ലക്ഷണമൊത്ത ഭ്രാന്തനായി
മയങ്ങിക്കിടന്ന എനിക്ക്​മറഡോണ കാവൽ നിന്നു

ആശുപത്രിവരാന്തയിലൂടെ ഭയത്തിന്റെയും വിശപ്പിന്റെയും തിരമാലകളിൽ ചവിട്ടി ഞാൻ നടന്നു. അവിടെ റോഡിലേക്ക് തുറക്കുന്ന കണ്ണാടിജാലകത്തിനപ്പുറം നീലയും വെള്ളയും ജയ്‌സിയണിഞ്ഞ് മറഡോണ നിന്നു. ആ കുറിയ മനുഷ്യൻ എന്നോട് പട്ടിണിയെ കുറിച്ച് പറഞ്ഞു.

ർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
19 വയസ്സ് വരെ എന്റെ ജീവിതപരിസരങ്ങളിൽ കാൽപ്പന്തുകളി ഉണ്ടായിരുന്നില്ല.
തമിഴും പൊങ്കലും തിരുവിഴകളും പകുത്തെടുത്ത കുട്ടിക്കാലത്തിൽ അന്നം തേടുകയല്ലാതെ, വേറെ കളിയും കാര്യവും ഉണ്ടായിരുന്നില്ല.

പെരുംചിലമ്പിൽ ആരും പന്ത് കളിച്ചില്ല. അങ്ങനെയൊരു കളിയുണ്ടെന്നുപോലും അന്നാട്ടുകാർ അന്നറിഞ്ഞിട്ടുണ്ടാവില്ല. സ്‌കൂളിനപ്പുറത്തെ ചർച്ചിന്റെ മുറ്റത്ത് ഫാദർ പാക്കിയം, മറ്റ് പുരോഹിതന്മാരുമായി ചേർന്ന് ഷട്ടിൽ ബാറ്റ് കളിച്ചിരുന്നു. പുറത്തേക്ക് തെറിക്കുന്ന കോർക്കുകൾ ഞാനും തങ്കരാജും എടുത്തുകൊടുക്കും. അത് ആ കളിയോടുള്ള ഇഷ്ടം കൊണ്ടല്ല, ഫാദർ പാക്കിയം ആ പ്രവർത്തിക്ക് പ്രതിഫലമായി ഞങ്ങൾക്ക് ചില്ലറനാണയങ്ങൾ തരുമായിരുന്നു. എന്നും അവരവിടെ കളിച്ചിരുന്നെങ്കിൽ, ഞങ്ങൾക്ക് എന്നും വല്ലതും വാങ്ങിത്തിന്നാം എന്ന ആഗ്രഹത്തിനപ്പുറം, ആ കളിയിൽ ലയിക്കാനോ കളി പഠിക്കാനോ വിശപ്പ് ഞങ്ങളെ അനുവദിച്ചില്ല.

മുനീറെന്ന കൂട്ടുകാരനാണ്​, കാമുകിക്ക് കൊടുക്കാനുള്ള പ്രണയലേഖനത്തിൽ, അവന് മറഡോണയുടെ കാലാണെന്നും, മറഡോണ ദൈവത്തിന്റെ കൈ ഉപയോഗിച്ച പോലെ അവനും ഉപയോഗിക്കാറുണ്ടെന്നും, അഞ്ചും ആറും പേരെയൊക്കെ വെട്ടിച്ച് അവൻ ഗോൾ വല കുലുക്കാറുണ്ടെന്നുമൊക്കെ പ്രണയലേഖനത്തിൽ എഴുതാൻ പറഞ്ഞത്.

പിന്നീട് ഈ നാട്ടിലെത്തിയപ്പോൾ പഴന്തുണി കൊണ്ടും കടലാസുകൊണ്ടും കുട്ടികൾ പന്തുണ്ടാക്കി കളിച്ചിരുന്നു. അതിന് ഫുട്‌ബോളിന്റെ കളി നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂർത്ത ചെങ്കൽപാറകളിൽ വീണും കാലു തട്ടിയും പൊടിഞ്ഞ ചോരയുടെ നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട് വിട്ടുപോയി എച്ചിൽ തുടപ്പും ലോട്ടറി വില്പനയും റോഡ് പണിയുമൊക്കെ ചെയ്യുമ്പോൾ അവിടെയും വിശപ്പും അലച്ചിലുമല്ലാതെ കളിയൊന്നും ഉണ്ടായിരുന്നില്ല. കുറ്റ്യാടിയിലെ അമ്മാവന്റെ വീട്ടിൽ താമസിക്കുന്ന കാലത്ത് ടാപ്പിംഗ് ആയിരുന്നു പണി.അവിടെ വോളിബോളായിരുന്നു. ഒരു വല കെട്ടി അതിനപ്പുറമിപ്പുറം നിന്ന് ആർപ്പുവിളിച്ച്, പന്ത് കൈ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുത്തിക്കളിക്കുന്ന നേരം കൊണ്ട് ഇവർക്ക് വല്ലതും വായിച്ചു കൂടെ എന്ന അതിശയത്തോടെ ഞാൻ പുസ്തകങ്ങളും താങ്ങി മരത്തണലുകൾ തേടി നടന്നു.

നാടുവിടലിന്റെ പൂതിയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, പന്തിന്റെ രൂപമുള്ള ഒരു സാധനം കൊണ്ട് എന്റെ പ്രായക്കാർ രണ്ട് ടീമുകളായി നിന്ന് കളിക്കുന്നത് കണ്ടു. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലും, ചെങ്കൽ പാറകളുള്ള പറമ്പുകളിലും അവർ പന്ത് കളിച്ചു. മെല്ലെമെല്ലെ ഗോൾമുഖവും ഗോളുമൊക്കെ എന്തെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. അവർ കളിക്കാൻ ആളു തികയാതെ വരുമ്പോൾ എന്നെ പിടിച്ചു വലിച്ചിട്ടും, ഞാനെന്റെ അപകർഷതാബോധത്തിന്റെ മൺപുറ്റിനുള്ളിൽ തന്നെ ചുരുണ്ടുകിടന്നു. ആ കൂട്ടുകാരിലൊരാളുടെ പത്ത് രൂപാ പഴ്‌സിൽ നിന്നാണ് ഞാനാദ്യമായി ഒരു ഫുട്‌ബോളറുടെ പടം കാണുന്നത്. അത് ഡീഗോ അർമാൻഡോ മറഡോണ ആയിരുന്നു.

കത്ത് വായിച്ച പെൺകുട്ടിക്ക് തന്റെ നെഞ്ചിലെ മുഴകളെ പന്തിനോട് ഉപമിച്ചത് ഇഷ്ടമായില്ല. ഫുട്‌ബോൾ നേരിട്ട് കണ്ടിട്ടുള്ള ഏത് പെൺകുട്ടിക്കാണ് ആ ഉപമ സഹിക്കാനാവുക? അവൾ അവന്റെ പ്രണയം വലിച്ചെറിഞ്ഞ് പോയി.

