Photo: Unsplash

ഫുട്‌ബോൾ
​സ്വവർഗാനുരാഗികളുടെ
കമ്യൂൺ

സോക്കർ നിങ്ങളെ നിലപാടുകൾ പ്രകടിപ്പിക്കാനും പക്ഷം പിടിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും പ്രേരിപ്പിക്കുന്നു. അറസ്റ്റ് വരിക്കാതെയോ ഭരണകൂടത്തിന്റെ എതിർപ്പ് നേരിടാതെയോ കണ്ട് രാഷ്ട്രീയപ്രവർത്തനം നടത്തി എന്ന് വ്യാജബോധം നൽകുന്നു.

സ്വവർഗാനുരാഗികളുടെ കലയാണോ ഫുട്‌ബോൾ?

കായികരംഗം മൊത്തത്തിൽ കണ്ണോടിച്ചാൽ അത് സ്വവർഗാനുരാഗത്തിന്റെ ലിബിഡോ തിമിർക്കുന്നതാണോ?

പതിമൂന്നാം വയസ്സിൽ ബ്ലൂമൂൺ ക്ലബ്ബിൽ ചേരുമ്പോൾ മാനേജർ സിദ്ദീഖ് ആദ്യമായി പന്തുരുട്ടിയപ്പോൾത്തന്നെ, ഉംബെർതോ എക്കോയെപ്പോലെ, ഈ കളിയുടെ വ്യർത്ഥതയെയാണ് ഞാനോർത്തത്. ‘സ്വവർഗ്ഗാനുരാഗികളുടെ ആ ക്ലബ്ബിൽ' കുറിയൻ പാസുകളുടെ ഛന്ദസ്സിൽ തീർത്ത കവിതയുടെ ബാലപാഠങ്ങൾ മനസ്സിലാക്കി.

കൂട്ടിമുട്ടുന്ന ആൺശരീരങ്ങൾ.
തുടപ്പേശികളുടെ പ്രതിരോധങ്ങൾ.
ശരീരം പരിധിയാകാത്ത ആശ്ലേഷങ്ങൾ.
ഒരു കോസ്മിക് ഇടത്തിൽ പെയ്യുന്ന വ്യർത്ഥനൃത്തം.

പ്രദേശത്തെ ഒരേയൊരു കളർ ടി.വിയിൽ, തെയ്യക്കോലങ്ങളെ കാണാനെന്നോണം പാതിരാക്കുണർന്ന്, മറഡോണയുടെ കൈകൾ ദൈവത്തെത്തൊട്ട നിമിഷം കണ്ട്, സീബ്രാ വരകളും മഞ്ഞക്കുപ്പായവും ജർമൻ ഫുട്‌ബോളും പോർച്ചുഗൽ ശൈലിയും കൊറിയൻ ശരീരങ്ങളും കാമറൂൺ സിംഹങ്ങളും നിറഞ്ഞ ദിനങ്ങൾ. അതിനെല്ലാം മുമ്പേ, പെലെ എന്ന ഇതിഹാസവും സിസർ കട്ടിങ്ങിന്റെ ജാലവിദ്യയും ആയിരം ഗോൾ തികഞ്ഞ ആവേശവും വിവരിച്ച ഇംഗ്ലീഷ് പാഠപുസ്തകം മനഃപാഠമാക്കിയിരുന്നു.

