ആദ്യത്തെ ലോകകപ്പ് ജേതാക്കളായ ഉറുഗ്വയ് ടീം / Photo: FIFA

ഫുട്​ബോളിൽനിന്ന്​ചരിത്രത്തിലേക്കുള്ള
ഷൂട്ടൗട്ടുകൾ

കളിക്കാരുടെയും രാഷ്​ട്രങ്ങളുടെയും അതിജീവനം മാത്രമല്ല, ചരിത്രത്തെ രൂപപ്പെടുത്തിയ പല നിർണായക സന്ദർഭങ്ങളുടെയും ചോരപ്പാടുകളുള്ള കല കൂടിയാണ്​ പന്തുകളി.

ന്തുകളിക്കൊരു ലോകകപ്പ് എന്ന ആശയം അത്ര വലിയ ആകർഷണമായിരുന്നില്ല, അത് തുടങ്ങുന്ന കാലത്ത്.

ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് അതിനായി പരിശ്രമിച്ചാണ് യൂൾ റിമെ, ഹെന്റി ഡെലോൺ എന്നീ ഫ്രഞ്ചുകാരുടെ നേതൃത്വത്തിൽ കുറച്ചു രാജ്യങ്ങളെ പങ്കെടുപ്പിച്ച് കാൽപ്പന്തുകളിയുടെ ലോകമത്സരം തുടങ്ങിയത്. യൂറോപ്പിലുള്ള പല രാജ്യങ്ങൾക്കും ലാറ്റിനമേരിക്കൻ ടീമുകൾക്കൊപ്പം കളിക്കാൻ അത്ര താത്പര്യം പോരായിരുന്നു. എന്നാലും ഇറ്റലി, ഹോളണ്ട്, സ്‌പെയിൻ, സ്വീഡൻ എന്നീ യൂറോപ്യൻ രാജ്യങ്ങൾ ആദ്യ പന്തുകളി ലോകകപ്പിന് മൈതാനമൊരുക്കാൻ തയ്യാറായി. ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയും കളി നടത്താൻ മുന്നോട്ടുവന്നു. ഉറുഗ്വേ അത്യുത്സാഹത്തിലായിരുന്നു. എക്കാലത്തെയും പോലെ ലാറ്റിനമേരിക്കയുടെ മഴക്കാടുകളുടെ വനഛായയിലൂടെയും കടൽത്തീരങ്ങളിലൂടെയും ഒരു തുകൽപ്പന്ത് അന്നും കുറിയ ‘പാസുകളിലൂടെ' സഞ്ചരിച്ചുകൊണ്ടിരുന്നു. പങ്കെടുക്കുന്ന സംഘങ്ങളുടെ മുഴുവൻ ചെലവും വഹിക്കാൻ ഉറുഗ്വേ തയ്യാറായി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ പന്തുകളിയുടെ ലോകകപ്പ് കൊണ്ടുവരാനുള്ള ഉറുഗ്വെയുടെ ഉത്സാഹം സഫലമായി. ലോകകപ്പിനുള്ള മൈതാനം കനത്ത മഴക്കാലത്തിനിടയിലും അവർ എട്ടുമാസം കൊണ്ട് മോണ്ടെവിഡോയിൽ പണിതുണ്ടാക്കി. ആതിഥേയത്വം കിട്ടാഞ്ഞ മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഉത്സാഹം പോയി. ദാരിദ്ര്യം പിടിച്ചവന്റെ നാട്ടിലാര് കളിക്കാൻ പോകുന്നു എന്ന കൊതിക്കുറവുമായി ആതിഥേയത്വം വഹിക്കാൻ തയ്യാറായവരാരും മോണ്ടോവിഡോയിൽ കളിക്കാൻ പോയില്ല.

എസ്റ്റാഡിയോ സെന്റെനാരിയോ സ്റ്റേഡിയം / Photo:FIFA
എസ്റ്റാഡിയോ സെന്റെനാരിയോ സ്റ്റേഡിയം / Photo:FIFA

യൂറോപ്യന്മാർക്ക് ഉറുഗ്വെയോട് വിരോധം തോന്നാൻ ആവശ്യത്തിലേറെ കാരണങ്ങളുണ്ടായിരുന്നു. 1924-ലും 1928-ലും ഒളിമ്പിക് ജേതാക്കളായി ഉറുഗ്വേ. അന്നന്നത്തെ അന്നത്തിന് അന്നന്ന് അദ്ധ്വാനിക്കുന്ന മനുഷ്യരായിരുന്നു ഉറുഗ്വേക്കായി കളിച്ചത്. പെഡ്രോ അരിസ്​പെ ഇറച്ചിക്കടക്കാരനായിരുന്നു. ജോസ് നസാസി മാർബിൾ മുറിക്കുന്ന പണിക്കാരൻ, പെട്രോൺ പലചരക്കുകടക്കാരൻ, പെഡ്രോഷ്യ ഐസ് വിൽപ്പനക്കാരൻ, ജോസ് ലിയോനാർഡോ ആന്ദ്രേയ്ഡ് നാടോടി മേളകളിൽ പാട്ടുവായനക്കാരനും അല്ലാത്തപ്പോൾ ഷൂ മിനുക്കുന്ന പണിയും. അദ്ധ്വാനത്തിന്റെ ദാർഢ്യമായിരുന്നു, അതിന്റെതന്നെ കാഠിന്യത്തോടൊപ്പം അവരിലുണ്ടായിരുന്നത്.

ഫിഫ ലോകകപ്പിൽ ഇത്തവണയും ഇറ്റലിയില്ല, സ്വന്തം പെനാൽറ്റി ബോക്‌സിനുള്ളിൽ എതിർകളിക്കാരിൽ നിന്ന്​ ഒട്ടും തിടുക്കമില്ലാതെ പന്ത് പുറത്തേക്കു കടത്തുന്ന പ്രതിരോധത്തിന്റെ അമ്പരപ്പിക്കുന്ന ആത്മവിശ്വാസവുമില്ല.

ഉറുഗ്വേ ജയിച്ച കളി

1924-ലെ ഒളിമ്പിക്‌സിലാണ് ഒരു ലാറ്റിനമേരിക്കൻ സംഘം ആദ്യമായി യൂറോപ്പിൽ പന്ത് കളിക്കുന്നത്. ഉറുഗ്വെ ദയനീയമായി പരാജയപ്പെടുമെന്ന കാര്യത്തിൽ സായിപ്പിന് സംശയമൊന്നുമുണ്ടായിരുന്നില്ല. ആദ്യ കളി യൂഗോസ്‌ളാവ്യക്കെതിരായിരുന്നു. കളി കാണാൻ കഷ്ടി രണ്ടായിരം പേർ. ഉറുഗ്വെയുടെ ദേശീയപതാക തന്നെ തല കീഴായാണ് കെട്ടിയത്. എന്തായാലും കളി തീർന്നപ്പോൾ യൂഗോസ്‌ളാവ്യ 7-0-ത്തിന്​ തോറ്റു. നീളൻ പാസുകളും ഉയർന്നുപൊങ്ങുന്ന അടികളുമായി കളിച്ച യൂറോപ്യന്മാരെ കുറിയ പാസുകളും ചടുലമായ വെട്ടിക്കലുകളും പൊടുന്നനെയുള്ള വിന്യാസങ്ങളുമായി ലാറ്റിനമേരിക്ക കളി പഠിപ്പിച്ചു. 1928-ലും ഉറുഗ്വേ ഒളിമ്പിക് ജേതാക്കളായി. യൂറോപ്പിന്റെ അസംതൃപ്തിക്ക് കാരണങ്ങളുണ്ടായി.

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സ്വാഭാവികമായും ഈ യൂറോപ്യൻ അവഗണന സഹിക്കാൻ തയ്യാറായില്ല. ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ ഫിഫയിൽ (FIFA)തുടരുന്നത് തങ്ങൾക്ക് സാധ്യമല്ല എന്നവർ പറഞ്ഞു. എന്തായാലും പല ശ്രമങ്ങൾക്കുമൊടുവിൽ ഫ്രാൻസ്, യൂഗോസ്‌ളാവിയ, റൊമാനിയ, ബെൽജിയം എന്നീ യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പിനെത്തി (1930). ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സും. ലാറ്റിനമേരിക്കയിൽ നിന്ന്​ ഉറുഗ്വേ, അർജൻറീന, പെറു, ബ്രസീൽ, ബൊളീവിയ, ചിലെ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ കളിക്കാനിറങ്ങി.

1930 ൽ നടന്ന ലോകകപ്പ് ഫൈനലിൽ നിന്ന് / Photo: FIFA
1930 ൽ നടന്ന ലോകകപ്പ് ഫൈനലിൽ നിന്ന് / Photo: FIFA

കലാശക്കളിയിൽ ആതിഥേയരായ ഉറുഗ്വേ പതിവുവൈരികളായ അർജൻറീനയെ പ്രതീക്ഷിച്ചിരുന്നു. ബ്യൂനസ് അയേഴ്‌സിൽ നിന്ന്​ അർജൻറീൻ സംഘത്തെ യാത്രയയക്കുമ്പോൾ വിജയം അല്ലെങ്കിൽ മരണം എന്ന് അന്നാട്ടുകാർ ആർത്തുവിളിച്ചു. പക്ഷെ അവർക്ക് സങ്കടപ്പെടേണ്ടിവന്നു. ഒരു ലക്ഷം പേർക്കിരിക്കാവുന്ന കൂറ്റൻ മൈതാനത്ത് നടന്ന കളിയിൽ തങ്ങളുടെ നാട്ടുകാർക്കുമുന്നിൽ ജയിക്കുകയല്ലാതെ ഉറുഗ്വേക്ക് മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. 4-2-ന് അവർ കളി ജയിച്ചു. ആബേൽ ലാഫ്ലോ എന്ന ഫ്രഞ്ചുകാരൻ രൂപകൽപന ചെയ്ത പന്തുകളിയുടെ ലോകജേതാക്കൾക്കുള്ള യൂൾ റിമെ ട്രോഫി ഉറുഗ്വേ നേടി. ബ്യൂണസ് അയേഴ്‌സിൽ ഉറുഗ്വെയുടെ നയതന്ത്ര കാര്യാലയത്തിനുനേരെ അർജൻറീനക്കാർ കല്ലെറിഞ്ഞു.

