1872 ലെ ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്റും തമ്മിൽ നടന്ന ഫുട്‌ബോൾ മത്സരത്തിന്റെ ചിത്രീകരണം

കാൽപ്പന്തുകളിയുടെ

കാൽപ്പന്തുകളിയുടെ തത്വചിന്തകൾ അതാതു കാലത്തിനോടുള്ള പ്രതിഫലനമായി വേണം കാണാൻ.

ദേശകാല ചരിത്രം

മെഡീവൽ കാലത്തെ ബ്രിട്ടനിലേ മോബ് ഗെയിമായിരുന്നു, തുടക്കത്തിലെ കാൽപ്പന്തുകളി. 1800കളുടെ തുടക്കത്തിൽ സ്കൂളുകളിലൂടെ, ക്ലബ്ബുകളിലൂടെ അത് ബ്രിട്ടനിലെമ്പാടും പടർന്നുപന്തലിച്ചു. 1863ൽ കളിനിയമങ്ങളിൽ തീർപ്പ് വന്നതോടെ, "വ്യക്തിപരമായ ഡ്രിബ്ലിങ്ങിൽ' അടിസ്ഥാനമാക്കിയ ഒരു ‘ഇംഗ്ലീഷ് ശൈലി' ഉയർന്നുവന്നു. പാസ്സിങ്ങോ ടീംവർക്കോ ഇല്ലാതെ ടീമുകൾ പന്തിനെ പിന്തുടരുക മാത്രമായിരുന്നു ആ രീതിയെന്ന് എഴുത്തുകാരൻ ജോനാഥാൻ വിൽ‌സൺ അഭിപ്രായപ്പെടുന്നു.

1872 ൽ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇംഗ്ലണ്ട് സ്​കോട്ട്​ലാൻറുമായി ഏറ്റുമുട്ടി. ‘ഫിസിക്കൽ - അഗ്രസീവ്​ ഗെയി’മിൽ ഊറ്റം കൊണ്ട ഇംഗ്ലണ്ടിനെ പാസ്സിംഗ് ഗെയിം കൊണ്ട് നേരിട്ട് സ്​കോട്ട്​ലാൻറ്​, ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ടാക്ടിക്കൽ മാറ്റം കൊണ്ടുവന്നു. തടിമിടുക്കും തിണ്ണമിടുക്കും കാട്ടാനെത്തിയ ഇംഗ്ലണ്ടിനെ സ്​കോട്ട്​ലാൻറ്​ ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തി.

ആദ്യകാല ഇംഗ്ലീഷ് ഫുട്ബോൾ, പാസിംഗിനെയും ടീം വർക്കിനെയും കഴിവുകേടായും സംശയാസ്പദമായും കണ്ടു. അത് ‘മാൻലി’ അല്ലെന്നും അവർ കരുതി. എന്നാൽ, 1883 ലെ എഫ്. എ കപ്പിൽ ഓൾഡ് ഇട്ടോണിയൻ ക്ലബ്ബിനെ, തൊഴിലാളികളുടെ ടീമായ ബ്ലാക്ബേൺ തോല്പിച്ചത് അവരുടെ കോമ്പിനേഷൻ ഗെയിം കൊണ്ടായിരുന്നുവെന്നത് ഇംഗ്ലീഷ് ഫുട്ബോളിൽ വീണ്ടുവിചാരമുണ്ടാക്കി.

1883 ലെ എഫ്.എ കപ്പിൽ ജേതാക്കളായ ബ്ലാക്‌ബേൺ ഫുട്‌ബോൾ ടീം
1883 ലെ എഫ്.എ കപ്പിൽ ജേതാക്കളായ ബ്ലാക്‌ബേൺ ഫുട്‌ബോൾ ടീം

‘സൂര്യനസ്തമിക്കാത്ത’ ബ്രിട്ടീഷ് സാമ്രാജ്യം ലോകം മുഴുവൻ വാണിജ്യബന്ധം സ്ഥാപിച്ചെങ്കിലും 1880കളിൽ അവരുടെ വിദേശനിക്ഷേപത്തിന്റെ 20% വും സൗത്ത് അമേരിക്കയിലായിരുന്നു. 1890കളിൽ 45,000ലധികം ബ്രിട്ടീഷുകാർ ലാറ്റിനമേരിക്കയിൽ താമസമായി, പ്രകൃതിവിഭവങ്ങളേയും മനുഷ്യരെയും അവർ ചൂഷണം ചെയ്തെങ്കിലും തദ്ദേശീയർക്കുപകരം അവർ കാൽപ്പന്തുകളി കൈമാറി. യൂറോപ്പിലാവട്ടെ എവിടെയൊക്കെ ബ്രിട്ടീഷ് കമ്യൂണിറ്റിയുണ്ടോ അവിടെയൊക്കെയും ഫുട്ബോളും പറിച്ചുനടപ്പെട്ടു. ഹങ്കറി തലസ്ഥാനമായ ബുഡാപ്പെസ്റ്റിൽ 1885ൽ ഉജ്പേസ്റ്റ് എന്ന ക്ലബ്‌ നിലവിൽവന്നു, എം. ടി. കെ, ഫെറെൻസിരാവോസ് ക്ലബ്ബുകൾ പിന്നാലെയും.

ഇംഗ്ലണ്ടിനെ അപേക്ഷിച്ച്​, കാൽപ്പന്തുകളിയെ മധ്യയൂറോപ്പിലെ അർബൻ തൊഴിലാളികൾ ഏറ്റെടുത്തത് ഗതിവേഗത്തിലായിരുന്നു. അതോടൊപ്പം പ്രേഗിലേയും വിയന്നയിലെയും ബുഡാപെസ്റ്റിലേയും ബുദ്ധിജീവികളും കളിയുടെ സൗന്ദര്യാത്മകയെകുറിച്ച് സംസാരിച്ചു.

