ഖത്തറിലെ ഐക്കോണിക് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഐതിഹാസിക ഫൈനലിൽ വീറോടെ പൊരുതിയ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച് ലയണൽ മെസ്സിയുടെ അർജൻറീന മൂന്നാമത് ഫുട്‌ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കി. ലോകകപ്പിനോടൊപ്പം ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാളും മെസ്സി നേടിയതോടെ ഫുട്‌ബോൾ ചരിത്രത്തിലെ GOAT (greatest of all time) ചർച്ചകൾക്കും താൽക്കാലികമായെങ്കിലും വിരാമമായിരിക്കുന്നു. The GOAT ലയണൽ ആൻഡ്രേ മെസ്സി തന്നെയെന്ന് ഫുട്‌ബോൾ ലോകം ഇന്ന് വിലയിരുത്തുന്നു.
മിഡ്ഫീൽഡിന്റെ ആഴങ്ങളിൽനിന്ന് ഫുട്ബാളിനെ, തന്റെ ‘ഇടംകാലിൽ ഒട്ടിച്ചുവെച്ചെന്ന പോലെ' (ഡിയേഗോ മറഡോണയുടെ വാക്കുകളാണിത്), ചാരുതയോടെ, തട്ടിയുരുട്ടിക്കൊണ്ടുവരുന്ന മെസ്സി, മൈതാനമധ്യത്തിൽ നിന്ന്മിഡ്ഫീൽഡിന്റെ വലതുവശത്തുകൂടെ ഒരു സായാന്ഹസവാരിക്കെന്ന കണക്കെ നടന്നുനീങ്ങുന്ന മെസ്സി, എതിർടീമിലെ കളിക്കാർക്കിടയിൽ ഒറ്റപ്പെടുന്ന മെസ്സി... അയാൾ ഇതാ പന്തുമായി പ്രതിയോഗിയുടെ ഫൈനൽ തേഡിൽ എത്തിക്കഴിഞ്ഞു, ഇനി എപ്പോൾ വേണമെങ്കിലും മനോഹരമായ, അളന്നുമുറിച്ച പാസ് പ്രതിയോഗികളുടെ കാൽപ്പെരുക്കത്തിനിടയിലെ ഒരു നൂലിടയിലൂടെ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ടീം മേറ്റിന് സമ്മാനിക്കാം, അല്ലെങ്കിൽ ബോക്‌സിനു പുറത്തുനിന്ന് ‘എത്ര ലളിതം’ എന്നു തോന്നുംവിധം ഒരു ഇടംകാൽ ഷോട്ടിലൂടെ, ഫുൾലെങ്ത് ഡൈവ് ചെയ്യുന്ന എതിർഗോളിക്ക് അവസരം നൽകാതെ, വലയുടെ ഒരു മൂലയിലേക്ക് തൊടുത്തുവിട്ടേക്കാം. ഈ അനിശ്ചിതത്വമാണയാൾ. മികച്ച കളിക്കാരുടെ ഇടയിൽ മഹാനായ കളിക്കാരനായി മാറുന്ന മാന്ത്രികതയാണിത്.
പ്രായമേറുംതോറും വീര്യമേറുന്ന, ഓരോ കളി കഴിയുന്തോറും ആശ്ചര്യകരമായ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന, മെസ്സിയെന്ന ഫുട്‌ബോളറുടെ കരിയറിലെ വളർച്ചയുടെ ഘട്ടങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
ലാ മാസിയ (La Masia) എന്ന ബാർസലോണ അക്കാദമിയുടെ ഏറ്റവും പ്രശസ്തനായ ഉത്പന്നം, ആ ഫുട്‌ബോൾ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ, ലയണൽ മെസ്സി എന്ന ‘La Pulga Atomica' തന്നെ. (Atomic flea എന്നാണ് വിവർത്തനം. എതിർ കളിക്കാർക്ക് പിടികൊടുക്കാതെ പന്തും കൊണ്ട് തിരിഞ്ഞും മറിഞ്ഞും, ശരവേഗത്തിൽ ഡ്രിബിൾ ചെയ്തുകയറുന്ന മെസ്സിയുടെ അത്ഭുതകരമായ സ്‌കിൽസ് കണ്ട് സ്പാനിഷ് ഫുട്‌ബോൾ മീഡിയ ഇട്ട വിളിപ്പേരാണത്).
