ക്രിസ്റ്റിയാനോ റൊണാൾഡോക്ക് പോലും ആദ്യലൈനപ്പിൽ സ്ഥാനമില്ലാത്ത പേരുകേട്ട താരങ്ങൾ നിറഞ്ഞ പോർച്ചുഗൽ. പ്രതിരോധനത്തിലൂന്നി കളിക്കുന്ന യൂറോപ്യൻ ടീമായ സ്വിറ്റ്‌സർലണ്ടിനെ ആറ് ഗോളുകൾക്ക് തോൽപ്പിച്ചു ക്വർട്ടറിൽ കടന്നവർ. ലോകകപ്പിലുടനീളം വിയർപ്പൊഴുക്കി പൊരുതിക്കളിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന മൊറോക്കോ പക്ഷേ, ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായിരുന്നു.
രണ്ടു ടീമുകളും 4-3-3 -ൽ കളിക്കുമെന്നും പൊടിപാറുമെന്നും പോർച്ചുഗീസുകാർ ഇവരെ ഭയക്കണമെന്നും ഫുട്‍ബോൾ ലോകം പ്രവചിച്ചിരുന്നു. മൊറോക്കോയുടെ പോരാട്ടവീര്യം കണ്ടതോടെ കസബ്‌ളാങ്കയിലെ ചായക്കടകളിൽ മാത്രമല്ല അറബ് - ആഫ്രിക്കൻ ജനത മൊത്തം ഏറെ പ്രതീക്ഷയോടെയാണ് മൊറോക്കൻ കളിക്കാർ ലോകകപ്പിൽ ബൂട്ടകെട്ടിയിറങ്ങുന്ന കളികൾക്കായി കാത്തിരുന്നത്.
ആദ്യപകുതി കരുതലോടെ തുടങ്ങിയെങ്കിലും പതിവുപോലെ പന്ത് കൈക്കലാകുമ്പോഴെല്ലാം മൊറോക്കയുടെ ചെങ്കുപ്പായക്കാർ അതിവേഗം പാസുകൾ കൈമാറി അറ്റാക്ക് ചെയ്തു കളിക്കുന്നതും കാണാമായിരുന്നു. ആദ്യഗോൾ പോർച്ചുഗൽ നേടണമായിരുന്നു, ഇല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരും എന്നുറപ്പായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് 42 -ാം മിനുട്ടിൽ ഏറ്റവും ഭംഗിയുള്ള പ്രോപ്പർ സെന്റർ സ്‌ട്രൈക്കർ ഗോൾ പിറന്നു. ഏറെ വിശ്വാസത്തോടെ പോസ്റ്റിലേക്കെടുത്ത ക്രോസ് സെവിയ്യയുടെ ഒറ്റയാൻ സ്‌ട്രൈക്കർ യൂസുഫ് എൻ നെസെയ്രി പോർച്ചുഗീസ് ഡിഫൻഡർ റൂബൻ ഡിയാസിനെക്കാളും ഗോൾകീപ്പറെക്കാളും വളരെ ഉയരത്തിൽ കുതിച്ചുചാടി വലകുലുക്കി. മൊറോക്കൻ ആർപ്പുവിളിയിൽ ഖത്തർ അൽതുമാമ സ്റ്റേഡിയം കോരിത്തരിച്ചിരിട്ടുണ്ടായിരിക്കും.(1-0).
രണ്ടാം പകുതിയിൽ കാര്യങ്ങൾ എളുപ്പമല്ലെന്നും ഗോൾ നേടാൻ ബുദ്ധിമുട്ടുന്നതും മനസ്സിലായപ്പോഴാകണം റൊണാൾഡോയെ പോലൊരു കളിക്കാരനെ കളത്തിലിറങ്ങേണ്ടതിന്റെയും പ്രതിഭ കാണിക്കേണ്ടതിന്റെയും വിലയറിഞ്ഞിട്ടുണ്ടാകുക. ക്രിസ്റ്റിയാനോ എന്ന പരിചയ സമ്പത്തുള്ള മനുഷ്യനെ കുറച്ചുകൂടി മാനസികമായി ധൈര്യം കൊടുത്തും അംഗീകരിച്ചും ഈ ലോകകപ്പിന് തയ്യാറാക്കാമായിരുന്നു. പോസ്റ്റിനടുത്തു കിട്ടിയ ഒരു ഫ്രീ കിക്ക് അവസരം അദ്ദേഹത്തിന് നൽകാഞ്ഞതും കാണാമായിരുന്നു. എന്ത് തന്നെയായാലും പോർച്ചുഗീസ് കളിക്കാർ അവർക്കാവുന്നതെല്ലാം ചെയ്തിരുന്നു. എങ്ങനെയെങ്കിലും ഗോൾ ചാൻസ് ഉണ്ടാക്കിയെടുത്താൽ വല കാക്കുന്ന യാസീൻ ബോനോ എന്ന ഒരിഞ്ചു വിട്ടുകൊടുക്കാത്ത ഗോൾ കീപ്പറും ടീമിനായി ശ്രദ്ധയോടെ പൊരുതാനുറച്ചു തന്നെ നിലയുറപ്പിച്ചതിനാൽ ഗോൾ അപ്രാപ്ര്യമായി.
