ച പൊതുചർച്ചകളിലും ഓൺലൈൻ ഇടങ്ങളിലും ഉയർന്നുവന്ന വിവേചനപരമായ അധിക്ഷേപങ്ങൾ സമൂഹത്തിലെ ആഴത്തിലുള്ള വിള്ളലുകളെയാണ് തുറന്നുകാട്ടിയത്. ഫ്രഞ്ച് ടീമിന്റെയും ആഫ്രിക്കൻ ടീമുകളുടെയും അനുഭവങ്ങൾ, കായികരംഗം, കൊളോണിയൽ ചരിത്രം, സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ എടുത്തുകാണിക്കുന്നതായിരുന്നു.
ടൂർണമെന്റിന്റെ തുടക്കം മുതൽ കളിക്കാർക്ക് നേരെ ഉയർന്ന ഓൺലൈൻ അധിക്ഷേപങ്ങൾ ആശങ്കയുണ്ടാക്കുന്നതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 89,000-ത്തിലധികം അധിക്ഷേപകരമായ പോസ്റ്റുകൾ ഫിഫയുടെ സോഷ്യൽ മീഡിയ പ്രൊട്ടക്ഷൻ സർവീസ് (SMPS) തടയുകയുണ്ടായി. ഇതിൽ ഏകദേശം 11 ശതമാനവും വംശീയ ലക്ഷ്യങ്ങളോടെയുള്ളവയായിരുന്നു. 2022-ലെ ടൂർണമെന്റുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു വർദ്ധനവായിരുന്നു. ആഫ്രിക്കൻ വംശജരായ കളിക്കാർ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കായി കളിക്കുന്നവർ, ഈ വിദ്വേഷപ്രചാരണങ്ങളുടെ വലിയ ഇരകളായി മാറി.

ഉദാഹരണത്തിന്, മൊറോക്കോയ്‌ക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലാൻഡ്‌സ് പുറത്തായതിനെത്തുടർന്ന്, ക്രിസെൻസിയോ സമ്മർവില്ലെ, ജസ്റ്റിൻ ക്ലൂയിവെർട്ട്, ക്വിന്റൻ ടിംബർ തുടങ്ങിയ കറുത്ത വർഗ്ഗക്കാരായ ഡച്ച് കളിക്കാർ കടുത്ത വംശീയ അധിക്ഷേപങ്ങൾക്കാണ് ഇരയായത്. ഈ സംഭവത്തിന് പിന്നാലെ, കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ഡച്ച് ഫുട്ബോൾ അസോസിയേഷൻ നിർബന്ധിതരായി എന്നത് ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. മത്സരങ്ങളിലുടനീളം ആഫ്രിക്കൻ ടീമുകളും കളിക്കാരും സമാനമായ വെല്ലുവിളികൾ നേരുടുകയുണ്ടായി, മൊറോക്കോ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും, അവരുടെ കളിക്കാരും ആരാധകരും വിവേചനപരമായ പരാമർശങ്ങൾക്ക് ഇരയായി. ഈജിപ്തും അർജന്റീനയും തമ്മിലുള്ള മത്സരത്തിനിടെ, വംശീയ അധിക്ഷേപം നേരിട്ട സാഹചര്യത്തിൽ, അത് റിപ്പോർട്ട് ചെയ്യാൻ ഫിഫയുടെ ഔദ്യോഗിക 'X' ചിഹ്നം ഈജിപ്ഷ്യൻ പരിശീലകൻ ഹൊസാം ഹസൻ ഉപയോഗിച്ചത് ശ്രദ്ധേയമായി. അർജന്റീന ആരാധകർ ഈജിപ്ഷ്യൻ, കേപ് വെർദെ ആരാധകർക്ക് നേരെ നടത്തിയ അധിക്ഷേപങ്ങളും ശാരീരിക ഭീഷണികളും ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടു.
ബഹു-സാംസ്കാരിക- ബഹുവംശീയ ഘടനയുള്ള ഫ്രഞ്ച് ദേശീയ ടീം ആയിരുന്നു നിരന്തരം വംശീയവിരുദ്ധ കുടിയേറ്റവിരുദ്ധ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയത്. അതിന്റെ തുടർച്ചയായാണ് മുൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് 'എൽ ഡിബേറ്റ്' എന്ന ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ച പ്രകോപനപരമായ ഒരു ലേഖനത്തിൽ, ഫ്രഞ്ച് ടീമിന്റെ ദേശീയ സ്വത്വത്തെ വംശീയമായി ചോദ്യം ചെയ്ത് ഈ വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. തന്റെ കോളത്തിൽ ഫ്രഞ്ച് ടീമിന്റെ കഴിവിനെയും വിജയത്തെയും റജോയ് പുകഴ്ത്തിയെങ്കിലും, ആ ടീമിൽ “ഫ്രഞ്ച് കളിക്കാരില്ല” എന്ന് പരാമര്ശിക്കുകയുണ്ടായി. പൗരത്വത്തെയോ രാജ്യത്തോടുള്ള പ്രതിബദ്ധതയെയോ അടിസ്ഥാനമാക്കുന്നതിനുപകരം, പൂർവ്വികരുടെ ഉത്ഭവത്തെയും ചർമ്മത്തിന്റെ നിറത്തെയും മുൻനിർത്തി ഫ്രഞ്ച് കളിക്കാരുടെ ദേശീയതയെ ചോദ്യം ചെയ്യാനുള്ള ശ്രമമായാണ് ഈ പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്. ഈ അഭിപ്രായങ്ങൾ ടൂർണമെന്റിലുടനീളം നടന്ന മറ്റ് വംശീയ അധിക്ഷേപങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടു.
സ്പെയിനിൽ നിന്നുതന്നെ ഈ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ഒരു രാജ്യവുമായുള്ള ബന്ധം നിർണ്ണയിക്കുന്നത് കുടുംബപ്പേരോ, ജനനസ്ഥലമോ, ചർമ്മത്തിന്റെ നിറമോ കൊണ്ടല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും സംഭാവനകളും കൊണ്ടാണെന്ന് നിലവിലെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഗതാഗതമന്ത്രി ഓസ്കാർ പുയന്റെയടക്കമുള്ള മറ്റ് സ്പാനിഷ് നേതാക്കളും റജോയുടെ പ്രസ്താവനകളെ നാണംകെട്ടതും പിന്തിരിപ്പൻ സ്വഭാവമുള്ളതുമെന്നും വിശേഷിപ്പിച്ച് തള്ളിപ്പറഞ്ഞു. ഫ്രാൻസിൽ ഒന്നടങ്കം വലിയ പ്രതിഷേധമാണ് ഇതുയർത്തിയത്. ഫ്രഞ്ച് ഭരണസംവിധാനവും രാഷ്ട്രീയ നേതാക്കളും ഈ പരാമർശങ്ങളെ “തികച്ചും അസ്വീകാര്യമാണെന്നും” ഫ്രാൻസിന്റെ വൈവിധ്യത്തോടുള്ള വ്യവസ്ഥാപിതമായ ശത്രുതയുടെ ലക്ഷണമാണെന്നും അപലപിച്ചു. ഫ്രഞ്ച് വിജയങ്ങൾ ഇത്തരം വിദേശവിരുദ്ധ വികാരങ്ങൾക്ക് കാരണമാകുന്ന ഒരു രീതിയുണ്ടെന്ന് ലോറന്റ് നുനെസ്, നൈമ മൗച്ചു തുടങ്ങിയ മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും മാഡ്രിഡിലെ ഫ്രഞ്ച് എംബസിയും തങ്ങളുടെ 26 അംഗ ടീമിന്റെ ഐഡന്റിറ്റിയെ ശക്തമായി പിന്തുണച്ചു; അതിൽ 23 പേരും ഫ്രാൻസിൽ ജനിച്ചവരും ബാക്കിയുള്ളവർ ഫ്രഞ്ച് പൗരത്വം നേടിയവരുമാണെന്ന് അവർ ഓർമ്മിപ്പിച്ചു. വംശത്തെയോ മതത്തെയോ നിറത്തെയോ അടിസ്ഥാനമാക്കിയല്ല, മറിച്ച് റിപ്പബ്ലിക്കൻ മൂല്യങ്ങളാൽ ഒത്തൊരുമിച്ച ഒരു രാഷ്ട്രീയ രാഷ്ട്രമായാണ് ഫ്രാൻസ് സ്വയം നിർവചിക്കുന്നതെന്ന് പ്രമുഖരും രാഷ്ട്രീയനേതൃതവും ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര കായികരംഗത്ത് വംശീയത സാധാരണവൽക്കരിക്കപ്പെടുന്നതിനെക്കുറിച്ച് വലിയൊരു ചർച്ചയ്ക്ക് ഈ സംഭവം വഴിവെച്ചു. ഇതൊരു ‘നാക്കുപിഴ’ മാത്രമല്ല, ആധുനിക ഫ്രാൻസിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. സെമിഫൈനൽ മത്സരം അടുക്കുമ്പോൾ, ശ്രദ്ധ വീണ്ടും കളിക്കളത്തിലേക്ക് തന്നെ തിരിക്കണമെന്നതായിരുന്നു ഇരു രാജ്യങ്ങളിലെയും നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടത്.