ആദ്യ വർഷങ്ങൾ: 2004- 2009
17-ാം വയസ്സിൽ തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ (2004 -2009), വലതു വിങ്ങർ ആയാണ് ക്ലബ്ബിന്റെ സീനിയർ ടീമിൽ സ്പാനിഷ് ലീഗായ ലാ ലിഗയിൽ മെസ്സി അരങ്ങേറ്റം കുറിക്കുന്നത്. മെസ്സിയുടെ കഴിവുകളെ ഈ പൊസിഷനിൽ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന തിരിച്ചറിവിൽ അന്നത്തെ കോച്ചായിരുന്ന ഫ്രാങ്ക് റൈക്ഗാർഡ് (നെതർലൻഡ്സിന്റെയും അയാക്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെയും ലെജൻഡറി മിഡ്ഫീൽഡർ) ടീമിലെ സെന്റർ ഫോർവേഡായ സാമ്യുവൽ ഇറ്റോക്കും ഇടത് വിങ്ങിലെ പ്രഗത്ഭൻ റൊണാൾഡീഞ്ഞോക്കും പന്ത് ഗോളടിക്കുവാൻ പാകത്തിൽ സമ്മാനിക്കുക എന്ന പ്രധാന ചുമതല പയ്യനെ ഏൽപ്പിക്കുന്നു. സ്വതവേ വേഗതയേറിയ, ഡ്രിബ്ലിങ്ങിന്റെ രാജകുമാരനെ, വലതു വിങ്ങിൽനിന്ന് നടുക്കളത്തിലേക്ക് ഇരച്ചുകയറാനും ലീഗിലെ പ്രതിയോഗികൾക്കെതിരെ ഒട്ടനവധി ഗോളുകളടിപ്പിക്കുവാനും പിന്നീട് റൈക്ഗാർഡിന് കഴിഞ്ഞു.
2006 മുതൽ 2008 വരെയുള്ള ആദ്യകാല സീസണുകളിൽ പരിക്കുകളാൽ വേട്ടയാടപ്പെട്ട മെസ്സിക്ക് 33 ഗോൾ മാത്രമാണ് നേടാനായത്. ഈ സമയത്തു തന്നെയാണ് സാരമായ പരിക്ക് (hamstring and metatarsal injuries) അദ്ദേഹത്തെ ഏറ്റവുമധികം വേട്ടയാടിയതും. ബാഴ്‌സലോണ അദ്ദേഹത്തിനായി ഒരു പേർസണൽ ഫിറ്റ്‌നസ് ട്രെയ്‌നറെ നിയോഗിച്ച് പ്രശ്‌നപരിഹാരം കണ്ടു.
‘ദ ഫോൾസ് 9’ ഇയേഴ്സ്: 2009-2014
2008-2009 സീസണിൽ റൈറ്റ് വിങ്ങറുടെ റോളിൽ തുടർന്നും കളിച്ച മെസ്സി, പെപ് ഗാർഡിയോള (Pep Guardiola) എന്ന ലോകോത്തര ഫുട്‌ബോൾ കോച്ചിനുകീഴിൽ ‘False 9' ആയി, അതായത്, ഇറങ്ങിച്ചെന്ന്, പന്ത് കയറ്റിക്കൊണ്ടുപോരുന്ന സെന്റർ ഫോർവേഡ് ആയി തിളങ്ങി. ഈ സമയത്താണ് അദ്ദേഹം ക്ലാസിക്കൽ നമ്പർ 10 ന്റെ റോളിൽ ഒരു പ്ലേമേക്കറായി പരിണമിക്കുന്നതും ബാഴ്‌സയുടെ ‘മിശിഹ’ എന്ന് സ്പാനിഷ് പത്രങ്ങൾ പുകഴ്ത്തിപ്പാടുന്നതും.
പന്ത് കാലിൽ കിട്ടിക്കഴിഞ്ഞാൽ ശരാശരി കളിക്കാരെപ്പോലെ ഒരു വെർട്ടിക്കൽ പാസ്സിനു തുനിയാതെ, ശ്രദ്ധാപൂർവം അത് കയറ്റിക്കൊണ്ടുവന്ന് ആക്രമിച്ചുകളിക്കുന്ന, അളന്നുമുറിച്ച്, വേണ്ട വേഗതയോടെ മാത്രം, പാസ് ചെയ്യുന്ന രീതി ലോക ഫുട്‌ബോളിൽ തന്നെ ചുരുക്കം കളിക്കാർക്ക് പറഞ്ഞിട്ടുള്ളതാണ്. മെസ്സി അത് അനായാസം നിർവഹിക്കുന്നു.