അക്കാലത്ത് ഞാൻ കൂട്ടുകാർക്കുവേണ്ടി പ്രണയലേഖനങ്ങൾ എഴുതി കൊടുക്കുമായിരുന്നു. ബഷീറിനെയും, ഒ.വി. വിജയനെയും,
തല തിരിച്ചി​ട്ടെഴുതിയ പ്രണയലേഖനങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലും, കാലത്തിന്റെ ഗംഗാതടവും, ദുരൂഹമായ സ്ഥലരാശിയും, ഞാനും നീയുമെന്ന സത്യവും, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളും, ഈരചൂട്ടിന്റെ കനൽതുമ്പും, മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ പുനർജനിയുടെ കൂടും, വെളിച്ചത്തിന് എന്തൊരു വെളിച്ചവും ഒക്കെ എന്തെന്ന് മനസ്സിലാവാതെ പെൺകുട്ടികൾ നിഘണ്ടുകൾ തേടി തെണ്ടിനടന്നു. കത്ത് കൊടുത്തവർക്കും ആ വാക്കുകളുടെ അർത്ഥമറിയില്ലായിരുന്നു. സംഭവം ഉഗ്രനാണെന്നും, ഞാൻ അതിലേറെ ഉഗ്രമായ സംഭവമാണെന്നും അവർ സമ്മതിച്ചു തന്നു. അതിന്റെ അഹന്തപ്പുറത്ത് നടക്കുമ്പോഴാണ്, മുനീറെന്ന കൂട്ടുകാരൻ കാമുകിക്ക് കൊടുക്കാനുള്ള പ്രണയലേഖനത്തിൽ, അവന് മറഡോണയുടെ കാലാണെന്നും, മറഡോണ ദൈവത്തിന്റെ കൈ ഉപയോഗിച്ച പോലെ അവനും ഉപയോഗിക്കാറുണ്ടെന്നും, അഞ്ചും ആറും പേരെയൊക്കെ വെട്ടിച്ച് അവൻ ഗോൾ വല കുലുക്കാറുണ്ടെന്നുമൊക്കെ പ്രണയലേഖനത്തിൽ എഴുതാൻ പറഞ്ഞത്.

ഞാനവനെ അന്തംവിട്ടുനോക്കി. അതു കൊണ്ടൊന്നും കാര്യമുണ്ടായില്ല. പഴംപൊരിയും ചായയും സിനിമാടിക്കറ്റുമാണ് പ്രതിഫലം. അതിൽ ചായയും പഴംപൊരിയും ഞാൻ ശാപ്പിട്ട് കഴിഞ്ഞിരുന്നു. ഇത് എഴുതിക്കൊടുത്താൽ ലീനാ തിയേറ്ററിലെ അന്നത്തെ ബാൽക്കണി ടിക്കറ്റാണ് എന്നെ കാത്തിരിക്കുന്നത്. എനിക്കറിയാത്ത മറഡോണയോട് മാപ്പ് ചോദിച്ചുകൊണ്ട് ഞാനെഴുതി.

മറഡോണ

‘പ്രിയപ്പെട്ടവളെ; എന്റെ വിരലുകൾ നിന്നെ തൊടുമെങ്കിൽ അതിന്റെ സൗന്ദര്യം ഡീഗോ മറഡോണയുടെ കാലുകൾ പന്തിനെ തൊടുന്ന സൗന്ദര്യമായിരിക്കും. നിന്റെ അധരങ്ങൾ എനിക്കായി വിടരുമെങ്കിൽ, ഞാൻ എന്റെ ബലിഷ്ഠമായ കാലുകൾ വായുവിലേക്ക് ഉയർത്തി, പച്ച കുത്തിയ കൈകൊണ്ട്, ദൈവത്തിന്റെ കൈ കൊണ്ട് ലോകകപ്പിന്റെ ഗോൾ വല കുലുക്കുക തന്നെ ചെയ്യും. എനിക്കും നിനക്കും പ്രിയപ്പെട്ട മറഡോണ ചെയ്തതുപോലെ... എന്റെ രാക്കനവുകളിൽ നിന്റെ നെഞ്ചിലെ ആ രണ്ട് പന്തുകൾ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്നു. അനേകായിരങ്ങളുടെ കയ്യടിയും ആരവവും ഉയരുന്ന ഒരു മൈതാനത്തിൽ, പ്രണയത്തിന്റെ പച്ചപ്പും വിരിച്ച് ഞാൻ നിനക്കായി, നീയെന്ന വിജയഗോളിനായി കാത്തിരിക്കുന്നു.’

കൂട്ടുകാർ കളിക്കുന്ന ടൂർണമെന്റുകൾ കാണാൻ പോയും, അവർക്കായി ആർപ്പുവിളിച്ചും, അവർക്ക് ബൂട്ടും ജെയ്‌സിയും വാങ്ങാനും, ഗ്രൗണ്ട് ഫീസ് അടക്കാനുമായി പാട്ടപ്പിരിവ്​ നടത്തിയും, മെല്ലെ മെല്ലെ ഞാനും ഫുട്‌ബോളെന്ന ഭ്രാന്തിന് ആദ്യാക്ഷരങ്ങൾ കുറിക്കുകയായിരുന്നു.

ഈ മഹാകാവ്യം അവൻ തന്റെ കാമുകിക്ക് കൊടുക്കുക തന്നെ ചെയ്തു. നാട്ടിലെ ഫുട്‌ബോൾ ടീമിലെ ഒന്നാന്തരം ഫോർവേഡാണ് അവൻ. കത്ത് വായിച്ച പെൺകുട്ടിക്ക് തന്റെ നെഞ്ചിലെ മുഴകളെ പന്തിനോട് ഉപമിച്ചത് ഇഷ്ടമായില്ല.
ഫുട്‌ബോൾ നേരിട്ട് കണ്ടിട്ടുള്ള ഏത് പെൺകുട്ടിക്കാണ് ആ ഉപമ സഹിക്കാനാവുക? അവൾ അവന്റെ പ്രണയം വലിച്ചെറിഞ്ഞ് പോയി. പോവും മുമ്പ് കൂട്ടുകാരികളോട് അവൾ പറഞ്ഞ്, ആ കൂട്ടുകാരികൾ മറ്റ് കൂട്ടുകാരികളോട് പറഞ്ഞ്, സംഗതി എല്ലായിടത്തും പാട്ടായി. അതിന്റെ അടി അവന് വീട്ടിൽ നിന്ന് പള്ള നെറച്ച് കിട്ടിയിട്ടും കത്തിലെ വാക്കുകൾ എന്റേതാണെന്ന് അവൻ ആരോടും പറഞ്ഞില്ല. ആ പന്ത് പ്രയോഗം അവന്, നെഞ്ചന്ത് (നെഞ്ചിലെ പന്ത് ) എന്ന വിളിപ്പേരും സമ്മാനിച്ചു.
ഏറെക്കാലം അവൻ നെഞ്ചന്ത് മുനീറായി ജീവിച്ചു.

