*മനുഷ്യരേ, നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു, പരസ്പരം തിരിച്ചറിയാൻ വേണ്ടി അവരെ ഗോത്രങ്ങളും സമൂഹങ്ങളുമാക്കി -ഈ അർഥം വരുന്ന ഖുർആൻ സൂക്തം ഖത്തർ വേൾഡ് കപ്പ് ഉദ്ഘാടന വേദിയിൽ മനുഷ്യരെല്ലാം കേട്ടു. കേരളത്തിലെ സമസ്തയും ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും അത് കേട്ടിരിക്കും.*
ഇറാനിൽ ദാരുണമായി മത ശിക്ഷകരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട മഹ്സ അമീനിയുടെ ഓർമയ്ക്ക് പിന്തുണയേകി ഇറാൻ ഫുട്ബോൾ താരങ്ങൾ ദേശീയ ഗാനത്തിൽ മൗനമുദ്രിത ചുണ്ടുകളുമായി നിന്നു. ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിട്ടും പെണ്ണ് മാത്രം തൊട്ടതിനും പിടിച്ചതിനുമെല്ലാം വിവേചനം നേരിടുന്നതെന്തുകൊണ്ട്? ഖത്തർ വേൾഡ് കപ്പ് കുറേ ചോദ്യങ്ങൾ മുസ്‌ലിംകളുടെ മുന്നിൽ വെക്കുന്നു. ഇറാന്റെകർക്കശമായ മതകാര്യതയെ ന്യായീകരിക്കുന്ന പൗഡർ കുട്ടപ്പന്മാർ കേരളത്തിലുമുണ്ട്.
സപ്തംബർ 13 -നാണ് കുർദിസ്താനിൽ നിന്ന് കുടുംബത്തോടൊപ്പം ടെഹ്റാനിലേക്ക് പോകുന്ന മഹ്സ അമീനിയെ ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഹിജാബ് ധരിച്ചിട്ടും മുടി പുറത്തു കണ്ടു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിനു കിട്ടിയത്. സോഷ്യൽ മീഡിയയിൽ സ്വാതന്ത്ര്യം, തുല്യത, എന്നിവയ്ക്ക് സംസാരിക്കുന്നവർക്കെതിരെ ഹലാൽ തെറികളുമായി പ്രത്യക്ഷപ്പെടുന്നവരുടെ ഉള്ളിൽ, എവിടെയും മതവൽക്കണം സംഭവിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ആൺ ബുദ്ധിയുണ്ട്. ഖത്തർ വേൾഡ് കപ്പിൽ ഇറാൻ കളി കാണുമ്പോൾ മുടിയഴിച്ചിട്ട മുസ്‌ലിം സ്ത്രീകൾ സ്റ്റേഡിയത്തിലിരിക്കുന്നതുകണ്ട് യാഥാസ്ഥിതിക മുസ്‌ലിം യൗവനങ്ങളുടെ ഉള്ളിലുണ്ടാവുന്ന പൊട്ടിപ്പിരാകലുകൾ വളരെ വലുതായിരിക്കും.
ഞാനിവിടെ ഉന്നയിക്കാൻ പോകുന്ന പ്രശ്നം തീർച്ചയായും മതമൗലികവാദ ന്യായ ചമൽക്കാര ചെറുപ്പക്കാരെ വിഷമിപ്പിക്കാതിരിക്കില്ല. ഇറാനിൽ നിന്ന് ഫുട്ബോൾ കളിക്കാൻ വന്ന അവരുടെ ദേശീയ ടീം, മഹ്സ അമീനിയോട് അവരുടെ രാജ്യം ചെയ്ത അനീതിയെ ലോകസമക്ഷം മൗനത്തിന്റെ
ഭാഷ കൊണ്ടു കേൾപ്പിച്ചു. അവർക്ക് ഇറാനിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. എന്താണവരെ കാത്തിരിക്കുന്നത് എന്ന ഭയത്തിന്റെ മുൻവിധികളിൽ പതറാതെ, അവർ, മഹ്സ അമീനിയുടെ ഓർമകളുടെ ദുഃഖഭാരത്തിൽ തോളോടു തോൾ ചേർന്നു നിന്നു. ഇറാനിലെ പള്ളിയിൽ അവർക്കങ്ങനെ നിൽക്കാൻ കഴിയുമായിരുന്നില്ല. കേരളത്തിലെ പള്ളികളിലും സാധിക്കില്ല. എന്നാൽ, ഫുട്ബോൾ മൈതാനം ലോകത്തിന് മുന്നിൽ വിരിച്ചിട്ട പരവതാനിയാണ്. അവിടെ ഒരു ഫത്‌വയും വേണ്ട.
