ചാക്കോളാ ​ട്രോഫിയും ചില ദുരന്ത താരങ്ങളും; ഒരിക്കലൊരു പന്തായിരുന്നു തൃശൂർ

വർഷങ്ങൾക്കു​മുമ്പ് തൃശ്ശൂരിലെ ചാക്കോള ഗോൾഡ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങളിൽ വെറും കാണി മാത്രമായി അത് ആസ്വദിക്കുമ്പോൾ ലേഖകൻ അനുഭവിച്ച ചില അസുലഭ മുഹൂർത്തങ്ങളും രസകരമായ സംഭവങ്ങളും ഫുട്‌ബോളിൽ ജീവിതം ഹോമിച്ച തൃശ്ശൂരിലെ ചില കളിക്കാരുടെ ദയനീയ പരാജയകഥകളും ഓർത്തെടുക്കുന്നു.

ലോകകപ്പിന്റെ തത്സമയ സംപ്രേഷണം ടി.വിയിൽ പൊടിപൊടിക്കുമ്പോൾ ഞങ്ങളുടെ പാട്ടുരായ്ക്കൽ ഓവർ ബ്രിഡ്ജിനുതാഴെ വലിയ സ്ക്രീനിൽ കളി ആസ്വദിക്കുന്ന സാധാരണ മനുഷ്യരുടെ കാഴ്ച വിസ്​മയിപ്പിക്കുന്നു. സ്ഥലത്തെ നാട്ടുപെരുമ ജനകീയ സമിതിയാണ് ജനപങ്കാളിത്തത്തോടെ ഇത്തരം പ്രദർശനങ്ങളും മറ്റും ഇവിടെ സംഘടിപ്പിക്കുക. യുവാക്കളും വിദ്യാർത്ഥികളും കളിക്കാരുടെ പേരുകൾ വിളിച്ചുപറഞ്ഞ് ഒരുതരത്തിൽ അവരറിയാതെ പ്രോത്സാഹിപ്പിക്കുമ്പോൾ വാർദ്ധക്യത്തിൽ കാലൂന്നിയ പലരും ആവേശത്താൽ മതിമറന്ന് കയ്യടിക്കുന്നതും കാണാം. ഈ ജനക്കൂട്ടത്തിൽ കെട്ടിടംപണിക്കാരായ ബംഗാളികളും തമിഴ് മക്കളുമുണ്ട്​. അവർ കളിക്കാരെക്കുറിച്ച്​ സംസാരിക്കുന്നു, ടീമുകളുടെ പൂർവചരിത്രം പറയുന്നു. വഴിവക്കിലെ കപ്പലണ്ടി വില്പനക്കാരൻ മുനിയാണ്ടിയും ഭാര്യ ശെൽവിയും ആ ആൾക്കൂട്ടത്തിലുണ്ടായിരുന്നു. അതുവഴി വന്ന ശബരമല തീർത്ഥാടകസംഘത്തിൽപ്പെട്ട ചില ഭക്തർ കാർ നിർത്തി അല്പനേരം കളികണ്ട് തിരിച്ചുപോയി. സുഹൃത്തും സഹപാഠിയും തൃശ്ശൂരിലെ മേയറുമായിരുന്ന കെ. രാധാകൃഷ്ണൻ ആ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നതേയില്ല. അർജന്റീന, ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട്​ തോൽക്കുന്നതുകണ്ട്​ യുവ സുഹൃത്തുക്കളായ ലോട്ടറിവില്പനക്കാരൻ സതീശനും ഇലക്​ട്രീഷ്യൻ എം.പി. മണിയും ഓട്ടോക്കാരൻ ബിജുവും വളരെ ദുഃഖിതരായി കാണപ്പെട്ടു.

മലപ്പുറം, കോഴിക്കോട് തുടങ്ങിയ മലബാർ പ്രദേശക്കാരാണ്​ ഇന്ന് കേരളത്തിലെ നമ്പർ വൺ ഫുട്‌ബോൾ പ്രേമികളായി അറിയപ്പെടുന്നത്​. തൃശൂരിനും പന്തുകളിയുടെ വലിയ പാരമ്പര്യമുണ്ട്. ദേശീയ കളിക്കാരൻ പി.ആർ. ആന്റണി, പി.ആർ. സണ്ണി, കൊച്ചുമാത്യു, യു.പി. ജോണി, ഫുട്‌ബോൾ കോച്ച് ദേവസ്സിക്കുട്ടി, ചാത്തുണ്ണി, തമ്പി ജോർജ്ജ് തുടങ്ങിയവർക്കുശേഷം നമ്മുടെ പ്രിയപ്പെട്ട ഐ.എം. വിജയനും കളിച്ചുവളർന്ന ഇടമാണ് തൃശൂർ. വിജയന്റെ കുടുംബം ആദ്യകാലത്ത് എന്റെ തൊട്ടയൽവാസിയായിരുന്നെങ്കിലും അദ്ദേഹത്തെ എനിക്ക് നേരിൽ പരിചയമില്ല. വിജയൻ പ്രശസ്തനാകാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഞാൻ തൃശൂർ വിട്ട് ബോംബെയിലെത്തിയിരുന്നു. കേരളവർമ കോളേജിലെ സ്പോർട്‌സ് അധ്യാപകനായിരുന്ന രാധാകൃഷ്ണൻ മാഷാണ് വിജയനെ ഫുട്​ബോളി​ലേക്കെടുത്തുയർത്തിയതെന്നറിയാം. ചുരുക്കിപ്പറഞ്ഞാൽ, തൃശൂരിന് കേരളത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്.

ഐ.എം. വിജയൻ / Photo: Agastya surya

എന്റെ വീടിന് മുൻവശത്ത് റെയിൽപാളമാണ്. അത് നീണ്ട് അങ്ങ് എവിടെവരെ എത്തുമെന്ന് അന്നെനിക്ക്​ വലിയ പിടിയുണ്ടായിരുന്നില്ല. പാളത്തിന് താഴെയുള്ള അല്പം സ്ഥലത്ത് ഞങ്ങൾ കുട്ടികൾ തുണിപ്പന്ത് കളിച്ചുവളർന്നു. പത്രപ്രവർത്തകനും സുഹൃത്തുമായിരുന്ന കെ.ആർ.വി. (ഇദ്ദേഹം സ്ഥലത്തെ ചരിത്രകാരൻ കൂടിയാണെന്ന് വിശേഷിപ്പിക്കട്ടെ.) ഐ.എം. വിജയന്റെ ഇളയച്ഛനും എന്റെ മിത്രവുമായിരുന്ന നന്ദൻ എന്ന നന്ദനാർ, ഹരീന്ദ്രനാഥൻ (പ്രംജിയുടെ മകൻ), രാധാ സ്വാമി, അനിയൻ ബേബിസ്വാമി തുടങ്ങി എന്നോടൊപ്പം തുണിപ്പന്ത് കളിച്ചിരുന്ന ബാല്യകാലസുഹൃത്തുക്കൾ ഏതാണ്ട് എല്ലാവരും ദൗർഭാഗ്യവശാൽ കാലയവനികക്കുള്ളിൽ മറഞ്ഞ് നാളേറെയായി. തുണിപ്പന്തുകളിയിൽ മറ്റു കളിക്കാരുടെ കാലിന്മേൽ അടിയിലും (തൃശ്ശൂർ ഭാഷയിൽ ‘ചൗട്ട്​’) ഉന്തിലും തള്ളിലും വിദഗ്ദ്ധനായ മണി, പന്തുകളിയുടെ നിയമവശങ്ങൾ എപ്പോഴും ഞങ്ങളെ ബോധ്യപ്പെടുത്താറുള്ള ‘ലോ പ്ലയർ' ബാലൻ, കൊട്ടാരം മോഹൻ എന്ന് ഞങ്ങൾ വിളിക്കാറുള്ള കെ. മോഹൻ ഇവരെല്ലാം എവിടെപ്പോയി മറഞ്ഞോ എന്തോ! ബേബി സ്വാമി ജീവസന്ധാരണത്തിന്​ ഭോപ്പാലിലെത്തിയ അവസരത്തിൽ അവിടെ ആയിടെയുണ്ടായ വിഷവാതകചോർച്ചയിൽ മരിച്ചുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. ഇക്കണോമിക്‌സിൽ പി.ജിയെടുത്ത ബേബിയുടെ ജ്യേഷ്ഠൻ രാധാകൃഷ്ണൻ എന്ന രാധാസ്വാമി ജോലിതേടി ബോംബെയിലെത്തിയ കാലത്ത് ഒരുനാൾ ആ കക്ഷിയെ മുളുണ്ടിൽ കണ്ടുമുട്ടി. മഞ്ഞപ്പിത്തബാധിതനായിരുന്ന രാധയെ വൈകാതെ മരണം കീഴടക്കി. റെയിൽവെ ക്വാർട്ടേഴ്‌സിൽ താമസിച്ചുപോരവെ ഹൃദയാഘാതം മൂലമാണ് രാധ ഈ ലോകം വിട്ടുപോയത്.

