യൂറോപ്പിന്റെ ഫിസിക്കൽ ഫുട്‌ബോളിന് അർജന്റീന ബദലായതെങ്ങനെ ?

കാൽപ്പന്തുകളി കൊളോണിയൽ ബ്രിട്ടന്റെ വിശാലമായ പുൽമേടുകളിൽ രൂപം കൊണ്ട, അച്ചടക്കമുള്ള, കരുത്തുറ്റ, ശാസ്ത്രീയമായ, ഫുട്ബോൾ അല്ലെന്നും, മറിച്ച്​ തങ്ങൾക്ക് തങ്ങളുടേതായ ഒരു ‘അർജന്റീനിയൻ' ശൈലിയുണ്ടെന്നും അവർ വാദിച്ചു. ആ ശൈലി തങ്ങളുടെ ഇടുങ്ങിയതും തിരക്കേറിയതുമായ ചേരികളിൽ, തെരുവോരങ്ങളിൽ, ഗലികളിൽ രൂപം കൊണ്ടതാണെന്നും, അവയുടെ നിയമങ്ങൾ ജൈവികവും നൈസർഗികവും കൗശലം നിറഞ്ഞതും ആനന്ദം പകരുന്നതുമായ ഒന്നാണെന്നും അവർ പറഞ്ഞുവെച്ചു.

മെഡീവൽ കാലത്തെ ബ്രിട്ടനിലെ മോബ് ഗെയിമായിരുന്നു, തുടക്കത്തിലെ കാൽപ്പന്തുകളി. 1800 കളുടെ തുടക്കത്തിൽ സ്കൂളുകളിലൂടെ, ക്ലബ്ബുകളിലൂടെ അത് ബ്രിട്ടനിലെമ്പാടും പടർന്നുപന്തലിച്ചു. 1863 -ൽ കളിനിയമങ്ങളിൽ തീർപ്പ് വന്നതോടെ, "വ്യക്തിപരമായ ഡ്രിബ്ലിങ്ങിൽ' അടിസ്ഥാനമാക്കിയ ഒരു ‘ഇംഗ്ലീഷ് ശൈലി' ഉയർന്നുവന്നു. പാസ്സിങ്ങോ ടീംവർക്കോ ഇല്ലാതെ ടീമുകൾ പന്തിനെ പിന്തുടരുക മാത്രമായിരുന്നു ആ രീതിയെന്ന് എഴുത്തുകാരൻ ജോനാഥാൻ വിൽ‌സൺ അഭിപ്രായപ്പെടുന്നു.

1872 ൽ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇംഗ്ലണ്ട് സ്​കോട്ട്​‍ലാന്റുമായി ഏറ്റുമുട്ടി. ‘ഫിസിക്കൽ - അഗ്രസീവ്​ ഗെയി’മിൽ ഊറ്റം കൊണ്ട ഇംഗ്ലണ്ടിനെ പാസ്സിംഗ് ഗെയിം കൊണ്ട് നേരിട്ട് സ്​കോട്ട്​ലാൻറ്​, ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ടാക്ടിക്കൽ മാറ്റം കൊണ്ടുവന്നു. തടിമിടുക്കും തിണ്ണമിടുക്കും കാട്ടാനെത്തിയ ഇംഗ്ലണ്ടിനെ സ്​കോട്ട്​ലാൻറ്​ ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തി.

ആദ്യകാല ഇംഗ്ലിഷ് ഫുട്ബോൾ, പാസിംഗിനെയും ടീം വർക്കിനെയും കഴിവുകേടായും സംശയാസ്പദമായും കണ്ടു. അത് ‘മാൻലി’ അല്ലെന്നും അവർ കരുതി. എന്നാൽ, 1883 ലെ എഫ്.എ. കപ്പിൽ ഓൾഡ് ഇട്ടോണിയൻ ക്ലബ്ബിനെ, തൊഴിലാളികളുടെ ടീമായ ബ്ലാക്ബേൺ തോല്പിച്ചത് അവരുടെ കോമ്പിനേഷൻ ഗെയിം കൊണ്ടായിരുന്നുവെന്നത് ഇംഗ്ലീഷ് ഫുട്ബോളിൽ വീണ്ടുവിചാരമുണ്ടാക്കി.

