മനുഷ്യരെ കൈവെടിയുന്ന കളിക്കളങ്ങൾ;
​ദൈവങ്ങൾക്കും താരങ്ങൾക്കും മാത്രമുള്ളത്

മെസ്സി എന്ന മനുഷ്യനെ ഇതിഹാസമാക്കുമ്പോൾ മനുഷ്യരാശിയുടെ മുഴുവൻ കഴിവിനെ, അധ്വാനത്തിനെ അടയാളപ്പെടുത്തലാണ്. മറിച്ച്, ദൈവമാക്കുമ്പോൾ അത്​ മനുഷ്യപ്രതിഭയെ നിരാകരിക്കലാണ്.

മെസ്സിയിൽ നിന്നാണത്രെ കളിക്കളത്തിലെ മിശിഹ ഉണ്ടായത്.

മെസ്സി ആയതുകൊണ്ട് മിശിഹയാകാതെ തരമില്ല പോലും. ചിലർക്ക് മെസ്സിയുടെ തന്നെ മുൻഗാമി മറഡോണയാണ് ദൈവം, ചിലർക്ക് മെസ്സി തന്നെയാണ് ദൈവം. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ ദൈവമായിരുന്നു കളത്തിലിറങ്ങിയിരുന്നത്. കളിക്കളങ്ങളിൽ ഇന്ത്യയ്ക്കന്ന് മറ്റൊരു ദൈവമില്ലായിരുന്നു. ഹോക്കിയിലെ പി.ആർ. ശ്രീജേഷും അത്‌ലറ്റ്‌ നീരജ് ചോപ്രയും ഒരിക്കലും ദൈവങ്ങളാകാൻ പോകുന്നില്ല. ക്രിക്കറ്റിൽ തന്നെ സച്ചിൻ ഒരു അസ്ഹറുദ്ദീനായിരുന്നെങ്കിൽ ദൈവമാകുമായിരുന്നോയെന്നും ഉറപ്പില്ല. കളിപ്രതിഭയിൽ ആർക്കും ഒപ്പമോ മുന്നിലോ ആയ ഫ്രാൻസിന്റെ ആഫ്രിക്കൻ വംശജൻ കിലിയൻ എംബാപ്പെ ഇനി മെസ്സി ആയിരുന്നെങ്കിൽ പോലും ദൈവമാകാൻ തരമില്ല.

അങ്ങനെ ക്രിക്കറ്റിൽ സ്വന്തം ദൈവമുള്ള ഇന്ത്യക്കാർക്കും അതിലെ മലയാളി ദേശത്തിനുമാണ് അന്യദേശത്തുനിന്നൊരു ഫുട്ബാൾ ദൈവം വരുന്നത്. മറ്റു ഫുട്ബാൾ കളികളിലെല്ലാം ആ ദൈവരൂപത്തെ ഒരു മയത്തിനൊക്കെ ആരാധിക്കുന്ന നമ്മൾ കളി ലോകകപ്പ് ആകുന്നതോടെ സർവ ആയുധവുമെടുത്ത് ആ സർവശക്ത ആരാധനക്കുപിന്നാലെ പായും.

ആരാധനയിൽ യുക്തി വേണ്ടതുണ്ടോ?

മെസ്സി ആയതു കൊണ്ട് മിശിഹയാകാതെ തരമില്ല പോലും. ചിലർക്ക് മെസിയുടെ തന്നെ മുൻഗാമി മറഡോണയാണ് ദൈവം, ചിലർക്ക് മെസ്സി തന്നെയാണ് ദൈവം / ചിത്രീകരണം: ദേവപ്രകാശ്

കളിക്കളങ്ങൾ, ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും, രാജകുമാരന്മാർക്കും ദൈവങ്ങൾക്കും താരങ്ങൾക്കുമുള്ളതാണ്. അവിടെ മനുഷ്യരില്ല തന്നെ. അഥവാ അവിടങ്ങളിലെ മനുഷ്യർ (മറ്റു കളിക്കാർ) ദൈവങ്ങളാലും താരങ്ങളാലും പ്രഭയറ്റു പോയവരാണ്, രാജകുമാരന്മാർക്കുമുകളിൽ പേരെടുക്കാൻ കഴിയാതെ പോയവരാണ്. ‘മെസ്സിയെ, സച്ചിനെ എന്തുകൊണ്ടാണ് ദൈവമാക്കാതെ മനുഷ്യപ്രതിഭകളായി കാണൂ’ എന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ഒരു ഫോൺ വിളി വന്നു, മെസ്സി ആരാധകർ നിരാശപ്പെട്ടു എന്നുപറയാൻ. ദൈവം എന്ന് വിളിക്കാത്തതുകൊണ്ട് ഞാനെങ്ങനെ മെസ്സി ആരാധികയല്ലാതെ ആകും?
ദൈവമെന്നത് ‘സോ കേൾഡ്​’ ദൈവം മാത്രമല്ല, ദൈവമെന്നത് deity മാത്രമല്ല, സുപ്രീം പവർ എന്നും അർഥമുണ്ടെന്നും എന്റെ പോസ്റ്റിന്​ കമന്റുകൾ വന്നു.