പെപ് ഗാർഡിയോള നിരാകരിച്ചതിനെതുടർച്ച് എ.സി. മിലാൻ എന്ന ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോ താൻ ധരിച്ചിരുന്ന നമ്പർ 10 ജഴ്സി സഹോദരതുല്യനായ മെസ്സിയോട് അണിയാൻ സ്‌നേഹത്തോടെ ആവശ്യപ്പെടുന്നതും ഇതേസമയത്തു തന്നെ.
2009 - 2010 കാലത്താണ് മെസ്സി ആദ്യ ബാലൺ ഡി ഓർ നേടുന്നത്. ഈ സീസണിൽ ബാഴ്സലോണയുടെ ലാ ലിഗ വിജയത്തിനുപിന്നിലെ പ്രധാന ചാലകശക്തി 47 ഗോളുകൾ അടിച്ച മെസ്സി തന്നെ. ഇതിനിടെ, ഫ്രീ കിക്കും പെനാൽറ്റിയും അടിച്ച്ഗോളാക്കുന്നതിൽ അദ്ദേഹം പ്രാവീണ്യം നേടി. സ്ലാറ്റാൻ ഇബ്രാമോവിച് സെന്റർ ഫോർവേഡായി എത്തിയതോടെ ഗാർഡിയോള മെസ്സിയെ വീണ്ടും റൈറ്റ് വിങ്ങർ ആക്കി. സ്ലാറ്റാൻ തന്റെ റോളിൽ പരാജയപ്പെട്ടത്തോടെ പെപ്പ് മെസ്സിയെ വീണ്ടും ‘false 9’ ആയി നിയോഗിച്ചു. പിന്നീടുള്ള നാല് സീസണുകളിൽ ഈ റോളിൽ മെസ്സി അരങ്ങുവാണു. പ്രതിയോഗികളുടെ മിഡ്ഫീൽഡിനും പ്രതിരോധനിരയ്ക്കും ഇടയിൽ കയറി അവരെ തന്നിലേക്കാകർഷിച്ച്, ബാഴ്‌സലോണയുടെ വൈഡ് ഫോർവേഡ്‌സിനും വിങ്ങർമാർക്കും കില്ലർ പാസുകൾ നൽകുന്ന, അന്നുവരെ ഫുട്‌ബോൾ ലോകം കണ്ടിട്ടില്ലാത്ത, ‘ഫൻറാബ്യുലസ് ഫാൾസ് 9.’
2010-11 സീസണിൽ 53 ഗോളുകളടിച്ചുകൂട്ടിയ മെസ്സി രണ്ടാമത്തെ ഫിഫ ബാലൺ ഡി ഓർ പുരസ്‌കാരവും നേടി. ഈ സീസണിൽ തന്നെയാണ് യുവേഫ (UEFA- Union of European Football Associations), യൂറോപ്പിലെ ‘ബെസ്റ്റ് മെൻസ് പ്ലെയർ’ അവാർഡിനും മെസ്സി അർഹനായത്. അതേസമയം, അർജന്റീനക്കു വേണ്ടിയുള്ള 2010-ലെ ലോകകപ്പ് പ്രകടനം മെസ്സിയുടെ അളവുകോൽ പ്രകാരം നോക്കുമ്പോൾ നിരാശാജനകം എന്ന് വിലയിരുത്തപ്പെട്ടു. ഡിയേഗോ മറഡോണയുമായി താരതമ്യം ചെയ്ത് ഒരുപാട് വിവാദ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഇത് മെസ്സിയെ ഏറെ വേദനിപ്പിക്കുകയുമുണ്ടായി.
