2026 ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഇറാൻ ഫുട്ബോൾ ടീം ജൂൺ 7-ന് പുലർച്ചെ മെക്സിക്കോയിലെ ടിജ്വാന വിമാനത്താവളത്തിൽ എത്തുന്നത് വലിയൊരു രാഷ്ട്രീയ പ്രഖ്യാപനവുമായാണ്. വിമാനത്താവളത്തിൽ ഇറങ്ങിയ ഓരോ കളിക്കാരൻെറയും കോട്ടിൽ #168 എന്നെഴുതിയ ബാഡ്ജ് ഉണ്ടായിരുന്നു. ഈ വർഷം ഫെബ്രുവരി 28-ന് ഇറാനിലെ മിനാബിലുള്ള എലമെൻററി സ്കൂളിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ സൈനികാക്രമണത്തിൽ മരിച്ചവരുടെ എണ്ണമാണ് 168. ഇതിൽ ബഹുഭൂരിപക്ഷവും കുട്ടികളായിരുന്നു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഇറാൻ ഫുട്ബോൾ താരങ്ങൾ ഈ രാഷ്ട്രീയ ചിഹ്നം ഉപയോഗിച്ചത്. തങ്ങൾക്കെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇതാദ്യമായിട്ടല്ല ഇറാൻ ഫുട്ബോൾ ടീം പ്രതികരിക്കുന്നത്. തുർക്കിയിൽ നൈജീരിയക്കെതിരായ ലോകകപ്പ് സന്നാഹമത്സരത്തിന് മുമ്പായി ഇറാനിയൻ കളിക്കാർ കൈകളിൽ കറുത്ത ആം ബാൻഡ് ധരിക്കുകയും ദേശീയഗാന സമയത്ത് സ്കൂൾ ബാഗുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. കോസ്റ്ററിക്കയ്ക്കെതിരായ സന്നാഹമത്സരത്തിന് മുമ്പായി ഇറാൻ കളിക്കാർ, ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെയും പൗരരുടെയും ബോംബിങ്ങിൽ തകർന്ന ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറീനോയും ഈ മത്സരം കാണുന്നതിന് ഗ്യാലറിയിൽ ഉണ്ടായിരുന്നു.
കളിക്കളത്തിന് പുറത്ത് ഇറാനിയൻ കളിക്കാരെ സമ്മർദ്ദത്തിലാക്കാൻ അമേരിക്ക കടുത്ത നിയന്ത്രണങ്ങളാണ് വെച്ചിരിക്കുന്നത്. റാൻ സംഘത്തിൽ ഉണ്ടാവേണ്ടിയിരുന്ന മീഡിയ ഒഫീഷ്യൽസ് ഉൾപ്പെടെയുള്ള 13 പേർക്കാണ് അമേരിക്ക വിസ നിഷേധിച്ചത്.
ഇറാനിൽ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേലിൻെറ കടുത്ത ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഫുട്ബോൾ ടീം ലോകകപ്പിനായി എത്തിയിരിക്കുന്നത്. കളിക്കളത്തിന് പുറത്ത് ഇറാനിയൻ കളിക്കാരെ സമ്മർദ്ദത്തിലാക്കാൻ അമേരിക്ക കടുത്ത നിയന്ത്രണങ്ങളാണ് വെച്ചിരിക്കുന്നത്. കളിക്കാർക്കും കോച്ചിങ് സ്റ്റാഫിലെ ചിലർക്കും മാത്രമേ അമേരിക്ക വിസ അനുവദിച്ചിരുന്നുള്ളൂ. ഇറാൻ സംഘത്തിൽ ഉണ്ടാവേണ്ടിയിരുന്ന മീഡിയ ഒഫീഷ്യൽസ് ഉൾപ്പെടെയുള്ള 13 പേർക്കാണ് അമേരിക്ക വിസ നിഷേധിച്ചത്. ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ടീമിൻെറ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്. ജൂൺ 16ന് രാവിലെ 6.30ന് ന്യൂസിലൻഡിനെതിരെയും 22-ന് പുലർച്ചെ 12.30ന് ബെൽജിയത്തിനെതിരെയും 27-ന് രാത്രി 8.30ന് ഈജിപ്തിനെതിരെയുമാണ് മത്സരങ്ങൾ.