മനുഷ്യസാധ്യമായ കഴിവുകളെ ദൈവികമാക്കുമ്പോൾ അത്​ മതങ്ങൾ പറഞ്ഞു വച്ചതുപോലൊരു നറേറ്റീവ്​ ഉണ്ടാക്കലാണ്. അത്​ വീണ്ടും വീണ്ടും പറയുമ്പോൾ ആ നറേറ്റീവിനെ തലമുറകളിലേക്ക് പാസ് ചെയ്യുകയാണ്.

ആരാധനയിൽ നിങ്ങൾ സ്വയം എഡിറ്റ് ചെയ്യണോ? എഴുത്തിലെ ഭംഗിക്കല്ലേ ദൈവമെന്നും മിശിഹായെന്നും വിളിക്കുന്നത്? എന്തിനാണ് നിങ്ങൾ ഒരസികയായി ഇതൊക്കെ തിരുത്തുന്നത്? മനുഷ്യനിലാണ് ഇതിന്റെയൊക്കെ ശക്തിയും സൗന്ദര്യവുമെന്നതിനാലാണ്. ഏതുരീതിയിലെ ദൈവവിളിയും വിശേഷണവും ആ മനുഷ്യശക്തിയെ കുറച്ചുകാണലാണ്. ആരാധനയുടെ മൂർത്തീഭാവത്തിലും അതെന്തുകൊണ്ട് മനുഷ്യനായിക്കണ്ട്​ ആയിക്കൂടാ. ഒരു മനുഷ്യനെ മനുഷ്യനായി ആരാധിക്കുന്നതിൽ എന്താണ് കുറച്ചിൽ? മെസ്സി എന്ന മനുഷ്യനെ ഇതിഹാസമാക്കുമ്പോൾ മനുഷ്യരാശിയുടെ മുഴുവൻ കഴിവിനെ, അധ്വാനത്തിനെ അടയാളപ്പെടുത്തലാണ്. മറിച്ച്​, ദൈവമാക്കുമ്പോൾ അത്​ മനുഷ്യപ്രതിഭയെ നിരാകരിക്കലാണ്. സിനിമയിൽ നമ്മുടെ ആരാധനാപാത്രങ്ങളെ താരങ്ങളാക്കുന്നതുപോലത്തെ യുക്തിരഹിതമായ ഒരു ബോധം ഈ നറേറ്റീവിലുമുണ്ട്.

ഏതു രീതിയിലെ ദൈവ വിളിയും വിശേഷണവും ആ മനുഷ്യ ശക്തിയെ കുറച്ചു കാണലാണ്. ആരാധനയുടെ മൂർത്തി ഭാവത്തിലും അതെന്ത് കൊണ്ട് മനുഷ്യനായിക്കണ്ടു ആയിക്കൂടാ

മനുഷ്യസാധ്യമായ കഴിവുകളെ ദൈവികമാക്കുമ്പോൾ അത്​ മതങ്ങൾ പറഞ്ഞുവച്ചതുപോലൊരു നറേറ്റീവ്​ ഉണ്ടാക്കലുമാണ്. അത്​ വീണ്ടും വീണ്ടും പറയുമ്പോൾ ആ നറേറ്റീവിനെ തലമുറകളിലേക്ക് പാസ് ചെയ്യുകയാണ്. ദൈവമായിരുന്നെങ്കിൽ ഒരു കളിയും തോൽക്കരുതായിരുന്നു. എല്ലാ കളിയിലും ഗോൾ അടിക്കണമായിരുന്നു. അപ്പോൾ കുറവുകൾ- imperfection - എന്നത് മനുഷ്യനാണല്ലോ. ആ മനുഷ്യനെയാണ് കളിക്കളത്തിലും പുറത്തും ആഘോഷിക്കേണ്ടത്.