മരക്കൊമ്പിലിരുന്നുകണ്ട ചാക്കോള ഗോൾഡ്‌ ട്രോഫി

ഞാൻ അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ് ചാക്കോള ഗോൾഡ്‌ ട്രോഫി ആദ്യമായി കാണാനിടയായത്. നാലണയോ എട്ടണയോ മറ്റോ ആയിരുന്നു അന്നത്തെ ഗാലറി ടിക്കറ്റിന്റെ വില. നാലണ എങ്ങിനെയെങ്കിലും ഒപ്പിച്ചെടുക്കാനുള്ള "കള്ളസൂത്രം' എനിക്കറിയില്ല. (കൊച്ചുകുട്ടിയായിരുന്നില്ലേ!) ഞാനും മറ്റുചില പിള്ളേരും പാലസ് ഗ്രൗണ്ടിലെത്തി. തൃശൂർ പൂരത്തിന്റെ ആൾത്തിരക്കുണ്ടവിടെ. ഗ്രൗണ്ടിന് സമീപമുള്ള, ചാഞ്ഞ ഒരു മരക്കൊമ്പിൽ പൊത്തിപ്പിടിച്ച് കയറിനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ ആദിമമനുഷ്യരായ ‘മരഞ്ചാടികളെ'ക്കൊണ്ട് ആ മരക്കൊമ്പ് നിറഞ്ഞു. അത് ആടാൻ തുടങ്ങി.

കളി തുടങ്ങി. ഉദ്വേഗവും ആവേശവുമുണർത്തുന്നതുമായ ആ മാച്ച് തൃശൂരിലെ ഒരു പ്രമുഖ കമ്പനിയായിരുന്ന കൊച്ചിൻ മാല്യബിൾസും കേരള പൊലീസും തമ്മിലായിരുന്നു. ടിക്കറ്റെടുക്കാതെത്തന്നെ ഞങ്ങൾ മരഞ്ചാടികൾ ആ കളി മുഴുവനും കണ്ടു. കയ്യടി, കൂക്കുവിളിയ്ക്കിടയിൽ അന്നത്തെ പ്രശസ്ത ഫുട്‌ബോൾ അനൗൺസർ രാമൻ (ആറടിയിലധികം ഉയരമുള്ള അദ്ദേഹത്തെ ‘ഹൈ രാമൻ' എന്നാണ് തൃശൂർക്കാർ വിളിക്കുക) ആ ഗ്രൗണ്ടിലെ പന്തിന്റെ ഓരോ നീക്കങ്ങളും ഗോൾനിലവാരവും കളിക്കാരെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും അണുവിട തെറ്റാതെ ജനങ്ങളെ കേൾപ്പിച്ചുകൊണ്ടിരുന്നു.

photo: Muhammad Hanan

പക്ഷേ, ഞങ്ങൾ ‘കാശില്ലാ പിള്ളേർ'ക്ക് മരത്തിൽ കയറി പന്തുകളി കാണാനുള്ള അവസരം അധികം വൈകാതെ അവസാനിച്ചു. സംഘാടകർ ആ മരത്തിന്റെ ശാഖകൾ വെട്ടിമുറിച്ചു (മഹാപാപികൾ!).

ഒരു ജീപ്പിൽ അന്നത്തെ ഫുട്‌ബോൾ മത്സരത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് അനൗൺസ്മെന്റുകൾ നടത്തിയിരുന്ന ആളുടെ ഘനഗംഭീരൻ ശബ്ദം കാതിൽ ഇപ്പോഴും വന്നലയ്ക്കുന്നു. റേഡിയോ അന്ന് വീടുകളിൽ ഒരപൂർവ്വ വസ്തുവായിരുന്നു. നിർഭാഗ്യവശാൽ അത് എന്റെ വീട്ടിലെത്തിയത്, പിന്നെയും രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞാണ്. മലേഷ്യക്കാരനായ ഒരു ബന്ധുവാണ്​ ഞങ്ങൾക്ക് ഫിലിപ്‌സ് റേഡിയോ സമ്മാനിച്ചത്. അതുവരെ റേഡിയോ കമന്ററി കേൾക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. തൃശൂരിലെ പ്രധാന പത്രമായിരുന്ന ‘എക്​സ്​പ്രസി’ൽ സ്​പോർട്‌സ് കോളമെഴുതിയിരുന്ന പാഞ്ചി (ഫ്രാൻസിസ്) എന്റെ ജ്യേഷ്ഠസഹോദരൻ വാറുവിന്റെ സുഹൃത്തും കേരളവർമ്മയിലെ അദ്ദേഹത്തിന്റെ സഹപാഠിയുമായിരുന്നു. അദ്ദേഹം വാറുവിനോട് ചാക്കോള ട്രോഫിയിലെ കളിക്കാരെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കേൾക്കാറുണ്ട്. വൈറസ് പോലെ ഫുട്‌ബോൾ കമ്പം കേരളത്തിലുടനീളം പടർന്നുതുടങ്ങിയ ആ കാലത്ത്​ പെലെയെക്കുറിച്ച് മാത്രമേ ഞങ്ങൾ കേട്ടിട്ടുള്ളൂ.

യൂണിയൻ ജാക്കും ചാക്കോള ട്രോഫിയും

ചാക്കോള കുടുംബം അന്നും ഇന്നും തൃശൂരിലും പരിസരങ്ങളിലുമുള്ള അതിസമ്പന്നരായ തറവാടാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യൻ ‘കോടീശ്വരൻ'മാരുടെ വാസഗൃഹങ്ങളിൽ ഈസ്​റ്റിന്ത്യ കമ്പനിയുടെ ‘യൂണിയൻ ജാക്ക്' പറപ്പിക്കുന്നത് അവരുടെ അംഗീകാരമായും സാമ്രാജ്യത്വത്തിന്റെ അടയാളമായും കരുതേണ്ടിയിരിക്കുന്നു. തികച്ചും വാമൊഴികളെ അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തൽ സാക്ഷ്യപ്പെടുത്തുന്ന രേഖകൾ അന്വേഷിച്ച് പോകുന്നത് ഇവിടെ പ്രസക്തവുമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനികളായിരുന്ന അയർലാൻറ്​, സ്​കോട്ട്​ലാൻറ്​ ഉൾപ്പെടെയുള്ള മൂന്നു രാജ്യങ്ങളുടെ ദേശീയചിഹ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നതാണ് ‘യൂണിയൻ ജാക്ക്’ (യുണൈറ്റഡ് കിംഗ്ഡം ജാക്ക്. ‘ജാക്ക്' എന്നാൽ കൊടി എന്നാണ് അർത്ഥം).

ചാക്കോളയുടെ ബംഗ്ലാവിനു മുകളിലും അത് പാറിപ്പറന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സമ്പന്ന കുടുംബം തൃശൂരിലും എറണാകുളത്തും വസ്ത്രവ്യാപാരരംഗത്ത് അഗ്രഗാമികളായിരുന്നത് നേരിട്ടറിയാം. അവരുടെ തറവാടിന്റെ പ്രശസ്തി നിലനിർത്താനാണ് കുടുംബം 101 പവൻ തൂക്കമുള്ള ചാക്കോളാ ഗോൾഡ് ഫുട്‌ബോൾ റോളിങ്ങ്‌ ട്രോഫി സമാരംഭിച്ചത്​. എന്നാൽ നാളുകളായി ഹൈറോഡിൽ ‘അഞ്ചുവിളക്കി'നടുത്ത് സ്ഥിതിചെയ്തിരുന്ന, ഇംഗ്ലീഷിൽ പറഞ്ഞാൽ ‘റോറിങ്ങ് ബിസിനസ്​' തന്നെ ഒരുകാലത്ത് നടത്തിയിരുന്ന, ചാക്കോള സിൽക്‌സ് ഇന്നിപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പുതിയ ഇത്തരം ക്ലോത്ത് മർച്ചൻറുകളുടെ തള്ളിക്കയറ്റവും അവരുടെ ശാസ്ത്രീയമായ വിപണനതന്ത്രങ്ങളുമൊക്കെയാകാം ചാക്കോളാസ് സിൽക്‌സ് ഈ രംഗത്തെ കച്ചവടത്തിന്റെ മെയിൻ സ്ട്രീമിൽ വലിയ താല്പര്യം കാണിക്കാത്തതെന്ന് തോന്നുന്നു.

പാലസ് ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരം അരങ്ങേറുന്നതിനു തൊട്ടുമുമ്പു മുതൽ സമാപിക്കുന്നതുവരെ 101 പവൻ തൂക്കമുള്ള ഗോൾഡ്‌ ട്രോഫി സിൽക്ക് ഹൗസിൽ എല്ലാ ബന്തവസ്സോടെയും ഷോറൂമിന്റെ മുൻഭാഗത്തുള്ള ചില്ലുകൂട്ടിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാറുണ്ട്.