കൂട്ടുകാർ കളിക്കുന്ന ടൂർണമെന്റുകൾ കാണാൻ പോയും, അവർക്കായി ആർപ്പുവിളിച്ചും, അവർക്ക് ബൂട്ടും ജെയ്‌സിയും വാങ്ങാനും, ഗ്രൗണ്ട് ഫീസ് അടക്കാനുമായി പാട്ടപ്പിരിവ്​ നടത്തിയും, മെല്ലെ മെല്ലെ ഞാനും ഫുട്‌ബോളെന്ന ഭ്രാന്തിന് ആദ്യാക്ഷരങ്ങൾ കുറിക്കുകയായിരുന്നു. അക്ഷരങ്ങളിൽനിന്ന് ഫുട്‌ബോളിന്റെ വാക്കുകളിലേക്ക് കടന്നപ്പോൾ, പണി ഒഴിവാക്കിയും കളി കാണാൻ പോയി. പിന്നെ ഈ പരിസരത്ത് നടക്കുന്ന ടിക്കറ്റ് വച്ചുള്ള സെവൻസ് ടൂർണമെന്റുകൾ ഒന്നൊഴിയാതെ കാണുന്ന തരത്തിലേക്ക് വളർന്നു. എന്റെയാ കൂട്ടുകാർക്ക് സൂപ്പർ സ്റ്റുഡിയോയുടെ പന്തുകളിയും, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനോടുള്ള ശത്രുതയും, മമ്മൂട്ടിയുടെ സിനിമയും, ലീഗിന്റെ സമ്മേളനങ്ങളും, സമദാനിയുടെ പ്രഭാഷണവുമല്ലാതെ മറ്റൊരു ലോകം ഉണ്ടായിരുന്നില്ല.

ഒരു ഫുട്‌ബോൾ മത്സരം കാണുമ്പോൾ, ഇരുദിക്കിലേക്കും ആർത്തലയ്ക്കുന്ന വിചിത്രമായ ഒരു കടൽ കാണുന്ന പ്രതീതിയാണ്. / Photo: Unsplash

അതിൽനിന്ന് പന്തുകളിയും സിനിമയും മാത്രം ഞാനെടുത്തു. ചിട്ടപ്പടി നടക്കുന്ന ഒരു ഫുട്‌ബോൾ മത്സരം കാണുമ്പോൾ, ഇരുദിക്കിലേക്കും ആർത്തലയ്ക്കുന്ന വിചിത്രമായ ഒരു കടൽ കാണുന്ന പ്രതീതിയാണ്. തിരമാലകൾ പോലെ ഒരു വശത്തേക്ക് പന്തുമായി വരുന്ന കളിക്കാർ. അവരുടെ കണ്ണു വെട്ടിച്ച് പന്ത് കാലിലാക്കി മറുവശത്തേക്ക് ആർത്തലയ്ക്കുന്ന എതിർടീമുകാർ... ഇരു വശത്തേക്കുമുള്ള ആ തിരമാലുകളുടെ കാഴ്ചയിൽ, തിരയൊടുങ്ങുന്ന ഗോൾമുഖത്ത് എന്റെ ഹൃദയം മിടിച്ചുനിന്നു. ആൾക്കൂട്ടത്തോടൊപ്പം ഞാനും ആർത്തുവിളിച്ചു...
ഗോൾ....!

ഇക്കാലത്ത് ടൂർണമെന്റിൽ കളി നിയന്ത്രിക്കേണ്ട റഫറി വരാതായ ഒരു ചെറിയ ടൂർണമെന്റിൽ, കൂട്ടുകാർ എന്നെ പിടിച്ച് റഫറിയാക്കി. ഊതാൻ അവരെനിക്ക് വിസിലും തന്നു. കളി നിയമങ്ങളറിയാത്ത ഞാൻ, ആവശ്യത്തിനും അനാവശ്യത്തിനും വെറും രസത്തിനും വേണ്ടി വിസിലൂതിയപ്പോൾ, കരയിൽ നിന്ന് മൺകട്ടകൾ പറന്നുവരാൻ തുടങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട ഞാൻ, നാടിന്റെ ടീമിന് അനുകൂലമായി വിസിലൂതാൻ തുടങ്ങി. പിന്നെ നടന്നത് കൂട്ടയടിയാണ് .
കളിക്കാരേത്, കളമേത്, ഓടിരക്ഷപ്പെടാനുള്ള വഴിയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം പൊടിമണ്ണ് പാറിയ അടി.

കാൽപന്തുകളിയുടെ കടലും ചെസ്സിന്റെ ഉച്ചവെയിലുകളും ഞാൻ ഭയക്കാൻ തുടങ്ങി. അതിൽനിന്ന് അകലാനും തുടങ്ങി. തുറക്കാത്ത മുറിക്കുള്ളിൽ, ഞാൻ പുസ്തകങ്ങൾ തൊടാതെ, ഭക്ഷണം തൊടാതെ, ചെസ്​ ബോർഡ് തൊടാതെ, ഡോക്ടർമാർ എഴുതിത്തന്ന രാസപദാർത്ഥങ്ങൾ വിഴുങ്ങി മയങ്ങിക്കിടന്നു

പന്തുകളിയെക്കാൾ ഇഷ്ടവും താല്പര്യവും വായനയിലായതിനാൽ അക്കാലത്ത് ഉറക്കമിളച്ചും വായിക്കുമായിരുന്നു. ഫിക്ഷനിൽനിന്ന് വായന മനഃശാസ്ത്രത്തിലേക്കും, ഫ്രോയ്​ഡിലേക്കും യുങ്ങിലേക്കും, ഭൗതിക ശാസ്ത്രത്തിലേക്കും, വേദാന്തത്തിലേക്കും ഹിപ്‌നോട്ടിസത്തിലേക്കുമൊക്കെ പടർന്നുകയറിയപ്പോൾ തലച്ചോറ് ചൂടുപിടിച്ചു. ചിന്തകൾക്ക് വ്യാകരണ പിഴവുകൾ സംഭവിച്ചു. എനിക്ക് ഭ്രാന്തായിപ്പോവും എന്ന അകാരണമായ ഭയവും അതിനുള്ള മരുന്നുകുടിയും, വിഷാദരോഗവും ആത്മഹത്യാശ്രമവും എല്ലാം കൂടി ഞാൻ ലക്ഷണമൊത്ത ഭ്രാന്തനായി മാറി. കാൽപന്തുകളിയുടെ കടലും ചെസ്സിന്റെ ഉച്ചവെയിലുകളും ഞാൻ ഭയക്കാൻ തുടങ്ങി. അതിൽനിന്ന് അകലാനും തുടങ്ങി. വീട്ടുകാരും കൂട്ടുകാരും മുട്ടി വിളിച്ചിട്ടും തുറക്കാത്ത മുറിക്കുള്ളിൽ, ഞാൻ പുസ്തകങ്ങൾ തൊടാതെ, ഭക്ഷണം തൊടാതെ, ചെസ്​ ബോർഡ് തൊടാതെ, ഡോക്ടർമാർ എഴുതിത്തന്ന രാസപദാർത്ഥങ്ങൾ വിഴുങ്ങി മയങ്ങിക്കിടന്നു. ആ മുറിയുടെ ചുമരുകളിൽ അപ്പോഴും ചെഗുവേരയും മറഡോണയും എനിക്ക് കാവൽ നിന്നു.

