കോഴിക്കോട്ടും എറണാകുളത്തുമടക്കം കേരളത്തിലെ എല്ലാ പ്രധാന ഫുട്ബോൾ ടൂർണമെന്റുകളും ജനകീയമാക്കുന്നതിൽ കെ.എൽ 10 വണ്ടികളിൽ ആർപ്പുവിളിച്ചെത്തുന്ന മനുഷ്യർ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഇന്ന് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ വ്യാപകമായതോടെ കെ.എൽ 10 എന്ന പൊതു സൂചിക വിഭജിക്കപ്പെട്ടുപോയിട്ടുണ്ട്. ഗ്രാമീണ ഫുട്ബോൾ ടൂർണമെന്റുകൾ തൊട്ട് ലോകകപ്പ് മത്സരങ്ങൾക്കുവരെ ഒരേ വികാരാവേശത്തോടെ 'ഖൽബ്' തുറന്നിടുന്ന ശീലം മലപ്പുറത്തിന് തലമുറകൾ കൈമാറി കിട്ടിയതാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ പ്രീമിയർ ലീഗുകൾ തൊട്ട് 90-കളിൽ ആരംഭിച്ച റഷ്യൻ പ്രീമിയർ ലീഗിലെ ടീമുകൾക്കുവേണ്ടിപോലും ഉറക്കമൊഴിയാനും, വാതുവെക്കാനും, താരങ്ങളുടെ കളി വിശകലത്തിനും, തർക്കിക്കാനും ആളുകൾ സജീവമാണ്.
നര കയറിയവരെന്നോ ഇളം മുറക്കാരെന്നോ ഉള്ള വ്യത്യാസം മലപ്പുറത്തെ ആരാധകക്കൂട്ടത്തിനില്ല. നാഗ്ജി കാണാൻ പിതാവിനോടൊപ്പം കോഴിക്കോട്ടേക്ക് വെച്ചുപിടിച്ച ഓർമ്മകൾ അയവിറക്കുന്ന കാരണവൻമാർ ഇന്ന് പേരമക്കൾക്കൊപ്പം ടി.വിക്കു മുമ്പിൽ ഹരം പിടിക്കുന്നു.
ഇല്ലായ്മയുടെ പഴയകാലത്ത് തയ്യൽക്കാരുടെ വേസ്റ്റ് തുണികളും കിട്ടാവുന്ന ഇതര സാമഗ്രികളും ഗോളാകൃതിയിൽ വരിഞ്ഞുകെട്ടിയുണ്ടാക്കുന്ന കെട്ടുപന്തുകളായിരുന്നു ഗ്രൗണ്ടിലെ താരം. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും, പറമ്പും ബൂട്ടിടാത്ത കളിക്കാരുടെ പ്രകടനങ്ങൾക്ക് സാക്ഷിയായി. പിന്നീട് കെട്ടുപന്തുകൾ ഫുട്ബോളിന് വഴിമാറി. വിണ്ടുകീറിയ ഫുട്ബോളിന്റെ കീറൽ തുന്നിക്കെട്ടുന്ന വിദഗ്ധൻമാർ അക്കാലത്ത് നാട്ടിൽ ധാരാളമുണ്ടായിരുന്നു. 90- കളോടെ ആവശ്യത്തിന് ഫുട്ബോളും, ബൂട്ടും, കിറ്റുമൊക്കെ വളരെ പെട്ടെന്ന് സുലഭമാവുകയും പുതിയ ഗ്രൗണ്ടുകൾ രൂപപ്പെടുകയും ചെയ്തു.
ഗ്രാമീണ ടൂർണമെന്റുകളാണ് ഫുട്ബോൾ ജ്വരം കത്തിച്ചുനിർത്തുന്നത്. പ്രാദേശിക ടീമുകൾക്കും കളിക്കാർക്കും വലിയ ആരാധകവൃന്ദമുണ്ട്. കളിക്കാരുടെ പേരു ചൊല്ലി ആർത്തുവിളിക്കുന്ന ഫാൻസുകൾ ഗാലറിയിലെ പതിവുകാഴ്ചയാണ്. ഫുട്ബോളും കളിനിയമങ്ങളും നിരന്തരം പുതിയ പരീക്ഷണങ്ങൾക്ക് ഇവിടെ വിധേയമാവുന്നുണ്ട്. മാറുന്ന തിരക്കുപിടിച്ച ജീവിതത്തിനാനുപാതികമായാണിത്.