ഏതായാലും ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിട്ട​ശേഷം കോടീശ്വരൻമാരുടെ ബംഗ്ലാവുകളിൽ ഈസ്​റ്റിന്ത്യാ കമ്പനിയുടെ കൊടി ഉയർത്തിയതായി കേട്ടിട്ടില്ല. തൃശൂർ സെൻറ്​ മേരീസ് കോളേജ് റോഡിൽ തലയുയർത്തി നിൽക്കുന്ന ആ കൂറ്റൻ ബംഗ്ലാവ് ഇപ്പോഴുമുണ്ട്. കുറെ നാളുകൾക്കുമുമ്പുവരെ ചാക്കോള തറവാടിന്റെ അഭിമാനമായിരുന്ന അവിടെ കാത്തലിക് സിറിയൻ ബാങ്ക് കോർപറേറ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിരിക്കുന്നു.

ചാക്കോള ഗോൾഡ് റോളിങ്ങ്‌ ട്രോഫി പിന്നീട് ആരാണ് സ്വന്തമാക്കിയതെന്ന് വ്യകതമായി എനിക്കറിയില്ലെങ്കിലും ഞങ്ങളെപ്പോലെ പലരും തൃശ്ശൂരിന്റെ സ്വന്തമായിരുന്ന അന്നത്തെ ആ പന്തുകളിക്കാലം വരാൻ കാത്തിരിക്കാറുണ്ട്. വർഷങ്ങളായി തൃശ്ശൂരിന്റെ ഈ ഫുട്‌ബോൾ മത്സരമാമാങ്കം നിന്നുപോയിരിക്കുന്നു. സ്കൂളുകൾ അടച്ചശേഷം ഏപ്രിൽ അവസാനത്തോടെയും മെയ് ആദ്യവാരത്തിലുമായാണ് ചാക്കോള ട്രോഫി ആരംഭിക്കുക.

ഗ്യാലറിയിലിരുന്നു കണ്ട ആദ്യ കളി

ഞാൻ എട്ടാം ക്ലാസിലേക്ക്​ വലുതായപ്പോൾ, ചാക്കോള ഫുട്‌ബോൾ മത്സരം കാണാൻ പാലസ് ഗ്രൗണ്ടിന് സമീപം ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ബാക്കിയുണ്ടായിരുന്നില്ല. എന്നാൽ കൊച്ചിമഹാരാജാവിന്റെ താവഴിയിലുള്ള ഏതോ തമ്പുരാട്രോഫി കൊട്ടാരത്തിലേക്കുള്ള പ്രവേശനകവാടം ഇന്നുമുണ്ട്. അതിന്റെ സ്ഥാനം ഗ്രൗണ്ടിനോട് അത്ര ചേർന്നൊന്നുമല്ലെങ്കിലും ഞങ്ങൾ കുറേപേർ അതിനുമുകളിൽ കയറിനിന്നു. കളി ആരംഭിക്കാൻ അധികസമയമില്ലെന്ന അനൗൺസ്മെൻറ്​ വന്നു. ടിക്കറ്റിനുള്ള നീണ്ടവാലിന്റെ ഇങ്ങേ അറ്റം ആ ആർച്ചിന് പുറത്തെത്തിയിട്ടുണ്ട്. ആ കവാടത്തിൽനിന്നാൽ കളിക്കാരുടെ തല മാത്രമേ കാണാനാകൂ. ഞാനാകെ നിരാശനായി. മരക്കൊമ്പ് മുറിച്ച പിന്തിരിപ്പൻമാരോടുള്ള ദേഷ്യം ഉള്ളിൽ കടിച്ചൊതുക്കി അസ്വസ്ഥനായി നിന്നു. അപ്പോഴതാ, ഡബ്ബിൾ മുണ്ടും രണ്ടാംമുണ്ടും ഫുൾക്കൈയ്യൻ ഷർട്ടും ധരിച്ച് കൈയ്യിൽ കാൽക്കുടയുമായി എന്റെ അപ്പൻ വരുന്നു. അദ്ദേഹം എന്നെ കാണുന്നു, താഴെ വരാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു. ഞാൻ താഴെ ചെല്ലുന്നു. അപ്പൻ റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് സംഘാടകർ കോംപ്ലിമെന്ററി ടിക്കറ്റുകൾ നല്കിയിട്ടുണ്ടാകാം. പാലസ് ഗ്രൗണ്ടിൽ മുളകൾകൊണ്ട് കെട്ടിത്തീർത്ത ഗ്യാലറിയിലിരുന്ന് അന്ന് ആദ്യമായി ഞാൻ കളി കണ്ടു. വാസ്കോ ഗോവ- പഞ്ചാബ് പൊലീസ് മത്സരത്തിൽ വാസ്കോ മൂന്നു ഗോളിന് തോറ്റു.

photo: Muhammad Hanan

കേന്ദ്രമന്ത്രിക്കുമുന്നിൽ തൃശൂരുകാരുടെ കളി

ചാക്കോള ട്രോഫി ഫൈനൽ അരങ്ങേറുന്ന ദിവസം. (അന്ന് ആരുടെ മത്സരമാണതെന്ന് ഓർമയില്ല). പാലസ് ഗാലറി പന്തുകളി ​പ്രേമികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഗാലറിയിലിരിക്കുന്ന കാണികളെ സമീപിച്ച് പത്തുപൈസക്ക് കപ്പലണ്ടി വിൽക്കുന്നവർ, ഐസ്ഫ്രൂട്ട് വിറ്റ്​ കാണികളുടെ ശരീരവും മനസ്സും തണുപ്പിക്കാൻ ശ്രമിക്കുന്ന തമിഴ്​മക്കൾ... ലൗഡ്‌ സ്പീക്കറിലൂടെ സിനിമാപാട്ടുകൾ ഒഴുകുന്നു. ജനങ്ങളുടെ കൂക്കുവിളികൾ, ആകെ ജഗപൊഗ.

വിജയിക്ക്​ സ്വർണ്ണക്കപ്പ് സമ്മാനിക്കാൻ കേന്ദ്രമന്ത്രിയാണെത്തുക. സെൻറ്​ തോമസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും ഫുട്‌ബോൾ കമന്റേറ്ററുമായ പ്രൊഫ. എൻ.ഡി. ജോർജ് കാണികളോട് ക്ഷമയോടെ അല്പനേരംകൂടി കാത്തിരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടിരുന്നു (ഇദ്ദേഹം പിന്നീട് തൃശൂർ മുനിസിപ്പൽ ചെയർമാനായി). നാലരയ്ക്ക് ആരംഭിക്കേണ്ട കളി അഞ്ചേകാൽ കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ല. ഞാനടക്കം എല്ലാവരും അസ്വസ്ഥർ. കൂക്കുവിളി ഉയരുന്നുണ്ട്. സമയം അഞ്ചരയോടടുത്തപ്പോൾ അതാ, ആകാശത്തൊരു പടപട ശബ്ദം. കേന്ദ്രമന്ത്രി വരുന്ന ഹെലിക്കോപ്റ്റർ ലാൻറ്​ ചെയ്യാനുള്ള ഹെലിപ്പാഡ് തിരഞ്ഞ് വട്ടം ചുറ്റിക്കൊണ്ടിരുന്നു. ആളുകൾ വീണ്ടും കൂക്കുവിളിച്ചു. വി.കെ.എൻ ഭാഷയിൽ പറഞ്ഞാൽ ‘ഹെലികോപ്റ്റർ ഡ്രൈവൻ’ എങ്ങനേയോ ആകാശവാഹനം നിലത്തിറക്കി. ഖദർ ഫുൾ ഷർട്ടും വെള്ള പൈജാമയും കഴുത്തിൽ ഷാളുമിട്ട് കേന്ദ്രമന്ത്രി സ്റ്റേജിനടുത്തെത്തി. എൻ.ഡി. ജോർജ്‌സാർ മൈക്കിലൂടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. സാരിയും ബ്ലൗസുമണിഞ്ഞ രണ്ടു ലലനാമണികൾ അദ്ദേഹത്തെ സ്റ്റേജിലേക്ക് ആനയിച്ചിരുത്തി. ഒരുവൾ പൂച്ചെണ്ട് നല്കിയപ്പോൾ അപര മന്ത്രിയെ ഹാരമണിയിച്ചു. അപ്പോഴും ഭക്ഷണം കിട്ടാതെ അലറിക്കരയുന്ന കുട്ടികളെപ്പോലെ ഹെലികോപ്റ്ററിന്റെ പടപടാ ശബ്ദം നിലച്ചിട്ടില്ല. ജോർജ് സാറും മറ്റ് വി.ഐ.പി.കളും മന്ത്രിയെ ഹസ്തദാനം നടത്തുകയും സ്​ട്രോ അടക്കമുള്ള കരിക്കു നൽകി ആദരിക്കുകയും ചെയ്തു. ഹെലികോപ്റ്റർ ‘ദീനരോദനം' തുടർന്നു. ഒരുപക്ഷേ, അതിന്റെ ഓഫ് സ്വിച്ച് കേടുവന്നിരിക്കാം. ക്ഷമകെട്ട കാണികൾ വായിൽ തോന്നിയത് ഉറക്കെ വിളിച്ചുപറയുന്നുണ്ട്​.

