പെലെ പന്തിന്റെ ആത്​മവിദ്യാലയം

പെലെ കളി തുടങ്ങുമ്പോഴുമൊക്കെ പിതാവിന്റെ വാക്കുകൾ ഓർമ്മിച്ചു. ഏത് ആരവത്തിന്റെ മുമ്പിലും ഒരു പന്തിന്റെ പിന്നാലെ അതിന് ചുറ്റും ഒരു ചലനസാമ്രാജ്യം സൃഷ്ടിച്ചുകൊണ്ട് പെട്ടെന്ന് ജയിച്ചുകയറുവാൻ പെലെയെ പ്രേരിപ്പിച്ചത് പിതാവ് പണ്ടുപറഞ്ഞ അനസൂയ വിശുദ്ധമായ വാക്കുകളാണ്.

ട്രസ് കോറകോസ് (Três Coraçõse) എന്ന ചെറുപട്ടണത്തിലെ ബാറു (Bauru) എന്ന വളരെ ചെറിയ ഗ്രാമത്തിലെ റൂബൻ അരൂഡ തെരുവാണ് പെലെയുടെ കളിസ്ഥലം. ആ റോഡ് അവസാനിക്കുന്ന ഒരു കവാടംവരെ പഴയ കാലുറയിൽ തുണികുത്തിനിറച്ച് ചുരുട്ടിയ പന്തിലാണ് പെലെ കളിച്ചുവളർന്നത്. ചെളിയിൽ പുതഞ്ഞ് പന്ത് കനംവെയ്ക്കുമ്പോൾ അതടിച്ചുവീഴ്ത്താൻ പെലെയും കൂട്ടുകാരും വിഷമിക്കും. എങ്കിലും ആ ക്ലേശത്തിനു പിന്നിൽ ഒരു ആനന്ദമുണ്ടായിരുന്നു. അതിലൊരു പരുവപ്പെടലിന്റെ തത്വശാസ്ത്രമുണ്ടായിരുന്നു.

വിശപ്പ് മറക്കാൻ ആ കളി പെലെയ്ക്ക് അനിവാര്യമായിരുന്നു. പിന്നെ പന്തിൽ പെലെ തന്നെ തന്നെ കണ്ടുതുടങ്ങി. പെലെയുടെ പിതാവ് ഡോഡിഞ്ഞോ (Dondinho) പരാജയപ്പെട്ട ഫുട്ബോളറായിരുന്നു. പക്ഷേ കളി ആ രക്തത്തിൽ എപ്പോഴും അലിഞ്ഞുചേർന്നിരുന്നു. അതുകൊണ്ട് ബാറു അത്​ലറ്റിക്​ ക്ലബിൽ പിതാവ് കളിക്കുമ്പോഴെല്ലാം ആ കളികാണാൻ പെലെ അവിടെ ചെന്നിരിക്കും. ചിലപ്പോൾ പെലെയുടെ പിതാവ് കളിയില ഒരു വീഴ്ച വരുത്തിയാൽ കാണികൾ വിളിച്ചുകൂവും. സഭ്യമല്ലാത്ത വാക്കുകൾ പറയും. ആ സ്റ്റാന്റിൽവെച്ച് പെലെ തന്റെ പിതാവിനെ കുറ്റംപറയുന്ന ആളുകൾക്കെതിരെ ആക്രോശിച്ചിട്ടുണ്ട്, വഴക്കുണ്ടാക്കിയിട്ടുണ്ട്.

പക്ഷെ പെലെയുടെ പിതാവ് പറയും; നമ്മൾ അതെല്ലാം കേൾക്കാൻ വിധിക്കപ്പെട്ട ആളുകളാണ്. നമ്മൾ അതുകേൾക്കാനും അതിനോട് പ്രതികരിക്കാനും പോയാൽ, നമ്മൾ തീർച്ചയായിട്ടും ഫുട്ബോളിൽ പരാജയപ്പെടും. നമ്മുടെ കളികളുടെ വഴികൾ അതോടെ അടഞ്ഞുപോകും. നമ്മുടെ നിശ്ചയങ്ങൾക്കൊത്തല്ല കളിവരുന്നത്, നമ്മുടെ ദൃഢനിശ്ചയത്തിനനുസരിച്ച് കളിയെ നമ്മുടെ വരുതിയിൽ കൊണ്ടുവരണം. അതിനെ തകർക്കുന്നതാണ് വഴക്കും അതുപോലെ തന്നെ പൊട്ടിത്തെറിയുമെല്ലാം. കളി ഏകാഗ്രമായി ചെയ്യേണ്ട ഒരു പ്രവൃത്തിയാണ്; സംഗീതം ചെയ്യുമ്പോലെ തന്നെ, എഴുതുന്നതുപോലെ തന്നെ, ഏകാഗ്രമായി ചെയ്യേണ്ട ഒന്നാണ് കളി.

ഈ വാക്കുകൾ വളരെ പ്രവചനാത്മകമായി തോന്നുകയാണ്. പെലെ കളി തുടങ്ങുമ്പോഴുമൊക്കെ പിതാവിന്റെ വാക്കുകൾ ഓർമ്മിച്ചു. ഏത് ആരവത്തിന്റെ മുമ്പിലും ഒരു പന്തിന്റെ പിന്നാലെ അതിന് ചുറ്റും ഒരു ചലനസാമ്രാജ്യം സൃഷ്ടിച്ചുകൊണ്ട് പെട്ടെന്ന് ജയിച്ചുകയറുവാൻ പെലെയെ പ്രേരിപ്പിച്ചത് പിതാവ് പണ്ടുപറഞ്ഞ അനസൂയ വിശുദ്ധമായ വാക്കുകളാണ്.