1883 ലെ എഫ്.എ കപ്പിൽ ജേതാക്കളായ ബ്ലാക്‌ബേൺ ഫുട്‌ബോൾ ടീം
1883 ലെ എഫ്.എ കപ്പിൽ ജേതാക്കളായ ബ്ലാക്‌ബേൺ ഫുട്‌ബോൾ ടീം

‘സൂര്യനസ്തമിക്കാത്ത’ ബ്രിട്ടീഷ് സാമ്രാജ്യം ലോകം മുഴുവൻ വാണിജ്യബന്ധം സ്ഥാപിച്ചെങ്കിലും 1880 -കളിൽ അവരുടെ വിദേശനിക്ഷേപത്തിന്റെ 20% വും സൗത്ത് അമേരിക്കയിലായിരുന്നു. 1890 കളിൽ 45,000 ലധികം ബ്രിട്ടീഷുകാർ ലാറ്റിനമേരിക്കയിൽ താമസമായി, പ്രകൃതിവിഭവങ്ങളേയും മനുഷ്യരെയും അവർ ചൂഷണം ചെയ്തെങ്കിലും തദ്ദേശീയർക്കുപകരം അവർ കാൽപ്പന്തുകളി കൈമാറി. യൂറോപ്പിലാവട്ടെ എവിടെയൊക്കെ ബ്രിട്ടീഷ് കമ്യൂണിറ്റിയുണ്ടോ അവിടെയൊക്കെയും ഫുട്ബോളും പറിച്ചു നടപ്പെട്ടു. ഹങ്കറി തലസ്ഥാനമായ ബുഡാപ്പെസ്റ്റിൽ 1885 ൽ ഉജ്പേസ്റ്റ് എന്ന ക്ലബ്‌ നിലവിൽ വന്നു, എം. ടി. കെ, ഫെറെൻസിരാവോസ് ക്ലബ്ബുകൾ പിന്നാലെയും.

ഡാന്യുബ് സ്കൂൾ

ഐറിഷ് വംശജനായ ഇംഗ്ലീഷുകാരൻ ജിമ്മി ഹോഗൻ, കായികക്ഷമതക്കപ്പുറം കാല്പന്തുകളിയുടെ സാങ്കേതികതയിൽ വിശ്വസിച്ച ഒരാളായിരുന്നു. സ്‍കോട്ട്‌ലൻഡിന്റെ കോമ്പിനേഷൻ ഗെയിമിന്റെ വിദ്യാർഥിയായിരുന്ന ഹോഗന്റെ മധ്യയൂറോപ്പിലേക്കുള്ള യാത്ര ഫുട്ബോൾ തത്വചിന്തയിൽ വലിയ വഴിത്തിരിവുണ്ടാക്കി. 1912 ൽ ജെയിംസ് ഹൗക്രോഫ്റ്റ് എന്ന സുഹൃത്ത് വഴി ഹോഗൻ, ഹ്യൂഗോ മെയ്സിലുമായി ഒത്തുചേർന്നു. 1881 ൽ ബോഹേമിയയിൽ ജനിച്ച ഹ്യൂഗോ മെയ്സിൽ ഓ സ്ട്രിയൻ ഫുട്ബോൾ ഫെഡറേഷന്റെ ഫണ്ട്‌ റൈസറായും പിന്നീട് അവരുടെ ദേശീയ കോച്ചായും സേവനമനുഷ്ഠിച്ചു.

