2023 സെപ്റ്റംബർ 10, ഭൂട്ടാനിലെ തിംഫുവിലെ ചാങ്ലിതാങ്ങ് സ്റ്റേഡിയത്തിൽ ബഗ്ലാദേശിനെതിരെ ഇന്ത്യയുടെ അണ്ടർ 16 കുട്ടികൾ സാഫ് കപ്പ് ഫുട്ബോളിന്റെ കലാശ പോരിനിറങ്ങുന്നു. എട്ടാം മിനുറ്റിൽ ഇന്ത്യയുടെ മീത്ത് ഭാരത്തിന്റെ ഗോളിൽ ഇന്ത്യ ആദ്യത്തിൽ തന്നെ ഒരു ഗോൾ ലീഡിലെത്തുന്നു. എഴുപത്തി നാലാം മിനുട്ടിൽ ലെമിസ് സാക്മിനെന്ന മറ്റൊരു ഇന്ത്യൻ താരത്തിന്റെ കൂടി ഗോളിൽ രണ്ട് ഗോൾ വിജയത്തിൽ ഇന്ത്യ സാഫ് കപ്പിൽ തങ്ങളുടെ അഞ്ചാം കിരീടത്തിൽ മുത്തമിടുന്നു.
കിരീടം ഏറ്റ് വാങ്ങുമ്പോൾ ക്യാപ്റ്റൻ ങാനഗ്ഹോ മെറ്റിന്റെ മനസ്സിൽ രാജ്യത്തെ കിരീടത്തിലേക്ക് നയിച്ച നായകൻ എന്ന അഭിമാന ചിന്തക്കൊപ്പം മിന്നി മറഞ്ഞിട്ടുണ്ടാവുക സ്വന്തം നാടായ ടെൻഗനോപാലിൽ ദിവസങ്ങൾക്ക് മുമ്പ് അഗ്നിക്കിരയായി വെണ്ണീറായ തന്റെ വീടിന്റെ ശൂന്യ ചിത്രമായിരിക്കും. സാഫ് ഫുട്ബോൾ കിരീടമെന്ന വലിയ നേട്ടത്തിനിടയിലും തന്റെ ഉറ്റവർ വെണ്ണീരായ വേദനയിൽ ആ കുട്ടിക്കത് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാവുമോ? മധുരത്തിനൊപ്പം അതിനേക്കാൾ കയ്പ്പും നിറഞ്ഞ ഒരു നീണ്ട രാത്രി മാത്രമായിരിക്കില്ലേ ആ കുട്ടികത്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പകരം ആ ഗ്രാമം അന്നും നിറഞ്ഞ് നിന്നിട്ടുണ്ടാവുക അതെ ഭയത്തിലും പരിഭ്രാന്തിയിലുമായിരിക്കില്ലേ?
അണ്ടർ 16 സാഫ് കപ്പിൽ നീല പടയെ മുന്നിൽ നിന്ന് നയിച്ച നായകൻ ങാനഗ്ഹോ മെറ്റിൻ മണിപ്പൂരുകാരനായിരുന്നു. ങാനഗ്ഹോ മെറ്റിൻ മാത്രമല്ല, ഫൈനലിൽ ഗോളടിച്ച മീത്ത് ഭാരതും ലെമിസ് സാക്മിനും കലാപത്താൽ കത്തിയെരിഞ്ഞ അതെ മണിപ്പൂരിൽ നിന്നുള്ളവരായിരുന്നു. ഒരാൾ മെയ്തിയും മറ്റൊരാൾ കൂകിയും. രണ്ടാം ഗോളിന് ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് രാജ്യത്തിന്റെ വിജയമൊരുമിച്ചാഘോഷിച്ചപ്പോൾ മെയ്തി കൂകി വേർതിറിഞ്ഞ് മൂന്ന് മാസാക്കാലമായി മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിന്റെ കാരണമെന്തായിരുന്നുവെന്ന് മണിപ്പൂരുകാരും ഇന്ത്യക്കാരും ഒരു വേളയെങ്കിലും ആശ്ചര്യം പ്രകടിപ്പിച്ചിരിക്കണം. തങ്ങൾ പരസ്പരം കൊലപ്പെടുത്തിയ ഇരുന്നൂറിലധികം ജീവനുകൾ, ആയിരക്കണക്കിന് പരിക്ക് പറ്റിയ മനുഷ്യർ, പതിനായിരക്കണക്കിന് അഭയാർത്ഥികൾ, കത്തി ചാമ്പലയായ വീടുകളും പള്ളികളും സ്കൂളുകളും. ആരുടെ അക്കൗണ്ടിൽ പെടുത്തും ഇതെല്ലാം?
