ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്​ബോൾ താരം ജോസഫ് പെപ്പി ബിക്കൻ

ജീവനം, അതിജീവനം​​​​​​​പെലെയെ പിന്നിലാക്കിയ പെപ്പി

ലോകത്തുതന്നെ ഏറ്റവും കൂടുതൽ പ്രൊഫഷനൽ ഗോളുകൾ നേടിയ ഫുട്‌ബോൾതാരം ജോസഫ് പെപ്പി ബിക്കന്റെ ജീവിതം ​കമ്യൂണിസ്​റ്റ്​ ഭരണകൂടത്തിന്റെ സമഗ്രാധിപത്യവുമായുള്ള ഒരു മാരക ഗെയിം കൂടിയായിരുന്നു

ഫുട്​ബോൾ ചരിത്രം ഉച്ചാടനം ചെയ്ത ജോസഫ് പെപ്പി ബിക്കൻ, ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്. ആർ.എസ്.എസ്.എസ്.എഫ് എന്ന ഫുട്ബോൾ ഗവേഷകസംഘം ആ കണക്കുകൾ ഇങ്ങനെ അവതരിപ്പിക്കുന്നു:

ബിക്കൻ- 805
റൊമാരിയോ- 772
പെലെ- 767
പുഷ്‌കാസ്- 746
ഗെർഡ് മുള്ളർ- 735

ജോസഫ് പെപ്പി ബിക്കന്റെ പിതാവ് ഫ്രാന്റിസെക്ക് (František)ഒരു ഫുട്ബോൾ മാച്ചിനിടയിലാണ് വൃക്കകൾ തകർന്ന് മരിച്ചത്. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഹെർത്ത വിയന്നയുടെ കളിക്കാരനായ ഫാന്റിസെക്കിന് മത്സരത്തിനിടയിൽ അടിവയറ്റിൽ എതിർകളിക്കാരന്റെ ചവിട്ടുകൊണ്ടു. ഉടനെ ആശുപത്രിയിലെത്തിച്ച ഫ്രാന്റിസെക്കിനോട്, കിഡ്നി തകർന്നതിനാൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. വേണ്ടത്ര പണമില്ലാത്തുകൊണ്ട് ശസ്ത്രക്രിയ ചെയ്യാൻ മടിച്ചുനിന്ന ഫ്രാന്റിസെക്കിന്റെ ജീവിതം ഒരാഴ്ചക്കകം അവസാനിച്ചു. അന്ന് ജോസഫ് പെപ്പി ബിക്കന് എട്ടു വയസ്സേയുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തിലെ സൈനികനായിരുന്നു ഫ്രാന്റിസെക്ക്. യുദ്ധത്തിനുശേഷം കളിക്കാനിറങ്ങിയപ്പോൾ മുപ്പതാം വയസ്സിൽ മരണം അയാളെ കൊണ്ടുപോയി. 1921ൽ മഹായുദ്ധം തീർന്നതേയുള്ളൂ. ദാരിദ്ര്യവും രോഗവും ഒരുപേലെ വേട്ടയാടിയ നാളുകളിൽ അയാളുടെ ഭാര്യ ലുഡ്മിള ഒരു റസ്റ്റോറന്റിന്റെ അടുക്കളയിൽ പണിയെടുത്താണ് മൂന്നുകുട്ടികളെ പോറ്റിയത്.

വിയന്നയിലെ അമോസ് കോമൺസ്‌കി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന പെപ്പി ബിക്കൻ, പിതാവിനെപ്പോലെ രാവും പകലും ഫുട്ബോൾ കളിക്കുന്നതുകണ്ട് ആ അമ്മക്ക് ആശങ്കയായി. വിശക്കുമ്പോഴും അതു മറക്കാൻ കുട്ടികൾ ഫുട്ബോൾ കളിക്കുന്ന കാലം. പഴംതുണിപ്പന്തുകൾ ഉപയോഗിച്ചാണ് കളി. അത്തരം ഫുട്ബോളിനെ ഹദ്രാക്ക് എന്നാണ് വിയന്നക്കാർ വിളിക്കുക. സൈക്കിളും ബൈക്കും കമ്പ്യൂട്ടറും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് നഗ്നപാദങ്ങൾ കൊണ്ട് ഫുട്ബാൾ തട്ടിയാണ് പെപ്പി അതിനെ വരുതിയിലാക്കിയത്. പെപ്പിക്ക് ഷൂസ് പോലും ഇല്ലായിരുന്നു.

