യൂറോപ്പിലെ ക്ലബ്ബ് ലെവലിൽ പരിചയമുള്ള കളിക്കാർ ഈ ലോകകപ്പിനെയും എങ്ങനെ മാറ്റി മറിക്കുന്നു എന്നതിൻ്റെ ഉദാഹരണങ്ങൾ അനവധി. നെതർലാൻഡ്സിനെതിരെയുള്ള ജപ്പാൻ്റെ സെക്കൻഡ് ഹാഫ് ത്രില്ലർ. രണ്ട് വേൾഡ് ക്ലാസ് ഫോർവേർഡുകളെ ഇറക്കി ടുണീഷ്യക്കെതിരെ അഞ്ചു ഗോൾ നേടിയ സ്വീഡൻ. ഇക്വഡോറിനെതിരെ ജയിച്ച് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി അടുത്ത റൗണ്ടിലേക്ക് ഉറപ്പിച്ച ഐവറി കോസ്റ്റ്. തിരിച്ചടിച്ച ഒരൊറ്റ ഗോളിൻ്റെ വൈകാരികതയിൽ ജർമനിക്കു മുമ്പിൽ കളിമറന്നു പോയ ക്യുറസാവോ. നാലുകളികളെയും വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. കൂടെ അടുത്ത 4 കളികളും ചർച്ച ചെയ്യുന്നു. ബെൽജിയം മുഹമ്മദ് സാലയുടെ ഈജിപ്തിനോട് തോൽക്കുമോ? സ്പെയിനിനു മുന്നിൽ ജർമനിയോട് ക്യുറസോവ എന്ന പോലാകുമോ കേപ്പ് വേർദ്? കഴിഞ്ഞ ലോകകപ്പിൽ അർജൻ്റീനയോട് ചെയ്തത് ഉറൂഗ്വയോട് ചെയ്യുമോ സൗദി? എന്താണ് ഇറാൻ കളിക്കുമ്പോൾ ലോകം ഉറ്റുനോക്കുക?