പെലെ, 1963 ൽ പാരിസിൽ
പെലെ, 1963 ൽ പാരിസിൽ

ആറാമത്തെ വയസായപ്പോഴേക്കും തെരുവിൽ സൂപ്പർസ്റ്റാറായി വളർന്ന ആ കുട്ടിയെ, ആളുകൾ മോളക്ക് എന്നുവിളിച്ചു. മോളക്ക് എന്നുവെച്ചാൽ കുറുമ്പൻ, അല്ലെങ്കിൽ കറുത്തവൻ എന്നൊക്കെയാണ് അർത്ഥം. അന്നത്തെ കാലത്ത് ഓരോ കറുത്തവനും അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു ഫുട്ബോളർ ആവുകയെന്നതുതന്നെയായിരുന്നു. 1902ൽ ബ്രസീലിൽ ആദ്യത്തെ ഫുട്ബോൾ കളി വരുമ്പോൾ കറുത്തവർഗക്കാർക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ മൈതാനം നനയ്ക്കാനും പന്തുകൾകൊണ്ടുകൊടുക്കാനും സഹായം ചെയ്തുകൊടുക്കാനുമൊക്കെ കറുത്തവർ വേണമായിരുന്നു. കറുത്തവർ അങ്ങനെ കണ്ടുപഠിച്ചതാണ് ആ കളി.

ആ കളിയുടെ തത്വശാസ്ത്രം മുഴുവൻ, അതിന്റെ രഹസ്യങ്ങൾ മുഴുവൻ അന്നത്തെ കറുത്തവർ അവരുടെ നെഞ്ചിലേറ്റി നടന്നു. പിന്നീട് 1904 ആയപ്പോഴേക്കും കറുത്തവർക്ക് കളിക്കാമെന്നായപ്പോൾ തങ്ങളുടെ മനസിലുള്ള എല്ലാ സ്വപ്നങ്ങളും പന്തിലേക്ക് ഉള്ളിലേക്ക് കൊണ്ടുവന്നു. പിന്നീട് കറുത്തവരുടെ ഏറ്റവും വലിയ ആശയപ്രചാരണമാർഗമായി കളിമാറി. അങ്ങനെ കളിച്ചുവളർന്ന പെലെയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അദ്ദേഹം ആ ഗ്രാമത്തിൽ നിന്ന് ഒരു ചെറിയ ക്ലബ്ബിലേക്ക് വളർന്ന് പിന്നീട് സാന്റോസിന്റെ പരിശീലന ക്യാമ്പിലെത്തി. സാന്റോസിനുവേണ്ടി കളിതുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ലോകം ശ്രദ്ധിക്കുന്നത്.

ചിലയാളുകൾ പറയുന്നുണ്ട്, അദ്ദേഹത്തെ കണ്ടെടുത്തത് വളാഡ്മിർ ഡി ബ്രിട്ടോ (Waldemar de Brito) എന്ന കളിക്കാരനാണെന്ന്. പക്ഷേ യഥാർത്ഥത്തിൽ ഡിവാനിയെന്ന ഗ്രാമീണനായ പത്രപ്രവർത്തകനാണ് പെലെയുടെ കളി കാണുകയും ഈ കുട്ടി അതിശയിപ്പിക്കുന്ന ഫുട്ബോൾകൊണ്ട് നാളെ ലോകം കീഴടക്കുമെന്ന് പ്രവചിക്കുകയും ചെയ്തത്. നാം ഡിവാനിക്ക് ഒരു നല്ല നമസ്‌കാരം പറയുക. ആ ഡിവാനിയാണ് പെലെയുടെ കഴിവുകളെ ലോകത്തിനു മുമ്പിലേക്ക് കൊണ്ടുവന്നത്.

ദേശീയ ടീം അംഗമായിരുന്ന ഡീ ബ്രിട്ടോ പെലെയിൽ കണ്ടത് ഫുട്ബോളിന്റെ എല്ലാതലങ്ങളും പഠിക്കാൻ വെമ്പിനിൽക്കുന്ന അദമ്യമായ ദാഹമുള്ള കുട്ടിയെയാണ്. ആ കുട്ടിക്ക് അയാൾ പഠിപ്പിച്ചുകൊടുത്തത് ലോകത്തിൽ ഇന്നേവരെ ഒരു കളിക്കാരനും പുതിയ തലമുറയിലെ ഒരു കളിക്കാരന് പഠിപ്പിച്ചുകൊടുക്കാത്ത അപൂർവ്വമായ പാഠങ്ങളാണ്. അതാണ് സിസർകട്ടിന്റെ രഹസ്യങ്ങൾ. പന്ത് ഡ്രിബിൾ ചെയ്യുന്നതിന്റെ രീതി. പന്ത് ട്രാപ്പ് ചെയ്യുന്നതിന്റെ രീതി. എങ്ങനെയാണ് ഡിഫൻഡർമാരെ ഒഴിവാക്കുകയെന്നുളളത്. പെനാൾട്ടി ബോക്സിൽ എങ്ങനെയാണ് കളിയെ നമ്മൾ മാന്വർ ചെയ്യേണ്ടത്, - ഇതെല്ലാം ഒരു പ്രതിഫലവും വാങ്ങാതെ ബ്രിട്ടോ പഠിപ്പിച്ചുകൊടുത്തു. കാരണം ബ്രിട്ടോയ്ക്ക് അറിയാമായിരുന്നു, ഈ പയ്യൻ നാളെ ഒരു തലമുറയുടെ സ്വപ്നങ്ങൾ മുഴുവൻ പേറുന്ന മഹാനായ ഫുട്ബോളർ ആയി തീരുമെന്ന്. പിന്നീട് ബ്രിട്ടോയും പെലെയുടെ സഹപ്രവർത്തകനും കൂട്ടുകാരനുമായ മരിയോ സഗാലൊയുമെല്ലാം വിലയിരുത്തുന്നുണ്ട്​.