എവിടെ ഇറ്റലി?

ഫിഫ ലോകകപ്പിൽ ഇത്തവണയും ഇറ്റലിയില്ല, സ്വന്തം പെനാൽറ്റി ബോക്‌സിനുള്ളിൽ എതിർകളിക്കാരിൽ നിന്ന്​ ഒട്ടും തിടുക്കമില്ലാതെ പന്ത് പുറത്തേക്കു കടത്തുന്ന പ്രതിരോധത്തിന്റെ അമ്പരപ്പിക്കുന്ന ആത്മവിശ്വാസവുമില്ല. 1934 ലെ ലോകകപ്പിലാണ് ഇറ്റലി ആദ്യം ജേതാക്കളായത്. തങ്ങളുടെ നാട്ടിൽ കളിക്കാതിരുന്ന ഇറ്റലിയോട്, ഇറ്റലിയിൽ നടന്ന ലോകകപ്പിൽ കളിക്കാൻ പോകാതെ അന്നത്തെ നിലവിലെ ജേതാക്കൾ കൂടിയായ ഉറുഗ്വേ പകരം വീട്ടി. പന്തുകളി വെറുമൊരു കളിയല്ലെന്ന് ഇടയ്ക്കിടെ അങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. അന്ന് ‘azzuri' (നീല) ‘മുസോളിനിയുടെ നീലക്കുപ്പായക്കാർ' കൂടിയായിരുന്നു. ഫാഷിസ്റ്റ് അച്ചടക്കത്തിന് ചേരും വിധം വിറ്റോറിയോ പോസോ ഇറക്കിയ സംഘം. ‘അവരെ പിഴവുകൾ വരുത്താൻ ഞാൻ അനുവദിച്ചാൽ, എന്റെ ആജ്ഞാശക്തി നഷ്ടപ്പെടും' എന്നായിരുന്നു പോസോയുടെ പ്രഖ്യാപനം. എന്തായാലും മൂന്നു അർജൻറീനക്കാരെയും വെച്ചാണ് ഇറ്റലി ആ ലോകകപ്പിൽ കളിച്ചത്.

ഹിറ്റ്‌ലറും ചർച്ചിലും സ്റ്റാലിനും മുസോളിനിയും ഗോളടിച്ചും അടിപ്പിക്കാതെയുമൊക്കെ കളിച്ച കളികളിൽ മൈതാനം നിറയെ മൃതദേഹങ്ങളായിരുന്നു. ജൂതപ്പെങ്കുട്ടികളുടെ കന്യാചർമങ്ങൾകൊണ്ട് നാസികൾ തൊപ്പികളുണ്ടാക്കി, പല്ലുകൾ കുപ്പായക്കുടുക്കുകളായി.

എല്ലാ ഫാഷിസ്റ്റ് ഭരണകൂടത്തെയും പോലെ മുസോളിനിയുടെ ഇറ്റലിക്കും പന്തുകളി ലോകകപ്പ് തങ്ങളുടെ അധൃഷ്യശക്തിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചാരണപരിപാടിയായിരുന്നു. എല്ലാ കളികളും കാണാൻ മുസോളിനിയും അയാളുടെ കരിങ്കുപ്പായ സേനയുമെത്തി. ഇറ്റാലിയൻ കളിക്കാർ നീട്ടിപ്പിടിച്ച കൈകളുമായി മുസോളിനിയെ ഫാഷിസ്റ്റ് അഭിവാദ്യം ചെയ്തു. നാഷണൽ ഫാസിസ്റ്റ് പാർട്ടി സ്റ്റേഡിയത്തിൽ നടന്ന അത്രയൊന്നും മികച്ചതല്ലാത്ത ഒരു കലാശക്കളിയിൽ ഡാന്യൂബിയൻ അടവുകളെ ഒരുവിധം മറികടന്ന് ചെക്കോസ്ലാവാക്യയെ ഒരു ഗോളിന് തോൽപിച്ചു. 97-ാം മിനിറ്റിൽ ഗുയിറ്റെ കിതച്ചും മുടന്തിയും അടിച്ച ഗോൾ. എങ്ങനെയടിച്ചു എന്ന ചോദ്യത്തിന് ‘മടുത്തിട്ടാണ് അടിച്ചത്' എന്നായിരുന്നു പിന്നീട് അയാളുടെ മറുപടി. ഇറ്റലി ആദ്യമായി ജേതാക്കളായി. അതടക്കം പിന്നെ നാലു തവണയാണ് അവർ ലോകകപ്പ് നേടിയത്. ഒരു ലോകകപ്പിൽ നിന്ന്​ പുറത്തിരിക്കാൻ ഒരിയ്ക്കലും അനുവദിക്കാത്ത ചരിത്രം. എന്നിട്ടും അങ്ങനെ സംഭവിക്കുന്നു. മോസ്‌കോവിലേക്ക് എത്താതിരുന്ന ഇറ്റലിക്കാർ ഖത്തറിലേക്കും കടക്കാനാകാതെ തങ്ങൾക്കിതെന്തുപറ്റി എന്നമ്പരന്നിരിക്കുന്നു. ഖത്തറിലേക്കും അസൂറിയൻ പ്രതിരോധമില്ല.

1934 ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ ടീം / Photo: FIFA
1934 ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ ടീം / Photo: FIFA

1938-ൽ പാരീസിലേക്കെത്തുമ്പോൾ യൂറോപ്പ്​ വലിയ കുഴപ്പങ്ങളുടെ കുലുക്കങ്ങൾക്കുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. എന്തായാലും ഉറുഗ്വേയും അർജന്റീനയും വിട്ടുനിന്നു. ആദ്യമായി ക്യൂബ പങ്കെടുത്തു. പക്ഷേ പിന്നെയൊരിക്കലും ലോകക്കപ്പിലേക്ക് എത്തിനോക്കാത്തവിധം സ്വീഡൻ അവരെ തകർത്തുകളഞ്ഞു; 8-0. ഫ്രഞ്ച് പത്രക്കാരൻ ഇമ്മാനുവേൽ ഗംബർഡെല അന്നെഴുതിയത് ‘Up to five goals it's journalism. After that it becomes statistics' എന്നാണ്. ജർമനിയുമായുള്ള കളി കഴിഞ്ഞപ്പോൾ ബ്രസീലുകാർ മറ്റൊരു ലോകകപ്പിൽ ഓർക്കാൻ കൂടിയായിരുന്നു അത്. എന്തായാലും കഴിഞ്ഞ ലോകകകപ്പിലെ തിണ്ണമിടുക്കിന്റെ ചീത്തപ്പേര് ഇറ്റലി മാറ്റി. കലാശക്കളിയിൽ ഹംഗറിയെ ആധികാരികമായി തോൽപ്പിച്ചു; 4-2. ജയിക്കാതെതരമില്ലായിരുന്നു എന്നും പറയാം.

കലാശക്കളിയുടെ തലേന്ന് വൈകീട്ട് ഇറ്റാലിയൻ സംഘത്തിന് മൂന്നു വാക്കുകളിൽ ഒരു ടെലിഗ്രാം കിട്ടി; ‘ജയിക്കുക അല്ലെങ്കിൽ മരിക്കുക, ഒപ്പ്: മുസോളിനി'.

പിന്നെ രണ്ടു ലോകകപ്പുകൾ മൈതാനത്തിനുപുറത്താണ് കളിച്ചത്. ഹിറ്റ്‌ലറും ചർച്ചിലും സ്റ്റാലിനും മുസോളിനിയും ഗോളടിച്ചും അടിപ്പിക്കാതെയുമൊക്കെ കളിച്ച കളികളിൽ മൈതാനം നിറയെ മൃതദേഹങ്ങളായിരുന്നു. ജൂതപ്പെങ്കുട്ടികളുടെ കന്യാചർമങ്ങൾകൊണ്ട് നാസികൾ തൊപ്പികളുണ്ടാക്കി, പല്ലുകൾ കുപ്പായക്കുടുക്കുകളായി. നാഗരികതയുടെ യൂറോപ്യൻ പാഠങ്ങൾക്ക് വലിയ പഴക്കമില്ല എന്ന് യൂറോപ്പിന്റെ വാഴ്ത്തുകാരെ ഓർമപ്പെടുത്താൻ അടയാളങ്ങൾ ഏറെ ബാക്കിയാക്കി.

1950-ലാണ് മനുഷ്യരുടെ തലകൾക്കുപകരം തുകൽപ്പന്തുതന്നെ വീണ്ടും മൈതാനത്ത് തട്ടാൻ തുടങ്ങിയത്. ബ്രസീൽ ലോകകപ്പ്. അപ്പോഴേക്കും മുസോളിനിയെ ഇറ്റലിക്കാർ വിളക്കുകാലിൽ ഊഞ്ഞാലാട്ടി യാത്രയയച്ചിരുന്നു.

മൈതാനത്തെ ആരവങ്ങൾക്കുപകരം യുദ്ധവിമാനങ്ങളും ഇരമ്പലുകളും വെടിയൊച്ചകളും നിറഞ്ഞു. അതുവരെ പീരങ്കിയുണ്ടപോലെ എതിർപോസ്റ്റിലേക്ക് നിറയൊഴിച്ചു എന്നൊക്കെയുള്ള വിശേഷണങ്ങളിൽ അറിഞ്ഞിരുന്ന പീരങ്കിയുണ്ടകൾ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ മുറ്റത്ത് പടക്കങ്ങൾ പോലെ വീണുപൊട്ടി. രാജ്യസ്‌നേഹം തൊണ്ണൂറു മിനിട്ടു നേരത്തെ കളിക്കുശേഷം ആർപ്പുവിളികൾക്കും നിരാശകൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്ന മൈതാനങ്ങളിൽ നിന്ന്​ രാജ്യാതിർത്തികൾ കടന്ന് യുദ്ധം വെടിമരുന്നിന്റെ പൂത്തിരികൾ കത്തിച്ചു. കുറുകിയ പാസുകളും വെട്ടിച്ചൊഴിയലും നീളനടികളും നിർദ്ദയമായ ഫൗളുകളുമായി മുന്നേറിയ യുദ്ധത്തിന്റെ മൈതാനത്ത് ഏകാകിയായ കാൽപ്പന്ത് മരിച്ചുപോകാത്ത മനുഷ്യരെയും തനിക്കുവേണ്ടി വളരുന്ന കുഞ്ഞിക്കാലുകളെയും കാത്തുകിടന്നു.