‘ഏറ്റവും മികച്ച ടീം ജയിക്കട്ടെ, വംശീയത തോൽക്കട്ടെ’ എന്ന് പ്രസ്താവിച്ച് സ്പാനിഷ് പ്രധാനമന്ത്രിയും യൂറോപ്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശ്രദ്ധേയരായ നേതാക്കളിലൊരാളുമായ പെഡ്രോ സാഞ്ചസ് ഈ പ്രതീക്ഷ പങ്കുവെച്ചു. സ്പാനിഷ് പ്രധാനമന്ത്രി യുടെ നിലപാടുകൾ വംശീയതയ്‌ക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകമായിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനെതിരെ ഉയർന്ന വിദേശവിരുദ്ധപരാമർശങ്ങളെ ഏറ്റവും ശക്തമായി അപലപിച്ച ലോകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മുൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് ഉൾപ്പെടെയുള്ളവർ ഫ്രഞ്ച് കളിക്കാരുടെ ദേശീയതയെ വംശീയമായി ചോദ്യം ചെയ്തപ്പോൾ, സാഞ്ചസ് അതിനെ പരസ്യമായി തള്ളിപ്പറയുകയും ഫ്രഞ്ച് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു രാജ്യവുമായുള്ള ഒരാളുടെ ബന്ധം നിർണ്ണയിക്കുന്നത് കുടുംബപ്പേരോ, ജനനസ്ഥലമോ, ചർമ്മത്തിന്റെ നിറമോ കൊണ്ടല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും സംഭാവനകളും കൊണ്ടാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. വംശീയതയെ അടിസ്ഥാനമാക്കിയുള്ള ഇടുങ്ങിയ ദേശീയതാ സങ്കല്പങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ആധുനിക ഫ്രാൻസിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. ഫ്രഞ്ച് ടീമിനെതിരെ ഉയർന്ന പരാമർശങ്ങൾ പിന്തിരിപ്പൻ സ്വഭാവമുള്ളതാണെന്ന് വിമർശിച്ച അദ്ദേഹം, കായികരംഗത്ത് ഉയർന്നുവരുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചു. ധീരമായ വിദേശനയ നിലപാടുകളിലൂടെയും സാമൂഹ്യനീതി, ജനാധിപത്യം, എന്നിവയ്ക്കുവേണ്ടി യൂറോപ്യൻ യൂണിയനിൽ നടത്തിയ ഇടപെടലുകളിലൂടെയും ആഗോളശ്രദ്ധനേടിയ പെഡ്രോ സാഞ്ചസ് മുൻസ്‌പാനിഷ് പ്രധാനമന്ത്രിയുടെ വിവാദപരമായ പ്രസ്താവനയ്ക്കെതിരെ സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ശക്‌തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിക്കുകയും കായികരംഗത്ത് വംശീയത സാധാരണവൽക്കരിക്കപ്പെടുന്നതിനെതിരെ ഭരണതലത്തിൽ നിന്ന് ലഭിക്കേണ്ട ശക്തമായ മറുപടിയായി വിലയിരുത്തപ്പെടുകയും ചെയ്തു.
2026-ലെ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കായികരംഗത്തെ വംശീയതയെക്കുറിച്ചു നടന്ന ചർച്ചകളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു ഫ്രാൻസിലെ ശക്തിയാർജ്ജിച്ചുവരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി (RN) യുടേത്. യൂറോപ്പിലെ അറിയപ്പെടുന്ന യാഥാസ്ഥിതിക നേതാക്കളിലൊരാളും മുൻ സ്പാനിഷ് പ്രധാനമന്ത്രി യുമായ മരിയാനോ റജോയ് മരിയാനോ റജോയുടെ പരാമർശങ്ങളെ നാഷണൽ റാലി പരസ്യമായി ശക്തമായി അപലപിച്ചു. ‘ലെ ബ്ലൂസ്’ (Les Bleus) എന്ന വിളിപ്പേരിലറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ബഹുസ്വരതയോട് ദീർഘകാലമായി സംശയം പുലർത്തുകയും, കിലിയൻ എംബാപ്പെയുടെ രാഷ്ട്രീയ ഇടപെടലുകളെ നിരന്തരം വിമർശിക്കുകയും ചെയ്തുപോരുന്ന പാർട്ടിയാണെങ്കിലും, റജോയുടെ അഭിപ്രായത്തെ അസ്വീകാര്യവും ലജ്ജാകരവും അപലപനീയവുമാണെന്ന് പ്രഖ്യാപിച്ച് ഫ്രാൻസിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ചേരാൻ നാഷണൽ റാലി തയ്യാറായി. റജോയുടെ പരാമർശങ്ങളെ നാഷണൽ റാലി വക്താവ് ജൂലിയൻ ഒഡൗൾ ഫ്രാൻസ് ഇൻഫോ ടിവിയിൽ തുറന്നു വിമർശിച്ചു. ഫ്രഞ്ച് ദേശീയ അഭിമാനത്തിന് നേരെയുള്ള വിദേശ ആക്രമണമായാണ് അദ്ദേഹം ഇതിനെ കണ്ടത്. അന്താരാഷ്ട്ര വേദികളിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കളിക്കാരുടെ ദേശീയതയെ ചോദ്യം ചെയ്യുന്നത് രാജ്യത്തോട് ചെയ്യുന്ന അപമാനമാണെന്ന് പാർട്ടിയുടെ മറ്റ് നേതാക്കളും ആവർത്തിച്ചു. സ്പാനിഷ് യാഥാസ്ഥിതിക നേതാവിൽ നിന്നുള്ള പ്രസ്താവനയ്ക്കെതിരെ ഫ്രഞ്ച് പരമാധികാരത്തെയും അഭിമാനത്തെയും സംരക്ഷിക്കുന്ന വേഷമണിഞ്ഞ് റജോയുടെ വാദങ്ങളെ നേരിടാനും പാർട്ടിക്ക് സാധിച്ചു. തങ്ങളുടെ വംശീയ വിരുദ്ധ രാഷ്ട്രീയ നിലപാടിനോട് ഒത്തുപോകുന്നതായിരുന്നില്ല ഈ നിലപാട് എങ്കിലും, ഫ്രാൻസിനെതിരായി വിദേശികൾ നടത്തുന്ന പ്രകോപനത്തിനെതിരെ ഒരുമിച്ച് നിൽക്കാനാണ് അവർ ഈ സന്ദർഭത്തിൽ മുൻഗണന നൽകിയത്. 2026-ലെ ടൂർണമെന്റിലുടനീളം, ടീമിലെ ‘വോക്ക്’ (woke) സംസ്കാരത്തെയും എംബാപ്പെയുടെ തീവ്രവലതുപക്ഷ വിരുദ്ധ പ്രസ്താവനകളെയും വിമർശിക്കുന്ന രീതി തുടരുമ്പോഴും, വിദേശികളുടെ അനാദരവിനെതിരെ ടീമിന് പിന്തുണ നൽകാൻ ഈ സംഭവം അവരെ പ്രേരിപ്പിച്ചു.