ഗരിഞ്ച
ഗരിഞ്ച

ആദ്യകാലത്തെ ഈ പരിശീലനത്തിന്റെ വെളിച്ചത്തിലാണ് മരിയോ സഗാലൊ ലോകത്തിലെ ഏറ്റവും നൈസർഗികതയുള്ള കളിക്കാരനാണ് പെലെയെന്ന് പറഞ്ഞത്. "ഒരുപക്ഷെ ആ നൈസർഗികതയുടെ തോത് അല്പമെങ്കിലും മറ്റൊരു കളിക്കാരനിൽ ഞാൻ കണ്ടിട്ടുള്ളത് ഗരിഞ്ചയിൽ (Garrincha) ആണ്. പക്ഷേ ഗരിഞ്ച തന്റെ കളിയെ ഒരിക്കലും നെഞ്ചോട് ചേർത്ത് പിടിച്ചില്ല. അദ്ദേഹം കളിയിലെ ഒരു ധൂർത്തുപുത്രനായി മാറി. എന്നാൽ പെലെ അങ്ങനെയായിരുന്നില്ല. അയാൾ കളിയെ ഒരു ഉപാസനയായിട്ടുകണ്ടു.

മറ്റൊരു കളിക്കാരനിലും കാണാത്ത വിധത്തിൽ പെലെയിൽ ഫീൽഡ് വിഷനുണ്ടെന്ന് മരിയോ സഗാലൊ പറയുന്നു. കളിക്കളത്തിൽ കളിയെ വായിക്കുന്ന രീതിയാണ് ഫീൽഡ് വിഷൻ. ഒരുപക്ഷേ അത് പെലെയുടെ അളവിൽ മറ്റൊരു കളിക്കാരനിലും സഗാലൊ കണ്ടിട്ടില്ല. കളിക്കളത്തിൽ തന്റെ കൂടെ കളിക്കുന്ന കളിക്കാരുടെ പൊസിഷനും അവരുടെ നീക്കവും ഡ്രിബ്ലിങ്ങും ഏതുപൊസിഷനിലേക്കാണ് പോകുന്നതെന്നും ഒറ്റനോട്ടംകൊണ്ട് പെലെ അറിയും. അതുകൊണ്ട് ഒരുകളിയെ പൂർണമായി വായിച്ചെടുക്കാൻ പെലെയ്ക്ക് കഴിയുന്നു.

പിന്നീട് പെലെയെക്കുറിച്ച് സഗാലൊ പറഞ്ഞ നല്ലൊരു വിശേഷണം അദ്ദേഹത്തിന്റെ ബാലൻസാണ്. ബോൾ കൈയിൽ കിട്ടിക്കഴിഞ്ഞാൽ അതീവ വേഗതയോടെ ആ പന്തിനെ മുന്നോട്ടുകൊണ്ടുപോകാനും വെട്ടിയൊഴിയാനും പന്ത് ഉദ്ദേശിച്ച സ്ഥലത്തുതന്നെ അടിക്കാനും അത് സ്വന്തം കളിക്കാരന്റെ മുമ്പിലേക്ക് ഇട്ടുകൊടുക്കാനും പെലെയ്ക്കുള്ള ബാലൻസ് മറ്റൊരു കളിക്കാരനിലും കണ്ടിട്ടില്ല.

നാലാമതായി അദ്ദേഹം പറയുന്നത് തളരാത്ത കായികശേഷിയുള്ള പെലെ കളിക്കളത്തിൽ സ്പെയ്സ് സൃഷ്ടിക്കുന്ന രീതിയെ കുറിച്ചാണ്. അത് തികച്ചും മാന്ത്രികമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള കാലമാണ്, ജസ്റ്റ് ഫൊണ്ടെയ്നുണ്ട്, റെയ്മെൻ കോപ്പയും ലങ് യാഷീനും ഷിയാസിനോയും ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസർ ബെക്കൻബോവറും കളിക്കുന്ന കാലം. പിന്നെ മറ്റൊരു മാന്തികനായ യോഹാൻ കൈഫുണ്ട്. ഈ കളിക്കാർ എല്ലാവരുമുണ്ടായിരുന്നിട്ടും ഇവരെ മുഴുവൻ പെലെ അതിശയിക്കു ന്നതെന്തുകൊണ്ടാണ്? അവിടെയാണ് പെലെയുടെ സമ്പൂർണമായ സർഗാത്മകത.

