ത്രില്ലർ എന്ന് പറഞ്ഞാൽ ഇതാണ്. ഓരോ ഫുട്‌ബോൾ ആരാധകനും ശ്വാസം അടക്കിപിടിച്ചു കണ്ട ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീനക്ക് മൂന്നാം ലോകകിരീടം. മെസ്സിയും എംബാപ്പെയും ഡി മരിയയുമെല്ലാം നിറഞ്ഞാടിയ ഫൈനലിൽ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് വിജയം. ഫുട്‌ബോളിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ലെന്ന് പറയുന്നത് ശരിയാണെന്ന് വീണ്ടും തെളിയിച്ചു. മത്സരത്തിന്റെ ആദ്യ വിസിൽ മുതൽ അവസാനവിസിൽ വരെ കണ്ടതിന് ശേഷമേ ആര് വിജയിച്ചെന്ന് തീരുമാനിക്കാനാകൂ. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. സമനിലയിൽ പരിഞ്ഞു.
പത്ത് ഫൈനലിൽ ഒമ്പതും ആദ്യ ഗോൾ നേടിയവർ വിജയിച്ചിരുന്നു എന്ന ചരിത്രം വീണ്ടും ആവർത്തിച്ചു. 2006 ൽ ഫ്രാൻസ് ഒഴിക്കെയുള്ള ടീമെല്ലാം വിജയിച്ചു. ഇറ്റലിയോടാണ് ഫ്രാൻസ് പരാജയപ്പെട്ടിരുന്നത്. വിജയത്തിൽ അർജന്റീന ഡി മരിയയോട് കടപ്പെട്ടിരിക്കുന്നു ആദ്യ പകുതിയിൽ ഡി മരിയയുടെ ഒറ്റയാൻ പ്രകടനമാണ് അർജന്റീനക്ക് ലീഡ് നൽകി കൊടുത്തത്. ഫൈനലിനായി സ്‌കോളോണി ഡി മരിയയെ ഒളിപ്പിച്ചു വെച്ചതായിരുന്നു എന്ന് തോന്നിപ്പോയി. മെസ്സിയുടെ പ്രകടനം എടുത്ത് പറയണം ഒരു പെനാൽറ്റി അടക്കം രണ്ട് ഗോളാണ് നേടിയത്. എംബാപ്പെയുടെ പ്രകടനമാണ് പിന്നെ എടുത്ത് പറയേണ്ടത്. രണ്ട് പെനാൽറ്റി അടക്കം താരം ഹാഡ്രിക്കും നേടി. ഫ്രാൻസിനായി പകരക്കാരായി ഇറങ്ങിയ കോളോ, ടൂറാൻ എന്നിവരും കളത്തിൽ നിറഞ്ഞാടി.
ഇരുപരിശീലകരും തങ്ങളുടെ ഇഷ്ട ശൈലിയിലാണ് ഫൈനലിൽ ടീമുകളെ ഇറക്കിയത്. 4-4-2 ശൈലിയിൽ ഡി മരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി സെമിയിൽ ഇറങ്ങിയ ഇലവനിൽ ഒരു മാറ്റവുമായി ആണ് അർജന്റീന ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും കളിച്ച ഡി മരിയ തുടർന്നുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. 