നിലവിലുള്ള റണ്ണേഴ്‌സപ്പായ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ മടങ്ങുമ്പോൾ ആരാധകർ അതിനെ നോക്കിക്കാണുന്നത് എങ്ങനെയാണ് ? അവർക്ക് തീർച്ചയായും ദുഃഖമുണ്ട്. ബ്രസീൽ അതിന്റെ ഉജ്ജ്വലമായ കളികളൊന്നും ഇത്തവണ കളിച്ചില്ലെന്നത് സത്യവുമാണ്. അമിത ആത്മവിശ്വാസം അഹങ്കാരമായി മാറുന്ന നിമിഷങ്ങളും ചിലപ്പോൾ കണ്ടു. ഷൂട്ടൗട്ടിൽ റോഡ്രിഗ്രസിനെ ആദ്യം തന്നെ അയച്ച തീരുമാനത്തിൽ പോലും ഒരു ലാഘവബുദ്ധി കണ്ടു. എതിരാളികളെ അവരുടെ യഥാർത്ഥ വലിപ്പത്തിൽ കാണാൻ കഴിയാത്തത് ഒരു പരിമിതിയാണ്. ബ്രസീൽ ഓരോ തവണയും ലോകകപ്പിനെത്തുന്നത് കിരീടം നേടാൻ വേണ്ടിയാണ്. നന്നായി കളിക്കുക, ചാമ്പ്യന്മാരാവുക. നെയ്മറെ പോലെ ഒരു താരത്തിന്റെ ചിറകിലേറി ലോകം വെട്ടിപ്പിടിക്കുക. അതിൽ എപ്പോഴും ഒരു ബ്രസീലിയൻ സ്പർശം ഉണ്ടായിരിക്കുക. പക്ഷേ ഇത്തവണയും ആ ലക്ഷ്യം പാതിവഴിയിൽ പരാജയപ്പെട്ടു.
2010, 2018, 2022 വർഷങ്ങളിൽ ക്വാർട്ടർ ഫൈനലിലും 2014 ൽ സെമിയിലും ലൂസേഴ്സ് ഫൈനലിലും തോറ്റ ബ്രസീൽ അന്നെല്ലാം ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. 2014 ലെ കരിയർ ട്രാജഡിയിലും ആരാധകർ ചങ്ക് പൊട്ടി നിലവിളിച്ചു. ഈ ലോകകപ്പിനു മുൻപുള്ള ബ്രസീലിന്റെ
വിജയപരമ്പരകൾ (ഗോൾ സ്കോറിങ്ങ് വിസ്മയങ്ങൾ) അവരെ ലോകകപ്പിലെ ഏറ്റവും സാധ്യതയുള്ള നാലാമത്തെയോ അഞ്ചാമത്തെയോ ടീമാക്കി മാറ്റിയിരുന്നു. രണ്ട് ലോക ടീമുകൾ ഉണ്ടാക്കാൻ മാത്രം പ്രഗത്ഭമതികളായ താരങ്ങളും ഉണ്ടായിരുന്നു.
എന്നാൽ ഏത് കളിയും മാറ്റി മറിക്കാൻ കഴിയുന്ന റൊണാൾഡോ - റൊണാൾഡീഞ്ഞോ - റിവാൾഡോ - റോബർട്ടോ കാർലോസ് കെട്ടുറപ്പുകളൊന്നും ഇല്ലായിരുന്നു താനും. എന്നാൽ പോലും തങ്ങളുടേതായ ദിനങ്ങളിൽ ഏത് നിലയിലേക്കുയരാനും കഴിയുന്ന ഒരു പിടി താരങ്ങൾ ഇത്തവണ ബ്രസീലിനുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ ഒഴികെ അവരൊന്നും പറന്നു കളിച്ചതായി കണ്ടില്ല. വിശേഷിച്ച് ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ. എങ്കിലും അവസാന നിമിഷം വരെ മികച്ച പോരാട്ടം അവർ പുറത്തെടുത്തു. ആരാധകരെ അവസാന നിമിഷം വരെ സാധ്യതകളുടെ മുൾമുനയിൽ നിർത്തി. ഒടുവിൽ തോറ്റു. ആദ്യത്തെ നാല് സ്ഥാനങ്ങളിൽ നിന്ന് പുറം തള്ളപ്പെട്ടു. ഒരു പക്ഷേ നെയ്മറുടെ അവസാനത്തെ ലോകകപ്പ് ഗോൾ രേഖപ്പെടുത്തിക്കൊണ്ട് ബ്രസീൽ അവരുടെ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോകുകയാണ്.