ഡാന്യുബ് സ്കൂൾ

ഐറിഷ് വംശജനായ ഇംഗ്ലീഷുകാരൻ ജിമ്മി ഹോഗൻ, കായികക്ഷമതക്കപ്പുറം കാല്പന്തുകളിയുടെ സാങ്കേതികതയിൽ വിശ്വസിച്ച ഒരാളായിരുന്നു. സ്കോറ്റ്ലൻഡിന്റെ കോമ്പിനേഷൻ ഗെയിമിന്റെ വിദ്യാർത്ഥിയായിരുന്ന ഹോഗന്റെ മധ്യയൂറോപ്പിലേക്കുള്ള യാത്ര ഫുട്ബോൾ തത്വചിന്തയിൽ വലിയ വഴിത്തിരിവുണ്ടാക്കി. 1912 ൽ ജെയിംസ് ഹൗക്രോഫ്റ്റ് എന്ന സുഹൃത്ത് വഴി ഹോഗൻ, ഹ്യൂഗോ മെയ്സിലുമായി ഒത്തുചേർന്നു. 1881 ൽ ബോഹേമിയയിൽ ജനിച്ച ഹ്യൂഗോ മെയ്സിൽ ഓസ്ട്രിയൻ ഫുട്ബോൾ ഫെഡറേഷന്റെ ഫണ്ട്‌ റൈസറായും പിന്നീട് അവരുടെ ദേശീയ കോച്ചായും സേവനമനുഷ്ഠിച്ചു.

ഐറിഷ് വംശജനായ ഇംഗ്ലീഷുകാരൻ ജിമ്മി ഹോഗൻ കായികക്ഷമതക്കപ്പുറം കാല്പന്തുകളിയുടെ സാങ്കേതികതയിൽ വിശ്വസിച്ച ഒരാളായിരുന്നു
ഐറിഷ് വംശജനായ ഇംഗ്ലീഷുകാരൻ ജിമ്മി ഹോഗൻ കായികക്ഷമതക്കപ്പുറം കാല്പന്തുകളിയുടെ സാങ്കേതികതയിൽ വിശ്വസിച്ച ഒരാളായിരുന്നു

ഹോഗന്റെയും മെയ്സിലിന്റെയും ഒത്തുചേരൽ കാൽപന്തുകളിയിലെ വിഖ്യാതമായ ഡാന്യുബ് സ്കൂളിന് തിരികൊളുത്തി. യൂറോപ്പിന്റെ രാഷ്ട്രീയ വിപ്ലവചരിത്രങ്ങളൊക്കെ കണ്ടൊഴുകിയ, മാറിമാറിവന്ന സാമ്രാജ്യങ്ങളുടെ കുതിപ്പും കിതപ്പും കണ്ട ചരിത്രനദിയുടെ തീരത്ത് രണ്ട് സഞ്ചാരികൾ, ടീം വർക്കിലും ടെക്​നിക്കിലും വേഗമാർന്ന പാസ്സിംഗിലും കൂട്ടുചേർത്ത് ഒരു തത്വചിന്ത വളർത്തിയെടുത്തു. അത് ഫുട്ബോളിനെ അതിസങ്കീർണമായ പാറ്റേണുകളടങ്ങിയ കലാരൂപമാക്കി മാറ്റി.

ഇംഗ്ലണ്ടിനെ അപേക്ഷിച്ച്​, കാൽപ്പന്തുകളിയെ മധ്യയൂറോപ്പിലെ അർബൻ തൊഴിലാളികൾ ഏറ്റെടുത്തത് ഗതിവേഗത്തിലായിരുന്നു. അതോടൊപ്പം പ്രേഗിലേയും വിയന്നയിലെയും ബുഡാപെസ്റ്റിലേയും ബുദ്ധിജീവികളും കളിയുടെ സൗന്ദര്യാത്മകയെകുറിച്ച് സംസാരിച്ചു. മധ്യയൂറോപ്പിൽ പന്തലിച്ച കോഫീ ഷോപ്പ് സംസ്കാരം അതിന് ഊടും പാവും നൽകി. കളിമികവുകൊണ്ട് പേപ്പർമാൻ എന്ന് വിളിക്കപ്പെടുന്ന അനശ്വര രക്തസാക്ഷി സാക്ഷാൽ മതിയാസ് സിനഡ്​ലർ നയിച്ച ഓസ്​ട്രിയൻ ടീമിനെ അന്ന് ലോകം ‘വണ്ടർ ടീം' എന്ന് പേര് നൽകി. തളിർത്തു തുടങ്ങിയ ഡാന്യുബിയൻ ഫുട്ബോൾ ഫിലോസഫി പക്ഷെ ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് പതിയെ മങ്ങിനിന്നു.

ലാറ്റിനമേരിക്കൻ കാൽപ്പന്തുചന്തം വസന്തത്തെ തൊട്ടത് ചേരികളിലായിരുന്നു. ഇടുങ്ങിയ തെരുവിൽ, പന്തിനെ അടിച്ചകറ്റാതെ, ചേർത്തുനിർത്തി, കാലുകളും കാല്പന്തും നിശ്ശബ്ദം, നിഷ്കളങ്ക ഭാഷയിൽ പ്രണയം കൈമാറി.

1914-1921 വരെയുള്ള കാലയളവിൽ ജിമ്മി ഹോഗൻ ബുഡാപെസ്റ്റിൽ എം. ടി. കെ യുടെ കോച്ചായിരുന്നു. കുറിയ പാസുകൾ, നിരന്തരമായ മൂവ്മെ​ൻറ്​, പൊസിഷനുകളുടെ പരസ്പര കൈമാറ്റം- ഈ തത്വങ്ങളായിരുന്നു ഹോഗന്റെ നട്ടെല്ല്. 1927 ൽ ഹോഗൻ രാജ്യം വിട്ടുപോയെങ്കിലും ബുകൊവിയെന്ന പുതിയ കോച്ച് ഇതേ ആശയം മുന്നോട്ട് വെച്ചു. യുദ്ധാനന്തരം 1945ൽ സോവിയറ്റ് യൂണിയൻ ജർമനിയെ തുരത്തിയോടിച്ചു. ദേശീയത പൂത്തുലഞ്ഞു, ഫുട്ബോളിലും അത് കണ്ടു. പുതിയ ഗവണ്മെൻറ്​ ഗുസ്താവ് സെബസെന്ന പുതിയ കോച്ചിനെ ഹങ്കേറിയൻ ഫുട്ബോളിന്റെ ചുമതലയേൽപ്പിച്ചു. സെബസ് അടിയുറച്ച കമ്യൂണിസ്റ്റ്‌ ആയിരുന്നു. 1920കളിൽ വേതനസമരം നടത്തിയ, പാരിസ് ലെ റിനൾട് ഓഫീസിൽ അവകാശപോരാട്ടം നയിച്ച ഒന്നാംതരം ട്രേഡ് യൂണിയൻ നേതാവായിരുന്നു സെബസ്. ഹോഗന്റെ ആശയധാരയിൽ വിരിഞ്ഞ്​, ബുകോവിയും മാണ്ടിയും സംവദിച്ച സെബിസിന്റെ ഹങ്കറി അത്യുന്നമായ കളി കെട്ടഴിച്ചുവിട്ടു. 1950കളുടെ ആദ്യപകുതി ലോകം മാന്ത്രികരായ മഗ്യാറുകളുടെ ഹിപ്​നോട്ടിക്​ ഗെയിമിൽ അമ്പരന്നുനിന്നു.

