ചെളി പുരളാത്ത പന്ത്

ആഴത്തിലുള്ള ബോധ്യങ്ങളോ ജീവിതാദർശങ്ങളോ അല്ല, തന്റെ സാമാന്യ ബുദ്ധിക്ക് അനീതിയെന്ന് തോന്നുന്നതിനോടുള്ള ക്ഷിപ്രകലഹമായിരുന്നു മറഡോണയുടെ രാഷ്ട്രീയം. സ്വജീവിതാനുഭവങ്ങളിൽ നിന്നുരുത്തിരിഞ്ഞ സങ്കീർണമായ ഒരു തരം വർഗ്ഗബോധമാണ് അതിന് ഇടതുപക്ഷ സ്വഭാവം നൽകിയത്. ആ ലോകവീക്ഷണമാണ് പലസ്തീൻ ജനതക്കൊപ്പം നിൽക്കാനും ഗസ്സയേയും ഇറാഖിനേയും ആക്രമിക്കുന്ന അമേരിക്കയുടെ നായകനെ ചോരകുടിയനെന്ന് വിളിക്കാനുമുള്ള നെഞ്ചൂക്ക് മറഡോണക്ക് നൽകിയത്. മറഡോണയുടെ വിയോഗത്തിന് ഒരാണ്ട് - മാധ്യമ പ്രവർത്തകൻ രാജീവ് രാമചന്ദ്രൻ എഴുതുന്നു.

ഫൂട്ബോളാണ് ലോകത്തേറ്റവും മനോഹരവും ആരോഗ്യകരവുമായ കളി എന്നതിലാർക്കും ഒരു സംശയവുമുണ്ടാവില്ല. ഏതെങ്കിലുമൊരു മനുഷ്യൻ ഒരു തെറ്റു ചെയ്താൽ ഫുട്ബോൾ എന്തു പിഴച്ചു? എനിക്കു തെറ്റു പറ്റി, അതിനുള്ള ശിക്ഷയും ഞാനനനുഭവിച്ചു. പക്ഷെ ഒന്നുറപ്പിച്ചു പറയാം ഈ പന്തിൽ ചെളി പുരണ്ടിട്ടില്ല. - ദ്യേഗോ അർമാൻഡോ മറഡോണ

"ചിലപ്പോൾ തോന്നും എന്റെ ജീവിതം മുഴുവൻ സിനിമയായിട്ടുണ്ടെന്ന്, അല്ലെങ്കിൽ പുസ്തകമായിട്ടുണ്ടെന്ന് - പക്ഷെ ഇല്ല, ഇനിയും എന്റെയുള്ളിൽ മാത്രമുള്ള ചില സംഗതികളുണ്ട്, മറ്റാർക്കുമറിയാത്ത കാര്യങ്ങൾ; ഒരു സിനിമയിലും പുസ്തകത്തിലും വരാത്തവ. അതാണിവിടെ പറയാൻ പോകുന്നത്'. മറഡോണ തന്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

രണ്ടായിരാമാണ്ടിലാണ് "എൽ ദ്യേഗോ' പുറത്തിറങ്ങുന്നത്. വീണ്ടും ആറ് വർഷം കഴിഞ്ഞാണ് എമിർ കുസ്തൂറിക്ക ആ സിനിമ എടുക്കുന്നത് - മറഡോണ ബൈ കുസ്തൂറിക്ക, കുസ്തൂറിക്കയുടെ മറഡോണ. 2020 ൽ അറുപതാം വയസ്സിൽ വിട പറഞ്ഞ മറഡോണയുടെ ജീവിതം ഏറ്റവും സത്യസന്ധമായി അടയാളപ്പെടുത്തിയിട്ടുള്ളത് ഈ രണ്ട് സൃഷ്ടികളാണെന്ന് സംശയമില്ലാതെ പറയാം. ദാനിയേൽ അർക്കൂചിയുടേയും ഏണെസ്റ്റോ ചെർക്വീസ് ബിയാലോയുടേയും സഹായത്തോടെ എഴുതിയ ആത്മകഥയും മറഡോണയുടെ ജീവിതം പോലെത്തന്നെ ശബ്ദാഢംബരവും വർണ്ണഘോഷവും നിറഞ്ഞ കുസ്തൂറിക്ക സിനിമയും.

ആത്മകഥയിൽ നഗ്നനായി കാമറക്കു പോസ് ചെയ്യുന്ന മറഡോണയുണ്ട്- ചൈനയിലേക്ക് പോകും വഴി ആംസ്റ്റർഡാമിലെ ഏതോ ഹോട്ടലിലെ ബാത്ടബ്ബിൽ നിന്നെടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. എനിക്കൊന്നും ഒളിക്കാനില്ല, ഞാനെങ്ങനെയാണോ അങ്ങനെ ലോകമെന്നെ കണ്ടുകൊള്ളട്ടെ, ഈ ലോകത്തെ നേർക്കുനേർ നേരിടാൻ എനിക്കൊരു പ്രയാസവുമില്ല, എന്ന് മറഡോണ തന്നെ അടിക്കുറിപ്പ് നൽകിയിട്ടുള്ള ചിത്രം. അതെ, അതായിരുന്നു മറഡോണ. ഗോഡ് ആസ് എ ഷോമാൻ എന്ന് സിനിമയിൽ ഒരു ഖണ്ഡത്തിൽ കുസ്തൂറിക്ക പറയുന്നതും ആ നഗ്നമനുഷ്യനെ പറ്റിയാണ്.

മൈതാനത്തെ മറഡോണയുടെ ആദ്യ ചിത്രം തന്നെ ഒരു ഷോമാന്റേതാണ്. പത്താം വയസ്സിൽ അർജെന്റീനോസിന്റെ കളിയിടവേളകളിൽ മൈതാനത്ത് പന്ത് നിലം തൊടാതെ നിർത്തുന്ന ജഗ്‌ളറായി കുഞ്ഞു ദ്യേഗോ. അന്നതിന് ഫ്രീസ്റ്റൈൽ ഫൂട്‌ബോളെന്ന നിലയിലുള്ള ലോകപ്രശസ്തിയൊന്നുമില്ലായിരുന്നു. പക്ഷെ ഇടവേളയിൽ പന്തുകൊണ്ട് അമ്മാനമാടിയിരുന്ന പയ്യനുവേണ്ടി രണ്ടാം പകുതി ഇത്തിരി കഴിഞ്ഞ് തുടങ്ങിയാൽ മതിയെന്ന് ഗ്യാലറികൾ ആർത്തുവിളിച്ച കഥ മറഡോണ തന്നെ പറയുന്നുണ്ട്. "1970 ൽ വെലെസ് സ്റ്റേഡിയത്തിൽ ബോക്കയും അർജെന്റീനോസും തമ്മിലുള്ള കളി. ഇടവേള തുടങ്ങിയപ്പോൾ പതിവു പോലെ ഞങ്ങൾ കുട്ടികൾ പന്ത് തട്ടിക്കളിക്കാൻ തുടങ്ങി. വേറൊരു ദിവസവും ശരിക്കുമുള്ള ഒരു ഫൂട്ബോൾ ഞങ്ങൾക്ക് കളിക്കാൻ കിട്ടാറില്ലായിരുന്നു. അങ്ങനെ തട്ടുന്നതിനിടെ ഞാനടിച്ച പന്ത് മൈതാനത്തിന്റെ അങ്ങേയറ്റത്തേക്കു പോയി. ആളുകൾ എന്നെ ശ്രദ്ധിക്കുന്നുവെന്ന് കണ്ടതോടെ ഞാൻ പന്തുകൊണ്ട് ചെറുതായി അമ്മാനമാടാൻ തുടങ്ങി. ഇടതുകാലിൽ നിന്ന് തലയും തോളും വഴി വലതുകാലിലേക്ക് - പന്തിനെ നിലം തൊടുവിക്കാതെ ഞാൻ തക്-തക്-തക് -തക് എന്ന് തട്ടിക്കൊണ്ടേയിരുന്നു. കാണികൾ താളത്തിൽ കൈയ്യടിക്കാൻ തുടങ്ങി. കളിക്കാരും റഫറിയും കളത്തിലെത്തിയിട്ടും ഞാനും കാണികളും നിറുത്തിയില്ല. കൈയ്യടി പതുക്കെ ആരവമായി മാറാൻ തുടങ്ങി. ക്വീ-സേ- ക്വീ- ദേ, ക്വീ-സേ- ക്വീ- ദേ (അവൻ കളിക്കട്ടെ, അവൻ കളിക്കട്ടെ) ആയിരക്കണക്കിനു വരുന്ന കാണികൾ ഒരേ ശബ്ദത്തിൽ ആർപ്പുവിളിച്ചു. അർജെന്റീനോസ് ആരാധകർ മാത്രമല്ല, ബോക്കാ ആരാധകരും എനിക്കായി ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. ഒരു നാൾ ഞാൻ നിങ്ങളുടെ കളിക്കാരനാവും, അന്ന് തന്നെ ഞാൻ മനസ്സിൽ കുറിച്ചു' - എൽ ദ്യേഗോയിൽ മറഡോണ പറയുന്നു. മൈതാനത്തെ വിദ്യകളുമായി കുഞ്ഞു മറഡോണ അക്കാലത്ത് ടെലിവിഷനിലെ വിനോദപരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