തന്റെ വലത് കൈയ്യിൽ ചെ ഗുവേരയുടെ ചിത്രം റ്റാറ്റൂ ചെയ്ത മറഡോണ. / Photo: Weed FB Page

മറഡോണ എന്ന കുറിയ മനുഷ്യൻ എന്നോട് പട്ടിണിയെ കുറിച്ച് പറഞ്ഞു. കളിക്കളത്തിൽ, 1986 ൽ, തനിക്കെതിരെയുണ്ടായ കൂട്ട ആക്രമണത്തിന് പകരം ചോദിക്കാൻ ദൈവം തന്റെ കയ്യിലേക്ക് പറന്നിറങ്ങിയ കഥ പറഞ്ഞു. താൻ അനുഭവിച്ച യാതനകളെക്കാൾ കൂടുതൽ തന്റെ ഈ കൂട്ടുകാരൻ അനുഭവിച്ചിട്ടുണ്ടെന്ന് ചെ ഗുവേര മറഡോണയെ ചൂണ്ടി എന്നോട് പറഞ്ഞു. അക്കാലത്തെ എന്റെ രാവുകൾക്കും പകലുകൾക്കും ഒരേ നിറമായിരുന്നു. ഒരേ മയക്കമായിരുന്നു. ആ മയക്കത്തിലും മലപ്പുറം ജില്ലയിലെ സെവൻസ് ഫുട്‌ബോൾ നടക്കുന്ന പൊടി പാറുന്ന കണ്ടങ്ങളിലൂടെ, മറഡോണ പന്തിനെ കാലിൽ ഒട്ടിച്ചുവെച്ച് ഓടി. മറഡോണയുടെ കാലിൽ നിന്ന് വിദഗ്ധമായി പന്ത് തട്ടിയെടുത്ത്, ‘നെഞ്ചന്ത് മുനീർ' എതിർടീമിലെ മുഴുവൻ കളിക്കാരെയും വെട്ടിച്ച്, ശേഷം ഗോളിയെയും വെട്ടിച്ച് ഗോളടിച്ചു. അവന്റെ പ്രണയം നിരസിച്ച പെൺകുട്ടി ആ പാടവരമ്പിലെ കാണികൾക്കിടയിൽ നിന്ന് അവനുവേണ്ടി ആർപ്പ് വിളിച്ചു.

മുറിയുടെ ജാലകങ്ങൾക്കപ്പുറം പാതകളിൽ ഞാൻ ലോകകപ്പിന്റെ കൊടിതോരണങ്ങളും കട്ടൗട്ടുകളും കണ്ടു. അന്ന് പെയിന്റും ബ്രഷും കൊണ്ട് കാർബോർഡിൽ വരച്ചുണ്ടാക്കുന്ന കട്ടൗട്ടുകളായിരുന്നു.

അമേരിക്കയിൽ ലോകകപ്പ് നടക്കുന്ന കാലത്ത് ഞാൻ ചങ്കുവെട്ടിയിലെ സീതാറാം ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അതുവരെ കഴിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് മരുന്നൊക്കെ ഒറ്റയടിക്ക് നിർത്തലാക്കി, അവിടുത്തെ ഡോക്ടർ എന്നെ ആദ്യത്തെ ഒരാഴ്ച പട്ടിണിക്കിട്ടു. കരിംപട്ടിണിയല്ല,
ചെറിയ സ്റ്റീൽ ഗ്ലാസിൽ ദിവസം മൂന്നു ഗ്ലാസ് വെള്ളം. പത്ത് ടീസ്പൂൺ കുറിയരിക്കഞ്ഞി. ഉപ്പിലിട്ട ഒരു ചെറുനാരങ്ങയുടെ തുണ്ട്... എനിക്ക് കഠിനമായി വിശന്നു. മരുഭൂമിയിലെന്ന പോലെ തൊണ്ടയും അന്നനാളവും വരണ്ടുണങ്ങി. കൂട്ടിരിക്കുന്ന ഉപ്പാനെ ഭയപ്പെടുത്തുന്ന വിധം ഞാൻ കുടിവെള്ളത്തിനായി ഒച്ചയിട്ടു. ഡോക്ടറും സിസ്റ്റർമാരും കാണാതെ ഉപ്പ എനിക്ക് മൂന്നു ഗ്ലാസിന്റെ അളവു തെറ്റിച്ച് ധാരാളം വെള്ളം തന്നു. അതുവരെ രാസപദാർത്ഥങ്ങൾ മയക്കിക്കിടത്തിയിരുന്ന എന്റെ ഭയം, സകല കോശതന്മാത്രകളിലും ഉറഞ്ഞുതുള്ളി. വാതിൽ തുറന്ന് ഓടാൻ ശ്രമിച്ച എന്നെ ഉപ്പ കട്ടിലിൽ ബലമായി പിടിച്ചുകിടത്തി. മുറിയുടെ ജാലകങ്ങൾക്കപ്പുറം പാതകളിൽ ഞാൻ ലോകകപ്പിന്റെ കൊടിതോരണങ്ങളും കട്ടൗട്ടുകളും കണ്ടു. അന്ന് പെയിന്റും ബ്രഷും കൊണ്ട് കാർബോർഡിൽ വരച്ചുണ്ടാക്കുന്ന കട്ടൗട്ടുകളായിരുന്നു. നാഷണൽ ഹൈവേയിൽ ചങ്കുവെട്ടിയിൽ നിന്ന് അല്പം മാറി പറമ്പിലങ്ങാടി എന്ന സ്ഥലത്തായിരുന്നു ഈ ആശുപത്രി.

അതിന്റെ നീണ്ട വരാന്തയിലൂടെ ഭയത്തിന്റെയും വിശപ്പിന്റെയും തിരമാലകളിൽ ചവിട്ടി ഞാൻ നടന്നു. അവിടെ റോഡിലേക്ക് തുറക്കുന്ന കണ്ണാടിജാലകത്തിനപ്പുറം നീലയും വെള്ളയും ജയ്‌സിയണിഞ്ഞ് മറഡോണ നിന്നു. മറഡോണയെ വരച്ച ആൾക്ക് മുടിയിലെത്തിയപ്പോൾ പിഴവ് പറ്റിയിരുന്നു. കോലൻ മുടിയുള്ള മറഡോണയായിരുന്നു അത്. ഒരാഴ്ചത്തെ പട്ടിണി കഴിഞ്ഞ് ഡോക്ടർ,
സ്‌നേഹപാനം തുടങ്ങി. സ്‌നേഹം, പാനം എന്നൊക്കെ കേട്ടപ്പോൾ എനിക്ക് ചെറിയ ആശ്വാസമൊക്കെ തോന്നിയെങ്കിലും, അതിരാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഒരു കപ്പ് നെയ്യ് കഴിക്കലാണ് ഈ സ്‌നേഹപാനം എന്ന് അനുഭവിച്ചറിഞ്ഞപ്പോൾ ഞാൻ മുഴുവൻ ലോകത്തെയും വെറുത്തു. വയറ്റിലെത്തിയ നെയ്യ് അവിടെ കിടന്ന് പല ബഹളങ്ങളും ഉണ്ടാക്കി. ഭക്ഷണമൊന്നും കഴിക്കാഞ്ഞിട്ടും ഞാൻ ഒരുപാട് തൂറി. ആ തൂറിപ്പോവുന്നതെല്ലാം എന്റെ ഉള്ളിലെ വിഷമാണെന്ന് ഡോക്ടർ പറഞ്ഞത് ഞാൻ വിശ്വസിച്ചു.

