ചിലപ്പോൾ 90 മിനിറ്റ് മതി എല്ലാം തന്നെ മാറിമറിയാൻ. CAFA നേഷൻസ് കപ്പിലെ ഇന്ത്യയുടെ പ്രതീക്ഷാനിർഭരമായ പ്രകടനം നിരാശയിലേക്ക് വഴിമാറിയത് സിംഗപ്പൂരിനെതിരായ മത്സരത്തിലെ രണ്ട് അശ്രദ്ധമായ പിഴവുകൾ കൊണ്ടാണ്. ഇതോടെ 2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതകളും ഈ തോൽവിയോടെ അവസാനിച്ചിരിക്കുകയാണ്. 2025-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടൂർണമെൻറിന് യോഗ്യത നേടാതെ പോവുന്നത്.
മത്സരഫലം നമ്മളെ വല്ലാതെ നിരാശപ്പെടുത്തുന്നത്, മത്സരത്തിൻെറ ആദ്യത്തെ 40 മിനിറ്റിൽ ഇന്ത്യ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ്. മത്സരത്തിൻെറ തുടക്കത്തിൽ ലാലിയൻസുല ചാങ്തെ നേടിയ വണ്ടർ ഗോൾ ഇന്ത്യക്ക് മേൽക്കൈ നൽകിയതുമായിരുന്നു. പക്ഷേ ഹാഫ് ടൈമിന്റെ അവസാന നിമിഷങ്ങളിൽ വഴങ്ങിയ സമനില ഗോളാണ് മത്സരത്തിന്റെ ഗതി പൂർണ്ണമായി മാറ്റിയത്. രണ്ടാം പകുതിയിൽ വെറും 13 മിനിറ്റിനുള്ളിൽ മറ്റൊരു പിഴവ്. അതിന്റെ ഫലമായി സിംഗപ്പൂർ മുന്നിലെത്തി, പിന്നെ ആ ലീഡ് നഷ്ടപ്പെടുത്താതെ വിജയം ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുന്നതിനും അങ്ങനെ യോഗ്യത ഉറപ്പിക്കുന്നതിനുമായി ഇനി സിങ്കപ്പൂരും ഹോങ്കോങ്ങും തമ്മിൽ മത്സരിക്കും. നവംബറിൽ ബംഗ്ലാദേശനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തിരിച്ചുവരവിനായിരിക്കും ടീമിൻെറ ശ്രമം.

ഗ്രൂപ്പിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയൻറ് മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. നാട്ടിൽ ബംഗ്ലാദേശിനെതിരെ ഒരു മത്സരം സമനിലയിലയായി. എവേ മത്സരത്തിൽ സിംഗപ്പൂരിനെതിരെയും 1-1ന് സമനില പിടിച്ചു. നാലു മത്സരങ്ങളിൽ ടീമിന് വെറും രണ്ട് ഗോളുകൾ മാത്രമാണ് നേടാനായത്. 41-ാം വയസ്സിൽ പോലും സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ മുന്നേറ്റ നിരയെ നയിക്കുന്നത്. ഗോവയിൽ ആദ്യ 40 മിനിറ്റിൽ കിട്ടിയ മൂ ന്നാല് മികച്ച അവസരങ്ങൾ ഇന്ത്യ പാഴാക്കിയിരുന്നില്ലെങ്കിൽ ഫലവും യോഗ്യതാസാധ്യതകളും തീർത്തും വ്യത്യസ്തമായേനേ.
നിലവിലെ പ്രകടനത്തിൽ പരിശീലകനായ ഖാലിദ് ജമീലിനെയോ കളിക്കാരെയോ കുറ്റപ്പെടുത്തേണ്ടതില്ല. യഥാർത്ഥ പ്രശ്നം മറ്റു ചിലയിടങ്ങളിലാണ് കിടക്കുന്നത്. 11 വർഷമായി തുടരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് (ISL) രാജ്യത്തെ കളിനിലവാരം ഉയർത്താൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം അവശേഷിക്കുകയാണ്. ലീഗ് തുടങ്ങിയ കാലത്ത് അലസാന്ദ്രോ ഡെൽ പിയറോ, റോബർട്ടോ കാർലോസ്, നിക്കോളാസ് അനെൽക്ക തുടങ്ങിയ ഇതിഹാസങ്ങളെ കൊണ്ടുവന്നത് ശ്രദ്ധേയമായ നീക്കമായിരുന്നു. പക്ഷേ കഴിഞ്ഞ സീസണുകളിൽ സ്കോട്ട്ലാൻഡ്, ഓസ്‌ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കളിമികവിൽ അത്ര മികച്ച നിലവാരമൊന്നും അവകാശപ്പെടാനില്ലാത്ത താരങ്ങൾക്ക് വേണ്ടിയാണ് വൻതുക ചെലവഴിച്ചത്. ഇത്തരം കളിക്കാർ ഇവിടെ വന്ന് വൻതുക പ്രതിഫലം വാങ്ങി കുറച്ച് കാലം കളിച്ച് സീസൺ കഴിയുമ്പോൾ മടങ്ങി പോവുന്നതിൽ എന്താണ് ഗുണമെന്ന് ആർക്കും വിശദീകരിക്കാൻ സാധിച്ചിട്ടില്ല. ഈ കളിക്കാരുടെ വരവ് ഇന്ത്യയുടെ യുവതാരങ്ങളുടെ അവസരവുമാണ് നഷ്ടപ്പെടുത്തിയത്. ഐഎസ്എൽ കളിക്കുന്ന ഒരു ടീമിൻെറയും പ്രധാന സ്ട്രൈക്കറായി ഒരു ഇന്ത്യൻതാരവും കളിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സമാനമായി, പത്താം നമ്പറിൽ ക്രിയേറ്റീവ് റോളുകളിലും ഇന്ത്യൻ താരങ്ങളാരും കളിക്കുന്നില്ല!