എമിർ കുസ്തൂറിക്ക

സ്റ്റുഡിയോവിൽ കാലുകൊണ്ട് ഓറഞ്ചും കുപ്പിയുമെല്ലാം അമ്മാനമാടി ദ്യേഗോ കാണികളെ കയ്യിലെടുത്തിരുന്നു. തൊട്ടടുത്ത വർഷം 1971 സപ്തംബർ 28 നാണ് മറഡോണയെ കുറിച്ചുള്ള ആദ്യത്തെ പത്രവാർത്ത പ്രസിദ്ധീകരിക്കുന്നതെന്ന് ജോനതൻ വിൽസൻ പറയുന്നു. ക്ലാരിനിലെ ഫീച്ചറിൽ പക്ഷെ മറഡോണയെന്നതിന് പകരം കറഡോണ എന്നാണ് അച്ചടിച്ചത്. (Angels with dirty faces). മൈതാനം കയ്യിലെടുത്ത ആ പത്തു വയസ്സുകാരൻ അപൂർവമായ പന്തടക്കവും പന്താട്ടസിദ്ധിയുമാണ് പ്രകടിപ്പിക്കുന്നതന്ന് വിലയിരുത്തിയ റിപ്പോർട്ട് ദ്യേഗോയിൽ പീബേയെ കാണാനും മറന്നില്ല. "പാകത്തിലും വലിയ കുപ്പായമിട്ട അവന്റെ മുടി കണ്ണിലേക്ക് വീണ് കാഴ്ചതന്നെ മറക്കുന്നുണ്ടെന്ന് തോന്നും. എങ്കിലും ഏത് പന്തിനേയും ഒറ്റ സ്പർശത്താൽ നിർത്താനും അടുത്ത നിമിഷം നിലത്തു നിന്ന് പൊക്കിയെടുക്കാനും അവനൊരു ചെറിയ പാദചലനം തന്നെ ധാരാളമാണ്. ഇവനിപ്പോഴൊന്നും ജനിക്കേണ്ടവനല്ല, അവനിൽ പ്രകടമായിട്ടുള്ളത് അർജന്റീനയുടെ തനത് ഫൂട്ബോളിന്റെ മിന്നലാട്ടങ്ങളാണ്. ഇവനിലൂടെ അർജന്റൈൻ ഫൂട്ബോൾ അനശ്വരമാകുമെന്നുറപ്പാണ്' റിപ്പോർട്ടർ വാചാലനായി.

ബോൾ ജഗ്ലിംഗ് അഥവാ ഇന്നത്തെ ഫ്രീസ്റ്റൈൽ ഫൂട്ബോൾ കുട്ടിക്കളിയല്ല. കാലുകളുടെ സമതുലനത്തിനൊപ്പം പന്തിനു മേലുള്ള സമ്പൂർണ്ണനിയന്ത്രണം കൂടിയാണ് അതിലൂടെ കൈവരുന്നത്. പന്തും താനും തമ്മിലുള്ള അസാധാരണ വിനിമയം ചെറുപ്രായത്തിലേ മറഡോണ സാധ്യമാക്കിയത് ഇതുവഴിയാവണം. പന്തടക്കത്തിനും (Ball controll) പന്താട്ടത്തിനും (Dribbling) മായാനീക്കങ്ങൾക്കും (Feint) പ്രസിദ്ധരായ എല്ലാ കളിക്കാരിലും അതിവിദഗ്ദ്ധനായ ഒരു അമ്മാനമാട്ടക്കാരനെ (Juggler) കാണാം. മറഡോണയിൽ നിന്ന് മുന്നോട്ടു നോക്കിയാൽ റൊണാൾഡീഞ്ഞോയേയും നെയ്മറേയും മെസ്സിയേയുമാണ് സ്വാഭാവിക പന്താട്ടക്കാരായി കാണാനാവുക. ആർജ്ജിത സിദ്ധിയിൽ അഗ്രഗണ്യരായി ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഇബ്രാഹിമോവിച്ചിനേയും. ചെറുപ്രായത്തിൽ തന്നെ സ്വായത്തമായിരുന്ന അസാധാരണമായ പന്തടക്കമാണ് മറഡോണ എന്ന കളിക്കാരനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ഉയരക്കുറവിന്റേയും താഴ്ന്ന ഗുരുത്വകേന്ദ്രത്തിന്റേയും ആനുകൂല്യത്തിലുമുപരി മുന്നോട്ടു തള്ളിയ നെഞ്ചിൻകൂട് നൽകുന്ന ആക്രമണോത്സുകമായ ശരീരഘടനയാണ് മറഡോണയുടെ കേളീ ശൈലി നിർണ്ണയിച്ചിട്ടുള്ളതെന്നാണ് ഈ ലേഖകന് തോന്നിയിട്ടുള്ളത്. ലിയൊണെൽ മെസ്സിയേയും മറഡോണയേയും വേർതിരിക്കുന്ന പ്രധാന സവിശേഷതയും ഇതാണ്. മറഡോണ ഏത് നിമിഷവും മുന്നോട്ടു കുതിക്കാനാഞ്ഞു നിൽക്കുന്ന ഒരു മനുഷ്യനാണ്. അതു കൊണ്ടു തന്നെ മറഡോണയുടെ ഓട്ടങ്ങളിലെല്ലാം പന്ത് വേട്ടനായയെ പോലെ അയാൾക്കു മുന്നിലുണ്ടാകും. പന്തും താനും തമ്മിലുള്ള അകലം കുറച്ചെടുക്കാനുള്ള കാലുകളുടെ അടങ്ങാത്ത ത്വരയാണ് മറഡോണയുടെ കളിയുടെ കാതൽ. അതാണ് അയാളെ അത്യന്തം അപകടകാരിയായ കളിക്കാരനാക്കുന്നത്. മെസ്സിയാവട്ടെ പന്തിനെ എപ്പോഴും പരമാവധി തന്നോടു ചേർത്തു വക്കുകയാണ് ചെയ്യുന്നത്. പിതാവ് പുത്രനെയെന്ന പോലെ പന്തിനെ ഓമനിക്കുന്ന നീക്കങ്ങളാണ് മെസ്സിയുടേത്.

ഉയരക്കുറവിന്റേയും താഴ്ന്ന ഗുരുത്വകേന്ദ്രത്തിന്റേയും ആനുകൂല്യത്തിലുമുപരി മുന്നോട്ടു തള്ളിയ നെഞ്ചിൻകൂട് നൽകുന്ന ആക്രമണോത്സുകമായ ശരീരഘടനയാണ് മറഡോണയുടെ കേളീ ശൈലി നിർണ്ണയിച്ചിട്ടുള്ളത്.

ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയേഴിൽ മാധ്യമപ്രവർത്തകനായ ബൊറോകോത്തോ അർജന്റൈൻ ഫൂട്ബോൾ മിത്തുകളിലെ പീബെയെ വാക്കുകൾ കൊണ്ടു വരച്ചിടുമ്പോൾ മൂപ്പത്തിമൂന്നുവർഷത്തിനകം അവൻ പീബെ ദ് ഓറോ ആയി പിറവിയെടുക്കുമെന്ന് അദ്ദേഹം ആലോചിച്ചിരിക്കില്ല. മറഡോണ കളിക്കളത്തിലിറങ്ങും മുമ്പ് തന്നെ ബൊറോകോത്തോ വിടവാങ്ങുകയും ചെയ്തു. ക്രിയോഷോ ഫൂ്ബോളിന്റെ പതാകവാഹകരാകേണ്ട പീബെകളെ കുറിച്ചുള്ള നിറമുള്ള കഥകളും സങ്കൽപങ്ങളും ആവശ്യത്തിലേറെ പ്രചാരം നേടിയിരുന്നതിനാലാവണം വിയാ ഫിയോറിത്തയിലെ പോത്രേറോകളിൽ ദ്യേഗോ എന്ന പയ്യൻ പന്തുതട്ടിത്തുടങ്ങിയപ്പോൾ തന്നെ അവനെ ശ്രദ്ധിക്കാനാളുണ്ടായത്. പത്താം വയസ്സിൽ കളിയിടവേളയിൽ പന്തുകൊണ്ട് അമ്മാനമാടിയിരുന്ന കാലത്ത് ലഭിച്ചുതുടങ്ങിയ ജനശ്രദ്ധ അറുപതാം വയസ്സിലെ അന്ത്യയാത്രവരെ ദ്യേഗോയോടൊപ്പമുണ്ടായിരുന്നു. ഒരു പക്ഷെ കളിച്ചിരുന്ന കാലത്തും അതിനു ശേഷവും ഒരു പോലെ ജനം സാകൂതം നോക്കിയിരുന്ന ഫൂട്ബോളർമാർ വേറെയുണ്ടാവില്ലെന്ന് പറയാം. മുൻഗാമികൾക്കും ഇതുവരെയുള്ള പിൻഗാമികൾക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. എൺപതുകളുടെ തുടക്കത്തിൽ ലോക ഫൂട്‌ബോളിൽ മറഡോണ തന്റെ സാന്നിധ്യം ഉറപ്പിച്ച കാലത്ത് തുടങ്ങിയതാണ് പെലെയുമായുള്ള താരതമ്യം. ലോകമെമ്പാടുമുള്ള ഫൂട്‌ബോൾ ആരാധകർ ഇക്കാര്യത്തിൽ അന്നുമുതൽ തന്നെ രണ്ടു തട്ടിലുമാണ്. കഴിഞ്ഞ നൂറ്റാണ്ടിനൊടുവിൽ ഫിഫ നടത്തിയ വോട്ടെടുപ്പിന്റെ ഫലം ഇതിന് തെളിവാണ്. നൂറ്റാണ്ടിന്റെ താരമായി രണ്ടുപേരേയും സംയുക്തമായി തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിതി വിവരക്കണക്കുകളിലും സ്ഥിരതയിലും അതിലെല്ലാമുപരി കളത്തിനു പുറത്തെ പെരുമാറ്റമാന്യതയിലുമാണ് പെലെ മറഡോണയെ മറികടന്നതെന്ന് എളുപ്പത്തിൽ വായിച്ചെടുക്കാം. മൂന്ന് ലോകകപ്പ്, ആയിരത്തിയിരുന്നൂറിലധികം ഗോളുകൾ (ഇതിൽ 526 എണ്ണം അനൗദ്യോഗിക- സൗഹൃദ മത്സരങ്ങളിലാണ് എന്നൊരു വാദവുമുണ്ട്), ലോകകപ്പിലെ 14 കളികളിൽ 12 ഗോളുകൾ. 105 മിനിറ്റിന് ഒരു ഗോൾ എന്ന കണക്കിലാണ് പെലെ സ്‌കോർ ചെയ്തിട്ടുള്ളത്. മറഡോണയാവട്ടെ ഒരു ഗോളടിക്കാൻ 242 മിനിറ്റാണ് കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഗണിതത്തിൽ തെളിയുക പെലെയുടെ പേരാവും എന്നതിൽ തർക്കമില്ല. കളിയുടെ സൗന്ദര്യം കണക്കുപുസ്തകങ്ങളിലല്ലെന്ന് കരുതിയാലും, കളിക്കളത്തിനു പുറത്തെ പെലെക്കു മുന്നിലാണ് മറഡോണക്ക് ഒരു പക്ഷെ ജനസ്സമ്മിതി കുറയുന്നത്. പൊതുബോധത്തെ അക്ഷരാർത്ഥത്തിൽ തൃപ്തിപ്പെടുത്തും വിധം ഒരിടത്തുനിന്നും ദുഷ്‌പേര് കേൾപ്പിക്കാതിരിക്കുക എന്നതിൽ ബദ്ധശ്രദ്ധമായിരുന്നു പെലെയുടെ മൈതാനബാഹ്യജീവിതം. എവിടേയും കലഹിക്കാത്ത പെലെ അതുകൊണ്ടു തന്നെ ജീവിതത്തിലൊരിക്കലും ഒരു രാഷ്ട്രീയ ഇടപെടലും നടത്തിയിട്ടില്ലെന്നും കാണാം. നാടാകെ എതിർത്ത അറുപതുകളിലെ ബ്രസീലിയൻ പട്ടാളഭരണത്തെ ഒരു വാക്കു കൊണ്ടു പോലും ചോദ്യം ചെയ്തിട്ടില്ലായിരുന്നു പെലെ. വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിനതിൽ കുറ്റബോധമേതുമില്ലെന്ന് ഡേവിഡ് ട്രൈഹോണിന്റെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിൽ നിന്ന് (2021) വ്യക്തമാകുന്നുണ്ട്. താൻ രാഷ്ട്രീയക്കാരനായിരുന്നില്ലെന്ന് ഒഴിഞ്ഞുമാറുക മാത്രല്ല, അന്നത്തെ മർദ്ദക ഭരണകൂടം തന്റെ ജീവിതത്തെ ബാധിച്ചിരുന്നില്ലെന്ന് നിർമമനായി പറയുകകൂടി ചെയ്യുന്നതിലൂടെ ഒരു പിന്തിരിപ്പൻ അരാഷ്ട്രീയവാദിയായി സ്വയം വെളിപ്പെടുക കൂടി ചെയ്യുന്നുണ്ട് ഈ ചിത്രത്തിൽ പെലെ. മറഡോണയും പെലെയും തമ്മിലുള്ള ഏറ്റവും വലിയ വൈരുദ്ധ്യവും മറ്റൊന്നല്ല. തന്റെ ചെറുപ്പത്തിലെ അർജന്റൈൻ പട്ടാള ഭരണകൂടത്തോട് കലഹിച്ച ചരിത്രം മറഡോണക്കും അവകാശപ്പെടാനില്ല. പക്ഷെ പിൽക്കാലത്ത് അക്കാലത്തെ രാഷ്ട്രീയമായി ന്യായീകരിച്ചില്ലെന്നതാണ് മറഡോണയെ പെലെയിൽ നിന്ന് വ്യത്യസ്തനാക്കിയത്. കൺമുന്നിൽ കാണുന്ന പ്രത്യക്ഷ അനീതികളോട് ഉച്ചത്തിൽ കലഹിച്ചാണ് കളം വിട്ട ശേഷം മറഡോണ നിലനിന്നത്. എതിർപക്ഷത്ത് മാർപ്പാപ്പയായാലും അമേരിക്കൻ പ്രസിഡന്റായാലും അക്ഷരം തെറ്റാത്ത തെറിയായിരുന്നു മറഡോണയുടെ മറുപടി.

