ബ്രഷ്‌നേവിനൊപ്പം വന്നിറങ്ങിയ ലെവ് യാഷീൻ, എന്നെ അമർത്തിപ്പിടിച്ച ആ കൈത്തലം

സോവിയറ്റ് യൂനിയൻ തുണ്ടം തുണ്ടമായി മുറിഞ്ഞുപോയെങ്കിലും, രക്തസ്മരണകളിരമ്പുന്ന വോൾഗയുടെ തീരങ്ങളിൽ ലോകപ്രശസ്ത ഗോൾ കീപ്പർ ലെവ് യാഷീന്റെ പേര് ഇന്നും ഉച്ചത്തിൽ പ്രതിധ്വനിക്കുന്നുണ്ടാവണം. സോവിയറ്റ് ഫുട്ബോൾ പടയുടെ ഈ രക്ഷാഭടനെ വിദ്യാർഥിജീവിതകാലത്ത്​ ഡൽഹിയിൽ നേരിട്ടുകണ്ട ഒരനുഭവം വിവരിക്കുകയാണ് മാധ്യമപ്രവർത്തകനായ ലേഖകൻ. മാർച്ച് 20 ലെവ് യാഷീന്റെ ഓർമദിനമാണ്.

യൂറി ഗഗാറിൻ ബഹിരാകാശത്തിൽ സഞ്ചരിക്കുന്നതിനോളം തുല്യമായൊരു ത്രില്ലാണ് ഒരു പെനാൽട്ടി കിക്ക് സേവ് ചെയ്യുമ്പോൾ ഞാനനുഭവിക്കുന്നത്.
- ലെവ് യാഷീൻ

1973 നവംബർ 26.
ശൈത്യം തൂവൽ കുടഞ്ഞ ഒരു ഡൽഹി പുലർക്കാലം.
ഉഷഃസ്സൂര്യൻ ഉന്മത്തമായി, ഇന്ദ്രപ്രസ്ഥത്തിന്റെ ഇമയനക്കങ്ങളിൽ നേരിയ ഊഷ്മാവ് പകരുന്നുണ്ട്. ചെങ്കോട്ടയുടേയും കുത്തബ് മിനാറിന്റേയും നേരെ മുകളിലാണ് ശിശിരക്കതിരിന്റെ പൊൻതിളക്കം.

വിദ്യാർത്ഥി ജീവിതകാലത്തെ ഈ ഡൽഹി യാത്രയുടെ പിന്നിൽ എന്റെ ഇടതു രാഷ്ട്രീയമുണ്ടായിരുന്നു. ഫിറോസ് ഷാ കോട്‌ലാ മാർഗിനടുത്ത് (ഇന്ന് ഇന്ദ്രജിത് ഗുപ്ത മാർഗ്) സി.പി.ഐ. കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനിലാണ് ഞങ്ങളുടെ ക്യാമ്പ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എ.ഐ.എസ്.എഫ്. പ്രവർത്തകരുടെ രണ്ടു മാസം നീണ്ട പഠനക്യാമ്പിൽ കേരളത്തിൽ നിന്നുള്ള രണ്ടു പ്രതിനിധികളിൽ ഒരാളായിരുന്നു ഞാൻ.
എസ്.എ. ഡാങ്കെ, ഹിരൺ മുഖർജി, സി. രാജേശ്വരറാവു, ഇസഡ് എ. അഹമ്മദ്, മോഹിത് സെൻ തുടങ്ങിയ മഹാരഥന്മാരുടെ രസകരമായ ക്ലാസുകൾ.

അന്ന് ക്ലാസിന് അവധി. ഞങ്ങൾ പാലം വിമാനത്താവളം ലക്ഷ്യമാക്കി ആ രാവിലെ യാത്ര പോകുന്നു. സ്വറ്ററിനേയും തുളച്ച് തണുപ്പിന്റെ സൂചിക്കുത്തുകൾ.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ലിയോണിഡ് ബ്രഷ്നേവിനെ സ്വീകരിക്കാനുള്ള വൻ ജനപ്രവാഹത്തിൽ ഞങ്ങളും അണിചേർന്നു. ഇന്നത്തെ കോൺഗ്രസ് നേതാക്കളായ അംബികാ സോണിയും മോഹൻ ഗോപാലും (ആസൂത്രണ കമീഷനിൽ നിന്ന്​ രാജിവെച്ച സാമ്പത്തിക വിദഗ്ധനും മുൻ കേരള ചീഫ് സെക്രട്ടറിയുമായ എം. ഗോപാലന്റെ മകനാണ് മോഹൻ) ഞങ്ങൾക്ക് മുദ്രാവാക്യം വിളിച്ചുതന്നു.