4-2-3-1 എന്ന ദേഷാംപ്‌സെയുടെ സ്ഥിരം ശൈലിയിൽ റാബിയോട്ടിനെയും ഉപമികാനോയെയും ഉൾപ്പെടുത്തി ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങളുമായി ഫ്രാൻസും ഇറങ്ങി. ആദ്യ പകുതിയിൽ ഉടനീളം പന്ത് കൈവശം വച്ചത് അർജന്റീനയായിരുന്നു. വലത് വിങ്ങിൽ കളിച്ചിരുന്ന ഡി മരിയയെ ഇടത് വിങ്ങിൽ കളിപ്പിച്ച് 4-3-3 എന്ന ശൈലിയിലേക്ക് അർജന്റീന തുടക്കം മുതൽ തന്നെ മാറി. മധ്യനിരയിൽ ഡിപോളും എൻസോ ഫെർണാഡസും പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മക്കാലിസ്റ്റർ അറ്റാക്കിംങിന് ശ്രദ്ധചെലുത്തി. അർജന്റീനയുടെ കൈവശം പന്ത് ലഭിക്കുമ്പോൾ ഡി മരിയ ഇടതു വിങ്ങിൽ വൈഡായി കളിച്ചു. മധ്യനിരയിൽ നിന്ന് ഡി മരിയയെ ലക്ഷ്യമാക്കി കൃത്യമായി പന്തുകൾ സ്വിച്ച് ചെയ്ത് നൽകിയതോടെ ഫ്രാൻസ് പ്രതിരോധത്തിന് തലവേദനയായി. ഫ്രാൻസിന്റെ ആക്രമണം മധ്യനിരയിൽ വച്ച് തന്നെ ഡിപോളും എൻസോ ഫെർണാഡസും ചേർന്നു തടഞ്ഞു നിർത്തിയതോടെ അർജന്റീനൻ ഗോൾ കീപ്പർ കാഴ്ചകാരനായി നിന്നു. 23ാം മിനുട്ടിൽ ഡി മരിയയെ ബോക്‌സിനകത്ത് നിന്ന് ഫൗൾ ചെയ്തതിന് അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മെസ്സി പെനാൽറ്റി ഗോളാക്കി മാറ്റി. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ നാലാം പെനാൽറ്റി ഗോൾ. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന പ്രായം ചെന്ന രണ്ടാമത്തെ താരം.
ഗോൾ വഴങ്ങിയതിനെ തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ഫ്രാൻസ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫ്രാൻസ് മധ്യനിര വെറും കാഴ്ചക്കാരായി നിന്നതാണ് ഫ്രാൻസിന് ഗോൾ അവസരം ലഭിക്കാതെ പോയത്. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഗ്രീസ്മാൻ വെറും കാഴ്ചക്കാരനായി. പന്ത് കാലിൽ നിർത്താൻ പോലും ഗ്രീസ്മാന് സാധിച്ചില്ല. 36 -ാം മിനുട്ടിൽ ഡി മരിയയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. മികച്ച ടീം വർക്കിനൊടുവിലായിരുന്നു ഗോൾ. ചാമ്പ്യൻഷിപ്പിലെ മികച്ച ഗോളുകളിൽ ഒന്ന്. കളത്തിൽ എന്താണ് നടക്കുന്നതെന്ന് ദേഷാംപ്‌സെക്ക് മനസ്സിലാകാൻ 40 മിനുട്ട് എടുത്തു. എംബാപ്പെയെ സ്‌ട്രൈക്കറാക്കി ജിറൂദിനെയും ഡെംബലെയേയും പിൻവലിച്ച് ടൂറാനെയും കോലോയെയും ദേഷാംപ്‌സെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിച്ചപ്പോൾ ഫ്രാൻസിന് ഒരു ഷോട്ട്‌പോലും നേടാൻ സാധിച്ചില്ല.