മൈതാനത്തെ പച്ചപ്പുൽ ചതുരത്തിൽ മറഡോണയ്ക്കു തുല്യനല്ല പെലെ എന്നാണ് ഇതെഴുതുന്നയാളുടെ വിലയിരുത്തൽ. രണ്ടും പേരും കളിച്ച കാലഘട്ടങ്ങളും കളിയുടെ ഘടനാപരമായ മാറ്റവുമെല്ലാം കണക്കിലെടുത്താൽ മറഡോണ ഒരടി മുന്നിൽ നിൽക്കും. കൂടുതൽ തവണ ലോകകപ്പുയർത്തിയത് പെലെയാണ്, പക്ഷെ മറഡോണയുടെ ലോകകപ്പ് ഏതാണ്ട് അയാളൊറ്റയ്ക്ക് നേടിയതാണെന്നതാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസം. 1986ൽ മറഡോണ ഏത് ടീമിൽ കളിച്ചിരുന്നെങ്കിലും ആ ടീമായിരുന്നേനെ ചാംപ്യൻമാരെന്ന് പറയുന്നവരുണ്ട്. മൂന്ന് തവണ ലോകകപ്പുയർത്താൻ പെലെക്കൊപ്പം ഒരു പക്ഷെ അദ്ദേഹത്തോളം പ്രതിഭയുള്ള നിരവധി പേരുണ്ടായിരുന്നു ബ്രസീലിയൻ ടീമിൽ. വവ, ദിദി, ഗാരിഞ്ച എന്നിവരിൽ തുടങ്ങി ഹൈർസിഞ്യോ, തോസ്താവോ, ജെർസൻ, സീറ്റോ, ബെല്ലിനി എന്നിങ്ങനെ പ്രതിഭാശാലികളുടെ ഒരു നിര തന്നെയായിരുന്നു അന്നത്തെ ബ്രസീലിയൻ ടീം. എന്നാൽ 1962 ലെ ലോകകപ്പിലാണ് ചാംപ്യൻ ടീമിന്റെ സ്വഭാവവും ഘടനയും മാറിയത്. ആദ്യഘട്ടത്തിൽ തന്നെ പരുക്കേറ്റ പെലെ തുടർന്നുള്ള എല്ലാ കളികളിലും പുറത്തിരിക്കുകയായിരുന്നു. പെലെ ഇല്ലാതെ കളത്തിലിങ്ങുന്നതിനെ കുറിച്ച് ഒരുവിധ മുന്നാലോചനകളുമില്ലായിരുന്നതിനാൽ ടീമിന്റെ സന്തുലനം തന്നെ താറുമാറാകുമായിരുന്ന ആ സമയത്ത് ഗാരിഞ്ചയുടെ അവിശ്വസനീയമായ വ്യക്തിഗത പ്രകടനമാണ് ബ്രസീലിനെ തുണച്ചത്. മാനെ ഗാരിഞ്ച എന്ന വിംഗറുടെ ഒറ്റയാൾ മികവിലാണ് അത്തവണ ബ്രസീൽ ചാംപ്യൻമാരായത്. ഏതാണ്ട് ഇതിന്റെ തനിയാവർത്തനമെന്ന നിലയിലാണ് എൺപത്തിയാറിൽ മറഡോണയുടെ ചുമലിലേറി അർജന്റീന വിജയികളാവുന്നത്. പകരക്കാരനായിരുന്നില്ല മറഡോണ, അവരുടെ നായകൻ തന്നെയായിരുന്നു എന്നത് മാറ്റി നിർത്തിയാൽ. ഇരുപത്തിനാല് വർഷങ്ങളുടെ ഇടവേളയിൽ നടന്ന ഈ രണ്ട് ടൂർണമെന്റുകളും നോക്കിയാൽ ഒരു പക്ഷെ പെലെയേക്കാളും ദ്യേഗോ മറഡോണയുമായുള്ള താരതമ്യം അർഹിക്കുന്ന മനുഷ്യൻ മാനെ ഗാരിഞ്ച എന്ന മാന്യുഅൽ ഫ്രാൻചെസ്‌കോ ദോ സാന്റോയാണ് എന്ന് വ്യക്തമാവും. കളിക്കളത്തിലെ നീക്കങ്ങളെടുത്താലും കളത്തിനുപുറത്തെ ജീവിതാഘോഷങ്ങളെടുത്താലും.

അറുപതുകളിലെ ഫൂട്ബോളിൽ ഇന്നത്തെ പോലെ പൊസഷൻ റേറ്റോ, പാസ്സ് ആക്യുറസിയോ രേഖപ്പെടുത്താനുള്ള സാങ്കേതിക സൗകര്യങ്ങളുണ്ടായിരുന്നില്ല. പക്ഷെ കളിയുടെ ദൃക്‌സാക്ഷിവിവരണം സൂക്ഷ്മമായി പിന്തുടർന്നാൽ കണക്കുകൾക്കപ്പുറം അതെല്ലാം നമുക്കു മുന്നിൽ തെളിഞ്ഞു വരും. 1962 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട്- ബ്രസീൽ മത്സരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാവുക ആ കളിയിലെ/ കളത്തിലെ ഗാരിഞ്ച എന്ന കളിക്കാരന്റെ സാന്നിധ്യമാണ്, പെലെയുടെ അസാന്നിധ്യം നമ്മളറിയുകയേ ഇല്ല. അത്രമാത്രം ഗാരിഞ്ചയിൽ കേന്ദ്രീകരിച്ചിരുന്നു അന്നത്തെ ബ്രസീലിയൻ ടീം.