അതിനിടയിൽ സ്റ്റേജിനുസമീപം ഇരിപ്പിടം സംഘടിപ്പിച്ച ഒരു കള്ളിമുണ്ടുധാരി, ‘കൊണ്ടുപോടാ നിന്റെ പാട്ട സാധനം' എന്ന് തൃശൂരിന്റെ തനിനാടൻ ഭാഷയിൽ വിളിച്ചുപറഞ്ഞു. ആ ചിലമ്പിച്ച ശകാരവും ഉച്ചഭാഷിണിയിലൂടെ എങ്ങനെയോ പുറത്ത് കേട്ടു. വീണ്ടും കൈയ്യടികളും കൂക്കുവിളികളുമുയർന്നു. ആ സമയം ആകാശവാഹനം ഭയപ്പാടോടെയാണോ എന്നറിയില്ല, അതിന്റെ ചക്രശ്വാസംവലി അവസാനിപ്പിച്ചു. നോക്കണേ, തൃശൂരിന്റെ നാടൻ ഭാഷയുടെ ഒരു ആജ്ഞാശക്തി.

‘നീ നിന്റെ കളി കളിക്ക്​, ചാക്കോളേടെ കളി കളിക്കണ്ട’ എന്നൊരു ചൊല്ലുതന്നെ പിന്നീട്​ തൃ​ശൂരിലുണ്ടായിവന്നിട്ടുമുണ്ട്​.

വാസ്കോയും ഒരു വിവാഹാഘോഷവും

തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ട് ലൈനിൽ തറവാടുള്ള പറക്കോട്ട് വാസുമേനോൻ ഗോവയിൽ ചെന്ന് കെട്ടിപ്പടുത്ത എഞ്ചിനീയറിങ്ങ് കമ്പനിയുടെ ചുരുക്കപ്പേരാണ് വാസ്കോ (വാസുമേനോൻ ആൻറ്​ കമ്പനി). ആദ്യമായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് ലോകസഞ്ചാരി വാസ്കോ ഡ ഗാമയുടെ ഓർമയുണർത്തുന്ന പേര്​. ഫുട്‌ബോൾ പ്രേമി കൂടിയായ വാസുമേനോന്റെ ടീം പിന്നീടും ചാക്കോള ഗോൾഡ്‌ ട്രോഫിക്കുവേണ്ടി കളിച്ചിരുന്നു.

ഇവിടെ അനുബന്ധമായി ഒരു വിവാഹച്ചടങ്ങിന്റെ രംഗം കൂടി ചേർക്കേണ്ടതുണ്ട്. മിനിമം ഒരു ജൂനിയർ എഞ്ചിനീയറെങ്കിലും ആക്കാൻ പ്രതിജ്ഞാബദ്ധരായപോലെ വീട്ടുകാർ എന്നെ, പത്താം ക്ലാസ്​ കഴിഞ്ഞപ്പോൾ തൃശൂർ മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എം.ടി.ഐ) സിവിൽ എഞ്ചിനീയിറങ്ങ് ഡിപ്ലോമ കോഴ്‌സിന് ചേർത്ത് സംതൃപ്തരായി. അറുക്കാൻ കൊണ്ടുപോകുന്ന മാടിനെപ്പോലെയായിരുന്നു എന്റെ അവസ്ഥ. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ കയ്യിൽ കാലണയില്ല. ഒടുവിൽ എം.ടി.ഐയിൽ ചേരാതെ നിർവ്വാഹമില്ലെന്നായി. വൈകീട്ട് 5.45 മുതൽ രാത്രി ഒമ്പതര വരെയാണ് ആ പാർട് ടൈം ക്ലാസ്​. എന്തു ക്ലാസ്​? എന്തു കുന്തമാണ് അവിടെ നടക്കുന്നതെന്നുപോലും കുറേനാൾ എനിക്ക് മനസ്സിലായില്ല. ഞങ്ങൾക്ക് ‘കാൽകുലസ്' എന്നൊരു വിഷയമുണ്ട്. അത് പഠിപ്പിച്ചിരുന്ന പരീത് മാഷ് എന്റെ ജ്യേഷ്ഠൻ വാറുവിന്റെ സുഹൃത്ത് കൂടിയാണ്. ക്ലാസിൽ ഇടതടവില്ലാതെ എന്നെ പിടികൂടി അദ്ദേഹം ചോദ്യങ്ങൾ ചോദിക്കും. അപ്പോഴൊക്കെ തലതാഴ്ത്തി നിൽക്കുന്നത് എന്റെ സ്ഥിരം ആചാരമായി മാറി. ഈ അവസ്ഥ എന്റെ മനഃസമാധാനം കെടുത്തിക്കൊണ്ടിരുന്നു.

photo: Muhammad Hanan

ആയിടക്ക്​ വാസ്കോ മേനോന്റെ മകൾ ദേവിയുടെ വിവാഹം വന്നെത്തി. യേശുദാസിന്റെ ഗാനമേളയോടെ വിവാഹാഘോഷം കെങ്കേമമാക്കാനാണ് വധുവിന്റെ വീട്ടുകാരുടെ ഉദ്ദേശ്യം. വിവാഹ ക്ഷണപത്രികയുമായി സഞ്ചരിച്ചിരുന്നത് ‘ട്രിച്ചൂർ വാഷിങ്ങ് ഹോം' നടത്തുന്ന ദേവസ്സിയേട്ടനാണ്. അദ്ദേഹം സൈക്കിളിൽ വീടുകളിലെത്തി മുഷിഞ്ഞ തുണികൾ ശേഖരിച്ച് അലക്കിത്തേച്ച് അവ ഉടമസ്ഥർക്ക് തിരിച്ചെത്തിക്കുമായിരുന്നു.

വിവാഹവേദിയാക്കിയ റീജ്യണൽ തിയേറ്റർ അലങ്കരിച്ചിരിക്കുന്നതുകണ്ടാൽ അവിടെ ഒരുത്സവം തന്നെ അരങ്ങേറിയിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കാം. ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണം യേശുദാസിന്റെ ഗാനമേളയാണ്. പാട്ടുരായ്ക്കൽ കുട്ടൻകുളങ്ങര പ്രദേശങ്ങളിലെ എല്ലാ വീടുകളിലും അച്ചടിച്ച വിവാഹ ക്ഷണപത്രികയെത്തി. എന്നാൽ എന്തുകൊണ്ടോ എന്റെ വീട്ടിൽ ആ സംഗതി വന്നില്ല. ഒരുപക്ഷേ, വിട്ടുപോയതായിരിക്കാം. എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ക്ഷണിക്കാത്തത് എന്റെ കുറ്റമല്ല. അത് അവരുടെ കുറ്റമായേ എനിക്കപ്പോൾ തോന്നിയുള്ളൂ.

അലക്കിത്തേച്ച ഒറ്റമുണ്ടും ഹാഫ്ക്കയ്യൻ ഷർട്ടും ധരിച്ച് ഞാനും രണ്ടുമൂന്ന് സുഹൃത്തുക്കളും വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ റീജ്യണൽ തിയേറ്ററിലെത്തി. ഗ്രാമഫോൺ റെക്കോർഡിൽ നിന്ന് ചെമ്മീനിലെ ‘ചാകര, ചാകര, കടപ്പുറത്തിന്​ ചാകര''എന്ന ഹരംപിടിപ്പിക്കുന്ന ഗാനം അലയടിച്ചുയരുന്നുണ്ട്. 1966-67 കാലമാണ്​. ഞൊടിയിടയിൽ ദേവസ്സിയേട്ടൻ എന്നേയും സുഹൃത്തുക്കളേയും കണ്ടു. ‘വായോ വായോ ഹാളിൽ ചെന്നിരിക്ക്...' എന്ന് കനിവാർന്ന സ്വരത്തിൽ അദ്ദേഹം ഞങ്ങളെ സുസ്വാഗതം ചെയ്തു. നാണം ലവലേശമില്ലാത്ത ഞങ്ങൾ ക്ഷണിക്കപ്പെടാത്ത അതിഥികളായി ആ വിവാഹാഘോഷത്തിൽ പങ്കുചേർന്നു. ഉടനെ എല്ലാവർക്കും ദേവസ്സിയേട്ടന്റ ശിങ്കിടികൾ ഞങ്ങൾക്കിടയിൽ 'ടീ പാർട്ടി' പാക്കറ്റുകൾ വിതരണം ചെയ്തു. ലഡ്ഡു, മിക്‌സ്ചർ, പ്ലം കേക്ക് തുടങ്ങിയവയാണ് ‘മധുരം നിറഞ്ഞ ഉള്ളടക്കം'. ഒട്ടും ലജ്ജകൂടാതെ ഞങ്ങളത് മാന്യമായി ഭക്ഷിച്ചു. ‘ടീ' കിട്ടിയോ എന്ന് ഓർമയില്ലെങ്കിലും സംഭവം തകർത്തു.