ബെനിറ്റോ മുസോളിനി
ബെനിറ്റോ മുസോളിനി

മരാക്കാനായിലെ നിശ്ശബ്​ദത

1950-ലാണ് മനുഷ്യരുടെ തലകൾക്കുപകരം തുകൽപ്പന്തുതന്നെ വീണ്ടും മൈതാനത്ത് തട്ടാൻ തുടങ്ങിയത്. ബ്രസീൽ ലോകകപ്പ്. അപ്പോഴേക്കും മുസോളിനിയെ ഇറ്റലിക്കാർ വിളക്കുകാലിൽ ഊഞ്ഞാലാട്ടി യാത്രയയച്ചിരുന്നു. യുദ്ധകാലം മുഴുവൻ യൂൾസ് റിമെ (Jules Rimet) വിജയികൾക്കുള്ള ട്രോഫി തന്റെ കിടക്കക്കടിയിൽ സൂക്ഷിച്ചു. ഫ്രാൻസ് പങ്കെടുത്തില്ല. ജർമനിക്ക് അപ്പോഴും ഫിഫ യുദ്ധാനന്തരം അനുമതി നൽകിയിരുന്നില്ല. ബ്രസീലുകാർ തങ്ങളുടെ വലിയ രാജ്യത്ത്, എതിർടീമുകൾക്ക് ഒരു കളി കഴിഞ്ഞാൽ അടുത്ത കളികൾക്ക് ആയിരക്കണക്കിന് കിലോമീറ്റർ അകലെ യാത്ര ചെയ്യേണ്ട തരത്തിൽ കളികൾ വെച്ചു. ബ്രസീലുകാർക്കാകട്ടെ ഓരോ രണ്ടാമത്തെ കളിയും റിയോവിലായിരുന്നു. മരക്കാന നദിയുടെ കരയിൽ രണ്ടു ലക്ഷം പേർക്കിരിക്കാവുന്ന കൂറ്റൻ മൈതാനം ഉയരാൻ തുടങ്ങി. എന്നത്തേയും പോലെ അന്നും ബ്രസീലിൽ പണി തീർന്നില്ല. എന്നിട്ടും കിരീടപ്പോരാട്ടം കാണാൻ രണ്ടു ലക്ഷം പേർ ഇരച്ചുകയറി. ആരവങ്ങളെ അതിക്രൂരമായി നിശ്ശബ്ദമാക്കി ഉറുഗ്വെ ബ്രസീലിനെ തോൽപ്പിച്ചു, 2-1. ഇരുപതു വർഷങ്ങൾക്കുശേഷം കിരീടം വീണ്ടും ഉറുഗ്വേയിലേക്ക്. അന്ന് മരാക്കാനായിൽ വിങ്ങിനിന്ന പോലൊരു നിശ്ശബ്ദത മറ്റൊരു ലോകകപ്പ് ഫൈനലിലും ഉണ്ടായിട്ടില്ല.
ബ്രസീലുകാർ തങ്ങളുടെ വിജയാഘോഷം നേരത്തെ തുടങ്ങിയിരുന്നു. പത്രങ്ങളെല്ലാം ബ്രസീൽ ലോകകപ്പ് ജേതാക്കൾ എന്ന ഒന്നാം പേജ് അച്ചടിച്ചുവെച്ചു. ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം തയ്യാറായിരുന്നു. മാരക്കാന മൈതാനത്ത് യൂൾസ് റിമേ തന്റെ കയ്യിലുള്ള ട്രോഫി കൈമാറാൻ സാധ്യമാകാതെ കുഴങ്ങി. ഒടുവിൽ എങ്ങനെയൊക്കെയോ ഉറുഗ്വെയുടെ ക്യാപ്റ്റനെ തപ്പിപ്പിടിച്ച് ട്രോഫി കൈമാറുമ്പോൾ യൂൾസ് റിമേയുടെ കുപ്പായക്കീശയിൽ വിജയികളായ ബ്രസീലിനെ അനുമോദിച്ചുള്ള മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം മടക്കിവെച്ചിട്ടുണ്ടായിരുന്നു.

58-ലെ ലോകകപ്പ് പിന്നീട് ഫുട്‌ബോൾ എന്ന പേരിനൊപ്പം ലോകം മുഴുവൻ ചേർത്തുവെച്ച ഒരു പേരിന്റെ പൊട്ടിത്തെറിയായിരുന്നു: പെലെ. സെമിഫൈനലിൽ ഫ്രാൻസിനെതിരെ 3 ഗോളടിച്ച പെലെ ഫൈനലിൽ സ്വീഡനെതിരെ 2 ഗോളടിച്ചു.

ഇറ്റലി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. പിന്നെ 1970 വരെ കാത്തിരിക്കേണ്ടിവന്നു, ഒരു ഫൈനൽ കളിക്കാൻ.

1954-ൽ സ്വിറ്റ്‌സർലണ്ട് ലോകകപ്പിൽ ഫൈനലിൽ ഹംഗറിയുടെ പുഷ്‌കാസിന്റെ മാന്ത്രിക മഗ്യാറുകൾ തോറ്റതായിരുന്നു വാർത്ത. ക്വാർട്ടറിൽ ബ്രസീലുമായുള്ള ഹംഗറിയുടെ കളിയിൽ കളിയും കയ്യാങ്കളിയുമായാണ് കളി തീർന്നത്. ലോകമഹായുദ്ധത്തിന്റെ വില്ലന്മാരായി ചരിത്രത്തിൽ എക്കാലത്തേക്കും അഭിശപ്തരാക്കപ്പെടുമെന്ന ആശങ്കകൾക്കിടയിൽ നിന്ന്​ യു.എസും സഖ്യരാജ്യങ്ങളും സോവിയറ്റ് യൂണിയൻ മറുവശത്തുമായി പകുത്തു പങ്കുവെച്ച ജർമനിക്ക് ലോകകപ്പിൽ പങ്കെടുക്കാൻ ഫിഫ വീണ്ടും അനുമതി നൽകി. തടങ്കൽപ്പാളയങ്ങളും വിഷപ്പുക നിറച്ച കൊലയറകളും മാഞ്ഞെന്നു തോന്നിച്ചെങ്കിലും ഒരിക്കലും മായാതെ പിൽക്കാലത്തിലേക്ക് നിഴലും രൂപവുമായി ഒളിഞ്ഞും തെളിഞ്ഞും കളിച്ച വംശീയതയുടെയും വംശവിശുദ്ധിയുടേയും സിദ്ധാന്തവും പ്രയോഗവും ഹിറ്റ്‌ലറുടെ കുഴിമാടം പോലെ അജ്ഞാതമാക്കി തള്ളിക്കളഞ്ഞുകൊണ്ട് ജർമനി യൂറോപ്പിലേക്കും ലോകത്തിലേക്കും വീണ്ടും വന്നിരുന്നു. എന്തായാലും ഹംഗറിയെ തോൽപ്പിച്ച് (3-2) പശ്ചിമ ജർമനി യുദ്ധാനന്തര കിരീടം നേടി. ജർമൻ പട വരുന്നു, വഴി മാറൂ എന്നുപറഞ്ഞ് പിന്നീട് ലോകകപ്പ് കാണുമ്പോൾ അർജന്റീനക്കും ബ്രസീലിനുമായി പങ്കുവെച്ച ഞങ്ങളുടെ ഗ്രാമത്തിൽ മണിയേട്ടൻ ഒറ്റയാനായി. ബഹളം കൂട്ടി ഞങ്ങൾ തോൽപ്പിച്ചെങ്കിലും ലോകകപ്പുകൾ പലപ്പോഴും മണിയേട്ടൻ വീട്ടിലേക്ക് കൊണ്ടുപോയി.

ലെവ് യാഷിൻ / Photo: FIFA
ലെവ് യാഷിൻ / Photo: FIFA

റഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത് 1958-ൽ സ്വീഡനിലാണ്.

ഗോൾവലക്കുമുന്നിൽ ചിറകുവിരിച്ച മാലാഖയെപ്പോലെ നിന്ന ലെവ് യാഷിൻ എന്ന ഗോളി അവർക്കൊപ്പമുണ്ടായിരുന്നു. 58-ലെ ലോകകപ്പ് (സ്വീഡൻ) പിന്നീട് ഫുട്‌ബോൾ എന്ന പേരിനൊപ്പം ലോകം മുഴുവൻ ചേർത്തുവെച്ച ഒരു പേരിന്റെ പൊട്ടിത്തെറിയായിരുന്നു: പെലെ. സെമിഫൈനലിൽ ഫ്രാൻസിനെതിരെ 3 ഗോളടിച്ച പെലെ ഫൈനലിൽ സ്വീഡനെതിരെ 2 ഗോളടിച്ചു. ഗാരിഞ്ച, വാവ, ദിദി, സാന്റോസ്, സഗാലോ... ആ ലോകകപ്പിനെത്തിയ ഏറ്റവും മികച്ച ടീമായിരുന്നു കിരീടം നേടിയത്. ഒന്നാം വട്ടത്തിൽത്തന്നെ ഹംഗറി തിരിച്ചുപോയി. 1956-ലെ ഹംഗറിയിലെ പ്രതിഷേധങ്ങളെ സോവിയറ്റ് സൈന്യം അതിർത്തി കടന്നെത്തി അടിച്ചമർത്തി. 1958-ൽ ഹംഗറിയുടെ മുൻ പ്രധാനമന്ത്രി ഈംറെ നാഗിയെ രഹസ്യവിചാരണക്കൊടുവിൽ വധശിക്ഷയ്ക്ക് വിധിച്ചു. ബുഡാപെസ്റ്റിലെ അജ്ഞാതമായ ഒരു ശവപ്പറമ്പിൽ നാഗിയുടെ ശവമടക്കി.