ഇന്ത്യയുടെ ഇത്തവണത്തെ സാഫ് 23 അംഗ ടീമിൽ 16 പേരും മണിപ്പൂരുകാരായിരുന്നു. പതിനൊന്ന് മെയ്തി വിഭാഗക്കാരും നാല് കൂക്കി വിഭാഗക്കാരും ഒരു മുസ്ലിം മെയ്തിയും. നാട് മുഴുവൻ കത്തി നിൽക്കുന്ന സമയം, മൈതാനത്ത് അതേ രണ്ട് വിഭാഗക്കാർ ഒരുമിച്ച് രാജ്യത്തിന് വേണ്ടി കളിച്ച് നേടിയ വിജയത്തെ മണിപ്പൂരിലേ സമാധാന ആഹ്വാനത്തിനുള്ള ഏറ്റവും വലിയ സമരമായി കണക്കാക്കും. ആ പതിനാറ് പേരും മണിപ്പൂരിന്റെ സമാധാനത്തിന്റെ ബ്രാൻഡ് അംബാസിഡേർസാണ്. രാജ്യത്തിന്റെ തന്നെ പൊതു മനസാക്ഷിയാണ്. ഭരണകൂടം നിഷ്ക്രിയമായി നോക്കി നിൽക്കുകയോ കലാപത്തിന് ഒത്താശ പാടുകയോ ചെയ്യുന്ന സമയത്ത് വോട്ടവകാശം പോലുമായിട്ടില്ലാത്ത പതിനാറ് വയസ്സുകാർ ഭരണ കൂടത്തിനും മണിപ്പൂർ ജനതക്കും നല്കുന്ന സന്ദേശം മൗനം വെടിയാൻ നിർബന്ധിതനായി മണിപ്പൂരിനൊപ്പം ഞാനും വേദനിക്കുന്നുവെന്ന് പറഞ്ഞ അഭിനവ പ്രധാനമന്ത്രിയുടെ സത്യസന്ധത ഒട്ടുമില്ലാത്ത പ്രസ്താവനയേക്കാൾ എത്രയോ വലുതാണ്.
സാഫ് കപ്പ് കിരീട നേട്ടത്തിന് ശേഷം ക്യാപ്റ്റൻ ങാനഗ്ഹോ മെറ്റിൻ മടങ്ങി വരുന്നത് മണിപ്പൂരിലെ കൂകി അഭയാർത്ഥി ക്യാമ്പിലേക്കാണ്. മെറ്റിനെ പോലെ തന്നെ കൂകി വിഭാഗത്തിൽപെട്ട ബാക്കിയുള്ളവരും. നിറയെ മധുരങ്ങളാലും ആശീർവാദങ്ങളാലും ആനയിക്കപ്പെടേണ്ടവർ വീടില്ലാതെ ഉറ്റവരില്ലാതെ ക്യാമ്പുകളിലെ ഭയത്തിലേക്കും പരിഭ്രാന്തികളിലേക്കും എടുത്തെറിയപ്പെടുന്നു.
കിരീടത്തേക്കാൾ വലുതായിരുന്നു മണിപ്പൂരിന്റെ സമാധാനമെന്നും അതിന് വേണ്ടിയാണ് താങ്കൾ പ്രാർത്ഥിക്കുന്നതെന്നും അവർ പറയുന്നു. ഞങ്ങൾ വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ്. പക്ഷെ ടീമെന്ന നിലയിൽ ഒരുമയോടെയാണ് കളിക്കുന്നത്. ഫൈനലിൽ ഗോളടിച്ച മീത്ത് ഭാരത് മത്സര ശേഷം പറഞ്ഞു. സഹ താരം ലെവിസ് ഞാൻ ഗോളടിക്കണമെന്നാണ് പറഞ്ഞത്. മത്സരം വിജയിക്കാൻ ഞാനും കൂടി ഗോളടിക്കണമെന്നായിരുന്നു അവന്റെ വാദം. ഗോളിന് ശേഷവും മത്സര ശേഷവും കെട്ടിപ്പിടിച്ച് ഞങ്ങൾ ആഘോഷിച്ചു. ആ ആഷ്ളേഷത്തിൽ ഭരണ കൂടവും വർഗീയ ശക്തികളും ഇത്രയും കാലം ഊതിയുണ്ടാക്കിയ വെറുപ്പിന്റെയും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീയൊന്ന് അണഞ്ഞിട്ടുണ്ടാവില്ലേ, മണിപ്പൂർ ശരിക്കുമൊന്ന് ശ്വാസം വിട്ടിട്ടുണ്ടാവില്ലേ?