ഐറിഷ് വംശജനായ ഇംഗ്ലീഷുകാരൻ ജിമ്മി ഹോഗൻ കായികക്ഷമതക്കപ്പുറം കാല്പന്തുകളിയുടെ സാങ്കേതികതയിൽ വിശ്വസിച്ച ഒരാളായിരുന്നു
ഐറിഷ് വംശജനായ ഇംഗ്ലീഷുകാരൻ ജിമ്മി ഹോഗൻ കായികക്ഷമതക്കപ്പുറം കാല്പന്തുകളിയുടെ സാങ്കേതികതയിൽ വിശ്വസിച്ച ഒരാളായിരുന്നു

ഹോഗന്റെയും മെയ്സിലിന്റെയും ഒത്തുചേരൽ കാൽപന്തുകളിയിലെ വിഖ്യാതമായ ഡാന്യുബ് സ്കൂളിന് തിരികൊളുത്തി. യൂറോപ്പിന്റെ രാഷ്ട്രീയ വിപ്ലവചരിത്രങ്ങളൊക്കെ കണ്ടൊഴുകിയ, മാറിമാറിവന്ന സാമ്രാജ്യങ്ങളുടെ കുതിപ്പും കിതപ്പും കണ്ട ചരിത്രനദിയുടെ തീരത്ത് രണ്ട് സഞ്ചാരികൾ, ടീം വർക്കിലും ടെക്​നിക്കിലും വേഗമാർന്ന പാസ്സിംഗിലും കൂട്ടുചേർത്ത് ഒരു തത്വചിന്ത വളർത്തിയെടുത്തു. അത് ഫുട്ബോളിനെ അതിസങ്കീർണമായ പാറ്റേണുകളടങ്ങിയ കലാരൂപമാക്കി മാറ്റി.

ഇംഗ്ലണ്ടിനെ അപേക്ഷിച്ച്​, കാൽപ്പന്തുകളിയെ മധ്യയൂറോപ്പിലെ അർബൻ തൊഴിലാളികൾ ഏറ്റെടുത്തത് ഗതിവേഗത്തിലായിരുന്നു. അതോടൊപ്പം പ്രേഗിലേയും വിയന്നയിലെയും ബുഡാപെസ്റ്റിലേയും ബുദ്ധിജീവികളും കളിയുടെ സൗന്ദര്യാത്മകയെകുറിച്ച് സംസാരിച്ചു. മധ്യയൂറോപ്പിൽ പന്തലിച്ച കോഫീ ഷോപ്പ് സംസ്കാരം അതിന് ഊടും പാവും നൽകി. കളിമികവുകൊണ്ട് പേപ്പർമാൻ എന്ന് വിളിക്കപ്പെടുന്ന അനശ്വര രക്തസാക്ഷി സാക്ഷാൽ മതിയാസ് സിനഡ്​ലർ നയിച്ച ഓസ്​ട്രിയൻ ടീമിനെ അന്ന് ലോകം ‘വണ്ടർ ടീം' എന്ന് പേര് നൽകി. തളിർത്തു തുടങ്ങിയ ഡാന്യുബിയൻ ഫുട്ബോൾ ഫിലോസഫി പക്ഷെ ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് പതിയെ മങ്ങിനിന്നു.