പന്ത്രണ്ട് വയസ്സായപ്പോൾ പെപ്പി ബാർത്ത വിയന്നയുടെ ജൂനിയർ ടീമിൽ കളിക്കാൻ തുടങ്ങി. അമ്മക്ക് ആധിയായി. പെപ്പി കളിക്കാനിറങ്ങുമ്പോൾ അമ്മ താഴെ ഗാലറിയിലിരിക്കും. ആരെങ്കിലും പെപ്പിയെ ഫൗൾ ചെയ്തുവീഴ്ത്തിയാൽ കുട കൊണ്ട് എതിരാളിയെ അടിക്കാൻ, ലുദ്മിള ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങും.
പെപ്പിയുടെ കളി എല്ലാവർക്കും ഇഷ്ടമായിരുന്നു. അഴകും കരുത്തുമുള്ള കളി. പക്ഷെ, ആ പയ്യന്റെ ജീവിതം അടുത്തറിഞ്ഞ, ക്ലബിന്റെ സ്പോൺസർമാരിലൊരാൾ, പെപ്പിക്ക് ഓരോ ഗോളിനും, ഓരോ ഷില്ലിങ് വാഗ്ദാനം ചെയ്തു! അതോടെ എല്ലാ കളിയിലും ഗോളടിക്കുന്നത് ബിക്കൻ ഒരു ശീലമാക്കി മാറ്റി. അങ്ങനെ കിട്ടുന്ന ഷില്ലിങ് കൊണ്ടാണ് ആ കുടുംബം ജീവിച്ചത്.

ജോസഫ് പെപ്പി ബിക്കൻ

ബിക്കൻ കളിക്കളത്തിൽ അത്ഭുതകരമായ പ്രകടനം നടത്തിക്കൊണ്ടിരുന്നത്, റാപ്പിഡ് വിയന്ന ക്ലബ്ബിന്റെ ശ്രദ്ധയിൽ പെട്ടു. അന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് റാപ്പിഡ് വിയന്ന. രണ്ടു കാലുകൊണ്ട് ഗോളടിക്കുകയും അസാമാന്യവേഗതയിൽ ഓടുകയും നിരന്തരം പറന്നുനടക്കുകയും ചെയ്യുന്ന ഈ അത്ഭുത ബാലനെ പ്രതിമാസം 150 ഷില്ലിങ്ങിന് റാപ്പിഡ് വിയന്ന കളിക്കാൻ ഏർപ്പാട് ചെയ്തു. അന്ന് അത് ചെറിയ തുകയല്ല. ഒരു തൊഴിലാളിക്ക് ആഴ്ചയിൽ കിട്ടുന്നത് 20 ഷില്ലിംഗാണ്. 18ാം വയസ്സിൽ ബിക്കൻ റാപ്പിഡ് വിയന്നയുടെ സൂപ്പർ സ്റ്റാറായി. രണ്ടു കൊല്ലത്തിനകം പ്രതിമാസം 600 ഷില്ലിങ് എന്ന തോതിൽ പ്രതിഫലം കിട്ടിത്തുടങ്ങി. 49 മത്സരങ്ങളിൽ 52 ഗോൾ നേടിക്കൊണ്ട് ഓരോ മത്സരത്തിലും ഒരു ഗോളെങ്കിലും നേടുകയെന്നത് പെപ്പിന്റെ ലക്ഷ്യമായി മാറി. ആസ്ട്രിയൻ ചാമ്പ്യൻഷിപ്പിൽ റാപ്പിഡ് വിജയകിരീടം ചൂടിയശേഷം ബിക്കൻ, വിയന്നയിലെ അഡ്മിറ ക്ലബിലേക്ക് ചേക്കേറി. അതും റിക്കാർഡ് പ്രതിഫലം ഉറപ്പാക്കിക്കൊണ്ടുതന്നെ. അഡ്മിറയിൽ 26 മത്സരങ്ങളിൽനിന്ന് അയാൾ 18 ഗോളുകൾ നേടി.

പക്ഷെ, മീസലിന്റെ തന്ത്രങ്ങൾ കൃത്യമായി പിന്തുടർന്നുകൊണ്ടിരുന്ന വിറ്റോറിയോ പോസോ എന്ന ഇറ്റാലിയൻ കോച്ചിന് 1934-ലെ ലോകകപ്പ് മുസോളിനിയുടെ മേശപ്പുറത്ത് കൊണ്ടുവന്ന് വയ്ക്കണമെന്ന അന്ത്യശാസനമുണ്ടായിരുന്നു