സഗാലൊ വിശദീകരിക്കുന്നത് പെലെ ഒരു കംപ്ലീറ്റ് പ്ലെയർ ആണെന്നാണ്. ഒരേസമയം അയാൾ ഗോൾ നേടുന്നു, കൂട്ടുകാർക്ക് അസിസ്റ്റ് ചെയ്യുന്നു, അയാൾ മിഡ്ഫീൽഡിൽ പന്ത് നിയന്ത്രിച്ചു നിർത്തുന്നു, ടീമിന് എങ്ങനെ മുന്നോട്ടുപോകാമെന്ന് ആലോചിക്കുന്നു, അങ്ങനെ കളിക്കളത്തിലെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ബോധ്യം അയാളിൽ അന്തർലീനമാണ്. അതുകൊണ്ട് അയാൾ ഏത് ആങ്കിളിൽ നിന്നും ഗോൾ നേടുന്ന കളിക്കാരനേക്കാൾ ഒരു കളിയെ പൂർണമായി ആഗീരണം ചെയ്ത്, സമ്പൂർണമായി പ്രയോഗത്തിൽ വരുത്തുന്ന ഒരു കണ്ടക്ടറാണ്. അവിടെയാണ് പെലെയുടെ മഹത്വം.

പെലെ എന്തുകൊണ്ടാണ് കാലങ്ങളെ അതിശയിച്ചു നിൽക്കുന്നത് എന്നൊരു ചോദ്യം ഉദിക്കുന്നുണ്ട്. അത് പെലെയെപ്പോലുള്ളൊരു കളിക്കാരൻ വളർന്നുവന്ന സാഹചര്യങ്ങളുടെ പ്രത്യക്ഷ സത്യവാങ്മൂലമാണ്. ഒരു പ്രത്യേക കാലത്തെ അതിജീവിക്കാൻ പെലെയ്ക്ക് കഴിഞ്ഞുവെന്നതാണ്. അടിച്ചമർത്തപ്പെട്ട ജനതയുടെയും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും അതിജീവനത്തിന്റെ രക്ഷാമാർഗമാണ് പെലെ ലോകത്തിന് കാട്ടിക്കൊടുത്തത്.

പെലെ ഒരു വർഗത്തിന്റെയും ഒരുവർണത്തിന്റെയും കളിക്കാരനല്ല. അദ്ദേഹം അർജന്റീനയിലും ഉറുഗ്വേയിലും ചിലിയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ഇതിഹാസമായിരുന്നു. ആഫ്രിക്കയിൽ സാൻറോസ് ടീം കളിക്കാൻ പോയപ്പോൾ നൈജീരിയയിലെ രണ്ട് വിപ്ലവ സംഘങ്ങൾ തമ്മിലുള്ള യുദ്ധം 48 മണിക്കൂർ പിടിച്ചുനിർത്തിയത് പെലെയുടെ കളികാണാൻ വേണ്ടിയായിരുന്നു. അതുകൊണ്ട്, യുദ്ധത്തെപ്പോലും പിടിച്ചുനിർത്താൻ കഴിയുന്ന കളിക്കാരനധീതമായ മാനവികത ആ താരത്തിനുണ്ടെന്ന് നമ്മൾ തിരിച്ചറിയുകയാണ്. കേൾവിശേഷി മാത്രമുള്ള വ്യക്തിമാത്രമല്ല, അതിനേക്കാൾ കൂടുതൽ ലോകമാനവനായ വ്യക്തികൂടിയാണെന്ന് അവിടെ നമ്മൾ തിരിച്ചറിയുകയാണ്.

ഒരു കളിക്കാരൻ ലോകത്തിനു മുമ്പിൽ തന്റെ കളി പ്രദർശിപ്പിക്കുമ്പോഴും എതിർടീമിനെ പരാജയപ്പെടുത്തുമ്പോഴും അയാളുടെ ഉള്ളിലുള്ള നന്മകൾ, ലോകത്തോടുള്ള സമർപ്പണം, സമൂഹത്തോടുള്ള സ്നേഹം, കുട്ടികളോടുള്ള കടപ്പാടുകൾ എല്ലാം പെലെ പാലിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ഫുട്ബോളർ എന്നതിനേക്കാളുപരി പെലെ ഒരു ലോകമാനവനാകുകയാണ്. പെലെ കളിച്ചിരുന്ന കാലത്ത് ആ കളി കണ്ടവരെല്ലാം പറയുന്നത് അത്തരത്തിലുള്ള ഒരു മാന്ത്രിക ഫുട്ബോൾ മറ്റൊരു കളിക്കാരനിലും കണ്ടിട്ടില്ലായെന്നാണ്.

അതുകൊണ്ടാണ് ബെക്കൻ ബോവർ കാലങ്ങളെ അതിശയിക്കുന്ന ഒരേയൊരു കളിക്കാരൻ പെലെ മാത്രമാണെന്ന് പറഞ്ഞത്. പെലെയുടെ മുമ്പിൽ നിൽക്കുമ്പോൾ ഒരു എതിരാളിക്കുപോലും അയാൾ അമാനുഷികനാണെന്ന് തോന്നും.

1970ൽ ഇറ്റലിയുമായി ബ്രസീൽ ലോകകപ്പിന്റെ ഫൈനൽ കളിക്കുമ്പോൾ ബുർണിച്ച് എന്ന ഇറ്റലിയുടെ ഡിഫൻഡർ തലേന്ന് രാത്രി നിരന്തരം ആലോചിച്ച് ഉറപ്പിച്ചുകൊണ്ടിരുന്നു - "പെലെ സാധാരണ മനുഷ്യൻ മാത്രമാണ്, അയാൾ മാംസവും മജ്ജയുമൊക്കെയുള്ള സാധാരണ മനുഷ്യനാണ്, അയാളെ ഞാനെതിർക്കുന്നത് ഒരു കളിക്കാരൻ എന്ന രീതിയിൽ തന്നെയാണ്'

