പ്രാന്തൻ ഹിഗ്വിറ്റയുടെ ജന്മദിനമാണിന്ന്

1966 ആഗസ്‌ററ് 27ന് ജനിച്ച മുൻ കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയുടെ ജന്മദിനമാണിന്ന് (2020 ആഗസ്റ്റ് 27). ഗോൾ കീപ്പറായും പ്ലേ മേക്കറായും പെനാൾട്ടി ഫെയിമായും ഫ്രീകിക്ക് വിദഗ്ധനായും നിറഞ്ഞാടിയ ബഹുധർമിയായ ആ കളിക്കാരനെ ഓർക്കുകയാണ് ലോകകപ്പ് ഫുട്‌ബോൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രശസ്ത ഫുട്‌ബോൾ ലേഖകൻ എം.പി. സുരേന്ദ്രൻ, ഒപ്പം, മലയാളിയുടെ വായനയിൽ ഹിഗ്വിറ്റ എന്ന പേരിന് അമരത്വം നൽകിയ എൻ.എസ്. മാധവന്റെ കഥയും ഓർക്കുന്നു

ഹിഗ്വിറ്റയെ ഓർമിക്കുമ്പോൾ വളരെ പെട്ടെന്ന് നമ്മുടെ മനസിൽ രണ്ടു ചിത്രങ്ങളാണ് കടന്നുവരിക. ഒന്ന് ഹിഗ്വിറ്റയുടെ സുപ്രസിദ്ധമായ ആ സ്‌കോർപിയോൺ കിക്ക്. രണ്ടാമത്തേത്, ഹിഗ്വിറ്റ 1990ലെ ലോകകപ്പിൽ വരുത്തിവെച്ച ഭീമമായ ഒരു അബദ്ധം. അദ്ദേഹം പന്ത് കൈകാര്യം ചെയ്യുന്നതിനിടയിൽ ആ പന്ത് തട്ടിയെടുത്ത്, 90ലെ ഏറ്റവും പ്രായം ചെന്ന ലോകകപ്പ് കളിക്കാരനായ കാമറൂണിന്റെ റോജർ മില്ല ഗോളടിച്ച് കൊളംബിയയെ പരാജയപ്പെടുത്തുന്നു. മൂന്നാമത്​ ഒരു ചിത്രമുണ്ട്​; ‘ഹിഗ്വിറ്റ’ എന്ന തലക്കെട്ടിൽ പ്രഖ്യാതമായ എൻ.എസ്. മാധവന്റെ കഥ. ആ കഥയിലും ഹിഗ്വിറ്റയും അദ്ദേഹത്തിന്റെ സ്‌കോർപിയോൺ കിക്കും നിറഞ്ഞുനിൽക്കുന്നു.