Photo: Unsplash

സ്‌നേഹപാനം കഴിഞ്ഞപ്പോൾ വസ്തി എന്ന കലാപരിപാടിയായി. മലദ്വാരത്തിലൂടെ വലിയ സിറിഞ്ച് കയറ്റി തൈലവും മറ്റു മരുന്നുകളും ഇഞ്ചക്ട് ചെയ്യുന്ന സുന്ദരമായ ചികിത്സ. ബാത്‌റൂമിൽ വെച്ചാണ് എന്റെ മലദ്വാരത്തിലേക്ക് സിറിഞ്ച് കയറ്റുന്നത്. അവിടുത്തെ കിളിവാതിലൂടെ എനിക്ക് കോലൻ മുടിയുള്ള മറഡോണത്തല കാണാമായിരുന്നു. വസ്തിയെന്ന ആഭാസം നാലഞ്ചു ദിവസം പിന്നിട്ടപ്പോൾ, വേൾഡ് കപ്പ് തുടങ്ങി. അതിന്റെ ആരവങ്ങൾ ആശുപത്രിക്കുപിന്നിലെ വീട്ടിലെ ടി.വിയിൽ നിന്ന് കേൾക്കാമായിരുന്നു. മുറിയുടെ ജാലകം തുറന്ന് ആ വീടിനുനേർക്ക് എത്തി വലിഞ്ഞ്, മുക്കിമൂളി നോക്കുന്ന എന്നെ കണ്ട് ഉപ്പ, വല്ലാതെ ഭയന്നു. അങ്ങനെ നോക്കുമ്പോൾ എനിക്കാ വീടിന്റെ മുറ്റത്തെ മഞ്ഞ കോളാമ്പി പൂക്കളും, അങ്ങോട്ട് കളി കാണാൻ പോവുന്ന കുട്ടികളെയും മാത്രമേ കാണാൻ പറ്റുമായിരുന്നുള്ളൂ. എന്റെ ഉന്മാദം, ഞെളിപിരി കൊണ്ട് മുക്കിമൂളി ജാലകത്തിലൂടെ പുറത്തേക്ക് പോവുകയാണെന്ന് സുശീല സിസ്റ്റർ ഉപ്പാക്ക് പറഞ്ഞു കൊടുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഇടയ്ക്ക് ഗ്യാലറിയിലെ പവലിയനിലോ മറ്റോ മറഡോണയുടെ മുഖം കണ്ടപ്പോൾ ആ മുറിയിലിരുന്ന് ഞാൻ ഉച്ചത്തിൽ ആർത്തുവിളിച്ചു. അർജന്റീനയുടെ ഒരു കളിയോ മറ്റോ കഴിഞ്ഞുപോയിരുന്നു. കാണുന്നത് ഏത് ടീമുകളുടെ കളിയാണ് എന്നൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല . പന്തും അതിനെ തൊടുന്ന കാലിന്റെ ഉടമയെയും മാത്രം ഞാൻ കണ്ടു.

ഡോക്ടർമാരുടെ മുറിയിൽ ടി.വി ഉണ്ടായിരുന്നു. പക്ഷേ അവരാരും പന്തുകളി കണ്ടില്ല. ഇടയ്ക്ക് ക്രിക്കറ്റിന്റെ ബഹളങ്ങളാണ് അവിടത്തെ ടി.വിയിൽ നിന്ന് ഞാൻ കേട്ടത്. ഇനിയിവിടെ ചികിത്സ തുടരണമെങ്കിൽ, എനിക്ക്‌ വേൾഡ് കപ്പ്​ കാണണമെന്ന് ഞാൻ ഡോക്ടറോട് തീർത്തുപറഞ്ഞു.

‘അടുത്തത് വമനചികിത്സയാണ്'; എനിക്കെന്തോ പാരിതോഷികം തരുന്ന മട്ടിൽ ഡോക്ടർ പറഞ്ഞു.

'വാമനനായാലും മാവേലിയായാലും എനിക്ക് കളി കാണണം '

ഞാൻ ഉറച്ചുനിന്നു. അങ്ങനെ എനിക്കാ മുറി തുറന്നു കിട്ടി. കുളിരും ചൂടുമില്ലാത്ത ആ മുറിയിൽ തനിച്ചിരുന്ന് ഞാൻ കളി കണ്ടു. ഇടയ്ക്ക് ഗ്യാലറിയിലെ പവലിയനിലോ മറ്റോ മറഡോണയുടെ മുഖം കണ്ടപ്പോൾ ആ മുറിയിലിരുന്ന് ഞാൻ ഉച്ചത്തിൽ ആർത്തുവിളിച്ചു. അർജന്റീനയുടെ ഒരു കളിയോ മറ്റോ കഴിഞ്ഞുപോയിരുന്നു. കാണുന്നത് ഏത് ടീമുകളുടെ കളിയാണ് എന്നൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല . പന്തും അതിനെ തൊടുന്ന കാലിന്റെ ഉടമയെയും മാത്രം ഞാൻ കണ്ടു. ഗോൾ പോസ്റ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രം കണ്ടു. ഇരുവശത്തേക്കും തിരയടിക്കുന്ന ആ കടലിന്റെ തൊട്ടടുത്തായിരുന്നു ഞാനപ്പോൾ.