‘വോക്ക്’ (Woke) എന്ന പ്രയോഗം, പുരോഗമനപരമായ സാമൂഹിക ഇടപെടലുകളെ അവഹേളിക്കാൻ വിമർശകർ പതിവായി ഉപയോഗിക്കുന്നതാണ്. ഫ്രഞ്ച് ഫുട്ബോളിൽ, പ്രത്യേകിച്ച് ദേശീയ ടീമിന്റെ (Les Bleus) കാര്യത്തിൽ, ഒരു പ്രധാന പരാമർശവിഷയമാണ് ‘വോക്ക്’. ഫ്രഞ്ച് രാഷ്ട്രീയത്തിന്റെയും കായികരംഗത്തിന്റെയും പശ്ചാത്തലത്തിൽ, സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുന്നവർ, വംശീയതയ്‌ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നവർ, വൈവിധ്യമാർന്ന ബഹുസ്വര മൂല്യങ്ങളെ പിന്തുണയ്ക്കുന്നവർ തുടങ്ങിയവരെ “ഉപരിപ്ലവ നിലപാടെടുക്കുന്നവർ” എന്ന് അടച്ചാക്ഷേപിക്കാൻ യാഥാസ്ഥിതികരും തീവ്രവലതുപക്ഷ വിഭാഗങ്ങളും ഈ ലേബൽ ആണ് ഉപയോഗിച്ചുവരുന്നത്. കിലിയൻ എംബാപ്പെയെയും സഹതാരങ്ങളെയും പോലുള്ളവർ തീവ്രവലതുപക്ഷ ആശയങ്ങളെ തുറന്നെതിർക്കുകയും, അതിക്രമങ്ങളെ വിമർശിക്കുകയും, വിവേചനത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുമ്പോൾ, അവർക്കെതിരെ ‘വോക്ക്’ എന്ന ആരോപണം ഒരു രാഷ്ട്രീയ ആയുധമായി മാറാറുണ്ട് ഫ്രാൻസിൽ.
പരമ്പരാഗത ദേശീയ സ്വത്വത്തേക്കാൾ പുരോഗമനപരമായ സാമൂഹിക അജണ്ടകൾക്ക് ഇത്തരം കളിക്കാർ മുൻഗണന നൽകുന്നുവെന്നും, ഇത് കായികരംഗത്തെ അനാവശ്യമായി "രാഷ്ട്രീയവൽക്കരിക്കുന്നു" എന്നും വിമർശകർ വാദിക്കുന്നു. എന്നാൽ മറുവശത്ത്, ആധുനികവും ബഹുസ്വരവുമായ സമൂഹത്തിൽ സ്വാധീനമുള്ള പൊതുവ്യക്തികൾ എന്ന നിലയിൽ കളിക്കാരുടെ സ്വാഭാവികമായ ഉത്തരവാദിത്തമായാണ് അനുകൂലികളും പല നിരീക്ഷകരും ഈ ഇടപെടലുകളെ കാണുന്നത്. ഫ്രഞ്ച് ഫുട്ബോളിലെ "വോക്ക്" സംസ്കാരത്തെക്കുറിച്ചുള്ള ചർച്ച, യഥാർത്ഥത്തിൽ "ഫ്രഞ്ച്" സ്വത്വം എന്താണെന്നതിനെക്കുറിച്ചുള്ള ആഴമേറിയൊരു സംവാദത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കളിക്കാർ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കണമെന്ന് പാരമ്പര്യവാദികൾ നിഷ്കർഷിക്കുമ്പോൾ, കൊളോണിയൽ ചരിത്രവും വംശീയ സംഘർഷങ്ങളും നിലനിൽക്കുന്ന ഒരു രാജ്യത്ത് മൗനം പാലിക്കാതിരിക്കുന്നത് "വോക്കിസം" അല്ലെന്നും, മറിച്ച് പൗരത്വത്തിന്റെയും ആധുനിക ജനാധിപത്യ മൂല്യങ്ങളുടെയും ധീരമായ പ്രകടനമാണെന്നും മറുപക്ഷം വാദിക്കുന്നു.
സാർവത്രിക പൗരത്വമെന്ന റിപ്പബ്ലിക്കൻ ആദർശത്തിൽനിന്ന് വേർപെടുത്താനാവാത്ത ആധുനിക അസ്തിത്വമുള്ള 'ലെ ബ്ലൂസ്' (Les Bleus) എന്ന് അറിയപ്പെടുന്ന ഫ്രഞ്ച് ഫുട്ബോൾ ടീം ദീർഘകാലമായി ദേശീയ അഭിമാനത്തിന്റെ ഉറവിടവും തീവ്രമായ രാഷ്ട്രീയ തർക്കങ്ങളുടെ കേന്ദ്രബിന്ദുവുമാണ്. 2026 ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനെതിരായുള്ള ഫ്രാൻസിന്റെ പ്രകടനം വെറുമൊരു തോൽവി എന്നതിലുപരി, 'ദേശീയമായ ഉൾച്ചേരൽ' (national belonging), രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യക്ഷമത, പ്രതീകാത്മക ഏകീകരണത്തിന്റെ അതിരുകൾ, സമകാലിക ഫ്രാൻസിലെ വംശം, വർഗ്ഗം, സംസ്കാരം എന്നിവയിലുള്ള വിള്ളലുകൾ തുടങ്ങിയ ചർച്ചകളെ സജീവമാക്കിയിരിക്കുന്നു. ബഹുസ്വര ജനാധിപത്യ രാജ്യങ്ങളിൽ ദേശീയ അസ്തിത്വത്തെ നിർവചിക്കുന്നതിൽ കായികരംഗം എത്രത്തോളം ശക്തമായൊരു വേദിയായി പ്രവർത്തിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്തരം സംവാദങ്ങൾ.
കായികരംഗത്തെയും ദേശീയതയെയും കുറിച്ചുള്ള സാമൂഹിക പഠനങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, ഒരു ജനതയുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ഫ്രഞ്ച് ഫുട്ബോൾ. കായികതാരങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ, തീവ്രവലതുപക്ഷത്തിന്റെ ആശയപരമായ വെല്ലുവിളികൾ, രാഷ്ട്രീയവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷങ്ങൾ, സാമൂഹിക അസ്വസ്ഥതകൾ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അതിന്റെ സ്വാധീനം എന്നിവയെല്ലാം ഫ്രഞ്ച് ഫുട്ബോളിൽ പ്രകടമാണ്. ഫ്രാൻസിന്റെ നിലവിലെ സാമൂഹിക മാതൃകയിലെ പോരായ്മകൾ ഈ സംഭവങ്ങൾ തുറന്നുകാട്ടുന്നുണ്ടെങ്കിലും, പ്രതീകാത്മകമായ പ്രാതിനിധ്യത്തിനപ്പുറം യഥാർത്ഥ തുല്യത ഉറപ്പുവരുത്തുന്ന ക്രിയാത്മകമായ, നയപരമായ ചർച്ചകൾക്ക് ഇത് വഴിയൊരുക്കുന്നു.