2011 -12 സീസണിൽ അദ്ദേഹം 73 ഗോളുകളാണ് അടിച്ചുകൂട്ടിയത്. എങ്കിലും ലാ ലിഗയിൽ സ്പാനിഷ് റൈവൽസ് ആയ റയൽ മാഡ്രിനോടും ചാമ്പ്യൻസ് ലീഗിൽ ചെൽസിയോടും തോറ്റത് കറ്റാലൻ ക്ലബ്ബിന്റെ ആരാധകരിൽ നിരാശയുളവാക്കി. എങ്കിലും വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തിൽ നാലാമത് ഫിഫ ബാലൺ ഡി ഓർ പുരസ്‌കാരവും മെസ്സിയെ തേടിയെത്തി. സീസൺ അവസാനിച്ചതോടെ പെപ് ഗാർഡിയോള ബാഴ്‌സലോണ ക്ലബ്ബ് വിടുകയും ചെയ്തു.
മെസ്സിയെക്കുറിച്ചുള്ള അനാലിസിസുകൾ പറയുന്നത്, അദ്ദേഹത്തിന്റെ ഡ്രിബ്ലിങ് സ്‌കിൽസ് ബയോ മെക്കാനിക്കൽ ലാബിൽ പോലും ഇത്രയ്ക്ക് കൃത്യതയോടെ സൃഷ്ടിച്ചെടുക്കാനാവില്ല എന്നാണ്.
2013-14 സീസണിന്റെ ആരംഭത്തിലുണ്ടായ hamstring പരിക്ക് അദ്ദേഹത്ത ഏറെ അലട്ടി. ഇതേതുടർന്ന് കുറച്ചു ലീഗ് മത്സരങ്ങൾ കളിക്കാനായില്ല. Messidependencia എന്ന പ്രയോഗം തന്നെ നിലവിൽവരുന്നത് അപ്പോഴാണ്. മെസ്സിയില്ലാത്ത ബാഴ്‌സലോണ ശരാശരി ടീം ആണെന്ന തിരിച്ചറിവും ആരാധകർക്കുണ്ടായത് അപ്പോൾ തന്നെ. എന്നാൽ അതേ സീസണിൽ പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന മെസ്സി ബാഴ്‌സലോണയുടെ പുതിയ കോച്ചായ ടിറ്റോ വിലനോവക്കു കീഴിൽ 91 ഗോളുകളാണ് അടിച്ചുകൂട്ടിയത്. തുടർ സീസണിൽ (2013-14) മെസ്സിയെ ബാഴ്‌സലോണ ക്യാപ്റ്റനാക്കി. യൂറോപ്പിലെ മികച്ച കളിക്കാർക്കുള്ള ഗോൾഡൻ ഷൂ അവാർഡ് 2013-ൽ മൂന്നാം തവണയും സമ്മാനിച്ച് ഫിഫ അദ്ദേഹത്തെ ആദരിച്ചു. ഈ സീസണിൽ മെസ്സി 60 ഗോൾ സ്‌കോർ ചെയ്തു.
M S N ഇയേഴ്സ്: 2014-17
തുടർന്നുള്ള മൂന്ന് സീസണുകൾ മെസ്സിയുടെയും ബാഴ്സലോണയുടെയും ചരിത്രത്തിൽ മറക്കാനാവാത്ത ഒന്നാണ്. മെസ്സി, സുവാരസ്, നെയ്മാർ ത്രയം സ്പാനിഷ് ലീഗ് അടക്കിവാണ, മൂന്ന് മറക്കാനാവാത്ത സീസണുകളുടെ ആരംഭം. ഒപ്പം, ഇപ്പോഴത്തെ സ്പാനിഷ് നാഷണൽ ടീം കോച്ചായ ലൂയി എൻറിക്വെ എന്ന പ്രഗല്ഭ കോച്ചിന്റെ വരവുകുറിച്ച ഒന്നും.
സുവാരസിന്റെ വരവോടെ മെസ്സി വീണ്ടും വലതുവിങ്ങിൽ കളിച്ചുതുടങ്ങിയ സമയം കൂടിയാണിത്. എങ്കിലും അവസരം കിട്ടുമ്പോഴൊക്കെ മൈതാനമധ്യത്തിലേക്ക് കയറി, വിങ് ബാക്കുകളായ വലത് വിങ്ങിലെ ഡാനി ആൽവസിനും ഇടതുവിങ്ങിലെ ജോർഡി ആൽബക്കും മനോഹരപാസുകൾ സ്ഥിരതയോടെ എത്തിച്ചു. 2014-15 സീസണിൽ മെസ്സി മാത്രം 58 ഗോളുകൾ നേടിയപ്പോൾ MSN ത്രയം 122 ഗോളുകൾ ടീം വർക്കിലൂടെ അടിച്ചുകൂട്ടുകയും ചെയ്തു. അങ്ങനെ ലാ ലിഗ, കോപ്പ ഡെൽ റേ എന്നീ ടൂർണമെൻറ് വിജയങ്ങൾക്കുപുറമെ, പഴയ കോച്ച് പെപ് ഗാർഡിയോളയുടെ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ബാഴ്സലോണ നേടുകയും ചെയ്തു.