 1954 ലെ ഫുട്‌ബോൾ മാച്ചിൽ ഇംഗ്ലണ്ടിന്റെ പരാജയം ആഘോഷിക്കുന്ന ഹംഗേറിയൻ കാണികൾ
1954 ലെ ഫുട്‌ബോൾ മാച്ചിൽ ഇംഗ്ലണ്ടിന്റെ പരാജയം ആഘോഷിക്കുന്ന ഹംഗേറിയൻ കാണികൾ

ഫുട്ബോൾ മൈതാനത്തടക്കം ലോകത്തെല്ലായിടത്തും നടന്നിരുന്ന കാപിറ്റലിസ്റ്റ് - സോഷ്യലിസ്റ്റ് പോരാട്ടങ്ങളിൽനിന്നൂർജം സംഭരിച്ച്​ മഗ്യാറുകൾ വിജയങ്ങളിൽ നിന്ന്​ വിജയങ്ങളിലേക്ക് കുതിച്ചു. 1863 മുതൽ വെംബ്ലയിൽ ബ്രിട്ടീഷ് ദ്വീപുകൾക്ക് വെളിയിലുള്ളവരോട് തോറ്റിട്ടില്ലാത്ത ഇംഗ്ലണ്ടിനെ നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ മഗ്യാറുകൾ 6-2 നും 7-1 നും തകർത്തുവിട്ടു. 1950-54 കാലത്ത്​ 42 വിജയങ്ങൾ, 7 സമനില, ബേണിൽ അത്ഭുതമാച്ചിൽ ജർമനിയോടേറ്റ ഒരേയൊരു പരാജയം... മഗ്യാറുകൾ വേറെയൊതോ കാലത്തെ കളി അന്ന് കാഴ്ചവെച്ചു. സ്കോട്ടിഷ് കോമ്പിനേഷൻ ഗെയിമിനോടൊപ്പം കമ്യൂണിസ്റ്റ്‌ ആശയമായ ‘കൂട്ടായ്മയും' ഹംഗറിയുടെ കളിയിൽ തെളിഞ്ഞുനിന്നു.

ലാറ്റിൻ താളഭേദങ്ങൾ 'ഉറുഗ്വൻ മിസ്റ്റിക് പ്രതിരോധം

ലാറ്റിനമേരിക്കയിലും സമാനമായി ഫുട്ബോൾ വളരുകയായിരുന്നു. സാങ്കേതികയിലൂന്നിയതെങ്കിലും, ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫിലോസഫി വ്യക്തികളുടെ ആത്മപ്രകടനങ്ങൾ ആഘോഷിച്ചു. ഉറൂഗ്വേയിലും അർജന്റീനയിലും തുടക്കത്തിലുണ്ടായിരുന്ന ഇംഗ്ലീഷ് സ്വാധീനം പിൽക്കാലത്ത്​ സ്പാനിഷ്- ഇറ്റാലിയൻ കുടിയേറ്റങ്ങൾക്കും അതിന്റെ ചായക്കൂട്ടുകൾക്കും ഇടം നൽകി. ഉറുഗ്വൻ കവിയും ജേർണലിസ്റ്റുമായ എഡ്വാർഡോ ഗലീനോ അഭിപ്രായപ്പെടുന്നത്, ലാറ്റിനമേരിക്കൻ കാൽപ്പന്തുചന്തം വസന്തത്തെ തൊട്ടത് ചേരികളിലായിരുന്നു എന്നാണ്. ഇടുങ്ങിയ തെരുവിൽ, പന്തിനെ അടിച്ചകറ്റാതെ, ചേർത്തുനിർത്തി, കാലുകളും കാല്പന്തും നിശ്ശബ്ദം, നിഷ്കളങ്ക ഭാഷയിൽ പ്രണയം കൈമാറിയത്രേ.

ഉറുഗ്വൻ കവിയും ജേർണലിസ്റ്റുമായ എഡ്വാർഡോ ഗലീനോ അഭിപ്രായപ്പെടുന്നത്, ലാറ്റിനമേരിക്കൻ കാല്പന്തുചന്തം വസന്തത്തെ തൊട്ടത് ചേരികളിലായിരുന്നു എന്നാണ്
ഉറുഗ്വൻ കവിയും ജേർണലിസ്റ്റുമായ എഡ്വാർഡോ ഗലീനോ അഭിപ്രായപ്പെടുന്നത്, ലാറ്റിനമേരിക്കൻ കാല്പന്തുചന്തം വസന്തത്തെ തൊട്ടത് ചേരികളിലായിരുന്നു എന്നാണ്

ഉറൂഗ്വേയുടെ കാല്പന്തുകളി ശൈശവത്തിൽ തന്നെ സംഘടിതമായിരുന്നു. വളരെ പെട്ടെന്ന് അവർ നേട്ടങ്ങൾ കൊയ്തു. പാസ്സിംഗിലും പ്രതിരോധത്തിലും അവർ ഊന്നൽ നൽകി. 1920കളിൽ ഉറുഗ്വായ്​, യൂറോപ്യൻ സൗഹൃദമത്സരങ്ങളിൽ തേരോട്ടം നടത്തി. തുടർച്ചയായി ഒമ്പതു മത്സരങ്ങൾ വിജയിക്കുകയും, 1924 ലെ ഒളിമ്പിക്സ് സ്വർണമെഡൽ നേടുകയും ചെയ്തു. ഉറുഗ്വൻ ഫുട്ബോളിന്റെ ആത്മാവ് യഥാർത്ഥത്തിൽ ‘la garra charrúa’ (‘ചാർറുവയുടെ നഖം') എന്ന പ്രയോഗമാണ്. ഗോത്രവിഭാഗത്തിന്റെ ഒരിക്കലും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യമാണ് ഉറുഗ്വൻ കാല്പന്തുകളിയുടെ സത്ത. 1930 ലോകകപ്പും പിന്നീട് 1950ലെ വിഖ്യാതമായ മറക്കാനോസ് വിജയവും നേടാൻ അവരെ സഹായിച്ചത് അവരുടെ മനോഭാവത്തിലലിഞ്ഞ ഈ പോരാട്ടവീര്യമാണ്.