ദശകങ്ങളായി ഫ്രാൻസിന്റെ ഏറ്റവും ദൃശ്യമായതും എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ഒന്നാണ് ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീം. 1984 യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 1998 ലോകകപ്പ്, 2018 ലോകകപ്പ് വിജയങ്ങൾ 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' (liberté, égalité, fraternité) എന്നീ റിപ്പബ്ലിക്കൻ മൂല്യങ്ങളുടെയും, വ്യത്യസ്ത വംശജരായ പൗരരെ ഒരൊറ്റ ദേശീയ വിവരണത്തിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന മെറിറ്റോക്രസിയുടെ വാഗ്ദാനത്തിന്റെയും തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. അൾജീരിയൻ വംശജനായ സിനദിൻ സിദാൻ, കരീബിയൻ വേരുകളുള്ള ലിലിയൻ തുറാം തുടങ്ങിയ കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാർ ഉൾപ്പെട്ട 1998-ലെ 'ബ്ലാക്ക്-ബ്ലാങ്ക്-ബൂർ' (Black-Blanc-Beur) ടീം, വിജയകരമായ ഒരു ബഹുസാംസ്കാരിക ഫ്രാൻസിന്റെ അടയാളമായി ആഘോഷിക്കപ്പെട്ടു.
എന്നിരുന്നാലും, ഈ വിജയങ്ങൾ നഗരപ്രാന്തപ്രദേശങ്ങളിലെ ഘടനാപരമായ വംശീയത, സാമൂഹിക- സാമ്പത്തിക പാർശ്വവൽക്കരണം, വിവേചനപരമായ പോലീസ് നടപടികൾ, "വൈവിധ്യത്തെ" വിദേശവൽക്കരിക്കുകയും ഫ്രഞ്ച് അസ്തിത്വത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൊതുപ്രസംഗങ്ങൾ തുടങ്ങിയ നിരന്തരമായ വിള്ളലുകളെ തുടർച്ചയായി മറച്ചുവെച്ചു. നഗര പോലുള്ള സാമൂഹിക ശാസ്ത്രഞ്ജർ ഈ ചലനാത്മകതയെ "സോക്കർ സാമ്രാജ്യം" എന്നാണ് വിശേഷിപ്പിച്ചുപോരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഫ്രാൻസിന്റെ ദേശീയ ടീം രാജ്യത്തിന്റെ പോസ്റ്റ് കൊളോണിയൽ അവസ്ഥയുടെ മഹത്വത്തെയും കപടതകളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പണ്ഡിതന്മാരിൽ പ്രമുഖനാണ് ചരിത്രകാരനായ ലൊറാൻ ഡൂബ്വ്വ (Laurent Dubois). ഫ്രഞ്ച് ഫുട്ബോൾ വെറുമൊരു കായികവിനോദമല്ല, മറിച്ച് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ‘ജീവിക്കുന്ന കണ്ണാടി’ ആണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. പോസ്റ്റ്-കൊളോണിയൽ കാലഘട്ടത്തിലെയും ബഹുസ്വര സമൂഹത്തിലെയും സംഘർഷങ്ങൾ ഈ കളിക്കളത്തിൽ തത്സമയം പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡൂബ്വ്വയുടെ നിരീക്ഷണപ്രകാരം, ഫ്രഞ്ച് ദേശീയ ടീമായ 'ലെ ബ്ലൂസ്' (Les Bleus), ഫ്രാൻസിന്റെ "സർവ്വത്രിക" (Universalist) മൂല്യങ്ങളുടെ അളവുകോലാണ്. വംശീയമോ മതപരമോ ആയ വേർതിരിവുകൾക്കപ്പുറം ഏകീകൃതമായ ഒരു റിപ്പബ്ലിക്കൻ സ്വത്വത്തെയാണ് ഫ്രാൻസ് ദീർഘകാലമായി ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ, ഈ ഏകീകരണ മാതൃകയിലെ വിള്ളലുകൾ ദേശീയ ടീമിന്റെ ചരിത്രത്തിൽ വ്യക്തമാണ്. 1998-ൽ "ബ്ലാക്ക്-ബ്ലാങ്ക്-ബൂർ" (കറുത്ത വർഗ്ഗക്കാർ, വെള്ളക്കാർ, അറബ് വംശജർ) ടീം ഏകീകരണത്തിന്റെ വിജയഗാഥയായി ആഘോഷിക്കപ്പെട്ടപ്പോൾ, പിന്നീടുള്ള കാലഘട്ടങ്ങളിൽ ദേശീയ ഗാനം, മതം, കൈലിയൻ എംബാപ്പെയെപ്പോലുള്ള ആധുനിക താരങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങൾ ഫ്രാൻസിനെ അസ്വസ്ഥമാക്കി. തങ്ങളുടെ കൊളോണിയൽ ചരിത്രവുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത വിഷയങ്ങളെ അഭിമുഖീകരിക്കാൻ ഫുട്ബോൾ ഫ്രാൻസിനെ നിരന്തരം നിർബന്ധിതമാക്കുന്നു.
ഫ്രാൻസിന്റെ സാമ്രാജ്യത്വ ഭൂതകാലവും ഫുട്ബോളും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെ ഡൂബ്വ്വ സൂക്ഷ്മമായി പരിശോധിക്കുന്നു. ടീമിലെ പല പ്രമുഖ കളിക്കാരും കരീബിയൻ ദ്വീപുകളിൽ നിന്നോ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ ഉള്ളവരാണ്. ഫ്രഞ്ച് കൊളോണിയലിസത്തിന്റെ പിൻതലമുറക്കാരായ ഇവർ, മൈതാനത്ത് "പോസ്റ്റ്-കൊളോണിയൽ സ്വത്വം" പ്രകടിപ്പിക്കുന്നു. വംശീയതയ്‌ക്കും പോലീസ് അതിക്രമങ്ങൾക്കുമെതിരെ തുറാമിനെയും എംബാപ്പെയെയും പോലുള്ളവർ ശബ്ദമുയർത്തുന്നത് കായികരംഗത്തെ "രാഷ്ട്രീയവൽക്കരിക്കലല്ല", മറിച്ച് തങ്ങളുടെ പൗരത്വത്തെയും യാഥാർത്ഥ്യത്തെയും ഉറക്കെ പ്രഖ്യാപിക്കലാണ്. ഫ്രാൻസിന്റെ സങ്കുചിതവും യാഥാസ്ഥിതികവുമായ കാഴ്ചപ്പാടുകളെ എതിർത്തുകൊണ്ട്, "ഫ്രഞ്ച്" എന്ന സ്വത്വത്തിന് പുതിയൊരു വ്യാഖ്യാനം നൽകാൻ അവർ ശ്രമിക്കുന്നു.
സമകാലിക ഫ്രഞ്ച് രാഷ്ട്രീയത്തിലെ "ആഖ്യാനങ്ങളുടെ പോരാട്ടത്തിലും" ഫുട്ബോളിന് വലിയ പങ്കുണ്ട്. ദേശീയ ടീമിനെ ഫ്രാൻസിന്റെ മഹത്വത്തിന്റെ പ്രതീകമായി മാത്രം കാണാൻ ആഗ്രഹിക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങൾ, കളിക്കാർ രാഷ്ട്രീയ നിലപാടുകൾ എടുക്കുമ്പോൾ അവരെ "ഫ്രഞ്ച് വിരുദ്ധർ" എന്ന് മുദ്രകുത്തുന്നു. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന കളിക്കാരെ ആക്ഷേപിച്ച്, അവരുടെ ശബ്ദത്തെ ഇല്ലാതാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ ഉൾക്കൊള്ളാൻ കഴിയാത്തവരുടെ പ്രതിരോധമായാണ് ഡുബോയിസ് ഇതിനെ വിലയിരുത്തുന്നത്.