ഇനിയാണ് ചോദ്യം :
ലോകത്തിന്റെ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന കേരളീയ മുസ്‌ലിം സംഘടനകൾ, മഹ്സ അമീനി എന്ന പേര് കേട്ടിട്ടുണ്ടോ? മുടിത്തുമ്പ് പുറത്തു കണ്ടതിനാൽ കൊല്ലപ്പെട്ട ആ യുവതിയെക്കുറിച്ച് ഏതെങ്കിലും വെള്ളിയാഴ്ച ഖുതുബയിൽ ഏതെങ്കിലും ഖത്തീബ് പ്രസംഗിച്ചിട്ടുണ്ടോ?
എന്നിട്ട് നാമിവിടെ "ഹിജാബ്, ഹിജാബ് ' എന്ന് വിളിച്ചു പറയും. എല്ലാവർക്കും ഉള്ള ഇഷ്ടങ്ങൾ പുലരുന്ന ഒരു നൈതിക ക്രമത്തെക്കുറിച്ചല്ല മതവാദിയൗവനങ്ങൾ സംസാരിക്കുന്നത്, മതത്തിന്റെ ഇഷ്ടങ്ങൾ മാത്രമായി പുലരുന്ന ഒരു ലോകക്രമത്തെക്കുറിച്ചാണ്. ആ ഇഷ്ടമാകട്ടെ, ആൺലോക ഇഷ്ടമാണ്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് സിനിമകൾ തുടങ്ങും മുമ്പ് ദേശീയഗാനം തിയേറ്ററിൽ കേൾപ്പിക്കണമെന്ന കോടതി വിധിയുണ്ടായിരുന്നു. ദേശസ്നേഹത്തിന്റെ പ്രകീർത്തന വേദിയായി തിയേറ്ററുകൾ മാറുമെന്നാണ് വിചാരിച്ചതെങ്കിലും, അത് വലിയ വിമർശനങ്ങളേറ്റുവാങ്ങി. തിയറ്ററിൽ സംഘി പ്രേക്ഷകർ ദേശീയ ഗാനമാലപിക്കുമ്പോൾ എണീറ്റുനിൽക്കാത്തവരെ കണ്ണുരുട്ടി പേടിപ്പിച്ചു. കോടതി തന്നെ പിന്നെയത് റദ്ദാക്കി. ദേശീയത, ദേശസ്നേഹം എന്നിവ പരസ്പരം സംശയവും അസഹിഷ്ണുതയും ഉത്പാദിപ്പിക്കുന്ന എണ്ണമറ്റ സന്ദർഭങ്ങൾ നാം കാണാറുണ്ട്. എന്നാൽ, ഒരു രാജ്യത്തെ ദേശീയ ടീം "എന്റെ സഹോദരി ഭരണകൂടത്തിന്റെ വലിയൊരു അനീതിക്കിരിയായി ' എന്ന ആത്മ ഖേദത്തോടെ ദേശീയ ഗാനമാലപിക്കാതിരിക്കുക എന്നത് ചരിത്രമാണ്. ആ കളിയിൽ ഇറാൻ തോറ്റു പോയെങ്കിലും, ഭരണകൂടത്താലും മതങ്ങളാലും തോൽപിക്കപ്പെടുന്ന എല്ലാ ദുഃഖിതരായ ഏകാകികളുടെയും മുന്നിൽ അവർ അനശ്വര ജേതാക്കളായി.