ബ്രസീൽ സംഘത്തിൽ പെലെയോടൊപ്പം കളിച്ചവർ അയാൾക്കൊത്ത കളിക്കാരായിരുന്നു. ഗാരിഞ്ച, വാവ, അമാരിൽഡോ ... ‘കുഞ്ഞുപക്ഷി’ എന്ന വിളിപ്പേരുള്ള ഗാരിഞ്ച കളിക്കാൻ പോയിട്ട് ജീവിച്ചിരിക്കുമോ എന്ന് സംശയമുണ്ടായിരുന്ന കുഞ്ഞായിരുന്നു.

ഭൂകമ്പങ്ങൾ ചിലിയെ കുലുക്കിക്കൊണ്ടേയിരുന്നു. പക്ഷേ 1962-ലെ ലോകകപ്പ് വേദി വാശിയോടെ വാങ്ങിക്കാൻ അവർക്കതൊന്നും തടസമായില്ല. ‘We must have the world cup, because we have nothing' എന്നവർ ഉറക്കെ പറഞ്ഞു. സെമിഫൈനലിൽ ബ്രസീലിനോട് തോല്ക്കും വരെ കളിച്ചു ചിലി. ബ്രസീൽ ജയിക്കാനായി മാത്രം വന്ന ടീമായിരുന്നു. ഒരു പന്തുമായി ഭൂമിയിൽ വന്ന ഗന്ധർവൻമാരെപ്പോലെയാണ് അവർ കളിച്ചത്. കലാശക്കളിയിൽ ചെക്കൊസ്ലൊവാക്യയെ 3-1 നു തോൽപ്പിച്ച് മറ്റുള്ളവരെ വെറും മനുഷ്യരാക്കി ഗന്ധർവ്വൻമാർ മടങ്ങിപ്പോയി.

യൂറോപ്പിനായി കളിക്കുന്നു, മോഷ്ടിക്കപ്പെട്ടൊരു ഭൂഖണ്ഡം

ഇംഗ്ലണ്ടിലേക്കെത്തിയ 66-ലെ ലോകക്കപ്പ്​, 32 കൊല്ലത്തിൽ ആദ്യമായി ആതിഥേയർ വിജയിച്ച ലോകക്കപ്പായിരുന്നു. തകർന്നടിഞ്ഞ ബ്രസീൽ ടീം നേരത്തെ പോയി. വടക്കൻ കൊറിയയിൽ നിന്നുവന്ന കുറിയ മനുഷ്യർ ഇറ്റലിയുടെ കഥ കഴിച്ച അമ്പരപ്പായിരുന്നു റോമിനെ കാത്തിരുന്നത്. ഒഴിവുസമയത്ത് പന്തുകളിച്ചിരുന്ന പ്യോങ്യാങിലെ ഒരു ദന്തഡോക്ടർ, പാക്, അടിച്ച ഒരു ഗോളിൽ ഇറ്റലി മടങ്ങി. സെമിയിലെത്തിയ പോർച്ചുഗൽ ടീമിൽ ലോകം കണ്ട വലിയ കളിക്കാരിലൊരാളായ യൂസേബിയോ ഉണ്ടായിരുന്നു. വിധവയായ അമ്മയ്ക്കൊപ്പമുള്ള ദാരിദ്ര്യം പിടിച്ച ബാല്യത്തിൽനിന്ന്​ ഓടിയോടി പന്തുകളിച്ച യൂസേബിയോവിനൊപ്പം ഓടിയെത്താൻ എതിരാളികൾക്കാവുമായിരുന്നില്ല. പോർട്ടുഗലിന്റെ ഏറ്റവും മഹാനായ കളിക്കാരൻ മൊസാംബിക്കുകാരനായിരുന്നു. യൂറോപ്പിനുവേണ്ടി കളിക്കുന്ന നിരവധി കറുത്ത വർഗക്കാരെപ്പോലെ മോഷ്ടിക്കപ്പെട്ടൊരു ഭൂഖണ്ഡം ഇപ്പോഴും യൂറോപ്പിനായി കളിക്കുന്നു.

1966 ൽ ഇംഗ്ലണ്ടും ജർമനിയും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ നിന്ന്
1966 ൽ ഇംഗ്ലണ്ടും ജർമനിയും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ നിന്ന്

ഫ്രാൻസ് ബെക്കൻബോവർ എന്ന ജർമനിയുടെ ‘മധ്യനിരയുടെ കൈസർ' ലോകകപ്പിൽ ആദ്യത്തെ ഗോൾ നേടി. കളിക്കാരനായും പരിശീലകനായും ലോകകപ്പുമായി മടങ്ങിപ്പോകാൻ ബെക്കൻബോവർ പിന്നെയും വരാനിരിക്കുകയായിരുന്നു. മഴയിൽ കുതിർന്ന കലാശക്കളിയിൽ ജെഫ് ഹെഴ്‌സ്ട് അടിച്ച പന്ത് ബാറിൽ തട്ടി ലോകകപ്പിന്റെ ചരിത്രത്തിലെ ഹാംലെറ്റ് നിമിഷവുമായി നിന്നു. To be or not to be- അകത്തേക്കോ പുറത്തേക്കോ? സ്വിസ് റഫറി ഹേർ ഡെയ്ൻസ്റ്റ് പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും സന്ദേഹഭരിതമായ നിമിഷങ്ങളിൽ റഷ്യക്കാരനായ ലൈൻസ്മാൻ ബഖ്റാമോവിനടുത്തേക്ക് ചെന്നു. ജർമനിക്കുമുന്നിൽ ബഖ്റാമോവ് റഷ്യൻ ശീതത്തിന്റെ ദുഃസ്വപ്നം പോലെ ഗോളെന്നുറപ്പിച്ച് മൈതാനത്തിന്റെ നടുവിലേക്ക് കൊടി ചൂണ്ടി. ജർമൻകാർ ഇന്നുവരെയും പൊറുക്കാത്ത വിധിയിൽ ബോബി ചാൾടന്റെ ഇംഗ്ലണ്ട് 4-2 ന്​ ആദ്യവും അവസാനവുമായി ലോകക്കപ്പ്​ നേടി. തത്സമയ സംപ്രേഷണം ചെയ്ത ആദ്യ ലോകകപ്പും 1966-ലായിരുന്നു.

പന്തുകളിയുടെ പ്രവാചകനും ദൈവപുത്രനുമായിരുന്നു പെലെ. അയാൾക്ക് മാത്രമറിയാവുന്ന മന്ത്രങ്ങൾക്കൊണ്ട് കളിച്ചകാലമത്രയും സകല മാന്ത്രികഭൂതങ്ങളും അയാളുടെ കാലുകളിൽ കുടിയേറിയിരുന്നു.

ബ്രസീൽ സംഘത്തിൽ പെലെയോടൊപ്പം കളിച്ചവർ അയാൾക്കൊത്ത കളിക്കാരായിരുന്നു. ഗാരിഞ്ച, വാവ, അമാരിൽഡോ ... ‘കുഞ്ഞുപക്ഷി’ എന്ന വിളിപ്പേരുള്ള ഗാരിഞ്ച കളിക്കാൻ പോയിട്ട് ജീവിച്ചിരിക്കുമോ എന്ന് സംശയമുണ്ടായിരുന്ന കുഞ്ഞായിരുന്നു. വളഞ്ഞ നട്ടെല്ലും വക്രിച്ച കാലുകളും പോളിയോ ബാധിച്ച ബാല്യവും ദാരിദ്ര്യവും എല്ലാമായി വളർന്ന ഗാരിഞ്ച പക്ഷെ മൈതാനത്ത് പന്തുമായി ഒഴുകിയും പറന്നും കളിച്ചു. 1962-ലെ ലോകകപ്പിൽ ഗാരിഞ്ച നാല് ഗോളുകളടിച്ചു. ഒടുവിൽ മൈതാനത്തിനുപുറത്ത് ആൾക്കൂട്ടങ്ങളുടെ ആരവങ്ങളില്ലാതെ ഏകനും നിസ്വനായി മദ്യപിച്ചു മരിച്ചുപോയി.

പെലെ കളിക്കുന്നത് കാണാൻ വെടിനിർത്തൽ

1970-ൽ മെക്‌സിക്കോയിൽ യൂൾസ് റിമെ ട്രോഫി എത്തുമ്പോൾ ഇറ്റലിക്കും ബ്രസീലിനും മൂന്നാം തവണ അതുനേടി സ്ഥിരമായി കൈവശം വെക്കാനുള്ള അവസരമായിരുന്നു. കലാശക്കളിവരെ ഇരുകൂട്ടരും എത്തി. പെലെയുമായുള്ള തർക്കത്തിലെന്ന് പിന്നാമ്പുറകഥയിൽ, ജോ സൽദാഞ്ഞ എന്ന കരുത്തൻ പരിശീലകനെ ഒഴിവാക്കി, മുൻ താരം സഗാലോ പരിശീലകനായി. ഇറ്റലിയെ 4-1നു തകർത്ത് ബ്രസീൽ ട്രോഫി എന്നേക്കുമായി സ്വന്തമാക്കി. പിന്നെ കള്ളൻമാരായിരുന്നു ആ ട്രോഫി ഇടക്കിടെ സ്വന്തമാക്കിയത്.

പന്തുകളിയുടെ പ്രവാചകനും ദൈവപുത്രനുമായിരുന്നു പെലെ. അയാൾക്ക് മാത്രമറിയാവുന്ന മന്ത്രങ്ങൾക്കൊണ്ട് കളിച്ചകാലമത്രയും സകല മാന്ത്രികഭൂതങ്ങളും അയാളുടെ കാലുകളിൽ കുടിയേറിയിരുന്നു.

ആരായിരുന്നു പെലെ? നൈജീരിയയും ബയാഫ്രയും പെലെ കളിക്കുന്നത് കാണാൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; ഹാ...!

