ഖത്തർ ലോകകപ്പും യൂറോപ്പും : സ്വവർഗ്ഗഭീതി അറേബ്യൻ ലോകത്തിന്റെ മാത്രം പ്രശ്‌നമോ

യൂറോപ്പിലെ ഗാലറികളിൽ നിന്നും വെള്ളക്കാരല്ലാത്ത താരങ്ങൾ നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളും വിരളമല്ല. 2021ൽ അരങ്ങേറിയ യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയ സഞ്ചോ, റാഷ്‌ഫോർഡ്, സാക്ക എന്നിവർക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം, റയൽ മാഡ്രിഡ് ക്ലബ്ബിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിനീഷ്യസ് ജൂനിയർ 2022ൽ നേരിട്ട വംശീയാവഹേളനവുമൊക്കെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങൾ മാത്രമാണ്.

Truecopy Webzine

രു കളിയെന്നതിനപ്പുറം ഫുട്ബോൾ രാഷ്ട്രീയപ്രകടനങ്ങളുടെ കൂടി വേദിയാണ്. പല കാലങ്ങളിൽ അത്തരം രാഷ്ട്രീയപ്രമേയങ്ങൾ കൊണ്ട് ഫുട്ബോൾ മത്സരങ്ങളും മൈതാനങ്ങളും ചൂടുപിടിച്ചിരുന്നതായി കാണാം. ചരിത്രപരമായ വൈരങ്ങളുടെ ഭാഗമായി പോലും ഫുട്ബോൾ മത്സരങ്ങൾ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഭരണകൂടങ്ങൾ പോലും ഫുട്ബോൾ മത്സരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഫോക്ക്‌ലാന്റ് ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുണ്ടായ യുദ്ധം ഇന്നും നിലനിൽക്കുന്നത് ഇരുവരും തമ്മിൽ ഫുട്ബോളിൽ ഏറ്റുമുട്ടുമ്പോഴാണെന്ന് കാണാം.

ഖത്തർ ലോകകപ്പും രാഷ്ട്രീയമായി ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്ന ലോകകപ്പാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോട് ഐക്യപ്പെട്ട് നെതർലന്റിൽ നിന്നാരംഭിച്ച "വൺ ലവ്' ക്യാമ്പയിന്റെ ഭാഗമായി, മഴവിൽ നിറത്തിലുള്ള ആം ബാൻഡ് അണിയാൻ പത്തോളം ടീമുകൾ ഫിഫയോട് അനുമതി ചോദിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് മുൻ ഖത്തർ ഫുട്ബോൾ താരവും ഖത്തർ ലോകകപ്പിന്റെ അംബാസിഡർമാരിൽ ഒരാളുമായ ഖാലിദ് സൽമാൻ ലോകകപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു ജർമൻ ബ്രോഡ്കാസ്റ്റർക്ക് നൽകിയ അഭിമുഖത്തിൽ 'സ്വവർഗലൈംഗികത മാനസികപ്രശ്‌നമാണ്' എന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നത്. ഇത് വലിയ ചർച്ചകളിലേക്കാണ് നയിച്ചത്. ഫുട്ബോൾ, മതം, ലൈംഗികത, മനുഷ്യാവകാശം മുതലായവയെല്ലാം ഇവിടെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. ചർച്ചകളിലെ തീവ്രപക്ഷം, സ്വവർഗലൈംഗികത കുറ്റമായി പ്രഖ്യാപിച്ചിട്ടുള്ള ഖത്തറിനെതിരെ "ബോയ്ക്കോട്ട് ഖത്തർ' ഉൾപ്പെടെയുള്ള കാമ്പയിനുകളും ഏറ്റെടുത്തുകഴിഞ്ഞു. ഉറവിടവും ഉള്ളടക്കവും യൂറോപ്പായ വിദ്വേഷപ്രചരണമാണ് ഇതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ബുക്കായോ സാക്ക, റാഷ്‌ഫോർഡ്, ജാദോൺ സാഞ്ചോ, വിനീഷ്യസ് ജൂനിയർ

ഖത്തറിനെതിരായ യൂറോപ്പിന്റെ വിമർശനങ്ങളെ പ്രശ്‌നവത്ക്കരിക്കേണ്ടിവരുന്നത് അതിലടങ്ങിയിട്ടുള്ള മൂന്നാംലോക ജനതയെ അപരവത്ക്കരിക്കുന്ന യൂറോകേന്ദ്രിത നോട്ടങ്ങൾ മൂലമാണ്. യൂറോപ്യൻ ആധുനികത നിർവ്വചിച്ച മാനുഷികമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കോളനീകൃത - മൂന്നാംലോകമനുഷ്യരെ അപമാനവീകരിക്കാനും അവരെ "മൃഗീയ'രും "പ്രാകൃതരു'മായി ചിത്രീകരിക്കാനും യൂറോപ്പ് എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെയും അറബ് ജനതക്കെതിരെയുമുള്ള യൂറോപ്യൻ ക്യാമ്പയിനുകളിലും നിഷേധാത്മകമായ ഈ അപരയുക്തി പ്രകടമാണ്.