മറക്കാനോയിൽ അന്ന് ബ്രസീൽ ആദ്യഗോൾ നേടിയപ്പോൾ, കാതടിപ്പിക്കുന്ന ആർപ്പുവിളികൾക്കിടയിൽ ‘കറുത്ത ചീഫ്’ എന്നറിയപ്പെടുന്ന ഉറുഗ്വൻ കപ്പിത്താൻ വരേല, ഫൈനൽ ദിനം രാവിലെ കണ്ട പത്രത്തിൽവരെ, ഇവരാണ് ഇന്നത്തെ കളിയിൽ ജയിക്കാൻ പോവുന്ന ലോകചാമ്പ്യൻമാർ എന്ന് ബ്രസീൽ ടീമിന്റെ ചിത്രം അച്ചടിച്ചുവന്നത് കണ്ട്​, തനിക്ക് പറ്റാവുന്നത്രയും പത്രങ്ങൾ സ്വന്തം കാശു കൊടുത്ത് വാങ്ങി, കളിക്കുമുൻപ് അതേ പത്രങ്ങളിൽ തന്റെ കളിക്കാരോട് മൂത്രമൊഴിക്കാൻ പറഞ്ഞ വരേല, യുദ്ധവീര്യം പൂണ്ട ആ വരേല ടീമിനെ മുന്നിൽ നിന്ന്​ നയിച്ചപ്പോൾ ഉറുഗ്വൻ മിസ്റ്റിക് പ്രതിരോധം സട കുടഞ്ഞെഴുന്നേറ്റതും മധ്യനിരക്കാർ മെല്ലെ കളി പിടിച്ചതും ബ്രസീൽ തകർന്നുപോയതും ചരിത്രം.

തങ്ങളുടെ ഫുട്​ബോൾ കൊളോണിയൽ ബ്രിട്ടന്റെ വിശാലമായ പുൽമേടുകളിൽ രൂപം കൊണ്ട, അച്ചടക്കമുള്ള, കരുത്തുറ്റ, ശാസ്ത്രീയമായ, ഫുട്ബോൾ അല്ലെന്നും, മറിച്ച്​ തങ്ങൾക്ക് തങ്ങളുടേതായ ‘അർജന്റീനിയൻ' ശൈലിയുണ്ടെന്നും അർജൻറീന വാദിച്ചു.

അർജൻറീനയുടെ 'ലാ നുയേസ്ട്രാ '

1884 ൽ അലക്സാണ്ടർ വാട്സൺ ഹുട്ടൺ ആണ് അർജന്റീനൻ തീരത്ത് ആദ്യമായി ഫുട്ബോൾ കൊണ്ടുവരുന്നത്. La nuestra അഥവാ തനത് ശൈലി അർജന്റീനൻ ഫുട്ബോളിനുമുണ്ട്. അച്ചടക്കമുള്ള, വിശാലമായ യൂറോപ്യൻ, ഫിസിക്കൽ ഫുട്ബോളിന് അർജന്റീനൻ ബദൽ. വർഷകാലത്തെ ആകാശംപോൽ ഒളിഞ്ഞതും ഇടക്ക് തെളിഞ്ഞതുമായിരുന്നു അർജന്റീനയുടെ രാവുകൾ. 1920 കളിൽ അർജന്റീന അതിന്റെ സ്വത്വബോധം തേടിയപ്പോൾ, വ്യത്യസ്ത ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരുക്കം ചില കാര്യങ്ങളിലൊന്ന്​ കാൽപ്പന്തുകളിയായിരുന്നു. 1920 കളിൽ പ്രസിദ്ധമായ എൽ ഗ്രാഫിക്കോയിൽ അർജന്റീനൻ കാൽപ്പന്തുകളി ഐഡന്റിറ്റിയെ പറ്റി വലിയ ചർച്ചകൾ നടന്നു. അവരുടെ കാൽപ്പന്തുകളി കൊളോണിയൽ ബ്രിട്ടന്റെ വിശാലമായ പുൽമേടുകളിൽ രൂപം കൊണ്ട, അച്ചടക്കമുള്ള, കരുത്തുറ്റ, ശാസ്ത്രീയമായ, ഫുട്ബോൾ അല്ലെന്നും, മറിച്ച്​ തങ്ങൾക്ക് തങ്ങളുടേതായ ഒരു ‘അർജന്റീനിയൻ' ശൈലിയുണ്ടെന്നും അവർ വാദിച്ചു. ആ ശൈലി തങ്ങളുടെ ഇടുങ്ങിയതും തിരക്കേറിയതുമായ ചേരികളിൽ, തെരുവോരങ്ങളിൽ, ഗലികളിൽ രൂപം കൊണ്ടതാണെന്നും, അവയുടെ നിയമങ്ങൾ ജൈവികവും നൈസർഗികവും കൗശലം നിറഞ്ഞതും ആനന്ദം പകരുന്നതുമായ ഒന്നാണെന്നും അവർ പറഞ്ഞുവെച്ചു.

La nuestra അഥവാ തനത് ശൈലി അർജന്റീനൻ ഫുട്ബോളിനുമുണ്ട്
La nuestra അഥവാ തനത് ശൈലി അർജന്റീനൻ ഫുട്ബോളിനുമുണ്ട്

"ബുദ്ധിമാൻ, തന്ത്രശാലി, ആകർഷകമായ കണ്ണുകളിലെ തിളങ്ങുന്ന നോട്ടം, കൗശലചിരി, ചീകി വെക്കാതെ നെറ്റിയിലേക്ക് വീഴുന്ന ചുരുണ്ട മുടി, അലഞ്ഞു തിരിയുന്ന കുഞ്ഞരി പല്ലുള്ള ഒരു വികൃതിപ്പയ്യൻ... കണ്ടം വെച്ചുചേർത്ത പാന്റും, അയഞ്ഞ കുപ്പായവും, ഓട്ടയുള്ള ഷൂവും പന്തുമായി ഒരു കുസൃതിക്കാരൻ.'- 1928 ൽ ബോരോകോട്ടയെന്ന എൽ ഗ്രാഫിക്കോ എഡിറ്റർ അർജന്റീനൻ ഗെയിമിന്റെ ആത്മാവിനെ ഇങ്ങനെ ആവിഷ്കരിച്ചു. അച്ചടക്കമുള്ള, എലൈറ്റ് ബ്രിട്ടീഷ് ഫുട്ബോളിന് അർജന്റീനയുടെ ‘ജൈവികമായ ഫുട്ബോൾ' എന്ന മറുപടി. "പൈബ്’ എന്ന അച്ചടക്കമില്ലാത്ത വികൃതിപ്പയ്യൻ അങ്ങനെ അർജന്റീനൻ ഫുട്ബോളിന്റെ ആത്മാവായി.