മുപ്പതുകളിൽ, ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന, ഒരു കണക്കെഴുത്തുകാരൻ, ആസ്ട്രിയൻ ഫുട്ബാളിന്റെ അമരത്ത് എത്തിയ കാലമാണിത്. പരിശീലകനായ ഹ്യൂഗോ മീസൽ ആസ്ട്രിയയുടെ ഭാവനാസമ്പന്നരെ അണിനിരത്തി ഒരു ടീം രൂപപ്പെടുത്തി. ഫുട്ബോൾ ചരിത്രത്തിൽ അത് വണ്ടർ ടീം എന്നാണ് അറിയപ്പെട്ടത്. 1931 ഏപ്രിൽ മുതൽ 1934 ജൂൺ വരെ ഈ ടീം 28 മത്സരങ്ങളിൽ വിജയം കൈവരിച്ചു. മൂന്നെണ്ണത്തിൽ മാത്രം തോറ്റു.
മീസൽ അഡ്മിറ ക്ലബിലെ യുവതാരത്തെ കൃത്യമായി മനസ്സിലാക്കിയിരുന്നു. നൂറുമീറ്റർ 10.8 സെക്കന്റിൽ ഓടുന്ന കളിക്കാരൻ, രണ്ടു കാലുകൊണ്ടും ഗോളടിക്കുന്ന മാന്ത്രികൻ, ഡിഫന്റേഴ്സിന് പിടികൊടുക്കാതെ, അത്ഭുതകരമായി വഴുതിമാറുന്ന ഒരു മത്സ്യം. ഇരുപതു ചാൻസുകളിൽ ഒന്നുമാത്രം പാഴാക്കുന്ന, ഒരു പ്രതിഭാശാലി. അയാൾ വണ്ടർ ടീമിലെ മത്തിയാസ് സിന്റലാർ (Matthias Sindelar) എന്ന ലെജൻറുമായി ഒത്തുപോകുമെന്ന് മീസലിനു തോന്നി.

മിസൽ പിന്നീട് എഴുതി, ""മത്തിയാസ് സിന്റലാർ എന്ന പേപ്പർമാനും പെപ്പിയും തമ്മിൽ നല്ലൊരു രസതന്ത്രം രൂപപ്പെട്ടു. അത് ടീമിനു വളരെയേറെ ഗുണം ചെയ്തു.''
1934-ലെ ലോകകപ്പിനുവേണ്ടി മീസൽ ടീമിനെ ഒരുക്കിത്തുടങ്ങിയിരുന്നു. പക്ഷെ, മീസലിന്റെ തന്ത്രങ്ങൾ കൃത്യമായി പിന്തുടർന്നുകൊണ്ടിരുന്ന വിറ്റോറിയോ പോസോ എന്ന ഇറ്റാലിയൻ കോച്ചിന് 1934-ലെ ലോകകപ്പ് മുസോളിനിയുടെ മേശപ്പുറത്ത് കൊണ്ടുവന്ന് വയ്ക്കണമെന്ന അന്ത്യശാസനമുണ്ടായിരുന്നു. അക്കാലത്തെ യൂറോപ്പിലെ മികച്ച രണ്ടു ടീമുകൾ ചെക്കോസ്ലോവാക്യയും ഇറ്റലിയുമാണ്.

ഫുട്ബാളിൽ ഒരു സാമ്രാജ്യം തേടിയുള്ള പോസോയുടെ യാത്ര തുടങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിന്റെ സൈനിക നിരയിൽ നിന്നായിരുന്നു. അത്ലറ്റായി ജീവിതം തുടങ്ങിയ പോസോ പിന്നീട് യുദ്ധകാലത്ത് ലഫ്റ്റനന്റായി വിരമിച്ചു. ഈ ഘട്ടത്തിലാണ് ഫുട്ബോൾ മനേജുമെന്റിൽ താൽപര്യം തോന്നുന്നത്.

ഇറ്റാലിയൻ ദേശീയടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല ലഭിച്ചപ്പോൾ തന്നെ മീസലിന്റെ 2-3-5 എന്ന ആക്രമണ ശൈലിയിൽ പ്രതിരോധത്തിന്റെ പാളിച്ചകൾ പോസോ കണ്ടെത്തിയിരുന്നു. പോസോയുടെ 2-3, 2-3 മെത്തോഡോ ശൈലിക്ക് ഹെർബർട്ട് ചാപ്പ്മാന്റെ ശൈലിയിൽനിന്ന് കാര്യമായ വ്യതിയാനങ്ങൾ ഉണ്ടായില്ല.
പ്രാഥമിക റൗണ്ടിൽ ഫ്രാൻസിനെ 3-2ന് കീഴടക്കിയാണ് ആസ്ട്രിയ ക്വാർട്ടറിലേക്ക് കടന്നത്. ബിക്കനും സിന്റലാറും ഷാലും ആസ്ട്രിയയുടെ ഗോൾ നേടി. മെയ് 27ന് ടൂറിനിൽ നടന്ന ഈ മത്സരം കഴിഞ്ഞ് ടീം ബൊളോണിയിലേക്ക് പോയി. ക്വാർട്ടർ ഫൈനലിൽ 2-1ന് ഹംഗറിയെയും തകർത്തപ്പോൾ ടീമിന് ആത്മവിശ്വാസം കൈവന്നു. ബിക്കനും സിൻലാറും ഹൊർവാത്തും ഉൾപ്പെട്ട മുന്നേറ്റനിര ഉജ്ജ്വലമായ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ, ഇറ്റലി കഷ്ടിച്ചാണ് സ്പെയിനിനെ മറികടന്നത്. ആദ്യ ദിവസത്തെ സമനിലയ്ക്കുശേഷം റീപ്ലേയിൽ ഒരു ഗോളിന് സ്പെയിനിനെ വീഴ്ത്തി സെമിഫൈനലിൽ, ആസ്ട്രിയയെ നേരിടാൻ അവർ അർഹത നേടി.