അപ്പോൾ, ധവളവസ്ത്രധാരിയായ ഗാനഗന്ധർവ്വൻ ഹാളിലേക്കെത്തി. കയ്യടിയുടെ ബഹളം. അദ്ദേഹത്തിന്റെ നല്ല പാതി (പ്രഭ)യും ഒപ്പമുണ്ട്. ആ ഹാളാകെ ദാസേട്ടന്റെ ആരാധകരായിരുന്നു. ഓഡിറ്റോറിയത്തിന്റെ ഏറ്റവും മുന്നിൽ വി.ഐ.പി. അതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ആരൊക്കെയോ ഇരിക്കുന്നു. ദേവസ്സ്യേട്ടെന്റ നേതൃത്വത്തിൽ വേറെ കസേരകൾ വന്നു. വിശിഷ്ടാതിഥികൾ അവയിൽ ഉപവിഷ്ഠരായി. എന്നാൽ ഞങ്ങളെപ്പോലുള്ള ക്ഷണിക്കപ്പെടാത്ത ‘ഫ്രൻറ്​ സീറ്റ് അതിഥി'കളെ ഇരിപ്പിടങ്ങളിൽനിന്ന് ആരും പറഞ്ഞയച്ചില്ല എന്നത് ഇന്നും വളരെ സന്തോഷകരമായിത്തന്നെ തോന്നുന്നു. ഒരു വിവേചനവും ആതിഥേയരും അതിഥികളും (ചുരുങ്ങിയ പക്ഷം) പുറമേ കാണിച്ചില്ല. (ഇക്കാലങ്ങളിൽ ഈ വിശാലമനസ്കത പുതുസമൂഹത്തിൽ വിരളമാണെന്ന് പറയാതെ പറയുന്നു). ‘ഇടയ കന്യകേ പോകുക നീ' എന്ന പ്രശസ്ത ഗാനം തന്നെ ആദ്യം പാടി യേശുദാസ് സംഗീതവിരുന്ന്​ തുടങ്ങി. ‘കാതലിക്ക നേരമില്ലൈ' എന്ന തമിഴ് സിനിമയിലെ ‘വിശ്വനാഥൻ വേലൈ വേണം...' എന്ന തമാശ പാട്ടോടെ പതിവുപോലെ ഗാനമേള അവസാനിപ്പിച്ചു.

ഒരു ഗ്യാലറി ദുരന്തം

‘ജബ് മേ ബോട്ടാ ബച്ചാ ഥാ,
ബഡാ ശരാരത്ത് കർത്താ ഥാ,
അബ് മേ ബിൽകുൽ ബുഡ്ഡാ ഹും
ഗോലി ഖാകെ ജീതാ ഹും'
(ബാല്യത്തിൽ ഞാൻ കുറെ കുറുമ്പുകൾ കാട്ടി, ഇപ്പോൾ വൃദ്ധനായിരിക്കുന്നു,
ഗുളികകൾ തിന്ന് കഴിയുന്നു എന്ന ഒരു ടി.വി കമ്മേഴ്‌സ്യലിലെ ജിംഗിൾ ഓർമ വരുന്നു)

പടുവികൃതികളായ സഹപാഠികളിൽനിന്ന് അവ കണ്ടുപഠിക്കാനും അവയുടെ പ്രയോഗരീതികൾ അനുഭവിച്ചറിയാനും ചിലപ്പോൾ പരീക്ഷിക്കാനുമുള്ള അസുലഭാവസരം അങ്ങനെ എം.ടി.ഐ.യിൽനിന്ന് ലഭിച്ചു. മൂന്നുവർഷത്തെ എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സിൽ രണ്ടുവർഷം മാത്രം പഠിച്ച് കാര്യമൊതുക്കി. എന്നു പറഞ്ഞാൽ എം.ടി.ഐ.യിലെ പരീക്ഷകളിൽ ഞാൻ തോറ്റു തുന്നംപാടി എന്നുതന്നെ അർത്ഥം. എന്നാൽ എഞ്ചിനീയറിംഗ്‌ ​ഡ്രോയിങ്​ എനിക്കു സമ്മാനിച്ച വരയിലെ സാങ്കേതികജ്​ഞാനം എന്റെ കാർട്ടൂൺ കമ്പത്തിനൊപ്പം പ്രൊഫഷനായി തെരഞ്ഞെടുത്ത അഡ്വൈർടൈംസിംഗിനും വഴിയെ സഹായകമായി. സകലമാന ടെക്‌നിക്കൽ വിദ്യാഭ്യാസവും അതോടെ അവസാനിപ്പിച്ച് ഞാൻ കേരളവർമയിൽ ആർട്‌സ് ഗ്രൂപ്പിൽ പ്രീഡിഗ്രിക്ക് ചേർന്നു. അപ്പോഴും വർഷംതോറും ചാക്കോള ഗോൾഡ്‌ ട്രോഫിയുടെ ആരാധകനായി തുടരുകയും ചെയ്​തു.

photo: Muhammad Hanan

തേക്കിൻകാട് മൈതാനത്തിൽ വി.ആർ.എസ്​ പബ്ലിസിറ്റി ആരംഭിച്ച കാലം. അവിടെ ധാരാളം കൂട്ടുകാരുണ്ടായി. ഇരുപത് - ഇരുപത്തഞ്ച് പേരുണ്ടായിരുന്ന ആ സംഘത്തിൽ കുറെപ്പേർ ഫുട്‌ബോൾ കളിക്കാർ തന്നെയായിരുന്നു എന്നതാണ് കൂടുതൽ സവിശേഷത. അടുത്ത സുഹൃത്ത് ടി. ഹരിനാരായണൻ അന്നത്തെ സ്കൂൾ സ്റ്റേറ്റ് ഫുട്‌ബോൾ ടീമിലെ സെന്റർ ഫോർവേർഡ് ആയിരുന്നു. കൂടാതെ ഹരി എണ്ണം പറഞ്ഞ സ്പോർട്‌സ്മാൻ കൂടിയായിരുന്നു. അങ്ങനെയാണ് മറ്റ് ഫുട്‌ബോൾ താരങ്ങളായ ഒ.കെ. തിമത്തി (ഗോളി), മാണി - വർഗ്ഗീസ് സഹോദരന്മാർ (ബാക്ക് കീപ്പർ, സെന്റർ ഫോർവേർഡ്) ഈനാശു, ഏമൻ തുടങ്ങിയ ‘തഗഡ' (ഉഗ്രൻ) കളിക്കാരുമായി പരിചയപ്പെടുന്നത്.
പ്രീഡിഗ്രി ക്ലാസിലെ സുഹൃത്ത് രവി പാലക്കാടുള്ള ഒരു ധനാഢ്യന്റെ മകനാണ്. പാലസ്സിൽ അന്ന് കളിയുണ്ട്. പക്ഷേ, രവിക്ക് പന്തുകളി അലർജിയാണ്​. അങ്ങനെയൊരു യുവാവിനെ അന്ന് ഞാൻ ആദ്യമായി കണ്ടു. പകരം ഞങ്ങളിരുവരും ജോസ് തിയ്യറ്ററിന് സമീപമുള്ള ‘സിനിമാകേഫി'ൽ (ഇന്നതില്ല) കയറി മട്ടൻചാപ്പ്‌സും അച്ചുറൊട്ടിയും വൃത്തിയായി അടിച്ച് പുറത്തിറങ്ങി. രവി ഹോസ്റ്റലിലേക്കും ഞാൻ വീട്ടിലേക്കും തിരിച്ചു.

അവിടയെത്തുമ്പോൾ അമ്മയും ജ്യേഷ്ഠസഹോദരിമാരായ മാത്തിരിയും ത്രോസ്യാക്കുട്ടിയും ബേബിയും അലമുറയിട്ട് കരയുകയാണ്. വലിയ കോലാഹലം. എനിക്ക് സംഗതി പിടികിട്ടിയില്ല. അന്ന് പാലസ്സ് ഗ്രൗണ്ടിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഗ്യാലറിയുടെ കുറേഭാഗം ഇടിഞ്ഞുവീണ് നാലഞ്ചുപേർ മരിച്ചു. കളി കാണാനിറങ്ങിയ ഞാനും ഇക്കൂട്ടത്തിൽ പെട്ടിട്ടുണ്ട് എന്നവർ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ തൃശ്ശൂരിനെ ഞെട്ടിച്ച ഈ സംഭവം അപ്പോൾവരെ ഞാനറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

ജ്​ഞാനോദയം ട്രോഫി അഥവാ ചുവപ്പുകോട്ടയിലെ പന്തുകളി

അക്കാലത്ത്​ പൂങ്കുന്നം ഒരു ചുവപ്പുകോട്ട തന്നെയായിരുന്നു. ഏതാണ്ട് അമ്പത് -അറുപത് വർഷങ്ങൾക്കു മുമ്പാരംഭിച്ച ജ്​ഞാനോദയം വായനശാല ഇന്നും ഞങ്ങളുടെ ദേശത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ തലയുയർത്തി നിലനിൽക്കുന്നു. ഇതിന്റെ ഭാരവാഹികൾ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഫുട്‌ബോൾ മത്സരത്തിലെ ഒരു വിശേഷം കൂടി പറയാം. 1970-71 കാലത്ത്​നായ്ക്കനാലിലുള്ള ‘രഘുവീർ അപ്പാരൽസ്' ജ്​ഞാനോദയം ഫുട്‌ബോൾ മാച്ചിന് സ്പോൺസർ ചെയ്ത ട്രോഫിയാണ് വിഷയം.

