താരതമ്യേന ആവറേജായി കണക്കാക്കിയിരുന്ന കളിക്കാരും അവരുടെ ടീമുകളുമാണ് ഈ ലോകകപ്പിൽ ഫിഫയുടെ ഗ്ലോബൽ റാങ്കിങ്കിൽ ഏറെ മുകളിലുള്ള എലീറ്റ് ടീമുകൾക്കെതിരെ പ്രാരംഭ റൗണ്ടുകളിൽ തകർത്തുകളിച്ച്ആരാധകരുടെ കൈയ്യടി നേടുന്നത്. ദക്ഷിണ കൊറിയ, ടുണീഷ്യ, സൗദി അറേബ്യ എന്നീ ടീമുകൾ ഇതിനുദാഹരണമാണ്. ഉറുഗ്വയെ ദക്ഷിണ കൊറിയ നന്നായി കളിച്ച് സമനിലയിൽ തളച്ചു. ടുനീഷ്യ, ഫോമിലുള്ള ഡെന്മാർക്കിനെയും സമനിലയിൽ കുരുക്കി. സൗദി അറേബ്യയാകട്ടെ ഒരുപടി കടന്ന് അർജന്റീനയെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ചു.
ഈ പ്രകടനങ്ങൾക്കുപുറകിലെ ചില ക്രിട്ടിക്കൽ ഫാക്ടേഴ്സ്, കൂടാതെ വൻശക്തികളുടെ പാളുന്ന പ്രകടനങ്ങൾക്കുപിന്നിലെ ചില കാരണങ്ങൾ ഒന്ന് പരിശോധിക്കാം.
വീറോടെ കളിക്കുന്ന പുതുശക്തികളായ ടീമുകളിലെ ഒട്ടുമിക്കവാറും കളിക്കാർ അവരുടെ ഡൊമസ്റ്റിക് ലീഗുകളിൽ കളിക്കുന്നവരാണ്. യൂറോപ്യൻ ലീഗുകളെക്കാൾ ഇൻറൻസിറ്റി (in terms of stakes, fan expectations, competitiveness and physicality) കുറഞ്ഞ ലീഗുകളാണിവ. അതുകൊണ്ടുതന്നെ അവരുടെ താരങ്ങൾക്ക് സാരമായ പരിക്കോ ഫിറ്റ്‌നസ് പ്രശ്നങ്ങളോ ഇല്ല. ഈ ടീമുകൾ പ്രഗൽഭരായ കോച്ചുകളുടെ കീഴിൽ പരിശീലിച്ച്, ധാരാളം വാം അപ്പ് മാച്ചുകൾ കളിച്ച് ലോകകപ്പിന് സന്നദ്ധരായാണ് വന്നത്.
വൻ യൂറോപ്യൻ /ലാറ്റിനമേരിക്കൻ ടീമുകളിലെ കളിക്കാരാകട്ടെ യൂറോപ്പിലെ ‘ജീവൻ മരണ' ലീഗുകളിലും, ഫിഫയുടെ യൂറോപ്യൻ ലീഗുകളിലും (ചാമ്പ്യൻസ് ലീഗ്, യൂറോപ്പാ ലീഗ്) നവംബർ 15 വരെ അടിമകളെ പോലെ കളിച്ചവശരായി വരുന്നവരാണ്. (വിന്റർ വേൾഡ് കപ്പിനുവേണ്ടി നേരത്തെ ലീഗ് മത്സരങ്ങൾ നിർത്തിവെക്കാൻ, കൊമേഴ്സ്യൽ റവന്യൂവിൽ കണ്ണുനട്ടിരിക്കുന്ന ഫുട്‌ബോൾ അസോസിയേഷനുകൾ തയ്യാറല്ല). ചെൽസിയുടെയും സ്‌പെയിനിന്റെയും ഡിഫൻററായ സെസാർ അസ്പിലിക്യൂറ്റ ഈ വിഷമം ലോകകപ്പിന് തൊട്ടുമുൻപ് മാധ്യമങ്ങളുമായി ഷെയർ ചെയ്തിരുന്നു.
യൂറോപ്പിലെ ലീഗുകളിലെ പോർക്കളത്തിൽ പരിക്കേറ്റുവീണ പ്രധാന കളിക്കാരിൽ ഏറിയ പങ്കും ഫ്രാൻസിന്റേതാണ്. ഈ വർഷത്തെ Ballon D'or വിജയി കരീം ബെൻസിമ, യൂറോപ്പിലെ തന്നെ മികച്ച യുവ ഫോർവേഡുകളിലൊരാളായ ക്രിസ്റ്റഫർ എൻകുങ്കു, ലോകോത്തര മിഡ്ഫീൽഡ് കൂട്ടുകെട്ടായ പോൾ പോഗ്ബ, എൻഗോളോ കാന്റേ, ശക്തനായ ഡിഫെൻഡർ പ്രെസ്നെൽ കിംപെംബെ, ഗോളി മൈക്ക് മൈഗ്നൻ എന്നിവരാണിതിൽ പ്രമുഖർ.