'പന്തും അതിനെ തൊടുന്ന കാലിന്റെ ഉടമയെയും മാത്രം ഞാൻ കണ്ടു. ഗോൾ പോസ്റ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രം കണ്ടു.' / Photo: Unsplash

അർജന്റീനയുടെ കളി വരുന്ന ദിവസം ഏതെന്ന് പത്രത്തിൽ ഞാൻ നോക്കിവെച്ചു. അപ്പോഴേക്കും വമനചികിത്സ തുടങ്ങിയിരുന്നു. ഉപ്പാനോട് ഡോക്ടർ പത്ത് പാക്കറ്റ് പാല് വാങ്ങി വെക്കാൻ പറഞ്ഞപ്പോൾ, അതൊക്കെയും എനിക്ക് കുടിക്കാനുള്ളതാണെന്ന് കരുതി ഞാൻ സന്തോഷിച്ചു. പക്ഷേ, രാവിലെത്തന്നെ സിസ്റ്റർമാർ വന്ന് ഉപ്പ വാങ്ങി വെച്ച പാലൊക്കെ വലിയൊരു ചെമ്പട്ടിയിലേക്ക് പൊട്ടിച്ച് ഒഴിച്ച്, വെള്ളവും കലർത്തി, എന്നിട്ട് ചുവന്ന കൈപ്പാട്ടയിൽ കോരി എനിക്ക് കുടിക്കാൻ തന്നു. തിളപ്പിക്കാത്ത പാലാണെന്നുകൂടി ഓർക്കാതെ അതു വരെ വിശപ്പുസഹിച്ച് ജീവിച്ച ഞാൻ ആർത്തിയോടെ ഒരു പാട്ട പാൽ മുഴുവൻ കുടിച്ചു. വയറു നിറഞ്ഞു. ഒരു പാട്ട കൂടി കുടിച്ചപ്പോൾ വയറുവീർത്തു. പിന്നെയും കുടിക്കാൻ പറയുമോ എന്നുപേടിച്ച് ഞാനവരെ നോക്കിയപ്പോൾ,
അവരാ പാലിൽ അരച്ച് ഉരുളയാക്കി കരുതി വെച്ചിരുന്ന എന്തോ പച്ചമരുന്ന് ഇട്ട് കലക്കി. എന്നിട്ട് ഒരു പാട്ട കുടിക്കാൻ തന്നു. മരുന്നാണല്ലോ എന്നുകരുതി ഞാൻ കുടിച്ചു. മറ്റൊരു പാട്ട കൂടി തന്നു, അതും ഒരു വിധം കുടിച്ചൊപ്പിച്ചു. അവർ എന്തോ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ‘വന്ന് കുടുങ്ങിയതല്ലേ ഇനിയൊക്കെ സഹിക്കുക തന്നെ' എന്ന വിചാരത്തിൽ ഉപ്പ എനിക്ക് പുറംതിരിഞ്ഞുനിന്നു. പെട്ടെന്ന് വയറ്റിൽ ഭൂകമ്പമുണ്ടായി. ബുഹാരി ഹോട്ടലിലെ എച്ചിൽപാത്രങ്ങൾ കഴുകുന്ന ചളിക്കുണ്ടിലെ ചളി മുഴുവൻ വിഴുങ്ങിയവനെപ്പോലെ ഞാൻ ഛർദ്ദിച്ചു. രണ്ടും മൂന്നും നാലും അഞ്ചും തവണ ഛർദിച്ചു. കുടിച്ചതിൽ ഒരു തുള്ളി പാല് പോലും ഇപ്പോൾ എന്റെ വയറ്റിലില്ല. അണപ്പും കിതപ്പും തളർച്ചയും കാരണം ഞാനാ നിലത്ത് കുഴഞ്ഞുകിടന്നു. സിസ്റ്റർമാർ എന്നെ എഴുന്നേൽപ്പിച്ച് വീണ്ടും മരുന്ന് കലക്കിയ പാല് കുടിക്കാൻ തന്നു. അവരെ മൂന്നു പേരെയും ചവിട്ടി മറിച്ചിട്ട് ആ മുറിയിൽ നിന്ന് ഇറങ്ങി ഓടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു.

പക്ഷേ എനിക്ക് എണീറ്റിരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അവർ നീട്ടിയ മരുന്നിൻപാല് കുടിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. ഒരു പാട്ട കുടിച്ചപ്പോൾ അത് വയറ്റിലെത്തും മുമ്പേ ഞാൻ ഛർദ്ദിച്ചു. ഇത് ചികിത്സയാണോ ശിക്ഷയാണോ പീഡനമാണോ എന്ന് വേർതിരിക്കാൻ എനിക്കപ്പോൾ കഴിയുമായിരുന്നില്ല. പിന്നെയും പാല് നീട്ടിയാൽ ഉള്ള ശക്തി മുഴുവനെടുത്ത് പാല് വെച്ച ചെമ്പട്ടിയും അവരെയും തട്ടി മറിച്ചിട്ട് ഓടാനുള്ള കരുത്തിനായി ഞാൻ സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു. പക്ഷേ അവർക്ക് പാല് തരേണ്ടി വന്നില്ല. ഞാൻ ഛർദ്ദിച്ചതിൽ ചോരയുടെ ചുവപ്പുണ്ടായിരുന്നു. വെളുത്ത പാലിൽ കലർന്ന ആ ചോരച്ചുവപ്പ് കണ്ട് സിസ്റ്റർമാർ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘കഴിഞ്ഞു, ഇനിയില്ല.'

ആ ചെറിയ വെളിച്ച ചതുരത്തിൽനിന്ന് മറഡോണ എന്റെ മങ്ങിയ കാഴ്ചകളിലേക്ക് ഇറങ്ങിവന്നു. ആ വിയർപ്പിന് വെടിയുപ്പിന്റെ മണമായിരുന്നു. ആ കുറിയ ശരീരത്തിന് വന്യമായൊരു സൗന്ദര്യമുണ്ടായിരുന്നു.

ചോര ഛർദ്ദിപ്പിക്കാനാണോ ഇവരെന്നെക്കൊണ്ട് പാല് കുടിപ്പിച്ചതെന്ന് ഞാൻ അമ്പരന്നു. വമനം എന്ന വാക്കിന്റെ അർത്ഥം മുഴുവനായി എന്റെ ബോധത്തിൽ പതിഞ്ഞു. അന്ന് അരപ്പാത്രം കുറിയരിക്കഞ്ഞിയല്ലാതെ മറ്റൊന്നും കഴിക്കാൻ ഡോക്ടർ അനുവദിച്ചില്ല. ഇയാൾ ഏതു നൂറ്റാണ്ടിലെ, ഏത് അസുഖത്തിനാണ് ചികിത്സിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. അന്നായിരുന്നു അർജന്റീനയും ഗ്രീസും തമ്മിലുള്ള മത്സരം. ഡോക്ടറുടെ മുറിയിൽ സകല നാഡീഞരമ്പുകളും തളർന്ന്, പഞ്ഞിക്കെട്ടുപോലെ ഞാനിരുന്നു.
മറഡോണ പന്ത് തട്ടി.
മറഡോണ പന്തിനെ കാലിലിട്ട് ചുഴറ്റി.
പന്തിനെ ഒരു കളിപ്പാട്ടം പോലെ തട്ടി നീക്കി.
എന്റെ കണ്ണുകൾ താനേ അടയുന്നുണ്ടായിരുന്നു.
നിലത്ത് ചെരിഞ്ഞുകിടന്നാണ് പിന്നീട് ഞാൻ കളി കണ്ടത്.

