മെഡിറ്ററേനിയൻ കടലിൽ ഒമ്പതുമൈൽ മാത്രം അകലെയുള്ള ആഫ്രിക്കയിലെയും യൂറോപ്പിലെയും ‘അയൽക്കാർ’ തമ്മിലുള്ള പോരാട്ടത്തിൽ മോറോക്കോയുടെ വിജയത്തിന് പല മാനങ്ങളുണ്ട്. ക്വാർട്ടർ ഫൈനൽ യോഗ്യത നേടുന്ന ആദ്യ അറബ് ടീം എന്നതുമാത്രമല്ലിത്. ഒരിക്കൽ അടിച്ചമർത്തി ഭരിച്ച അധിനിവേശ ശക്തിക്കെതിരെയെന്നവണ്ണം, ഇഞ്ചിന് വിട്ടുകൊടുക്കാതെ പൊരുതിനേടിയ വിജയം കൂടിയാണിത്.
എങ്ങനെ ലളിതമായി പറഞ്ഞാലും മൊറോക്കോ - സ്‌പെയിൻ ബന്ധം പതിറ്റാണ്ടുകളായി അതീവ സങ്കീർണമാണ്. അതുകൊണ്ടുതന്നെ രാജ്യങ്ങൾക്കപ്പുറത്തേക്ക് വലിയ ജിയോപൊളിറ്റിക്കൽ നിറമതിനുണ്ടിതിന്. 15-ാം നൂറ്റാണ്ടു മുതലുള്ള കോളനിവൽക്കരണത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും, സഹകരണത്തിന്റെയും യുദ്ധത്തിന്റെയും, സംയമനത്തിന്റെയും അക്രമത്തിന്റെയും കെട്ട്പിണഞ്ഞിരിക്കുന്ന ചരിത്രം കൂടിയാണിത്.
ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും വിശാലമായ കൊളോണിയൽ സാമ്രാജ്യങ്ങൾ ഒരുക്കാൻ മുന്നിട്ടിറങ്ങിയ കാലത്ത്, അധിനിവേശ സ്പെയിനിന് അതിന്റെ അവസാന അവശിഷ്ടങ്ങളും നഷ്ടപ്പെടുകയായിരുന്നു. അമേരിക്കയിലും, മറ്റു പലയിടങ്ങളിലും അവർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. കടന്നുകയറിയ സ്ഥലങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പോലെ കവർന്നെടുക്കാൻ പറ്റാത്തതും സ്പെയിനിന്റെ ആണിക്കല്ലിളക്കി. കോളനിയില്ലാത്ത രണ്ടാം തരക്കാർ എന്ന പേര് വേണ്ടെന്ന് കരുതിയതാവാം, സ്പെയിൻ അതിന്റെ അധിനിവേശക്കണ്ണും കാതും തൊട്ടടുത്ത ആഫ്രിക്കൻ രാജ്യമായ മൊറൊക്കയിലേക്ക് തിരിച്ചുവെച്ചു. അൽജീരിയ കീഴ്പ്പെടുത്തിയ ഫ്രാൻസും, ശേഷം സ്പെയിനും അങ്ങനെ മൊറൊക്കയെ കീഴ്പ്പെടുത്തി.
ക്രൂരമായ അധിനിവേശത്തിനെതിരെ മൊറൊക്കാൻ മലയോരവാസികൾ അതിശക്തമായ പോരാട്ടം നടത്തി. വിഖ്യാതമായ സ്പാനിഷ് ആർമിയെ അബ്ദു എൽ - ക്രീമിന്റെ നേതൃത്വത്തിൽ അന്ന് ആ ഗോത്രജനത ഹൃദയം കൊടുത്ത് പോരാടി, പലപ്പോഴും സ്പാനിഷ് സേനയെ നാണം കെടുത്തിവിട്ടു. ഒടുക്കം, ഫ്രാൻസിന്റെ സഹായം കൊണ്ട് സ്പെയിൻ ഈ പോരാട്ടത്തെ അടിച്ചമർത്തി. പൈശാചികമായിരുന്നു അധിനിവേശ സ്പാനിഷ് സേനയുടെ കാട്ടിക്കൂട്ടലുകൾ. രാസയുധങ്ങൾ പ്രയോഗിച്ചും, സ്ത്രീകളെ ഉപദ്രവിച്ചും അവർ ക്രൂരത കാട്ടി. കീഴടങ്ങിയ ആണുങ്ങൾ കൊടും പീഡനത്തിനിരയായി. കണ്ണും മൂക്കും ചെവിയും മുറിച്ചെടുത്താസ്വദിച്ചു സ്പാനിഷ് സേന.