ആദ്യ രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും മൂന്നാമത്തെ മത്സരം സീറ്റിൽ സ്റ്റേഡിയത്തിലുമാണ് നടക്കുക. തങ്ങളുടെ മത്സരങ്ങൾ നടക്കുന്ന ദിവസം മാത്രമേ ഇറാൻ താരങ്ങൾ അമേരിക്കയിൽ പ്രവേശിക്കാവൂ എന്ന കടുത്ത നിയന്ത്രണമാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിൽ റൗണ്ട് ഓഫ് 32-ൽ മത്സരത്തിനുള്ള സാധ്യതയുണ്ട്. ഗ്രൂപ്പ് ഡിയിലാണ് അമേരിക്ക ഉൾപ്പെട്ടിരിക്കുന്നത്. അമേരിക്കയും ഇറാനും തങ്ങളുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയാൽ ഇരുടീമുകളും തമ്മിൽ കളിക്കും. അങ്ങനെയൊരു മത്സരം വന്നാൽ അത് വലിയ രാഷ്ട്രീയപോരാട്ടത്തിന് കൂടിയാവും വേദിയാവുക. ഇറാനെതിരെ കളിക്കളത്തിന് പുറത്ത് പ്രതികാര നടപടികൾ തുടരുന്ന അമേരിക്കയുടെ വിസാനിയന്ത്രണങ്ങൾ ഈ ലോകകപ്പിനെയാകെ പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുന്നുണ്ട്.

റഫറിയെ വിലക്കുന്ന അമേരിക്ക
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത സാഹചര്യങ്ങളും ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ സംഭവിച്ചിരിക്കുന്നു. മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് ഫിഫ തെരഞ്ഞെടുത്ത സൊമാലിയക്കാരനായ റഫറി ഒമർ അർട്ടാനെ മിയാമി വിമാനത്താവളത്തിൽ നിന്ന് അമേരിക്ക തിരിച്ചയച്ചു. ചരിത്രത്തിൽ ഇതാദ്യമായി ഒരു ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന റഫറിയെന്ന വലിയ നേട്ടം അർട്ടാനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഫിഫ തെരഞ്ഞെടുത്തിട്ടും എല്ലാ യോഗ്യതകളുമുണ്ടായിട്ടും അമേരിക്കയുടെ വിദേശകാര്യ നിലപാട് കൊണ്ട് മാത്രം അർട്ടാൻ പുറത്താക്കപ്പെടുകയാണ് ചെയ്തത്. തങ്ങളുടെ യാത്രാനിരോധന പട്ടികയിലുള്ള രാജ്യമാണ് സൊമാലിയയെന്നതാണ് വിലക്കിന് അമേരിക്ക പറയുന്ന ന്യായം. ലോകകപ്പിന് സൊമാലിയ യോഗ്യത നേടിയിരുന്നുവെങ്കിൽ ആ രാജ്യത്തെ കളിക്കാരെ അപ്പാടെ വിലക്കുമായിരുന്നോ അമേരിക്ക? സൊമാലിയൻ റഫറിയെ അപമാനിച്ച് പറഞ്ഞയച്ചപ്പോൾ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് ഫിഫ ചെയ്തത്. അമേരിക്കയുടെ തീട്ടൂരത്തിന് വഴങ്ങുന്ന ഫിഫയെ ഈ ലോകകപ്പിലുടനീളം കാണാമെന്ന സൂചനയാണ് തുടക്കത്തിൽ തന്നെ ലഭിക്കുന്നത്. വിസയുമായി ബന്ധപ്പെട്ട് ആതിഥേയ രാജ്യത്തിൻെറ തീരുമാനങ്ങളിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നാണ് ഫിഫയുടെ വിശദീകരണം. ആർക്കാണ് വിസ നൽകേണ്ടതെന്നും ആരെയാണ് അവരുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതെന്നും ആതിഥേയ രാജ്യമാണ് ആത്യന്തികമായി തീരുമാനിക്കേണ്ടതെന്ന് പറയുന്നു ഫിഫ. അതായത് കളിക്കാരെയടക്കം ആരെ വിലക്കിയാലും ഫിഫ അതിലൊന്നും ഇടപെടാതെ അത് ആതിഥേയ രാജ്യത്തിൻെറ വിവേചന അധികാരമാണെന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് വ്യക്തം.