ഉംബെർതോ എക്കോ /Photo: Anna Maria Tavani FB Page

എങ്കിലും സ്വവർഗാനുരാഗിയായ ഒരാൺകുട്ടി ‘താൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടേണ്ടതല്ലേ?' എന്ന് പരിഭ്രാന്തിപ്പെടുന്നപോലെയായിരുന്നു എനിക്കും ഫുട്‌ബോൾ. ‘മറ്റുള്ളവർക്കുള്ളതുപോലുള്ള തോന്നൽ തനിക്കും ഉണ്ടാക്കാൻ വേണ്ടി' തന്നെയും സോക്കർ കാണാൻ കൊണ്ടുപോകണമെന്ന് ഉംബർടോ ഇകോ കളിക്കമ്പക്കാരനായ പിതാവിനോട് ആവശ്യപ്പെടുന്നുണ്ട്. ‘കളിക്കളത്തിലെ നിരർത്ഥകമായ ചലനങ്ങൾ നിസംഗമായി നിരീക്ഷിച്ചപ്പോൾ, ഒരു നട്ടുച്ച എങ്ങനെയാണ് (കളിഭ്രാന്തിൽ) ശീതീകരിച്ച പ്രകാശമായിത്തീരുന്നത് എന്ന കാര്യം മനസ്സിലുടക്കി. ശൂന്യാകാശത്തുനടക്കുന്ന അർത്ഥരഹിതമായ ഒരു പ്രകടനമായി അതെനിക്കു തോന്നി. ‘ദൈനംദിനതയുടെ മിഥ്യാടന സ്വഭാവമുള്ള പ്രകടനങ്ങൾ' ആണ് ഇവയെന്ന് പിന്നീട് ഒട്ടിയെറോ ഒട്ടിയെറിയെ വായിച്ചപ്പോൾ പിടികിട്ടി. ആ കളി കാണുമ്പോൾ എനിക്ക്​ 13 വയസ്സായിരുന്നു. ആ ‘അർത്ഥരഹിതമായ കോസ്മിക് വ്യായാമം' കണ്ടപ്പോൾ ജീവിതം കാര്യമില്ലാത്ത ഒരു കെട്ടുകഥയാണെന്നു തോന്നി. ആദ്യമായി ദൈവത്തിൽ സംശയാലുവായി. ഭയന്നുകൊണ്ട് സ്റ്റേഡിയം വിട്ടു. വിവേകിയായ ഒരു പുരോഹിതനുമുമ്പിൽ കുമ്പസരിച്ചു. മഹാനുഭാവന്മാരെല്ലാം പ്രയാസമേതും കൂടാതെ ദൈവത്തിൽ വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു, ഡാന്റേ, മൻസോണി, ടി. എസ്. എലിയറ്റ്, പാറ്റ്ബൂൺ... ഈ ഒത്തുതീർപ്പിൽ എന്റെ മതപരമായ ആന്തരികപ്രതിസന്ധിയെ ഒരു ദശാബ്ദത്തേക്കുകൂടി നീട്ടിവെച്ചു.

ഞാനിത് ഇപ്പോൾ പറയുന്നത് ഒരു കാര്യം സൂചിപ്പിക്കാനാണ്.

‘എനിക്ക് ഓർമിക്കാൻ കഴിയുന്നിടത്തോളം പിന്നാമ്പുറത്തേക്കുപോയാൽ, സോക്കർ എന്നെ സംബന്ധിച്ച്​ ഉദ്ദേശ്യരാഹിത്യവുമായി ബന്ധപ്പെട്ടതാണ്. എല്ലാറ്റിന്റെയും നിരർത്ഥകവും മൂല്യരഹിതവുമായ പൊങ്ങച്ചപ്രകടനമാണ്. ഇതുവച്ചുനോക്കുമ്പോൾ ദൈവം ഒരു ശൂന്യ ഇടമാണ്. (അല്ലെങ്കിൽ അങ്ങനെ അല്ല). ഇക്കാരണത്താൽ, മറ്റുള്ളവരോടൊപ്പം, ഞാൻ സ്വന്തം നിലയിൽ വിചാരിക്കുന്നത്, ഫുട്‌ബോൾ പ്രകടനം എന്ന സോക്കർ ഒരു നെഗറ്റീവ് തത്വചിന്തയുമായി ബന്ധപ്പെട്ടതാണ്.' (ഉംബെർ​തോ എക്കോ).