പൂങ്കുന്നം ശിവക്ഷേത്രമൈതാനിയാണ് കളിസ്ഥലം. ഞങ്ങളുടെ പ്രദേശത്തുള്ളവരും സമീപവാസികളും ഒത്തുകൂടിയിട്ടുണ്ട്. കളി ആരംഭിക്കാറായി. പാലസ് റോഡിലെ യങ്ങ്‌സ്റ്റേഴ്‌സ് ക്ലബ്ബും മലപ്പുറത്തുള്ള ഒരു ടീമും തമ്മിലാണ് മത്സരം. യങ്ങ്‌സ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ എന്റെ സുഹൃത്ത് ടി. ഹരിനാരായണനാണ്. മറ്റൊരു സുഹൃത്ത് രാധാസ്വാമിയും ടീമിലുണ്ട്. ഇരുടീമുകളുടേയും ക്യാപ്റ്റൻമാരോട് തമ്മിൽ ഹസ്തദാനം ചെയ്യാൻ റഫറി അഭ്യർത്ഥിച്ചു. ആ കലാപരിപാടിയും കഴിഞ്ഞു. ഒറ്റ രൂപാനാണയം ടോസ്സ് ചെയ്തു. കിക്കോഫിന് അവസരം ലഭിച്ചത് യങ്ങ്‌സ്റ്റേഴ്‌സിനാണ്.

ഹരി ഫുട്‌ബോളുമായി പാഞ്ഞു. ഇതിനിടെ എതിർഭാഗത്തെ കളിക്കാരൻ അത് തട്ടിത്തെറിപ്പിച്ചു. ഹരി വീണ്ടും പന്തുരുട്ടി കാലുകൊണ്ട് ‘സിസർകട്ട്' എന്ന അദ്ദേഹത്തിന്റെ സ്ഥിരം ‘ജഗ്ലറി' പരിപാടിയിലൂടെ ബോൾ ഗോൾപോസ്റ്റിന്നരികിലെത്തിച്ചു. എന്നാൽ ഹരി അടിച്ച ബോൾ ഗോൾപോസ്റ്റിന് മുകളിലൂടെ പാഞ്ഞ് ക്ഷേത്രമതിലിലിടിച്ച് ‘ബൂമറാങ്ങായി' തിരികെവന്നു. ആ അവസരം അങ്ങനെ നഷ്ടപ്പെട്ടു. പിന്നീട് ഒരു ഫൗൾ നടത്തിയ മലപ്പുറം ടീമിന് പെനാൽറ്റി വിധിച്ച്​ റഫറി വിസിലൂതി.

പെനാൽറ്റി കിക്ക് അടിക്കുന്നത് രാധാസ്വാമിയാണ്. പഴയകാല പ്രേതസിനിമകളിൽ സസ്പെൻസ് നിറഞ്ഞ രംഗങ്ങൾ വരുമ്പോൾ ചുമരിലെ ക്ലോക്ക് ‘ടിക്​ടിക്​' എന്ന ശബ്ദമുണ്ടാക്കി കാണികളെ ഉദ്വേഗത്തിന്റെ ഉച്ചകോടിയിൽ കൊണ്ടുവരുന്നപോലെ ഞങ്ങളെല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്​. പന്ത് പോസ്റ്റിലടിക്കുന്നതിനു മുമ്പ് രാധാസ്വാമി ആകാശത്ത് നോക്കി ആരോടോ എന്നപോലെ പ്രാർത്ഥിക്കുന്നത് കണ്ടു.

ഇതാ അദ്ദേഹം പെനാൽറ്റി അടിക്കാൻ തയ്യാറായി.

അല്പം ദൂരെനിന്ന് ഓടിവന്ന സ്വാമി ബോൾ ഉന്നം തെറ്റാതെ തന്നെ അടിച്ചു. പക്ഷേ, അദ്ദേഹം ധരിച്ചിരുന്ന വലതുകാലിലെ ബൂട്ടായിരുന്നു ഗോൾവലയത്തിലെത്തിയതെന്നുമാത്രം. സത്യം പറഞ്ഞാൽ ഞങ്ങളെല്ലാവരും ലോപമില്ലാതെ അലറിച്ചിരിച്ച് മതിമറന്നു. എല്ലാ ടെൻഷനും കാറ്റിൽപ്പറത്തി രാധാസ്വാമി തന്നെയും അപ്പോൾ ചിരിച്ചു. ഇന്ന് രാധാസ്വാമിയില്ല, ജ്​ഞാനോദയം ട്രോഫിയുമില്ല, യങ്‌സ്റ്റേഴ്‌സ് ക്ലബ്ബുമില്ല.

തൃശ്ശൂർ നഗരത്തിൽ വായനശാലകളുടെയും സ്പോർട്‌സ് ക്ലബ്ബുകളുടെയും സജീവ പ്രവർത്തനങ്ങളിൽ മാന്ദ്യം സംഭവിച്ചുവോ എന്ന് ന്യായമായും സംശയിക്കാം.

പരാജിതരുടെ അനന്തമായ ഗ്യാലറി

ഞങ്ങളുടെ ചങ്ങാതിമാരായ ഫുട്‌ബോൾ കളിക്കാരിൽ പലരും വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച് അതൊരു ചെറിയ വരുമാനമാർഗ്ഗമായി കണ്ടവരുണ്ട്. പക്ഷേ, പി.ആർ. ആന്റണി എന്ന ഇന്ത്യൻ ഫുട്‌ബോൾ രംഗത്തെ അതുല്യ പ്രതിഭയെക്കുറിച്ചു വർഷങ്ങൾക്കുമുമ്പ് ഒരു വാർത്ത വായിക്കാനിടയായി. നിർധനനും രോഗിയുമായി ബോംബെ ഫുട്‌ബോൾ രംഗത്തുനിന്ന് പിന്മാറി നാട്ടിൽ തിരിച്ചെത്തിയ ആന്റണിക്ക് കെട്ടിടം പണികളിൽ വാർക്കക്കമ്പി വളയ്ക്കുന്ന തൊഴിലാളിയുടെ കുപ്പായമണിയേണ്ടിവന്ന കഥയാണത്​. നിരവധി ഫുട്‌ബോൾ മത്സരങ്ങളിൽ കാൾ ടെക്‌സ്, പ്രീമിയർ, ഹിന്ദുസ്ഥാൻ ലിവർ, എച്ച്.എം.ടി പോലുള്ള ലോകോത്തര ക്ലബ്ബുകളെയും കമ്പനികളെയും പ്രതിനിധാനം ചെയ്ത ആന്റണി എന്ന അന്നത്തെ ആ ചുരുളൻമുടിക്കാരൻ യുവാവ്, പിന്നീട് ലുങ്കിയും ബനിയനും തലേക്കെട്ടുമായി കെട്ടിടം തൊഴിലാളിയായി മാറിയ വാർത്ത ഉള്ളുലയ്ക്കുന്നതു തന്നെയാണ്.