1914-1921 വരെയുള്ള കാലയളവിൽ ജിമ്മി ഹോഗൻ ബുഡാപെസ്റ്റിൽ എം. ടി. കെ യുടെ കോച്ചായിരുന്നു. കുറിയ പാസുകൾ, നിരന്തരമായ മൂവ്മെ​ൻറ്​, പൊസിഷനുകളുടെ പരസ്പര കൈമാറ്റം- ഈ തത്വങ്ങളായിരുന്നു ഹോഗന്റെ നട്ടെല്ല്. 1927 ൽ ഹോഗൻ രാജ്യം വിട്ടുപോയെങ്കിലും ബുകൊവിയെന്ന പുതിയ കോച്ച് ഇതേ ആശയം മുന്നോട്ട് വെച്ചു. യുദ്ധാനന്തരം 1945ൽ സോവിയറ്റ് യൂണിയൻ ജർമനിയെ തുരത്തിയോടിച്ചു. ദേശീയത പൂത്തുലഞ്ഞു, ഫുട്ബോളിലും അത് കണ്ടു. പുതിയ ഗവണ്മെൻറ്​ ഗുസ്താവ് സെബസെന്ന പുതിയ കോച്ചിനെ ഹങ്കേറിയൻ ഫുട്ബോളിന്റെ ചുമതലയേൽപ്പിച്ചു. സെബസ് അടിയുറച്ച കമ്യൂണിസ്റ്റ്‌ ആയിരുന്നു. 1920കളിൽ വേതനസമരം നടത്തിയ, പാരിസ് ലെ റിനൾട് ഓഫീസിൽ അവകാശപോരാട്ടം നയിച്ച ഒന്നാംതരം ട്രേഡ് യൂണിയൻ നേതാവായിരുന്നു സെബസ്. ഹോഗന്റെ ആശയധാരയിൽ വിരിഞ്ഞ്​, ബുകോവിയും മാണ്ടിയും സംവദിച്ച സെബിസിന്റെ ഹങ്കറി അത്യുന്നമായ കളി കെട്ടഴിച്ചുവിട്ടു. 1950കളുടെ ആദ്യപകുതി ലോകം മാന്ത്രികരായ മഗ്യാറുകളുടെ ഹിപ്​നോട്ടിക്​ ഗെയിമിൽ അമ്പരന്നുനിന്നു.

ഫുട്ബോൾ മൈതാനത്തടക്കം ലോകത്തെല്ലായിടത്തും നടന്നിരുന്ന കാപിറ്റലിസ്റ്റ് - സോഷ്യലിസ്റ്റ് പോരാട്ടങ്ങളിൽനിന്നൂർജം സംഭരിച്ച്​ മഗ്യാറുകൾ വിജയങ്ങളിൽ നിന്ന്​ വിജയങ്ങളിലേക്ക് കുതിച്ചു. 1863 മുതൽ വെംബ്ലയിൽ ബ്രിട്ടീഷ് ദ്വീപുകൾക്ക് വെളിയിലുള്ളവരോട് തോറ്റിട്ടില്ലാത്ത ഇംഗ്ലണ്ടിനെ നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ മഗ്യാറുകൾ 6-2 നും 7-1 നും തകർത്തുവിട്ടു. 1950-54 കാലത്ത്​ 42 വിജയങ്ങൾ, 7 സമനില, ബേണിൽ അത്ഭുതമാച്ചിൽ ജർമനിയോടേറ്റ ഒരേയൊരു പരാജയം... മഗ്യാറുകൾ വേറെയൊതോ കാലത്തെ കളി അന്ന് കാഴ്ചവെച്ചു. സ്കോട്ടിഷ് കോമ്പിനേഷൻ ഗെയിമിനോടൊപ്പം കമ്യൂണിസ്റ്റ്‌ ആശയമായ ‘കൂട്ടായ്മയും' ഹംഗറിയുടെ കളിയിൽ തെളിഞ്ഞുനിന്നു.