ഫിലിമിൽ ഷൂട്ട് ചെയ്ത ആ കളിയുടെ ഇംഗ്ലീഷ് ദൃക്‌സാക്ഷി വിവരണത്തിൽ ബ്രസീലെന്നതിനേക്കാളേറെ പരാമർശിക്കപ്പെട്ടിരിക്കുന്നത് ഗാരിഞ്ചയുടെ പേരാണ് എന്നത് ഒട്ടും അസ്വാഭാവികമായി തോന്നില്ല. ഇനി ആ കളിയുടെ ദൃശ്യങ്ങളെടുക്കുക, ഗാരിഞ്ചയുടെ നീക്കങ്ങളുടെ ഒരു രേഖാ ചിത്രം വരച്ചു നോക്കിയാൽ അതിനു സമാനമായ മറ്റൊന്ന് ലോകകപ്പിൽ കാണണമെങ്കിൽ നമുക്ക് 1986 ലെത്തേണ്ടി വരും. മെക്‌സിക്കോ സിറ്റിയിലെ അസ്‌തെക സ്റ്റേഡിയത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ പ്രതിഷ്ഠിക്കാവുന്ന രണ്ടു ഗോളുകളടിച്ച ദ്യേഗോ അർമാന്റോ മറഡോണയിലാണ് മാന്യുഅൽ ഫ്രാൻചെസ്‌കോ ദോ സാന്റോയുടെ ആ പ്രകടനം പിന്നീട് പ്രത്യക്ഷമാവുന്നത്. 62 ലെ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ ഗാരിഞ്ചയും ഒരു ഹെഡ്ഡറടക്കം രണ്ടു ഗോളടിച്ചിരുന്നു. പ്രതിഭയാലും കൗശലത്താലും മറഡോണ 1986 ലെ ആ മത്സരത്തെ ചിരിത്രത്തിലടയാളപ്പെടുത്തുമ്പോൾ ഗാരിഞ്ച വിടപറഞ്ഞിട്ട് മൂന്ന് വർഷമായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ വായിച്ച പെലെയുടെ ജീവചരിത്രത്തിലാണ് ഞാനാദ്യമായി ഗാരിഞ്ച എന്ന പേര് കേൾക്കുന്നത്. പെലെയുടെ ഈ സഹകളിക്കാരന്റെ ജീവിതം അടുത്തുകണ്ടത് പിന്നീടെത്രയോ വർഷങ്ങൾക്കു ശേഷം ഗാരിഞ്ച- എസ്ത്രേല സോളിതാരിയ (Garinchha- the lonely star) എന്ന സിനിമയിലൂടെയാണ്. 2004 ലോ 2005 ലോ കേരളത്തിന്റെ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിൽ ഡോ. ഇയൻ മക്‌ഡോണൾഡ് ക്യൂറേറ്റ് ചെയ്ത സ്‌പോർട്‌സ് സിനിമകളുടെ പാക്കേജിൽ ഉൾപ്പെട്ടിരുന്നു ആ സിനിമ. കളിയും രതിയും ലഹരിയും ഇഴപിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞോഴുകുന്ന സിനിമയിൽ കണ്ട തൃഷ്ണയുടെ ആൾ രൂപമായ ഗാരിഞ്ച പിന്നീടെനിക്ക് ഫുട്‌ബോളിലെ രതി രൂപകമാണ്. ബോതോഫോഗോയിലെ മൺമൈതാനങ്ങൾ പോലെത്തന്നെയാണ് സിനിമയിൽ അയാളുടെ കാമുകിമാരുടെ ശരീരങ്ങളും കാണികൾക്കു മുന്നിൽ വെളിവാകുന്നത്. അവിടെ അർദ്ധനഗ്നനും പൂർണ്ണനഗ്നനുമായി ഗാരിഞ്ച അയാളുടെ ശരീരം ആഘോഷിച്ചു. തുടക്കത്തിൽ പറഞ്ഞ മറഡോണ ആംസ്റ്റർഡാമിൽ നിന്നെടുത്ത കുളിമുറിച്ചിത്രം പോലൊരെണ്ണം ഗാരിഞ്ചയുടേതായുമുണ്ട് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ഷവറിനു താഴെ നഗ്നശരീരത്തിൽ ചിന്നിത്തെറിക്കുന്ന വെള്ളവുമായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. ഈ ചിത്രം കണ്ട് പ്രചോദിതനായിട്ടാണോ മറഡോണ തന്റെ കുളിമുറിച്ചിത്രം എടുത്തതെന്നും സംശയിക്കാവുന്നതാണ്. കായികവ്യായാമത്താൽ കടഞ്ഞെടുക്കപ്പെട്ട പൗരുഷത്തിനടുത്തൊന്നുമായിരുന്നില്ല, ഗാരിഞ്ചയുടെ ശരീരം. ജന്മനാ വളവുള്ള കാലുകൾ അയാളെ അപൂർണ്ണനോ വിരൂപനോ പോലുമാക്കിയിരുന്നു, എങ്കിലും അയാളിൽ ആസക്തരായ സ്ത്രീകളുടെ എണ്ണം ചെറുതൊന്നുമായിരുന്നില്ലല്ലോ! ഏതു ജീവിതനിമിഷത്തിലും ലഹരിയാൽ നിലം വിട്ടുയർന്ന മനുഷ്യരുടെ ഗണത്തിലായിരുന്നു ഗാരിഞ്ച; മറഡോണയും. കളത്തിലെ കളിലഹരിയെ അതു പോലെ നിലനിർത്താൻ അവർ കണ്ടെത്തിയ മാർഗ്ഗമാവണം രതിയും അനുബന്ധ രസങ്ങളും. മൈതാനത്ത് ഫലവത്താകുന്ന ഓരോ നീക്കങ്ങളും ഒരോ രതിമൂച്ഛകളാണെന്ന എദ്വാർദോ ഗെലെയാനോയുടെ നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിവക്കുന്നതാണ് മറഡോണയുടെ മിക്ക ഗോളുകളുമെന്ന് ശ്രദ്ധിച്ചാൽ കാണാം. റിയോപ്ലാതനീസ് സ്പാനിഷിൽ പന്തിന് പെലോത്ത എന്ന സ്ത്രീലിംഗ പദമാണ് ഉപയോഗിക്കാറുള്ളതെന്നത് ഇവിടെ സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന നിരീക്ഷണമാണ്. സ്‌പെയ്‌നിൽ ബാലോൺ എന്ന പുല്ലിംഗമാണ് പന്ത്. സംഭോഗവേളയിൽ സ്വയം നിയന്ത്രണത്തിന്റെ ഗുരുത്വബലം നഷ്ടപ്പെട്ട്, ഭാരമില്ലാത്ത മനുഷ്യനായി ഇണയുടെ മേൽ വീണുപോകുന്ന പുരുഷനെ കാണാം, പോസ്റ്റിലെത്തുന്ന പന്തിനൊപ്പം ഗോൾ ലൈനിൽ വീഴുന്ന മറഡോണയിൽ. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമുകളിലൂടെ ഗാരിഞ്ചയിലെത്തിയാൽ അവിടേയും കാണാം ഫലമൂർച്ഛയിൽ ഘനരഹിതനായി സ്വയം സമർപ്പണം ചെയ്യുന്ന ആ പൗരുഷം. പെലെയിൽ പക്ഷെ ഇതപൂർവമാണെന്നു മാത്രല്ല, ഗോളിനു ശേഷമുള്ള ചുവടുകളിൽ അയാൾ അതി വിദഗ്ദ്ധമായി ശരീരസംതുലനം തിരിച്ചുപിടിക്കുന്നതായാണ് കാണാനാവുക. ഒരു പക്ഷെ ആത്മനിയന്ത്രണത്തിന്റെ തുലനാവസ്ഥയില്ലാതെ ലോകത്തിനു മുന്നിൽ നിൽക്കാൻ പെലെ ആഗ്രഹിക്കുന്നുണ്ടാവില്ല- അന്നും ഇപ്പോഴും. മദ്യാസക്തിയിൽ മുങ്ങിത്താഴ്ന്ന ഗാരിഞ്ചയുടേയും തനിപ്പകർപ്പായാണ് രണ്ടു പതിറ്റാണ്ടിനുശേഷം മറഡോണയേയും ലോകം കണ്ടത്. ബ്രസീലിയൻ റമ്മായ ചച്ചാക്ക പക്ഷെ കൊളംബിയൻ കൊക്കൈന് വഴിമാറിയിരുന്നു. ഗാരിഞ്ച നാൽപ്പത്തിയൊമ്പതാം വയസ്സിൽ യാത്ര അവസാനിപ്പിച്ചപ്പോൾ മറഡോണ അറുപതു വരെ ആയുസ്സു നീട്ടിയെടുത്തുവെന്ന് മാത്രം.