ഹരിനാരായണൻ എന്ന എന്റെ ഉറ്റസുഹൃത്ത് ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അദ്ദേഹം നേരാംവണ്ണം പഠിപ്പിൽ ശ്രദ്ധിക്കാതെയായി. നിർഭാഗ്യവശാൽ ഹരിക്ക് സ്കൂൾ ഫൈനൽ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഞാൻ പലപ്പോഴും ഇതേക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെങ്കിലും, ‘എന്നെക്കൊണ്ടത് പറ്റണില്ല്യ ജോസ് മാൻ' എന്നാണ് അദ്ദേഹത്തിന്റെ സ്ഥിരം മറുപടി. പിന്നീട് തൃശൂരിൽ നിന്ന് മാറിയ ഹരിനാരായണൻ പൂർവിക സ്വത്തിൽനിന്ന് വിഹിതം ലഭിച്ച ഭൂമിയിൽ വീടുവെച്ച് പട്ടാമ്പിയിൽ സ്ഥിരതാമസമാക്കി. ഏകമകനും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഞാൻ ബോംബെയിലെത്തിയശേഷം, തൃശൂർ വിശേഷങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ പശു പെറ്റതും പട്ടി പ്രസവിച്ചതും വരെയുള്ള വിവരങ്ങൾ കുനുകുനാ അക്ഷരങ്ങളാൽ എഴുതിനിറച്ച ഇൻലൻഡുകൾ ഓഫീസിലെത്താറുണ്ടായിരുന്നു. ഞാനയച്ച കത്തുകൾക്ക് കുറെനാൾ മറുപടി കാണാതായി. ഒരുനാൾ വേറൊരു കൈപ്പടയിലുള്ള കത്ത് എനിക്കായി ഓഫിസിൽ വന്നു. പൊളിച്ചു നോക്കിയപ്പോൾ, അത് ഹരിയുടെ ജ്യേഷ്ഠൻ ഡോ. ശ്രീകുമാരന്റേതായിരുന്നു. ‘ജോസ് മാൻ അയച്ച കത്തുകളെല്ലാം ഹരി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, മറുപടി എഴുതാൻ ഇന്നിപ്പോൾ ഹരിയില്ല. ആൾ നമ്മെ വിട്ടുപോയി മാസം മൂന്നോളമായി.' ചുരുങ്ങിയ വാചകങ്ങളിലുള്ള ആ സന്ദേശം എന്നെ അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തി. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതുപോലെ, ഏതെങ്കിലുമൊരു ഓണംകേറാമൂലയിലെ സ്കൂളിൽ ചെന്ന് മാർച്ച്‌- സെപ്റ്റംബർ- മാർച്ച് രീതിയിൽ പരീക്ഷയെഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ, ഹരി ജയിക്കുമായിരുന്നു. ശുദ്ധനായ ആ ചങ്ങാതി എന്തോ അത് ചെയ്തില്ല. ‘എന്നെക്കൊണ്ടത് പറ്റിണില്ല്യ, ജോസ് മാൻ' എന്ന ചിന്ത മലമ്പാമ്പിനെപ്പോലെ അദ്ദേഹത്തെ ചുറ്റിവരിഞ്ഞിരിക്കാം. അദ്ദേഹം എസ്.എസ്.എൽ.സി. സപ്ലിമെന്ററി ആയെങ്കിലും ജയിച്ചിരുന്നെങ്കിൽ കളിക്കാരൻ എന്ന നിലയിൽ ഒരു ജോലി ഏതെങ്കിലും നല്ല കമ്പനി നൽകുമായിരുന്നു.

മാണി - വർഗീസ്​ സഹോദരന്മാർ തൃശൂർ സെൻറ്​ തോമസ് സ്​കൂൾ പ്രൊഡക്​റ്റുകളാണ്​. ഇരട്ടകളൊന്നുമല്ലെങ്കിലും ഇരുവരും ഒരുമിച്ചേ സഞ്ചരിക്കൂ, ഒരുമിച്ചേ ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യൂ. നല്ല ഭാവിയുള്ളവരാണെന്ന് പലരും പറയാറുണ്ട്. അവരുടെ മാച്ച് ഒരു പ്രാവശ്യം കണ്ടാൽ മറിച്ചൊരു അഭിപ്രായം അവരെക്കുറിച്ച് ആർക്കുമുണ്ടാകാറില്ല. ഇരുവരേയും ടാറ്റാ എഞ്ചിനീയറിങ്ങ് കമ്പനി തങ്ങളുടെ ടീമിലെടുക്കാൻ സന്നദ്ധരായി മുന്നോട്ടു വന്നു. എന്തോ ഒരു മാനസികപ്രയാസം ഇവരെ ബുദ്ധിമുട്ടിച്ചിരുന്നതായി പറഞ്ഞുകേട്ടു. അവർ ഇപ്പോൾ എവിടെയാണെന്ന് പലരയും പോലെ എനിക്കും അജ്​ഞാതമാണ്.

വില്ലി എന്ന വില്യംസ് എന്നോടൊപ്പം ഒമ്പതാം ക്ലാസുവരെയുണ്ടായിരുന്നു. കറുത്തിരുണ്ട കൃശഗാത്രനും ആരോഗ്യവാനുമായിരുന്ന ആ കൂട്ടുകാരൻ സി.എം.എസിനുവേണ്ടി ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഓട്ടം, ചാട്ടം, ഹഡിൽസ് തുടങ്ങിയ സ്പോർട്‌സ് ഇനങ്ങളിലും പതിവായി സമ്മാനം നേടാറുണ്ട്. പിന്നീട് വില്ലിയെ ഞാൻ കാണുന്നത്, റെയിൽവേയിലാണ്​. താല്ക്കാലികാടിസ്ഥാനത്തിൽ ട്രാക്കുകളിൽ കല്ല് കോരിയിടുക, പാളങ്ങൾ അഴിച്ചുവെക്കാനും വീണ്ടും യോജിപ്പിക്കാനും സഹായിക്കുക തുടങ്ങിയ കായികാധ്വാനം വിധിച്ച ‘ഖലാസിപ്പണി' ചെയ്യുന്ന ആളായി. വില്ലിയുടെ മുടിക്ക് ചെമ്പൻനിറം കയറിയിരുന്നു. പല്ലുകൾ ചിലത്​ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. ബാക്കിയുള്ളവയിൽ നിറയെ വെറ്റിലക്കറ പുരണ്ടിരിക്കുന്നു. അല്പനേരം ഞങ്ങൾ തമ്മിൽ സംസാരിച്ച് പിരിഞ്ഞു; വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ. പക്ഷേ, ഒരിക്കലും അതുണ്ടായില്ല. ഒരു തകർപ്പൻ ഫുട്‌ബോൾ താരമായിരുന്ന വില്ലിയെക്കുറിച്ച് ഇന്ന് ആർക്കും ഒരു വിവരവുമില്ല. ഒരുപക്ഷേ, പരാജിതരുടെ അനന്തമായ ഗ്യാലറിയിൽ അവരും എരിഞ്ഞടങ്ങിയിരിക്കാം.

കൂട്ടത്തിൽ പറയട്ടെ, തൃശൂരിലെ സെൻറ്​ തോമസ് ഹൈസ്കൂൾ, കാൽഡിയൻ സിറിയൻ ഹൈസ്കൂൾ, തരകൻസ് മെമ്മോറിയൽ ഹൈസ്കൂളുകളിൽനിന്ന് നല്ല ഫുട്‌ബോൾ കളിക്കാർ പുറത്തുവന്നിരുന്നു. സെൻറ്​ തോമസിനെ ചുറ്റിപ്പറ്റി, ഫുട്‌ബോളിൽ കമ്പമുള്ള കളിക്കാരെ തിരഞ്ഞുപിടിച്ച് നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാൾ, ജോസ് പറമ്പൻ ഇന്നില്ല. സ്കൂൾ തലത്തിലുള്ള നിരവധി ഫുട്‌ബോൾ കളിക്കാരെ വളർത്തിയെടുക്കാൻ പ്രയത്‌നിച്ച അദ്ദേഹത്തിന്റെ പേര് തൃശൂരിലെ ഫുട്‌ബോൾ പ്രേമികൾ മറന്നുവോ എന്തോ?

സി.കെ. ലാസർ; തൃശൂരിന്റെ ദുരന്തതാരം

സെൻറ്​ തോമസ് ഹൈസ്കൂളിലെ എണ്ണപ്പെട്ട സ്പോർട്‌സ് താരവും ഫുട്‌ബോൾ കളിക്കാരനുമായ സി.കെ. ലാസറിന്റെ ജീവിതം അത്യന്തം ദുരന്തപൂർണമായതിനുപിന്നിൽ ഫുട്‌ബോൾ പ്രേമികളെ ഞെട്ടിപ്പിക്കുന്ന വഞ്ചനയുടെ കഥ ഒളിഞ്ഞിരിപ്പുണ്ട്. എന്റെ സുഹൃത്ത് കെ. രാധാകൃഷ്‌ണെന്റ ഭാഷയിൽ ‘നീതിനിഷേധിക്കപ്പെട്ട ഒരു ഫുട്‌ബോൾ താരമായിരുന്നു ലാസർ.’ എന്നാണ്. ഹഡിൽസിലും ലോങ്ജംപിലും ഹൈജംപിലും മറ്റും മികച്ച പ്രകടനം നടത്തിയ ലാസറിന് സ്റ്റേറ്റിൽ ഹഡിൽസിൽ ഒന്നാം സ്ഥാനത്തെത്തിയ തിളക്കമാർന്ന ചരിത്രമുണ്ട്. തന്റെ മികച്ച ഫുട്‌ബോൾ പ്രകടനങ്ങൾ കാഴ്ചവെച്ചത് കൊച്ചിൻ മാല്യബിൾസ് ടീമിൽ കളിച്ചാണ്. വൈകാതെ വാസ്കോ മേനോൻ തന്റെ ഫുട്‌ബോൾ ടീമിൽ ലാസറിനെ അംഗമാക്കി. ഗോവയിലെ ഫുട്‌ബോൾ ഗ്രൗണ്ടിൽ ഈ കളിക്കാരന്റെ കോച്ചായി എത്തിയത് വെള്ളക്കാരനായ വിൽസൺ ഫ്രെഡറിക് ആയിരുന്നു. അദ്ദേഹം മികച്ച ഫുട്‌ബോൾ താരമായിരുന്നു, നല്ല കളിക്കാരെ വാർത്തെടുക്കുന്നതിൽ ജീവിതമർപ്പിച്ച ആളായിരുന്നു, ഒപ്പം, കർക്കശ സ്വഭാവക്കാരനുമായിരുന്നു.