ലാറ്റിൻ താളഭേദങ്ങൾ 'ഉറുഗ്വൻ മിസ്റ്റിക് പ്രതിരോധം

ലാറ്റിനമേരിക്കയിലും സമാനമായി ഫുട്ബോൾ വളരുകയായിരുന്നു. സാങ്കേതികയിലൂന്നിയതെങ്കിലും, ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫിലോസഫി വ്യക്തികളുടെ ആത്മപ്രകടനങ്ങൾ ആഘോഷിച്ചു. ഉറൂഗ്വേയിലും അർജന്റീനയിലും തുടക്കത്തിലുണ്ടായിരുന്ന ഇംഗ്ലീഷ് സ്വാധീനം പിൽക്കാലത്ത്​ സ്പാനിഷ്- ഇറ്റാലിയൻ കുടിയേറ്റങ്ങൾക്കും അതിന്റെ ചായക്കൂട്ടുകൾക്കും ഇടം നൽകി. ഉറുഗ്വൻ കവിയും ജേർണലിസ്റ്റുമായ എഡ്വാർഡോ ഗലീനോ അഭിപ്രായപ്പെടുന്നത്, ലാറ്റിനമേരിക്കൻ കാൽപ്പന്തുചന്തം വസന്തത്തെ തൊട്ടത് ചേരികളിലായിരുന്നു എന്നാണ്. ഇടുങ്ങിയ തെരുവിൽ, പന്തിനെ അടിച്ചകറ്റാതെ, ചേർത്തുനിർത്തി, കാലുകളും കാല്പന്തും നിശ്ശബ്ദം, നിഷ്കളങ്ക ഭാഷയിൽ പ്രണയം കൈമാറിയത്രേ.

ഉറൂഗ്വേയുടെ കാല്പന്തുകളി ശൈശവത്തിൽ തന്നെ സംഘടിതമായിരുന്നു. വളരെ പെട്ടെന്ന് അവർ നേട്ടങ്ങൾ കൊയ്തു. പാസ്സിംഗിലും പ്രതിരോധത്തിലും അവർ ഊന്നൽ നൽകി. 1920കളിൽ ഉറുഗ്വായ്​, യൂറോപ്യൻ സൗഹൃദമത്സരങ്ങളിൽ തേരോട്ടം നടത്തി. തുടർച്ചയായി ഒമ്പതു മത്സരങ്ങൾ വിജയിക്കുകയും, 1924 ലെ ഒളിമ്പിക്സ് സ്വർണമെഡൽ നേടുകയും ചെയ്തു. ഉറുഗ്വൻ ഫുട്ബോളിന്റെ ആത്മാവ് യഥാർത്ഥത്തിൽ ‘la garra charrúa’ (‘ചാർറുവയുടെ നഖം') എന്ന പ്രയോഗമാണ്. ഗോത്രവിഭാഗത്തിന്റെ ഒരിക്കലും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യമാണ് ഉറുഗ്വൻ കാല്പന്തുകളിയുടെ സത്ത. 1930 ലോകകപ്പും പിന്നീട് 1950ലെ വിഖ്യാതമായ മറക്കാനോസ് വിജയവും നേടാൻ അവരെ സഹായിച്ചത് അവരുടെ മനോഭാവത്തിലലിഞ്ഞ ഈ പോരാട്ടവീര്യമാണ്.

 Photo: Wikimedia Commons
Photo: Wikimedia Commons

മറക്കാനോയിൽ അന്ന് ബ്രസീൽ ആദ്യഗോൾ നേടിയപ്പോൾ, കാതടിപ്പിക്കുന്ന ആർപ്പുവിളികൾക്കിടയിൽ ‘കറുത്ത ചീഫ്’ എന്നറിയപ്പെടുന്ന ഉറുഗ്വൻ കപ്പിത്താൻ വരേല, ഫൈനൽ ദിനം രാവിലെ കണ്ട പത്രത്തിൽവരെ, ഇവരാണ് ഇന്നത്തെ കളിയിൽ ജയിക്കാൻ പോവുന്ന ലോകചാമ്പ്യൻമാർ എന്ന് ബ്രസീൽ ടീമിന്റെ ചിത്രം അച്ചടിച്ചുവന്നത് കണ്ട്​, തനിക്ക് പറ്റാവുന്നത്രയും പത്രങ്ങൾ സ്വന്തം കാശു കൊടുത്ത് വാങ്ങി, കളിക്കുമുൻപ് അതേ പത്രങ്ങളിൽ തന്റെ കളിക്കാരോട് മൂത്രമൊഴിക്കാൻ പറഞ്ഞ വരേല, യുദ്ധവീര്യം പൂണ്ട ആ വരേല ടീമിനെ മുന്നിൽ നിന്ന്​ നയിച്ചപ്പോൾ ഉറുഗ്വൻ മിസ്റ്റിക് പ്രതിരോധം സട കുടഞ്ഞെഴുന്നേറ്റതും മധ്യനിരക്കാർ മെല്ലെ കളി പിടിച്ചതും ബ്രസീൽ തകർന്നുപോയതും ചരിത്രം.