ഗാരിഞ്ച

വളയമില്ലാതെ ചാടുന്ന നായകന്മാരെ ജനപ്രിയരായ പുണ്യാളന്മാരുടെ(Santos populares) നിരയിലേക്ക് അവരോധിക്കുന്ന സവിശേഷമായ ഒരു സാംസ്‌കാരിക സവിശേഷത അർജന്റൈൻ സമൂഹത്തിനുണ്ടെന്ന് ഗവേഷകായ കാതറീൻ ഏയ്ഡിംഗ്ടൺ നിരീക്ഷിക്കുന്നുണ്ട്. (Mythologisation of Maradona and Messi) . കത്തോലിക്കാ പള്ളിയുടെ അഗീകാരത്തിനൊന്നും കാത്തുനിൽക്കാതെ ജനപ്രിയരെ മതേതരമായി വാഴ്ത്തപ്പെട്ടവരാക്കുന്ന ഈ സമ്പ്രദായം ഏറെക്കുറെ ആചാരബദ്ധം തന്നെയാണെന്നും കാതറീൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ദൈവമെന്നു കൂടി അർത്ഥം വരും വിധം ദ്യേഗോയെ അയാളുടെ പത്താം നമ്പർ ജേഴ്സിയോടു ചേർത്ത് ദിയോസ് (D10S) എന്ന് വിളിക്കുന്നതിനേയും മെസ്സിയുടെ പേരിനെ മിശ്ശിഹായായി വിപുലീകരിക്കുന്നതിനേയും ഇതിന്റെ ഭാഗമായി കാണണം. മതേതരമായ പുതിയ ആരാധനാക്രമം പോലും സൃഷ്ടിച്ച് ആരാധകർ നിർമ്മിച്ച മറഡോണയുടെ പള്ളിയെ (Iglesia Maradoniana) പറ്റി കുസ്തൂറിക്കയുടെ സിനിമയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉദാരവത്കരണാനന്തര ലത്തീനമേരിക്കയിൽ പരമ്പരാഗത ആരാധാനാലയങ്ങളിൽ നിന്നു കൂടി അന്യവത്കരിക്കപ്പെട്ട ജനങ്ങൾ കുറെ കൂടി പ്രാപ്യരും മനസ്സിലാക്കാൻ പറ്റുന്നവരുമായ ദൈവങ്ങളെ തേടിയതിന്റെ ഫലമായിട്ടാണ് മാർത്ത ഹൂലിയ കരോഷിയെ പോലുള്ള ഗവേഷകർ ഈ പ്രതിഭാസത്തെ കാണുന്നത്. ജനങ്ങളുടെ ഈ വാഞ്ഛയെ എളുപ്പത്തിൽ തൃപ്തിപ്പെടുത്തുന്നവരായിരുന്നു ഫൂട്ബോൾ താരങ്ങൾ. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പക്കെതിരെ നടത്തിയ വിമർശനം മറഡോണക്ക് ഒരുകാലത്ത് നൽകിയിരുന്ന പ്രതിഛായ കൂടി ഇതൊന്നിച്ച് വായിക്കണം. "മാർപ്പാപ്പയോട് തർക്കിച്ചുവെന്നത് ശരിതന്നെയാണ്, സ്വർണ്ണനിർമ്മിതമായ മട്ടുപ്പാവുകളുള്ള വത്തിക്കാൻ കൊട്ടാരത്തിലിരുന്ന് മാർപ്പാപ്പ എന്നോട് പട്ടിണി കിടക്കുന്ന കുട്ടികളെ പറ്റിയുള്ള ഉത്കണ്ഠ പങ്കുവച്ചതുകൊണ്ടാണ് എനിക്ക് എതിർക്കേണ്ടി വന്നത്' എന്ന് മറഡോണ പിൽക്കാലത്ത് വിശദീകരിച്ചിട്ടുള്ള ആ കാലുഷ്യം ഫ്രാൻസീസ് മാർപ്പാപ്പയുടെ സ്ഥാനാരോഹണം വരെ നിലനിന്നു. "എല്ലാവരും പറയും എനിക്ക് നാവടക്കിവക്കാനാവില്ലെന്ന്, മാർപാപ്പയോടു പോലും വഴക്കിട്ടവനാണ് ഞാനെന്ന്- ശരിയാണ്. വിയാ ഫിയോറിത്തക്കാരനായതിനാൽ മാത്രം, എനിക്കെന്താ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞു കൂടെന്നുണ്ടോ? ഞാൻ ജനങ്ങളിലൊരുവനാണ്, അവരുടെ പ്രതിനിധി, ശബ്ദമില്ലാത്തവരുടെ ശബ്ദം. എനിക്കു മാത്രമേ സംസാരിക്കാൻ മൈക്കു കിട്ടുന്നുള്ളൂവെന്നതുകൊണ്ട് ഞാനവർക്കുവേണ്ടി സംസാരിക്കുന്നുവെന്ന് മാത്രം. ജീവിതകാലത്തിന്നേ വരെ ആരെങ്കിലും അവർക്ക് സംസാരിക്കാനവസരം കൊടുത്തിട്ടുണ്ടോ? ... എനിക്കീ ലോകത്തെ മാറ്റിമറിക്കാനൊന്നും കഴിയില്ലെന്ന് നന്നായറിയാം. പക്ഷെ ഞാനെന്തു ചെയ്യണം എന്തു ചെയ്യരുതെന്ന് നിശ്ചയിക്കാൻ വേറെ ആരേയും ഞാനനുവദിക്കില്ല, അത് കളിയിലായാലും ജീവിതത്തിലായാലും' എൽ ദ്യേഗോവിൽ വത്തിക്കാൻ സംഭവത്തെ മറഡോണ വിശദീകരിക്കുന്നത് ഹൂലിയ കരോഷി പറയുന്ന അന്യവത്കരിക്കപ്പെട്ട ലത്തീനമേരിക്കൻ ജനതക്കൊപ്പം നിന്നാണ്. ഇക്കാലയളവിൽ പള്ളിക്കു നേരെ ഉയർന്ന ചൂണ്ടുവിരലായാണ് കത്തോലിക്കാ ലോകം മറഡോണയെ കണ്ടിരുന്നത്. ഫ്രാൻസീസ് മാർപ്പാപ്പ സ്ഥാനാരോഹിതനായപ്പോൾ ഇംഗ്ലണ്ടിനെതിരെ താൻ നേടിയ ഗോളിനെ ഓർമ്മിപ്പിച്ചുകൊണ്ട് ഇതാ ഒരിക്കൽ കൂടി ദൈവത്തിന്റെ കൈ അർജെന്റീനക്ക് ഒരു മാർപ്പാപ്പയെ നൽകിയിരിക്കുന്നുവെന്നായിരുന്നു മറഡോണയുടെ പ്രതികരണം. കളിക്കളത്തിലെ കവിയെന്ന് മറഡോണയെ വിശേഷിപ്പിച്ച മാർപ്പാപ്പയാവട്ടെ കളത്തിനുപുറത്ത് മറഡോണ ദുർബലനായിരുന്നുവെന്ന് പിൽക്കാലത്ത് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഫൂട്ബോൾ പോലുള്ള മതേതര വ്യവഹാരത്തിലേക്ക് ക്രൈസ്തവ രൂപകങ്ങൾ കടന്നു വരുന്നതിന് പിന്നിൽ മതവിശ്വാസത്തിലുപരിയായി ആചാരാനുഷ്ഠാനങ്ങളോടുള്ള അഭിവാഞ്ഛയാകാമെന്നാണ് ഏയ്ഡിംഗ്ടൺ നിരീക്ഷിക്കുന്നത്. യുക്തിപരവും ആസൂത്രിതവുമായ ഒരു സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടലായിരുന്നു് ഇതെന്ന് സൂക്ഷ്മവായനയിൽ കാണാമെന്നും ഏയ്ഡിംഗ്ടൺ സമർത്ഥിക്കുന്നുണ്ട്.

തന്റെ ഫൂട്ബോൾ പോലെത്തന്നെ ആക്രമണാത്മകവും പ്രകടനപരവുമായിരുന്നു മറഡോണക്ക് രാഷ്ട്രീയവും. ഈ ഉച്ചഭാഷണങ്ങൾ പക്ഷെ സൂക്ഷ്മമോ സൈദ്ധാന്തികമോ ആയ ബോധ്യങ്ങളിൽ നിന്നുരുത്തിരിഞ്ഞവയായിരുന്നു എന്ന് പറയാനാവില്ല, മറിച്ച് അവ ജനപ്രിയവും അധസ്ഥിതോന്മുഖവുമായ ഹൃദയപക്ഷ നിലപാടുകളായിരുന്നുവെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഈ നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് അദ്ദേഹത്തിന്റെ മരണം വരെ ദക്ഷിണാർദ്ധഗോളത്തിലെ ഇടതുപക്ഷ ഭരണകൂടങ്ങൾക്കൊപ്പം നിന്ന ഓരോ നിമിഷവും നെഞ്ചിലിടിച്ച് ഹൃദയം തുറന്നാണ് മറഡോണ അത് പ്രകടിപ്പിച്ചിരുന്നത്. ചെ ഗുവേരയേയും ഫിദലിനേയും ശരീരത്തിൽ പച്ചകുത്തുന്നതിൽ തുടങ്ങി ഊഗോ ചാവേസിന്റെ തോളോടു തോൾ ചേർന്നു നിന്ന് ജോർജ്ജ് ബുഷ് ഭരണകൂടത്തെ സാത്താൻമാരുടെ സർക്കാരെന്ന് പരസ്യമായി വിളിച്ചുകൂവുന്നതിൽ വരെ നിറഞ്ഞു നിന്നത് മർദ്ദിതരോടുള്ള ഐക്യപ്പെടലാണ്. ചെ ഗുവേരയെ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലനായിക്കൊണ്ടാണ് എൺപതുകളുടെ ഉത്തരാർദ്ധത്തിൽ മറഡോണ രാഷ്ട്രീയം പരസ്യമായി പറഞ്ഞു തുടങ്ങുന്നതു തന്നെ.

