ആർട്ടിഫിഷൽ ഇന്റലിജൻസിനോട് കവടി നിരത്തി മൽസരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ

കോച്ചുമാർ ടാബ് സ്ക്രീനിൽ എല്ലാവിധ നൂതന ടെക്നിക്കൽ അസ്സിസ്റ്റോടുകൂടി കൂട്ടിയും കിഴിച്ചും എതിരാളികൾക്കുമുന്നിൽ തന്ത്രങ്ങളും മറു തന്ത്രങ്ങളുമിറക്കുമ്പോൾ  ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് ഫോണിന്റെ മറുതലക്കൽ ജ്യോതിഷി പറയുന്നതിനുസരിച്ച് തീരുമാനമെടുക്കും. ഡഗൌട്ടിലേ വിറളി പിടിച്ചുള്ള നടത്തം ജ്യോതിഷിയുടെ ആ മറുപടിക്ക് വേണ്ടിയുള്ളത് മാത്രമായിരിക്കും.

ലോക ഫുട്ബോളിൽ രാജ്യങ്ങൾ ടീം ഇലവൻ തിരഞ്ഞെടുപ്പിലും ഫോർമേഷനിലും പരിഗണിക്കുന്നത് കളിക്കാരുടെ മുൻകാല പെർഫോമൻസും ഫിറ്റ്നസും ആ കളിയിൽ എതിർ ടീമിനോട് ഏറ്റുമുട്ടേണ്ട സ്ട്രാറ്റജിയുമാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ടീം തങ്ങളുടെ ഇലവൻ തീരുമാനിക്കുന്നത് കവടി നിരത്തിയാണ്. കോച്ചുമാർ സാധാരണ ടാബ് സ്ക്രീനിൽ എല്ലാവിധ നൂതന ടെക്നിക്കൽ അസ്സിസ്റ്റോടുകൂടി കൂട്ടിയും കിഴിച്ചും എതിരാളികൾക്കുമുന്നിൽ തന്ത്രങ്ങളും മറു തന്ത്രങ്ങളുമിറക്കുമ്പോൾ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് ഫോണിന്റെ മറുതലക്കൽ ജ്യോതിഷി ഭൂപേഷ് ശർമയായിരിക്കും. അയാൾ പറയുന്നതിനുസരിച്ച് തീരുമാനമെടുക്കും. ആരെ പുറത്തേക്ക് വിളിക്കണമെന്നും പകരം മൈതാനത്തേക്ക് ആരെ പറഞ്ഞയക്കണമെന്നും തീരുമാനിക്കുന്നത് ജ്യോതിഷിയുടെ ‘വെളിപാട്’ അനുസരിച്ചായിരിക്കും. ഡഗൌട്ടിലേ വിറളി പിടിച്ച നടത്തം ജ്യോതിഷിയുടെ ആ മറുപടിക്ക് വേണ്ടിയുള്ളതുമാത്രമായിരിക്കും. അറ്റാക്കിങ്, ഡിഫൻസിങ് തന്ത്രങ്ങളും സബ്സ്റ്റിറ്റ്യൂഷൻ സ്ട്രാറ്റജിയും കളിക്കാരുടെ ഗ്രഹനിലക്കനുസരിച്ച് അയാൾ തന്നെ പ്രവചിക്കും. മികച്ച ഫോമിലാണെങ്കിൽ കൂടി ജ്യോതിഷി ഭൂപേഷ് ശർമയുടെ ടെസ്റ്റ് പാസായില്ലെങ്കിൽ കളിക്കാരന് പുറത്തിരിക്കേണ്ടിവരും. നടക്കാനിരിക്കുന്ന കളിയുടെ റിസൾട്ട് കൂടി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിർദേശിച്ച ജ്യോതിഷി പറയുമെന്ന് രത്നച്ചുരുക്കം.