ഗോളിമാരിൽ വളരെയധികം മാവെറിക്കുകൾ (maveric) ആയ ഗോളിമാരുണ്ട്. അപൂർവതയുള്ള, അപൂർവ ജന്മങ്ങൾ. ഉദാഹരണത്തിന്, പെട്ടെന്ന് വരുന്നത് ഹിഗ്വിറ്റയുടെ പേരാണെങ്കിലും ആ കൂട്ടത്തിൽ ജർമ്മനിയുടെ ഒലിവർ ഖാനെയും (Oliver kahn) ബ്രസീലിന്റെ റൊസേരിയോ കെനിയേയും (Rógerio Ceni) ചിലയുടെ ജോസ്ലൂവിക് ഖിലാവത്തിനേയുമൊക്കെ ഉൾപ്പെടുത്താം. കാരണം ഈ ഗോളികൾ, ഗോൾ കീപ്പിങ്ങിന്റെ സാമ്പ്രദായിക സ്വഭാവങ്ങളെ പൂർണമായി അട്ടിമറിച്ചവരാണ്. കാരണം, അവർ വെറും ഗോൾ കീപ്പർമാർ മാത്രം ആയിരുന്നില്ല. ഹിഗ്വിറ്റയിലേക്ക് വരുമ്പോൾ അദ്ദേഹമൊരു ഗോൾ കീപ്പറാണോ പ്ലേ മേക്കറാണോ പെനാൾട്ടി ഫെയിമാണോ ഫ്രീകിക്ക് വിദഗ്ധനാണോ എന്നൊക്കെ സംശയം തോന്നാവുന്ന മട്ടിൽ, ബഹുധർമിയായ കളിക്കാരനാണ്. ‘മൾട്ടി ഫങ്ഷണൽ പ്ലെയർ’ എന്നൊക്കെ പറയാം. കാരണം, അദ്ദേഹം ഗോൾവലയം കാക്കുന്നതുപോലെ തന്നെ ബോൾ ജഗ്ഗ്​ൾ ചെയ്ത് ഏറ്റവും പ്രധാനപ്പെട്ട, നിർണായക കളിക്കാരന് എത്തിച്ചുകൊടുക്കുന്ന റോൾ കൂടി നിർവഹിക്കുന്നു. പലപ്പോഴും അദ്ദേഹം ഗോൾവലയം കടന്ന് മുന്നിലേക്ക് നീങ്ങി, ഡിഫന്റർമാരോടൊപ്പം എതിർടീമിന്റെ നീക്കങ്ങൾ തടയുന്ന ഗോൾകീപ്പർ കം സ്വീപ്പർ പ്ലെയർ ആയി മാറുന്നു. ഈ റോളുകളൊക്കെ ഹിഗ്വിറ്റയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട്​ വളരെ അപൂർവ ജന്മമാണ്. ഹിഗ്വിറ്റയെ അവരുടെ നാട്ടുകാർ, കൊളംബിയക്കാർ വിളിക്കുന്നതുതന്നെ ‘എൽലോക്കോ’ എന്നാണ്. ‘എൽലോക്കോ’ എന്നാൽ ഭ്രാന്തൻ എന്ന്​ വിളിക്കാവുന്ന രീതിയിലുള്ള കഥാപാത്രം. നിലതെറ്റിയ അല്ലെങ്കിൽ നിയന്ത്രണം വിട്ട ഒരു മനുഷ്യന്റെ ചേഷ്ടകളും ഭാവങ്ങളും ഒക്കെ പ്രകടിപ്പിക്കുന്ന ഒരാൾ എന്ന നിലയിലാണ്​ ‘എൽലോക്കോ’ എന്ന്​ അവർ വ്യക്തികളെ വിളിക്കാറ്​.

1990 ൽ കൊളംബിയൻ ടീം ലോകകപ്പിൽ കളിക്കാൻ വരുന്നത് വലിയ പ്രതീക്ഷയോടെയാണ്. അതിനുമുമ്പ് ലാറ്റിനമേരിക്കയിൽ കൊളംബിയയ്ക്ക് വലിയ നേട്ടം ഒന്നും തന്നെയില്ല. 1962ലെയാണെന്നു തോന്നുന്നു, റഷ്യയുമായി അവരുടെ മികച്ച കളി ഓർമയിലുണ്ട്. അതിനുശേഷം അവർക്ക് വലിയ നേട്ടം ഫുട്‌ബോളിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ 1990ൽ ചാൾസ് മതുരാനയെന്ന കോച്ച് പരിശീലകനായി വന്നതോടെ ടീമിന്റെ ഘടന മാറിമറിഞ്ഞു. മാത്രമല്ല, ആ ടീമിലേക്ക് ലാറ്റിനമേരിക്കയിലെ ഏറ്റവും നല്ല കളിക്കാരുടെ നിരതന്നെ കടന്നുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ചാൾസ് റിംഗൻ (Rincon) എന്ന പ്ലേമേക്കർ. മറ്റൊരാൾ ആസ്റിയഗ (Usuriaga) എന്ന മുന്നേറ്റക്കാരൻ. നമുക്ക് എല്ലാവർക്കും അറിയാവുന്ന കളിക്കാരൻ ഹിഗ്വിറ്റ തന്നെയാണ്, മൂന്നാമൻ.