ആഴത്തിലുള്ള ബോധ്യങ്ങളോ ജീവിതാദർശങ്ങളോ അല്ല, തന്റെ സാമാന്യ ബുദ്ധിക്ക് അനീതിയെന്ന് തോന്നുന്നതിനോടുള്ള ക്ഷിപ്രകലഹമായിരുന്നു മറഡോണയുടെ രാഷ്ട്രീയം. സ്വജീവിതാനുഭവങ്ങളിൽ നിന്നുരുത്തിരിഞ്ഞ സങ്കീർണമായ ഒരു തരം വർഗ്ഗബോധമാണ് അതിന് ഇടതുപക്ഷ സ്വഭാവം നൽകിയത്. ആ ലോകവീക്ഷണമാണ് പലസ്തീൻ ജനതക്കൊപ്പം നിൽക്കാനും ഗസ്സയേയും ഇറാഖിനേയും ആക്രമിക്കുന്ന അമേരിക്കയുടെ നായകനെ ചോരകുടിയനെന്ന് വിളിക്കാനുമുള്ള നെഞ്ചൂക്ക് മറഡോണക്ക് നൽകിയത്. അതേ സമയം തന്നെ എല്ലാ അധികാര രൂപങ്ങളേയും ചോദ്യം ചെയ്യുക എന്ന സൂക്ഷ്മരാഷ്ട്രീയം സ്വാംശീകരിച്ച് അതിനെ നിലപാടുകളിലേക്ക് പരാവർത്തനം ചെയ്യാനുള്ള ആർജ്ജവം മറഡോണക്ക് ഇല്ലാതെ പോവുകയും ചെയ്തു. ജീവിതത്തിൽ നീതി ബോധം എപ്പോഴാണ് വന്നത് എന്ന കുസ്തൂറിക്കയുടെ ചോദ്യത്തിന് ലോകത്തേയും ജീവിതത്തേയും അടുത്തു കാണാൻ തുടങ്ങിയപ്പോൾ, പിന്നെ ചെഗുവേരയെ വായിച്ചപ്പോൾ എന്നാണ് മറഡോണയുടെ മറുപടി. എൺപത്തിയാറിനു ശേഷം നപ്പോളിയിൽ വച്ചാണ് ചെഗുവാരയെ വായിക്കുന്നതെന്ന് മറഡോണ ആത്മകഥയിൽ പറയുന്നുമുണ്ട്. (ചെ ഗുവാരയെ വീണ്ടെടുത്ത മറഡോണ എന്ന മുൻ ഖണ്ഡത്തിൽ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്) ഫൂട്‌ബോളറായിരുന്നില്ലെങ്കിൽ മറഡോണ ഒരു വിപ്ലവകാരിയായേനെ, അയാൾ ഹൃദയത്തിൽ വിപ്ലവകാരിയായിരുന്നു എന്നാണ് ജീവിതലേഖകനെന്ന നിലയിൽ കുസ്തൂറിക്ക മറഡോണയെ സംഗ്രഹിക്കുന്നത്. 1986 ലെ ലോകകപ്പ് ക്വാർട്ടറിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തെ കളിയിലുമുപരി കാര്യമായിത്തന്നെയാണ് കണ്ടിരുന്നതെന്ന് മറഡോണ പറയുന്നുണ്ട്. കളിക്കു മുമ്പ് നൽകിയ അഭിമുഖങ്ങളിൽ കളിക്കളത്തിൽ രാഷ്ട്രീയമില്ലെന്നും ഫാക് ലാൻഡ് യുദ്ധവും കളിയും തമ്മിലൊരു ബന്ധവുമില്ലെന്നുമൊക്കെ താൻ വെറുതേ പറഞ്ഞതാണെന്നും കളത്തിലിറങ്ങിയതു തന്നെ ഇംഗ്ലീഷുകാരോട് പ്രതികാരം ചെയ്യാനാണെന്നും പിന്നീട് പറയുന്നുണ്ട്, മറഡോണ. ശത്രുപക്ഷത്ത് താൻ നിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരെ പോക്കറ്റടിച്ച സന്തോഷമായിരുന്നു അതെന്നും അവരതർഹിച്ചിരുന്നുവെന്നും പറയുമ്പോൾ ലഭിക്കുന്ന പ്രതികാരലഹരികൂടി ചേർന്നതായിരുന്നു മറഡോണയുടെ പോരാട്ടവീര്യം. പോരാളിയുടെ ഉള്ളിലെ ഈ തീപ്പൊരി തന്നെയാണ് പിന്നീട് കളമൊഴിഞ്ഞ ശേഷം നിലപാടുകളായി പടർന്നത്, അതിലെ രാഷ്ട്രീയ ശരിതെറ്റുകൾ അയാൾക്ക് വിഷയം പോലുമായിരുന്നില്ല. ബ്രിട്ടീഷ് - യൂറോപ്യൻ ധാർമിക മൂല്യങ്ങളുടെ അളവുകോലുകളിൽ വഞ്ചനയായി കണക്കാക്കപ്പെട്ടെങ്കിലും ലത്തീനമേരിക്കയിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും നിലനിന്നിരുന്ന കോളനിവിരുദ്ധ (Anti colonial) രാഷ്ട്രീയത്തിലൂടെ ആ ഗോളിനു ലഭിച്ച പ്രതീകമൂല്യം അതിന്റെ പലമടങ്ങ് വരും. അധസ്ഥിത സമൂഹത്തിന്റെ ചെറുത്തു നിൽപ്പിന്റെ രാഷ്ട്രീയം പലപ്പോഴും കൊളോണിയൽ ധാർമ്മികതക്ക് പുറത്താവുമെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ദൈവത്തിന്റെ കൈയ്യിനു കിട്ടിയ സ്വീകാര്യത. ആ കൈ ദൈവത്തിനു സമർപ്പിക്കുക വഴി ലത്തീനമേരിക്കയിൽ മുമ്പുതന്നെ പോരാട്ട പക്ഷത്ത് നിലയുറപ്പിച്ചിരുന്ന വിമോചന ദൈവശാസ്ത്രധാരയെ, ധാർമ്മികതയേയും കായികസദാചാരത്തേയും മറികടന്നും തന്നോട് ഒന്നുകൂടി ചേർത്തു നിർത്താൻ മറഡോണക്കായി. മിനിറ്റുകൾക്കകം അതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒറ്റയാൾ പ്രകടനത്തിലൂടെ രണ്ടാം ഗോൾ നേടുകവഴി, ധാർമ്മികതയുടെ പ്രതിസന്ധിയിലകപ്പെട്ടു നിന്നിരുന്നവരേയും മറഡോണ തന്റെ പക്ഷത്താക്കുന്നുണ്ട്. ഒരു പക്ഷെ മറഡോണ രാഷ്ട്രീയമായി തന്നെ ചരിത്രത്തിൽ ആദ്യമായി അടയാളപ്പെടുത്തുന്നതും ഈ മത്സരത്തിലാണെന്ന് പറയാം. പിൽക്കാല ജീവിതത്തിൽ ഫിദൽ കാസ്‌ത്രോയുമായും ഇവാ മോറാലസുമായും ഊഗോ ചാവേസുമായുമെല്ലാം ചേർന്നു നിൽക്കുന്നതിലേക്ക് മറഡോണയെ നയിച്ചത് ഇംഗ്ലണ്ടിനെതിരെ മെക്‌സിക്കോയിൽ നേടിയ ഈ പ്രതികാരവിജയമാവണം. ദരിദ്രർക്കൊപ്പം എന്നതായിരുന്നു മറഡോണയുടെ നിലപാട് എന്ന് കാണാനെളുപ്പമാണ്. കളിതുടങ്ങിയപ്പോഴും അതിന്റെ ഉന്നതിയിലെത്തിയപ്പോഴും മറഡോണയുടെ തെരഞ്ഞെടുപ്പുകൾക്കെല്ലാം ഒരു പക്ഷപാതമുണ്ടായിരുന്നു. ബോക്കാ ജൂനിയേഴ്‌സായാലും സ്‌പെയ്‌നിലെ ബാഴ്‌സലോണയായാലും ഇറ്റലിയിലെ നപ്പോളിയായാലും ദാരിദ്ര്യത്തോടാണ് മറഡോണ കൂട്ടുകൂടിയത്. ഇതിലൽപം ചേർച്ചക്കുറവുണ്ടായത് ബാഴ്‌സയിലാണ് എന്നതും ശ്രദ്ധേയം തന്നെ.

വർഗ്ഗപരമായ വിശാല ഐക്യപ്പെടലുകൾക്കപ്പുറം, സൂക്ഷ്മമോ അഗാധമോ ആയ തിന്മകളേയോ അതുയർത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളേയോ ഒന്നും മറഡോണ കാര്യമായി പരിഗണിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. വ്യക്തിജീവിതത്തിൽ ഒരു നിലയ്ക്കുള്ള രാഷ്ട്രീയ ബോധമോ ബോധ്യമോ പുലർത്താൻ മറഡോണ തയ്യാറായിട്ടില്ല. അക്രമാസക്തമായ പ്രണയജീവിതവും ഒരു തരത്തിലും നീതീകരിക്കാനാവാത്ത ബന്ധനിരാസങ്ങളുമെല്ലാം മറഡോണയെ ജീവിതത്തിൽ ഒന്നാം തരം സ്ത്രീവിരുദ്ധനാക്കുന്നുണ്ട്. ഭാഷയിലും പെരുമാറ്റത്തിലും "തികഞ്ഞ' പുരുഷാധികാരിയായിരുന്നു മറഡോണയെന്ന് മനസ്സിലാകാൻ എൽ ദ്യേഗോയും ജീവചരിത്രസിനിമകളും മാത്രം പിന്തുടർന്നാൽ മതിയാകും. ലിംഗപരമായ അതിക്രമങ്ങളുടെ വലിയ ചരിത്രമാണ് മറഡോണയുടെ ഗാർഹിക- സ്വകാര്യജീവിതത്തിനുള്ളത്. ജീവിതത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാ സ്ത്രീകളുമായും- ഒരു പക്ഷെ അമ്മയൊഴികെ- അസുഖകരമായാണ് മറഡോണ പിരിഞ്ഞിട്ടുള്ളത്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന് അഭിമതനായിരിക്കുമ്പോഴും അർജന്റീനയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ മറഡോണയെ സ്ത്രീവിരുദ്ധനായിത്തന്നെയാണ് പൊതുവെ കണ്ടിരുന്നത്.