പക്ഷേ മെക്സിക്കോയിൽ കളി തുടങ്ങിയ നിമിഷം മുതൽ ബുർണിച്ചിന്റെ മുമ്പിൽ പെലെ ഒരു അമാനുഷനെപ്പോലെ വളർന്നുവന്നു. പെലെയുടെ അസാമാന്യമായ ഡ്രിബ്ലിങ്ങുകൾ, പന്ത് ട്രാപ്പ് ചെയ്യുന്ന രീതി, നീക്കുന്ന രീതി, അനുപമമായ പാസിങ്ങുകൾ, നൃത്തം ചെയ്യുന്ന ചുവടുകൾ എല്ലാം ബുർണിച്ച് ഒരു സ്വപ്നലോകത്തെന്നപോലെ കണ്ടു. ബുർണിച്ച് പറയുന്നത് ആ കളിയുടെ നിർണായക ഘട്ടങ്ങളിലെല്ലാം പെലെയെ വേണ്ടവിധം മാർക്കു ചെയ്യാൻ വിട്ടുപോയി, താൻ മാർക്കു ചെയ്യുമ്പോഴെല്ലാം അമാനുഷനെയാണ് നേരിടുന്നതെന്ന ചിന്ത തന്നിൽ ഊറിക്കൂടിയിരുന്നുവെന്നാണ് ബുർണിച്ച് അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നത്.

1958ൽ സ്വീഡനിൽ നടന്ന ലോകകപ്പ് ഫൈനലിൽ പെലെ ബ്രസീലിനുവേണ്ടി കളിക്കുമ്പോൾ, ആ ചാമ്പ്യൻഷിപ്പിന്റെ ഏറ്റവുമാദ്യത്തെ മത്സരം അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ സോവിയറ്റ് യൂണിയനെതിരായ ഒരു മാച്ചിൽ പെലെ കളിച്ചു. അടുത്ത മത്സരത്തിൽ വെയ്ൽസിനെതിരെ പെലെയുടെ ആദ്യത്തെ ഗോളുംകണ്ടു. ഫ്രാൻസിനെതിരെ സെമിയിൽ ഹാട്രിക്,

1958ൽ സ്വീഡനിൽ നടന്ന ലോകകപ്പ് ഫൈനലിൽ പെലെ
1958ൽ സ്വീഡനിൽ നടന്ന ലോകകപ്പ് ഫൈനലിൽ പെലെ

സ്വീഡനെതിരെ ഫൈനലിൽ രണ്ട് ഗോൾ, അങ്ങനെ പതിനേഴുകാരനായ പെലെ ആദ്യത്തെ ലോകകപ്പിൽ നാലുമാച്ചിൽ നിന്നായി ആറുഗോൾ നേടി. കറുത്ത ഒരു ചെറുപ്പക്കാരൻ അന്ന് സ്വീഡന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാപാത്രമായി മാറി. ബ്രസീൽ അവിടെ നിന്നാണ് ഒരു ഇതിഹാസ ടീമായി മാറിയത്. 1962ൽ ബ്രസീൽ വീണ്ടും ചാമ്പ്യൻമാരായി മാറി. 1966ൽ പെലെ കളിച്ചെങ്കിലും പരിക്കുമൂലം ബ്രസീൽ ആദ്യറൗണ്ടിൽതന്നെ തോറ്റു.

1970ൽ 29 വയസിൽ കളിക്കാനിറങ്ങിയ പെലെ വീണ്ടും തന്റെ ടീമിനെ ലോകകപ്പിൽ ജേതാക്കളാക്കി. മൂന്നുതവണ ബ്രസീലിനു ലോകകിരീടം, മൂന്നു തവണയും ലോകകിരീടം നേടിയ ടീമിലെ ഏക കളിക്കാരനെന്ന ബഹുമതി പെലെയുടെ ശിരസ്സിൽ ഒരു തൂവലായി. അധികമത്സരമൊന്നും പിന്നീട് അദ്ദേഹം കളിച്ചിട്ടില്ല.

പെലെയെ പിന്നീട് കണ്ടത് കോസ്മോസിന്റെ ബാനറിലാണ്. അദ്ദേഹം അമേരിക്കയിൽ പോയി കോസ്മോസ് ക്ലബിനുവേണ്ടി നാലുവർഷം കളിച്ചു. അത് ജീവിക്കാൻ വേണ്ടിയായിരുന്നെന്ന് അദ്ദേഹം പറയുകയുണ്ടായി. ബ്രസീലിയൻ ഫുട്ബോളിന്റെ ഗുണപരമായിട്ടുള്ള വളർച്ച ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തതിൽ പെലെയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾ 1950ലെ തോൽവി, ഇതൊക്കെ ബ്രസീലിനെ നിരന്തരം വരിഞ്ഞുമുറുക്കുമ്പോൾ 1958ൽ ഈ ദുഃഖങ്ങളെ മറക്കാനുള്ള ഒരു മറുമരുന്നായാണ് ഫുട്ബോൾ വളർന്നുവന്നത്.