വാൾഡർറാമ
വാൾഡർറാമ

കൊളംബിയൻ ടീമിനെ സംബന്ധിച്ച്​കളിയിലവർക്ക് വലിയൊരു ഗതിവേഗം ഉണ്ടാക്കാൻ പറ്റുന്ന കളിക്കാരനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പൊതുവെ ഫുട്‌ബോളിൽ വളരെ അലസനായ കളിക്കാരൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, ഫുട്‌ബോൾ കളിയെ വളരെ ആനന്ദകരമായ കർമമായി കൊണ്ടുനടക്കുന്ന, നേട്ടങ്ങളെക്കാൾ കൂടുതൽ ഫുട്‌ബോളിന്റെ അടിസ്ഥാന തത്വം ആനന്ദിപ്പിക്കുക എന്നതാണെന്ന വാദവുമായി ആനന്ദവാദിയായ പ്ലെയർ ടീമിലേക്ക് വരുന്നത്​. ആ പ്ലെയറാണ് വാൾഡർറാമ (Carlos Valderrama).

വാൾഡർറാമ ടീമിലേക്ക് വന്നതോടെ മതുരാന ടീമിന്റെ ഘടന പരിപൂർണമായി മാറ്റുകയാണ്. അങ്ങനെ കൊളംബിയൻ ടീം ചരിത്രത്തിൽ ഒന്നുമില്ലാത്ത തരത്തിൽ മിഡ്ഫീൽഡിലെ വലിയ ശക്തിയായി മാറുന്നു. ഏറ്റവും മനോഹരമായി മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുന്ന ഒരു പ്ലെയർ ആയി വാൾഡർറാമ. വാസ്തവത്തിൽ 90കളിൽ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച പ്ലെയർ ആണ് കാർലോസ് വാൾഡർറാമ. മാത്രമല്ല, ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ബോൾ കൺട്രോളിങ്ങും വിഖ്യാതമായ, ഒരു സെന്റീമീറ്റർ പോലും തെറ്റാത്ത പാസുകളും, കളിക്കളത്തിൽ നൃത്തതുല്യം എന്നു തോന്നിപ്പിക്കാവുന്ന നീക്കങ്ങളും കൊണ്ട് ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച കളിക്കാരനായി വളർന്ന ഒരാളാണ്. അദ്ദേഹം മിഡ്ഫീൽഡിൽ

ആന്ദ്രെ എസ്‌കോബാർ Photo/FIFA
ആന്ദ്രെ എസ്‌കോബാർ Photo/FIFA

കളിക്കാൻ തുടങ്ങിയതോടെ കൊളംബിയയുടെ കളി, അതുവരെയുള്ളതിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ആക്രമണോത്സുകമായി. അതൊരുവലിയ അറ്റാക്കിങ് ഗെയിം ആയി മാറി. നല്ല ഡിഫൻസ്, അതിനു പിന്നിൽ ഹിഗ്വിറ്റയെപ്പോലെ ഉറച്ച ഗോളി, മുമ്പിൽ നിന്ന് പടനയിക്കാൻ പറ്റുന്ന വിഖ്യാതനായ മിഡ്ഫീൽഡ് മാസ്റ്റർ കാർലോസ് വാൾഡർറാമ. കൂടാതെ, പിന്നിലും മുമ്പിലുമൊക്കെ കളി നിയന്ത്രിക്കാൻ പറ്റുന്ന മറ്റൊരു പ്ലെയർ കൂടിയുണ്ട്- നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ആന്ദ്രെ എസ്‌കോബാർ (Andres Escobar). അദ്ദേഹം സെൻട്രൽ ഡിഫന്റർ ആയിരുന്നു. നിർഭാഗ്യവശാൽ 1994ലെ ലോകകപ്പിൽ അമേരിക്കയ്ക്ക് എതിരായ ഒരു സെൽഫ് ഗോളിന്റെ പേരിൽ എതിരാളികളുടെ വെടിയേറ്റുമരിച്ച ഹതാശനായ കളിക്കാരൻ.

