ലോക ഫുട്ബോളിലെത്തന്നെ മാഡ്മാൻ എന്നറിയപ്പെടുന്ന ഉറൂഗ്വായുടെ ഹെഡ് കോച്ച് മാർസെലോ ബിയൽസ കഴിഞ്ഞ ദിവസം മാധ്യമ സമ്മേളനത്തിൽ സങ്കടപ്പെട്ടു. സോപ്പും ടൂത്ത് പേസ്റ്റും വിൽക്കും പോലെയാണ് ഫുട്ബോളിനെ മാധ്യമച്ചന്ത കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു ബിയൽസയുടെ നിരാശയുടെ കാതൽ. ശരിയാണോ ഈ പരിദേവനം? ഉറൂഗ്വായിൽ നിന്നു തന്നെ ഫുട്ബോൾ ഫിലോസഫർ കൂടിയായ എഴുത്തുകാരൻ എഡ്വാർഡോ ഗലിയാനോ മുമ്പെഴുതി: ഒരു പ്രോഡക്റ്റ് ആയി ഗെയിം മാറുന്നതോടെ, കളിക്കാരുടെ ബ്യൂട്ടി, ഡ്യൂട്ടി ആയി മാറുന്നുവെന്ന്. ഡീഗോ മാറഡോണ മുതൽ പുതിയ ഫുട്ബോൾ ആവേശം ലാമീൻ യമാൽ വരെ ഈ മാറ്റത്തിന്റെ തടവുകാരാണ്. യൂറോ കപ്പും കോപ്പ അമേരിക്കയും ഞായറാഴ്ച ഫൈനലിലേക്കെത്തുമ്പോൾ പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സംഭാഷണം.