മിലാനിൽ ബിക്കൻ- സിന്റലാർ- ഷാൽ മുന്നേറ്റത്തെ ഇറ്റാലിയൻ പ്രതിരോധനിര വരിഞ്ഞുമുറുക്കി. അവരുടെ പ്രഖ്യാതമായ ഫ്രീ ഫ്ളോയിങ് ഗെയിമിനെ ഇറ്റാലിയൻ ടീമും ഇറ്റലിക്കാരനായ ഫെറാറിയും (Ferrari) ചേർന്ന് താളം തെറ്റിച്ചു.
ഇറ്റലിയുടെ വിഖ്യാതനിരയിൽ ഗുസപ്പി മിയാസയും ഷിയാവിയോയും ഫെറാറിയും

ജോസഫ് പെപ്പി ബിക്കൻ സ്ലാവിയാ പ്രേഗിൽ കളിക്കുന്ന കാലത്ത്, 1938 ആഗസ്റ്റിലെ ചിത്രം

ഓർസിയും എതിരാളികൾ ഇല്ലെന്ന മട്ടിൽ കളിച്ചു. അലമെൻഡിയും മോൺസെഗ്ലിയോയും ബിക്കനെ ഇടംവലം തിരിയാൻ സമ്മതിച്ചില്ല. കടുത്ത ടാക്ലിങ്ങിന് ബിക്കനും സിന്റലറും ഇരയായി. ഗ്വായിറ്റയുടെ ആദ്യ പകുതിയിലെ ഗോൾ അപരാജിതമായി നിലനിന്നു. അതേവിധി തന്നെ ഫൈനലിൽ ചെക്കോസ്ലോവാക്യയും നേരിട്ടു. ഇറ്റലി ജേതാക്കളായി.

ബിക്കൻ മറക്കാനാഗ്രഹിക്കുന്ന മൽസരമായിരുന്നു ലോകകപ്പ്. തന്റെ പ്രതിഭയെ പൂർണമായി പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ബിക്കന്റേതായ ട്രേസുകൾ ആ മത്സരത്തിലും പ്രകടമായിരുന്നു. ബിക്കൺ ആദ്യമായും അവസാനമായും പങ്കെടുത്ത ലോകകപ്പാണിത്. 1938ൽ മികച്ച ഫോമിലായിരുന്നുവെങ്കിലും പാസ്പോർട്ടിലെ പിഴവുമൂലം ബിക്കന് കളിക്കാനായില്ല.

തിരിച്ച് വിയന്നയിലെത്തുമ്പോൾ, ആസ്ട്രിയയുടെ അന്തരീക്ഷത്തിൽ, നാസികളുടെ നിഴൽ വീഴാൻ തുടങ്ങിയിരുന്നു. 1937ൽ ആസ്ട്രിയയെ, ജർമനി വിഴുങ്ങിയിരുന്നു. അധികാരത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ നാസികൾ പിടിമുറുക്കിയതോടെ ബിക്കൻ, പിതാവിന്റെ ജന്മനാടായ ചെക്കോസ്ലോവാക്യയിലേക്ക് കുടിയേറാൻ തീരുമാനിച്ചു. സ്ലാവിയ പ്രേഗ് ക്ലബുമായുള്ള ചർച്ചക്കുശേഷമാണ് ബിക്കൻ ഈ തീരുമാനമെടുത്തത്. പതിനൊന്നുവർഷം നീണ്ട ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

സ്ലാവിയാ പ്രേഗ് ബിക്കനെയും ഭാര്യ ജാർമിളയെയും രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ക്ലബ് പ്രസിഡന്റ് വാലുസെക്, പ്രേഗിന്റെ ഏറ്റവും മികച്ച കളിക്കാരൻ പെപ്പിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, മറ്റു കളിക്കാർക്ക് പെപ്പിയുടെ വരവ് അത്രയേറെ ആഹ്ലാദകരമായി തോന്നിയില്ല. ഒരു സൂപ്പർ സ്റ്റാർ ടീമിലെത്തുമ്പോൾ, ക്ലബ് മാനേജുമെന്റിന്റെ പ്രഥമ പരിഗണന മുഴുവനും ആ താരത്തിനുപിന്നാലെയാകും.

