കേരളത്തിൽ കളിക്കാൻ ലോകജേതാക്കളായ അർജൻറീനയും മെസിയും വരുന്നു

കേരളത്തിലെ ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ വാർത്തയ്ക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം. ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്ക്…

News Desk

ലോക ജേതാക്കളായ അർജൻറീന (Argentina) ഫുട്ബോൾ ടീമും നായകൻ ലയണൽ മെസിയും (Lionel Messi) കേരളത്തിലേക്ക്. സംസ്ഥാന കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അർജൻറീനയുടെ ഫുട്ബോൾ ടീം അസോസിയേഷനുമായി വിഷയം ചർച്ച ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ടീം കേരളത്തിലെത്തുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് അർജൻറീന ഫുട്ബോൾ ടീമാണ്. മെസി എത്തുമോയെന്ന കാര്യം ഉറപ്പാക്കേണ്ടതും അവരാണ്. ടീമിൻെറ പൂർണചിത്രവും അപ്പോഴാണ് ലഭിക്കുക. ഒന്നര മാസത്തിനുള്ളിൽ, അതായത് 2025ലായിരിക്കും കേരളത്തിൽ മെസിപ്പടയുടെ മത്സരം നടക്കുക. രണ്ട് മത്സരങ്ങൾ നടക്കുമെന്നാണ് സൂചനകൾ. ഏഷ്യയിലെ പ്രധാന ടീമുകളായിരിക്കും അർജൻറീനക്കെതിരെ കളിക്കുകയെന്നാണ് റിപ്പോർട്ട്.

മത്സരനടത്തിപ്പിന് വലിയ തുക ചെലവാകുമെന്നാണ് കരുതുന്നത്. സ്പോൺസർഷിപ്പിലൂടെയായിരിക്കും ഈ തുക കണ്ടെത്തുക. കേരളത്തിലെ വ്യാപാരസമൂഹമായിരിക്കും സ്പോൺസർമാരെന്ന് മന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ കലൂർ ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ, സ്റ്റേഡിയം നവീകരിക്കുന്ന പരിപാടികൾ വൈകാതെ നടക്കും. കേരളത്തിലെ പ്രധാന ഫുട്ബോൾ സ്റ്റേഡിയമാണ് കലൂരിലേത്. അതുകൊണ്ടാണ് കൊച്ചിക്ക് പ്രഥമ പരിഗണന ലഭിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൻെറ ഹോം ഗ്രൌണ്ടാണ് ഈ സ്റ്റേഡിയം. നിറഞ്ഞുകവിഞ്ഞ നിലയിലാണ് ഇവിടെ ബ്ലാസ്റ്റേഴ്സിൻെറ മത്സരങ്ങൾ നടക്കാറുള്ളത്. കൊച്ചിക്ക് പുറമേ കോഴിക്കോടിനെയും തിരുവനന്തപുരത്തെയും മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ പരിഗണിക്കുന്നുണ്ട്.

ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ആരാധകരുള്ള ഇടമാണ് കേരളം. അർജൻറീനയ്ക്കും മെസിക്കും ഇവിടെ വലിയ ആരാധകവൃന്ദം തന്നെയുണ്ട്. മലബാർ മേഖലയിലാണ് ഫുട്ബോൾ വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടാറുള്ളത്. അതിനാൽ തന്നെ കേരളത്തിലെ കായികപ്രേമികൾക്ക് ഇത് സന്തോഷത്തിൻെറയും അഭിമാനത്തിൻെറയും നിമിഷമാണ്…

Comments