ആദ്യ പകുതിയിൽ അർജന്റീന എവിടെ അവസാനിപ്പിച്ചോ അവിടെ വച്ച് തന്നെ അർജന്റീന ആരംഭിച്ചു. 60 മിനുട്ടിന് ശേഷം ഫ്രാൻസ് മത്സരത്തിലേക്ക് പതിയെ തിരികെയെത്തി. ഫ്രാൻസ് ആക്രമണത്തിന് ശ്രദ്ധകേന്ദീകരിച്ചതോടെ അർജന്റീനൻ ബോക്‌സിലേക്ക് പന്ത് എത്തിതുടങ്ങി. ആവസാന ശ്രമമെന്നോണം 71 -ാം മിനുട്ടിൽ ദേഷാംപ്‌സെ തന്റെ കൈവശമുള്ള താരങ്ങളെ കളത്തിലിറക്കി തുടങ്ങി. ഗ്രീസ്മാനെയും ഹെർണാഡസിനെയും പിൻവലിച്ച് കമവിഗയെയും കൂമണെനും കളത്തിലിറക്കി. 80 -ാം മിനുട്ടിൽ കൊലോയെ ബോക്‌സിൽ ഫൗൾ ചെയ്തതിന് ഫ്രാൻസിന് പെനാൽറ്റി ലഭിച്ചു. എംബാപ്പെ ഗോളാക്കി മാറ്റി. തുർന്നും ആക്രമണം ആവർത്തിച്ച ഫ്രാൻസിന് അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. 97 സെക്കന്റിന് ശേഷം 81 -ാം മിനുട്ടിൽ ഫ്രാൻസ് എംബാപ്പെയുടെ വേൾഡ് ക്ലാസ് ഗോളിൽ സമനിലപിടിച്ചു. ടുറാനും എംബാപ്പെയും നടത്തിയ മികച്ച നീക്കത്തിനൊടുവിൽ എംബാപ്പെ ഒരു വോളിഷോട്ട് എടുക്കുകയായിരുന്നു, ഗോൾ വഴങ്ങിയതോടെ അർജന്റീനൻ താരങ്ങൾ സമ്മർദത്തിലായി. തുടർന്നും എംബാപ്പെക്കും ഫ്രാൻസിനും നിരവധി അവസരങ്ങൾ ലഭിച്ചു ഗോൾ നേടാൻ മാത്രം സാധിച്ചില്ല. അധിക സമയത്തിന്റെ ഏഴാം മിനുട്ടിൽ മെസ്സി തുടുത്ത ഷോട്ട് ലോറിസ് മനോഹരമായി തട്ടി അകറ്റി. 15 മിനുട്ടിന് ശേഷം അർജന്റീനക്ക് ലഭിച്ച എക അവസരമായിരുന്നു അത്. ആദ്യ പകുതിയിൽ കളത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെ നിന്ന ദേഷാംപ്‌സിന്റെ അവസ്ഥയായിരുന്നു സ്‌കോളോനിക്ക് ഉത്തരം ലഭിക്കാതെ നിന്നുപോയി.
അധികസമയത്തിന്റെ ആദ്യ പകുതി അർജന്റീനക്കായിരുന്നു മുൻതൂക്കം. ഗോളെന്ന് ഉറപ്പിച്ച് പകരക്കാരനായി ഇറങ്ങിയ മാർട്ടിനേസ് തുടുത്ത ഷോട്ട് ഉപമികാനോ ഗംഭീരമായി തടഞ്ഞു. തുടർന്നു ലഭിച്ച അവസരം മൊന്റെൽ ഗോൽ ലക്ഷ്യമാക്കി അടിച്ചെങ്കിലും വരാൻ പുറത്തേക്ക് ഹെഡ് ചെയ്തു. 108 -ാം മിനുട്ടിൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും മുന്നിലെത്തി. ഒരു ഹാഫ് ചാൻസാണ് ഗോളാക്കി മാറ്റിയത്. 118-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ എംബാപ്പെ വീണ്ടും സമനില പിടിച്ചു. 1966 ന് ശേഷം ഹാഡ്രിക്ക് നേടിയ താരമായി എംബാപ്പെ മാറി. അവസാന നിമിഷം ഫ്രാൻസിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ഗോൾകീപ്പർ മാർട്ടീനസ് മനോഹരമായി തട്ടി ടീമിന്റെ രക്ഷകനായി.
മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയപ്പോൾ അർജന്റീനൻ ഗോൾകീപ്പർ മാർട്ടിനേസ് വീണ്ടും രക്ഷകനായി. ഫ്രാൻസിന്റെ കൂമൺ, ചൗമേനി എന്നിവർ പെനാൽറ്റി പാഴാക്കി.