അർജന്റീനയുടെ കാല്പനികമായ കാല്പന്തുകളിയെ പെറോൺ ഗവണ്മെൻറ്​ രാഷ്ട്രീയമായി ഉപയോഗിച്ചുവെങ്കിലും ‘ഡാന്യുബിയൻ സ്കൂളി’ലെ ചെക്കോസ്ലോവാക്യയുമായി സ്വീഡനിൽ വെച്ച് അർജന്റീന ഏറ്റുമുട്ടി, 6-1 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. അർജന്റീനൻ ഫുട്ബോൾ പുനർചിന്തനത്തിന് വിധേയമായി, രാഷ്ട്രീയ സാഹചര്യമാവട്ടെ, പട്ടാള അട്ടിമറിയിലൂടെ മിലിറ്ററി ജുന്റയായിരുന്നു. പ്രതിരോധത്തിന്​ പ്രാധാന്യം നൽകി, വയലൻസ് നിറഞ്ഞ, ആവശ്യമെങ്കിൽ കളിനിയമം വളയ്ക്കാ​വുന്ന അൾട്രാ പ്രായോഗിക ഫുട്ബോളിലേക്ക് അർജന്റീന തിരിഞ്ഞുനടന്നു. പിന്നീട് 1986 ൽ അർജന്റീന സാക്ഷാൽ മറഡോണയിലൂടെ അവരുടെ ‘പൈബിനെ’, അഥവാ ആത്മാവിനെ കണ്ടത്തി.

ഹംഗറിയുടെ വ്യാഖ്യാത ഫുട്‌ബോൾ താരം ഫ്രാങ്ക് പുഷ്‌കാസ്‌    / Photo: Wikipedia
ഹംഗറിയുടെ വ്യാഖ്യാത ഫുട്‌ബോൾ താരം ഫ്രാങ്ക് പുഷ്‌കാസ്‌ / Photo: Wikipedia


​ബ്രസീൽ എന്ന ഫിലോസഫി

1894 ൽ ഒരു സ്കോട്ട്​ലാൻറ്​കാരൻ, തോമസ് ആയിരുന്നു ആദ്യമായി കാല്പന്തുകളി ബ്രസീലിലെത്തിച്ചത്. തികച്ചും വെള്ളക്കാരാൽ മാത്രം കളിച്ച കളിയിൽ, പതിയെ ആളെ തികയ്ക്കാൻ മാത്രം ബ്രസീലിയൻ അടിമകളെ അവർ കളിപ്പിച്ചിരുന്നു. അങ്ങനെയാണ് ബ്രസീലിയൻ ജനത കാല്പന്തുകളിയെ അറിയുന്നത്. കാലക്രമേണ ഇത്തരം മാച്ചുകൾ വെള്ളക്കാരും ബ്രസീലുകാരും തമ്മിലുള്ള പോരാട്ടം തന്നെയായി മാറി. വാശിയേറിയ മത്സരങ്ങൾ പതിവായി. തങ്ങളും മികവുള്ള മനുഷ്യജീവികൾ തന്നെയാണ് എന്ന് തെളിയിക്കേണ്ടത് അടിമകൾ അഭിമാന പ്രശ്നമായി കണ്ടു, അതിനുമപ്പുറം അവരുടെ ആവലാതികളിൽ നിന്ന്​അല്പസമയത്തേക്കുള്ള രക്ഷപ്പെടലും കൂടിയായിരുന്നു കാൽപ്പന്തുകളി. വളരെ പെട്ടെന്ന്​ കാൽപ്പന്തുകളിയിൽ ബ്രസീലിയൻ അടിമജനത അവരുടെ ഉടമകളേക്കാൾ മികവ് കാട്ടിത്തുടങ്ങി. കാൽപ്പന്തുകളി അവർക്ക് ജീവവായു പോലെയായി. അവർ അവരുടേതായ ശൈലിയിൽ കളിച്ചു. ബ്രസീലിയൻ ജനതയുടെ തനതായ മെയ്‌വഴക്കം, അവരിൽ അന്തർലീനമായ സാംബ താളം, നിർവ്യാജ സ്നേഹം, കൊടുക്കൽ- വാങ്ങലുകൾ... എല്ലാം കൊണ്ടും കാൽപ്പന്തുകളിയിൽ ബ്രസീലുകാർ ഒരു ശൈലി കണ്ടെത്തി. അച്ചടക്കമുള്ള യൂറോപ്യൻ ഫുട്ബാളിനെ അവർ എട്ടായി മടക്കി ഓരത്തുവെച്ചു . അച്ചടക്കമില്ലായ്മയുടെ മാന്ത്രികപ്പെട്ടി ബ്രസീലിയൻ അടിമ ജനത തുറന്നുവെച്ചു. കാൽപ്പന്തുകളിയെ ലോകത്താദ്യമായി ഒരു പറ്റം അടിമകൾ, താഴ്ന്നവർ, കറുത്തവർ, ഒരു കലാരൂപമായി ഉയർത്തിവെച്ചു. ആ കലയിൽ അവർ നിഷ്കളങ്കമായ പുഞ്ചിരിയും, സ്നേഹവും, ദയാവായ്​പും കൊരുത്തുവെച്ചു, അനിർവചനീയമായ ആനന്ദത്തെ അവർ തുറന്നുവിട്ടു. ആദ്യമായി കാൽപ്പന്തുകളി, കളിയും കലയുമായി.

കാൽപ്പന്തുകളിയിലെ തങ്ങളേക്കാളും ശക്തിയുള്ള, സ്വാധീനമുള്ള, ശാരീരിക ക്ഷമതയുള്ള, പണമുള്ള വെളുത്തവരെ തോൽപ്പിക്കുവാൻ തനതു ബ്രസീലുകാർ സ്വയം മലൻഡ്രോ ആയോ ജെയ്‌റ്റിഞ്ഞോ ആയി മാറുകയായിരുന്നു.