ആ ചെറിയ വെളിച്ച ചതുരത്തിൽനിന്ന് മറഡോണ എന്റെ മങ്ങിയ കാഴ്ചകളിലേക്ക് ഇറങ്ങിവന്നു. ആ വിയർപ്പിന് വെടിയുപ്പിന്റെ മണമായിരുന്നു. ആ കുറിയ ശരീരത്തിന് വന്യമായൊരു സൗന്ദര്യമുണ്ടായിരുന്നു. ആ വിരലുകൾ എന്നെ തൊടുമ്പോൾ, ഞാൻ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്ന് ടി.വിയിലേക്കുനോക്കി. അവിടെ, ഡിഗോ അർമാൻഡോ മറഡോണ, ഗ്രീസിനെതിരെ ഉജ്ജ്വലമായൊരു ഗോൾ നേടിക്കഴിഞ്ഞിരുന്നു. അലറിവിളിച്ച്​ വായ മുഴുവൻ തുറന്ന്​, മറഡോണ ക്യാമറയുടെ മുമ്പിലേക്കു പാഞ്ഞുവന്നു. ഗ്യാലറികളിൽ പരശ്ശതം മനുഷ്യർ ആർത്തുവിളിച്ചു.

എന്റെ കണ്ണുകളിലേക്ക് ഇരുട്ടും ബോധത്തിലേക്ക് നേർത്ത വൈദ്യുതിയും ഒരുമിച്ച് പാഞ്ഞുകയറി. യാതൊരു ബോധവുമില്ലാതെ ഞാനാ മുറിയിൽ കിടന്നത് മണിക്കൂറുകളാണ്. പന്തുകളിയുടെ നേരകാലങ്ങൾ ഒന്നുമറിയാത്ത എന്റെ ഉപ്പ മുറിയിൽ ഞാൻ വരാൻ കാത്തിരുന്നു. ഉപ്പ ആ ദിവസങ്ങളിൽ എന്റെ കൂടെ ശരിക്കും പട്ടിണി കിടക്കുകയായിരുന്നു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ഞാൻ ഉപ്പാനോട് പറഞ്ഞു, ‘ഇന്‌ക്കൊരു പിരാന്തും ഇല്ല ഉപ്പാ, ഞമ്മക്ക് ഈ നരകത്ത് ന്ന് പോവാ ...'

അധികമൊന്നും സംസാരിക്കാത്ത ഉപ്പ ജീവിതത്തിൽ ആദ്യമായി എന്നെ കൂട്ടിപ്പിടിച്ചു.

Photo: Unsplash

ജലജാ ബീഡിയുടെ മണമുള്ള ഉപ്പാന്റെ ദേഹത്തിൽ നനഞ്ഞ തുണിക്കണ്ടം പോലെ ഞാൻ പറ്റിപ്പിടിച്ചുകിടന്നു. ഉപ്പ ആശ്വാസവാക്കുകളൊന്നും പറഞ്ഞില്ല. പക്ഷേ, എന്റെ നഗ്‌നമായ മുതുകിലേക്ക് ഉപ്പാന്റെ ചൂടുള്ള കണ്ണീര് ഇറ്റിവീണു. നേർത്ത തേങ്ങലിന്റെ ശബ്ദം ഞാൻ കേട്ടു. ജാലകത്തിനപ്പുറം, ആ വീടിന്റെ മുറ്റത്ത് മഞ്ഞ കോളാമ്പി പൂക്കൾ വിരിഞ്ഞുനിന്നു. അവിടേക്ക് കളി കാണാൻ പോവുന്ന കുട്ടികളുടെ ഒച്ചയും ബഹളവും കേട്ടു.

ഡോക്ടർ നിർദ്ദേശിച്ച നസ്യവും രക്തമോക്ഷവും വേണ്ടെന്നുപറഞ്ഞ്, ഡോക്ടറെ പിണക്കിക്കൊണ്ട് പറഞ്ഞതിലും കൂടുതൽ തുക ബില്ല് കൊടുത്ത്, ഞങ്ങളാ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോന്നു. വീട്ടിലെത്തുമ്പോൾ ഞാനാകെ എല്ലും തോലുമായി കഴിഞ്ഞിരുന്നു. കുറഞ്ഞദിവസം കൊണ്ട് എന്നെ ഇങ്ങനെ ചികിത്സിച്ചില്ലാതെയാക്കിയ ഡോക്ടറെ ഉമ്മ ചീത്ത വിളിച്ചു.

ഞാൻ വീട്ടിൽ വിശ്രമിച്ച കുറച്ചുദിവസത്തിനുള്ളിൽ ആ വേൾഡ് കപ്പിൽ പലതും സംഭവിച്ചു കഴിഞ്ഞിരുന്നു.

മറഡോണയെ മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് ‘ഫിഫ’ വിലക്കി. ആന്ദ്രേ എസ്‌കോബർ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് ദുരന്തനായകനായി. പിന്നീട് വെടിയുണ്ടകളേറ്റുവാങ്ങി മരണത്തിലേക്ക്​ യാത്രയായി. മറഡോണയെ അങ്ങനെ ആർക്കും വിലക്കാനാവില്ലെന്ന് ഏറെക്കാലം ഞാൻ എന്നോടുതന്നെ തർക്കിച്ചു കൊണ്ടിരുന്നു.

ജാതിയും മതവും രാഷ്ട്രീയവും മാത്രമല്ല, മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസുമൊക്കെ ഒന്നായിത്തീരുന്ന ഇടം ഞങ്ങൾക്ക് ഫുട്‌ബോളാണ്. പരസ്പര വിരോധികളായ കമ്യൂണിസ്റ്റുകാരനും ലീഗുകാരനും ഒന്നിച്ച് കളി കണ്ടു, ഒന്നിച്ച് കളിച്ചു.

ആയുർവേദ ചികിത്സ ഉപേക്ഷിച്ച് വീണ്ടും സൈക്യാട്രിസ്റ്റുകളെ കണ്ട് മരുന്നു വിഴുങ്ങാൻ തുടങ്ങി. ഉടുതുണിയുരിഞ്ഞിട്ട് പെരുവഴിയിലൂടെയിറങ്ങി ഓടിയേക്കാവുന്ന എന്നിലെ മറ്റൊരു എന്നെ, ആ മരുന്നുകളാണ് മയക്കിയിട്ടത്. പിന്നീടും ഫുട്ബോ​ൾ കാലങ്ങൾ വന്നു, കളി സീസണുകൾ വന്നു, നെഞ്ചന്ത് മുനീറും അവന്റെ പ്രായക്കാരും കളിയൊക്കെ മതിയാക്കി, ജീവിക്കാനുള്ള വഴി തേടി മരുഭൂമികളുടെ നാട്ടിലേക്ക് പോയി. കവലയിലെ സുഹൃത്തിന്റെ തുന്നൽക്കടയിൽ ഞങ്ങൾ ടി.വി യും, വി.സി.ആറും, കാസറ്റുകളും വാടകക്കെടുത്ത്​ നീലച്ചിത്രങ്ങൾ കണ്ടു. അതിനായി കവലയും ഗ്രാമവും ഉറങ്ങാൻ കാത്തിരുന്നു. പള്ളി മിനാരത്തിലെ ഒടുക്കത്തെ വെളിച്ചവും അണഞ്ഞുകഴിഞ്ഞാൽ തുന്നൽക്കടയുടെ ഷട്ടർ വീഴും. യൗവ്വനാരംഭത്തിന്റെ ജൈവ ചോദനകൾക്ക് ശമനം തേടി ഞങ്ങൾ ആ മുറിയിൽ രതിയൊച്ചകൾ കുറച്ചുവെച്ച് ദൃശ്യങ്ങൾ കണ്ടു. തലച്ചോറുകളെ ഇളക്കിമറിക്കാൻ അത് മതിയായിരുന്നു. സ്വയംഭോഗത്തിന്റെ പുത്തൻവഴികൾ തേടി പലരും ആ മുറിക്കുള്ളിൽ പരക്കം പാഞ്ഞു.