ട്വന്റി ട്വന്റിയെ ഓർമിപ്പിച്ച് ഇരുപതു മിനുറ്റുകൾ വീതമുള്ള ഇരുപകുതികളുടെ ഫൈവ്സ് ടൂർണ്ണമെന്റുകൾ ഇന്ന് കളിക്കളങ്ങൾ കീഴടക്കുകയാണ്. പതിനൊന്ന് പേരുടെ കളികളെ ടെസ്റ്റ് ക്രിക്കറ്റിനോടും സെവൻസിനെ ഏകദിന മത്സരങ്ങളോടും ഫൈവ്സിനെ ട്വന്റി ട്വന്റി മത്സരത്തോടുമാണ് കളിക്കമ്പക്കാർ താരതമ്യപ്പെടുത്തുന്നത്.
ഇലവൻസ് മൈതാനങ്ങൾ സെവൻസിന് ചുരുങ്ങി പാകപ്പെട്ടിരുന്നു. സമാനമായി സെവൻസ് മൈതാനങ്ങളുടെ മൂന്നിൽ രണ്ടാണ് ഫൈവ്സ് ഗ്രൗണ്ടിന്റെ വ്യാപ്തി. ഗോൾ പോസ്റ്റിന്റെ വലിപ്പവും ആനുപാതികമായി കുറയും. ഇരുപത് മിനുട്ടുകൾ വീതമുള്ള രണ്ടു പകുതികളോടെ കളി അവസാനിക്കും. ഒരു ടിക്കറ്റിൽ രണ്ടു മത്സരങ്ങൾ മിക്കപ്പോഴും കാണാൻ സാധിക്കുന്നതിനാൽ കാണികൾ ഹാപ്പിയാണ്. സമയക്രമം പാലിച്ചു ടൂർണ്ണമെൻറിലെ ടീമെണ്ണം കൂട്ടാമെന്നതിനാൽ സംഘാടകരും തൃപ്തരാണ്. അധ്വാനസമയം കുറവായതിനാൽ കളിക്കാർക്കും താൽപര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, കളിയുടെ എല്ലാ അളവുകോലുകളിലും ഫൈവ്സ് ഗോളടിച്ച് കയറിയിട്ടുണ്ട്.
ഡിസംബർ മുതൽ മെയ് വരെയുള്ള സീസണിൽ ഒരു പഞ്ചായത്തിൽ ഒന്നെന്ന വീതം വലിയ ഫുട്ബോൾ മത്സരങ്ങൾ നടന്നുവരുന്നു. എട്ടു മുതൽ പത്തുവരെ പടവുകളിൽ ഇരിക്കാൻ പാകത്തിൽ കവുങ്ങും മുളയും കൊണ്ടാണ് ഗ്യാലറികൾ നിർമിക്കുന്നത്. ഇൻഷൂർ ചെയ്യാറുണ്ട്. രാത്രി എട്ടിനും പത്തരക്കുമിടയിലാണ് കളികൾ അരങ്ങുതകർക്കുന്നത്. ചാനൽ അവതാരകരുടെ ഇൻട്രോയെ വെല്ലുന്ന ചാട്ടുളി പ്രയോഗങ്ങളും ചടുല ഡയലോഗുകളും നിറഞ്ഞ അനൗൺസ് വാഹനങ്ങൾ ദിനംപ്രതി തലങ്ങും വിലങ്ങും ഓടും. ഇതോടെ ഒരു നാടിന്റെ മുഴുവൻ സ്പന്ദനങ്ങളും സന്ധ്യ മയങ്ങുമ്പോഴേക്കും ഗ്രൗണ്ടിൽ കേന്ദ്രീകരിക്കുകയായി. നാനാത്വത്തിൽ ഏകത്വം തിരയാൻ മറ്റൊരിടം അന്വേഷിക്കേണ്ടതില്ല.