കുസ്തൂറിക്കയുടെ സിനിമയിലും പിൽക്കാലത്തു വന്ന് ആസിഫ് കപാഡിയയുടെ ചിത്രത്തിലും ഉപയോഗിച്ചിട്ടുള്ള മറഡോണയുടെ തന്നെ സ്വകാര്യ വിഡിയോ ശേഖരത്തിലെ ചില ദൃശ്യങ്ങളുണ്ട്. മൂത്തമകൾ ദൽമ ജനിച്ച് അടുത്ത ദിവസം മറഡോണ നേപ്പ്ൾസിൽ നിന്ന് ക്ലോദിയയേയും മകളേയും കാണാൻ വരുന്ന നിമിഷങ്ങളാണ് ഇവയിൽ പ്രധാനം. മറഡോണയുമായുള്ള ദാമ്പത്യത്തിൽ ക്ലോദിയ വീശഫാന്യേ എന്ന സ്ത്രീക്ക് എങ്ങനെ സ്വന്തം ജീവിതം നഷ്ടമായി എന്നതിലേക്കുള്ള സൂചകങ്ങളായാണ് കുടുംബദൃശ്യങ്ങൾ കുസ്തൂറിക്കയുടെ മറഡോണയിൽ കാണാനാവുക. എങ്ങനെയാണ് മറഡോണ കഠിനകാലത്തെ അതിജീവിച്ചതെന്ന് കുസ്തൂറിക്ക ക്ലോദിയയോട് ചോദിക്കുന്നുണ്ട്. ഏത് ആൺവിജയത്തിനും പിന്നിലുണ്ടാകുമൊരു പെൺജീവിതം എന്നെല്ലാം ആലങ്കാരികമായി പറയുകയും അറിയാമെന്ന് നടിക്കുന്ന തനിക്കു പോലും സ്ത്രീകളെ പറ്റി ഒന്നുമറിയില്ലെന്ന് ജാമ്യമെടുക്കുകയുമൊക്കെ ചെയ്താണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാനെങ്ങനെ ജീവിച്ചുവെന്ന് നിങ്ങൾ ചോദിക്കാത്തിടത്തോളം ഈ ചോദ്യത്തിനെന്ത് പ്രസക്തി എന്നാണ് അവരുടെ മറുപടി. എങ്ങനെ ജീവിച്ചുവെന്ന് ഓർക്കാൻ പോലുമിഷ്ടമല്ലാത്ത കാലമായിരുന്നു അതെന്ന് പിന്നീട് അവരുടെ വിവാഹമോചന കേസിന്റെ വിശദാംശങ്ങളിലാണ് നമ്മളറിയുക. നേപ്പ്ൾസിലെ കാമുകി ക്രിസ്ത്യാനാ സിനഗ്രയെ അവരുടെ മകന്റ ജനനത്തിനു തൊട്ടു മുമ്പ് ഉപേക്ഷിക്കുന്ന മറഡോണയെ ആസിഫ് കപാഡിയയുടെ സിനിമയിൽ കാണാം. സിനഗ്രയുമായുള്ള ബന്ധം തന്നെ നിഷേധിച്ച മറഡോണ മകൻ ദ്യേഗോ സിനഗ്രയെ അംഗീകരിക്കുന്നത് 1993 ൽ കോടതിവിധിക്കു ശേഷമാണ്. പിൽക്കാലത്ത് പ്രഫഷണൽ ഫൂട്‌ബോളറായിത്തീർന്ന സിനഗ്ര മറഡോണയെ ആദ്യമായി സന്ദർശിക്കുന്നത് അതിനും എത്രയോ വർഷങ്ങൾക്കു ശേഷമാണ്. പിൽക്കാല കാമുകിമാരുടെ മക്കളുടെ കാര്യത്തിലും ഇതേ നിലപാടാണ് മറഡോണ സ്വീകരിച്ചത്. ബന്ധങ്ങളിൽ ഒരു തരത്തിലുള്ള ജനാധിപത്യ സ്വഭാവവും കാണിക്കാതിരുന്ന മറഡോണയുടെ സ്ത്രീവിരുദ്ധത ഇതിലൊതുങ്ങിയിരുന്നില്ല. പിൽക്കാല കാമുകിയായിരുന്ന ഒലീവിയ റോഷ്യോയെ മർദ്ദിക്കുന്ന വിഡിയോ അവർ തന്നെ പുറത്തുവിട്ടപ്പോൾ അവളത് അർഹിക്കുന്നുണ്ടെന്നായിരുന്നു മറഡോണയുടെ പ്രതികരണം. ഭാര്യ ക്ലോദിയ കൊടുത്ത വിവാഹമോചന കേസിൽ അതീവഗുരുതരമായ മാനസിക പീഡനമായിരുന്നു മറഡോണക്കെതിരായ പ്രധാന ആരോപണം. പട്ടാള ഭരണത്തിനു ശേഷം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായ അർജന്റീനയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രശ്‌നമായി ഗാർഹിക പീഡനങ്ങൾ മാറിയിരുന്ന കാലത്തായിരുന്നു ഇതെന്നും ഓർക്കേണ്ടതുണ്ട്. ഐ എം എഫും ലോകബാങ്കും നടത്തിയിരുന്ന ഘടനാപരിഷ്‌കാരങ്ങളിൽ പെട്ട് അർജന്റീനയിലെ സ്ത്രീജീവിതം അതീവ ദുഷ്‌കരമായിത്തീർന്നിരുന്നു ഇക്കാലത്ത്. ഉച്ചസ്ഥായിയിലെത്തിയ തൊഴിലില്ലായ്മ ഏറ്റവുമധികം ബാധിച്ചത് വെളുത്തവരല്ലാത്ത, അടിസ്ഥാന വർഗ്ഗക്കാരെയാണ്. ഇതാണ് സ്ത്രീകൾക്കെതിരായ ഗാർഹികപീഡനങ്ങളിലെ വർദ്ധനയുടേയും അടിസ്ഥാന കാരണമെന്ന് വിലയിരുത്തുന്ന ഫെമിനിസ്റ്റ് ഗ്രൂപ്പുകളുണ്ട്. കൊളോണിയൽ അധികാരത്തിനും വെളുത്തവരുടെ അധീശത്തിനുമിടയിൽ പെട്ട് ജീവിതാവകാശം തന്നെ നഷ്ടപ്പെട്ടവരെന്ന ആനുകൂല്യം കൂടി നൽകിയാണ് വെളുത്തവരല്ലാത്ത പുരുഷന്മാരെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ കണ്ടു വന്നത്. വർഗ്ഗ നിലയിൽ ഏറെ മുകളിലാണെങ്കിലും മറഡോണയേയും കൊളോണിയൽ അധികാരയാന്ത്രികതയുടെ ഇരയെന്ന നിലയിൽ കാണാനും കടുത്ത സ്ത്രീവിരുദ്ധ നിലപാടുകൾ നിലനിൽക്കെത്തന്നെ അയാളുടെ വർഗ്ഗ നിലപാടുകളെ അംഗീകരിക്കാനും ചില ഫെമിനിസ്റ്റുകൾ തയ്യാറായതും വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. മാറഡോണിയൻ ഫെമിനിസ്റ്റുകളെന്ന ഒരു പ്രയോഗം തന്നെ ഈ പശ്ചാത്തലത്തിൽ ഉണ്ടായിവന്നിരുന്നു. മറഡോണയുടെ ലിംഗപരമായ അതിക്രമങ്ങൾ അയാളുടെ ദരിദ്രഭൂതകാലത്തിന്റെ ഉൽപന്നമാണെന്ന് ന്യായീകരിക്കുന്ന ഇവരിൽ ഭൂരിഭാഗവും ഇടതുപക്ഷാഭിമുഖ്യമുള്ളവരാണെന്നത് യാദൃച്ഛികമല്ല. മരണശേഷം മറഡോണയുടെ അതിക്രമങ്ങൾക്ക് നിരുപാധികം മാപ്പുകൊടുക്കുകവഴി ഈ മാറഡോണിയൻ ഫെമിനിസ്റ്റുകൾ ജനപ്രിയവും ഭരണകൂടാധിഷ്ഠിതവുമായ പുരുഷാധിപത്യത്തിന് ചൂട്ടുപിടിക്കുകയാണെന്ന വിമർശമുന്നയിക്കുന്നവരിൽ അർജന്റൈൻ സാമൂഹ്യ ശാസ്ത്രജ്ഞ ഗാർഷ്യേലാ മോൻദേഗദോ മുതൽ സ്പാനിഷ് ഫൂട്ബോൾ കളിക്കാരി പൗലാ ദപീന വരെ ഉൾപ്പെടും. ഫൂട്ബോൾ ദൈവത്തിന്റെ സ്മരണക്കായി ഒരു നിമിഷത്തെ മൗനമാചരിക്കാൻ തയ്യാറാകാതെ മൈതാനത്ത് പുറം തിരിഞ്ഞിരുന്ന ദപീനയുടെ പ്രതിഷേധം മറഡോണയുടെ ജീവിതരാഷ്ട്രീയത്തിനു നേരെ ഉണ്ടായ ഏറ്റവും കടുത്ത വിമർശമായി കണക്കാക്കേണ്ടതുണ്ട്.