2015 -16 സീസണിൽ അഞ്ചാമത്തെ ബാലൺ ഡി ഓർ നേടിയ മെസ്സി പരിക്കുകൾ അലട്ടിയിട്ടും 41 ഗോൾ നേടി. 2016 -17 സീസണിൽ 51 ഓളം ഗോളുകൾ അടിച്ച്വീണ്ടും യൂറോപ്പിലെ ടോപ് സ്‌കോററായി. മെസ്സി , നെയ്മാർ, സുവാരസ് ത്രയത്തിന്റെ അവസാന സീസൺ കൂടിയായിരുന്നു 2016-17. നിസ്വാർഥമായ പാസിങ്ങും കളത്തിനുപുറമെയുള്ള ദൃഢമായ ബന്ധവും ബാഴ്‌സലോണയുടെ മത്സരഫലങ്ങളിൽ പ്രതിഫലിച്ച മൂന്ന് സുവർണ സീസണുകളുടെ പര്യവസാനം.
Final Barcelona Years: 2017-2020
2017-18 സീസണിൽ ലൂയി എൻറിക്വെയുടെ സ്ഥാനത്ത് ഏണെസ്റ്റോ വാൽവേഡേ ബാഴ്സലോണ കോച്ചായി സ്ഥാനമേറ്റു. ഈ സീസണിൽ ലാ ലിഗ വിജയത്തോടൊപ്പം ആറാമത് ബാലൺ ഡി ഓർ പുരസ്‌കാരവും മെസ്സി നേടി. 2020 -21 സീസണിലാണ് അദ്ദേഹം റൊണാൾഡ് കോമാന്റെ ശിക്ഷണത്തിൽ ബാഴ്സലോണക്കുവേണ്ടി അവസാനമായി ബൂട്ടണിയുന്നത്. വിതുമ്പിക്കൊണ്ട് അന്നദ്ദേഹം നടത്തിയ വാർത്താസമ്മേളനം ഇന്നലെയെന്നോണം ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ടാവണം.
ഉയരം കുറഞ്ഞ മെസ്സിയുടെ ലോ സെൻറർ ഓഫ് ഗ്രാവിറ്റി അദ്ദേഹത്തിന്റെ ബോഡി ബാലൻസ് നിലനിർത്തുന്നതിലും പന്ത് ഡ്രിബിൾ ചെയ്ത് പ്രതിയോഗികളെ വെട്ടിച്ചു കടക്കുന്നതിലും ഏറെ സഹായകരമാണെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നു.
PSG ദിനങ്ങൾ: 2021 -22
ആദ്യ സീസണിൽ 11 ഗോളിലും 14 അസിസ്റ്റുകളിലും ഒതുങ്ങിയ മെസ്സിയുടെ നല്ല നാളുകൾ കഴിഞ്ഞെന്ന് പല ഫുട്‌ബോൾ പണ്ഡിതരും വിലയിരുത്തി. എന്നാൽ പാരിസ് സെൻറ് ജർമെയ്നുവേണ്ടി 2022 -23 സീസണിൽ അദ്ദേഹം 23 ഗോളും 28 എണ്ണംപറഞ്ഞ അസിസ്റ്റുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു. ഈ സീസണിലെ പുതിയ കോച്ചായ ക്രിസ്റ്റഫർ ഗൾട്ടിയറുടെ നിർദേശപ്രകാരം പ്ലേമേക്കർ കം അറ്റാക്കിങ് മീഡ്ഫീൽഡർ എന്ന പൊസിഷനിൽ കളിച്ചുവരുന്ന മെസ്സിയുടെ മികച്ച ഫോം അദ്ദേഹത്തിന്റെ ആരാധകരെ ആവേശംകൊള്ളിക്കുന്നുണ്ട്. നെയ്മാറും എമ്പാപ്പെയുമാണ് ഈ അസിസ്റ്റുകളിലെ ഏറിയ പങ്കിന്റെയും ഗുണഭോക്താക്കൾ.