കഴിഞ്ഞവർഷം കളിക്കാരുടെ മാനസിക ഉന്മേഷത്തിനായി ജ്യോത്സ്യന്മാരുടെ ടീമിനെ നിയമിച്ച ഇന്ത്യൻ ഫുട്ബോളിൽ കളിക്കാരുടെ ടീം തിരഞ്ഞെടുപ്പിലും ജ്യോത്സ്യമാരുടെ വെളിപാട് ഉപയോഗപ്പെടുത്തിയത് വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. കോച്ച് ഇഗോർ സ്റ്റിമാക്ക് ജ്യോതിഷി ഭൂപേഷുമായി ടൂർണമെന്റ് സമയത്തും മൽസരത്തിനു മുമ്പും ഇതുമായി ബന്ധപ്പെട്ട് നടത്തിയ നൂറിലധികം സന്ദേശങ്ങൾ പുറത്തായി. അഖിലേന്ത്യ ഫുട്ബോൾ ജനറൽ സെക്രട്ടറി തന്നെയാണ് ഈ ഭൂലോക കായിക മണ്ടത്തരത്തിനുമുന്നിൽ നിന്നത് എന്നത് അൽഭുതപ്പെടുത്തുന്നതിനപ്പുറം, രാജ്യത്തിന്റെ കായിക പരിസ്ഥിതിക്ക് അത് വരുത്തുന്ന അപകടവും അനന്തര ഫലവും മുന്നിൽ കാണേണ്ടതുണ്ട്.

കളിമികവിന്റെയും കളിക്കാരുടെ നിലവാരത്തിന്റെയും അടിസ്ഥാനത്തിലുള്ള ഫലമാണ് ഫുട്ബോളടക്കമുള്ള എല്ലാ ഗെയിമുകളുടെയും അടിസ്ഥാന തത്വം. സ്പോർട്സിൽ അനുവർത്തിച്ചുപോരുന്ന സാമാന്യ ലോജിക്കൽ ചിന്ത കൂടിയാണത്. മനുഷ്യരുടെ സ്വഭാവികവും ശാരീരികവും ബുദ്ധിപരവുമായ വികാസത്തിന്റെ അടയാളപ്പെടുത്തൽ കൂടിയുണ്ടതിൽ. അതിനെയെല്ലാം റദ്ദ് ചെയ്യുന്നതാണ് ഈ ജ്യോതിഷ ഇടപെടൽ. ഒരു ഭാഗത്ത് ചന്ദ്രയാൻ അടക്കം ശാസ്ത്രക്കുതിപ്പുണ്ടാകുക, മറുവശത്ത് കായികമേഖലയിൽ പോലും അന്ധവിശ്വാസം അടിച്ചേൽപ്പിക്കുക. മാത്രമല്ല, രാജ്യത്തിന്റെ ഭരണ കൂടവും അനുബന്ധ സംവിധാനവും ലജജാകരമായ ആ തന്ത്രത്തിന്റെ ഭാഗമാവുക.

ഭൂപേഷും ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കും

2017- ലാണ് ഇന്ത്യൻ ഫുട്ബോളിൽ ഗ്രഹനില തട്ടിപ്പിന് ഇടം ലഭിച്ചത്. 2017- ൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മൂന്ന് താരങ്ങളുടെയടക്കം നാലുപേരുടെ ജനന തിയ്യതിയും സ്ഥലവും നക്ഷത്രവും എഴുതി വാങ്ങി, അന്നത്തെ ദേശീയ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കുശാൽ ദാസ് ശുപാർശ ചെയ്ത ദൽഹിയിലെ അറിയപ്പെടുന്ന ജ്യോതിഷിയായ ഭൂപേഷിന് സ്റ്റിമാക്ക് കൈമാറി. അതനുസരിച്ചാണ് ടീം ഇലവനെ രൂപപ്പെടുത്തിയെടുത്തത്. സമാന സംഭവങ്ങൾ 2022-ലെ ഏഷ്യൻ കപ്പ് യോഗ്ലൊ മൽസര സമയത്തുമുണ്ടായി.