സെനഗൽ, ഐവറി കോസ്റ്റ്, ഹെയ്തി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്ക വിസാനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ രാജ്യങ്ങളെല്ലാം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
ഇമ്മിഗ്രേഷൻ പരിശോധനകളുടെ ഭാഗമെന്ന ന്യായീകരണത്തിൽ കളിക്കാരും ഇതിനോടകം അമേരിക്കയുടെ കടുത്ത നിയന്ത്രണ നടപടികൾക്ക് വിധേയരായിക്കഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങൾക്കും മുസ്ലിം രാജ്യങ്ങൾക്കുമെതിരെയാണ് അമേരിക്ക നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നത്. ഇറാഖ് സ്ട്രൈക്കർ അയ്മൻ ഹുസ്സൈനെ ഏഴ് മണിക്കൂറോളമാണ് ചിക്കാഗോ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ നടപടികളുടെ ഭാഗമായി തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ടീമിൻെറ ഫോട്ടോഗ്രാഫർ തലാൽ സലാഹിനെ 10 മണിക്കൂർ ചോദ്യം ചെയ്യുകയും ഒടുവിൽ ഫോൺ പരിശോധനയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ച് തിരികെ പറഞ്ഞയക്കുകയും ചെയ്തു.
സെനഗൽ, ഉസ്ബെക്കിസ്ഥാൻ കളിക്കാരും കടുത്ത പരിശോധനകളാണ് നേരിടേണ്ടി വന്നത്. ഏഷ്യൻ ടീമായ ഉസ്ബെക്കിസ്ഥാൻ ചരിത്രത്തിൽ ഇതാദ്യമായാണ് ലോകകപ്പിനെത്തുന്നത്. വലിയ പ്രതീക്ഷയോടെ എത്തിയ ടീം വിമാനത്താവളത്തിൽ വെച്ച് തന്നെ അപമാനിക്കപ്പെടുകയാണ് ചെയ്തത്. സെനഗൽ കളിക്കാരുടെ ബാഗുകൾ മുഴുവൻ തുറന്ന് പരിശോധിക്കുകയാണ് ചെയ്തത്. എന്നാൽ, ഉസ്ബെക്കിസ്ഥാൻ കളിക്കാർ അതിനേക്കാൾ വലിയ അപമാനം നേരിട്ടു. മയക്കുമരുന്ന് വസ്തുക്കളുടെ സാന്നിധ്യം അറിയുന്നതിന് വേണ്ടി ഇതിനായി പരിശീലനം നേടിയ നായ്ക്കളെ എത്തിച്ചാണ് കളിക്കാരുടെ ബാഗുകൾ പരിശോധിച്ചത്. ഫിഫ യോഗ്യതാമത്സരങ്ങൾ കളിച്ച് യോഗ്യത നേടിയെത്തിയ ഒരു ടീമിലെ കളിക്കാരെയാണ് ഇത്തരത്തിൽ കൊടും ക്രിമിനലുകളെപ്പോലെ അമേരിക്കൻ അധികൃതർ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. സെനഗൽ, ഉസ്ബെക്കിസ്ഥാൻ താരങ്ങൾ നേരിട്ട ഈ അപമാനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ ഫിഫ ഇക്കാര്യത്തിലും യാതൊരു പ്രതികരണവും നടത്തിയില്ല. ആതിഥേയരാജ്യമെന്ന നിലയിൽ അമേരിക്കയ്ക്ക് എന്തും ചെയ്യാൻ അനുവാദം കൊടുത്തിരിക്കുകയാണ് ഫിഫ.
ഡൊണാൾഡ് ട്രംപിൻെറ രണ്ടാം ടേം മുതൽ അമേരിക്കയിൽ വിസാനിയന്ത്രണങ്ങളിൽ കർശനനിയന്ത്രണങ്ങളാണുള്ളത്. ഇക്കാര്യത്തിൽ എന്തെല്ലാം വിമർശനങ്ങൾ ഉയർന്നാലും ട്രംപ് ഭരണകൂടം അതിനെ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. സെനഗൽ, ഐവറി കോസ്റ്റ്, ഹെയ്തി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്ക വിസാനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ രാജ്യങ്ങളെല്ലാം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. കളിക്കാർക്ക് പ്രത്യേക പരിഗണന നൽകി വിസ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ രാജ്യങ്ങളിലെ ആരാധകർക്ക് അമേരിക്കയിൽ എത്താനാവില്ല എന്നതാണ് അവസ്ഥ. അമേരിക്കയിലെ മത്സരങ്ങളിൽ ഗ്യാലറിയിൽ ആളുണ്ടാവില്ലെന്ന് ഉറപ്പ്.