അറബ് രാഷ്ട്രങ്ങളോടുള്ള യൂറോപ്യൻ വിമർശനങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളത് ലോകകപ്പ് സംഘാടകരും അറബ് ജനതയും പ്രകടിപ്പിക്കുന്ന സ്വവർഗ്ഗഭീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അറബ് ലോകത്തിന്റെ മതാത്മകജീവിതത്തിന്റെ 'കാടത്ത'മാണ് ഈ സ്വവർഗഭീതിയെന്ന് ആരോപിച്ച് അറേബ്യൻ ജനതയുടെ കർതൃത്വത്തെ തന്നെ റദ്ദ് ചെയ്യുന്ന തരത്തിലുള്ള ഏകപക്ഷീയമായ വിമർശനങ്ങളാണ് ഇവയിൽ ഏറെയും

എന്നാൽ, സ്വവർഗ്ഗഭീതി അറേബ്യൻ ലോകത്തിന്റെ മാത്രം പ്രശ്‌നമല്ല. യൂറോപ്യൻ ഫുട്‌ബോൾ സംസ്‌കാരം തന്നെ അടിമുടി ഹോമോഫോബിക്കാണ്. ക്വീർ സമൂഹത്തോട് ഐക്യപ്പെട്ട് മഴവിൽ ഫ്‌ളാഗ് പ്രദർശിപ്പിച്ച ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ യൂറോപ്യൻ ആരാധകർ വലിയ രോഷമായിരുന്നു പ്രകടിപ്പിച്ചത്. മാനവികതയുടെ സ്വയം പ്രഖ്യാപിതകേന്ദ്രമായി നിലകൊള്ളുന്ന യൂറോപ്യൻ ഫുട്‌ബോൾ ടീമുകളുടെ ഡ്രസ്സിംഗ് റൂമുകൾ ഇന്നും ഒരു സ്വവർഗ്ഗാനുരാഗിക്ക് "come out' ചെയ്യാൻ മാത്രം മാനവികമല്ല.

യൂറോപ്പിലെ ഗാലറികളിൽ നിന്നും വെള്ളക്കാരല്ലാത്ത താരങ്ങൾ നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളും വിരളമല്ല. 2021ൽ അരങ്ങേറിയ യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയ സഞ്ചോ, റാഷ്‌ഫോർഡ്, സാക്ക എന്നിവർക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം, റയൽ മാഡ്രിഡ് ക്ലബ്ബിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിനീഷ്യസ് ജൂനിയർ 2022ൽ നേരിട്ട വംശീയാവഹേളനവുമൊക്കെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങൾ മാത്രമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ നിലനിൽക്കെ തന്നെ യൂറോപ്പിനെയും അവിടുത്തെ ഫുട്‌ബോൾ സംസ്‌കാരത്തെയും ഖത്തറടക്കമുള്ള മൂന്നാംലോകത്തിന് സമാനമായി ആരും അപരവത്കരിക്കകയോ 'കാടത്ത'വത്ക്കരിക്കുകയോ ചെയ്യാറില്ല. യൂറോകേന്ദ്രിതമായ ആഗോളവീക്ഷണത്തിന്റെ യുക്തി ആ നിലക്ക് മാത്രമേ പ്രവർത്തിക്കുകയുള്ളു. ഖത്തറിനെതിരായ യൂറോപ്യൻ വിമർശനത്തെ പ്രശ്‌നവത്കരിക്കേണ്ടി വരുന്നതിന്റെ പ്രഥമമായ കാരണം ഇതാണ്.

ഖത്തർ ലോകകപ്പിൽ "നിഷിദ്ധ'ങ്ങളായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഈയടുത്ത് വലിയ പ്രചാരം നേടിയിരുന്നു. സ്വവർഗലൈംഗികത, ഡേറ്റിംഗ്, മദ്യം, 'മാന്യത'യില്ലാത്ത വസ്ത്രം മുതലായ കാര്യങ്ങൾ ഖത്തറിൽ അനുവദിക്കില്ല എന്ന് ഉദ്ഘോഷിച്ച് ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമെന്ന നിലയിലാണ് ആ ലിസ്റ്റ് കുപ്രസിദ്ധി നേടിയത്. പക്ഷേ, അത്തരം ഒരു വിജ്ഞാപനം തങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്ന് ഖത്തർ ഭരണകൂടവും ഫിഫയും പറഞ്ഞതോടെ ആ പ്രചരണം കുബുദ്ധികളുടേതാണെന്ന് തെളിഞ്ഞു. മാത്രമല്ല, നിയന്ത്രങ്ങളുടേതായ ലോകമല്ല ഖത്തർ തുറന്നിടുന്നതെന്നും ആരാധകർക്ക് ഖത്തറിൽ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഖത്തർ ഭരണകൂടം ഉറപ്പുനൽകുകയും ചെയ്തു. പക്ഷേ, ഈ വാർത്ത ഏറ്റവും പ്രചാരം നേടിയത് യൂറോപ്യൻ രാജ്യങ്ങളിലാണ്. ഒരു ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തറിന് കഴിയില്ലെന്നും ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളും 'അപരിഷ്‌കൃത'മാണെന്നും യൂറോപ്പ് വിധിച്ചു. മൂന്നാംലോകത്തെ അപരവത്കരിച്ച്, തങ്ങളുടെ 'മാന്യമായ അപ്രമാദിത്വം' ഉറപ്പിക്കുന്ന യൂറോപ്യൻ യജമാനയുക്തിയാണ് ഇവിടെയും കാണുന്നത്. ഈ യുക്തി അപരവത്കരണത്തിന്റേതാണ്. തദ്ദേശീയമായ വിമർശനങ്ങളുടെയും വിമോചനപോരാട്ടങ്ങളുടെയും കർതൃബോധവും ക്രിയാത്മകതയും അതിനില്ല.
ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം
"വിശുദ്ധ' യൂറോപ്പും ലോകത്തിന്റെ ഫുട്‌ബോളും

Comments