റിപ്പബ്ലിക്കൻ നിഷ്പക്ഷതയും കളിക്കാരുടെ നീതിപൂർവ്വമായ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കാൻ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (FFF) പാടുപെടുന്നു. ഈ സ്ഥാപനം ഫ്രഞ്ച് ഭരണകൂടത്തിന്റെ ഒരു ചെറുരൂപമായി മാറുന്നുവെന്ന് ഡൂബ്വ്വ നിരീക്ഷിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഫ്രഞ്ച് ഫുട്ബോൾ എന്നത് ഒരു പൊതുസമൂഹത്തിന്റെ വലിയൊരു വേദിയാണ്. അവിടെ "ഫ്രഞ്ച് സ്വത്വം" എന്നത് ഉറച്ചുനിൽക്കുന്ന ഒന്നല്ല; അത് നിരന്തരം പുനർനിർമ്മിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്. കൊളോണിയൽ ഭൂതകാലത്തിന്റെ നിഴലുകൾക്കിടയിൽ, ഒരു ബഹുസ്വര ഭാവിയിലേക്ക് നീങ്ങാൻ ഫ്രാൻസ് നടത്തുന്ന പോരാട്ടത്തിന്റെ അടയാളമാണ് ഓരോ ഫുട്ബോൾ മത്സരവും. ഒരു കളിയിലൂടെ ഫ്രഞ്ച് പൗരത്വത്തിന്റെ ഭാവി അവിടെ എഴുതപ്പെടുന്നു.
ആഫ്രിക്ക, കരീബിയൻ എന്നിവിടങ്ങളിൽ വേരുകളുള്ള കുടുംബങ്ങളിൽ നിന്നുള്ളവരും മെട്രോപൊളിറ്റൻ ഫ്രാൻസിന് പുറത്ത് ജനിച്ചവരുമായ ധാരാളം കളിക്കാർ ഉൾപ്പെട്ട 2026-ലെ ടീം കടുത്ത പരിശോധനകൾക്ക് വിധേയമായാണ് ഈ ടൂർണമെന്റിലേക്ക് എത്തിയത്. പ്രമുഖ വിദേശ നിരീക്ഷകരും തീവ്ര വലതുപക്ഷവുമായി ചേർന്നുള്ള ആഭ്യന്തര കമന്റേറ്റർമാരും ടീമിന്റെ "ഫ്രഞ്ച് അസ്തിത്വത്തെ" (Frenchness) നിരന്തരം ചോദ്യം ചെയ്തു. ദേശീയ തകർച്ചയെയും സാംസ്കാരിക ദുർബലതയെയും കുറിച്ചുള്ള വാദങ്ങളുമായി ഈ വാചാടോപപരമായ നീക്കം കൃത്യമായി ഒത്തുപോയി. 'ലെ ബ്ലൂസ്' വിജയിക്കുമ്പോൾ, അവരുടെ ബഹുസാംസ്കാരിക ഘടന ഏകീകരണത്തിന്റെ വിജയമായി ആഘോഷിക്കപ്പെടുന്നു; എന്നാൽ തോൽക്കുമ്പോൾ, അതേ വൈവിധ്യം സാമൂഹികമായ വിഘടനത്തിന്റെയും ദുർബലമായ ഏകീകരണത്തിന്റെയും ലക്ഷണമായി ചിത്രീകരിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഈ വൈരുദ്ധ്യം പുതിയതോ ആകസ്മികമോ അല്ല. ഇത് കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാർക്ക് അമിതമായ പ്രതീകാത്മകഭാരം നൽകുന്നു. വിജയത്തിൽ അവർ നായകന്മാരും പരാജയത്തിൽ അവർ ബലിയാടുകളുമായി മാറുന്നു. സ്പെയിനിനെതിരായ 2-0 എന്ന തോൽവി കേവലം തൊണ്ണൂറ് മിനിറ്റിന്റെ കായികഫലമല്ല; മറിച്ച്, കായിക മത്സരങ്ങളെ സാമൂഹിക ക്രമവുമായി ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങളെ ആളിക്കത്തിക്കുന്ന ഒരു ഉത്തേജകമാണ്. ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം മതേതരത്വവും (laïcité) റിപ്പബ്ലിക്കൻ സാർവത്രികതയും ഉയർത്തിപ്പിടിക്കുന്ന ടീമിന്റെ സാന്നിധ്യം കാരണം ഈ പ്രതിഭാസം കൂടുതൽ സങ്കീർണ്ണവും ശക്തവുമാകുന്നു.
ടീമിലെ ഏറ്റവും പ്രമുഖനായ താരം കിലിയൻ എംബാപ്പെ, കായികതാരങ്ങൾ വെറും കളിക്കാർ എന്നതിനപ്പുറം പൊതുബുദ്ധിജീവികളും രാഷ്ട്രീയപ്രവർത്തകരുമായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സമീപകാലത്തായി, തീവ്രവലതുപക്ഷത്തെ വ്യക്തമായി വിമർശിച്ചും തീവ്രവാദ ആശയങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ യുവ വോട്ടർമാരോട് ആഹ്വാനം ചെയ്തും എംബാപ്പെ ഫുട്ബോൾ മൈതാനത്തിന് പുറത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ അഭിമുഖങ്ങളിലൂടെയും നടത്തുന്ന ഇത്തരം ഇടപെടലുകൾ, ഫുട്ബോൾ താരങ്ങളെ ദേശീയ ചർച്ചകളിലെ സ്വാധീനമുള്ള പങ്കാളികളായി പുനഃപ്രതിഷ്ഠിക്കുന്നു.

ഇത് വളരെ സമ്പന്നമായൊരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. സിനദിൻ സിദാന്റെ 2006-ലെ ലോകകപ്പ് ഫൈനലിലെ റെഡ് കാർഡിന് വംശീയവും സാംസ്കാരികവുമായ പ്രതീകാത്മകത ഉണ്ടായിരുന്നു. ലിലിയൻ തുറാം കായികരംഗത്തുനിന്ന് വിരമിച്ചശേഷം വംശീയതയ്ക്കെതിരെ ഒരു ഫൗണ്ടേഷൻ സ്ഥാപിക്കുകയും, 2005-ലെ ബാൻലിയു (നഗര പ്രാന്തപ്രദേശങ്ങളിലെ) കലാപസമയത്ത് പിന്നീട് ഫ്രാൻസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഫ്രഞ്ച് യഥാസ്ഥിതിക രാഷ്ട്രീയ നേതാവായ നിക്കോളാസ് സർക്കോസിയുടെ പ്രകോപനപരമായ പ്രസംഗങ്ങളെ എതിർക്കുകയും, സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കുകയും ചെയ്തത്, കറുത്തവർഗ്ഗക്കാരായ കളിക്കാർ വംശം, മതം, ചരിത്രം എന്നിവയാൽ രൂപപ്പെട്ട പ്രതീകാത്മക നിലപാടുകൾ കൈക്കൊള്ളാൻ നിർബന്ധിതരാകുന്നു എന്നതിന്റെ തെളിവാണ്.
കായികതാരങ്ങൾ രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കണമെന്ന ദീർഘകാല ധാരണയെ തകിടം മറിക്കുന്നതുകൊണ്ടാണ് എംബാപ്പെയുടെ പ്രസ്താവനകൾക്ക് കൂടുതൽ ഫ്രാൻസിനകത്തും പുറത്തും കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ഫ്രഞ്ച് സമൂഹത്തിൽ രാഷ്ട്രീയക്കാരോട് കിടപിടിക്കുന്ന സ്വാധീനം കായികതാരങ്ങൾക്കുണ്ട്. ഈ ദൃശ്യപരത അവരെ രാഷ്ട്രീയ ലക്ഷ്യങ്ങളാക്കി മാറ്റുന്നു. കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാരോട് തീവ്ര വലതുപക്ഷത്തിനുള്ള എതിർപ്പ് അവർക്ക് വലിയ തിരിച്ചടി നൽകുന്നു. മൈതാനത്തെ പരാജയങ്ങൾ ബഹു വംശീയത ഫ്രഞ്ച് ആധിപത്യത്തെ തുരങ്കം വെക്കുന്നു എന്ന് വാദിക്കാൻ ആയുധമാക്കപ്പെടുന്നു. സിദ്ധാന്തപരമായി, ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ സാംസ്കാരിക ആധിപത്യം (cultural hegemony), ഫ്രഞ്ച് സോഷിയോളജിസ്റ്റായ പിയർ ബോർദിയുവിന്റെ (Pierre Bourdieu ) പ്രതീകാത്മക മൂലധനം (symbolic capital) എന്നീ ആശയങ്ങളുമായി ഈ പ്രതിഭാസം ചേർന്നുനിൽക്കുന്നു. ഗ്രാംഷിയുടെ 'സാംസ്കാരിക ആധിപത്യം' (Cultural Hegemony) എന്ന ആശയം വ്യക്തമാക്കുന്നത്, ഒരു ഭരണവർഗ്ഗം വെറും ബലപ്രയോഗത്തിലൂടെയോ നിയമങ്ങളിലൂടെയോ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും നിയന്ത്രിച്ചുകൊണ്ടാണ് തങ്ങളുടെ അധികാരം നിലനിർത്തുന്നത് എന്നാണ്.