ജോർദാൻ, കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് തുടങ്ങിയവർക്കെതിരെ നടന്ന ഓരോ മൽസരങ്ങൾക്കുമുമ്പും ഭൂപേഷുമായി സ്റ്റിമാക്ക് ബന്ധപ്പെടുകയും സബ്സിറ്റ്യൂഷനും പരിക്ക് വിവരങ്ങളും തന്ത്രങ്ങളും  കൈമാറുകയും ചെയ്തു.

ജൂൺ 11- ന്, കളിക്കാരുടെ വിവരങ്ങൾ അയച്ചതിൽ നിന്ന് പരിശോധിക്കാം. കിക്കോഫ് സമയം   20:30- ഇതായിരുന്നു സ്റ്റിമാക്കിന്റെ സന്ദേശം. അതിനു ശേഷം ഓരോ കളിക്കാരെയും വേർത്തിരിച്ച് ഭൂപേഷ് വിവരങ്ങൾ കൈമാറി. സമീപകാലത്ത്  മോശം ഫോം ഹിസ്റ്ററിയാണെങ്കിൽ കൂടി രണ്ട് താരങ്ങളെ ഭൂപേഷിന്റെ നിർദേശപ്രകാരം അന്ന്  ടീമിലുൾപ്പെടുത്തി.

മെയ് 28- ന് ജോർദാനുമായുള്ള മൽസരത്തിനു തൊട്ടുമുമ്പ് സമാന വിവരങ്ങൾ ഉൾക്കൊള്ളുന്ന 24 അംഗ പട്ടിക സ്റ്റിമച്ച് കൈമാറി. ആ മൽസരത്തിൽ പരിചയസമ്പത്തുള്ളയാളും മുന്നേറ്റ ആക്രമണത്തിലെ പ്രധാനിയുമായ ഒരു താരത്തെ, ഇന്ന് അയാളുടെ ദിവസമല്ല എന്ന ഭൂപേഷ് റഫറൻസിൽ സ്റ്റിമാച് പുറത്തിരുത്തി. ഈ കളിയിലെ തോൽവിക്കുശേഷം ഏഷ്യൻ കപ്പ് യോഗ്യതാ മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ അടിമുടി മാറ്റുകയാണെന്ന് സ്റ്റിമാച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ജൂൺ എട്ട് മുതൽ പതിനാല് വരെ കൊൽക്കത്തയിൽ നടന്ന ഏഷ്യൻ യോഗ്യത റൗണ്ടിലെ ഓരോ മൽസരങ്ങളുടെയും മുമ്പ് ഇവർ തമ്മിൽ നേരിട്ട് കണ്ട് ടീമിനെക്കുറിച്ച് ചർച്ച ചെയ്തു. 12 ന് അഫ്ഗാനിസ്ഥാനെതിരായ ഒന്ന്- രണ്ട് വിജയത്തിനുശേഷം സ്റ്റിമാച്ചിന് ഭൂപേഷിന്റെ സന്ദേശം വന്നു; നിങ്ങൾ തിരക്കൊഴിയുമ്പോൾ നമ്മൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് വിശകലനം ചെയ്ത് അറിയിക്കൂ.

തീർച്ചയായും എല്ലാം കൃത്യമായിരുന്നെന്നും ഇനി തമ്മിൽ കാണുമ്പോൾ നമുക്കത് വിശദമായി ചർച്ച ചെയ്യാമെന്നും സ്റ്റിമച്ച് ആ സന്ദേശത്തിന് മറുപടി കൊടുത്തു. പിന്നീടും പല തവണ പല കളികൾക്ക് വേണ്ടി കൂടിക്കാഴ്ചകളും ചർച്ചകളുമുണ്ടായി. ജ്യോതിഷം ഇന്ത്യൻ ഫുട്ബോളിൽ ഇടപെട്ടുകൊണ്ടിരുന്നു.