Photo: Pexels

സോക്കർ അതി- യാഥാർത്ഥ്യങ്ങളുടെ, ഹൈപർ റിയാലിറ്റിയുടെ ഒരു ലോകം തുറക്കുന്നു. കൊളോണിയൽ രാജ്യങ്ങളുടെ പൈതൃകമായി ലാറ്റിനമേരിക്കയിൽ എത്തിയ ഫുട്‌ബോൾ അവിടുത്തെ സാമൂഹ്യയാഥാർത്ഥ്യത്തെ മഞ്ഞപ്പുതപ്പണിയിക്കുന്നതിലേക്കു നയിച്ചതോർക്കുമ്പോൾ, ഉംബെർ​തോ സംശയിച്ചപോലെ, ഫുട്‌ബോൾ ഒരു കൊളോണിയൽ ദുരന്തമാണെന്നു കാണാം. പോർച്ചുഗൽ, സ്പാനിഷ് അധിനിവേശത്തോടൊപ്പം വന്നുചേർന്നതാണ് ലാറ്റിനമേരിക്കയിൽ ഫുട്‌ബോൾ. ലാറ്റിനമേരിക്കൻ ശൈലിയായി അറിയപ്പെടുന്നത് പോർച്ചുഗലിന്റെയും സ്‌പെയിനിന്റെയും ഒരുതരത്തിലുള്ള അനുകരണശൈലിയാണെന്നു കാണാം. അധിനിവേശശക്തികളുടെ നുഴഞ്ഞുകയറ്റത്തിന്റെ മന്ദമാരുതനായി ബ്രസീൽ- ചിലി- മെക്‌സികോ- അർജന്റീന ശൈലികൾ മാറുമ്പോൾ, യൂറോപ്യൻ ഫുട്‌ബോളിന്റെ അഗ്രസീവ് ശൈലി പുത്തൻ അധിനിവേശിത രാജ്യങ്ങളുടേയും കൂടെപ്പിറപ്പായി. പോർച്ചുഗീസ്, ബ്രിട്ടീഷ്, അധിനിവേശങ്ങളോട് പ്രതികരിച്ചുകൊണ്ട് രൂപം കൊണ്ട മലപ്പുറം കഥയും മറ്റൊന്നല്ല.

ഇന്ത്യൻ ദേശീയതയിൽ മുങ്ങിമരിക്കാൻ കൂട്ടാക്കാതെ, തനത് ദേശീയത മുറുക്കിക്കെട്ടിയ തമിഴ് സിനിമകൾ പോലെ, വീരാരാധനയുടെ സംഘകാലം മലപ്പുറം ഫുട്‌ബോളിൽ ഘനീഭവിച്ചു.

ലാറ്റിനമേരിക്കയുടെ ഫുട്‌ബോൾ വീമ്പുപറച്ചിലിനു പകരം വെച്ചത് സ്വന്തം സമ്പദ്ഘടനയാണ്. മറ്റു വാർത്തകൾ ഇല്ലാത്ത നാടായി അതു മാറി. വിപ്ലവ പ്രസ്ഥാനങ്ങളുടേയും നാടകവേദികളുടേയും അണ്ടർഗ്രൗണ്ട് ചലച്ചിത്ര പ്രവർത്തനങ്ങളുടേയും വിമോചന ദൈവശാസ്ത്രത്തിന്റേയും ലാറ്റിനമേരിക്ക മൂകമായി. ‘മലപ്പുറം' പോലെയായി.

ഇന്ത്യൻ ദേശീയതയിൽ മുങ്ങിമരിക്കാൻ കൂട്ടാക്കാതെ, തനത് ദേശീയത മുറുക്കിക്കെട്ടിയ തമിഴ് സിനിമകൾ പോലെ, വീരാരാധനയുടെ സംഘകാലം മലപ്പുറം ഫുട്‌ബോളിൽ ഘനീഭവിച്ചു. ലോകകപ്പ് കോലായകളും കടത്തിണ്ണകളും മാളികമുകളും സ്വവർഗാനുരാഗികളുടെ രാത്രിയമ്പലങ്ങളായി. പകലുകൾ വേഴ്ച കഴിഞ്ഞ പുറമ്പോക്കായി. ഫുട്‌ബോളും ഫോട്ടോഗ്രഫിയും ഉത്തരാധുനിക ആർകിടെക്ചറും വിരൽസ്പർശമേൽക്കാത്ത പ്ലാസ്റ്റിക് ആർട്ടും ചേർന്ന് തീർക്കുന്ന ജനപ്രിയതയുടെ പോസ്റ്റ്‌മോഡേൺ അതീത യാഥാർത്ഥ്യങ്ങൾ. മതലഹരി പോലെ സോക്‌സർ ലഹരിയും. ഫാൻ അസോസിയേഷനുകളിൽ നിന്ന് ഫനറ്റിസം വന്നുചേരുന്നുവെന്ന് ചലച്ചിത്രകാരൻ ക്രിസ്റ്റഫർ സനൂസി പറഞ്ഞ പോലെ.