ഭരണവർഗ്ഗം തങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായ ആശയങ്ങളെ സമൂഹത്തിന്റെ 'പൊതുബോധം' അഥവാ 'സാധാരണ അവസ്ഥ'യായി മാറ്റിയെടുക്കുന്നു. വിദ്യാലയങ്ങൾ, മാധ്യമങ്ങൾ, കല തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഈ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ, ജനങ്ങൾ തങ്ങളെ അടിച്ചമർത്തുന്ന വ്യവസ്ഥയെപ്പോലും സ്വാഭാവികമായ ഒന്നായി സ്വീകരിക്കാൻ തുടങ്ങുന്നു. ഇതിലൂടെ, നിലനിൽക്കുന്ന അസമത്വങ്ങളെ ചോദ്യം ചെയ്യാത്തവിധം ഒരു മാനസികമായ കീഴ്പ്പെടൽ സമൂഹത്തിൽ രൂപപ്പെടുന്നു.
ബോർദിയുവിന്റെ 'സിംബോളിക് ക്യാപിറ്റൽ' (Symbolic Capital) എന്ന ആശയം, സാമ്പത്തിക സമ്പത്തിനപ്പുറം ഒരാൾക്ക് സമൂഹത്തിലുള്ള ആദരവും അംഗീകാരവുമാണ്. ഒരു വ്യക്തിയുടെ വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങൾ, പാരമ്പര്യം എന്നിവയിലൂടെ ലഭിക്കുന്ന അന്തസ്സാണ് ഈ മൂലധനത്തിന്റെ അടിസ്ഥാനം. സമൂഹം എന്തിനെയൊക്കെയാണോ വിലമതിക്കുന്നത്, അതിനെ ആശ്രയിച്ചാണ് ഈ 'സിംബോളിക് ക്യാപിറ്റൽ' നിർണ്ണയിക്കപ്പെടുന്നത്. മറ്റുള്ളവരുടെ കണ്ണിൽ ഒരാൾക്ക് ലഭിക്കുന്ന പ്രശസ്തിയും വിശ്വാസ്യതയും അവർക്ക് അധികാരവും സ്വാധീനവും നൽകുന്നു. ചുരുക്കത്തിൽ, ഗ്രാംഷി എങ്ങനെയാണ് ആശയപരമായ നിയന്ത്രണത്തിലൂടെ ഒരു ഭരണവർഗ്ഗം സമൂഹത്തെ സ്വാധീനിക്കുന്നത് എന്ന് വിശദീകരിക്കുമ്പോൾ, ബോർദിയു എങ്ങനെയാണ് വ്യക്തികൾ തങ്ങളുടെ സാമൂഹിക പദവിയിലൂടെയും ആദരവിലൂടെയും അധികാരം ഉറപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
ഫ്രഞ്ച് തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് 'ലെ ബ്ലൂസ്' ന്റെ തോൽവി നിർണ്ണായക രാഷ്ട്രീയ വിഷയമാക്കിയിരിക്കുകയാണ്. അധികാരത്തിൽ വരാനിടയുണ്ടെന്നു കരുതപ്പെടുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷിയായ നാഷണൽ റാലി, സാംസ്കാരിക അതൃപ്തികളെ (സാമ്പത്തിക അരക്ഷിതാവസ്ഥ, കുടിയേറ്റ ഭയം) ദേശീയ അസ്തിത്വം പുനഃസ്ഥാപിക്കാനുള്ള വാദവുമായി ബന്ധിപ്പിക്കുന്ന തന്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. കായികരംഗം വൈകാരിക ശക്തിയും ജനകീയതയുമുള്ള വേദിയായതുകൊണ്ട് ഇത്തരം ചട്ടക്കൂടുകൾക്ക് അത് അനുയോജ്യമാണ്. വൈവിധ്യമാർന്ന, ഏതാണ്ട് പൂർണമായും കുടിയേറ്റ പശ്ചാത്തലമുള്ള ഫ്രഞ്ച് ടീമിന്റെ പരാജയം സാംസ്കാരികമായ വ്യതിചലനത്തിന്റെയും ശക്തിക്ഷയത്തിന്റെയും തെളിവായി വ്യാഖ്യാനിക്കാനാണ് നാഷണൽ റാലി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സ്പോർട്സിലൂടെ പലപ്പോഴും നാടകീയമായി അവതരിപ്പിക്കപ്പെടുന്ന ദേശീയതാസംവാദങ്ങൾ, ഫ്രാൻസിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ തീവ്രമാക്കുകയാണ്. മത്സരശേഷം പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും മറ്റ് നഗരങ്ങളിലും ഉണ്ടായ അസ്വസ്ഥതകൾ, കായികരംഗം എങ്ങനെ സാമൂഹികമായ പ്രതിഷേധങ്ങളുടെയും പരാതികളുടെയും കേന്ദ്രമായി മാറുന്നു എന്നതിന് അടിവരയിടുന്നു. ആഖ്യാന രാഷ്ട്രീയം പലപ്പോഴും കാര്യങ്ങളെ ലഘൂകരിച്ചാണ് വിജയം കാണുന്നത്; അതായത്, സങ്കീർണ്ണമായ സാമൂഹിക വിഷയങ്ങളെ വൈകാരികമായ രൂപകങ്ങളായി ചുരുക്കി അവതരിപ്പിക്കുന്നു. ഇത് ഐഡന്റിറ്റി രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്ക് വലിയ നേട്ടമാകുന്നു. മുഖ്യധാരാ രാഷ്ട്രീയക്കാർ പ്രതിരോധത്തിലാകുമ്പോൾ, തീവ്രവലതുപക്ഷം ലളിതമായ പരിഹാരങ്ങളും ബലിയാടുകളെയും വാഗ്ദാനം ചെയ്ത് ജനങ്ങളെ ആകർഷിക്കുന്നു.
ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിന്റെ തന്ത്രപരമായ മികവും ഫ്രാൻസിന്റെ ആക്രമണനിരയിലെ പോരായ്മകളും ഫ്രഞ്ച് പരാജയത്തിന് കാരണമായിട്ടുണ്ടാകാം. എന്നാൽ മത്സരശേഷം, കായിക വിശകലനങ്ങൾ വളരെ പെട്ടെന്ന് രാഷ്ട്രീയ കമന്ററികളായി പരിണമിക്കുകയായിരുന്നു. ടീം ഘടനയും നേതൃത്വ ശൈലിയും വംശീയ ദൃഷ്ടിയിലൂടെ വിലയിരുത്തപ്പെട്ടതോടെ, കായികരംഗവും രാഷ്ട്രീയവും തമ്മിലുള്ള അതിർവരമ്പുകൾ മായുകയും, അത് പൊതുമണ്ഡലത്തിൽ വലിയ രാഷ്ട്രീയ അലയൊലികൾ സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി. ബഹുസാംസ്കാരികതയ്ക്കെതിരെ ഈ തോൽവിയെ ആയുധമാക്കുന്നവർ വാചാടോപങ്ങളും ( rhetoric) യാഥാർത്ഥ്യങ്ങളും തമ്മിലുള്ള അന്തരം ഗൗനിച്ചതേയില്ല. കുടിയേറ്റ പശ്ചാത്തലമുള്ള സമൂഹങ്ങൾക്ക്, 'ലെ ബ്ലൂസ്' അംഗീകാരത്തിന്റെയും സാമൂഹിക ചലനത്തിന്റെയും വഴിയാണ്. തോൽവി അവരെ സംബന്ധിച്ചിടത്തോളം തിരസ്കരണത്തിന്റെ പ്രശ്നമായി മാറിയപ്പോൾ, മറുവശം ഈ തോൽവിയെ ഏകീകരണത്തിന്റെ പരാജയമായി കാണുകയായിരുന്നു.