കമ്യൂണിസ്റ്റ് ഭരണത്തിൽ, ജനങ്ങൾ വെറും അടിമകളായി ജീവിക്കേണ്ടിവരുമെന്ന അവസ്ഥ പിൽക്കാലത്ത് പെപ്പി അനുഭവിക്കുകയും ചെയ്തു.

പ്രേഗിലെ ഓരോ മത്സരത്തിലും പെപ്പി തന്റേതുമാത്രമായ മാന്ത്രികവിദ്യകൾ പുറത്തെടുത്തു. ആ കളി കണ്ട പ്രശസ്തരായ ചെക്ക് നടന്മാർ- വ്ളാസ്റ്റ ബൂരിയനും (Vlasta Burian) ജാൻ വെറിച്ചും- പെപ്പിയുടെ സുഹൃത്തുക്കളായി. നടി അദ്ധിന മണ്ട്ലോറായുടെ വിരുന്നുസൽക്കാരങ്ങളിൽ പെപ്പി പ്രധാന സാന്നിധ്യമായി. അതിനിടക്കാണ് ടൂറിനിലെ യു വന്തസിൽനിന്ന് പെപ്പിക്ക് ഒരു വമ്പൻ ഓഫർ വരുന്നത്. എന്നാൽ, ഇറ്റലിയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്ന് ഭയന്ന് പെപ്പി, ആ ഓഫർ തള്ളിക്കളഞ്ഞു. ഭരണകൂടം ജനങ്ങളുടെ ദാസന്മാരാണെന്ന പൊതുതത്വം നാസികളും കമ്യൂണിസ്റ്റുകളും ഒരുപോലെ അവഗണിക്കുന്നതുകൊണ്ട് പെപ്പിക്ക് ഇരു പ്രത്യയശാസ്ത്രങ്ങളോടും മാനസികമായ അകൽച്ച തോന്നിയിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിൽ, ജനങ്ങൾ വെറും അടിമകളായി ജീവിക്കേണ്ടിവരുമെന്ന അവസ്ഥ പിൽക്കാലത്ത് പെപ്പി അനുഭവിക്കുകയും ചെയ്തു.

ചെക്ക് ലീഗിൽ 1939 മുതൽ ബിക്കൻ യുഗം പിറക്കുകയായിരുന്നു. യൂറോപ്പിലെങ്ങും ബിക്കന്റെ നേട്ടങ്ങൾ പരന്നു. സഹകളിക്കാർ, പ്രശസ്തിയുടെ പേരിൽ സ്വകാര്യമായി പെപ്പിയെ, "ആ ആസ്ട്രിയൻ തെണ്ടി'യെന്നു വിളിച്ചിരുന്നുവെങ്കിലും ആ കാലുകളാണ് സ്ലാവിയ പ്രേഗിന് നേട്ടങ്ങൾ സമ്മാനിച്ചത്. 1939 മുതൽ 1944 വരെ യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ പെപ്പിയായിരുന്നു. ഒരു ഗെയിമിൽനിന്ന് രണ്ടു ഗോളുകളെങ്കിലും പെപ്പി നേടിയിരിക്കും. 11 വർഷത്തെ കളിക്കിടയിൽ ബിക്കൻ 217 ഗെയിമുകളിൽനിന്ന് 395 ഗോളുകളാണ് നേടിയത്. മൂന്നുതവണ പെപ്പി, ഒരു മത്സരത്തിൽനിന്ന് ഏഴുഗോളുകൾ നേടി. അക്കാലത്ത് യുദ്ധരംഗത്തേക്ക് ഒട്ടേറെ കളിക്കാൻ വലിച്ചിഴക്കപ്പെട്ടിരുന്നു. പലരും, യുദ്ധരംഗത്തുവച്ചുതന്നെ മരണത്തിനിരയായി.