കൊളംബിയയുടെ ഫുട്‌ബോൾ ജാതകത്തെ മാറ്റിമറിച്ച വർഷങ്ങളാണ് 1990- 94 കാലഘട്ടം. ഈ സമയങ്ങളിലെല്ലാം ഹിഗ്വിറ്റ ടീമിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് 1990ൽ ഈ ടീം വളരെ വിജയകരമായി, അവരുടെ ഗ്രൂപ്പിൽ നിന്ന് റൗണ്ട് ഓഫ് സിക്സ്റ്റീൻ എന്നു പറയുന്ന 16 ടീമുകൾ മത്സരിക്കുന്ന നോക്കൗട്ട് റൗണ്ടിലെത്തിയത്​. നോക്കൗട്ടിൽ എത്തുന്നതുവരെ ആ കളിയിൽ ഏറ്റവും നിർണായകമായ കളിക്കാർ ആരൊക്കെയായിരുന്നു? ഗോൾവലയം കാക്കാൻ ഹിഗ്വിറ്റ, സെൻട്രൽ ഡിഫന്ററായി എസ്‌കോബാർ,മിഡ്ഫീൽഡിൽ റിംഗൻ. മിഡ്ഫീൽഡിൽ തന്നെ മിഡ്ഫീൽഡ് മാസ്‌ട്രോയായ കാർലോസ് വാൾഡർറാമ. മുന്നിൽ ആസ്റിയഗ. മികച്ചൊരു ടീം. ഒരേ ശൈലിയിൽ കളിക്കുന്ന ഒരുപാട് കളിക്കാരെ ഒരുപോലെ വാർത്തെടുത്ത ഒരു ഫൈറ്റിങ് ടീം.

നെപ്പോനിയാച്ചി
നെപ്പോനിയാച്ചി

ആ ടീം ഒരു റൗണ്ട് ഓഫ് സിക്സ്റ്റീനിൽ വന്നുപെടുന്നത് കാമറൂണിന്റെ മുമ്പിലാണ്. കാമറൂൺ അക്കാലത്തെ ഏറ്റവും മികച്ച ആഫ്രിക്കൻ ടീമാണ്. ക്യാമറൂണും ഇതുപോലെ പട്ടാളച്ചിട്ടയോടുകൂടി വന്ന ടീമാണ്. നെപ്പോനിയാച്ചിയെന്ന (Nepomnyashchy) ഒരു റഷ്യൻ കോച്ച് ഈ ടീമിനെ പട്ടാളച്ചിട്ടയിലാണ് വാർത്തെടുക്കുന്നത്. ആ ടീം കളിക്കാൻ ഇറങ്ങുമ്പോൾ അതിലെ സബ്സ്​റ്റിറ്റ്യൂട്ട്​ മാത്രമാണ് റോജർ മില (Roger Milla). കാരണം അദ്ദേഹം കളിയുടെ നല്ലകാലങ്ങളൊക്കെ പിന്നിട്ടുകഴിഞ്ഞു. പക്ഷേ 45ാമത്തെ വയസിലും കളിയിൽ നിർണായക മാറ്റം വരുത്താൻ പറ്റുന്ന കാലാളിനെപ്പോലെയാണ് റോജർ മിലയെന്ന് നെപ്പോനിയാച്ചി തിരിച്ചറിയുകയാണ്. അങ്ങനെയാണ് റോജർ മിലയെ നെപ്പോനിയാച്ചി ടീമിലെടുക്കുന്നത്. റോജർ മിലയെ ടീമിലെടുക്കുന്നതിനെ മറ്റുകളിക്കാർ പോലും ആസമയത്ത് എതിർത്തു. പക്ഷേ ആ ടീം കളിയിൽ വളരെ മുന്നോട്ടുവന്നു. ആദ്യമായി റൗണ്ട് സിക്‌സ്റ്റീൻ വരെ കടന്നുവന്നു. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ, ഈ രണ്ടുടീമുകളും പരസ്പരം ഏറ്റുമുട്ടുന്നു എന്ന ഘട്ടത്തിലേക്കെത്തി. അങ്ങനെയാണ് ആ കളി വരുന്നത്.