ഫുട്ബാൾ പോലെ ഇത്രയും ഫാൻ ഫോളോവിങ്​ ഉള്ള ഒരു കളിയിൽ മനുഷ്യരായ മനുഷ്യരെ നിഷ്‌കാസനം ചെയ്ത്​ ദൈവങ്ങളെ വാഴിക്കുകയും രാജകുമാരന്മാരെ അവരോധിക്കുകയും ചെയ്യുമ്പോൾ സാധാരണ മനുഷ്യനെല്ലാം താഴേ നിന്ന്​മുകളിലേക്ക് നോക്കുകയേ നിവൃത്തിയുള്ളൂ എന്നൊക്കെയങ്ങ് ഊട്ടിയുറപ്പിക്കലാണ്.

പകരം, മനുഷ്യസാധ്യമായ എല്ലാത്തിനെയും ദൈവത്തെ കൂട്ടുപിടിച്ചു മാത്രം ആനന്ദിക്കുക എന്നത് മനുഷ്യന് ആത്മവിശ്വാസം ഇല്ലാതാക്കലാണ്. ഫുട്ബാൾ പോലെ ഇത്രയും ഫാൻ ഫോളോയിങ്​ ഉള്ള ഒരു കളിയിൽ മനുഷ്യരായ മനുഷ്യരെയും നിഷ്‌കാസനം ചെയ്ത്​ ദൈവങ്ങളെ വാഴിക്കുകയും രാജകുമാരന്മാരെ അവരോധിക്കുകയും ചെയ്യുമ്പോൾ സാധാരണ മനുഷ്യനെല്ലാം താഴേ നിന്ന്​മുകളിലേക്ക് നോക്കുകയേ നിവൃത്തിയുള്ളൂ എന്നൊക്കെയങ്ങ് ഊട്ടിയുറപ്പിക്കലാണ്. മെസ്സി മനുഷ്യസഹജമായ ആനന്ദാതിരേകത്താൽ ലോക കപ്പിനെ ഉമ്മവച്ചു എന്നുപറയുന്നതിൽ എവിടെയാണ് ഭാവുകത്വം കുറയുന്നത്? ‘മൈതാനത്തിനു തീ പിടിച്ചു’, ‘അയാൾ കളിക്കുമ്പോൾ മഞ്ഞുപെയ്തു’ എന്ന തരം അവതരണങ്ങൾ പോലെയല്ല ദൈവമായിരുന്ന മറഡോണയുടെ പിൻഗാമി മെസ്സിയെ മിശിഹയാക്കുന്നത്. എങ്ങനെ പറഞ്ഞാലും ദൈവത്തിന്, മനുഷ്യന് അതീതൻ എന്നൊരു അർഥമേയുള്ളൂ. ആ അർഥത്തിലാണ് കളിയുടെ പേരിലും ‘ഹെയ്​റ്റ്​ ക്രൈമുകൾ’ ഉണ്ടാകുന്നത്. ഒരു മെസ്സി- അർജന്റീന വിമർശകൻ ഫുട്‌ബോൾ വിരുദ്ധനായി മുദ്രകുത്തപ്പെടുന്നത്. അവരെ വിമർശനം കൊണ്ട് നേരിടുന്നതിനുപകരം തെറിവിളി കൊണ്ട് അധിക്ഷേപിക്കുന്നത്. കളിയുടെ വിജയത്തിൽ ആഹ്‌ളാദത്തിനൊപ്പം വയലൻസുണ്ടാകുന്നത്.
​മനുഷ്യരുടെ കളിവിജയങ്ങളിൽ അതിക്രമങ്ങളുണ്ടാകാത്തത്​.

ആരാധിക്കാൻ മാത്രം വിധിക്കപ്പെട്ടവനെന്ന വിധിയിൽ നിന്ന്​ മനുഷ്യൻ മോചിക്കപ്പെടണം.

അധിനിവേശത്തിന്​ വിധേയമാക്കപ്പെട്ട അർജന്റീനയ്ക്കുവേണ്ടി ഫ്രാൻസിനെതിരെ എന്നു നിലവിളിക്കുമ്പോഴും ഈ ‘ഹെയ്​റ്റ്​ ക്രൈ’മിലേക്ക് ഒരു വിരൽ പോകുന്നുണ്ട്. അത്​ കേവലം എഴുത്തുഭംഗിയും കാൽപ്പനികതയും വൈകാരികതയും പറഞ്ഞു പ്രതിരോധിക്കാൻ കഴിയുന്നതല്ല.

ആരാധിക്കാൻ മാത്രം വിധിക്കപ്പെട്ടവനെന്ന വിധിയിൽ നിന്ന്​ മനുഷ്യൻ മോചിക്കപ്പെടണം. അതിന്​ കളിക്കളങ്ങളിലെ ദൈവങ്ങൾക്ക് നമ്മൾ മനുഷ്യരൂപം നൽകണം. ▮

Comments