ഫുട്​ബോൾ ചരിത്രത്തിലുണ്ടായിരിക്കും ഇനി, സമുറായ് ബ്ലൂ

ഏതൊക്കെയോ രാജ്യങ്ങളിൽ തോൽവിക്കുശേഷം കലാപമെന്ന വാർത്ത കേട്ടപ്പോൾ, യാതൊരു വിധ പാരമ്പര്യഭാരവുമില്ലാത്ത ജപ്പാൻ ലോകോത്തര ടീമുകളോട് മത്സരിക്കുന്നതിലും വലിയ അഭിമാനം എന്തുണ്ടെന്നുചോദിച്ചത്, എന്റെ ജാപ്പനീസ് സോക്കർ ആരാധകനായ കൂട്ടുകാരനാണ്. തോറ്റതിന് രാജ്യത്തെ ആരാധകരോട് മാപ്പു ചോദിച്ച ഇരുപതുകാരുൾപ്പടെയുള്ള താരങ്ങൾ "ഇതുവരെ നേടിയതൊന്നുമല്ല, നാളെ ചരിത്രത്തിലൊരു പുതിയ ഏട്‌ സൃഷ്ടിക്കുമെന്ന്’ പ്രതിജ്ഞയെടുക്കുന്നത് കാണുമ്പോൾ അത്ഭുതം. ജപ്പാനിൽനിന്ന്​ നസീ മേലേതിൽ എഴുതുന്നു

1998-ലെ ഫ്രാൻസ് ലോകകപ്പിലേക്കാണ് ചരിത്രത്തിലാദ്യമായി ജപ്പാൻ യോഗ്യത നേടുന്നത്. 2022 ലേത് സമുറായ് ബ്ലൂവിന്റെ ഏഴാമത്തെ ലോകകപ്പായിരുന്നു. ഗ്രൂപ്പ് കടമ്പ കടന്ന് ആദ്യ 16-ൽ സ്ഥാനം പിടിക്കുന്നത് 2002നും 2010നും 2018നും ശേഷം ഇത് നാലാം തവണയാണ്. ആദ്യ എട്ടിൽ സ്ഥാനം പിടിക്കുകയെന്ന വലിയ സ്വപ്നം ക്രൊയേഷ്യക്കെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ എരിഞ്ഞടങ്ങിയെങ്കിലും ഫുട്ബോൾ; ഖത്തർ ലോകകപ്പിനുമുമ്പും ശേഷവുമെന്ന് സമുറായ് ബ്ലൂവിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് നിസ്സംശയം പറയാം.

ഇത്തവണ ലോക ഫുട്ബോൾ വമ്പന്മാരുൾപ്പെട്ട ഗ്രൂപ്പ് ഇ ഒരുതരത്തിൽ ജപ്പാന് മരണഗണമാണെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ലോക ചാമ്പ്യന്മാരായ ജർമനിയെയും സ്​പെയിനിനെയും തോൽപ്പിച്ച്​ ത്രസിപ്പിക്കുന്ന കളിക്കാഴ്ചകൾ സമ്മാനിച്ച്​ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക് കടന്നത്. ജർമനിക്കെതിരെ റിത്സു ദോഅനും തകുമ അസാനോയും നേടിയ ഗോളുകളും, സ്പെയിനിനെതിരെ വീണ്ടും റിത്സു ദോഅനും ആഓ തനകയും നേടിയ ഗോളുകളും, ഗോൾകീപ്പർ ഷുയ്ചി ഗോൻഡയുടെ അസാധ്യ സേവുകളും, ഒത്തിണക്കത്തോടെ അവസാന നിമിഷം വരെ കൈവെടിയാത്ത കളിവീര്യവും. ജാപ്പനീസ് സമയം പാതിരാത്രി പന്ത്രണ്ടിനും പുലർച്ചെ നാലു മണിക്കുമൊക്കെ എണീറ്റിരുന്ന്​ കളി കാണുമ്പോൾ, ഇത് കളിയോ മായാജാലമോ എന്ന സംശയത്തിലായിരുന്നു ഞങ്ങളും.