മറഡോണയുടെ ജീവിതരേഖക്ക് ചുറ്റും കണ്ടിട്ടുള്ള ഒരുപാടുപേരിൽ എനിക്കു ശ്രദ്ധേയരെന്ന് തോന്നിയവരെ കുറിച്ചാണ് ആദ്യം പറഞ്ഞത്. ചലച്ചിത്രകാരന്മാരെന്ന നിലയിൽ കുസ്തൂറിക്കയും ആസിഫ് കപാഡിയയും ആത്മകഥക്ക് ഭാഷ നൽകിയവരെന്ന നിലയിൽ ദാനിയേൽ അർക്കൂചിയും ഏണെസ്റ്റോ ചെർക്കിസ് ബിയാലോയും. എണ്ണമറ്റ വിഷയാന്തര പഠനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ് ദ്യേഗോ മറഡോണയുടെ ജീവിതം . മറഡോണയുടെ ഫൂട്‌ബോളും പെരുമാറ്റങ്ങളും രാഷ്ട്രീയ നിലപാടുകളും ശരീരവും ആരോഗ്യവും മനസ്സും മനോനിലയുമെല്ലാം പലഭാഷകളിൽ പലരും പഠനവിധേയമാക്കിയിട്ടുണ്ട്. ഹാർവാഡ് സർവകലാശാലയിലെ കാൽപനിക ഭാഷാ- സാഹിത്യ വിഭാഗത്തിലെ പ്രഫസറായ മരിയാനോ സിസ്‌കിൻഡ് ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധേയനായ ഒരു ഗവേഷകനാണ്. ഫൂട്ബോൾ, രാഷ്ട്രീയം ജനപ്രിയസംസ്‌കൃതി എന്നീ വിഷയങ്ങളാണ് ഹാർവാഡിൽ അദ്ദേഹം പഠിപ്പിക്കുന്നത്. മറഡോണയെ ഒരു വിഷയമെന്ന നിലയിൽ പഠിപ്പിക്കണമെന്നപക്ഷക്കാരനുമാണദ്ദേഹം. പാഠ്യപദ്ധതി എന്ന നിലയിൽ മറഡോണയോട് സാമൂഹ്യവും ചരിത്രപരവും സാംസ്‌കാരികവുമായ രണ്ടു സമീപനങ്ങൾ സാധ്യമാണെന്ന് സിസ്‌കിൻഡ് പറയുന്നു. (Why Maradona matters, The Harvard Gazette) ഒന്ന് അരിസ്റ്റോട്ടിലിന്റെ വഴിയിലൂടെയും മറ്റൊന്ന് നീഷേയുടെ വഴിയിലൂടേയും. 'പോയറ്റിക്‌സിൽ ദുരന്തത്തെ നിർവചിക്കുമ്പോൾ അരിസ്റ്റോട്ടിൽ നായകനെ അവതരിപ്പിക്കുന്നത് ദൈവത്തിന് മനുഷ്യനിലുണ്ടായ പുത്രനായിട്ടാണ് - അപൂർണൻ. തന്റെ വ്യക്തിപരമായ കുറവുകൾ മൂലം സ്വയം ദൗർഭാഗ്യം ക്ഷണിച്ചുവരുത്തിയ നായകനായി മറഡോണയെ പഠിക്കാം. അരിസ്റ്റോട്ടിലിന്റെ ക്ലാസിക്കൽ നിർവചനങ്ങൾക്ക് കൃത്യമായി വഴങ്ങും മറഡോണയുടെ ജീവിതം. സ്വന്തം പേരു മുതൽ വിഖ്യാതമായ ഗോളുവരെ മറഡോണക്കൊപ്പമുള്ള ദൈവസാന്നിധ്യത്തെ തൃപ്തിപ്പെടുത്തുന്ന ജനപ്രിയ സമീപനമാണിത്. രണ്ടാമത്തെ വഴി കുറച്ചു കൂടി കഠിനമാണ്. നീഷേയുടെ ദുരന്തത്തിന്റെ പിറവിയാണ് അതിനാധാരം. അപ്പോളോവിനേയും ഡയണീഷ്യസിനേയും മുൻനിർത്തി നീഷേ അവതരിപ്പിക്കുന്ന പക്ഷ- പ്രതിപക്ഷ ലോകനിർമ്മിതി. അപ്പോളോ കവിതയുടെ, പ്രകാശത്തിന്റെ, സ്വാസ്ഥ്യത്തിന്റെ, യുക്തിയുടെ, സാമൂഹ്യക്രമത്തിന്റെ, തിട്ടപ്പെടുത്തിയ സ്വാതന്ത്ര്യത്തിന്റെ എല്ലാം ദേവനാണ്. ഡയണീഷ്യസാവട്ടെ ഉത്സവത്തിന്റെ, മദ്യത്തിന്റെ, നൃത്തത്തിന്റെ, സംഗീതത്തിന്റെ, ഉന്മാദത്തിന്റെ, രതിയുടെ, അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയൊക്കെ ദേവനും. ഫൂട്ബോളിലെ അപ്പൊളോണിയൻ രൂപമാണ് പെലെ, മറഡോണ നമുക്കുള്ളിലെ ഡയണീഷ്യസും'. സാമൂഹ്യസദാചാരത്തിന്റെ തടവറയിൽ നിന്ന് നമുക്കോരോരുത്തർക്കുമുള്ള വിമോചനമാർഗ്ഗം കൂടിയാണ് ഈ മറഡോണയെന്ന് സിസ്‌കിൻഡ് പറഞ്ഞുവക്കുന്നു.

മരിയാനോ സിസ്‌കിൻഡ് പറയുന്ന രണ്ടു സമീപനങ്ങളിലൂടേയും മറഡോണയെ പഠിക്കാം. മറഡോണ ഉൾപ്പെടുന്ന ഡയണീഷ്യൻമാരിൽ ഒരു പക്ഷെ അതിലുമൊരുപടി ഉയരെ, മാനെ ഗാരിഞ്ചയേയും പ്രതിഷ്ഠിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ പക്ഷ-പ്രതിപക്ഷ താരതമ്യങ്ങൾക്കായി മറ്റൊരാളില്ലെങ്കിൽ തന്നെ അപ്പോളോയും ഡയണീഷ്യസും ചേർന്നതായിരുന്നു D10S (ദ്യേഗോ എന്ന പേരും പത്താം നമ്പറും ചേർത്ത് ദൈവമെന്നുകൂടി അർത്ഥം വരും വിധം ആരാധകർ മറഡോണയെ വിളിച്ചിരുന്ന പേര്) എന്ന് ആ ജീവിതവഴിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം. ദ്യേഗോ എന്ന ഡയണീഷ്യസും മറഡോണ എന്ന അപ്പോളോയും ചേർന്നതായിരുന്നു, ലോങ് വിസിലിനു മുമ്പേ പന്ത് ടച്ച് ലൈനിനു പുറത്തേക്കടിക്കും പോലെ അറുപതാം വയസ്സിൽ ജീവിതത്തിന്റെ മൈതാനം വിട്ട ദ്യേഗോ അർമാൻഡോ മറഡോണ . മറഡോണയുടെ കായിക പരിശീലകനായിരുന്ന ഫെർനാൻഡോ സിന്യോറീനി ഇത് മറ്റൊരർത്ഥത്തിൽ മനസ്സിലാക്കിയിരുന്നുവെന്ന് വേണം കരുതാൻ. ദ്യേഗോ മറഡോണ ഒരൊറ്റ മനുഷ്യനല്ലെന്ന് ആദ്യം പറയുന്നത് സിന്യോറീനിയാണ്. "ദ്യേഗോയും മറഡോണയും രണ്ടു പേരാണ്...മനുഷ്യന്റേതായ എല്ലാ അരക്ഷിതത്വങ്ങളുമുള്ള ഒരു കുട്ടിയാണ് ദ്യേഗോ, അപൂർണ്ണനെങ്കിലും സ്നേഹം പിടിച്ചു വാങ്ങുന്നവൻ, മറഡോണയാവട്ടെ ഫൂട്ബോളിന്റേയും മാധ്യമങ്ങളുടേയും വാണിജ്യതാൽപര്യങ്ങൾക്കനുസരിച്ച് പരുവപ്പെട്ട ഒരു വേഷം- കഥാപാത്രം- മാത്രമാണ്. ദ്യേഗോയുമായി എനിക്ക് ലോകത്തിന്റെ ഏതറ്റം വരേയും സഞ്ചരിക്കാം, പക്ഷെ മറഡോണക്കൊപ്പം കളിയുടെ, കളിക്കളത്തിന്റെ നാലതിരുകൾക്കപ്പുറം കടക്കാനാവില്ല'. സിന്യോറീനി നൽകിയ ഈ ചിത്രത്തിൽ നിന്നാണ് താൻ ദ്യോഗോ മറഡോണ എന്ന ഡോക്യുമെന്ററി നിർമ്മിച്ചതെന്ന് ആസിഫ് കപാഡിയ പറയുന്നുണ്ട്. എന്നാൽ കാൻ ചലച്ചിത്രമേളയിൽ സിനിമയുടെ ആദ്യപ്രദർശനത്തിനുള്ള ക്ഷണം മറഡോണ നിരസിച്ചു. സിനിമയുടെ പേരിനൊപ്പമുള്ള ഉപശീർഷകത്തിലെ Hustler എന്ന പ്രയോഗം ദ്യേഗോയെ ചൊടിപ്പിച്ചതായിരുന്നു കാരണം. Diego Maradona - Rebel, Hero, Hustler, God എന്നതിലെ മൂന്നാം വിശേഷണം തന്നെ കള്ളനെന്നു വിളിച്ചതിനു തുല്യമായാണ് മറഡോണ മനസ്സിലാക്കിയതെന്ന് കപാഡിയ പറഞ്ഞിട്ടുണ്ട്. "ആ സിനിമ ആകെത്തന്നെ ഒരു നുണയാണ്, അതുഞാനൊരിക്കലും കാണില്ല' എന്നായിരുന്നു ദ്യേഗോയുടെ പ്രതികരണം.
എന്നാൽ മറഡോണയിലെ ഡയണീഷ്യൻ ചാർച്ച കൃത്യമായി മനസ്സിലാക്കി എന്നതിനാലാണ് കുസ്തൂറിക്കയുടെ മറഡോണയിൽ ആ ജീവിതത്തിലെന്ന പോലെത്തന്നെ ഉന്മാദം നിറഞ്ഞു നിൽക്കുന്നത്. ഒരു നിമിഷത്തിന്റെ ശാന്തത പോലുമില്ലാത്ത ശബ്ദവും വർണവും നിറഞ്ഞ 138 മിനിറ്റുകൾ. സിനിമ തുടങ്ങുന്നത് തന്നെ ബ്വീനൊസ് ഐറിസിലെ ഒരു സംഗീത പരിപാടിയിലാണ്. ബാസ്സ് ഗ്വിറ്റാറിൽ കുസ്തൂറിക്ക. അനൗൺസർ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് സിനിമാ മൈതാനത്തെ ദ്യേഗോ അർമാൻഡോ മറഡോണ എന്നാണ് - മറഡോണയെ കുസ്തൂറിക്ക വിശേഷിപ്പിക്കുന്നതോ അന്താരാഷ്ട്ര ഫുട്‌ബോളിലെ സെക്‌സ് പിസ്റ്റളെന്നും. സിഡ് വിഷ്യസിന്റേയും നാൻസി സ്പൻജെന്റേയും ദുരന്തകഥ കൂടി ചേർന്നതാണ് സെക്‌സ് പിസ്റ്റൾസിന്റെ ചരിത്രമെന്നതും കൂട്ടി വായിച്ചാൽ മറഡോണക്ക് നൽകാൻ അതിലും ചേർന്ന ഒരു വിശേഷണമില്ല.

Comments