ഇന്ദിര - ബ്രഷ്നേവ് സിന്ദാബാദ് - (ഞങ്ങളുടെ സംഘത്തിലെ ബിഹാരി സുഹൃത്ത് അതേറ്റു വിളിച്ചതിങ്ങനെ: ഇന്ദിര - ബ്രഷ്നേവ് ജിന്ദബാദ്, ജിന്ദബാദ്....) ഡൽഹിയിലെ റഷ്യൻ വിദ്യാർഥികളുടെ മുദ്രാവാക്യം ഇതായിരുന്നു: ഇന്തോ- സോവിയറ്റ് ദ്രുസ്ബാ, ദ്രൂസ്ബാ.. (ദ്രൂസ്ബാ എന്നാൽ സൗഹൃദം).

സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എയറോഫ്ളോട്ട് വിമാനത്തിന്റെ ഇല്യൂഷൻ -62 പടുകൂറ്റൻ ഫ്‌ളൈറ്റിൽ വന്നിറങ്ങിയ ബ്രഷ്നേവിനും സംഘത്തിനും വൻ സ്വീകരണമാണ് ലഭിച്ചത്. സംഘത്തിലെ സാംസ്‌കാരിക വിനിമയ ഗ്രൂപ്പംഗങ്ങൾക്ക് രണ്ടാം ദിവസം സി.പി.ഐ. ആസ്ഥാനത്ത് വരവേൽപ്പ്​ നൽകി. റഷ്യൻ ബാലെ നർത്തകിമാരും ചിത്രകാരന്മാരും കായികതാരങ്ങളുമടങ്ങുന്ന ആ സംഘത്തിന്റെ തലവൻ ലോകപ്രശസ്ത ഗോൾകീപ്പർ ലെവ് യാഷീനായിരുന്നു. ചുവന്നു തടിച്ച് ഉയരം കൂടിയ ആ സുന്ദരനു ചുറ്റും ഞങ്ങൾ ആഹ്ലാദപൂർവം നിരന്നു നിന്നു. ഓരോരുത്തർക്കും സൗഹൃദത്തിന്റെ വികാരവായ്പ് മുറ്റിനിന്ന ഹസ്തദാനം. നിറസ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെ ആ ഉള്ളംകൈ, ഇന്നും മധുരോദാരമായ ഒരോർമ. അന്ന് പക്ഷേ, ഫുട്‌ബോൾ ഉന്മാദം ചുരത്തുന്ന മലപ്പുറത്തുകാരന്റെ കൗമാരത്തിൽ ലോകപ്രശസ്തനായ ആ ഗോൾകീപ്പറുടെ ചിത്രമില്ലായിരുന്നു. പത്രത്തിന്റെ സ്‌പോർട്‌സ് പേജുകളിൽ നിന്ന് കേട്ടറിഞ്ഞ പ്രശസ്ത ഗോൾകീപ്പർമാരായി മനസ്സിൽ നിറഞ്ഞ പേരുകൾ: മുസ്തഫ, പീറ്റർ തങ്കരാജ്, ജീത് ബഹദൂർ, വിക്ടർ മഞ്ഞില....

ലെവ് യാഷിനെക്കുറിച്ച് കൂടുതലൊന്നുമറിയാത്ത അക്കാലത്തെ ആ ക്ഷണികപരിചയം, അതീവ ഹൃദ്യമായേക്കാവുന്ന ഒരു ഫീച്ചറിന്റെ സാധ്യതകളെ നിരാകരിച്ചത് ഇന്നുമൊരു സ്വകാര്യദുഃഖം.

ലെവ് യാഷീൻ

ലെവ് യാഷിനെക്കുറിച്ച് പിൽക്കാല കളിയെഴുത്തുകാരിൽ നിന്നാണ് കൂടുതൽ അറിഞ്ഞത്. എന്നേയും സുഹൃത്ത് ഉണ്ണിക്കൃഷ്ണനേയും അമർത്തിപ്പിടിച്ച ആ കൈത്തലം ലോകഫുട്ബോളിന്റെ ഹൃദയമിടിപ്പുകളെ ഏറെക്കാലം നിയന്ത്രിച്ച "സ്വർണക്കൈ’കളായിരുന്നുവെന്ന് പിന്നെയും കുറച്ചുനാളുകഴിഞ്ഞാണ് അറിയുന്നത്.