മെസ്സിയുടെ കളിയുടെ നാൾവഴി പരിശോധിക്കുമ്പോൾ അദ്ദേഹത്തിന് കളിക്കളത്തിൽ സഹായകരമാകുന്ന സാങ്കേതികത്തികവിനെ കൂടി പരിശോധിക്കാതെ വയ്യ.
Low Centre of Gravity
ഉയരം കുറഞ്ഞ മെസ്സിയുടെ ലോ സെൻറർ ഓഫ് ഗ്രാവിറ്റി അദ്ദേഹത്തിന്റെ ബോഡി ബാലൻസ് നിലനിർത്തുന്നതിലും പന്ത് ഡ്രിബിൾ ചെയ്ത് പ്രതിയോഗികളെ വെട്ടിച്ചു കടക്കുന്നതിലും ഏറെ സഹായകരമാണെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നു. പ്രത്യാക്രമണങ്ങളിൽ ഏർപ്പെടുമ്പോഴും മറുടീമിന്റെ കളിക്കാരാൽ വളയപ്പെടുമ്പോഴും Acceleration and Deceleration മോഡിലേക്ക് പോവുന്ന സാഹചര്യത്തിൽ ഈ ശാരീരികഘടകങ്ങൾ ഏറെ ഉപകാരപ്രദമാവുന്നു. കൂടാതെ, കുറിയ, ശക്തിയേറിയ കാലുകൾ അനായാസമായി ഷോട്ടുകളുതിർക്കുന്നതിനും മാരക ഫ്രീകിക്കുകൾ ഗോളാക്കി മാറ്റുന്നതിനും സഹായിക്കുന്നു.
The Messi Dribble
ഡ്രിബ്ലിങ് സ്പീഡ് താരതമ്യേന കുറഞ്ഞുവരുന്നു എന്ന് പറയുന്ന കാലഘട്ടത്തിൽ തന്നെയാണ് മെസ്സി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലിങ്ക് അപ് പ്ലെയർ ആൻറ് പാസർ എന്ന നിലയിൽ രൂപാന്തരപ്പെടുന്നത്. ഇതേസമയം തന്നെ തന്റെ ഊർജം സംരക്ഷിച്ചുകൊണ്ടുതന്നെ മാച്ചുകളുടെ പല ഘട്ടങ്ങളിലും, കളിയുടെ ഗതിക്കനുസരിച്ച് Acceleration and Deceleration മോഡിലേക്ക് അനായാസം മാറി ഒഴുകുവാനും മെസ്സിയിലെ ജീനിയസിന് കഴിയുന്നു. ഇത്തരം energy conservation tactics and game plan adjustment പേശികൾക്കുണ്ടായേക്കാവുന്ന പരിക്കുകളിൽനിന്ന്അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
The Bio mechanical Point of View
മെസ്സിയെക്കുറിച്ചുള്ള അനാലിസിസുകൾ പറയുന്നത്, അദ്ദേഹത്തിന്റെ ഡ്രിബ്ലിങ് സ്‌കിൽസ് Bio mechanical ലാബിൽ പോലും ഇത്രയ്ക്ക് കൃത്യതയോടെ സൃഷ്ടിച്ചെടുക്കാനാവില്ല എന്നാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കും കഴിവുകൾക്കനുസരിച്ചും, ബാഴ്‌സ ദിനങ്ങളിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ള കേളീശൈലി മാരകമാണുതാനും. യൂറോപ്പിലെ ലീഗുകളിലെ കായികശേഷിയുള്ള, കൂറ്റന്മാരായ പ്രതിരോധക്കാരെ നേരിടാൻ തന്റെ കഴിവുകൾ കേന്ദ്രീകരിച്ചുള്ള ഗെയിംപ്ലാൻ മാത്രമേ ചെലവാകുകയുള്ളൂ എന്ന് മെസ്സി നേരത്തെ മനസ്സിലാക്കിയിരുന്നു.
ഈ സീസണിൽ പി.എസ്.ജി.ക്കു കളിച്ച് മിനുക്കിയെടുത്ത, അറ്റാക്കിങ് മിഡ്ഫീൽഡറുടെ രൂപവും ഖത്തറിലെ കളിക്കളത്തിൽ മെസ്സിയിൽ കണ്ടു. ഒരു കളിക്കാരൻ പല കളിക്കാരാവുന്ന മാന്ത്രികത.