ആ കളിയിലാണ് ഹിഗ്വിറ്റ ജീവിതത്തിലെ ഏറ്റവും അപകടകരമായ ഒരു വിഡ്ഢിത്തം അല്ലെങ്കിൽ മണ്ടത്തരം ചെയ്യുന്നത്. കളിയുടെ ഏറ്റവും നിർണായക ഘട്ടത്തിൽ ആ കളിയിൽ ഏതുവിധത്തിലായാലും കൊളംബിയ മുന്നോട്ടുപോകും എന്നു തോന്നിച്ച നിമിഷത്തിൽ നിന്ന് കൊളംബിയയുടെ കളി പെട്ടെന്ന് തകിടംമറിച്ചത് ഒറ്റ ആക്ട് കൊണ്ടാണ്- ഗോൾ പോസ്റ്റിലേക്ക് വന്ന ഒരു പന്ത് പതുക്കെ പതുക്കെ പാസ് ചെയ്ത് ഏതോ ഒരു മികച്ച കളിക്കാരന് കൊടുക്കാനുളള ശ്രമത്തിൽ വളരെ പതുങ്ങി വന്നു റോജർ മില; അദ്ദേഹം കളിക്കാനിറങ്ങിയിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ, സബ്സ്​റ്റിറ്റ്യൂട്ടായി. അങ്ങനെ വന്ന് അദ്ദേഹം നേരെ ആ പന്ത് തട്ടിയെടുത്ത് കൊളംബിയൻ പോസ്റ്റിലേക്ക് അടിച്ചു. നിസഹായനായിപ്പോയി ഹിഗ്വിറ്റ. ഹിഗ്വിറ്റയ്ക്ക് ഓടിയെത്താൻ പോലും പറ്റിയില്ല.

നമ്മളെല്ലാം കണ്ടിട്ടുണ്ടാവും, ആ കോർണർ ഫ്‌ളാഗിന്റെ അടുത്തുനിന്ന്​ റോജർ മിലയുടെ വിഖ്യാത നൃത്തം. ആ നൃത്തം ആയിരക്കണക്കിന് കൊളംബിയൻ കാണികളുടെ മനസിൽ ഒരമ്പ് പോലെ തറച്ചുനിന്നിട്ടുണ്ടാവും. കാരണം അത്രയും മാരകമായൊരു പതനമായിരുന്നു. പക്ഷേ ഹിഗ്വിറ്റ നാട്ടിലെത്തിയപ്പോൾ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടുവെന്ന് പറയാം. കാരണം കൊളംബിയൻ ഫുട്‌ബോളിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത, അത് നിയന്ത്രിക്കുന്നത് അധോലോക നായകരാണ് എന്നതാണ്​. പാബ്ലോ എക്‌സോബാർ എന്ന കുപ്രസിദ്ധ മാഫിയ തലവനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വ്യാപാരി. അയാളാണ് മെഡല്യയണിലെ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കണ്ണി. ലോകം മുഴുവൻ അദ്ദേഹത്തിന്റെ തലയ്ക്ക് കോടിക്കണക്കിന് രൂപ വില പറഞ്ഞിരിക്കുമ്പോഴും വേഷപ്രച്ഛന്നനായി വന്ന് കളി കണ്ടയാളാണ് പാബ്ലോ എസ്‌കോബാർ. പാബ്ലോ എസ്‌കോബാറിന്റെ അനുയായികൾ യഥാർത്ഥത്തിൽ അന്ന് ഹിഗ്വിറ്റയെ കൈകാര്യം ചെയ്യേണ്ടതായിരുന്നു, ആന്ദ്രെ എസ്‌കോബാറിനെ കൈകാര്യം ചെയ്തതുപോലെ. പക്ഷേ പാബ്ലോ എസ്‌കോബാറിനെ സംബന്ധിച്ച്​ ഹിഗ്വിറ്റ വേണ്ടപ്പെട്ടവനായിരുന്നതുകൊണ്ട് മാത്രം അദ്ദേഹം ആ റിസ്‌കിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഹിഗ്വിറ്റ തന്റെ ജീവിതത്തിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് ദൂരം സഞ്ചരിക്കുന്നതിനിടെ തനിക്ക് പറ്റിപ്പോയ ഒരുപാട് വീഴ്ചകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ബന്ധം മെഡല്യനിലെ, കൊളംബിയയിലെ ഡ്രഗ് കിങ്‌സുമായി, മയക്കുമരുന്ന് വ്യാപാരികളുമായി ഹിഗ്വിറ്റയ്ക്കുണ്ടായിരുന്നു. പിൽക്കാലത്ത്, എസ്‌കോബാറിനുവേണ്ടിയാണെന്നു തോന്നുന്നു, ഹിഗ്വിറ്റ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പിടിയിലാകുകയും അദ്ദേഹം കോടതിയിൽ വിചാരണ നേരിടുകയും രാഷ്ട്രത്തോട് മാപ്പ് പറയേണ്ടിവരികയും ചെയ്​തു. അത് ഹിഗ്വിറ്റയുടെ രണ്ടാമത്തെ മാപ്പായിരുന്നു.