അർജൻറീനയുടെ 'ലാ നുയേസ്ട്രാ '

1884 ൽ അലക്സാണ്ടർ വാട്സൺ ഹുട്ടൺ ആണ് അർജന്റീനൻ തീരത്ത് ആദ്യമായി ഫുട്ബോൾ കൊണ്ടുവരുന്നത്. La nuestra അഥവാ തനത് ശൈലി അർജന്റീനൻ ഫുട്ബോളിനുമുണ്ട്. അച്ചടക്കമുള്ള, വിശാലമായ യൂറോപ്യൻ, ഫിസിക്കൽ ഫുട്ബോളിന് അർജന്റീനൻ ബദൽ. വർഷകാലത്തെ ആകാശംപോൽ ഒളിഞ്ഞതും ഇടക്ക് തെളിഞ്ഞതുമായിരുന്നു അർജന്റീനയുടെ രാവുകൾ. 1920 കളിൽ അർജന്റീന അതിന്റെ സ്വത്വബോധം തേടിയപ്പോൾ, വ്യത്യസ്ത ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരുക്കം ചില കാര്യങ്ങളിലൊന്ന്​ കാൽപ്പന്തുകളിയായിരുന്നു. 1920 കളിൽ പ്രസിദ്ധമായ എൽ ഗ്രാഫിക്കോയിൽ അർജന്റീനൻ കാൽപ്പന്തുകളി ഐഡന്റിറ്റിയെ പറ്റി വലിയ ചർച്ചകൾ നടന്നു. അവരുടെ കാൽപ്പന്തുകളി കൊളോണിയൽ ബ്രിട്ടന്റെ വിശാലമായ പുൽമേടുകളിൽ രൂപം കൊണ്ട, അച്ചടക്കമുള്ള, കരുത്തുറ്റ, ശാസ്ത്രീയമായ, ഫുട്ബോൾ അല്ലെന്നും, മറിച്ച്​ തങ്ങൾക്ക് തങ്ങളുടേതായ ഒരു ‘അർജന്റീനിയൻ' ശൈലിയുണ്ടെന്നും അവർ വാദിച്ചു. ആ ശൈലി തങ്ങളുടെ ഇടുങ്ങിയതും തിരക്കേറിയതുമായ ചേരികളിൽ, തെരുവോരങ്ങളിൽ, ഗലികളിൽ രൂപം കൊണ്ടതാണെന്നും, അവയുടെ നിയമങ്ങൾ ജൈവികവും നൈസർഗികവും കൗശലം നിറഞ്ഞതും ആനന്ദം പകരുന്നതുമായ ഒന്നാണെന്നും അവർ പറഞ്ഞുവെച്ചു.