കഴിഞ്ഞ കളിയിൽ പരിക്കേറ്റ നബീൽ അഗ്വേർഡ് ഇല്ലാത്തതിനാൽ ജവാദ് യാമിക്കിനൊപ്പമാണ് കാപ്റ്റൻ റൊമെയ്ൻ സൈസ് പ്രതിരോധത്തിനിറങ്ങിയത്. പരിക്കുവെച്ചും ടീമിനായി പൊരുതിയ സൈസ് 57-ാമത്തെ മിനുട്ടിൽ വീണു, പകരമിറങ്ങിയ സെൻട്രൽ ഡിഫൻഡർ അഷ്‌റഫ് ദാരിയെന്ന 23 വയസ്സുകാരനും ഏറെ തിരക്കുപിടിച്ച പ്രതിരോധത്തിലേക്ക് എല്ലാം സമർപ്പിച്ചു തന്നെയിറങ്ങി.
80 -ാമത്തെ മിനുട്ടിൽ കോച്ച് വലിയൊരു സാഹസം കാട്ടിയിരുന്നു. പരിചയ സമ്പന്നരായ അറ്റാക്കിങ് കളിക്കാരായ ഹകീം സിയാച്ചിനെയും, സോഫിയാൻ ബൗഫേലിനെയും ഒരുമിച്ചു പിൻവലിച്ചു. സൈസ് കളം വിടുമ്പോൾ നൽകിയ ക്യാപ്റ്റൻ ബാൻഡ് ഹകീം സിയാച്ച് കൈമാറിയത് മിഡ്ഫീൽഡിൽ എല്ലാവരുടെയും ധൈര്യമായ കമാണ്ടർ ഇൻ ചീഫ് സോഫിയാൻ അംറാബാത്തിനായിരുന്നു. സന്ദേശം വ്യക്തമായിരുന്നു, അവസാന പത്ത് മിനുട്ടിൽ വെറും പത്തു പേരായി ചുരുങ്ങിയെങ്കിലും ഫൈനൽ വിസിൽ സമയമായപ്പോൾ അവർ ശരിക്കും അറ്റ്‍ലസ് സിംഹങ്ങളെ പോലെ കൂട്ടമായി പോർച്ചുഗീസ് പടയെ പിടിച്ചു കെട്ടിയിരുന്നു.
മൊറോക്കൻ കോച്ച് വാലിദ് റെഗ്‌റാഗി ഒരു ട്രഡീഷണൽ പെർഫെക്റ്റ് സ്റ്റോറി എഴുതിവെച്ചിട്ടുണ്ട്. വളരെ അനുസരണയും ധീരതയുമുള്ള കുറെ കഥാപാത്രങ്ങളും. പൊരുതുക, എതിരാളിയെ തടയുക, പന്ത് കൈക്കാലാക്കിയാൽ മുന്നോട്ട് കുതിക്കുക, നഷ്ടപ്പെട്ടാൽ വീണ്ടും കോട്ടകെട്ടുക. കഥാപാത്രങ്ങൾക്ക് മനഃപാഠമാണെല്ലാം.
പന്തുകളി നെഞ്ചോട് ചേർത്ത രാജ്യമായ മൊറോക്കോയിൽ മാത്രമല്ല, ആഫ്രിക്കയിലെയും അറബ് രാജ്യങ്ങളിലെയും ഗ്രാമങ്ങളിലും തെരുവുകളിലുമെല്ലാം മൊറോക്കോ സെമിയിലെത്തിയ ചരിത്ര നേട്ടം ആഘോഷിക്കുന്നുണ്ട്.
ബെൽജിയത്തെ കീഴടക്കി. സ്പാനിഷ് പടയെ നിഷ്ഫലമാക്കി. പോർച്ചുഗീസ് സംഘത്തെ പരാജയപ്പെടുത്തി.
മൊറോക്കോ എന്ന സ്പിരിറ്റഡ് ടീം സെമിയിൽ എതിരാളികളെ കാത്തിരിക്കുന്നു. അപ്പോഴേക്കും കുറെ കളിക്കാർക്ക് പരിക്കുകളിൽ നിന്ന് മോചനം നേടാനുമാകട്ടെ.
Well done Atlas Lions .Mabrook Morocco.