ഇസ്രായേൽ ലോകകപ്പ് കളിക്കില്ല, നോർവെയും ഇറ്റലിയും നാണംകെടുത്തി പുറത്താക്കി

ഗാസയിൽ മനുഷ്യക്കുരുതി നടത്തി 67000-ത്തിലധികം പേരെ കൊന്നൊടുക്കിയ ഇസ്രായേലിനെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് പലകോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു ചെറുവിരൽ അനക്കാൻ ഫിഫ തയ്യാറായില്ല.

News Desk

ഫിഫ റെഡ് കാർഡ് നൽകിയില്ലെങ്കിലും ഇസ്രായേൽ 2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് കളിക്കില്ല. നോർവെയോടും പിന്നാലെ ഇറ്റലിയോടും നാണംകെട്ട തോൽവികളേറ്റ് വാങ്ങിയതോടെ ഗ്രൂപ്പ് ഐയിൽ നിലവിൽ മൂന്നാം സ്ഥാനക്കാരായ ഇസ്രായേൽ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം പുറത്തായിരിക്കുന്നു. ഗാസയിൽ മനുഷ്യക്കുരുതി നടത്തി 67000-ത്തിലധികം പേരെ കൊന്നൊടുക്കിയ ഇസ്രായേലിനെ യോഗ്യതാമത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് പലകോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു ചെറുവിരൽ അനക്കാൻ ഫിഫ തയ്യാറായില്ല. യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനായ യുവേഫ ഇസ്രായേലുമായുള്ള മത്സരങ്ങളിൽ നിന്ന് പിൻമാറാൻ ടീമുകളോട് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതും പ്രാവർത്തികമായില്ല.

അവസാനം നടന്ന രണ്ട് യോഗ്യതാമത്സരങ്ങളിൽ യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നായ നോർവെയോടും മുൻ ലോകജേതാക്കളായ ഇറ്റലിയോടുമാണ് ഇസ്രായേൽ കളിച്ചത്. രണ്ടിലും അവർ ദയനീയമായ തോൽവിയേറ്റുവാങ്ങി. ഒക്ടോബർ 11-ന് നടന്ന യോഗ്യതാമത്സരത്തിൽ എർലിങ് ഹാലൻഡിൻെറ നോർവെയോട് എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഇസ്രായേൽ തകർന്നടിഞ്ഞത്. മത്സരത്തിൽ ഹാലൻഡ് ഹാട്രിക്ക് ഗോളുകൾ നേടി. ഇനി അടുത്ത മാസം എസ്തോണിയയെ പരാജയപ്പെടുത്തിയാൽ നോർവെയ്ക്ക് ലോകകപ്പിന് യോഗ്യത നേടാം. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ ആറും ജയിച്ച നോർവെ +26 എന്ന മികച്ച ഗോൾ ശരാശരിയും 18 പോയൻറുകളുമായാണ് ലോകകപ്പ് യോഗ്യത ഉറപ്പാക്കുന്നത്.

ഒക്ടോബർ 11-ന് നടന്ന യോഗ്യതാമത്സരത്തിൽ എർലിങ് ഹാലൻഡിൻെറ നോർവെയോട് എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഇസ്രായേൽ തകർന്നടിഞ്ഞത്.
ഒക്ടോബർ 11-ന് നടന്ന യോഗ്യതാമത്സരത്തിൽ എർലിങ് ഹാലൻഡിൻെറ നോർവെയോട് എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഇസ്രായേൽ തകർന്നടിഞ്ഞത്.