പെലെയുടെയും ഗരിഞ്ചയുടെയുമൊക്കെ കാലുകളിലാണ് കറുത്തവരുടെ അടിച്ചമർത്തപ്പെട്ട വാസനകൾക്ക് ഒരു പുതിയ താളവും നിറവും കെെവന്നത്. അങ്ങനെ ഫുട്ബോളിൽ പെലെയും ഗരിഞ്ചയും റോണാൾഡോയും റോണാൾഡിഞ്ഞോയും സീക്കോയും റൊബീഞ്ഞോയുമൊക്കെ സാഹചര്യങ്ങൾക്കെതിരെ പൊരുതിക്കയറിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. പെലെ എവിടെ കളിച്ചാലും മിനസ്ജറാസിലായാലും പോർത്തോ അലിഗ്രയിലായാലും ഫുട്ബോൾകൊണ്ട് ജനങ്ങളെ അയാൾക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

ലോകം മുഴുവൻ ലോക്ക്ഡൗണിന്റെ പിടിയിൽ അമരുമ്പോഴും പെട്ടെന്ന് പെലെയുടെ പിറന്നാൾ നമ്മുടെ മനസിലൊക്കെ ഒരു ആഘോഷമായി മാറുകയാണ്. പെലെ ഭൂമിയിൽ 80 വർഷം പൂർത്തിയാക്കിയിരിക്കുന്നു. പെലെയുടെ ജീവിതം ലോകജനതയുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്. തന്റെ വിജയങ്ങളോടൊപ്പം തന്റെ വീഴ്ചകളും തന്റെ പതനങ്ങളും തന്റെ നഷ്ടങ്ങളും ഒരുപോലെ തുറന്ന പറഞ്ഞ ഫുട്ബോളറാണ് പെലെ. ഒരു ജനതയുടെ വർണവ്യത്യാസങ്ങളെ, വിവേചന ബോധങ്ങളെ, എഴുതപ്പെട്ട നിയമങ്ങളെ നിരന്തരമായി വെല്ലുവിളിച്ചുകൊണ്ട് പന്ത് കളിയുടെ മായികമായ സൗന്ദര്യം മൈതാനത്തിലേക്ക് ആവാഹിച്ച ഒരു മാന്ത്രികനാണ് പെലെ. അതുകൊണ്ട് ബ്രസീലിലെ ഏത് ഗ്രൗണ്ടിലും - മാറക്കാനയിലായും ഫ്ളൂമിനെൻസിലായാലും, സാവോപോളയിലായാലും - പന്തുമായി ഗ്രൗണ്ടിൽ ഇറങ്ങുന്ന നിമിഷം പെട്ടെന്ന് ജനങ്ങൾ വിളിക്കാൻ തുടങ്ങും, ‘ഓ മസ്‌കാര'.

മസ്‌കാരയെന്നാൽ അല്ലയോ ചന്ദ്രമനുഷ്യാ എന്നാണതിനർത്ഥം. ചന്ദ്രനിൽ നിന്നും വന്ന ഫുട്ബോളർ എന്നാണ് ഒരുജനത തന്റെ പ്രിയപ്പെട്ട താരത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് പെലെ തന്റെ കാൽപന്തിലൂടെ ഈ ലോകത്തിന്റെ മുമ്പിൽ പ്രദർശിപ്പിച്ചതെല്ലാം അതിർത്തികൾ കടന്ന് ഭൂഖണ്ഡങ്ങൾ കടന്ന് സമുദ്രങ്ങൾ താണ്ടി അജ്ഞാതമായ എല്ലാ കോണുകളിലേക്കും ഇടങ്ങളിലേക്കും ചെന്നെത്തിയിട്ടുണ്ട്.

അതുകൊണ്ടാണ് അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി എൻട്രീ കിസീജർ നൈജീരിയയിലുള്ള ഒരു തെരുവിൽ നടക്കാൻ ഇറങ്ങിയപ്പോൾ അവിടെ തൂങ്ങിക്കിടന്ന ഏക ചിത്രം പെലെയുടേതായിരുന്നു. പെലെ സാർവ്വലൗകികമായ വികാരമാണ്. ഒരു കറുത്തവന് അടിച്ചേൽപ്പിക്കപ്പെട്ട എല്ലാ നിയമങ്ങളേയും മറികടന്ന് ഈ ഭൂമിയിൽ എങ്ങനെയാണ് കൊടിപ്പടം ഉയർത്തുവാൻ കഴിയുകയെന്നതിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് പെലെ. ആ ജീവിതയാത്രയിൽ കടന്നുവന്ന വഴികളെക്കുറിച്ച് ഏറ്റവും ബോധ്യമുള്ള കളിക്കാരനും അയാൾ തന്നെയായിരുന്നു.

അതുകൊണ്ട് നമുക്ക് പെലെയെ താരതമ്യപ്പെടുത്താൻ മറ്റു പേരുകളില്ല. ബ്രസീലിലെ ഒരു ഫുട്ബോൾ പണ്ഡിതൻ പറഞ്ഞതുപോലെ ലോകത്ത് ഒരു പെലെയെയുള്ളൂ. ലോകത്തൊരു മൊസാർത്തേയുള്ളൂ, ഒരു ലിയാനാർഡോ ഡാവിഞ്ചിയും. ഒരു ഐൻസ്റ്റീനും മാത്രമേയുള്ളൂ. അതുപോലെ ഒരൊറ്റ പെലെ മാത്രം. അദ്ദേഹത്തിന്റെ ഡിക്കോയെന്ന ഓമനപ്പേര് ജനങ്ങൾ ഓർമിക്കുന്നില്ല. എഡ്സൻ അരാന്തസ് ഡോ നാസിമെന്റോ; അദ്ദേഹത്തിന്റെ പേര് ആരും ഓർക്കുന്നില്ല. പക്ഷേ പെലെയെന്ന പേര് പന്തുമായി ചേർത്തുവെക്കുന്ന ഏറ്റവും കൂടുതൽ ഉച്ചരിക്കപ്പെട്ട പദമായി മാറിയിരിക്കുന്നു.