പോട്ടുഗലിന്റെ മാരക വിംഗർ ഡിയോഗോ ജോട്ട, നെതർലാൻഡസിന്റെ ഫസ്റ്റ് ചോയ്‌സ് മിഡ്ഫീൽഡർ ജോർജീനിയോ വൈനാൾഡം, സ്‌പെയിൻ ഫോർവേഡ് മൈകെൽ ഒയാർസബാൾ, ഇംഗ്ലണ്ടിന്റെ പ്രധാന റൈറ്റ് വിങ് ബാക്ക് റീസ് ജയിംസ്, ലെഫ്റ്റ് വിങ് ബാക്ക് ബെൻ ചിൽവെൽ എന്നിവരും ട്രീറ്റ്‌മെൻറ് ടേബിളിൽ വേദന കടിച്ചു കിടപ്പാണ്. ജർമനിയുടെ പ്രധാന സ്ട്രൈക്കർ ടിമോ വെർണർക്കും മിഡ്ഫീൽഡർ മാർകോ റ്യൂസിനും ബെൽജിയത്തിന്റെ ടോപ്പ് സ്ട്രൈക്കർ റോമേലു ലുക്കാകുവിനും പരിക്ക് മൂലം ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു.
ബ്രസീലിനും അർജന്റീനക്കും താരങ്ങളുടെ പരിക്ക് പ്രശ്‌നങ്ങൾ പൊതുവെ കുറവാണെങ്കിലും (നെയ്മറെ മറക്കുന്നില്ല) ബ്രസീലിന്റെ ആർതർ മെലോയും അർജന്റീനയുടെ പ്രധാന സ്‌ക്വാഡ് പ്ലെയറായ ജിയോവന്നി ലോ സെലോസും പരിക്കുമൂലം ഈ ലോകകപ്പിനില്ല.
വിശ്രമമില്ലാത്ത കളിയും യാത്രയും കുടുംബങ്ങളിൽ നിന്നകന്ന ജീവിതവും കളിക്കാരുടെ മാനസിക/ശാരീരിക ഊർജം ചോർത്തും എന്നതിലും സംശയമില്ല. ലോകകപ്പ് തുടങ്ങുന്നതിന് രണ്ടോ മുന്നോ ദിവസം മാത്രമുള്ളപ്പോഴാണ് പ്രധാന ടീമുകളിലേറെയും മിഡിലീസ്റ്റിൽ ഹൃസ്വ പരിശീലത്തിനെത്തുന്നത്.
മറ്റൊന്ന്, സ്വന്തം രാഷ്ട്രത്തിനുവേണ്ടി കളിക്കുമ്പോൾ ചില ‘ചെറിയ' (ആപേക്ഷികം, ഫിഫ റാങ്കിങ്കിലധിഷ്ഠിതമായ വിലയിരുത്തൽ) ടീമുകളിലെ കളിക്കാർ കാണിക്കുന്ന ആവേശവും ഫിസിക്കൽ ഇൻറൻസിറ്റിയും ഒന്നുവേറെയാണ്. ജപ്പാന്റെ ജർമൻ ‘നിഷ്‌കാസന'വും റാങ്കിങ്ങിനേറെ മുകളിലുള്ള ഇൻഫോം ടീം ഇംഗ്ലണ്ടുമായുള്ള യു.എസ്.എയുടെ കളി നിലവാരവും ഇതിലേക്ക് വിരൽചൂണ്ടുന്നു.
ഈ ലോകകപ്പിൽ നിത്യേന വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ‘new kids on the block' ന്റെ പ്രകടനങ്ങളെ വിലകുറച്ചു കാണുകയല്ല. അവർ ജയിച്ചുവരട്ടെ. അങ്ങനെ നമ്മുടെ ലഹരിയായ കാല്പന്തുകളിയിൽ പുത്തനൊരു ലോകക്രമം ഉരുത്തിരിയട്ടെ.
ന ബി: ലോകകപ്പിനുശേഷം പരിക്കിന്റെ പിടിയിലാവാത്ത ‘നിർഭാഗ്യവാന്മാരായ’ യൂറോപ്യൻ ലീഗുകളിലെ കളിക്കാർ തിരിച്ചുപോകുന്നത് ആഴ്ചയിൽ രണ്ടോ മുന്നോ വരുന്ന ഹൈ ഇൻറൻസിറ്റി, ഫെസ്റ്റീവ് സീസൺ മാച്ചുകൾ കളിക്കാനാണ്.
ഉത്സവപ്പറമ്പിലായാലും യൂറോപ്പിലെ മൈതാനങ്ങളിലായാലും ദീപസ്തംഭം മഹാശ്ചര്യം തന്നെ.
(ജയൻറ് കില്ലർമാരായ മൊറോക്കോ, ജപ്പാൻ, കാമറൂൺ എന്നിവരെ ഇവിടെ പരിഗണിച്ചിട്ടില്ല, കാരണം, അവരുടെ പല കളിക്കാരും യൂറോപ്യൻ ലീഗിൽ കളിക്കുന്നവരാണ്)