'ജാതിയും മതവും രാഷ്ട്രീയവും മാത്രമല്ല, മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസുമൊക്കെ ഒന്നായിത്തീരുന്ന ഇടം ഞങ്ങൾക്ക് ഫുട്‌ബോളാണ്.' കോട്ടക്കലിനടുത്ത വലിയപറമ്പിൽ നിന്നുള്ള ദൃശ്യം. / Photo: Muhammed Abbas

ഞാനെന്റെ വായനയും ചെസ്​ കളിയും വീണ്ടെടുത്തു.
നീലച്ചിത്രങ്ങളുടെ ആ പ്രദർശന ശാലയിലേക്ക് ആദ്യമായി ഫുട്‌ബോളിന്റെ കാസറ്റുകൾ കൊണ്ടുവന്നത്, നെഞ്ചന്ത് മുനീറായിരുന്നു. അവൻ ആദ്യമായി ഗൾഫിൽനിന്ന് ലീവിന് നാട്ടിൽ വന്നപ്പോൾ ഞങ്ങൾ കൂട്ടുകാർക്ക് കൊണ്ടുവന്നത് അതുവരെയുള്ള വേൾഡ് കപ്പുകളിലെ കിട്ടാവുന്നത്ര കളിയുടെ റെക്കോർഡുകൾ ആയിരുന്നു. നീലച്ചിത്രങ്ങളുടെ ചെറു ഉന്മാദത്തിൽ നിന്ന് ഞങ്ങൾ ഫുട്ബോ​ളെന്ന വല്യ ഉന്മാദത്തിലേക്ക് ആ മുറിയെ മാറ്റിയെടുത്തു. രാപ്പകലില്ലാതെ ഞങ്ങൾ ടി.വി യും, വി.സി.ആറുമുള്ള കൂട്ടുകാരുടെ വീടുകളിലിരുന്ന് ലോകമാമാങ്കത്തിന്റെ പല അടരുകളും കണ്ടു.

ഇവിടെ, ഞാനും എന്റെ 13 കാരൻ മകനുമടക്കം, മെസ്സി ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ കാത്തിരിപ്പാണ്. മറഡോണയിൽനിന്ന്, ബാസ്​റ്റിറ്റ്യൂട്ടയും ഒർട്ടേഗയും കഴിഞ്ഞ് ഞങ്ങൾ, ലയണൽ മെസ്സിയെന്ന ദൈവത്തിലെത്തിനിൽക്കുകയാണ്.

ജാതിയും മതവും രാഷ്ട്രീയവും മാത്രമല്ല, മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസുമൊക്കെ ഒന്നായിത്തീരുന്ന ഇടം ഞങ്ങൾക്ക് ഫുട്‌ബോളാണ്. പരസ്പര വിരോധികളായ കമ്യൂണിസ്റ്റുകാരനും ലീഗുകാരനും ഒന്നിച്ച് കളി കണ്ടു, ഒന്നിച്ച് കളിച്ചു. കളിയിൽ ഞങ്ങൾ രാഷ്ട്രീയം മറക്കും, സിനിമാതാരങ്ങളുടെ കെട്ടുകാഴ്ചകളെയും അവർക്കായുള്ള അടിപിടിയോളം എത്തുന്ന ആരാധനയെയും മറക്കും. ഖത്തറിൽ നടക്കുന്ന ഈ വേൾഡ് കപ്പ് കാണാമെന്ന ഒറ്റ മോഹത്തിൽ അങ്ങോട്ട് തൊഴിൽവിസ സംഘടിപ്പിച്ചുപോയ, ഒരുപാട് മനുഷ്യർ ഈ വലിയപറമ്പിലുണ്ട്. അവർക്കൊക്കെ നേരിൽ കളി കാണാൻ പറ്റുമോ എന്നറിയില്ല.

പക്ഷേ അവരവിടെയുണ്ട്, ആ ആരവങ്ങൾക്ക് തൊട്ടടുത്ത്...

ഇവിടെ, ഞാനും എന്റെ 13 കാരൻ മകനുമടക്കം, മെസ്സി ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ കാത്തിരിപ്പാണ്. മറഡോണയിൽനിന്ന്, ബാസ്​റ്റിറ്റ്യൂട്ടയും ഒർട്ടേഗയും കഴിഞ്ഞ് ഞങ്ങൾ, ലയണൽ മെസ്സിയെന്ന ദൈവത്തിലെത്തിനിൽക്കുകയാണ്. ഇനി ഫുട്ബോ​ളാണ് ഞങ്ങളുടെ മതവും ജാതിയും രാഷ്ട്രീയവും ജീവവായുവും. മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന കപ്പിൽ മുത്തമിടുന്ന ദിവസമാണ് ഞങ്ങളുടെ സ്വർഗവാതിലുകൾ തുറക്കുക. അതിനായി, നെഞ്ചന്ത് മുനീറിന്റെയടക്കം വിയർപ്പിന്റെ വില കൊണ്ട് കവലയിൽ കട്ടൗട്ടുകളും ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു.

ലോകകപ്പ് കാലത്ത് ബ്രസീലങ്ങാടിയായി മാറിയ വലിയപറമ്പ്. / Photo: Muhammed Abbas

കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ബ്രസീൽ ഫാൻസ്, മെസ്സിയുടെ കട്ടൗട്ടിനെയും ബോർഡിനേയും പിന്നിലാക്കി, വലിയപറമ്പങ്ങാടിയെ ബ്രസീലങ്ങാടിയാക്കി മാറ്റി, ബാനറും ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു. എന്നാലും വിരോധമില്ല. ഇപ്പോൾ ഫുട്‌ബോളാണ് ഞങ്ങളുടെ മതം. മൂന്ന് തലമുറയിൽ പെട്ട ഒരു ജനത മുഴുവൻ ഇവിടെ, ഖത്തറിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. അവരിൽ കൂലിപ്പണിക്കാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്, സമ്പന്നരുണ്ട്, അതിസമ്പന്നരുണ്ട്, ഓട്ടോ ഡ്രൈവർമാരുണ്ട്, നല്ല ഫ്രീക്കൻ കുട്ടികളുമുണ്ട്.

അപ്പോ,
കളി കഴിഞ്ഞിട്ട്,
ബ്രസീൽ ഫാൻസുകാരേ,
നമുക്ക് കാണാം,
കാണണം. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments