രണ്ട് ദശകങ്ങൾക്കിപ്പുറം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാത്ത ഒരു ബാലൺ ഡി ഓർ (Ballon d'Or 2024) ചുരുക്കപ്പട്ടികയിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തെ തെരഞ്ഞെടുക്കുമ്പോൾ അത് ആരാവുമെന്ന് അറിയാൻ ലോകം വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. കഴിഞ്ഞ ഫുട്ബോൾ സീസൺ കണക്കിലെടുക്കുമ്പോൾ പുരുഷ കളിക്കാരിൽ മൂന്ന് പേരുകളാണ് മുന്നിലുണ്ടായിരുന്നത്. റയൽ മാഡ്രിഡിൻെറ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാം, ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ (Vinicius Junior), മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി (Rpdri). സീസണിലെ ആദ്യപകുതിയിൽ മിന്നുന്ന ഫോമിൽ കളിച്ച ബെല്ലിങ്ങാം പക്ഷേ രണ്ടാം പകുതിയിൽ നിറം മങ്ങിയിരുന്നു. അതിനാൽ അന്തിമ പ്രഖ്യാപനം അടുത്തെത്തിയപ്പോൾ ബെല്ലിങ്ങാം ഒഴിവാക്കപ്പെട്ടു. പിന്നീടുള്ള രണ്ട് പേരുകൾ റോഡ്രിയും വിനീഷ്യസ് ജൂനിയറുമായിരുന്നു. റയൽ മാഡ്രിഡിനെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുകയും ലീഗ് ചാമ്പ്യൻമാരാക്കുകയും ചെയ്ത വിനീഷ്യസിൻെറ പേരിന് അൽപം മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ അവാർഡ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുമ്പ് വിനീഷ്യസിന് പുരസ്കാരം ലഭിക്കില്ലെന്ന വാർത്തകൾ പുറത്തുവന്ന് തുടങ്ങിയിരുന്നു.
ബാലൺ ഡി ഓർ ചരിത്രത്തിൽ അധികം കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് പിന്നീട് കണ്ടത്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് പുരസ്കാരച്ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. കറുത്ത വംശജനായത് കൊണ്ടാണ് വിനീഷ്യസിനെ പുരസ്കാരത്തിന് പരിഗണിക്കാത്തതെന്ന വിമർശനം ഒരുകോണിൽ നിന്നുയർന്നു. വംശീയതക്കെതിരെ ശബ്ദമുയർത്തുന്ന താരത്തിന് പുരസ്കാരം നൽകാൻ മടിക്കുകയാണെന്നും വിലയിരുത്തലുകൾ വന്നു. വിവാദങ്ങൾക്കിടെ വന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ റോഡ്രി 2024ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറായി പ്രഖ്യാപിക്കപ്പെട്ടു.
എന്തുകൊണ്ട് റോഡ്രി
ബാലൺ ഡി ഓറിൻെറ ചരിത്രത്തിലെ തന്നെ വലിയ സവിശേഷതകൾ നിറഞ്ഞതാണ് ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം. കഴിഞ്ഞ 23 വർഷത്തിനിടയിൽ അർജൻറീന സൂപ്പർതാരം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാത്ത പട്ടികയെന്നത് തന്നെയായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ലോകഫുട്ബോളിൽ ഒരു പുതുയുഗം പിറക്കുന്ന ഘട്ടം. അറ്റാക്കിങ് ഫുട്ബോളർമാർക്ക് വലിയ മേൽക്കൈ ഉണ്ടായിരുന്ന ബാലൺ ഡി ഓർ പട്ടികയിൽ ഒരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് റോഡ്രി. താരത്തിന് മുമ്പ് അത്രയധികം സെൻട്രൽ മിഡ്ഫീൽഡർമാരൊന്നും തന്നെ ബാലൺ ഡി ഓർ നേടിയിരുന്നില്ല. പുരസ്കാരം പോയിട്ട് ചുരുക്കപ്പട്ടികയിൽ മുന്നിലെത്താറുമുണ്ടായിരുന്നില്ല. 2021-ൽ ചെൽസിയുടെ ജോർഗീഞ്ഞോ മൂന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞാൽ കഴിഞ്ഞ രണ്ട് വർഷവും പട്ടികയിൽ മുന്നിലെത്തിയ കളിക്കാർ പോലുമുണ്ടായിരുന്നില്ല. 2007ൽ പുരസ്കാരം നേടിയ ബ്രസീലിൻെറ കക്കയാണ് ഈ പട്ടികയിൽ റോഡ്രിയുടെ മുൻഗാമി. 2003-ൽ പാവേൽ നെദ്വെദ്, 1999-ൽ റിവാൾഡോ, 1998-ൽ സിനദിൻ സിദാൻ എന്നിങ്ങനെ ചുരുക്കം താരങ്ങളുമുണ്ട്.
രണ്ട് വലിയ കിരീടങ്ങളാണ് ഇക്കുറി റോഡ്രിക്കൊപ്പമുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടമാണ് ഒന്ന്. രണ്ടാമത്തേത് സ്പെയിനിനൊപ്പം യൂറോകപ്പ് കിരീടമാണ്. ദേശീയ ഫുട്ബോളിൽ നേട്ടമുണ്ടാക്കാനായില്ല എന്നിടത്താണ് വിനീഷ്യസ് റോഡ്രിക്ക് പിന്നിലായി പോയത്. കോപ അമേരിക്കയിൽ ഇക്കുറി ബ്രസീൽ ദയനീയ പ്രകടനമാണ് നടത്തിയത്. ടീമിൻെറ ഭാഗമായി വിനീഷ്യസ് ഉണ്ടായിരുന്നു. എന്നിട്ടും ടീം നിരാശപ്പെടുത്തി. പ്രീമിയർ ലീഗ് കിരീടത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ക്ലബ്ബ് ഫുട്ബോളിൽ ഈ സീസണിൽ റോഡ്രിക്കുണ്ടായ നേട്ടം. യുവേഫ സൂപ്പർ കപ്പിലും ക്ലബ്ബ് ഫുട്ബോൾ കപ്പിലും മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയപ്പോൾ മധ്യനിരയിൽ ടീമിൻെറ മുന്നണിപ്പോരാളിയായി റോഡ്രി ഉണ്ടായിരുന്നു. തുടർച്ചയായ നാലാം തവണയായിരുന്നു സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയത്. തുടർച്ചയായ രണ്ടാം തവണയും ലീഗിലെ ടീം ഓഫ് ദി ഇയറിൽ റോഡ്രി സ്ഥാനം പിടിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ റയലിനോട് കടുത്ത പോരാട്ടം നടത്തിയ ശേഷമാണ് സിറ്റി പരാജയപ്പെട്ടത്.
ജർമനിയിൽ കളിച്ച ഏഴിൽ ഏഴ് മത്സരങ്ങളും വിജയിച്ചാണ് സ്പെയിൻ യൂറോകപ്പ് കിരീടം നേടിയത്. ലൂയിസ് ഡെ-ലാ ഫുവെന്തയുടെ ടീമിലെ സുപ്രധാന കളിക്കാരനായി റോഡ്രി ഉണ്ടായിരുന്നു. ആറ് മത്സരങ്ങളിലും പൂർണമായി കളിച്ച താരം ഫൈനലിൽ പരിക്കേറ്റ് പാതിയിൽ മടങ്ങിയിരുന്നു. എന്നിട്ടും, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച താരം റോഡ്രി തന്നെയായിരുന്നു. സ്പെയിന് വേണ്ടി 2023-24 സീസണിൽ കളിച്ച 13 മത്സരങ്ങളിൽ 3 ഗോളുകളാണ് റോഡ്രി നേടിയത്. 28കാരനായ താരം ഇതുവരെ ദേശീയടീമിന് വേണ്ടി ആകെ നാല് ഗോളുകളാണ് നേടിയിട്ടുള്ളത്. പ്രീമീയർ ലീഗിൽ ഗോളടിയിലും അസിസ്റ്റിലും താരം ഒപ്പത്തിനൊപ്പം തന്നെ നിൽക്കുന്നുണ്ട്. ആകെ 34 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും 9 അസിസ്റ്റുകളും റോഡ്രി നടത്തി. സിറ്റിക്കായി കഴിഞ്ഞ സീസണിൽ ആകെ 50 മത്സരങ്ങളിൽ നിന്ന് നേടിയത് 9 ഗോളുകൾ. 14 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
കളിമികവ് കൊണ്ടും നേട്ടങ്ങൾ കൊണ്ടും റെക്കോർഡ് കൊണ്ടുമെല്ലാം റോഡ്രി ഈ സീസണിൽ മറ്റെല്ലാവർക്കും ഒരുപടി മുകളിലായിരുന്നുവെന്നത് തന്നെയാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെയാണ് ബാലൺ ഡി ഓർ അർഹിച്ച കളിക്കാരന് തന്നെയാണ് ലഭിച്ചതെന്ന വിലയിരുത്തലുണ്ടാവുന്നത്.
വിനീഷ്യസിനെ തഴഞ്ഞതോ?
“എനിക്ക് ആവശ്യമെങ്കിൽ ഞാൻ ഇതുപോലെ ഇനിയും പത്ത് തവണ ചെയ്യും. പക്ഷേ, അവർ തയ്യാറല്ല” - ബാലൺ ഡി ഓറിൽ തഴയപ്പെട്ടതിന് ശേഷം വിനീഷ്യസ് ജൂനിയറിൻേറതായി പുറത്തുവന്ന ആദ്യപ്രതികരണം ഇങ്ങനെയാണ്. സോഷ്യൽ മീഡിയയിലാണ് താരത്തിൻെറ പ്രതികരണം. 2024-ലെ പുരസ്കാര പട്ടികയിൽ വിനീഷ്യസ് രണ്ടാം സ്ഥാനത്തെത്തുകയാണ് ചെയ്തത്. വംശീയതക്കെതിരെ താനെടുക്കുന്ന നിലപാടുകൾ ഉൾക്കൊള്ളാൻ ഫുട്ബോൾ അസോസിയേഷനുകളുടെ തലപ്പത്തുള്ളവർക്ക് സാധിക്കുന്നില്ലെന്നാണ് വിനീഷ്യസ് പ്രതികരിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് പുരസ്കാരം ലഭിക്കാത്തതിന് കാരണവും വംശീയതയ്ക്കെതിരായ നിലപാടുകളാണ് എന്നാണ് ഈ പ്രതികരണത്തിൽ നിന്ന് വ്യക്തമാവുന്നത്. “സിസ്റ്റത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരാളെ ഉൾക്കൊള്ളാൻ ഫുട്ബോൾ ലോകത്തിന് സാധിക്കില്ല,” വിനീഷ്യസുമായി അടുപ്പമുള്ളവർ പറഞ്ഞു.
സ്പെയിനിൽ റയലിന് വേണ്ടി കളിക്കുന്നതിനിടയിൽ വിനീഷ്യസ് പലതവണ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട്. താരത്തിൻെറ പരാതിയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വംശീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് വിനീഷ്യസ്. ലാലീഗയിൽ ഇക്കഴിഞ്ഞ ബാഴ്സലോണ - റയൽ മാഡ്രിഡ് എൽക്ലാസിക്കോ മത്സരത്തിനിടയിൽ സ്പെയിൻെറ യുവതാരം ലാമിൻ യമാലിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു. ഈ വിഷയത്തിൽ യമാലിനെ പിന്തുണച്ച് കൊണ്ട് ഫുട്ബോൾ ലോകത്ത് നിന്നുയർന്ന് കേട്ട ഏറ്റവും പ്രധാനപ്പെട്ട പ്രതികരണം വിനീഷ്യസിൻേറതായിരുന്നു. റയൽ ദയനീയമായി പരാജയപ്പെട്ട മത്സരത്തിന് ശേഷമാണ്, യമാലിന് നിരുപാധിക പിന്തുണയുമായി വിനീഷ്യസ് എത്തിയത്.
മറ്റ് പുരസ്കാരങ്ങൾ
ചൊവ്വാഴ്ച പുലർച്ചെ ഫ്രാൻസിൻെറ തലസ്ഥാനമായ പാരീസിൽ വെച്ചാണ് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ക്ലബ്ബ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്ന സ്പാനിഷ് താരം ഐറ്റാനാ ബോൺമാറ്റിക്കാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള പുരസ്കാരം.
സ്പെയിൻെറ യുവ സെൻസേഷൻ 17-കാരനായ ലാമിൻ യെമാൽ മികച്ച യുവതാരമായി മാറി. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി ആസ്റ്റൺ വില്ലയുടെയും അർജൻറീനയുടെയും സൂപ്പർതാരമായ എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. 2023-24 സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്നും ഫ്രാൻസിൻെറ കൈലിയൻ എംബാപ്പെയും പങ്കിട്ടു. 52 ഗോളുകളാണ് ഇരുവരും നേടിയത്. റയൽ മാഡ്രിഡിനെ ലാലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ കാർലോ ആൻസലോട്ടിയാണ് മികച്ച പരിശീലകൻ.