ജോസഫ് പെപ്പി ബിക്കൻ, ഫോട്ടോ:ഫിഫ

യൂറോപ്പിന്റെ ഐക്കൺ എന്നു പറയാവുന്ന ഒരാൾ പെപ്പിയായിരുന്നു. അയാൾ കളിയില്ലാത്ത ദിവസങ്ങളിൽ നടൻ വ്ളാസ്റ്റ ബൂരിയനുമായി ടെന്നിസ് കളിക്കാൻ പോകും. പ്രേഗിലെ വിരുന്നുസൽക്കാരങ്ങളിലെല്ലാം പെപ്പി ഒരാകർഷണ കേന്ദ്രമായിരുന്നു. പെപ്പിയിൽ യുവത്വത്തിന്റെ ലഹരി നിറഞ്ഞ കാലമായിരുന്നു. വിയന്നയിൽ നിന്ന് പ്രേഗിലേക്കുള്ള വരവുതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. പക്ഷെ, ഇരുണ്ട കാലം, അധികം താമസിയാതെ വന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലിൽ ഫുട്ബോൾ കളിച്ച പെപ്പിക്ക്, ചെക്കോസ്ലോവാക്യയുടെ അന്തരീക്ഷത്തിൽ, കമ്യൂണിസം വരുന്നത് ആദ്യഘട്ടത്തിൽ അപകടകരമായി തോന്നിയിരുന്നില്ല. എങ്കിലും വിയന്നയിൽ നാസി പാർട്ടിയിലെന്നപോലെ, പ്രേഗിൽ കമ്യൂണിസ്റ്റ് പാർട്ടിയിലും ബിക്കൻ ചേർന്നില്ല. 1948ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. പ്രേഗിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ താരം പാർട്ടിയിൽ അംഗത്വം നേടിയിട്ടില്ലെന്ന് അവർ കണ്ടെത്തി. ബിക്കന്, നിരന്തരമായ ഭീഷണികൾ ഒന്നിനുപുറകേ മറ്റൊന്നായി നേരിടേണ്ടിവന്നു. ജീവിതം താളം തെറ്റി. ഒടുവിൽ, സ്ലാവിയാ പ്രേഗ് ക്ലബ് വിടാൻ ബിക്കൻ തീരുമാനിച്ചു. 12 സീസണുകളിൽ സ്ലാവിയയുടെ കുന്തമുനയായിരുന്നു ബിക്കൻ. ആ സീസണുകളിലെല്ലാം ടോപ്പ് സ്‌കോറർ അയാൾ തന്നെയായിരുന്നു. എങ്കിലും നിരാശയോടെ പ്രേഗിൽനിന്ന് ഹ്രാഡെക് ക്രാലോവ് എന്ന ചെറുപട്ടണത്തിലേക്ക് അയാൾ ജീവിതം പറിച്ചുനട്ടു.

മെയ്ദിന പരേഡിൽ പെപ്പി നടന്നുനീങ്ങിയപ്പോൾ എല്ലാ കണ്ണുകളും ആ താരത്തിനുനേരെയായിരുന്നു. മൈക്കിലൂടെ പാർട്ടിനേതാക്കൾ പ്രസിഡന്റ് സാവോട്ടോക്കി നീണാൾ വാഴുക എന്ന് വിളിച്ചുപറഞ്ഞപ്പോൾ ജനങ്ങൾ ബിക്കൻ നീണാൾ വാഴുക എന്നാണ് വിളിച്ചത്.

ബിക്കൻ, ഉരുക്ക് നിർമാണത്തൊഴിലാളികളുടെ ക്ലബായ സെലസൾണി വിക്ടോവൈസിൽ ചേർന്നു. ക്ലബിന്റെ ആദ്യത്തെ ഒമ്പതുമത്സരങ്ങളിൽ 19 ഗോൾ നേടി ബിക്കൻ ചരിത്രം സൃഷ്ടിച്ചു. പോസ്റ്റിനുനേരെ രണ്ടു കാലുകൾ കൊണ്ട് ഏത് ആംഗിളിൽനിന്നും ബിക്കൻ നിറയൊഴിക്കും. കളിയില്ലാത്ത ദിവസങ്ങളിൽ രാവിലെ ബിക്കൻ കഠിനമായ പരിശീലനം നടത്തും. ഗോൾ പോസ്റ്റിന്റെ ക്രോസ്ബാറിൽ, കുപ്പികൾ നിരത്തിവെക്കും. മുപ്പത് അടി അകലെനിന്ന് ഈ കുപ്പികൾ ഓരോന്നായി വീഴ്ത്തുക എന്നതാണ് പെപ്പിയുടെ പരിശീലന രീതി. അതുകാണാൻ ആയിരങ്ങൾ തടിച്ചുകൂടും. മിക്കവാറും പത്തു കുപ്പികളിൽ ഒമ്പതെണ്ണവും പെപ്പി വീഴ്ത്തിയിരിക്കും.