ഒടുക്കം, രണ്ടാം ലോകമഹായുദ്ധശേഷം, 44 വർഷത്തെ അധിനിവേശം 1956ൽ ഫ്രാൻസും സ്പെയിനും അവസാനിപ്പിച്ചു.
എല്ലാ കോളനിവത്കരണവും പോലെ മതവ്യാപനവും, വാണിജ്യവും മൊറോക്കയിലെ അധിനിവേശത്തിന്റെ ലക്ഷ്യമായിരുന്നു. അളവില്ലാത്ത പ്രകൃതിവിഭവസമ്പത്താവട്ടെ മറ്റൊരു കാരണവും. അധിനിവേശം ഏതോ കാലത്ത് കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് പോയെങ്കിലും, മത്സ്യവും ധാതുക്കളും കൊണ്ട് സമ്പന്നമായ മുൻ സ്പാനിഷ് കോളനിയായ വെസ്റ്റേൺ സഹാറയെ സ്പെയിൻ ഇതുവരെയും കൈമാറിയിട്ടില്ല, മൊറോക്കോക്കുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പാനിഷ് എൻക്ലേവുകളായ സിയൂട്ടയും മെലില്ലയും ഇപ്പോഴും ആഫ്രിക്കയിലെ യൂറോപ്യൻ പരമാധികാരത്തിന്റെ അവശിഷ്ടങ്ങളായി ബാക്കിനിൽക്കുകയാണ്. കുടിയേറ്റ വിഷയങ്ങൾ വേറെയും.
ഒരിക്കൽ തങ്ങളെ കൊല്ലാക്കൊല ചെയ്ത അധിനിവേശശക്തിയുടെ പേരിലുള്ള എതിർടീമിനെ കാൽപ്പന്തുകൊണ്ട് തോൽപ്പിച്ചിരിക്കുന്നു മൊറോക്കോ. ബൗനോവിന്റെയും ഹക്കീമിയുടെയും പ്രതിഭയോടൊപ്പം, ഇത് സോഫിയൻ അംരാബാത്തിന്റെ മാസ്റ്റർ ക്ലാസ് കൂടിയാണ്.
"ഒരു ആഫ്രിക്കൻ ടീം ഇതുവരെ ഒരു ലോകകപ്പ് നേടിയിട്ടില്ല, പക്ഷേ നമുക്കതിനു പറ്റും, എന്റെ കളിക്കാർക്ക് ആ സ്വപ്നം കണ്ടുകൂടേ?' സ്പെയിനിനെ നേരിടുന്നതിനുമുമ്പ് മൊറോക്കോ പരിശീലകൻ വാലിദ് റെഗ്രഗുയി പറഞ്ഞ വാക്കുകളാണിത്. ഒരുപക്ഷെ പണ്ട് റിഫ് മലയിലെ ഗോത്രപോരാളികൾ സ്പാനിഷ് സേനയെ ധീരമായി നേരിട്ടതും, പലപ്പോഴും തോൽപിച്ചുവിട്ടതും അദ്ദേഹം ഓർത്തു കാണും. അതിന്റെ ഊർജം അനേകമടങ്ങായി ആ കളിക്കാരുടെ കാലുകളിൽ നിറഞ്ഞുകാണും.