സാഫ് ടൂർണമെന്റ് ടോപ് സ്കോററും മികച്ച കളിക്കാരനുമായ മണിപ്പൂരുകാരൻ അബാസ് ഷിങ് ജമായും പറഞ്ഞത് അടുത്ത മത്സരത്തിൽ എതിരാളികളെ എങ്ങനെ നേരിടണമെന്നതിനപ്പുറം ഞങ്ങൾക്ക് മറ്റൊരു പദ്ധതിയില്ലായിരുന്നു. മണിപ്പൂർ വിഷയമായി ഉയർന്നിട്ടുണ്ടെങ്കിൽ അത് സമാധാനത്തിന് വേണ്ടിയുള്ള ഡ്രസ്സിങ് റൂമിലെ ഒരുമിച്ചുള്ള പ്രാർത്ഥനകളായിരുന്നു. ഫുട്ബോളിലൂടെയോ സ്പോർട്സിലൂടെയോയൊക്കെ മാത്രം സാധ്യമാവുന്ന ഒന്നാവാമത്. ഫുട്ബോളിൻറെ ജെനുസ്സും ചരിത്രവും അതാണ്. കത്തി ചാമ്പലായ തെരുവിലും മനുഷ്യത്വത്തിന് വേണ്ടി അതുരുളും. സാമ്രാജത്യത്തിന്റെയും ഭരണ കൂടത്തിന്റെയും ഗോൾ പോസ്റ്റുകളിലേക്ക് അത് ഇടിച്ചു കയറും.
കലാപത്തിന്റെ അനന്തര ഫലങ്ങൾ നിലനിൽക്കെ ആ പതിനാറ് പേരുടെ ഫുട്ബോൾ ഭാവിക്ക് കൂടി ആര് ഉത്തരവാദികളാകും? മണിപ്പൂർ ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ ഫാക്ട്ടറിയാണ്. കിഴക്കൻ പർവത നിരയിൽ ഓടി പദം വന്ന കാലുകളാണത്. മൈതാനത്ത് കൂടുതൽ നേരം ഫിറ്റ്നസ് നില നിർത്തി കളിക്കുന്നവർ. ഐ എസ് എൽ പോലെയുള്ള ആഭ്യന്തര ക്ലബ്ബ് ലീഗുകളിൽ ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്ത സ്റ്റേറ്റ് കൂടിയാണ് മണിപ്പൂർ. പർവത ഘട്ടങ്ങളായി അത്ര തന്നെ ജന സംഖ്യയോ ജനസാന്ദ്രതയോ ഇല്ലാത്ത പ്രദേശം കൂടിയാണെന്നോർക്കണം. ഉദാന്ത സിങ്ങും ജാക്കി ജന്ദും ധീരജും ജെകസനും സെമിങ്താൽ ദുങ്തലും നമുക്ക് മുന്നിലുണ്ട്. പൂർവികരായി ഗൌരമാങ്ങിയും റെനഡി സിങ്ങും പോലെ ഒരുപാട് പേർ. ഇന്ത്യൻ വനിതാ ടീം മണിപ്പൂർ സ്റ്റേറ്റ് ടീമിലേക്ക് നാല് പേരെ കൂട്ടി ചേർത്താൽ മതിയാകുന്ന ഒരുപാട് കാലമുണ്ടായിരുന്നു.
എക്കാലത്തെയും ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങളായ അശലത ദേവിയും ബാലയും ബെമ്പം ദേവിയും മണിപ്പൂരികളാണ്. ഇന്ത്യ ആദ്യമായി ഫിഫ വേൾഡ് കപ്പ് കളിച്ച അണ്ടർ 17 ഫിഫ വേൾഡ് കപ്പിൽ എട്ടോളം താരങ്ങൾ മണിപ്പൂരിൽ നിന്നായിരുന്നു. നാളെ ഇവരെ പോലെ ഇന്ത്യക്ക് വേണ്ടി സീനിയർ ടീമുകളിൽ കളിക്കേണ്ടവർ. രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര കിരീടങ്ങൾ നേടേണ്ടവർ. ഒരു സ്റ്റേറ്റിന്റെ കലാപം ബാധിക്കുന്നത് അവരെ കൂടിയാണ്. അവരെ കൂടി സ്വപ്നങ്ങളാണ്.
ഇംഫാലിലെ ലമ്പാക്ക് സ്റ്റേഡിയം മണിപ്പൂരിന്റെ ഹൃദയമാണ്. ആ സ്റ്റേഡിയത്തിൽ വീണ്ടും അവർ ഫുട്ബോൾ കളിക്കാൻ തുടങ്ങും. ഫുട്ബോളിനും സ്പോർട്സിനും ഒപ്പം സമാധാനവും അവർ വീണ്ടെടുക്കും. മേരി കോമും മീര ഭായ് ചാനുവും സരിത ദേവിയുമടങ്ങുന്ന ശക്തരായ സ്ത്രീകളുടെ കൂടി നാട് ഇന്ത്യയുടെ ഹൃദയമായി തന്നെ നില നിൽക്കും. കൊലയറുകൾ ചെറുത്ത് നിൽക്കും ഹൃദയങ്ങൾക്ക് മിടിച്ചു നിൽക്കാൻ ഇത് പോലുള്ള ഉശിരുള്ള കുട്ടികളുടെ കഥകൾ തന്നെ ധാരാളം.