1966 ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ പോർച്ചുഗലും സോവിയറ്റ് യൂനിയനും തമ്മിലുളള പ്ലേ ഓഫ് മത്സരത്തിൽ നിന്ന് / Photo: FIFA

ബെയർഫൂട്ടിൽ നാട്ടുകാരുടെ ടീമിൽ വന്ന മുഹമ്മദിന്റെ പ്രകടനത്തെപ്പറ്റി ‘മുഹമ്മദ് ഈസ് ജിൻ' എന്നു സായിപ്പ് നൽകിയ സർട്ടിഫിക്കറ്റിന്റെ ആത്മബലം. കൊളോണിയൽ ആധുനികതയിൽ അപരവത്ക്കരിക്കപ്പെട്ട മലപ്പുറം മഹിമയ്ക്ക് സായിപ്പ് നൽകിയ സമ്മാനം പോലെ. വെറ്റിലക്കെട്ട് കൊടുത്ത് വയനാട് നമ്മുടേതാക്കിയ ചരിത്രത്തിന്റെ തനിയാവർത്തനം. കവർച്ചക്കെത്തുന്നവർ കാവൽനായക്ക് ഇറച്ചിപ്പൊതി സമ്മാനിക്കുംപോലെ. അതുകൊണ്ടാവണം എല്ലാവർക്കും ഓരോ പന്ത് നൽകിയാൽ തീരുന്ന പ്രശ്‌നമല്ലേ ഇതെന്ന് പണ്ടൊരു സാമൂതിരി ചോദിച്ചത്. സ്വന്തം കാവൽഭടന്മാർ കെട്ടുപന്തിന് അരമുറുക്കുന്ന ജനാധിപത്യത്തിന്റെ വരവു കണ്ട്, തന്റെ കാലം തീർന്നു എന്നറിഞ്ഞ രാജാവിന്റെ രോദനം.

ഫുട്‌ബോളിന്റെ ഈ ആധുനികത അതിന്റെ ഉത്തരഘട്ടത്തിൽ, സംസ്‌കൃതിയുടെ അടിച്ചമർത്തപ്പെട്ട കാമനകളുടെ അവസാനത്തെ പ്രവേശനോത്സവമായിത്തീർന്ന് ജീർണമായിരിക്കുന്നു.

കാളപൂട്ടിൽനിന്ന് കാൽപന്തുകളിയിലേക്കുള്ള ഈ വഴിദൂരം അങ്ങനെ മലപ്പുറത്തിന്റെ ആധുനികതയും പാരമ്പര്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റേതാണ്.

അങ്ങനെ മലപ്പുറം ഫുട്‌ബോളിൽ, ചവിട്ടിയരച്ച ബൂട്‌സിന്റെ കീഴിലെ സംസ്‌കൃതിയുടെ സ്പന്ദനങ്ങളുണ്ട്. ശരീരങ്ങളിൽ അപസ്മാര ബാധ പോലെ ഭവിക്കുന്ന സെവൻസ് ടൂർണമെന്റുകളിൽ, സ്വന്തം തന്മയെ കണ്ടെടുക്കാൻ വ്യഗ്രപ്പെടുന്ന കൊളോണിയൽ അപകർഷതയും, ഒപ്പം മരിക്കാത്ത മനുഷ്യേച്ഛയുടെ തുരുത്തുമുണ്ട്. നേർച്ചയും ഉറൂസും കുത്തുറാത്തീബും ബദ്രീങ്ങളാണ്ടും പോലെ, ആചാരനുഷ്ഠാനത്തിന്റെ ആധുനികതയായി ഫുട്‌ബോളും.

‘ഹാ വിജുഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ'

കാളപൂട്ടിൽനിന്ന് കാൽപന്തുകളിയിലേക്കുള്ള ഈ വഴിദൂരം അങ്ങനെ മലപ്പുറത്തിന്റെ ആധുനികതയും പാരമ്പര്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റേതാണ്. അതേസമയം, നമ്മുടെ ആധുനികത ഒരു അനുകരണ ആധുനികതയായി നിറംകെടുന്നത് കൊളോണിയൽ ദുരന്തമാണ്.