എങ്ങനെയാണ് ഫുട്ബോളിനായി പെലെ ജീവിതം സമർപ്പിച്ചത് എന്നത് വലിയ പാഠപുസ്തകമാണ്. കാൽപ്പന്തിനോടൊപ്പം ഏറ്റവും കൂടുതൽ ഉച്ഛരിക്കപ്പെട്ട പേര് പെലെയെന്നാണ്. ആശയവിനിമയത്തിന്റെ മാർഗങ്ങളായിട്ടുള്ള ലിഖിതരൂപങ്ങളും റേഡിയോയും മാത്രം നിലനിന്നിരുന്ന കാലത്ത് ടെലിവിഷൻ ഇല്ലാത്ത സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് പെലെ ഒരു പന്തുകൊണ്ട് പൊലിച്ചതെല്ലാം ഭൂഖണ്ഡങ്ങളൊക്കെ മറികടന്ന് അത് കാടുകൾക്കപ്പുറം ഗ്രാമങ്ങൾക്കപ്പുറം നഗരങ്ങൾക്കപ്പുറം എത്തിയിട്ടുണ്ട്.

ഇന്നും പെലെയുടെ ഭൂരിഭാഗം കളികളും നാമാരും കണ്ടിട്ടില്ല. സാന്റോസ് ക്ലബ്ബിന്റെ ജൈത്രയാത്രയിൽ പെലെ അടിച്ചിട്ടുള്ള ഗോളുകളുടെ ദൃശ്യങ്ങൾപോലും പലതും ചിത്രീകരിച്ചിട്ടില്ല. റേഡിയോ വിവരണങ്ങളിലും ഓഡിയോ ടേപ്പുകളിലും അച്ചടി മാധ്യമങ്ങളിലും മാത്രമായി പെലെയുടെ ഈ വർണനകൾ ഒതുങ്ങി നിൽക്കുകയാണ്. 1959ൽ റുവേസെവാരിയയിൽ ജൂവൻടൂഡിനെതിരെ പെലെ നേടിയ ഒരൊറ്റ ഗോൾ മാത്രം മതി അദ്ദേഹത്തെ എന്നും ഓർമ്മിക്കാൻ. പക്ഷേ ആ ഗോൾ ലോകം കണ്ടിട്ടില്ല. പവറും ബാലൻസും ഡ്രിബ്ലിങ്ങും ഒരുപോലെ സമന്വയിച്ചതായിരുന്നു ആ ഗോൾ. അതേപ്പറ്റി സാന്റോസ് ക്ലബ്ബിൽ തന്നെ ഒരു രേഖാചിത്രം സൂക്ഷിച്ചിട്ടുണ്ട്. പെലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഗോൾ ഇതാണെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗോൾ ലോകം കണ്ടിട്ടില്ല. ലോകം റേഡിയോ വിവരണങ്ങളിലൂടെ പത്രങ്ങളിലൂടെ ആ കലത്ത് ആ ഗോളിന്റെ വിവരണങ്ങൾ വായിച്ച് മതിമറന്നു.

ഇന്ന് ഫുട്ബോൾ ഒരു വലിയ ഓപ്പറ പോലെയാണ്. ക്ലബ്ബുകളുടെ നിലനിൽപ്പുകൾ താരങ്ങളുടെ കരാറുകളെ ആശ്രയിച്ചിരിക്കുന്നു. ക്ലബ്ബുകളുടെ സ്ഥാപനവത്കരണം ഫുട്ബോളിനെ മാറ്റിമറിച്ചിരിക്കുന്നു. ഫുട്ബോളിൽ കളിക്കാരുടെ കളിമിടുക്ക് മാത്രമല്ല, താരമാർക്കറ്റും പ്രധാന ഘടകമായി മാറിയിരിക്കുന്നു. ടെലിവിഷൻ ഫുട്ബോളിനെ നിയന്ത്രിക്കുന്ന പ്രധാനഘടകമായി മാറിയിരിക്കുന്നു. ഓരോ താരത്തിന്റെയും മൂല്യപരമായ വിപണന സാധ്യതകൾകൂടി മാനേജ്മെന്റ് കണ്ടെത്തുന്നു.

ഫുട്ബോളിന്റെ ദേശീയമായ അടയാളങ്ങൾ പോലും ഇന്ന് പലയിടത്തും നമ്മൾ കാണുന്നില്ല. ആഫ്രിക്കൻ ഫുട്ബോളിന്റെ വന്യത നാളെയുണ്ടാകുമോയെന്ന് നമുക്കെങ്ങനെ പറയാനാവും?. ഏഷ്യൻ ഫുട്ബോളിന്റെ പഴയ പൊടിപ്പുകൾ നമ്മൾ ഇനിയും കാണുമോ. ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തിക്കൊണ്ടിരുന്നത് ഒരുകാലത്ത് അതിന്റെ ഐതിഹാസിക തനിമയാണ്. മണ്ണിന്റെയും സാംബയുടെയുമൊക്കെ താളം ആ ഫുട്ബോളിനുണ്ടായിരുന്നു. അതുകൊണ്ടാണതിനെ ബ്യൂട്ടിഫുൾ ഫുട്ബോൾ അല്ലെങ്കിൽ "ജോഗോബോണിറ്റോ' യെന്ന് പറയുന്നത്.