പെലെ / Photo: FIFA
പെലെ / Photo: FIFA

1100 മിനിറ്റ് നേരത്തോളം ഗോൾവല കുലുങ്ങാതെ കാത്ത ദിനോ സോഫുള്ള, ഇറ്റലിക്കായിരുന്നു അടുത്ത ലോകപ്പിനായി 1974-ൽ ജർമ്മനിയിലെത്തുമ്പോൾ സാധ്യത കൽപ്പിച്ചത്. പക്ഷേ ഇറ്റലി വേഗം സ്ഥലം കാലിയാക്കി. ഫൈനൽ ബെക്കൻ ബോവറും മുള്ളറുമുള്ള ജർമ്മനിയും യൊഹാൻ ക്രൈഫിന്റെ ഹോളണ്ടും തമ്മിലായിരുന്നു. 4-3-3, 4-2-4 ശൈലിയിൽ ആ ലോകകപ്പ് total football എന്ന പടയോട്ടത്തിന്റെ പന്തുകളിക്കാലം തുറന്നു. ലോകകപ്പിലെ ഏറ്റവും നിർഭാഗ്യവാന്മാരായ മികച്ച സംഘമായി പിന്നെ മാറിക്കൊണ്ടേയിരുന്ന ഹോളണ്ട് 2-1 നു തോറ്റു. ഒരു ജർമൻ കളിക്കാരൻ പോലും പന്ത് തൊടുന്നതിനുമുമ്പ് ഹോളണ്ട് ഗോൾ നേടിയശേഷമായിരുന്നു തോൽവി. ബെക്കൻ ബോവർ പിന്നീട് പരിശീലകനായി കിരീടം നേടാൻ തിരിച്ചുവന്നു.

പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരൻ ആരെന്ന കാര്യത്തിൽ മറഡോണ പെലെയോട് മാത്രം മത്സരിച്ചു. പന്തിനൊപ്പം അയാൾ തന്റെ ഹൃദയംകൂടി തുന്നിവെച്ചു. ജീവനെന്നപോലെ അയാൾ അതിനു പിന്നിലോടി, കാലിൽ കുടുക്കിയിട്ട ജീവനുമായി അയാൾ മൈതാനത്ത് പാഞ്ഞുനടന്നു.

അതിഭീകരമായ അടിച്ചമർത്തലുകളും ഇടതുപക്ഷക്കാർക്കെതിരായ ഭരണകൂട വേട്ടയും കൊണ്ട് നിറഞ്ഞ പട്ടാളഭരണമായിരുന്നു, നാലുവർഷം കഴിഞ്ഞ്, അടുത്ത പന്തുകളിക്കാലത്ത് അർജന്റീനയിൽ. അവർക്ക് വേദി നൽകുന്നതിനെതിരെ ലോകമെങ്ങും പ്രതിഷേധമുണ്ടായിരുന്നു. പരിപാടിയുടെ നടത്തിപ്പിന്​ പട്ടാള ജണ്ട രൂപം കൊടുത്ത സമിതിയുടെ തലവൻ ജനറൽ ഒമർ ആക്ടീസ് ആദ്യത്തെ പത്രസമ്മേളനത്തിന് പോകും വഴി വധിക്കപ്പെട്ടു. പട്ടാളഭരണത്തിനുള്ള സമ്മതപത്രവുമായി ഉദ്ഘാടനച്ചടങ്ങിൽ ഹെന്റി കിസ്സിഞ്ചർ വന്നു. മൈതാനത്തിനു കുറച്ചുമാറി പീഡനത്തിന്റെയും കൊലകളുടെയും കൂറ്റൻ തടവറ -Navy School of Mechanics - പ്രവർത്തിച്ചിരുന്നു. എങ്കിലും കളികൾ നടന്നു. ക്രൈഫ് കളിച്ചില്ല. അന്നത്തെ യൂറോപ്പിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളായ പൗലോ റോസി ഇറ്റാലിയൻ ടീമിൽ ഇടം കണ്ടില്ല. ഫ്രാൻസിൽ 21 കാരനായ പ്ലാറ്റീനി പന്തടക്കത്തിന്റെയും ഭാവനയുടെയും പുതിയ ലോകമുണ്ടാക്കാൻ ഫ്രഞ്ച് സംഘത്തിൽ കയറിയിരുന്നു. ഫൈനൽ ഹോളണ്ടും അർജന്റീനയും തമ്മിലായിരുന്നു. 3-1 അർജന്റീന കിരീടം നേടി. പട്ടാള ജണ്ട കൊണ്ടാടി. ജനം പന്തുകളി മാത്രമാണ് ആഘോഷിച്ചത്. ഭരണകൂടത്തിനെതിരായ സമരം തുടർന്നു. കലാശക്കളിക്കുശേഷമുള്ള പതക്കങ്ങൾ നൽകുമ്പോൾ അർജൻറീനയുടെ പട്ടാളമേധാവികളെ അഭിവാദ്യം ചെയ്യാൻ ഹോളണ്ട് കളിക്കാർ തയ്യാറായില്ല. പന്തുകളി ഒരു നിലപാട് കൂടിയാണെന്ന് അവർ വീണ്ടുമുറപ്പിച്ചു.

1982-ലെ സ്‌പെയിൻ ലോകകപ്പിൽ പൗലോ റോസി ഇറ്റലി സംഘത്തിലെത്തി. കലാശക്കളിയിൽ ജർമനിയെ 3-1 ന്​ തോൽപ്പിച്ച ഇറ്റലി മൂന്നാം തവണയും കിരീടം നേടി.

1986 ലെ ലോകകപ്പ് നേടിയതിന് ശേഷം ഡീഗോ മറഡോണ തന്റെ ടീമംഗങ്ങൾക്കൊപ്പം. / Photo: Wikimedia Commons
1986 ലെ ലോകകപ്പ് നേടിയതിന് ശേഷം ഡീഗോ മറഡോണ തന്റെ ടീമംഗങ്ങൾക്കൊപ്പം. / Photo: Wikimedia Commons

മറഡോണ എന്ന ഉന്മാദി

1986-ൽ ഡീഗോ അർമാൻഡോ മറഡോണയെന്ന ഉന്മാദി മൈതാനത്തിറങ്ങിയതിനുശേഷം, മലയാളി ടെലിവിഷനിൽ കണ്ടുതുടങ്ങിയ, കളിയിരമ്പങ്ങളും കണക്കുകളും മനഃപാഠമാക്കിയ ലോകക്കപ്പ്​തൊട്ടിങ്ങോട്ട്, 94-ൽ ഫൈനലിൽ തോൽക്കുകയും 2006-ൽ ജേതാക്കളാവുകയും ചെയ്തു ഇറ്റലി. മറഡോണക്കുശേഷവും മുമ്പുമായി പന്തുകളിയുടെ ചരിത്രം രേഖപ്പെടുത്തി. പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരൻ ആരെന്ന കാര്യത്തിൽ മറഡോണ പെലെയോട് മാത്രം മത്സരിച്ചു. പന്തിനൊപ്പം അയാൾ തന്റെ ഹൃദയംകൂടി തുന്നിവെച്ചു. ജീവനെന്നപോലെ അയാൾ അതിനു പിന്നിലോടി, കാലിൽ കുടുക്കിയിട്ട ജീവനുമായി അയാൾ മൈതാനത്ത് പാഞ്ഞുനടന്നു. ആകാശത്തേക്കുപോയ ഹൃദയത്തെയാണ് മറഡോണ കൈകൊണ്ട് തട്ടിയിട്ടതെന്ന് തോന്നും പോലെ ഇംഗ്ലണ്ടിന്റെ ഇതിഹാസ ഹോളീ പീറ്റർ ഷിൽട്ടനെയും റഫറിയെയും കബളിപ്പിച്ചു നേടിയ ‘ദൈവത്തിന്റെ കൈ' തട്ടിയ ഗോൾ മാറ്റിനിർത്തിയാലും 1986-ലെ ലോകകപ്പ് മാത്രമല്ല, കളിച്ച കാലമത്രയും ലോകത്തെ ഏറ്റവും മഹാനായ കളിക്കാരനായിരുന്നു ദീഗൊ മറഡോണ. മെക്‌സിക്കോയിൽ നിന്ന്​ ലോകകപ്പ് കിരീടവുമായി അർജൻറീന മടങ്ങിയപ്പോൾ എതിരാളികൾക്കുപോലും അതിനുള്ള അർഹതയിൽ സംശയമുണ്ടായിരുന്നില്ല.

ധനികമായ വടക്കൻ ഇറ്റലിയുടെ മേൽക്കോയ്മക്കുകീഴിൽ അസംതൃപ്തരായിരുന്ന ദരിദ്രരായ തെക്കൻ ഇറ്റലിയിലെ നേപ്പിൾസിൽ നാപ്പോളിയുടെ തുടർവിജയങ്ങളിലൂടെ നേപ്പിൾസിന്റെ പുണ്യാളനായി മാറിയിരുന്നു മറഡോണ.

1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ അക്കാലത്ത് ഇറ്റാലിയൻ ക്ലബ്ബുകളിൽ കളിച്ച മറഡോണയെ ഇറ്റലിക്കാർ കൂവിയാർത്തു. നേപ്പിൾസിലെ കളിക്കുമുമ്പ് പ്രാദേശിക അസമത്വത്തിനെതിരെ ഇറ്റലിക്കെതിരെ തങ്ങളെ പിന്തുണയ്ക്കാൻ ആവശ്യപ്പെടുക വരെ ചെയ്തു മറഡോണ. അത് പ്രതീക്ഷിക്കാൻ മാത്രം ഉന്മാദമൊക്കെ മറഡോണക്ക് എക്കാലത്തുമുണ്ടായിരുന്നു. ധനികമായ വടക്കൻ ഇറ്റലിയുടെ മേൽക്കോയ്മക്കുകീഴിൽ അസംതൃപ്തരായിരുന്ന ദരിദ്രരായ തെക്കൻ ഇറ്റലിയിലെ നേപ്പിൾസിൽ നാപ്പോളിയുടെ തുടർവിജയങ്ങളിലൂടെ നേപ്പിൾസിന്റെ പുണ്യാളനായി മാറിയിരുന്നു മറഡോണ. നേപ്പിൾസിൽ അയാളുടെ ചിത്രങ്ങൾക്ക് മുന്നിൽ ജനം മെഴുകുതിരികൾ തെളിച്ചു.