ശരിയായ ആളുകളെ തിരഞ്ഞെടുക്കുന്ന ട്രംപ്
വിസാനിബന്ധനകൾ കാരണം ആരാധകർക്കും ടീം ഒഫീഷ്യൽസിനും റഫറിമാർക്ക് പോലും അമേരിക്കയിൽ കാല് കുത്താൻ സാധിക്കാത്തതിൽ ട്രംപിന് തൻേറതായ വിശദീകരണമുണ്ട്. ശരിയായ ആളുകൾ അമേരിക്കയിൽ എത്തുന്നുവെന്നാണ് ഞങ്ങൾ ഉറപ്പിക്കുന്നതെന്ന് ട്രംപ് പറയുന്നു. ട്രംപിനും ഇപ്പോഴത്തെ ഭരണകൂടത്തിനും താൽപര്യമുള്ളവർ മാത്രമാണ് ആ ശരിയായ ആളുകൾ. അവർക്ക് താൽപര്യമില്ലാത്തവരിൽ മുസ്ലിങ്ങളും കറുത്ത വർഗ്ഗക്കാരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടുന്നു. ട്രംപ് വിലക്കുന്നവരിൽ ഫുട്ബോളിൽ വലിയ നേട്ടങ്ങൾ അവകാശപ്പെടാനാവാത്ത രാജ്യങ്ങൾ ഉൾപ്പെടുന്നു. ദുർബലർ ഉൾപ്പെടുന്നു. അതാണ് അമേരിക്കൻ ഭരണകൂടത്തിൻെറ മാനദണ്ഡം.
മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയ്ക്കൊപ്പം കാനഡയും മെക്സിക്കോയും ആതിഥേയരാണ്. എന്നാൽ തത്വത്തിൽ അമേരിക്കയുടെ അപ്രമാദിത്വമാണ് ലോകകപ്പ് നടത്തിപ്പിൽ കാണുന്നത്. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡൻറാവുമ്പോൾ കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ ആ രാജ്യത്തിൻെറ അതിർത്തിയിൽ മതിൽ കെട്ടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാനഡയെ അമേരിക്കയുടെ 51-ാം സ്റ്റേറ്റ് ആക്കി മാറ്റുമെന്നായിരുന്നു പ്രകോപനം. ഇരുരാജ്യങ്ങൾക്കെതിരെയും കടുത്ത തീരുവകൾ ചുമത്തിയിരുന്നു. ട്രംപ് ചുമതലയേറ്റെടുത്ത ശേഷം തീരുവക്കാര്യത്തിൽ ആദ്യം യുദ്ധം പ്രഖ്യാപിച്ചത് കാനഡയോടും മെക്സിക്കോയോടും ആയിരുന്നു. എന്നാൽ അവരുമായി സഹകരിച്ചാണ് ഇപ്പോൾ ലോകകപ്പ് നടത്തുന്നതെന്നാണ് വൈരുദ്ധ്യം.

വ്യത്യസ്ത രാജ്യങ്ങളെ ഒരു പന്തിന് പിന്നിൽ ഒന്നിപ്പിക്കുന്ന, വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കുന്ന, പിണക്കങ്ങൾ അലിഞ്ഞില്ലാതാവുന്ന, ചേർത്തുപിടിക്കലുകളുടെയും ഊഷ്മളമായ സ്നേഹസൗഹാർദ്ദ പ്രകടനങ്ങളുടെയും ഇടമാവേണ്ടതുണ്ട് ലോകകപ്പ് വേദി. ഫിഫയെ ഗ്യാലറിയിൽ ഇരുത്തി ലോകകപ്പ് നടത്തിപ്പിൽ തിണ്ണമിടുക്ക് കാണിക്കുകയാണ് അമേരിക്കയും ട്രംപ് ഭരണകൂടവും.
