യുവേഫ നേഷൻസ് ലീഗിലെ ഫ്രാൻസ് - സ്പെയിൻ മത്സരം ലോകഫുട്ബോളിലെ തന്നെ ഈയടുത്ത കാലത്തെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായാണ് മാറിയത്. യൂറോപ്യൻ ഫുട്ബോളിലെ കരുത്തർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ ആകെ പിറന്നത് 9 ഗോളുകൾ. 22ാം മിനിറ്റ് മുതൽ തുടങ്ങിയ ഗോളടി അവസാനിച്ചത് 93ാം മിനിറ്റ് വരെ. യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻെറ ആധിപത്യമാണ് മത്സരത്തിലുടനീളം കണ്ടതെങ്കിലും തിരിച്ചടിച്ച് തിരിച്ചടിച്ച് ഫ്രഞ്ച് പട സമനിലയ്ക്ക് തൊട്ടടുത്ത് വരെ എത്തുകയും ചെയ്തു. യുവേഫ ചാമ്പ്യൻസ് ലീഗ് പാരീസിലെത്തിച്ച പി.എസ്.ജിയുടെ സൂപ്പർതാരങ്ങൾ അണിനിരന്ന ഫ്രാൻസിന് മത്സരത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഫ്രഞ്ച് ഫുട്ബോളിൻെറ ശക്തി തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ പി.എസ്.ജി - ഇൻറർ മിലാൻ ഫൈനൽ. കിലിയൻ എംബാപ്പെയും ഒസ്മാനെ ഡെംബലെയുമെല്ലാം കളം നിറഞ്ഞ് കളിച്ചിട്ടും സ്പെയിനിനെ തളയ്ക്കാൻ ഫ്രാൻസിന് സാധിച്ചില്ല. അതിൻെ പ്രധാനകാരണം 17കാരനായ സ്പാനിഷ് സൂപ്പർതാരം ലാമിൻ യമാലായിരുന്നു.
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള പോരാട്ടത്തിന് മുൻനിരയിൽ തന്നെ താനുണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നതായിരുന്നു യമാലിൻെറ പ്രകടനം. പക്ഷേ മത്സരം യമാലിൻേറത് മാത്രമായിരുന്നില്ല, സ്പാനിഷ് മുന്നേറ്റനിര കടുത്ത ആക്രമണ ഫുട്ബോളാണ് മത്സരത്തിലുടനീളം അഴിച്ചുവിട്ടത്. 22ാം മിനിറ്റിൽ നിക്കോ വില്യംസിലൂടെ സ്പെയിൻ തുടങ്ങിയ ഗോൾ സ്കോറിങ് 67ാം മിനിറ്റിൽ യമാലിൻെറ രണ്ടാം ഗോളിലാണ് അവസാനിക്കുന്നത്. ഒന്നാം പകുതിയിൽ തന്നെ സ്പെയിൻ രണ്ട് ഗോളിന് മുന്നിലായിരുന്നു. 67ാം മിനിറ്റിൽ സ്പെയിൻെറ അഞ്ചാം ഗോൾ വരുമ്പോൾ മത്സരം 5-1 എന്ന നിലയിലായിരുന്നു. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഒരൊറ്റ ഗോളായിരുന്നു ഫ്രാൻസിൻെറ ഏക ആശ്വാസം. മത്സരത്തിൻെറ അവസാനത്തെ 20 മിനിറ്റ് ഫ്രഞ്ച് ആക്രമണത്തിൻെറ മൂർച്ചയും സ്പാനിഷ് പ്രതിരോധത്തിൻെറ ദൗർബല്യവും വ്യക്തമാക്കുന്നതായിരുന്നു. ഗോളടിച്ച് അത്രയേറെ ആധിപത്യം ഉണ്ടാക്കിയ മത്സരത്തിൽ അവസാനം മൂന്ന് ഗോളുകൾ വഴങ്ങി 5-4 എന്ന നിലയിൽ സ്കോർ എത്തിച്ചത് സ്പെയിൻ പ്രതിരോധത്തിൻെറ വീഴ്ചയായിരുന്നു. മത്സരത്തിൻെറ അവസാനഘട്ടത്തിൽ മാത്രമല്ല, ഫ്രഞ്ച് ആക്രമണനിര ഉണർന്ന് കളിച്ചത്. തുടക്കം മുതൽ അവർ മുന്നേറ്റങ്ങൾ നടത്തിയിരുന്നുവെങ്കിലും ഗോളിലെത്തിയത് അവസാനഘട്ടത്തിൽ നടത്തിയ ശ്രമങ്ങളാണെന്ന് മാത്രം.