ആന്ത്രപ്പോളജിസ്​റ്റ്​ ഗിൽബെർട്ടോ ഫ്രൈറെ ബ്രസീലിയൻ കാൽപ്പന്തുകളിയെ "മലൻഡ്രോ" എന്ന കൗശലക്കാരനോട് ഉപമിക്കുന്നു. തന്റെ കൗശലം കൊണ്ടുമാത്രം ഉടമയെ മറികടക്കുന്ന സൂത്രശാലി. റോബെർട്ട് ഡാ മാറ്റ പക്ഷെ ‘ജെയ്‌റ്റിഞ്ഞോ’ എന്നാണ് കാൽപ്പന്തുകളിയിലെ ബ്രസീലിയൻ സ്വത്വത്തെ അടയാളപ്പെടുത്തിയത്. 1888 ൽ തന്നെ അടിമത്തം നിർത്തലാക്കി എങ്കിലും ബ്രസീലിയൻ നിയമങ്ങൾ പണക്കാരായ വെള്ളക്കാരെയും, സ്വാധീനമുള്ളവരെയും സംരക്ഷിക്കാൻവേണ്ടി മാത്രമുള്ളതായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർ ഉയർന്നുവരണമെങ്കിൽ അവർക്ക് ടെക്​സ്​റ്റ്​ ബുക്കിനു പുറത്തു നിന്നുള്ള ആശയങ്ങൾ വേണമായിരുന്നു, അവർക്ക് ക്രീയേറ്റീവായ ഉത്തരങ്ങൾ വേണമായിരുന്നു. തന്നെക്കാളും ശക്തിയുള്ള, നീളമുള്ള, ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കി ലോജിക് ഫുട്ബോൾ പിന്തുടരുന്ന ആരോഗ്യവാൻമാരായ യൂറോപ്യൻ കാൽപ്പന്തുകളിയുടെ ആൻറി തീസിസ് ആണ് ബ്രസീലിന്റെ കാൽപ്പന്തുകളി.

 ബ്രസീൽ താരം പെലെയുടെ ബൈസിക്കിൾ കിക്ക്
ബ്രസീൽ താരം പെലെയുടെ ബൈസിക്കിൾ കിക്ക്

അവരുടെ കളിയിൽ കൗശലവും ആശ്ചര്യവുമുണ്ടായിരുന്നു, പന്തിനോട്​ അസൂയയുളവാക്കുന്ന സ്നേഹവായ്പുണ്ടായിരുന്നു, ചുറുചുറുക്കുണ്ടായിരുന്നു, പ്രതിഭാവിലാസത്തിന്റെ ആയിരം സൂര്യതേജസുണ്ടായിരുന്നു, നിമിഷാർധങ്ങളിലെങ്ങോ അനായാസം രൂപപ്പെടാവുന്ന പ്രതിഭാവിസ്പോടനങ്ങളുണ്ടായിരുന്നു. കാൽപ്പന്തുകളിയിലെ തങ്ങളേക്കാളും ശക്തിയുള്ള, സ്വാധീനമുള്ള, ശാരീരിക ക്ഷമതയുള്ള, പണമുള്ള വെളുത്തവരെ തോൽപ്പിക്കുവാൻ തനതു ബ്രസീലുകാർ സ്വയം മലൻഡ്രോ ആയോ ജെയ്‌റ്റിഞ്ഞോ ആയി മാറുകയായിരുന്നു.

ഇറ്റലിയുടെ കാൽപ്പന്തുകളി എക്കാലവും മാക്യവെല്ലിയൻ ദർശനങ്ങളിൽ വിശ്വസിച്ചു. അതെല്ലായിപ്പോഴും ഹൈപ്പർ മസ്​കുലിനിറ്റിയിൽ, ലക്ഷ്യത്തിൽ മാത്രം വിശ്വാസം കണ്ടെത്തി.

1930 കളിൽ മലൻഡ്രോ സ്വത്വത്തിന്റെ മുറിപ്പാതിയായിരുന്നു ലിയോണിദാസും ഡോമിംഗോസും. ആദ്യത്തെ മലൻഡ്രോമാർ. മുപ്പതുകളിൽ അനായാസസുന്ദരമായ മലൻഡ്രോ കവിതകളുടെ മഹേന്ദ്രജാലം കാൽപ്പന്തുകളിയിലൂടെ കാണികൾക്ക് പകർന്നുനൽകിയ യുഗപുരുഷന്മാർ. പിൽക്കാലത്ത്​ കാൽപ്പന്തുകളിയുടെ രാജാവ് പെലെയും, ‘ജോയ് ഓഫ് ദി പീപ്പിൾ’ എന്നറിയപ്പെടുന്ന അവരുടെ മാനേ ഗാരിഞ്ചായും എന്തിനേറെ അനുഗ്രഹീത ഗോൾകീപ്പർ ബർബോസയടക്കം പലരും മലൻഡ്രോയുടെ മാദകത്വം, സൗന്ദര്യം, കൗശലം, കാല്പനികത, ഭാവന എന്നിവയുടെ ആത്മാവിഷ്‌കാരമായി. സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങൾ ബ്രസീൽ ഫുട്ബോളിൽ മാറ്റങ്ങളുണ്ടാക്കിയെങ്കിലും ജോഗോ ബോണിറ്റൊ തന്നെയാണ് അവരുടെ എക്കാലത്തെയും ഫിലോസഫിയെന്ന് കാണാം.

യൂറോപ്യൻ ഡയലെറ്റിക്സ്

യൂറോപ്പിൽ, മറ്റൊരു ഭാഗത്ത്​ ഇറ്റലിയുടെ കാൽപ്പന്തുകളി എക്കാലവും മാക്യവെല്ലിയൻ ദർശനങ്ങളിൽ വിശ്വസിച്ചു. അതെല്ലായിപ്പോഴും ഹൈപ്പർ മസ്​കുലിനിറ്റിയിൽ, ലക്ഷ്യത്തിൽ മാത്രം വിശ്വാസം കണ്ടെത്തി. അർജന്റീനയും ബ്രസീലും പോലെ ഇറ്റലിയും രാജ്യത്തെ രാഷ്ട്രീയഗതിമാറ്റങ്ങളിൽ സ്വത്വം തിരഞ്ഞു. മുസോളിനിയുടെ കാലത്ത്​ അത് തീവ്രമായ എത്‌നിക് മേധാവിത്വം തീർച്ചപ്പെടുത്തി തുടർന്നു. ഇറ്റാലിയൻ ഫുട്ബോളിനെ അടയാളപ്പെടുത്തിയ കാറ്റനോചിയ, ഒരേസമയം ഇറ്റലിയുടെ യുദ്ധാനന്തര തോൽവിഭയത്തിന്റെയും, ദുർബലത്വത്തിന്റെയും പരിണിതഫലമായിരുന്നു.