നെൽസൺ മണ്ഡേലയും പെലെയും
നെൽസൺ മണ്ഡേലയും പെലെയും

ആ കാലത്തിൻറെ അംബാസിഡറാണ് പെലെ. 1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പെലെയെ ഈ നൂറ്റാണ്ടിന്റെ അത്​ലറ്റായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഭൂരിഭാഗം കളികളും കാണാതെ തന്നെ ഒരു കമ്മിറ്റിയാണ് 2000ത്തിൽ നൂറ്റാണ്ടിന്റെ ഫുട്ബോളറായി പെലെയെ അവതരിപ്പിച്ചത്. പെലെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയിൽ നിന്നാണ് അന്ന് ആ അവാർഡ് സ്വീകരിച്ചത്. എന്നിട്ട് പെലെ പറയുകയുണ്ടായി- ‘കളിയെപ്പോഴും ജയിക്കുന്നതിനുവേണ്ടിയാണ്. പക്ഷേ ജീവിതമാണ് പ്രധാനം. അത് നിലനിൽപ്പിനുവേണ്ടിയാണ്. ഞാൻ വിശന്നുകൊണ്ടാണ് കളിച്ചത്. വിശന്നുകൊണ്ട് കളിക്കുമ്പോൾ നിലനിൽപ്പിന്റെ വേദന ഞാൻ അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാവാം മിക്കപ്പോഴും ഞാൻ കളിയിൽ കാണികളെ രസിപ്പിക്കാനാണ് ശ്രമിച്ചത്. അവരുടെ ജീവിതത്തിന്റെ തീഷ്ണമായ യാഥാർത്ഥ്യങ്ങൾക്കിടയിൽ പ്രതിസന്ധികൾക്കിടയിൽ, സംഘർഷങ്ങൾക്കിടയിൽ ഒരല്പം ലാഘവം നൽകാൻ ഒരല്പം സന്തോഷം നൽകാൻ എന്റെ കാലുകൾക്ക് കഴിഞ്ഞുവെന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. ഞാൻ അവരുടെ സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിച്ചത്. അവരിൽ നിന്ന് ബഹുമതികൾ വാങ്ങാനല്ല'.

ഇതാണ് പെലെ അന്നു പറഞ്ഞ വാക്കുകൾ. പെലെയെ പ്രസക്തനാക്കുന്നത് ഈ ഘടകമാണ്. അയാളുടെ മഹത്വരമായ അതിജീവനത്തിന്റെ ഏറ്റവും വലിയ ശാസ്ത്രവും കളിതന്നെയാണ്. ജീവിതത്തിന്റെ സന്ധ്യകളിൽ പെലെ നഗ്‌നനായ ഒരു മനുഷ്യൻ തന്നെയാണ്. കളി ജയിച്ചുകൊണ്ട് അയാൾ കാമുകിമാരെ നേടിയിട്ടുണ്ട്. അവരെ വേർപിരിഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ മക്കൾ വഴിതെറ്റിപ്പോകുന്നത് കണ്ണീരോടെ കണ്ടുനിന്നിട്ടുണ്ട്. ഇതെല്ലാം ലോകത്തോടു തുറന്നുപറഞ്ഞുവെന്നുള്ളതാണ് പെലെയുടെ മനസിന്റെ ഏറ്റവും വലിയ വിശാലത.

ഒരു ഗുഡ് വിൽ അംബാസിഡറായി പെലെ പ്രവർത്തിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മകൻ മയക്കുമരുന്നിന് അടിമയായപ്പോൾ ലോകത്തോട് മാപ്പുപറയാൻ ഒരു നിമിഷംപോലും പെലെ വൈകിയില്ല. കളിയിൽ നൈസർഗികത മാത്രമല്ല, ജീവിതത്തിലെ സത്യസന്ധതയും പെലെയുടെ തൊപ്പിയിൽ ഒരു തൂവലായി നിലനിൽക്കുന്നു. കളിയിലെ നൈസർഗികമായ ഈ ചലനസാമ്രാജ്യത്തിൽ പെലെ ഒരു ചക്രവർത്തിയാണ്.

ജന്മനഗരമായ അദ്ദേഹത്തിന്റെ മിനാസ് ജെറായസിൽ ഒരു പൂർണകായ പ്രതിമയിൽ പെലെ എന്നുപോലും എഴുതിയിട്ടില്ല. അവിടെ എഴുതിയത് ഓ റൈ എന്നാകുന്നു. ഓ റൈ എന്നാൽ ചക്രവർത്തി. വീണ്ടും പ്രത്യാശനൽകാനും നമുക്ക് വീണ്ടും പ്രചോദിപ്പിക്കാനും പെലെ വളരെക്കാലം ജീവിക്കട്ടെ. ഫുട്ബോളും അതിന്റെ മൈതാനങ്ങളും പെലെയെന്നുള്ള പേര് ഹൃദയത്തിൽ കൊത്തി സൂക്ഷിക്കട്ടെ.


Summary: പെലെ കളി തുടങ്ങുമ്പോഴുമൊക്കെ പിതാവിന്റെ വാക്കുകൾ ഓർമ്മിച്ചു. ഏത് ആരവത്തിന്റെ മുമ്പിലും ഒരു പന്തിന്റെ പിന്നാലെ അതിന് ചുറ്റും ഒരു ചലനസാമ്രാജ്യം സൃഷ്ടിച്ചുകൊണ്ട് പെട്ടെന്ന് ജയിച്ചുകയറുവാൻ പെലെയെ പ്രേരിപ്പിച്ചത് പിതാവ് പണ്ടുപറഞ്ഞ അനസൂയ വിശുദ്ധമായ വാക്കുകളാണ്.


Comments