ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ യുഹാൻ ക്രൈഫിൻ്റെ ശിഷ്യനും ശൈലീ പിന്തുടർച്ചക്കാരനുമായ പെപ്പ് ഗാർഡിയോളയുടെ ഫുട്ബോൾ ചരിത്രം മഹത്തരമാണ്. ഇന്ന് സജീവമായി രംഗത്തുള്ള ഇതിഹാസ പരിശീലകനായ ഗാർഡിയോളയുടെ സമീപകാല ചരിത്രം നോക്കൂ. 12 ലീഗ് ടൈറ്റിലുകൾ. ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും ഉജ്വലമായ വിജയ ചരിത്രം കുറിച്ച ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായി മൂന്നു തവണ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തു സിറ്റിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതും ഗാർഡിയോള. ഷാവി ഹെർണാണ്ടസിനെയും ലയണൽ മെസിയെയും രൂപപ്പെടുത്തിയതിൽ മുഖ്യ പങ്കുവഹിച്ച പരിശീലകൻ. എന്നാൽ ഈ സീസണിൽ ഗാർഡിയോളയുടെ ടീമായ മാഞ്ചസ്റ്റർ സിറ്റി തോൽവിയോടു തോൽവിയാണ്. ഗാർഡിയോളയുടെ തലക്കു വേണ്ടിയുള്ള മുറവിളി രൂക്ഷമാണിപ്പോൾ. ഗാർഡിയോളയുടെ കോച്ച് ജീവിതം കഴിഞ്ഞതായി മാധ്യമ പ്രവചനങ്ങളും ശക്തം. എന്തായിരിക്കും ഈ ഇതിഹാസകോച്ചിൻ്റെ ഭാവി? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.