മുസോളിനിയുടെ കാലത്ത്​ ഫുട്‌ബോൾ തീവ്രമായ എത്‌നിക് മേധാവിത്വം തീർച്ചപ്പെടുത്തി തുടർന്നു.
മുസോളിനിയുടെ കാലത്ത്​ ഫുട്‌ബോൾ തീവ്രമായ എത്‌നിക് മേധാവിത്വം തീർച്ചപ്പെടുത്തി തുടർന്നു.

ഡോർ ലോക്ക് എന്നർത്ഥം വരുന്ന കാറ്റനോചി ആശയത്തിന്റെ യഥാർത്ഥ വക്താവ് എസി മിലാന്റെ കോച്ചായിരുന്ന നെറിയോ റോക്കോ ആയിരുന്നു. സ്വിറ്റ്സർലൻഡ്കാരൻ കാൾ റപ്പന്റെ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തേരോട്ടം. പിന്നീടിത് ഇന്റർ മിലാൻ, അവരുടെ കോച്ച് സാക്ഷാൽ ഹെലനിയ ഹെരെരയുടെ കർമികത്വത്തിൽ ഏറ്റവും തീവ്രമായി പ്രയോഗിച്ചു. ഇറ്റാലിയൻ കളിയെഴുത്തുകാരൻ അന്റോണിയോ നെഗ്രിയുടെ അഭിപ്രായത്തിൽ, ഇറ്റാലിയൻ കർഷകരുടെ കഠിനമായ സ്വഭാവം കാറ്റനാസിയോയ്ക്കുണ്ട്​- അത് വർഗസമരമായിരുന്നു. "ഒരാൾ ദുർബലനാണ്, ആ ആളിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്’ എന്ന വാക്കുകളിൽ നേഗ്രി പ്രതിരോധപ്പൂട്ടിനെ സുന്ദരമായി വരഞ്ഞിട്ടു.

1960കളിൽ രണ്ട് യൂറോപ്യൻ കിരീടങ്ങൾ ഇറ്റലിയിലെത്തി. ഫ്രാൻകോ ബറേസിയടക്കമുള്ള പുകൾപെറ്റ പ്രതിരോധക്കാരെ അത് ലോകത്തിനു സംഭാവന ചെയ്തു. ഇന്നും ഇറ്റാലിയൻ കാൽപ്പന്തുകളി അമൂല്യമായി കാറ്റനോച്ചിയെ കാണുന്നു.

കരുത്തുറ്റ മാൻ മാർക്കിങ് ശൈലിയിലേക്ക് കാൽപ്പന്തുകളി നീങ്ങിയപ്പോൾ, ആക്രമണഫുട്ബോളിന് സ്വയം നവീകരിക്കേണ്ടതായി വന്നു. സോവിയറ്റ് ബ്ലോക്കിലെ കോച്ചുമാരാണ് ആദ്യമായി ഡിഫെൻസീവ് ശൈലിക്ക് ബദൽ ഒരുക്കുന്നത്. 1940കളിൽ ഡൈനാമോ മോസ്‌കോയുടെ മാനേജർ ബോറിസ്
അർക്കഡേവ്, സംഘടിതമായ ക്രമക്കേടെന്ന രീതി അവലംബിച്ചു. കളിക്കാരുടെ കൂട്ടായ പരിശ്രമവും, പൊസിഷനുകളുടെ പരസ്പര കൈമാറ്റവും ഇത് ദർശിച്ചു.

1960കളിൽ വലേരി ലോബനോവ്സ്കിയും സ്റ്റാറ്റിസ്റ്റിഷ്യൻ അനറ്റോലി സെലെൻറ്സോ​വുമായി ചേർന്ന് മൈതാനത്തെ സ്പേസ് ഉപയോഗിക്കുന്നത് സംബന്ധിച്ച് തിയറിയുണ്ടാക്കി. അവരുടെ സ്‌പേസ് സിദ്ധാന്തം ഡച്ചുകാരായ റിനസ് മിഷേൽസും അദ്ദേഹത്തിന്റെ ശിഷ്യൻ ജോഹാൻ ക്രൈഫും പൂർണമാക്കി.

യുക്രെെനിലെ കീവിലുള്ള വലേരി ലോബനോവ്സ്കിയുടെ സ്റ്റാച്ച്യൂ
യുക്രെെനിലെ കീവിലുള്ള വലേരി ലോബനോവ്സ്കിയുടെ സ്റ്റാച്ച്യൂ

ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുക എന്നതിൽ മിഷേൽസ് വിശ്വസിച്ചിരുന്നു. 1965 ൽ അദ്ദേഹം അജാക്സിന്റെ പരിശീലകനായി. നെതർലാൻഡിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും സമുദ്രനിരപ്പിനുതാഴെ സ്ഥിതി ചെയ്യുന്നതിനാൽ, ഡച്ചുകാർക്ക് സ്ഥലം വളരെ വിലപ്പെട്ട ഒന്നാണ്. നൂറ്റാണ്ടുകളായി, ഡച്ചുകാർ ഭൂവിനിയോഗ ആസൂത്രണത്തിനായി സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ‘ദൈവം ലോകത്തെ സൃഷ്ടിച്ചു, ഡച്ചുകാർ ഹോളണ്ടിനെയും’ എന്ന പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്; കനാലുകൾ, അണക്കെട്ടുകൾ എന്നിവയുടെ കൃത്യമായ ശൃംഖലയിലൂടെ ഡച്ചുകാർ കടലിൽ നിന്ന് കരകൾ തിരിച്ചുപിടിച്ചു എന്നതാണ്. സ്ഥലവിനിയോഗത്തിന്റെ ഈ ഡച്ച് സാമ്പത്തികശാസ്ത്രം മിഷേൽസ് ഫുട്ബോളിലേക്ക് പറിച്ചുനട്ടു. ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഫലപ്രദമായി കളിസ്ഥലം മാറ്റാൻ കഴിയുമെന്ന് മിഷേൽസ് സിദ്ധാന്തവത്കരിച്ചു. പന്ത് കൈവശമുള്ളപ്പോൾ മൈതാനം വലുതാക്കി ഉപയോഗിക്കുവാനും, കൈമോശം വന്നാൽ സ്പേസ് ചുരുക്കാനും അജാക്സും, ഡച്ച് ദേശീയ ടീമും ശ്രദ്ധിച്ചു.