1994 ലേക്കുള്ള യോഗ്യതാറൗണ്ടിലേക്കായി അതിനും ഒരു കൊല്ലം മുമ്പേ ദോഹയിൽ നടന്ന മത്സരത്തിൽ ഇറാഖുമായി സമനില വഴങ്ങി അവസരം നഷ്ടമായ ടീമിലെ ഹാജിമേ മോരിയാസുവാണ് 2018 തൊട്ട് ജപ്പാൻ ടീം മാനേജർ. 2020 തൊട്ട് 2022 ന്റെ തുടക്കം വരെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന ജപ്പാനിൽ പരിമിതമായ പരിശീലനവുമായിട്ടാണ് ഹാജിമേ മോരിയാസുവും സംഘവും കളിക്കിറങ്ങിയതത്രെ. ഏതൊക്കെയോ രാജ്യങ്ങളിൽ തോൽവിക്കുശേഷം കലാപമെന്ന വാർത്ത കേട്ടപ്പോൾ, യാതൊരു വിധ പാരമ്പര്യഭാരവുമില്ലാത്ത ജപ്പാൻ ലോകോത്തര ടീമുകളോട് മത്സരിക്കുന്നതിലും വലിയ അഭിമാനം എന്തുണ്ടെന്നുചോദിച്ചത്, എന്റെ ജാപ്പനീസ് സോക്കർ ആരാധകനായ കൂട്ടുകാരനാണ്. തോറ്റതിന് രാജ്യത്തെ ആരാധകരോട് മാപ്പു ചോദിച്ച ഇരുപതുകാരുൾപ്പടെയുള്ള താരങ്ങൾ "ഇതുവരെ നേടിയതൊന്നുമല്ല, നാളെ ചരിത്രത്തിലൊരു പുതിയ ഏട്‌ സൃഷ്ടിക്കുമെന്ന്’ പ്രതിജ്ഞയെടുക്കുന്നത് കാണുമ്പോൾ അത്ഭുതം.

ചാനൽ ചർച്ചകളിൽ, പത്രങ്ങളുടെ കളിപ്പേജുകളിലൊക്കെയും കുറ്റപ്പെടുത്തലോ കൊലവിളികളോ ആക്രോശങ്ങളോ ഒന്നുമില്ല. മറിച്ച്, ടോക്യോ ഒസാകാ തുടങ്ങി വൻനഗരങ്ങളിൽ മാത്രമല്ല ജപ്പാനിലെ വിദൂരഗ്രാമങ്ങളിലെ സ്‌കൂളുകളിലും ക്ലബുകളിലും വരെ ഫുട്ബോൾ ജനകീയമാക്കിയ പൊതുമേഖലാ നിക്ഷേപത്തെ ക്കുറിച്ചും വിദ്യാഭ്യാസ തന്ത്രവൈദഗ്‌ദ്ധ്യത്തെക്കുറിച്ചും അതുവഴി യൂറോപ്യൻ വമ്പൻ ക്ലബുകളിൽ പോയി കളിക്കാൻ അവസരം കിട്ടിയ പുതുതലമുറ താരങ്ങളെ കുറിച്ചും, പുതിയ സോഷ്യൽ മീഡിയ കാലത്ത് അവർക്കുള്ള സാധ്യതകളെ കുറിച്ചും ഇനി വരും ഏഷ്യാ കപ്പും അടുത്ത ലോകകപ്പും എല്ലാം അക്കമിട്ടു നിരത്തുന്നു.

ടോക്യോ യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് റിസർച്ച്​ ചെയ്യുന്ന പ്രൊഫസർ വാർത്തയിൽ വന്നുപറഞ്ഞത്, "ഒരു കാലത്ത് ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ ടീമുകളെയും താരങ്ങളെയുമൊക്കെ ആരാധിച്ചു നടന്നിരുന്ന ശരാശരി ജാപ്പനീസ് കളിയാരാധകർ സ്വദേശീയരായ താരങ്ങളെ നെഞ്ചിലേറ്റുന്ന തലത്തിലേക്കുള്ള സമുറായ് ബ്ലൂവിന്റെ മൂന്നു പതിറ്റാണ്ടു കൊല്ലം കൊണ്ടുണ്ടായ ഉയർത്തെണീപ്പിനെ’ കുറിച്ചാണ്. തത്സമയ സ്ട്രീമിങ് സൈറ്റ് ആയ അബേമയിൽ മാത്രം രണ്ടര കോടിയോളമായിരുന്നു കാണികൾ. ടി.വിയിലെ തത്സമയ കാഴ്ചക്കാരുടെ എണ്ണം 60% ഉയർന്നു. 2018 തൊട്ട് ബഹുജനസമ്മതി ബേസ്ബോൾ കളിയിൽ നിന്ന്​ സോക്കറിലേക്ക് മാറുന്ന പ്രവണതയുണ്ടത്രേ. 2018നുശേഷം തുടർച്ചയായി 2022 ലും പ്രീ ക്വാർട്ടറിൽ കടന്നത് ജപ്പാൻ വലിയ നേട്ടമായിട്ടാണ് കാണുന്നത്.