ഈ മത്സരത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ വളരെ ശ്രദ്ധേയമാണ്. 2027-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്രമായ രാഷ്ട്രീയ നീക്കങ്ങളാണ് ഫ്രാൻസിൽ നടന്നുകൊണ്ടിരിക്കുന്നത്. വിഘടിച്ചുനിൽക്കുന്ന ഭരണസംവിധാനം, അസ്ഥിരമായ സാമ്പത്തിക സാഹചര്യം, തീവ്ര വലതുപക്ഷ രാഷ്രീയകക്ഷിയായ നാഷണൽ റാലിയുടെ വർദ്ധിച്ചുവരുന്ന ശക്തി എന്നിവയാണ് രാഷ്ട്രീയ സാഹചര്യത്തെ നിർണ്ണയിക്കുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് തുടർച്ചയായി മൂന്നാം തവണയും മത്സരിക്കാൻ ഭരണഘടനാപരമായ തടസ്സമുള്ളതിനാൽ, ഈ തിരഞ്ഞെടുപ്പിനെ ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിതുറക്കുന്ന നിർണ്ണായകമായ ഒരു പരിവർത്തനഘട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അഭിപ്രായ വോട്ടെടുപ്പുകളിൽ സ്ഥിരമായി മുന്നിട്ടുനിൽക്കുന്ന നാഷണൽ റാലി ഒരു ശക്തമായ മത്സരാർത്ഥിയായി മാറിക്കഴിഞ്ഞു. മറീൻ ലു പെൻ തന്റെ നാലാമത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത രാഷ്ട്രീയത്തോടുള്ള പൊതുജനങ്ങളുടെ അതൃപ്തിയെയും സാമ്പത്തിക മാന്ദ്യത്തിലുള്ള നിരാശയെയും മുതലെടുത്ത്, “ജനവിരുദ്ധ ശക്തികൾക്കെതിരെയുള്ള” പ്രധാന പോരാളിയായി സ്വയം ഉയർത്തിക്കാട്ടാനാണ് നാഷണൽ റാലി ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾ പരസ്പരബന്ധിതമായ നിരവധി വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥയും ജീവിതച്ചെലവും തന്നെയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ബജറ്റ് പാസാക്കുന്നതിലെ തടസ്സങ്ങളും പ്രതിരോധ ചെലവും സാമൂഹിക ക്ഷേമ പദ്ധതികളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സർക്കാർ പാടുപെടുകയാണ്. രാഷ്ട്രീയ ചർച്ചകളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ദേശീയതയും കുടിയേറ്റവും. പലപ്പോഴും ഫ്രഞ്ച് ഫുട്ബോൾ ടീമിനെപ്പോലുള്ള സാംസ്കാരിക ചിഹ്നങ്ങളിലൂടെയാണ് ഇത് പ്രതിഫലിക്കുന്നത്. ടീമിലെ വൈവിധ്യമാർന്ന അംഗങ്ങളുടെ സാന്നിധ്യം തീവ്രവലതുപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ഏറെക്കാലമായി വഴിയൊരുക്കുന്നുണ്ട്. നാഷണൽ റാലിക്കെതിരെ വോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത കിലിയൻ എംബാപ്പെയെപ്പോലുള്ളവർ ഇപ്പോൾ രാഷ്ട്രീയത്തിൽ സ്വന്തം നിലയിൽ സ്വാധീനമുള്ള വ്യക്തിത്വങ്ങളായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോകകപ്പ് സമയത്ത് ഈ സമ്മർദ്ദങ്ങൾ വീണ്ടും തലപൊക്കുകയായിരുന്നു. ടീമിന്റെ പ്രകടനത്തെയോ സ്വത്വത്തെയോ ചൊല്ലിയുള്ള വിമർശനങ്ങൾ, കുടിയേറ്റത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും തങ്ങളുടെ നിലപാട് കൂടുതൽ ശക്തമായി ഉറപ്പിക്കാൻ നാഷണൽ റാലിക്ക് വേദിയൊരുക്കി. കൂടാതെ, വിദേശനയങ്ങളും പരമാധികാരവും സൂക്ഷ്മപരിശോധനയിലാണ്. നാഷണൽ റാലിയുടെ യൂറോപ്യൻ യൂണിയൻ വിരുദ്ധ നിലപാടുകളും നാറ്റോയുമായുള്ള ഫ്രാൻസിന്റെ ബന്ധം പുനഃപരിശോധിക്കാനുള്ള അവരുടെ സന്നദ്ധതയും നിലവിലെ സർക്കാർ നയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
ഫ്രഞ്ച് രാഷ്ട്രീയ കക്ഷികളിലെ ഭിന്നതകൾ ഈ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. മധ്യപക്ഷ രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഇമ്മാനുവൽ മാക്രോണിന്റെ പിൻഗാമികളാകാൻ ആഗ്രഹിക്കുന്നവർ തമ്മിലുള്ള കിടമത്സരവും, ഇടതുപക്ഷത്ത് ഐക്യ മുന്നണിയെക്കുറിച്ചുള്ള ചർച്ചകളിലെ സ്തംഭനാവസ്ഥയും നിലനിൽക്കുന്നു. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ഇത്തരമൊരു പശ്ചാത്തലത്തിൽ, അസ്ഥിരമാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

2027-ലെ ഫ്രഞ്ച് തിരഞ്ഞെടുപ്പിനെ വെറുമൊരു മത്സരമായിട്ടല്ല, മറിച്ച് യൂറോപ്പിലെ ഫ്രാൻസിന്റെ പങ്കിനെയും ജനകീയ മുന്നേറ്റങ്ങൾക്ക് മുന്നിൽ ജനാധിപത്യ സ്ഥാപനങ്ങളുടെ അതിജീവനത്തെയും കുറിച്ചുള്ള ഹിതപരിശോധനയായാണ് പലരും കാണുന്നത്. അമേരിക്കയെയും ചൈനയെയും പോലെ ഒരു 'സൂപ്പർ പവർ' എന്ന നിലയിലല്ല, മറിച്ച് ആഗോളതലത്തിൽ കാര്യമായ സ്വാധീനമുള്ള ഒരു 'മധ്യശക്തി' (Middle Power) എന്ന നിലയിലാണ് ഫ്രാൻസിനെ ഇന്ന് പ്രധാനമായും വിലയിരുത്തപ്പെടുന്നത്. തന്ത്രപരമായ സ്വയംഭരണാധികാരം ഉറപ്പുനൽകുന്ന ആണവായുധശേഖരം, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം, ലോകത്തിലെ ഏറ്റവും വിപുലമായ നയതന്ത്ര ശൃംഖലകളിൽ ഒന്ന് എന്നിവയാണ് ഫ്രാൻസിന്റെ കരുത്ത്. ഈ ഘടകങ്ങൾ അന്താരാഷ്ട്ര വിഷയങ്ങളിൽ ഫ്രാൻസിന് അതിന്റെ വലിപ്പത്തിനപ്പുറമുള്ള സ്വാധീനം നൽകുന്നു; സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആഗോള ഭരണം തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ ഇടപെടാൻ ഇത് രാജ്യത്തെ പ്രാപ്തമാക്കുന്നു. വൻശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രാൻസിന്റെ സാമ്പത്തിക വ്യാപ്തിയും സൈനിക ശേഷിയും പരിമിതമാണ്. ലോകരാഷ്ട്രീയത്തെ തനിച്ച് നിയന്ത്രിക്കാൻ ഫ്രാൻസിന് കഴിയില്ല; അതിനാൽ യൂറോപ്യൻ യൂണിയൻ, നാറ്റോ, അല്ലെങ്കിൽ മറ്റ് സഖ്യങ്ങൾ എന്നിവ വഴി കൂട്ടായി പ്രവർത്തിച്ചാണ് ഫ്രാൻസ് തങ്ങളുടെ സ്വാധീനം വിപുലപ്പെടുത്തുന്നത്. ഒരു സൂപ്പർ പവർ അല്ലെങ്കിലും, ലോകത്ത് ദീർഘകാലമായി നിലനിൽക്കുന്ന സ്വാധീനമുള്ള യൂറോപ്പിലെ ഒരു നിർണ്ണായക ശക്തിയായും കേവലമായ ആധിപത്യത്തേക്കാൾ ഉപരിയായി, മധ്യസ്ഥത വഹിക്കാനും സഖ്യങ്ങൾ കെട്ടിപ്പടുക്കാനും സവിശേഷമായ സാംസ്കാരിക വ്യക്തിത്വം ഉയർത്തിപ്പിടിക്കാനുമുള്ള കഴിവിൽ നിന്നാണ് ഫ്രാൻസിന്റെ സ്വാധീനം ഉടലെടുക്കുന്നത്.