നേഷൻസ് ലീഗിലെ നിലവിലെ ജേതാക്കളാണ് സ്പെയിൻ. 2019-ലെ ആദ്യ നേഷൻസ് ലീഗ് ജേതാക്കളായ പോർച്ചുഗലാണ് ഫൈനലിൽ എതിരാളികളാവാൻ പോവുന്നത്. ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായ 40-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 17-കാരനായ യമാലും തമ്മിലുള്ള പോരാട്ടത്തിൽ ഇനി ആര് ജയിക്കുമെന്നതാണ് ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്. സെമിയിൽ ജർമ്മനിയെ തോൽപ്പിച്ചാണ് പോർച്ചുഗൽ വരുന്നത്. 2-1ന് നേടിയ വിജയത്തിൽ നിർണായകമായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളാണ്.
ബാലൺ ഡി ഓറിന് അവകാശമുന്നയിക്കുന്ന യമാൽ
നേഷൻസ് ലീഗ് സെമിയിൽ ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ് കളിച്ചതിന് പിന്നാലെ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയിൽ യമാൽ മുന്നിലെത്തിയിരിക്കുകയാണ്. ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ശേഷം ലോക ഫുട്ബോളിനെ ഇനി ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് യമാൽ. കഴിഞ്ഞ ലോകകപ്പിൽ എവിടെയുമെത്താതെ പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് നിരാശരായി പുറത്തായ സ്പെയിന് പുത്തനുണർവായത് യമാലിൻെറ വരവാണ്. 2024-ൽ യൂറോകപ്പ് ചാമ്പ്യൻമാരായതോടെ ഈ ടീമിൻെറ കുതിപ്പ് ആരംഭിക്കുന്നുണ്ട്. നേഷൻസ് ലീഗിലെ മിന്നുന്ന പ്രകടനത്തോടെ അടുത്ത ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള ഫേവറിറ്റ് ടീമായും സ്പെയിൻ മാറിക്കഴിഞ്ഞിട്ടുണ്ട്.
17-കാരനായ ഒരു ഫുട്ബോളർ ബാലൺ ഡി ഓർ ചുരുക്കപട്ടികയിൽ ഏറ്റവും മുന്നിലുണ്ടെന്നത് തന്നെ ചരിത്രത്തിൽ അധികം സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. തൻെറ 21ാം വയസ്സിൽ ബാലൺ ഡി ഓർ നേടിയ ബ്രസീലിൻെറ റൊണാൾഡോ നസാരിയോ ആണ് ഏറ്റവും ചെറിയ പ്രായത്തിൽ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിൻെറ മൈക്കൽ ഓവനും അർജൻറീനയുടെ സാക്ഷാൽ ലയണൽ മെസിയും 22ാം വയസ്സിൽ ബാലൺ ഡി ഓർ നേടി പ്രായം കുറഞ്ഞ പുരസ്കാര വിജയികളുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ഫ്രഞ്ച് താരം ഡെംബലെയാണ് ഇക്കുറി ബാലൺ ഡി ഓറിൽ യമാലിന് വെല്ലുവിളിയാവുക. നേഷൻസ് ലീഗ് സ്പെയിന് നേടിക്കൊടുക്കാൻ സാധിച്ചാൽ യമാലിൻെറ സാധ്യതകൾക്ക് കരുത്തേറും. ഇത്തവണ ബാലൺ ഡി ഓർ യമാൽ സ്വന്തമാക്കിയാൽ സ്പാനിഷ് ഫുട്ബോളിനും അത് വലിയ നേട്ടമാവും. യൂറോ കപ്പിലെ സ്പാനിഷ് വിജയത്തിലും ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റി വിജയത്തിലും സുപ്രധാന റോളുണ്ടായിരുന്ന റോഡ്രിയായിരുന്നു കഴിഞ്ഞ ബാലൺ ഡി ഓർ വിന്നർ. ഇക്കുറി യമാൽ നേടിയാൽ തുടർച്ചയായി രണ്ടാം തവണയും ലോക ഫുട്ബോളിലെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം സ്പെയിനിലേക്ക് തന്നെ പോവും.