വിക്ടോവൈസിലെ തൊഴിലാളികൾക്ക് പെപ്പി ഒരർധദേവനായിരുന്നു. അവർ അഭിമാനപൂർവം പെപ്പിയെക്കുറിച്ച് കൂട്ടുകാരോട് പറഞ്ഞു. മെയ് ഒന്നിനുള്ള പരേഡിൽ പങ്കെടുക്കണമെന്ന് അവർ പെപ്പിയോട് അഭ്യർഥിച്ചു.
മെയ്ദിന പരേഡിൽ പെപ്പി നടന്നുനീങ്ങിയപ്പോൾ എല്ലാ കണ്ണുകളും ആ താരത്തിനുനേരെയായിരുന്നു. മൈക്കിലൂടെ പാർട്ടിനേതാക്കൾ പ്രസിഡന്റ് സാപോട്ടോക്കി നീണാൾ വാഴുക എന്ന് വിളിച്ചുപറഞ്ഞപ്പോൾ ജനങ്ങൾ ബിക്കൻ നീണാൾ വാഴുക എന്നാണ് വിളിച്ചത്. അത് പെപ്പിയുടെ കുറ്റമായിരുന്നില്ല.
പിറ്റേദിവസം ഫാക്ടറിയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ബിക്കനോട് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ആ നിമിഷങ്ങളെക്കുറിച്ച് പെപ്പി ഒരഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: ""നിങ്ങളെ ഈ രണ്ടു കോമ്രേഡുകൾ അനുഗമിക്കും. അവർ നിങ്ങളെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ഒരു മണിക്കൂറിനകം നിങ്ങൾ ഹ്രാഡെക് ക്രാലോവ് നഗരം വിട്ടിരിക്കും. അതുകേട്ട് ഞാൻ പ്രജ്ഞയറ്റവനെപ്പോലെ നിന്നു. എത്രയും വേഗത്തിൽ ഞാനെന്റെ സ്യൂട്ട്കേസുകൾ പാക്ക് ചെയ്തു. അവരോടൊപ്പം പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തൊഴിലാളികൾ എന്നോട് ചോദിച്ചു. ഒരു പ്രശ്നവുമില്ലെന്ന് ഞാൻ മറുപടി നൽകി. ഇല്ലെങ്കിൽ തൊഴിലാളികൾ പണിമുടക്കുമായിരുന്നു. അതിന്റെ പേരിൽ 20 വർഷമെങ്കിലും ഞാൻ ജയിലിൽ കിടക്കുമായിരുന്നു. സ്റ്റേഷനിൽ ഞാൻ തീവണ്ടിയിൽ കയറിയിരുന്നപ്പോൾ ആ നഗരം നൽകിയ സ്നേഹത്തെയോർത്ത് ഞാൻ വികാരവിവശനായി. ട്രെയിൻ നീങ്ങിയപ്പോൾ ഞാൻ കൈവീശിയെങ്കിലും സഖാക്കൾ കൈവീശിയില്ല.''

ബിക്കൻ വീണ്ടും പ്രേഗിൽ തിരിച്ചെത്തി. അപ്പോഴേക്കും സ്ലാവിയാ പ്രേഗ് കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ ഡൈനാമോ പ്രേഗ് എന്ന് പേരുമാറ്റിയിരുന്നു. കടുത്ത കമ്യൂണിസ്റ്റ് നിയമങ്ങൾക്കുകീഴിലാണ് ക്ലബ് പ്രവർത്തിച്ചിരുന്നതെങ്കിലും ബിക്കനെ, അവർ രണ്ടു കൈയും നീട്ടി സ്വകരിച്ചു. വീണ്ടും പെപ്പി പ്രേഗിന്റെ പുത്രനായി. 29 മത്സരങ്ങളിൽനിന്ന് 22 ഗോളുകൾ നേടി ബിക്കൻ തന്റെ പ്രാഗൽഭ്യം പുറത്തെടുത്തു.
42ാമത്തെ വയസ്സിൽ, 1955ൽ പെപ്പി റിട്ടയർ ചെയ്തു. ചെക്ക് ലീഗിലെ ഏറ്റവും പ്രായം ചെന്ന കളിക്കാരനായിരുന്നു ബിക്കൻ.

റിട്ടയർമെന്റിനുശേഷവും ബിക്കനെ, കമ്യൂണിസ്റ്റ് ഭരണം വേട്ടയാടി. അയാൾ ഒരു ബൂർഷ്വാസിയാണെന്ന് ഭരണകേന്ദ്രം വിധിയെഴുതി. സാമൂഹികമായി അയാളെ ഒറ്റപ്പെടുത്തി. ബിക്കന്റെ വീട്ടുമുറിയിലെ ഫോൺ ശബ്ദിക്കാതായി. കത്തുകൾ വരുന്നത് അവർ പരിശോധിച്ചു. അയാൾ പരിശീലനം നടത്തുന്നത് വിലക്കി. ഹോളോസേവൈസ് റെയിൽവേയിൽ ഒരു തൊഴിലാളിയായി അയാളെ ശിക്ഷിച്ചു. യാതൊരു പരാതിയുമില്ലാതെ, പെപ്പി, ആ റോൾ ഭംഗിയായി നിർവഹിച്ചു. അയാൾ, ഭാരമുള്ള എന്തെങ്കിലും പൊക്കുമ്പോൾ, മറ്റു തൊഴിലാളികൾ ഓടിയെത്തി അയാളെ സഹായിക്കും. പ്രിയപ്പെട്ട പെപ്പിക്ക് ഈ വിധത്തിൽ ശിക്ഷ നൽകിയത് അവർ പൊറുത്തിരുന്നില്ല.