ഗോൾമുഖം തേടിയെത്തുന്ന പന്തുകളെ പറന്നും നീന്തിയും സേവ് ചെയ്ത കൈകളായിരുന്നുവല്ലോ അത്. സോവിയറ്റ് യൂണിയനിലെ ഏറ്റവും നല്ല കായിക താരമെന്ന അപൂർവ ബഹുമതിയും "ഓർഡർ ഓഫ് ലെനിൻ' എന്ന അത്യുന്നത പുരസ്‌കാരവും ലെവ് യാഷീന്റെ തൊപ്പിയിലെ സ്വർണത്തൂവലുകൾ.
ചിന്തകൾക്ക് നിറം ചുവപ്പായിരുന്നെങ്കിലും ലെവ് യാഷീന്റെ ജഴ്സി കറുപ്പായിരുന്നു. അതുകൊണ്ടുതന്നെ "കറുത്ത നീരാളി' യെന്നൊരു വിളിപ്പേര് അയാൾക്കു വീണു കിട്ടി. ബ്ലാക്ക് ഒക്ടോപ്പസ്, ബ്ലാക്ക് പാന്തർ, ബ്ലാക്ക് സ്‌പൈഡർ എന്നൊക്കെ പാശ്ചാത്യ- പൗരസ്ത്യ കളിയെഴുത്തുകാർ യാഷീനെ വിശേഷിപ്പിച്ചു.

1954 മുതൽ '67 വരെ പതിമൂന്നു കൊല്ലം സോവിയറ്റ് യൂനിയന്റെ ഗോൾവലയം കാത്ത ലെവ് യാഷീൻ പെനാൽട്ടി വൃത്തത്തിലെ മുടിചൂടാമന്നനായിരുന്നു. ആ പ്രതിരോധം, റഷ്യൻ പാറ്റൺ ടാങ്കുകളെയും പിന്നിലാക്കാൻ പോന്നതായിരുന്നു. എക്കാലത്തെയും മികച്ച കളിക്കാർക്കായുള്ള ഫിഫയുടെ കണക്കെടുപ്പിൽ പതിനൊന്നാമനായി പ്രഗത്ഭർ എണ്ണിയ ലെവ് യാഷീൻ മൂന്നു ലോകകപ്പുകളിൽ ബൂട്ട് കെട്ടി. മികച്ച യൂറോപ്യൻ കളിക്കാരനുള്ള ബഹുമതി പലതവണ അദ്ദേഹത്തെ തേടിയെത്തി.

1929 ലെ ശൈത്യകാലത്ത് മോസ്‌കോയിലെ ഒരു വർക്ക്ഷോപ്പ് ജീവനക്കാരന്റെ മകനായിപ്പിറന്ന ലെവ് യാഷീന്റെ ബാല്യം കരിഓയിൽ പടർന്ന് കറുത്തതായിരുന്നു. ഇല്ലായ്മയുടെ ശോകഛവി പുരണ്ട കുട്ടിക്കാലം. ദാരിദ്ര്യം വിട്ടൊഴിഞ്ഞില്ല. ഏഴാം വയസ്സിൽ ജീവിതസമരം ആരംഭിച്ച യാഷീന്റെ അസാധാരണ പൊക്കം കണ്ട് കൂട്ടുകാർ കളിയാക്കി: ദേ, ഈഫൽ ഗോപുരം പോകുന്നു!

യാഷീൻ, 1960ലെ ചിത്രം

യാഷീൻ അതു കേട്ട് പതറിയില്ല. ചെറുപ്പത്തിലേ പട്ടാളത്തിൽ ചേർന്നു. ഓട്ടവും ചാട്ടവും ഐസ് ഹോക്കിയുമൊക്കെ പരിശീലിച്ച് മികച്ച സ്പോർട്സ് താരമായി, ഗോൾ വലയം കാക്കാനുള്ള നിയോഗം ലഭിച്ചത് പ്രസിദ്ധമായ മോസ്‌കോ ഡൈനാമോസ് വഴിയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട്​ ബെഞ്ചിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടിയതോടെ ഐസ് ഹോക്കിയിലേക്ക് തിരിച്ചുപോകണമെന്ന് ഇടയ്ക്ക് യാഷീൻ ആലോചിച്ചതായിരുന്നു. പക്ഷെ കിട്ടിയ അവസരം ഈ അതികായൻ മുതലാക്കി. 1956 ലെ മെൽബൺ ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ സോവിയറ്റ് ടീമിന്റെ വലയം കാത്തത് യാഷീനായിരുന്നു. എതിർനിരയിൽ നിന്ന് ചീറിയെത്തുന്ന ഏതു ഷോട്ടുകളും യാഷീൻ അതീവ ചാരുതയോടെ തന്റെ കൊക്കിലൊതുക്കി.