രാവിലെ ആറുമുതൽ പത്തുവരെ ഫുട്‌ബോളിലെ പുത്തൻ രീതികൾ ലാസറിനെ അദ്ദേഹം പഠിപ്പിച്ചു. നാലു മുതൽ ആറു ‘മോക്' മത്സരങ്ങളിലൂടെ വിവിധ ടെക്‌നിക്കുകളും പരിശീലിപ്പിച്ചു. വാസ്കോയെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ടൂർണ്ണമെന്റുകളിൽ ആവേശകരമായ പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സിലോണിൽവെച്ചായിരുന്നു ലാസറിന്റെ ആദ്യ അന്താരാഷ്​ട്ര​ മത്സരം. ബൂട്ടും ജേഴ്‌സിയും വസ്ത്രങ്ങളും ബാഗിലൊതുക്കി മത്സരത്തിന്​ പുറപ്പെടാൻ ലാസർ തയ്യാറായി. അതി രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച അദ്ദേഹം സംഘാടകർ അയയ്ക്കുന്ന വാഹനം കാത്തിരിപ്പായി. പറഞ്ഞ സമയം കഴിഞ്ഞും വാഹനമെത്തിയില്ല. അന്ന് ധനുഷ്‌കോടിയിൽനിന്ന് കപ്പലിലാണ്​ സിലോണിലേക്ക് പോകുക. സമയം ഏറെ ചെന്നിട്ടും കാത്തിരുന്ന വാഹനം എത്തിയില്ല. പകരം ഒരു ദുഃഖസന്ദേശമാണ് ലാസറിനെത്തേടിവന്നത്. ഇന്ത്യൻ ഫുട്‌ബോൾ ടീമിൽനിന്ന് തൃശ്ശൂരിന്റെ അഭിമാനമായിരുന്ന ആ കളിക്കാരൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു, പകരം തങ്കപ്പൻ എന്ന മറ്റൊരു കളിക്കാരനെ ടീമിൽ തിരുകിക്കയറ്റി, ഫുട്‌ബോൾ കമ്മിറ്റിയുടെ ഒത്താശയോടെതന്നെ.

പ്രസ്തുത തങ്കപ്പനെ ഇന്ത്യൻ ടീമിൽ ചേർക്കാൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ ചരടുവലി ഫുട്‌ബോൾ പ്രേമികൾക്കും ഇന്ത്യൻ ഫുട്‌ബോൾ ടീമിനും തൃശ്ശൂർ ജനതയ്ക്കും അപമാനമായി. ലാസർ പുറന്തള്ളപ്പെടുകയും വേറെയാൾ ആ സ്ഥാനത്ത് ഇടിച്ചു കയറുകയും ചെയ്തത് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ കറുത്തമഷിയിലാണ് എഴുതേണ്ടത്. അന്ന് മാധ്യമങ്ങളും വേണ്ടത്ര കവറേജ് ഈ വാർത്തയ്ക്ക് നൽകിയില്ല എന്ന് രാധാകൃഷ്ണൻ പറയുന്നു. തൃശ്ശൂർ നടത്തറയിൽ താമസക്കാരനായിരുന്ന ലാസർ മൺമറഞ്ഞു. ഫുട്‌ബോൾ പ്രേമികൾ അദ്ദേഹത്തെ ഓർക്കുന്നത്​ ഒരു നെടുവീർപ്പോടെയാണ്​. സി.കെ. ലാസറിനെപ്പോലെ കഴിവുതെളിയിച്ച, ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടാതെ പോയ കളിക്കാരുടെ പരാജയഘോഷയാത്രയിൽ സ്വജനപക്ഷപാതവും ചരടുവലികളും സ്ഥിരം തൊഴിലാക്കിയ സംഘാടകർ തന്നെയാണ് കാരണക്കാർ എന്ന് നിസ്സംശയം പറയാം.

പത്തുരൂപയ്​ക്ക്​ ഒരു ​ഗോൾ, അടിച്ചില്ലെങ്കിൽ തിരിച്ചുതരില്ല

തൃശൂർ ജില്ലയിലെ പലയിടങ്ങളിലും വായനശാലകളും സ്പോർട്‌സ് ക്ലബ്ബുകളും സെവൻസ് ഫുട്‌ബോൾ മാച്ച്​ നടത്താറുണ്ട്. തിരൂർ, വിയ്യൂർ, പറപ്പൂർ, എൽത്തുരുത്ത്, അടാട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരം മത്സരങ്ങൾ പതിവായി അരങ്ങേറുക. എന്റെ ഫുട്‌ബോൾ കളിക്കാരായ ഏതാണ്ട് എല്ലാ സുഹൃത്തുക്കളും ഈ മത്സരങ്ങളിൽ പങ്കുചേരും. നൂറ് രൂപ മുതൽ നൂറ്റമ്പത് രൂപവരെയാണ് കളിക്കാരുടെ അന്നത്തെ ചാർജ്ജ്. കൂടാതെ, കാപ്പിക്കാശും വണ്ടിക്കൂലിയും ബോണസായി സംഘാടകർ നൽകും. വയനാട്ടിലെ ആദിവാസി മേഖലയിൽനിന്ന് ശ്രീനാഥ് എന്നൊരു പയ്യനെ ഈയിടെ ദേശിയ ജൂനിയർ ഫുട്‌ബോൾ ടീമിൽ തെരഞ്ഞെടുത്ത വീഡിയോ കണ്ടു. അഭിനന്ദനാർഹം തന്നെ. സെവൻസ് കളിച്ച പണം കൂട്ടിവെച്ചാണ് താൻ ബൂട്ടും സോക്‌സും വാങ്ങിയതെന്ന്​ അയാൾ തുറന്നുപറയുകയുണ്ടായി, ഖേൽ പൈസേ കാ!

പത്തുരൂപ നിരക്കിൽ തന്റെ ടീമിന് ഒരു ഗോൾ വീതം അടിക്കാറുള്ള പി. വിജയൻ എന്ന ആത്മസുഹൃത്തിനെക്കുറിച്ച് പറയാതെ വയ്യ. പ്രാദേശികതലത്തിൽ മാത്രം, അതായത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലോ ക്ഷേത്രപ്പറമ്പുകളിലോ അരങ്ങേറാറുള്ള ഇത്തരം ചെറിയ മാച്ചുകളിൽ പങ്കെടുക്കുന്ന വിജയൻ ഗോൾ അടിക്കാതെ മടങ്ങുന്ന ചരിത്രം എന്റെ അറിവിലില്ല. താൻ ഗോളടിക്കാതെ തന്റെ ടീം തോറ്റാൽ അയാൾ ഗോളടിക്കുന്നതിന്​അഡ്വാൻസായി വാങ്ങിയ രൂപ മടക്കിക്കൊടുക്കാറില്ല. അതാണ് വിജയന്റെ ഒരു രീതി. കാലിൽ ബൂട്ടോ സോക്‌സോ ഇല്ലാതെ മുണ്ട് മടക്കിക്കുത്തി, ചിലപ്പോൾ ഷർട്ടില്ലാതെയും, പന്തിനുപുറകെ പാഞ്ഞ് അത് ഗോൾവലയലാക്കാറുള്ള വിജയന് പക്ഷേ, പലപ്പോഴും പല കളികളിലും പങ്കുചേരാനാകാറില്ല. അയാൾക്ക് വീട്ടിലെ പശുവിനെ കറന്ന് പാൽ സമീപവീടുകളിൽ എത്തിക്കാനുണ്ടല്ലോ. വിജയെന്റ അമ്മ (അച്ചേച്ചി) യുടെ ഇടത്തെ കണ്ണിന്​ പശുവിന്റെ കൊമ്പു കൊണ്ട് കാഴ്ച നശിച്ചതോടെ വിജയന് അടുക്കളപ്പണിയും ഏറ്റെടുക്കേണ്ടിവന്നു. സഹോദരീസഹോദരന്മാരില്ലാത്ത, അയാൾ ‘മൊളകൂഷ്യവും' ‘ചേന മെഴുക്കുപുരട്ടിയും' ഉണ്ടാക്കുന്നതിൽ പ്രവീണനുമാണ്.

ചുനി ഗോസാമിയും ഗോളി ഒളിമ്പ്യൻ തങ്കരാജും ഗോളു പിടിക്കും മുസ്തഫയും കാൾടെക്‌സിലെ പി.ആർ. ആന്റണിയും സി.കെ. ലാസറും സേവ്യർ പയസും വിക്ടർ മഞ്ഞിലയും ഐ.എം. വിജയനുമെല്ലാം ഉയർത്തിയ ഫുട്‌ബോൾ മത്സരാവേശം തൃശൂരുകാരുടെ ഓർമകളിൽനിന്ന്​ ഒരിക്കലും മായില്ല.
ഓർമകൾക്ക്, പ്രത്യേകിച്ച്​, ഫുട്​ബോൾ ഓർമകൾക്ക്​, മരണമില്ല എന്നാണൈന്റ ഉറച്ച വിശ്വാസം.

Comments