വൈസെ ഹ്രാങ സെമിത്തേരിയിലെ ബിക്കന്റെ പ്രതിമ

ഭരണം നൽകിയ ശിക്ഷകൾ ബിക്കനെ ദരിദ്രനാക്കി. അയാളുടെ ജീവിതത്തിൽ വീണ്ടും ബാല്യത്തിന്റെ കഠിനയാതനകൾ തിരിച്ചുവന്നു. ആരോടും പരാതിയില്ലാതെ ബിക്കൻ ക്ഷമാപൂർവം ജീവിച്ചു. 1989ൽ ചെക്ക് വസന്തം വീണ്ടും തിരിച്ചുവന്നു. ജനങ്ങൾ കമ്യൂണിസ്റ്റ് ഭരണം തൂത്തെറിഞ്ഞു. ബിക്കൻ വീണ്ടും തിരിച്ചുവന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിൽ എല്ലാം നഷ്ടപ്പെട്ട ബിക്കന്റെ ജീവിതം വീണ്ടും തളിർത്തു. 2001ൽ പ്രേഗ് മേയർ ബിക്കന് ഫ്രീഡം ഓഫ് പ്രേഗ് മെഡൽ സമ്മാനിച്ചു. ചെക്കോസ്ലോവാക്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ബിക്കൻ വാഴ്ത്തപ്പെട്ടു. 2001 ഡിസംബർ 12ന് ബിക്കൻ, സമാധാനത്തോടെ ലോകം വിട്ടുപോയി. പ്രേഗിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ഹീറോയുടെ പ്രതിമ ഇന്നും വൈസ്ഹാർഡ് സെമിത്തേരിയിൽ കാണാം. 2013 ബിക്കന്റെ ജന്മശതാബ്ദിയായിരുന്നു.

1968ൽ ബിക്കൻ, ബെൽജിയത്തിലേക്ക് രക്ഷപ്പെട്ട് ടോംഗ്രൻ ടീമിന്റെ കോച്ചായി ജോലി ചെയ്തിരുന്നു. അതിനിടയിലാണ് മുൻ ജർമൻ കളിക്കാരൻ ബിംബൊ ബെന്റർ 5000 ഗോൾ അടിച്ചതായി ഒരു വാർത്ത വന്നത്. ഫുട്ബോൾ പണ്ഡിതന്മാർ പെപ്പിയുടെ അനേകം റിക്കാർഡുകൾ എടുത്ത് പുറത്തിട്ടു.

യൂറോപ്പിലെന്നല്ല, ലോകത്തുതന്നെ ഏറ്റവും കൂടുതൽ പ്രൊഫഷനൽ ഗോളുകൾ ബിക്കനാണ് അടിച്ചതെന്ന് ഫുട്ബോൾ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർ.എസ്.എസ്.എസ്.എഫ് സ്ഥാപിച്ചു. അവരുടെ കണക്കനുസരിച്ച് ബിക്കൻ ഔദ്യോഗികമായി 805ലധികം ഗോളുകൾ നേടിയിട്ടുണ്ട്. റൊമാരിയോ- 772, പെലെ- 767, പുഷ്‌കാസ്- 746, ഗെൾഡ് മുള്ളർ- 735 എന്നിവരാണ് തൊട്ടുപിന്നിൽ.

രണ്ടാം ലോകമഹായുദ്ധം പെപ്പിയുടെ ഏഴുവർഷങ്ങൾ കൊണ്ടുപോയെങ്കിലും 530 കളികളിലായി 1402 ഗോളുകൾ പെപ്പി നേടിയിട്ടുണ്ടെന്ന് മറ്റൊരു ഫുട്ബോൾ ഗവേഷക പ്രസ്ഥാനമായ ഐ.എഫ്.എഫ്.എച്ച്.എസ് പറയുന്നു. സ്ലാവിയാ പ്രേഗിനുമാത്രം 217 മത്സരങ്ങളിൽ നിന്നായി 395 ഗോളുകൾ നേടി. ആസ്ട്രിയൻ ലീഗിൽ 196 ഗോളുകൾ വേറെയും നേടി. ജന്മശതാബ്ദിക്കുശേഷമാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ ബിക്കനാണെന്ന് സ്ഥാപിക്കപ്പെട്ടത്.▮

Comments