മലപ്പുറം അരീക്കോടിലെ ഒരു സായാഹ്നം / Photo: Muhammed Hanan

യൂറോപ്യൻ യജമാനന്റെ ഓയിൽ പെയിന്റിംഗ് സങ്കേതം, ഇന്ത്യൻ മിത്തോളജിയെ ചിത്രീകരിക്കാൻ രവിവർമ ഉപയോഗിച്ചതുപോലുള്ള കലയുടെ കാലഭൈരവം, മൂന്നാംലോക ഫുട്‌ബോൾ വരച്ചുചേർത്തു എന്ന വസ്തുത പക്ഷേ വിസ്മരിക്കാവുന്നതല്ല. രവിവർമ സ്വാംശീകരിച്ച ഈ ‘കൊളോണിയൽ ആധുനികത' ഫുട്‌ബോളിന്റെ കാര്യത്തിൽ മൂന്നാംലോകം വിന്യസിപ്പിക്കുന്നതു കാണാം.

യൂറോപ്യൻ ആസൂത്രണത്തിന്റെ ദീർഘപാസുകളേയും തലത്താങ്ങലുകളേയും, കുറിയ പാസുകളും ശരീരമാകെ പ്രതിരോധസ്ഥലിയാക്കിത്തീർക്കുന്ന സാംബാ നൃത്തവുമാക്കി തനതുവത്കരിച്ച ചരിത്രം ലാറ്റിനമേരിക്കപോലെ മലപ്പുറത്തിനുമുണ്ട്. ലാറ്റിനമേരിക്കയിലെ തനതു കളിയായ ബേസ്‌ബോളിനു പകരം ഫുട്‌ബോൾ വന്നുചേർന്ന ഇതിഹാസം തന്നെയാണ്, ബനാന കൂട്ടക്കൊലയ്ക്കുശേഷം ഓർമകൾ മാഞ്ഞുപോയ ജനതയായി ചിലി മാറിയതിന്റെ കഥ പറയുന്ന മാർകേസും നിർമിച്ചത്. കാളപൂട്ടിൽ നിന്നും കെട്ടുപന്തുകളിയിൽ നിന്നും മലപ്പുറം ഫുട്‌ബോളിലേക്കുള്ള ദൂരം ലാറ്റിനമേരിക്കയുടെ ബേസ്‌ബോൾ കമ്പക്കളങ്ങൾ ഫുട്‌ബോളിനു വഴിമാറുന്നതിനു തുല്യം തന്നെ. കളി സോക്കർ ആയിത്തീർന്ന കാലം നിയോ കൊളോണിയൽ ആയ അനുഭവങ്ങളുടെ സാകല്യവും.

സോക്കർ കാണികൾ സെക്‌സ് മാനിയാക്കുകളെ പോലെയാണ്. അവർ അന്യർ ഇണചേരുന്നതു കണ്ടുരസിക്കാൻ ആഗ്രഹിക്കുന്ന രതിവൈകൃതമുള്ളവരെ പോലെയാണ്.

‘‘ഇവിടെ പറയുന്നത് സ്‌പോർട്‌സിനെക്കുറിച്ചല്ല. (മാധ്യമ കെട്ടുകാഴ്ചയായിത്തീർന്ന, കോർപറേറ്റ് മൂലധനം ഒഴുകുന്ന ആധുനികാനന്തര) സോക്കർ ഉത്സവത്തെക്കുറിച്ചാണ്. സാമ്പത്തികാനുകൂല്യങ്ങളും മറ്റും വിഷയീഭവിക്കാത്ത, സ്വന്തം ശരീരത്തെ നേരിട്ട് വിനിയോഗിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച്​അതൊരു കായികാഭ്യാസമാണ്. പേശികളുടെ ചലനവും വിനിയോഗവും വർദ്ധിപ്പിച്ച് ശ്വാസകോശങ്ങളിൽ മതിയായ അളവിൽ രക്തമെത്തിക്കുന്ന, ആന്തരികാവയവങ്ങൾ മുഴുവൻ കഴിവിലും പ്രവർത്തിക്കുന്നതിനു സഹായിക്കുന്ന ഒന്നുതന്നെയാണ്. ഇത്തരത്തിൽ സ്‌പോർട്‌സ് ഏറെ മനോഹരമായ മാനുഷികവൃത്തിയാണ്. ആവേശകരമായ മൈഥുനം പോലെ, തത്വചിന്താപരമായ പ്രതിഫലനങ്ങൾ പോലെ.