ബാജിയോയും സ്‌കില്ലാച്ചിയും തകർത്തുകളിച്ചിട്ടും അർജന്റീനയുടെ ഗോളി ഗോയ്‌ക്കൊച്ചിയയുടെ കൈകളിൽ തട്ടി ഇറ്റലി സെമിയിൽ തോറ്റു.

സോവിയറ്റ് യൂണിയൻ ഇല്ലാതായി. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ തകർന്നു. പലതും ആഭ്യന്തരയുദ്ധങ്ങളിൽക്കുടുങ്ങി, പിന്നീട് പല രാജ്യങ്ങളായി. ലോകരാഷ്ട്രീയത്തിൽ ഒരേയൊരു ഗോളടിക്കാരൻ യു.എസ്. എ മാത്രമായി. ലോകം ഇരുപതാം നൂറ്റാണ്ടിലാദ്യമായി ഒരു ടീം മാത്രം ജയിക്കുന്ന ഭൗമരാഷ്ട്രീയകളിക്കാലത്തിലേക്ക് വിസിലൂതി.

1990 ലെ വേൾഡ് കപ്പ് ഫൈനലിൽ നിന്ന് / Photo: FIFA
1990 ലെ വേൾഡ് കപ്പ് ഫൈനലിൽ നിന്ന് / Photo: FIFA

നിലവിലെ ജേതാക്കളായിരുന്ന അർജൻറീന കിരീടം നിലനിർത്താനുള്ള ശ്രമം നടത്താവുന്ന സംഘം തന്നെയായിരുന്നു. മറഡോണയെന്ന എക്കാലത്തെയും വലിയ കളിക്കാരൻ നയിക്കുമ്പോൾ പ്രത്യേകിച്ചും. എന്നാൽ ആർക്ക് കിരീടം നേടണമെങ്കിലും തങ്ങളെ മറികടക്കാതെ കഴിയില്ല എന്ന ഉറച്ച വെല്ലുവിളിയുയർത്തിയ സംഘം ഹോളണ്ടിന്റെതായിരുന്നു. വാൻ ബാസ്റ്റാൻ, ഫ്രാങ്ക് റൈക്കാട്, റൂഡ് ഗുള്ളിറ്റ് എന്ന ത്രിമൂർത്തികളടങ്ങുന്ന ഹോളണ്ട് തൊട്ടു മുമ്പ് നടന്ന യൂറോപ്യൻ കപ്പിൽ സെമിഫൈനലിൽ പശ്ചിമ ജർമനിയേയും കലാശക്കളിയിൽ സോവിയറ്റ് യൂണിയനെയും തകർത്ത് ജേതാക്കളയായിരുന്നു വന്നത്. പക്ഷെ രണ്ടാം വട്ടത്തിൽത്തന്നെ ജർമനിയോടുതോറ്റ് ഹോളണ്ട് പുറത്തായി. ലോകകപ്പിലെ നിരന്തര നിർഭാഗ്യം ഹോളണ്ടിനെ ഒരുകാലത്തും വിട്ടൊഴിഞ്ഞതുമില്ല.

സൂറിനാമുകാരായ ആഫ്രിക്കൻ മാതാപിതാക്കളുടെ മക്കളായിരുന്നു റൈക്കാഡും ഗുള്ളിറ്റും. വർണവെറിക്കെതിരെ പ്രതിഷേധിച്ച ഗുള്ളിറ്റ് 1987-ൽ തനിക്ക് ലഭിച്ച മികച്ച യൂറോപ്യൻ പന്തുകളിക്കാരനുള്ള ബലോൺ ഡി ഓർ നെൽസൺ മണ്ടേലക്കാണ്​ സമർപ്പിച്ചത്. പന്തുകളിക്കാർ രാഷ്ട്രീയം മറക്കാത്തപ്പോൾ അത് കൃത്യമായ ഗോളുകളാകും.

അൾജിയേഴ്‌സ് സർവ്വകലാശാലയുടെ ഗോൾകീപ്പറായിരുന്നു എഴുത്തുകാരൻ ആൽബേർ കാമു. വാസ്തവത്തിൽ ദാരിദ്ര്യം കൊണ്ടായിരുന്നു കാമു ഗോളിയായത്. ഗോളിയുടെ ഷൂ പെട്ടന്ന് തേഞ്ഞുപോകില്ലല്ലോ!

റോജർ മില്ലയെന്ന, ഏതാണ്ട് 40 വയസായ കളിക്കാരനും അയാളുടെ കാമറൂൺ എന്ന രാജ്യവും ആ ലോകകപ്പിൽ അത്ഭുതങ്ങളുണ്ടാക്കിയാണ് പോയത്. ആദ്യ മത്സരത്തിൽ അർജൻറീനയെ തോൽപ്പിച്ച കാമറൂൺ ക്വർട്ടർ ഫൈനൽ വരെയെത്തി. റോജർ മില്ല ഓർമിപ്പിക്കുന്നത് ഹിഗ്വിറ്റയെന്ന വിചിത്രരീതികളുള്ള കൊളംബിയൻ ഗോളിയെക്കൂടിയാണ്. ഗോൾവല കാത്തുനിൽക്കുന്ന വിരസതയിൽ മൈതാനമധ്യത്തിലേക്ക് ഓടിക്കയറി കളിക്കുന്ന ഹിഗ്വിറ്റയുടെ പിഴവിൽ മില്ല ഗോൾ നേടി. പ്രതിഭയുടെ ധാരാളിത്തം ചിലപ്പോൾ നിങ്ങളെ നിലകിട്ടാത്ത ക്രൂരമായ ആഴങ്ങളിലേക്ക് ഒറ്റത്തള്ളിനു വീഴ്ത്തിക്കളയും.

ചോര പുരണ്ട പന്ത്​

ഹിഗ്വിറ്റയുടെ അസ്വസ്ഥതകൾ എല്ലാ ഗോളികളുടെയുമാണ്. ഇളകിമറയുന്ന മൈതാനത്തിനറ്റത്ത് അപ്രതീക്ഷിതമായൊരു കൂറ്റനടിയിൽ കുലുങ്ങാവുന്ന ഗോൾവലയും കാത്ത് അഭിശപ്തമായ ആ നിമിഷത്തെ എപ്പോഴും പ്രതീക്ഷിച്ച് നിൽക്കുന്ന ഏകാന്തതയുടെ ഒറ്റത്തുരുത്തുകളാണ് ഗോൾകീപ്പർമാർ. അൾജിയേഴ്‌സ് സർവ്വകലാശാലയുടെ ഗോൾകീപ്പറായിരുന്നു എഴുത്തുകാരൻ ആൽബേർ കാമു. വാസ്തവത്തിൽ ദാരിദ്ര്യം കൊണ്ടായിരുന്നു കാമു ഗോളിയായത്. ഗോളിയുടെ ഷൂ പെട്ടന്ന് തേഞ്ഞുപോകില്ലല്ലോ! ശേഷം തന്റെ ഗോളിക്കാലത്തെക്കുറിച്ച് കാമു പറയുന്നു; ‘ഒരു പന്ത് ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നിടത്തേക്കല്ല വരുന്നതെന്ന് ഞാൻ പഠിച്ചു. അതെന്നെ ജീവിതത്തിൽ ഒരുപാട് സഹായിച്ചു, പ്രത്യേകിച്ചും ആളുകൾ എന്താണെന്ന് അവകാശപ്പെടുന്നുവോ അങ്ങനെയല്ലാതിരിക്കുന്ന വലിയ നഗരങ്ങളിൽ.'

ഗുള്ളിറ്റ് / Photo: Wikimedia Commons
ഗുള്ളിറ്റ് / Photo: Wikimedia Commons

ഫൗളുകളും പുറത്താക്കലുകളും വിരസമാക്കിയൊരു കലാശക്കളിയിൽ അര്ഹതയില്ലാത്തൊരു പെനാൽറ്റി കിക്ക് നേടിയ ജർമനിക്കുവേണ്ടി ബ്രെഹ്മേ ഗോളടിച്ചു. ജർമനി ജേതാക്കളായി. മറഡോണ കളിയിറക്കത്തിലേക്ക് നടക്കാൻ തുടങ്ങിയിരുന്നു.

94-ലെ യു.എസ്.എ ലോകകപ്പിൽ ലോകം കണ്ട എക്കാലത്തെയും ജനപ്രിയനായ, പന്തിൽ ഹൃദയം വെച്ച മറഡോണയെന്ന കളിക്കാരൻ ശൂന്യമായ കണ്ണുകളോടെ ഉത്തേജക മരുന്ന് വിവാദത്തിൽ കളം വിട്ടു. ഫൈനൽ ഇറ്റലിയും ബ്രസീലും തമ്മിലായിരുന്നു. ദുംഗ, റൊമാരിയോ, ബെബെറ്റോ- ബ്രസീൽ സംഘം പന്തിനെ താരാട്ടിയ കളികൾ. മൽദീനി, ബറേറ്റി, ബാജിയോ, ആൽബെർട്ടിനി, ഡൊണാഡോണി, മസാരോ, പാഗ്ലിയൂക്ക- ഇറ്റലി അതിന്റെ ചരിത്രത്തോടു നീതി പുലർത്തിയ സംഘം. കലാശക്കളിയിൽ ഇറ്റലിയുടെ രാജകുമാരൻ ബാജിയോ അധികസമയത്തിനുശേഷം പെനാൽറ്റിയിലേക്കുനീണ്ട കളിയിൽ പന്തടിക്കാൻ വരുന്നു. സമ്മർദത്തിന്റെ അനന്തമായ നിമിഷങ്ങളിൽ പതിവ് തെറ്റിച്ച് ഉറക്കെ നീട്ടിയടിക്കാൻ തീരുമാനിച്ചു ബാജിയോ. അയാൾക്കും ഇറ്റലിക്കാർക്കും പിന്നെ എത്രയോ രാത്രികളിൽ തലയ്ക്ക് മുകളിലൂടെ പറന്ന ആ പന്ത് ശൂന്യതയിലേക്ക് പോയി. ബ്രസീൽ ജേതാക്കളായി . തന്റെ ക്യാപ്റ്റൻ ബാൻഡിനുള്ളിൽ സഹനത്തിന്റെയും ക്ഷമയുടെയും ബുദ്ധവചനങ്ങൾ എഴുതിവെച്ചിരുന്ന ബാജിയോ ആ നിമിഷത്തെയും അതിജീവിച്ചിരിക്കണം.