ഐഎസ്എല്ലിൽ ടീമുകളുടെ ആക്രമണനിരയിൽ ഇന്ത്യൻ കളിക്കാർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. ഐഎസ്എൽ ടീമുകളിൽ പകരക്കാരുടെ റോളിലാണ് അവർ ഇറങ്ങിക്കളിക്കുന്നത്. പിന്നീട് അവരെ ദേശീയടീമിലേക്ക് വിളിച്ച് ലോകോത്തരനിലവാരമുള്ള കളി പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ പ്രവണത മാറ്റേണ്ട ഉത്തരവാദിത്വം ഐഎസ്എൽ, ഐ - ലീഗ് ക്ലബ്ബുകൾക്കുണ്ട്. താൽക്കാലിക ലാഭത്തിന് വേണ്ടിയും ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയുമല്ല ക്ലബ്ബുകൾ കളിക്കാരെ അണിനിരത്തേണ്ടത്. ഇന്ത്യൻ ഫുട്ബോളിൻെറ ഭാവിയാണ് ലക്ഷ്യം വെക്കേണ്ടത്.

നൗഷാദ് മൂസയുടെ നേതൃത്വത്തിൽ യോഗ്യതാമത്സരങ്ങളിലൊക്കെ അണ്ടർ -23 ടീം ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. ഒരൊറ്റഗോൾ വ്യത്യാസത്തിലാണ് യോഗ്യത ലഭിക്കാതെ പോയത്. ഇത്തരം പ്രതിഭാശാലികളായ യുവനിര ഉണ്ടായിട്ടും ഇന്ത്യക്ക് ഏഷ്യൻ കപ്പിന് പോലും യോഗ്യത നേടാൻ സാധിക്കുന്നില്ല. ലോകകപ്പ് ഫുട്ബോളിനെക്കുറിച്ചൊന്നും നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ടതേയില്ല. ഐഎസ്എല്ലിൽ പ്രധാന ഗോൾകീപ്പർമാരായോ സെൻറർ ബാക്കുകളായോ സെൻട്രൽ മിഡ്ഫീൽഡർമാരായോ നമ്പർ 10 റോളിൽ സെൻട്രൽ ഫോർവേഡുമാരായോ പോലും ഇന്ത്യയുടെ കളിക്കാർ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് അത് പ്രതീക്ഷിക്കാൻ സാധിക്കുകയെന്നതാണ് ചോദ്യം.
പരാജയപ്പെട്ട കളിക്കാരെയും കോച്ചുമാരെയും കുറ്റപ്പെടുത്തുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ, അടിസ്ഥാന പ്രശ്നം ചെന്നുനിൽക്കുന്നത് ഇന്ത്യൻ ഫുട്ബോളിൻെറ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ മുന്നോട്ടുപോവുന്ന അധികൃതരിലാണ്. താഴേത്തട്ടിൽ ഫുട്ബോളിനെ മെച്ചപ്പെടുത്താനോ ക്ലബ്ബുകളുടെ നിവവാരം ഉയർത്താനോ ഒന്നും തന്നെ ചെയ്യുന്നില്ല. ഐഎസ്എല്ലിലോ ഐ ലീഗിലോ, ക്ലബ്ബുകൾ സ്വന്തമായി അക്കാദമികളിലൂടെ മികച്ച കളിക്കാരെ വളർത്തിയെടുക്കുന്നതിന് വലിയ നിക്ഷേപങ്ങളും നടത്തുന്നില്ല. പ്രതിഭകളില്ലാത്തതല്ല ഇന്ത്യൻ ഫുട്ബോളിന്റെ പ്രശ്നം. ഒരു കാലത്തും പ്രതിഭാദാരിദ്ര്യം ഇവിടെ ഉണ്ടായിരുന്നില്ല. കളിക്കാർക്ക് ദിശാബോധം നൽകാതെയും വേണ്ടത്ര അവസരങ്ങൾ നൽകാതെയുമുള്ള സംവിധാനം നമ്മുടെ ഫുട്ബോൾ സ്വപ്നങ്ങളാണ് ഇല്ലാതാക്കുന്നത്. ഏഷ്യൻ കപ്പിലും സംഭവിച്ചത് അത് തന്നെയാണ്…