എന്നാൽ സോക്കറിന് ഇതുമായി ബന്ധമില്ല. അതിൽ കളിക്കാർ പ്രൊഫഷണലുകളാണ്. സാമ്പത്തികാനുകൂല്യം പറ്റുന്നവരാണ്. അത്തരം സമ്മർദ്ദത്തിൽ പ്രകടനം നടത്തുന്നവരാണ്. സോക്കർ കാണികൾ സെക്‌സ് മാനിയാക്കുകളെ പോലെയാണ്. അവർ അന്യർ ഇണചേരുന്നതു കണ്ടുരസിക്കാൻ ആഗ്രഹിക്കുന്ന രതിവൈകൃതമുള്ളവരെ പോലെയാണ്. പണക്കാർ ഐസ്‌ക്രീം കഴിക്കുന്നതുകാണാൻ കൊണ്ടുപോകാം എന്നു വാഗ്ദാനം നൽകപ്പെട്ട, എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടു ശീലിച്ച, ദരിദ്രരായ കുട്ടികളെ പോലെയാണ്.

Photo: Pexels

സ്‌പോർട്‌സിനെപ്പറ്റി ബഹുജന മാധ്യമങ്ങളുടെ പ്രേരണയിൽ നടക്കുന്ന ചർച്ചകൾ, നമ്മെ യഥാർത്ഥത്തിൽ ചൂഴ്ന്നു നിൽക്കുന്ന രാഷ്ട്രീയപരവും തത്വചിന്താപരവുമായ സംവാദങ്ങൾക്കും വിചാരങ്ങൾക്കും പകരം നിൽക്കുന്നവയാണ്. ധനകാര്യ മന്ത്രി നടത്തിയ പ്രവൃത്തിയെ വിമർശനാത്മകമായി വിലയിരുത്തുന്നതിനുപകരം, കോച്ച് നടത്തിയ പ്രയത്‌നങ്ങളിൽ ജനങ്ങൾ വാചാലരാകുന്നു. പാർലമെൻറ്​ റെക്കോർഡ് പരിശോധിക്കുന്നതിനു പകരം അത്​ലറ്റിക്കുകളുടെ പ്രകടനം വിലയിരുത്തുന്നു. വിദേശശക്തികളുമായി രാജ്യം ഒപ്പിട്ട ഒരു കരാറിനെക്കുറിച്ചു പറയുന്നതിനു പകരം കളി തീരുമാനിക്കുന്നത് യാദൃച്​ഛികത കൊണ്ടോ കളിക്കാരുടെ വൈഭവം കൊണ്ടോ നയതന്ത്ര രസതന്ത്രം കൊണ്ടോ എന്നു ചോദിക്കുന്നു. സോക്കർ നിങ്ങളെ നിലപാടുകൾ പ്രകടിപ്പിക്കാനും പക്ഷം പിടിക്കാനും
പരിഹാരങ്ങൾ നിർദ്ദേശിക്കാനും പ്രേരിപ്പിക്കുന്നു. അറസ്റ്റ് വരിക്കാതെയോ ഭരണകൂടത്തിന്റെ എതിർപ്പ് നേരിടാതെയോ കണ്ട് രാഷ്ട്രീയപ്രവർത്തനം നടത്തി എന്ന് വ്യാജബോധം നൽകുന്നു. വ്യക്തിപരമായ ഒരു ഇടപെടലും അത് ആവശ്യപ്പെടുന്നില്ല.

പറയുന്നയാളുടെ, കാണിയുടെ, പരിധിക്കപ്പുറം നടക്കുന്ന ഒന്നിനെക്കുറിച്ചാണ് അയാൾ ആധികാരികമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്നത്. കഷ്ടപ്പാടുകളൊന്നും കൂടാതെ ഗവൺമെന്റിനെതിരെ പ്രവർത്തിച്ചതിലുള്ള ഒരു മിഥ്യാബോധമാണ് ഈ സോക്കർ വാചോടാപം കാണിക്ക്​ നൽകുന്നത്.

‘‘കൊച്ചുപെൺകുട്ടികൾ മുതിർന്ന സ്ത്രീകളുടെ ഭാഗം അഭിനയിക്കുന്നതു കാണുന്ന പ്രായപൂർത്തിയായ പുരുഷന്മാരെപ്പോലെയാണ് സോക്കർ കാണികളുടെ നില. നിങ്ങളുടെ സ്വത്വസ്ഥലിയെ വ്യാജമായി നിർമ്മിക്കുന്ന മിഥ്യാടനം.’’- ഉംബെർതോ എക്കോ. ▮

Comments