1958, 62, 66 ലോകകപ്പുകളിൽ സി.സി.സി.പി. (യു.എസ്.എസ്.ആർ.) എന്ന് മുദ്രണം ചെയ്ത കടുംചുവപ്പ് ജഴ്സിയണിഞ്ഞ സോവിയറ്റ് ടീമിന്റെ രക്ഷാഭടൻ കറുത്ത നീളൻ കുപ്പായമിട്ട ലെവ് യാഷീനായിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിൽ സോവിയറ്റ് യൂനിയനെ സെമിയിലേക്ക് നയിച്ചത് ലെവ് യാഷീന്റെ അപൂർവ സേവുകളായിരുന്നുവെന്നത് ചരിത്രം.

150 പെനാൽട്ടി കിക്കുകൾ പൂത്തളികയിലെന്ന പോലെ അനായാസം പിടിച്ച അപൂർവ റെക്കോർഡ് യാഷീന് സ്വന്തം. ഒരു ലക്ഷം പ്രേക്ഷകരെ സാക്ഷിനിർത്തി മോസ്‌കോ ലെനിൻ സ്റ്റേഡിയത്തിൽ നടന്ന ഫിഫ മാച്ചിലാണ് യാഷീൻ അവസാനമായി ഗോൾവലയം കാത്തത്. ഫുട്ബോൾ ചക്രവർത്തിമാരായ പെലെയും ബെക്കൻബവറും യാഷീന്റെ അവസാന പ്രകടനം കാണാനെത്തി. അവിടെ വെച്ചാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി, ലെവ് യാഷീന് ഓർഡർ ഓഫ് ലെനിൻ ബഹുമതി സമ്മാനിച്ചത്. വസീലി ചിംഗിൻസ്‌കി സംവിധാനം ചെയ്ത എന്റെ സ്വപ്‌നങ്ങളിലെ ഗോളി എന്ന സിനിമ, ലെവ് യാഷീന്റെ കളിജീവിതം അതീവ ഹൃദ്യമായി ദൃശ്യവൽക്കരിക്കുന്നുണ്ട്.

ലവ് യാഷീൻ (വലതേ അറ്റത്ത്) 1958ലെ ലോകകപ്പ് വേളയിൽ

കളിക്കിടെ പരിക്കുപറ്റിയതിനെത്തുടർന്ന് പിന്നീട് ഒരു കാൽ മുറിച്ചു മാറ്റേണ്ടിവന്ന, സോവിയറ്റ് ഫുട്‌ബോൾ പടയുടെ ഈ രക്ഷാഭടന്റെ ജീവിതത്തിന് 1990 മാർച്ച് 20 ന് വിധി ലോംഗ് വിസിൽ മുഴക്കി. മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ പുരസ്‌കാരം ഇന്നും യാഷീന്റെ പേരിലാണ് അറിയപ്പെടുന്നത്. സോവിയറ്റ് യൂനിയൻ തുണ്ടം തുണ്ടമായി മുറിഞ്ഞു പോയെങ്കിലും, രക്തസ്മരണകളിരമ്പുന്ന വോൾഗയുടെ തീരങ്ങളിൽ ലെവ് യാഷീന്റെ പേര് ഇന്നും ഉച്ചത്തിൽ പ്രതിധ്വനിക്കുന്നുണ്ടാവണം.

ഡൽഹി അജയ്ഭവനിൽ കാന്റീൻ നടത്തിയിരുന്ന ചെങ്ങന്നൂർക്കാരൻ സഖാവ് രാജൻ സ്നേഹപൂർവം നൽകിയ ചുവന്ന റോസാദളങ്ങളിൽ തഴുകി ലെവ് യാഷീൻ അന്ന് മന്ത്രിച്ചതിങ്ങനെയായിരുന്നു; കോമ്രേഡ്, ഈ ചങ്ങാത്തം എന്നും നിലനിൽക്കട്ടെ.

ഹിഗ്വിറ്റയും ഷിലാവർട്ടും ബാർത്തേസും ജോർജ് കാംപോസുമൊക്കെ ചരിത്രം രചിച്ച നിരവധി ഗോൾപോസ്റ്റുകളുടെ കാവൽമാടങ്ങൾക്ക് ലെവ് യാഷീന്റെ ഇരമ്പുന്ന കേളീസ്മരണകൾ ഉൻമാദം ചുരത്തുമെന്നുറപ്പ്.

Comments