The Bleacher Report
മെസ്സിയും എയ്ഞ്ചൽ ഡേവിഡ് റോഡ്രിഗസ് ഗാർസിയ എന്ന 100 മീറ്റർ സ്പാനിഷ് സ്പ്രിൻറ് ചാമ്പ്യനും തമ്മിലുള്ള 25 മീറ്റർ സാങ്കൽപ്പിക ഓട്ടമത്സരം ഉദാഹരിച്ചുകൊണ്ടുള്ള ബ്ലീച്ചർ റിപ്പോർട്ട് പഠനമുണ്ട്. അതിൽ ഇങ്ങനെ പറയുന്നു: ഇത്തരമൊരു ഓട്ടമത്സരം നേർരേഖയിൽ നടക്കുന്ന ഒന്നാണെങ്കിൽ മെസ്സി രണ്ടാമൻ, എന്നാൽ അതൊരു സിഗ് സാഗ് രീതിയിലുള്ള, വേഗതയുടെ ഏറ്റക്കുറച്ചിലുകളുടെ മത്സരമെങ്കിൽ മെസ്സി തന്നെ വിജയി. മെസ്സിയെപ്പോലുള്ള, ഒന്നാംകിട ബോൾ ഡ്രിബ്ലേഴ്സിന്റെ വേഗതയുടെയും എൻഡ്യൂറൻസിന്റെയും സമ്മിശ്ര പ്രാധാന്യം പൊതുവെ താരതമ്യങ്ങളിൽ കണക്കിലെടുക്കാറില്ലാത്തത്പഠനങ്ങളുടെ പോരായ്മയായും ലേഖനത്തിൽ പറയുന്നു. പന്ത് കൈയിലുള്ള മെസ്സിയുടെ, തന്നെ വളയുന്ന കളിക്കാർക്കിടയിലൂടെയുള്ള, പൊടുന്നനെയുള്ള ദ്രുതചലനങ്ങളും നൃത്തച്ചുവടുകളും നേർവരയിലൂടെയുള്ള ഒരു സ്പ്രിൻറിനേക്കാൾ ഊർജമൂറ്റുന്നതും കൂടിയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
The Messi Vision
മെസ്സിയുടെ വിഷൻ ആണ് ഒരുപക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷത. പന്ത് കാലിൽ കിട്ടിക്കഴിഞ്ഞാൽ ശരാശരി കളിക്കാരെപ്പോലെ ഒരു വെർട്ടിക്കൽ പാസ്സിനു തുനിയാതെ, ശ്രദ്ധാപൂർവം അത് കയറ്റിക്കൊണ്ടുവന്ന് ആക്രമിച്ചുകളിക്കുന്ന ജൂലിയൻ ആൽവരെസിനോ എയ്ഞ്ചൽ ഡി മരിയക്കോ, അവർ കൃത്യമായ പൊസിഷനിലെത്തിയശേഷം മാത്രം അളന്നുമുറിച്ച്, വേണ്ട വേഗതയോടെ മാത്രം, പാസ് ചെയ്യുന്ന രീതി ലോക ഫുട്‌ബോളിൽ തന്നെ ചുരുക്കം കളിക്കാർക്ക് പറഞ്ഞിട്ടുള്ളതാണ്. മെസ്സി അത് അനായാസമായി നിർവഹിക്കുമ്പോഴാകട്ടെ അതൊരു സവിശേഷതയായി മാറുകയും ചെയ്യുന്നു.
ഖത്തർ ലോകകപ്പിലെ മെസ്സി
ഖത്തർ ലോകകപ്പിൽ ഏഴു ഗോളും മൂന്ന് അസിസ്റ്റുമായി മെസ്സി തന്നെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും നേടി.