നാഷണൽ റാലിയുടെ തിരഞ്ഞെടുപ്പ് വിജയം ഫ്രാൻസിന്റെ അന്താരാഷ്ട്ര നിലപാടുകളെ അടിമുടി മാറ്റാൻ സാധ്യതയുള്ള നിർണ്ണായക വഴിത്തിരിവായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ആണവായുധശേഖരം, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം, വിപുലമായ നയതന്ത്രശൃംഖല തുടങ്ങിയ ഫ്രാൻസിന്റെ അടിസ്ഥാനപരമായ കരുത്തുകൾ നിലനിൽക്കുമെങ്കിലും, നാഷണൽ റാലിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ ഈ സംവിധാനങ്ങളെ ആഗോളതലത്തിൽ ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റിമറിച്ചേക്കാം. യൂറോപ്യൻ യൂണിയനോടുള്ള വിമുഖതയും (Euroskepticism) പരമാധികാരത്തിന് മുൻഗണന നൽകുന്ന "ഫ്രാൻസ് ഫസ്റ്റ്" എന്ന സമീപനവുമാണ് ഈ പാർട്ടിയുടെ അടിസ്ഥാനം. അതിനാൽ, അവരുടെ വിജയം നിലവിലുള്ള അന്താരാഷ്ട്ര സഖ്യങ്ങളെ പുനർനിർണ്ണയിക്കുന്നതിലേക്ക് നയിച്ചേക്കാം. യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയുമായുള്ള ബന്ധത്തിൽ നിലവിലുള്ള "തന്ത്രപരമായ സ്വയംഭരണാധികാരം" (strategic autonomy) എന്ന കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നത് ഈ സമീപനത്തിന്റെ പ്രധാന ഭാഗമായിരിക്കും. നാറ്റോയുടെ സംയോജിത സൈനിക കമാൻഡിലെ ഫ്രാൻസിന്റെ പങ്കിനെ പുനഃപരിശോധിക്കാനുള്ള അവരുടെ നീക്കം, നിലവിലെ ഭരണകൂടത്തിന്റെ കൂട്ടായ സുരക്ഷാനയങ്ങളിൽ നിന്നുള്ള വലിയൊരു വ്യതിയാനമായിരിക്കും.

കൂടാതെ, യൂറോപ്യൻ ഐക്യത്തിലൂടെയും ബഹുമുഖ സഖ്യങ്ങളിലൂടെയും നേതൃത്വം നൽകുന്നതിന് പകരം, ഉഭയകക്ഷി ബന്ധങ്ങൾക്കും ദേശീയ പരമാധികാരത്തിന്റെ സങ്കുചിതമായ നിർവചനങ്ങൾക്കും മുൻഗണന നൽകുന്ന നയമായിരിക്കും നാഷണൽ റാലിയുടേത്. ഇത് യൂറോപ്യൻ യൂണിയനുള്ളിൽ ഒരു മധ്യസ്ഥൻ എന്ന നിലയിൽ ഫ്രാൻസിന് ഉണ്ടായിരുന്ന പരമ്പരാഗതമായ കഴിവിനെ ബാധിക്കുകയും, കാലാവസ്ഥ, സുരക്ഷ, ആഗോള ഭരണം തുടങ്ങിയ വിഷയങ്ങളിൽ യൂറോപ്യൻ യൂണിയന്റെ അജണ്ട നിശ്ചയിക്കുന്നതിൽ ഫ്രാൻസിനുള്ള സ്വാധീനം കുറയ്ക്കുകയും ചെയ്തേക്കാം. ഇത് ഫ്രാൻസിന്റെ 'മൃദുശക്തിയെയും' (soft power) ബാധിക്കാനിടയുണ്ട്; ഒരു കേന്ദ്രീകൃതവും സ്ഥിരതയുള്ളതുമായ ആഗോള ശക്തി എന്ന നിലയിലാണ് ഫ്രാൻസിന്റെ അന്താരാഷ്ട്ര സ്വാധീനം നിലനിൽക്കുന്നത്. എന്നാൽ, ദേശീയ സ്വത്വത്തെക്കുറിച്ച് സങ്കുചിതമായ വീക്ഷണം പുലർത്തുന്ന നയങ്ങൾ രാജ്യത്തിന്റെ സാംസ്കാരിക സ്വാധീനത്തെയും പ്രതിച്ഛായയെയും ദോഷകരമായി ബാധിച്ചേക്കാം. രാജ്യത്തിന്റെ ഭരണപരവും സൈനികവുമായ ഘടനകൾ മാറ്റമില്ലാതെ തുടരുമെങ്കിലും, അന്താരാഷ്ട്ര സഹകരണത്തിലൂടെ സ്വാധീനം ചെലുത്താനുള്ള ഫ്രാൻസിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. നാഷണൽ റാലിയുടെ തിരഞ്ഞെടുപ്പ് വിജയം, യൂറോപ്യൻ, ആഗോള നയങ്ങളുടെ സജീവമായ ശില്പി എന്ന നിലയിൽനിന്ന് മാറി, കൂടുതൽ ഇടപാടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഉൾവലിഞ്ഞ നയങ്ങളിലേക്ക് ഫ്രാൻസിനെ എത്തിച്ചേക്കാം. ഇത് ചരിത്രപരമായി ഫ്രാൻസ് ആസ്വദിച്ചിരുന്ന ആഗോള സ്വാധീനത്തെ ഗണ്യമായി കുറയ്ക്കാൻ കാരണമായേക്കാം.
ആഴമേറിയ രാഷ്ട്രീയ- ബൗദ്ധിക പാരമ്പര്യമുള്ള ഫ്രാൻസിനെപ്പോലൊരു സമൂഹത്തിൽ, വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ പ്രധാന രാഷ്ട്രീയ വിഷയമായി ഒരു ഫുട്ബോൾ ടീമും അതിന്റെ സെമിഫൈനൽ മത്സരപരാജയവും മാറുന്നത് തികച്ചും വിസ്മയകരമാണ്. ഫുട്ബോൾ എങ്ങനെയാണ് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറുന്നത് എന്നതിന്റെയും, സാംസ്കാരികവും സ്വത്വപരവുമായ സംവാദങ്ങൾ പരമ്പരാഗത രാഷ്ട്രീയ ചർച്ചകളെ എങ്ങനെ പിന്നിലാക്കുന്നു എന്നതിന്റെയും ഉത്തമ ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് 2027-ലെ ഫ്രഞ്ച് പൊതുതിരഞ്ഞെടുപ്പ്.