പാബ്ലോ എസ്‌കോബാർ
പാബ്ലോ എസ്‌കോബാർ

ഹിഗ്വിറ്റയുടെ ഏറ്റവും ആദ്യത്തെ മാപ്പ് ഈ മത്സരത്തിൽ പരാജയപ്പെട്ടശേഷം അദ്ദേഹം കോളംബിയൻ ടി.വിയിൽ നേരിട്ട് വന്ന് പറഞ്ഞതാണ്​; ഇത്​ ത​ന്റെ വീഴ്ചയാണെന്നും ടീമിന്റെ പതനം തന്റെ മാത്രം ഉത്തരവാദിത്തമാണെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതിനു മുമ്പുള്ള ഹിഗ്വിറ്റയുടെ ഒരു ചിത്രം, ലോകമെമ്പാടുമുള്ള കാണികൾക്ക് വിരുന്നേകിയ ഒരു സ്‌കോർപിയോൺ കിക്കാണ്. വെംബ്ലിയിൽ 1989ൽ അദ്ദേഹം കൊളംബിയൻ ടീമിനൊപ്പം ഇംഗ്ലണ്ടുമായി ഒരു പ്രദർശന മത്സരം കളിച്ചു. അവസാനം നേരെ ചീറിപ്പാഞ്ഞുവന്ന ഒരു ലോങ് ബോൾ ഗോൾപോസ്റ്റിന്റെ അതേ വരയിൽ നിന്നുകൊണ്ട് അഭ്യാസിയെപ്പോലെ ചാടി പിൻകാലുകൊണ്ട് ഒരു തേളു കുത്തുന്നതുപോലെ കുത്തിയകറ്റി. ഒരുപക്ഷേ, ലോക ഫുട്‌ബോൾ കണ്ട ഏറ്റവും അത്ഭുതകരവും ഏറ്റവും സ്‌തോഭം നിറഞ്ഞതുമായ ദൃശ്യമായിരുന്നു അത്. അതുകൊണ്ട് ആ സ്‌കോർപിയോൺ കിക്ക് പിൽക്കാലത്ത് വളരെ പ്രസിദ്ധമായ പ്രയോഗമായി മാറി.

1990കളിലെ തോൽവിക്കുശേഷം, 94 വരെ അദ്ദേഹം കളിച്ചിരുന്നെങ്കിലും, ഹിഗ്വിറ്റ വലിയ മത്സരങ്ങളിലൊന്നും കളിക്കുകയുണ്ടായില്ല. 94ൽ ടീം, നേരത്തെ പറഞ്ഞതുപോലെ സെൽഫ് ഗോളിൽ തോറ്റു പുറത്തായി. കൊളംബിയൻ ടീമിന്റെ വലിയൊരു സുവർണകാലം അതോടെ അവസാനിച്ചു. പിന്നീട് ഫുട്‌ബോളിലേക്ക് അവർക്ക് തിരിച്ചുവരാൻ കഴിഞ്ഞത് 2014ലേയും 18ലേയും ലോകകപ്പ് ടീമുകളിലൂടെയാണ്. ഇപ്പോൾ അവർക്ക് മികച്ച ടീം രൂപപ്പെട്ടുവന്നിട്ടുണ്ട്. കൊളംബിയൻ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാലഘട്ടം, 90കളിൽ തുടങ്ങി ഇതുവരെയെത്തിയ കാലഘട്ടമാണ്. അതിൽ നിർണായക സാന്നിധ്യമാണ് ഹിഗ്വിറ്റ.