ഫ്രാൻസിലെത്തിയ ബ്രസീൽ സംഘത്തിൽ അന്നേക്ക് ലോകത്തിലെ ഏറ്റവും വിലപിടിച്ച കളിക്കാരിലൊരാളായ റൊണാൾഡോ ഉണ്ടായിരുന്നു. ഒപ്പം പഴയ ലോകജേതാക്കളായ സംഘത്തിലെ കേമന്മാരും.

യു.എസ്.എക്കെതിരായ കളിയിൽ തന്റെ കാലിൽത്തട്ടി സ്വന്തം പോസ്റ്റിൽ ഗോളായതിന് കൊളംബിയൻ കളിക്കാരൻ ആന്ദ്രേ എസ്‌കോബാറിനെ മെഡലിനിലെ ഒരു മദ്യശാലക്കുമുന്നിൽ അക്രമികൾ വെടിവെച്ചുകൊന്നു. ആറ് വട്ടം അവർ എസ്‌കോബാറിന്റെ ശരീരത്തിലേക്ക് വെടിയുതിർത്തു. ഓരോ തവണയും ഓരോ വെടിയുണ്ടാക്കും അവർ ‘ഗോൾ' എന്നാർത്തുവിളിച്ചു. പന്തിൽ ചോര പുരണ്ടു.

അപസ്മാരബാധിതരായ ബ്രസീൽ

ഫ്രാൻസ് ജേതാക്കളായ 1998.

24 കൊല്ലക്കാലം ഫിഫയുടെ തലപ്പത്തിരുന്ന, വിവാദങ്ങൾക്ക് പഞ്ഞമുണ്ടാക്കാതിരുന്ന ജോ ഹാവ്‌ലഞ്ച് തന്നെക്കാൾ കുഴപ്പം പിടിച്ച സ്റ്റെപ്പ് ബ്‌ളാറ്റർക്കായി സ്ഥാനമൊഴിഞ്ഞതും അക്കാലത്താണ്. അപ്പോഴേക്കും പന്തുകളി കച്ചവടത്തിന്റെ കഴുത്തറപ്പൻ കാലത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഫ്രാൻസിലെത്തിയ ബ്രസീൽ സംഘത്തിൽ അന്നേക്ക് ലോകത്തിലെ ഏറ്റവും വിലപിടിച്ച കളിക്കാരിലൊരാളായ റൊണാൾഡോ ഉണ്ടായിരുന്നു. ഒപ്പം പഴയ ലോകജേതാക്കളായ സംഘത്തിലെ കേമന്മാരും. ലാറ്റിൻ അമേരിക്കയിലെ പല കളിക്കാരെയും പോലെ ദാരിദ്ര്യം നിറഞ്ഞ കുടുംബ, സാമൂഹ്യ പശ്ചാത്തലമായിരുന്നു റൊണാൾഡോയുടെത്. മയക്കുമരുന്നിന് അടിമയായിരുന്നു അയാളുടെ അച്ഛൻ. കടുത്ത ദാരിദ്യ്രവും. അതിൽനിന്നും പന്തും തട്ടി പണക്കിലുക്കത്തിലേക്ക് കയറിപ്പോയ രാജകുമാരന്മാരുടെ ബ്രസീലിയൻ കഥകളിൽ റൊണാൾഡോയുമുണ്ട്.

1998 ലെ വേൾഡ് കപ്പ്  ജേതാക്കളായ ഫ്രാൻസ് ടീം  / Photo: FIFA
1998 ലെ വേൾഡ് കപ്പ് ജേതാക്കളായ ഫ്രാൻസ് ടീം / Photo: FIFA

ലാറ്റിനമേരിക്കയിലെ ദാരിദ്ര്യത്തിന്റെ അതലങ്ങളിൽ എങ്ങനെയാണ് പന്തല്ലാതെ മറ്റ് കളിപ്പാട്ടങ്ങളൊന്നുമില്ലാത്ത ദരിദ്രരായ കുട്ടികൾക്ക് കാൽപ്പന്തുകളി
‘സാമൂഹികമായ ചലനാത്മകത' (Social mobility) നൽകുന്നതെന്ന് Soccer In Sun And Shadow എന്ന തന്റെ ക്ലാസിക്​ കൃതിയിൽ എഡ്വാർഡോ ഗാലിയാനോ പറയുന്നുണ്ട്; ‘അവന് വിശ്വസിക്കാവുന്ന ഏക മാന്ത്രിക മുത്തശ്ശിയാണ് പന്ത്. ഒരുപക്ഷെ അതവനെ ഊട്ടിയേക്കാം, ചിലപ്പോൾ ഒരു നായകനാക്കിയേക്കും, എന്തിനേറെ ഒരു ദൈവം വരെയാക്കാം. ദുരിതങ്ങൾ അവനെ ഒന്നുകിൽ പന്തുകളിക്കാനോ അല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്കോ പരിശീലിപ്പിക്കുന്നു. ജനിച്ചപ്പോൾ തൊട്ട് ഒരു കുട്ടി തന്റെ ഗതികേടുകളെ ഒരായുധമാക്കാൻ നിർബന്ധിതനാകുന്നു. ഏറെ വൈകാതെ, തനിക്കൊരിടം നിഷേധിക്കുന്ന വ്യവസ്ഥയുടെ ചട്ടങ്ങളെ വെട്ടിച്ചു മറികടക്കാൻ അവൻ പഠിക്കും. എല്ലാവിധ കുറുക്കുവഴികളും അയാൾ ശീലിക്കും, കള്ളനാട്യങ്ങളുടെയും പൊടുന്നനെ ഞെട്ടിക്കുന്നതിന്റെയും ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് ഇടിച്ചുകയറുന്നതിന്റെയും തെമ്മാടിയുടെ പാട്ടുപുസ്തകത്തിലെ ഏതെങ്കിലുമൊരു താളത്തിലോ ഒരു കപടക്കുതിപ്പിലോ എതിരാളിയെ കബളിപ്പിക്കുകയും ചെയ്യുന്നതിലും വിദഗ്ധനായി മാറും അവൻ.'

ബ്രസീൽ ആഘോഷിച്ച 2002-ലും ഇറ്റലിക്ക് അധികമൊന്നും പറയാനില്ലായിരുന്നു. റിവാൾഡോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്-ബ്രസീൽ സംഘത്തിന് ജയിക്കാൻ അത് ധാരാളമായിരുന്നു.

എന്നാൽ, കലാശക്കളിയിൽ അത്യധികമായ മാനസികസമ്മർദ്ദത്തിൽ റൊണാൾഡോ തകർന്നുപോയി. അപസ്മാരബാധിതനെപ്പോലെ ഹോട്ടൽ മുറിയിൽ കിടന്ന റൊണാൾഡോയ്ക്ക് എന്തുപറ്റി എന്നറിയാതെ ബ്രസീൽ സംഘം പതറിപ്പോയി. ഒടുവിൽ എങ്ങനെയൊക്കെയോ കളിയ്ക്കാൻ പാകത്തിലായ റൊണാൾഡോയെ കളത്തിലിറക്കിയ പരിശീലകൻ സഗാലോയ്ക്ക് അതല്ലാതെ മറ്റെന്തുവഴി എന്നതായിരുന്നു സ്വാഭാവികമായ പ്രശ്‌നം. മൈതാനത്ത് അലഞ്ഞുതിരിഞ്ഞ ബ്രസീലുകാരെ ഫ്രാൻസ് എളുപ്പം തോൽപ്പിച്ചു; 3-0. സിനഡിൻ സെദാൻ രണ്ടു ഗോളടിച്ചു. കുടിയേറ്റവിരുദ്ധതയുടെ രാഷ്ട്രീയവും വംശവെറിയും ഫ്രാൻസിൽ ശക്തമാകുമ്പോൾ സിദാൻ, തുറാം, ഹെന്റി, ഡിസെല്ലി, വിയേര എന്നിങ്ങനെ അൾജീരിയൻ കുടിയേറ്റക്കാരും കറുത്ത വർഗക്കാരും നിറഞ്ഞ ഫ്രഞ്ച് സംഘം ലോകകപ്പുമായി പാരീസിലെ തെരുവിലിറങ്ങിയത് ചരിത്രത്തിന്റെ ഘടികാരങ്ങളിൽ സമാനതകളില്ലാത്ത സമയമായി. ആഭ്യന്തരയുദ്ധത്തിന്റെ മഹാദുരിതങ്ങൾ പേറിവന്ന ക്രൊയേഷ്യയും ഡാവോർ സുക്കറും മൂന്നാം സ്ഥാനം തേടി തിരിച്ചുപോകുമ്പോൾ അതിജീവനത്തിന്റെ കളിയാണെന്ന് പന്തുകളി വീണ്ടും തെളിയിച്ചു.

ബ്രസീൽ ആഘോഷിച്ച 2002-ലും ഇറ്റലിക്ക് അധികമൊന്നും പറയാനില്ലായിരുന്നു. റിവാൾഡോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്-ബ്രസീൽ സംഘത്തിന് ജയിക്കാൻ അത് ധാരാളമായിരുന്നു. ജപ്പാനിൽ റൊണാൾഡോ പഴയ പാപം ഗോളടിച്ചു തീർത്തു. കലാശക്കളിയിൽ ജർമനിയെ 2-0-ത്തിനു തോൽപ്പിച്ചപ്പോൾ രണ്ടും ഗോളും റൊണാൾഡോയുടെ വകയായിരുന്നു. സെനഗലായിരുന്നു അത്തവണത്തെ ആഫ്രിക്കൻ അത്ഭുത രാജ്യം.