32 ടീമുകൾ വരെ മാറ്റുരക്കുന്ന ഫൈവ്സ് ടൂർണ്ണമെന്റിൽ മൂവായിരത്തിലധികം കാണികൾ ദിനേനെ ഒഴുകിയെത്തുന്നു. ഒന്നാം റൗണ്ട് പിന്നിടുന്നതോടെ ടിക്കറ്റ് നിരക്കുകളും ക്രമാനുഗതമായി വർദ്ധന രേഖപ്പെടുത്തി തുടങ്ങും. പരിസരത്തുള്ള പ്രദേശങ്ങളുടെ പേരിലാണ് പലപ്പോഴും ടീമുകൾ രജിസ്റ്റർ ചെയ്യാറ്. എന്നാൽ കളത്തിൽ ജഴ്സിയണിയുന്നത് ഇതര ജില്ലയിൽ നിന്നു തൊട്ട് വിദേശ രാജ്യങ്ങളിൽ നിന്നു വരെയുള്ള കളിക്കാരാണ്.
പഴയ മലബാറിൽ തറവാടുകളും, ദേശങ്ങളും തമ്മിലുള്ള തർക്കങ്ങൾ തീർക്കാൻ പേരുകേട്ട ചേകവൻമാരെ വിലക്കെടുത്ത് അങ്കം കുറിക്കാറുള്ള രീതിയുടെ മൃദു ഭാവത്തിലുള്ള പുതിയകാല പകർപ്പായി വേണമെങ്കിൽ ഇതിനെ കാണാം. 40 മിനുട്ട് നീളുന്ന ഒരു ദിവസത്തെ കളിക്ക് 5000- 50,000 രൂപ വരെ പ്രതിഫലം വാങ്ങുന്ന കളിക്കാരുണ്ട്. രണ്ടാം റൗണ്ട് മുതൽ ടീമുകൾക്ക് പതിനായിരം രൂപതൊട്ടുള്ള തുക സംഘാടകർ ഓരോ കളിക്കും നിശ്ചയിച്ച് നൽകാറുണ്ട്. ഒന്നാം റൗണ്ടിൽ പുറത്തായി ‘അഭിമാനക്ഷതം’ നേരിട്ട ചില ടീമുകൾ, രണ്ടാം റൗണ്ടിൽ പ്രവേശിച്ച ടീമുകളെ മോഹവില കൊടുത്ത് വാങ്ങുന്ന രീതികളും സ്ഥിരമായി കാണാം.
ഓരോ ടീമിന്റെയും സ്പോൺസർമാർ അതത് പ്രദേശത്തുള്ള പ്രവാസി കൂട്ടായ്മകളാണ്. സെമിയും ഫൈനലും കാണാനായി മാത്രം നാട്ടിലേക്ക് പറക്കുന്ന ഗൾഫുകാർ നിരവധിയാണ്. ലക്ഷങ്ങളുടെ ലാഭമാണ് ഓരോ ടൂർണമെന്റുകളും അവശേഷിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയുള്ള തങ്ങളുടെ ലക്ഷ്യങ്ങൾ സംഘാടകർ മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ട്. ഡയാലിസിസ് സെന്റർ - പാലിയേറ്റീവ് പ്രവർത്തന പങ്കാളിത്തവും, രോഗ സഹായങ്ങളും, വീട്, സ്കൂൾ- വായനശാല കെട്ടിട നിർമാണങ്ങളുമൊക്കെ അവയിൽ പെടും. ജാതിയുടെയും മതത്തിന്റെയും എല്ലാ വേലിക്കെട്ടുകളും തകർത്ത്, സ്വയം മറന്ന് ഒരുമിച്ചിരുന്ന് കളികണ്ട്, പൊറാട്ടയും അയില മുളകിട്ടതും കഴിച്ച് കളി വിശകലനം ചെയ്ത് ഒരു നാട് വീടണയുകയാണ്. മലപ്പുറം അതിന്റെ ആരോഗ്യവും സൗഹാർദ്ദവും നിലനിർത്തുന്നതിന് വേറെ കൂടുതൽ കാരണങ്ങൾ തിരയേണ്ടതില്ല