ഈ ലോകകപ്പിൽ ബ്രസീലിന് പറ്റിയത് എന്താണ്? ഈ ലോക കപ്പിൽ മാത്രമായല്ല എല്ലാ ലോകകപ്പിലും ബ്രസീലിന് സംഭവിക്കുന്നത് ഒരേ ഒരു കാര്യമാണ്. കാൽപന്തു കളി എന്നാൽ ബുദ്ധിപരവും തന്ത്രപരവുമായ ചെസ് കളിയാണ് എന്നവർ ഒരുകാലത്തും കരുതുന്നില്ല. അവർക്കത് എതിർ ഗോൾ മുഖത്തേക്കുള്ള ചടുലവും സുന്ദരവുമായ മുന്നേറ്റമാണ്. ഫുട്ബോൾ സുന്ദരമായി നെയ്തു കയറുന്ന ചലനങ്ങളാണ്. അതിൽ വ്യക്തിഗത പ്രതിഭയുടെ സകല നൈപുണികളും വിളക്കിച്ചേർക്കപ്പെടേണ്ടതുണ്ട്. ഈ ആക്രമണാത്മക സൗന്ദര്യ ഫുട്ബോൾ അവരുടെ ഏത് കളിയിലും കാണാം. യൂറോപ്പിൽ കളിച്ച് താളം നഷ്ടപ്പെട്ട താരങ്ങൾ പോലും ഈ ഫുട്ബാൾ ജീവിതം തിരിച്ചു പിടിക്കുന്നത് കാണാം. ആരാധകർക്ക് അതാണ് വേണ്ടത്. ഒരു യന്ത്രം പോലെ അവരൊരിക്കലും ഫുട്ബോൾ കളിച്ചിട്ടില്ല. പ്രതിരോധത്തിലൂന്നി ഒരു കളിയിലും കാഴ്ചക്കാരെ വെറുപ്പിച്ചിട്ടില്ല. എത്ര വലിയ തോൽവിയിലും അവർ ആരാധകരെ സാന്ത്വനിപ്പിച്ചത് അടുത്ത ലോകകപ്പിലും നമ്മൾ ഇതിനേക്കാൾ നന്നായി കളിക്കാനായി ഇവിടെയുണ്ടാകും എന്ന ഉറപ്പു കൊടുത്തുകൊണ്ടാണ്. ഇത്തവണ ഒരു ഗോളിന് മുന്നിട്ടു നിൽക്കെ സകല ശേഷിയുമെടുത്ത് പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞിരുന്നെങ്കിൽ ബ്രസീൽ ജയിക്കുമായിരുന്നു എന്ന് അവരുടെ ആരാധകർ പോലും വിചാരിക്കുന്നുണ്ട്. പക്ഷേ, അവസാന നിമിഷം വരെ ഒരു ഗോള് കൂടി അടിക്കാനാണ് ബ്രസീലിയൻ ടീം കളിച്ചത്. അതാണ് ആ ടീമിന്റെ ശക്തിയും ദൗർബല്യവും. അതവരെ തോൽവിയിലേക്ക് മാത്രമല്ല വിസ്മയകരമായ കളിയിലേക്കും കിരീടങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഇത്തവണ തോൽവിയായിരുന്നു. ഇനിയൊരിക്കൽ വിജയവും...
തന്ത്രജ്ഞന്മാർ കളിക്കളത്തിൽ ചെസ് കളിക്കട്ടെ. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ മനോഹരമായ ഫുട്ബോൾ കളി തുടരാം... വരും വർഷങ്ങളിലും
Jogo bonito...