Premier League 2026: സിറ്റിയുടെ കുതിപ്പിൽ ആഴ്സണലിന് നെഞ്ചിടിപ്പ്, കിരീട സാധ്യത എങ്ങനെ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിക്കെതിരെ ഗംഭീരവിജയം നേടിയതോടെ പോയൻറ് പട്ടികയിൽ ഒന്നാമതുള്ള ആഴ്സണൽ ഞെട്ടലിൽ.

News Desk

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണലിൻെറ നെഞ്ചിടിപ്പേറ്റിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ചെൽസിക്കെതിരായ വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പെപ്പ് ഗ്വാർഡിയോളയുടെ സിറ്റി ചെൽസിയെ തകർത്തത്. ആദ്യപകുതി വരെ സമനിലയിൽ തുടർന്ന മത്സരത്തിൻെറ രണ്ടാം പകുതിയിൽ നിക്കോ ഒ റെയ്ലി, മാർക്ക് ഗുവേഹി, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. പോയൻറ് പട്ടികയിൽ 32 മത്സരങ്ങളിൽ നിന്ന് 70 പോയൻറുമായി ഒന്നാം സ്ഥാനത്താണ് ആഴ്സണൽ. സിറ്റിയുടെ വിജയത്തോടെ ഇരുടീമുകളും തമ്മിലുള്ള അന്തരം വെറും ആറ് പോയൻറ് മാത്രമാണ്. ആഴ്സണലിനേക്കാൾ ഒരു പോയൻറ് മാത്രം കുറവുള്ള സിറ്റിക്ക് 64 പോയൻറാണുള്ളത്. അവസാന മത്സരത്തിൽ സിറ്റി ജയിച്ച് കയറിയപ്പോൾ ആഴ്സണലിന് ഹോം ഗ്രൌണ്ടിൽ ബോൺമൌത്തിനോട് തോൽവി വഴങ്ങേണ്ടി വന്നിരിക്കുകയാണ്.

ലീഗിൽ ഇനി സിറ്റിക്ക് 7 മത്സരങ്ങളും ആഴ്സണലിന് 6 മത്സരങ്ങളുമാണ് ബാക്കിയുള്ളത്. ഇരുടീമുകളുടെയും വരും മത്സരങ്ങളിലെ ഫലമാവും ഇനി ജേതാക്കളെ നിർണയിക്കുക. 2025-ൽ 84 പോയൻറുമായി ലിവർപൂളാണ് കിരീടം നേടിയിരുന്നത്. 74 പോയൻറ് നേടി ആഴ്സണൽ രണ്ടാമതും 71 പോയൻറുമായി സിറ്റി മൂന്നാമതുമായിരുന്നു. ഇത്തവണ ഇനി കിരീടത്തിന് സിറ്റി - ആഴ്സണൽ പോരാട്ടമാണ്. നിലവിൽ മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് (55), ആസ്റ്റൺ വില്ല (55), ലിവർപൂൾ (52) എന്നീ ടീമുകൾക്ക് ഇനി കിരീടപ്പോരാട്ടത്തിൽ വലിയ റോളില്ല. ചെൽസിക്കെതിരെ ജയം നേടിയെങ്കിലും സിറ്റി ആഴ്സണലിനെ മറികടന്ന് കിരീടത്തിലേക്ക് കുതിക്കുമെന്ന് പറയാറായിട്ടില്ല. ഇരുടീമുകളുടെയും ഇനിയുള്ള മത്സരങ്ങളിലെ ജയപരാജയങ്ങളാണ് നിർണായകം. സിറ്റിയും ആഴ്സണലും തമ്മിൽ ഏപ്രിൽ 19-ന് നടക്കുന്ന മത്സരം കിരീടപ്പോരാട്ടത്തിൻെറ ഗതി തീരുമാനിക്കും.

Comments