കളി കണ്ടിരിക്കുന്നതിനിടയ്​ക്ക്​ ഞാൻ നാട്ടിലെ ലോകകപ്പ് കാലങ്ങളിലെ ആരവമോർത്തു. ടി.വി തന്നെ അപൂർവതയായിരുന്ന തൊണ്ണൂറുകൾക്കൊടുവിൽ നട്ടപ്പാതിരയും പുലർച്ചയും നോക്കാതെ കളി കണ്ടിരുന്ന മനുഷ്യരെ. എന്റെ ഗ്രാമത്തിലെ ഓരോ മൂലയിലും കണ്ടിരുന്ന പല നിറക്കൊടികളെ! മഞ്ഞയും നീലയും മൂടിയ ബസ് സ്റ്റോപ്പുകളെ! ഉത്സവം പോലെ റോഡിനു കുറുകെ കാറ്റിലാടിയിരുന്ന അലങ്കാര അരങ്ങുകളെ! വേനൽപ്പാടങ്ങളിലെ സെവൻസ് കാലങ്ങളെ.

അകലെ, കാലങ്ങൾക്കുമപ്പുറം, ഈ മഹാനഗരങ്ങളിലെ വലിയ പബ്ലിക് വ്യൂവിങ് സ്‌ക്രീനുകൾക്കുമുന്നിൽ ശ്വാസമടക്കിപ്പിടിച്ചുനിന്ന് കളി കാണുന്നവർക്കും പൊതുവിടങ്ങളിൽ വസ്ത്രങ്ങളിൽ നിറം കൊണ്ട് ഐക്യദാർഢ്യം കാണിക്കുന്നവർക്കും അതേ വികാരം തന്നെ. ഒരു മഹാമാരിക്കും യുദ്ധക്കെടുതികൾക്കുമിടയിൽ മനുഷ്യന്‌ കഠിനദുഃഖങ്ങൾ മറക്കാൻ ഒരു ലോക ഫുട്ബോൾ വസന്തം.

ഗാലറി വൃത്തിയാക്കുന്ന ജാപ്പനീസ് ഫുട്ബോൾ ഫാൻസ്‌ / Photo: Xolsile Slindelo Maphumulo Facebook Page

ഇടക്കാരൊക്കെയോ വിളിച്ചുചോദിച്ചതും സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തതും തോൽവിയിലും ജയത്തിലുമൊക്കെ ഡ്രസിങ് റൂമും ഗാലറിയുമൊക്കെ വൃത്തിയാക്കുന്ന ജാപ്പനീസ് കാഴ്ചയെ കുറിച്ചാണ്. പ്രൈമറി സ്കൂൾ കാലം തൊട്ടേ ക്ലാസ് റൂമും, ഉപയോഗിച്ച ശേഷം സ്റ്റേഡിയങ്ങളും ഹാളുകളും, കോർപ്പറേറ്റ് ഓഫീസുകളിൽ സ്വന്തം ഡെസ്കും സീറ്റും, മീറ്റിംഗുകൾക്കുശേഷം ഹാളുകളും ക്ലീൻ ചെയ്യുന്നത് ഇവിടെ അത്ഭുതമല്ലെന്നുമാത്രമല്ല, നിത്യജീവിതത്തിന്റെ ഭാഗം കൂടിയാണ്.

ജാപ്പനീസ് സംസ്കാരത്തിൽ നീല നിറം ശാന്തതയെ പ്രതിനിധീകരിക്കുന്നു. ദ്വീപുകൾക്കുചുറ്റുമുള്ള നീല ജലം കരയ്ക്ക് കാവലാണെന്നാണൊരു സങ്കൽപം. ഫുട്ബോൾ എന്ന യൂറോപ്യൻ /തെക്കേ അമേരിക്കൻ അപ്രമാദിത്വങ്ങളുടെ ഇരുമ്പുവലകളെ കുലുക്കി കഴിഞ്ഞ രണ്ടാഴ്ചയായി "സമുറായ് ബ്ലൂ’, ജപ്പാനിലെ മാത്രമല്ല ലോക കായിക സ്നേഹികളുടെ ഹൃദയങ്ങളിലും നീല അലയൊലികൾ മുഴക്കി കവർന്നെടുത്തു എന്നതാണ് ഈ ലോകകപ്പിൽ നിന്നെടുത്തുവയ്ക്കുന്ന ചെറിയ നീറ്റലുള്ളൊരു നല്ലോർമ്മ.

Comments