ഹിഗ്വിറ്റയുടെ വലിയൊരു പ്രത്യേകത ഫ്രീകിക്ക് എടുക്കുന്നതിലുള്ള മികവാണ്. അദ്ദേഹം ഒരു ഗോൾ കീപ്പറുടെ സാധാരണ ധർമം മാത്രമല്ല നിർവഹിച്ചത്. പലപ്പോഴും കളിയിൽ അദ്ദേഹം ഫ്രീകിക്കുകൾ എടുത്തു, പെനാൾട്ടി കിക്കുകൾ എടുക്കുന്ന ടീമിന്റെ പ്രധാന കളിക്കാരനായി മാറി. അങ്ങനെ അദ്ദേഹം വലിയൊരു കളിക്കാരന്റെ എല്ലാവിധത്തിലുമുള്ള വ്യത്യസ്ത ധർമങ്ങൾ നിർവഹിച്ചു. ക്ലബ്ബുകളിൽ കളിക്കുമ്പോൾ പോലും അത് അദ്ദേഹം നിർവഹിച്ചു. ക്ലബ്ബിലെ അധികം കളികളൊന്നും കാണാൻ നമുക്ക് ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അദ്ദേഹം പ്രധാനമായി മെക്‌സിക്കൻ ലീഗിലും കൊളംബിയൻ ലീഗിലുമാണ് കളിച്ചത്. കൊളംബിയൻ ലീഗിൽ അദ്ദേഹം കൂടുതലായും കളിച്ചത് മില്ലനാരിയോസ് എന്ന ക്ലബ്ബിനുവേണ്ടിയാണ്.

ഹിഗ്വിറ്റ, 2007ലെ ചിത്രം
ഹിഗ്വിറ്റ, 2007ലെ ചിത്രം

ഇപ്പോൾ അദ്ദേഹത്തിന് 53 വയസ്​. ഈ പ്രായത്തിലും ഊർജസ്വലതയോടെ ടെലിവിഷൻ കമന്റേറ്ററായി ലോകത്തെമ്പാടുമുണ്ട്. 2018 റഷ്യൻ ലോകകപ്പ് നടക്കുന്ന സമയത്ത് ഹിഗ്വിറ്റയെ നേരിട്ടു കാണുകയുണ്ടായി. ഹിഗ്വിറ്റ ആരാണെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല യഥാർത്ഥത്തിൽ. അപ്പോഴേക്കും മുഖമൊക്കെ മാറി, ശരീരം മെലിഞ്ഞ ഒരാളായി അദ്ദേഹം മാറിയിരുന്നു. പിന്നീടാണ് അത് ഹിഗ്വിറ്റയായിരുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നത്.