സോവിയറ്റുകൾ തിരശ്ചീനമായ പൊസിഷൻ കൈമാറ്റത്തിനും, ഒഴുക്കിനും പ്രാധാന്യം കൊടുത്തപ്പോൾ മിഷേൽസിന്റെ ഭാവനയിൽ എല്ലായിടത്തുമുള്ള പരസ്പര പൊസിഷൻ കൈമാറ്റമായിരുന്നു. 11 പേരും സാധ്യമായ എല്ലാ റോളുകളിലേക്കും വരാവുന്ന പൂർണമായ ക്രമരാഹിത്യമായിരുന്നു ടോട്ടൽ ഫുട്ബോൾ. അതിൽ പക്ഷെ വ്യക്തിപരമായ വിസ്‌ഫോടനങ്ങൾക്കുള്ള താഴ്‌വാരവും മിഷേൽസ് നൽകി. പൈതഗോറിയൻ ബൂട്ടുള്ള ജോൺ ക്രൈഫ് അടക്കമുള്ള താരങ്ങളുമായ് ടോട്ടൽ ഫുട്ബോൾ അശ്വമേധമാരംഭിച്ചു.

അത്യന്തം തിളച്ചു മറിയുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിൽ അജാക്സും, ഡച്ച് ദേശീയ ടീമും അന്നുവരെ കണ്ടിട്ടില്ലാത്ത വിപ്ലവാത്മകമായ കാൽപ്പന്തുകളി കാഴ്ചവെച്ചു
അത്യന്തം തിളച്ചു മറിയുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിൽ അജാക്സും, ഡച്ച് ദേശീയ ടീമും അന്നുവരെ കണ്ടിട്ടില്ലാത്ത വിപ്ലവാത്മകമായ കാൽപ്പന്തുകളി കാഴ്ചവെച്ചു

അതേസമയം, ആംസ്റ്റർഡാമിൽ ആരംഭിച്ച കൗണ്ടർ കൾചർ പ്രസ്ഥാനം ഡച്ച് യുവതയെ പിടിച്ചുകുലുക്കി. പുകയില വിരുദ്ധ കാമ്പയിൻ എന്ന നിലയിൽ ആരംഭിച്ച വിദ്യാർത്ഥി - കമ്യൂണിസ്റ്റ്‌ പ്രതിഷേധങ്ങൾ ഉപഭോഗ സംസ്കാരത്തിനെതിരെ, യാഥാസ്ഥിതിക്കെതിരെ, ഫാഷിസത്തിനെതിരെ, വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള വൻ പ്രക്ഷോഭമായി മാറി. അത്യന്തം തിളച്ചു മറിയുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിൽ അജാക്സും, ഡച്ച് ദേശീയ ടീമും അന്നുവരെ കണ്ടിട്ടില്ലാത്ത വിപ്ലവാത്മകമായ കാൽപ്പന്തുകളി കാഴ്ചവെച്ചു. 1972 ലും 1973 ലും ടോട്ടൽ ഫുട്ബോൾ അതിന്റെ ആന്റി തിസീസ്​ ആയ കാറ്റനോചിയയെ കീഴ്പ്പെടുത്തി യൂറോപ്പിൽ വെന്നിക്കൊടി നാട്ടി.

കാൽപ്പന്തുകളിയുടെ തത്വചിന്തകൾ അതാതു കാലത്തിനോടുള്ള പ്രതിഫലനമായി വേണം നാം കാണാൻ. ടിക്കി ടാക്കയിൽ ടോട്ടൽ ഫുട്ബോളിന്റെ, വലേരിയുടെ സയൻസ് ഒക്കെയും തെളിഞ്ഞുകാണാം. ജർമനിയുടെ ഉയർന്ന കേളിശൈലി എന്നും പ്രയോഗികതയുടെയും ഉയർന്ന കാര്യക്ഷമതയെയും തൊടുന്നതാണ്. രാഗ്നിക്കിന്റെ ജീജൻ പ്രെസ്സിങ് ആണ് ആധുനിക ജർമനിയുടെ യു.എസ്.പി. അതിലും തെളിഞ്ഞുകാണുന്നത് വലേരിയുടെ സയൻസ് തന്നെയാണ്.

കാൽപ്പന്തുകളി എന്നും ജനങ്ങളെ തൊട്ടുനില്കുന്നു. അതുകൊണ്ടുതന്നെ അവർ കടന്നുപോവുന്ന വളവുകളും തിരിവുകളും കാൽപ്പന്തുകളിയെയും സ്വാധീനിക്കും. പരസ്പരം കൊണ്ടും കൊടുത്തും നിൽക്കുന്ന ജൈവികമായതെന്തോ, അത്​ മനുഷ്യരും കാല്പന്തുകളിയും തമ്മിലുണ്ട്. അടിച്ചമർത്തലുകളുടെ കാലത്ത് പ്രതീക്ഷയുടെ വിളക്കായും, പ്രതിരോധത്തിന്റെ നേരത്ത് എരിയുന്ന സമരമായും കാൽപ്പന്തുകളി മാറിയത് ചരിത്രം. ജീവിതത്തിനും മരണത്തിനും അപ്പുറത്താണത്. അതിനോടൊപ്പം ഒഴുകുക, എല്ലാത്തിനുമപ്പുറം കാല്പന്തുകളിയെ ആസ്വദിക്കുക. സ്വയമറിയുക. ▮

Reference​ : Inverting The Pyramid: The History of Soccer Tactics, Jonathan Wilson. https://thesefootballtimes.co/2017/03/06/how-society-and-politics-gave-us-catenaccio-and-total-football/ https://engelsbergideas.com/notebook/total-football-from-catenaccio-to-gegenpressing-its-about-openness-to-ideas/

​​


ഹരികുമാർ സി.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ ഡിപ്പാർട്ടുമെൻറ്​ ഓഫ്​ കൊമേഴ്​സ്​ ആൻറ്​ മാനേജുമെൻറ്​ സ്​റ്റഡീസിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. സ്​പോർട്​സ്​ വിഷയങ്ങളിൽ പഠനം നടത്തുന്നു.

Comments