ഭൂപേഷ് നിരവധി ടെലിക്കോം കമ്പനികൾക്കും ബോളിവുഡ് വമ്പന്മാർക്കും മാർഗനിർദേശം നൽകുന്നയാളാണ്.
‘‘അത് ശരിയായ തീരുമാനമെടുക്കാൻ അവരെ സഹായിക്കുന്നു . എന്റെ മുമ്പിൽ രാജ്യത്തിന് ഏഷ്യൻ യോഗ്യത കിട്ടുകയെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. അതിനാലാണ് സേവനം തേടിയത്.’’- സംഭവം വിവാദമായശേഷം അന്നത്തെ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പറഞ്ഞ ന്യായീകരണമാണിത്. രണ്ട് മാസത്തിന്റെ അന്നത്തെ സേവനത്തിന് ഫെഡറേഷൻ പൊടിച്ചത് 12- 15 ലക്ഷം രൂപയാണ്. ടീമിന്റെയും താരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റും ഫലപ്രദമായി വിനിയോഗിക്കാമായിരുന്ന തുകയാണ് ഫെഡറേഷൻ അന്ധവിശ്വാസത്തിനായി ഒഴുക്കിയത്. ഫെഡറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത് എന്ന് ചേർത്തുവായിക്കണം.

ഇന്ത്യൻ ഫുട്ബോൾ ടീമും കോച്ചും പരിശീലനത്തിനിടെ

ഇന്ത്യയുടെ പന്തുകളി അടുത്ത ഏഷ്യൻ കപ്പിലെത്തി നിൽക്കുന്നു. കേന്ദ്ര സർക്കാരിനോട് സമരം ചെയ്ത് വാങ്ങിയ ഏഷ്യൻ കപ്പ് അനുമതിയുടെ അധിക ഭാരവും ഐ എസ് എൽ ക്ലബുകൾ താരങ്ങളെ വിട്ടു തരാത്തതും വെല്ലുവിളിയായി മുന്നിൽ നിൽക്കുമ്പോഴാണ് പുതിയ വിവാദം. അന്ധ വിശ്വാസത്തിന്റെ പേരിൽ രാജ്യത്തിന്റെ കായിക മേഖലക്ക് അർത്ഥപൂർണമായി വിനിയോഗിക്കേണ്ട പൊതുസ്വത്ത് വെറുതെ കളഞ്ഞു എന്നതിനപ്പുറം രാജ്യത്തിനെ പ്രതിനിധീകരിക്കുന്ന ടീമിന്റെ തന്ത്രങ്ങളും മറ്റും പുറത്തുള്ള ഒരാൾക്ക് ചോർത്തിയെന്ന ഗുരുതര പ്രശ്നം കൂടിയുണ്ടതിൽ. ഏതായാലും സ്റ്റിമച്ചിനും ഇന്ത്യൻ ടീമിനും ഇത് നല്ല കാലമല്ല. ഇതെല്ലാം കണ്ടുനിൽക്കേണ്ടിവരുന്ന നമ്മുക്കും.

ജനസംഖ്യ കൊണ്ടും വിഭവങ്ങൾ കൊണ്ടും പരിമിതമായ കുഞ്ഞു രാജ്യങ്ങൾ വരെ ആധുനികതയുടെയും മനുഷ്യാധ്വാനത്തിന്റെയും എല്ലാ സാധ്യതകളുമുപയോഗിക്കുമ്പോൾ 140 കോടി ജനങ്ങളുടെ ടീം ഇപ്പോഴും ലോക ആദ്യ നൂറിൽ ഇടം പിടിക്കാൻ കഷ്ടപ്പെടുന്നത് ഇതുകൊണ്ടു കൂടിയുമായിരിക്കും. മുൻനിര രാജ്യങ്ങളും ക്ലബുകളും ലീഗുകളും ടീമുകളുടെയും താരങ്ങളുടെയും പെർഫോമൻസ് അനാലിസിസിലും ഫോർമേഷൻ സ്ട്രാറ്റജിയിലുമൊക്കെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കൂടി സാധ്യതകൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ കവടി നിരത്തി നമ്മൾ അവരോട് എത്രകാലം മത്സരിച്ചു നിൽക്കും?

Comments