ഹിഗ്വിറ്റയെക്കുറിച്ച് ഒരു മലയാളി ആലോചിക്കുമ്പോൾ ഹിഗ്വിറ്റയുടെ കളിചരിത്രത്തിൽ നിന്ന്​ മലയാളത്തിലെ ഒരു കഥാ ചരിത്രത്തിലേക്ക് അത് പതുക്കെ സഞ്ചരിക്കുകയാണ്. എൻ.എസ്. മാധവൻ എഴുതിയ ‘ഹിഗ്വിറ്റ’യെന്ന കഥയുടെ വലിയ പ്രത്യേകത, അത് വലിയ ഒഫൻസ് അല്ലെങ്കിൽ ആക്രമണം എന്നു പറയാവുന്ന, പ്രതിരോധം എന്നു പറയാവുന്ന കളിയുടെ അടിസ്ഥാന തത്വത്തെ കുറച്ചുകൂടി ദൃശ്യവത്കരിക്കുകയാണ്. ശരിക്കു പറഞ്ഞാൽ പ്രതിരോധം എന്നതും ഒരുതരം ആക്രമണമാണ്. നമ്മുടെ സമൂഹത്തിനുനേരെയുള്ള പ്രതിരോധത്തിന്, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം നിലനിർത്തുന്നതിനുവേണ്ടി ഒപ്പം നിൽക്കുന്നയാൾ ചെയ്യുന്ന വലിയ കർമം. അതിനെ ഏറ്റവും ആഘാതകരമായ തലത്തിൽ നോക്കുമ്പോൾ, ‘ഹിഗ്വിറ്റ’ എന്ന കഥ ഫിലോസഫിക്കൽ ആണെന്ന് നമുക്ക് തോന്നാം. അതിനപ്പുറത്തേക്ക് കഥയുടെ മാത്രം ഘടനാചരിത്രം പരിശോധിക്കുമ്പോൾ കാണാനാവുന്നത്, മലയാളത്തിൽ ഏറ്റവും നന്നായി വിഷ്വലൈസ് ചെയ്യപ്പെട്ട ഒരു കഥയാണ്​ അത്​ എന്നാണ്​. ഭാഷയെ ഇത്രത്തോളം വിഷ്വലൈസേഷന് ഉപയോഗിച്ചിട്ടുള്ള മലയാളത്തിലെ കഥാകാരൻ എൻ.എസ്. മാധവനാണ്. മാധവന്റെ കഥാരീതി ആധുനിക സ്‌ക്രിപ്റ്റ് റൈറ്റിങ്ങുമായി ചേർത്തുവെച്ച് വായിക്കുമ്പോഴാണ് ഈ കഥയുടെ മനോഹാരിത മനസിലാവുന്നത്, വാക്കുകളിലൂടെ ദൃശാത്മകമായ അനുഭവം ഉണ്ടാകുകയാണ്​, സ്‌ക്രിപ്റ്റ് റൈറ്റിങ് പോലെ. ‘മണ്ഡോദരി’ എന്ന കഥ, സീൻ ബൈ സീൻ പോലെ ഒരു ദൃശ്യഖണ്ഡത്തിൽ നിന്ന്​ മറ്റൊരു ദൃശ്യഖണ്ഡത്തിലേക്ക് വായിക്കാവുന്ന ഒന്നാണ്. അതിന്റെ ആദ്യത്തെ പരീക്ഷണമാണ് ‘ഹിഗ്വിറ്റ’. കഥയിൽ ഹിഗ്വിറ്റ ഒരു പ്രതീകമാണെങ്കിലും ആ കളിക്കാരനെ ഒരു കഥാപാത്രമായി വികസിപ്പിക്കാനും വായനക്കാരുടെ മനസിൽ ആഴത്തിൽ വീഴ്​ത്താനും കഴിയുന്നത് ഹിഗ്വിറ്റയെന്നു പറയുന്ന ആ ഉജ്ജ്വല പ്രതീകത്തിൽ നിന്നാണ്. ആ ഉജ്ജ്വല പ്രതീകത്തിന്റെ ഉടമ ഇന്നും സജീവമായി കളിക്കളങ്ങളിൽ, ഫുട്‌ബോൾ മത്സരങ്ങളുടെ വിവരണ വേദികളിലൊക്കെ നിലകൊള്ളുന്നു. ഇനിയും അദ്ദേഹം ഫുട്‌ബോളിൽ പുതിയ ഗോളികളെ സൃഷ്ടിക്കുന്ന അമരത്വമാർന്ന പ്രതീകമായി നിലനിൽക്കട്ടെ.


Summary: 1966 ആഗസ്‌ററ് 27ന് ജനിച്ച മുൻ കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയുടെ ജന്മദിനമാണിന്ന് (2020 ആഗസ്റ്റ് 27). ഗോൾ കീപ്പറായും പ്ലേ മേക്കറായും പെനാൾട്ടി ഫെയിമായും ഫ്രീകിക്ക് വിദഗ്ധനായും നിറഞ്ഞാടിയ ബഹുധർമിയായ ആ കളിക്കാരനെ ഓർക്കുകയാണ് ലോകകപ്പ് ഫുട്‌ബോൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രശസ്ത ഫുട്‌ബോൾ ലേഖകൻ എം.പി. സുരേന്ദ്രൻ, ഒപ്പം, മലയാളിയുടെ വായനയിൽ ഹിഗ്വിറ്റ എന്ന പേരിന് അമരത്വം നൽകിയ എൻ.എസ്. മാധവന്റെ കഥയും ഓർക്കുന്നു


Comments