"ബുദ്ധിമാൻ, തന്ത്രശാലി, ആകർഷകമായ കണ്ണുകളിലെ തിളങ്ങുന്ന നോട്ടം, കൗശലചിരി, ചീകി വെക്കാതെ നെറ്റിയിലേക്ക് വീഴുന്ന ചുരുണ്ട മുടി, അലഞ്ഞു തിരിയുന്ന കുഞ്ഞരി പല്ലുള്ള ഒരു വികൃതിപ്പയ്യൻ... കണ്ടം വെച്ചുചേർത്ത പാന്റും, അയഞ്ഞ കുപ്പായവും, ഓട്ടയുള്ള ഷൂവും പന്തുമായി ഒരു കുസൃതിക്കാരൻ.'- 1928 ൽ ബോരോകോട്ടയെന്ന എൽ ഗ്രാഫിക്കോ എഡിറ്റർ അർജന്റീനൻ ഗെയിമിന്റെ ആത്മാവിനെ ഇങ്ങനെ ആവിഷ്കരിച്ചു. അച്ചടക്കമുള്ള, എലൈറ്റ് ബ്രിട്ടീഷ് ഫുട്ബോളിന് അർജന്റീനയുടെ ‘ജൈവികമായ ഫുട്ബോൾ' എന്ന മറുപടി. "പൈബ്’ എന്ന അച്ചടക്കമില്ലാത്ത വികൃതിപ്പയ്യൻ അങ്ങനെ അർജന്റീനൻ ഫുട്ബോളിന്റെ ആത്മാവായി.

അർജന്റീനയുടെ കാല്പനികമായ കാല്പന്തുകളിയെ പെറോൺ ഗവണ്മെൻറ്​ രാഷ്ട്രീയമായി ഉപയോഗിച്ചുവെങ്കിലും ‘ഡാന്യുബിയൻ സ്കൂളി’ലെ ചെക്കോസ്ലോവാക്യയുമായി സ്വീഡനിൽ വെച്ച് അർജന്റീന ഏറ്റുമുട്ടി, 6-1 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. അർജന്റീനൻ ഫുട്ബോൾ പുനർചിന്തനത്തിന് വിധേയമായി, രാഷ്ട്രീയ സാഹചര്യമാവട്ടെ, പട്ടാള അട്ടിമറിയിലൂടെ മിലിറ്ററി ജുന്റയായിരുന്നു. പ്രതിരോധത്തിന്​ പ്രാധാന്യം നൽകി, വയലൻസ് നിറഞ്ഞ, ആവശ്യമെങ്കിൽ കളിനിയമം വളയ്ക്കാ​വുന്ന അൾട്രാ പ്രായോഗിക ഫുട്ബോളിലേക്ക് അർജന്റീന തിരിഞ്ഞുനടന്നു. പിന്നീട് 1986 ൽ അർജന്റീന സാക്ഷാൽ മറഡോണയിലൂടെ അവരുടെ ‘പൈബിനെ’, അഥവാ ആത്മാവിനെ കണ്ടത്തി.


Summary: കാൽപ്പന്തുകളി കൊളോണിയൽ ബ്രിട്ടന്റെ വിശാലമായ പുൽമേടുകളിൽ രൂപം കൊണ്ട, അച്ചടക്കമുള്ള, കരുത്തുറ്റ, ശാസ്ത്രീയമായ, ഫുട്ബോൾ അല്ലെന്നും, മറിച്ച്​ തങ്ങൾക്ക് തങ്ങളുടേതായ ഒരു ‘അർജന്റീനിയൻ' ശൈലിയുണ്ടെന്നും അവർ വാദിച്ചു. ആ ശൈലി തങ്ങളുടെ ഇടുങ്ങിയതും തിരക്കേറിയതുമായ ചേരികളിൽ, തെരുവോരങ്ങളിൽ, ഗലികളിൽ രൂപം കൊണ്ടതാണെന്നും, അവയുടെ നിയമങ്ങൾ ജൈവികവും നൈസർഗികവും കൗശലം നിറഞ്ഞതും ആനന്ദം പകരുന്നതുമായ ഒന്നാണെന്നും അവർ പറഞ്ഞുവെച്ചു.


ഹരികുമാർ സി.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ ഡിപ്പാർട്ടുമെൻറ്​ ഓഫ്​ കൊമേഴ്​സ്​ ആൻറ്​ മാനേജുമെൻറ്​ സ്​റ്റഡീസിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. സ്​പോർട്​സ്​ വിഷയങ്ങളിൽ പഠനം നടത്തുന്നു.

Comments