2000 ത്തിലെ ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നത് ബൊക്ക ജൂനിയേഴ്സാണ്. ഫിഗോയും റോബർട്ടോ കാർലോസും മക്കലെലെയും കസിയസും അടങ്ങുന്ന താരനിബിഡമായ റയൽ. അദ്‌ഭുതകരമാം വിധം റയൽ വീണ ആ കളിയുടെ ആറാം മിനുട്ടിൽ റയലിന് കേട്ടറിവ് മാത്രമുണ്ടായിരുന്ന ആ സ്കിൽ പ്രത്യക്ഷമായി. ബൊക്കയുടെ ഹാഫിൽ നിന്ന് മാർട്ടിൻ പലെർമോയെ ലക്ഷ്യമാക്കി റയലിന്റെ പ്രതിരോധത്തെ തുറന്നെടുക്കുന്ന ഒരു ഡിഫൻസ് ബ്രെക്കിങ് ഏരിയൽ പാസ്. നൽകുന്ന മിഡ് ഫീൽഡർ ഉദ്ദേശിച്ചതിൽ നിന്നും ഒരിഞ്ചു പോലും അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ പെർഫെക്ട് ആയി ഒഴുകിയെത്തിയ പന്ത് പലർമോ വലയിലേക്ക് പ്ലെസ് ചെയ്യുമ്പോൾ ആ പാസ്സ് നൽകുന്നത് ക്ലൗഡ് മക്കലെലെയെ അതിശയിപ്പിച്ചു കൊണ്ട് തൻറെ വേഗത്തിനൊപ്പം കളിയുടെ വേഗത്തെ ക്രമീകരിച്ച ഒരസാധാരണ കളിക്കാരനായിരുന്നു.
റിക്വൽമേ : അടയാളപ്പെടാതെ പോയ ആ പത്താം നമ്പറുകാരൻ
ആധുനിക ഫുട്‌ബോളിലെ സിസ്റ്റമറ്റിക് ആയ മാറ്റങ്ങൾക്കൊടുവിൽ എവിടെയോ നഷ്ടപ്പെട്ടു പോയൊരു സുവർണ കാലത്തിന്റെ പ്രതിനിധി. തനിക്കാസ്വദിക്കാൻ, തന്റെ കളി കണ്ടിരിക്കുന്നവരെ ആനന്ദം കൊള്ളിക്കാൻ വേണ്ടി മാത്രം കളിക്കുന്ന റൊമാന്റിക് പ്ലെയർ. ലോകം കണ്ട അവസാനത്തെ മഹാനായ എൻഗാഞ്ചേ, ക്രിയേറ്റിവ് ജീനിയസ്. യുവാൻ റോമൻ റിക്വൽമേ.