പെപ് ഗാർഡിയോളക്കുകീഴിലുള്ള ബാഴ്‌സലോണ ദിനങ്ങളിലാണല്ലോ അദ്ദേഹം ‘false 9’ റോളിൽ കളിക്കളത്തിൽ നിറയുന്നത്. പ്രായമേറി വരുന്ന മെസ്സി പുതിയ ക്ലബ്ബിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും സമാനറോളിൽ വളരെ ഫലപ്രദമായി തന്നെ കളിച്ചുവരുന്നു. കൂടാതെ, 2015 സീസൺ മുതൽ, കൃത്യമായി പറഞ്ഞാൽ ബാഴ്‌സലോണയുടെ മിഡ്ഫീൽഡ് രാജാവായിരുന്ന ആന്ദ്രേ ഇനിയെസ്റ്റയുടെ ഫോം മങ്ങിത്തുടങ്ങിയ സമയം മുതൽ, (ലൂയി എന്റിക്വെ കാലഘട്ടം) മെസ്സി നിർവഹിച്ചുപോന്നിട്ടുള്ള ഡീപ് പ്ലേമേക്കറുടെ റോൾ തെല്ലൊന്നുമല്ല ഈ ലോകകപ്പ് സമയത്ത് അർജന്റീനക്കുവേണ്ടി ബൂട്ടണിയുമ്പോൾ അദ്ദേഹത്തിന് സഹായകരമാവുന്നത്. ഈ സീസണിൽ പി.എസ്.ജി.ക്കു കളിച്ച് മിനുക്കിയെടുത്ത, അറ്റാക്കിങ് മിഡ്ഫീൽഡറുടെ രൂപവും ഖത്തറിലെ കളിക്കളത്തിൽ മെസ്സിയിൽ കണ്ടു. ഒരു കളിക്കാരൻ പല കളിക്കാരാവുന്ന മാന്ത്രികത.
ഇംഗ്ലണ്ട് വനിതാ ടീമിന്റെ സെന്റർ ബാക് ആയിരുന്ന അനീറ്റ സാന്റേ കഴിഞ്ഞ ആഴ്ച പറഞ്ഞതുകൂടി പരാമർശിക്കാം: ‘ഞാൻ നേരിട്ടിട്ടുള്ള കളിക്കാരിൽ ഏറ്റവും മികച്ചവൾ ബ്രസീലിന്റെ ഫോർവേഡ് മാർത്ത (ആറുതവണ ബാലൺ ഡി ഓർ നേടി) തന്നെയാണ്. അവൾ ഏതു പ്രതിരോധത്തിന്റെ ഹൃദയങ്ങളിലും ഭീതി വാരിവിതറുന്നവൾ തന്നെ. മെസ്സിയെ ഈ ലോകകപ്പിൽ നേരിട്ടുകാണുമ്പോൾ, ഫുട്‌ബോളിനെ തന്റെ ഇടതുകാലിൽ ചേർത്തുവെച്ച ആ വരവ് കാണുമ്പോൾ, ഞാൻ മാർത്തയെ ഓർക്കും. മെസ്സിയെ പോലെ ഒരാളെ ഒരു ദിശയിലേക്കു നയിച്ച് കടിഞ്ഞാണിടാൻ ഒരു ടീമിന്റെ പ്രതിരോധത്തിനും സാധ്യമല്ല. ഒന്നുകിൽ അയാൾ ഗുരുത്വാകർഷണം കൊണ്ടെന്ന പോലെ ഒരുപറ്റം കളിക്കാരെ അയാളിലേക്ക് ആകർഷിക്കും, അല്ലെങ്കിൽ പന്തിനെ തന്റെ ഭ്രമണപഥത്തിലെന്നപോലെ അമ്മാനമാടും. അയാളെ തടയാൻ നിങ്ങൾ ഡൈവ് ചെയ്‌തെന്നിരിക്കട്ടെ, നിങ്ങളുടെ കാലിനിടയിലൂടെ അയാൾ പന്ത് കടത്തിയിരിക്കും. അതുമല്ലെങ്കിൽ പൊടുന്നനെ, മാർത്തയെ പോലെ തന്നെ, ദിശ മാറി ഞൊടിയിടയിൽ കടന്നുകളഞ്ഞ് അസിസ്റ്റുകൾ സഹകളിക്കാർക്ക് സമ്മാനിക്കും. മെസ്സി തന്നിലർപ്പിച്ച ഭാരിച്ച ചുമതലകളെയും പ്രതീക്ഷകളെയും മറന്ന് ഈ ലോകകപ്പ് ശരിക്കും ആസ്വദിച്ചു കളിക്കുകയായിരുന്നു.’
മെസ്സി കളിക്കുകയല്ല, കളി ആസ്വദിക്കുകയാണ്. ▮