ഒക്ടോബർ 15-ന് നടന്ന മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇസ്രായേലിനെ തോൽപ്പിച്ചത്. മറ്റെയോ റെറ്റെഗുയി ഇറ്റലിക്കായി ഇരട്ടഗോളുകൾ നേടി. മത്സര വിജയത്തോടെ ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കുള്ള തങ്ങളുടെ സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്. നേരത്തെ ജൂണിൽ നോർവെക്കെതിരെ നടന്ന മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു. അതിനാൽ ഗ്രൂപ്പിൽ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന് യോഗ്യത ഉറപ്പാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ഇസ്രായേൽ ഫുട്ബോൾ ടീമിനെതിരെ നോർവെയിലും ഇറ്റലിയിലും യൂറോപ്പിലാകെയും വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇറ്റലി - ഇസ്രായേൽ മത്സരം കാണാൻ, 25000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ പ്രതിഷേധം കാരണം ആകെ 9000 പേരാണ് എത്തിയത്. വലിയ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയാണ് മത്സരം പൂർത്തിയാക്കാൻ സാധിച്ചത്. ഫിഫ ഇസ്രായേലിനെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നും ഇറ്റലി മത്സരത്തിൽ നിന്ന് പിൻമാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉഡിനിൽ നടന്ന ഇറ്റലി - ഇസ്രായേൽ മത്സരം പ്രതിഷേധങ്ങളുടെ പേരിലാണ് ശ്രദ്ധയാകർഷിച്ചത്. ഇറ്റലിയിലെ കിഴക്കുപടിഞ്ഞാറൻ നഗരത്തിൽ പലസ്തീൻ പതാകകളുമായി പതിനായിരങ്ങളാണ് ഇസ്രായേലിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഗാസയിൽ നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സമയമാണ്. പൊതുവിൽ സമാധാനപരമായ പ്രതിഷേധങ്ങളാണ് നടന്നത്. എന്നാൽ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപായി ഒരു സംഘം പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതായി റിപ്പോർട്ടുകളുണ്ട്.

മത്സരം ബോഡ്കാസ്റ്റ് ചെയ്യുന്നതിനിടെ RAI സ്പോർട്സ് അവതാരകൻ അലസാന്ദ്രോ ആൻറിനെല്ലി കറുത്ത റിബ്ബൺ ധരിച്ചാണ് എത്തിയത്. ഗാസയിൽ കൊല്ലപ്പെട്ട 250-ലധികം മാധ്യമപ്രവർകർക്ക് ആദരമർപ്പിച്ച് കൊണ്ടാണ് അദ്ദേഹം കറുത്ത റിബ്ബൺ ധരിച്ചെത്തിയത്.
മത്സരം ബോഡ്കാസ്റ്റ് ചെയ്യുന്നതിനിടെ RAI സ്പോർട്സ് അവതാരകൻ അലസാന്ദ്രോ ആൻറിനെല്ലി കറുത്ത റിബ്ബൺ ധരിച്ചാണ് എത്തിയത്. ഗാസയിൽ കൊല്ലപ്പെട്ട 250-ലധികം മാധ്യമപ്രവർകർക്ക് ആദരമർപ്പിച്ച് കൊണ്ടാണ് അദ്ദേഹം കറുത്ത റിബ്ബൺ ധരിച്ചെത്തിയത്.

ഇസ്രായേലിനെതിരെ ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങളുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മത്സരം തുടങ്ങുന്നതിന് മുൻപായി ഇസ്രായേൽ ദേശീയഗാനം മുഴങ്ങിയപ്പോൾ കൂവിവിളിച്ചാണ് കാണികൾ പ്രതിഷേധിച്ചത്. മത്സരം ബോഡ്കാസ്റ്റ് ചെയ്യുന്നതിനിടെ RAI സ്പോർട്സ് അവതാരകൻ അലസാന്ദ്രോ ആൻറിനെല്ലി കറുത്ത റിബ്ബൺ ധരിച്ചാണ് എത്തിയത്. ഗാസയിൽ കൊല്ലപ്പെട്ട 250-ലധികം മാധ്യമപ്രവർകർക്ക് ആദരമർപ്പിച്ച് കൊണ്ടാണ് അദ്ദേഹം കറുത്ത റിബ്ബൺ ധരിച്ചെത്തിയത്. നോർവെയിലെ ഓസ്ലോയിലും മത്സരത്തിനിടെ സമാനമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. “കുട്ടികളെ ജീവിക്കാൻ അനുവദിക്കൂ,” എന്ന ബാനറുകളുമായി പലസ്തീൻ പതാകകളുമായി നിരവധി പേർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യയെ ഫിഫ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഇസ്രായേൽ രണ്ട് വർഷത്തോളമായി ഗാസയിൽ കടുത്ത വംശഹത്യ നടത്തിയിട്ടും ഫിഫ ഒരു നടപടിയും എടുക്കാൻ തയ്യാറായില്ല.

Comments