Photo: FIFA
Photo: FIFA

2006-ൽ അത്രയൊന്നും സാധ്യത കൽപ്പിക്കാഞ്ഞ ഇറ്റലി ഫൈനലിലെത്തി. ഫ്രാൻസായിരുന്നു എതിരാളി. അഞ്ചു നിമിഷം കഴിഞ്ഞതേയുള്ളൂ, മറ്റെറെസിയുടെ ഫൗളിനെ തുടർന്ന് കിട്ടിയ പെനാൽറ്റി സിദാൻ പിഴവില്ലാതെ ഗോളാക്കി. ഒമ്പതാം മിനിറ്റിൽ തന്റെ ആദ്യത്തെ പിഴവിന് മറ്റെരെസി, ഫാബിയൻ മാർത്തെസിനെ കാഴ്ചക്കാരനാക്കി ഗോൾ നേടി പ്രായശ്ചിത്തം തീർത്തു. പെങ്ങളെ ചേർത്ത് തെറിവിളിച്ച മറ്റെറെസിയെ തലകൊണ്ടിടിച്ചിട്ട് സിദാൻ പുറത്തുപോയപ്പോൾ ഫ്രഞ്ച് സംഘം തോൽവി ഏതാണ്ടുറപ്പിച്ചു. പെനാൽട്ടിയിലേക്ക് നീണ്ട മത്സരം ഇത്തവണ ഇറ്റലിക്ക് പിഴച്ചില്ല. 5-3. റോമിലേക്ക് വീണ്ടും പട വിജയിച്ചെത്തി.
പിന്നീടിങ്ങോട്ടുള്ള ഒരു ലോകകപ്പിലും ഇറ്റലി കാര്യമായൊന്നും ചെയ്തില്ല. ഇപ്പോഴിതാ ലോകകപ്പിൽ കളിക്കാനാകാതെ മൈതാനത്തിന് പുറത്ത്. ഇറ്റലിയുടെ തകർച്ച അതിന്റെ രാഷ്ട്രീയ- സാമ്പത്തിക തകർച്ചയുടെ അനുബന്ധം കൂടിയാണ്. തകർന്ന കൊളോസിയത്തിൽ, ആരവങ്ങളില്ലാതെ, കാണികളില്ലാതെ, പ്രതിരോധിക്കാൻ ആളില്ലാത്ത റോമ സാമ്രാജ്യം.

ഡെൽ ബോസ്‌കോയുടെ ടിക്കി- ടാക്ക സംഘം യൂറോപ്പിലെ ക്ലബ് ഫുടബോളിൽ നിലനിന്നിരുന്ന ടോട്ടൽ ഫുട്‌ബോൾ കളിശൈലിയിലേക്ക് കുറിയ പാസുകളും പരമാവധി സമയം പന്തുകൈവശം വെച്ചുള്ള കളിയുമൊക്കെയായി വിജയത്തിന്റേത് മാത്രമായ മറ്റൊരു ശൈലി കൊണ്ടുവന്നു.

ഡെൽ ബോസ്‌കോയുടെ ടിക്കി- ടാക്ക സംഘം യൂറോപ്പിലെ ക്ലബ് ഫുടബോളിൽ നിലനിന്നിരുന്ന ടോട്ടൽ ഫുട്‌ബോൾ കളിശൈലിയിലേക്ക് കുറിയ പാസുകളും പരമാവധി സമയം പന്തുകൈവശം വെച്ചുള്ള കളിയുമൊക്കെയായി വിജയത്തിന്റേത് മാത്രമായ മറ്റൊരു ശൈലി കൊണ്ടുവന്നു. അന്നുവരെയുണ്ടായതിൽവെച്ച് ഏറ്റവും മികച്ച സ്പാനിഷ് ഫുടബോൾ സംഘമായിരുന്നു അത്. സാവി, ഇനിയേസ്റ്റ, അലോൺസോ, പിക്കെ, റാമോൺസ് തുടങ്ങി റിൽക്കെയുടെ കവിതയിലെ വരികൾപ്പോലെ ചേർന്നുകളിച്ച കളിക്കാർക്ക് മുന്നിൽ 2010-ലെ സൗത്താഫ്രിക്ക ലോകകപ്പിൽ മൂന്നാം തവണയും കലാശക്കളിയിലെ നിർഭാഗ്യം വേട്ടയാടിയ ഹോളണ്ടുകാർ തോറ്റുപോയി. സ്​നെയ്​ദരും അയേൺ റോബനും അടക്കമുള്ള പ്രതിഭാധനരായ കളിക്കാരുമായി വന്ന ഓറഞ്ചുപടയ്ക്ക് ആ തോൽവി താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പിൽക്കാലത്ത് ടിക്കി- ടാക്ക സ്‌പെയിനിന് ഒരു ബാധപോലെ ഭാരമായതും നാം കണ്ടു. കളിയുടെ ഭൂരിഭാഗം നേരവും പന്ത് കയ്യിൽവെച്ചിട്ടും ഗോളടിക്കാൻ കഴിയാതെ യുദ്ധമുഖത്ത് ശസ്ത്രവിദ്യ മറന്നുപോയ പോരാളിയെപ്പോലെ തോറ്റുമടങ്ങിയ സ്പെയിനിനെ വരുംകാലങ്ങളിലേ മൈതാനങ്ങളിലേക്ക് കാത്തുവെച്ചിട്ടുണ്ടായിരുന്നു.

പെങ്ങളെ ചേർത്ത് തെറിവിളിച്ച മറ്റെറെസിയെ തലകൊണ്ടിടിച്ചിട്ട് സിദാൻ പുറത്തുപോയപ്പോൾ ഫ്രഞ്ച് സംഘം തോൽവി ഏതാണ്ടുറപ്പിച്ചു / Photo: FIFA
പെങ്ങളെ ചേർത്ത് തെറിവിളിച്ച മറ്റെറെസിയെ തലകൊണ്ടിടിച്ചിട്ട് സിദാൻ പുറത്തുപോയപ്പോൾ ഫ്രഞ്ച് സംഘം തോൽവി ഏതാണ്ടുറപ്പിച്ചു / Photo: FIFA

നേരിൽക്കണ്ട ഒരു ലോകകപ്പ്​

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് മത്സരങ്ങൾ കാണാൻ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കളിക്കമ്പങ്ങളിൽ നിന്നും ജോഹന്നാസ്ബർഗിലും പ്രിട്ടോറിയയിലും ഡർബനിലുമൊക്കെ നടന്ന രണ്ടുപേർ ഞാനും എന്റെ ചേട്ടനുമായിരുന്നു. ലോകം ഒരു പന്തിനൊപ്പം ഒരൊറ്റ ഹൃദയമായി ആഘോഷിക്കുന്നതെങ്ങനെയാണെന്ന് നേരിൽക്കാണുകയെന്നത് ഒരു സ്വപ്നത്തിന്റെ അതിഭാവമാണ്. അർജൻറീനയുടെ പരിശീലകവേഷമണിഞ്ഞു വന്നെത്തിയ മറഡോണ മൈതാനത്ത് കളി തുടങ്ങും മുമ്പേ മറ്റേത് കളിക്കാരനെക്കാളും ആവേശം നിറച്ചു. പരിശീലകനാണെന്ന ഗൗരവം മറന്ന് മൈതാനം കാണുമ്പോൾ പന്തുമായി അഭ്യാസങ്ങൾ കാണിക്കാൻ മൈതാനത്തിറങ്ങുന്ന മറഡോണ പന്തുകളിയുടെ ജനിതകഭാഷയായിരുന്നു. മെസ്സി, റൊണാൾഡോ, സാവി, ഇനിയേസ്റ്റ, കാക്ക, ക്‌ളോസ് എന്നിങ്ങനെ ടെലിവിഷൻ സ്‌ക്രീനിൽ മാന്ത്രികന്മാരെപ്പോലെ തെന്നിയും തെറിച്ചും നീങ്ങിയിരുന്ന കളിക്കാർ പരന്നുകിടക്കുന്ന വിളക്കുവെളിച്ചത്തിൽ, പല നാടുകളിൽ നിന്നു വന്ന ആയിരക്കണക്കിന് മനുഷ്യരുടെ പല ഭാഷകളിൽ പല താളങ്ങളിൽ ആർപ്പുവിളിക്കുന്ന ഫുട്ബോ​ൾ എന്ന ഒരേ പാട്ടിനൊപ്പം കളിക്കുന്നത് നേരിൽകാണുന്ന അനുഭവം അനന്യമാണ്.

കുഞ്ഞുഗ്രാമത്തിൽ നിന്ന്​ കളിയിരമ്പങ്ങളുടെ പടുകൂറ്റൻ മൈതാനങ്ങളിലെത്തി മറഡോണയെ നേരിട്ടുകാണുമ്പോൾ, അർജൻറീനയും പോർട്ടുഗലും സ്‌പെയിനും ജർമനിയുമൊക്കെ കളിക്കുന്നത് നേരിട്ടുകാണുമ്പോൾ, ജലം അതിന്റെ സ്രഷ്ടാവിനെ കണ്ടപ്പോൾ തുടുത്തപോലെ, നമ്മൾ ഒരു പന്തുകളിമൈതാനം പോലെ പച്ചച്ചുതളിർത്തുപോകും.

മണ്ഡേലയുടെയും ചെ ഗുവേരയുടെയും മറഡോണയുടെയും ചിത്രങ്ങൾ വരച്ചുചേർത്ത ബാനറുകളുമായി കാണികൾ സ്​റ്റേഡിയങ്ങളിൽ ആർപ്പുവിളിച്ചു. മൈതാനങ്ങൾക്കുപുറത്ത് ഏതു ഭാഷക്കാരനും രാജ്യക്കാരനും യാതൊരു കാലുഷ്യവുമില്ലാതെ പരസ്പരം കെട്ടിപ്പിടിക്കുകയും ചിത്രമെടുക്കുകയും ചെയ്തു. ലാറ്റിനമേരിക്കക്കാരും യൂറോപ്യന്മാരും ആവേശത്തിന്റെ വൈവിധ്യങ്ങൾക്ക് പരസ്പരം മത്സരിച്ചു. മഴയിരുണ്ടാൽ മയിലുകളിറങ്ങുന്ന, കോട്ടക്കുന്നിന്റെ താഴത്ത് പല മടക്കുകളായി കിടന്നിരുന്ന സ്‌കൂൾ മൈതാനത്ത് കുട്ട്യാസനും കരീമുമൊക്കെ വിലപിടിപ്പുള്ള താരങ്ങളായിരുന്ന ഞങ്ങൾക്ക് ദക്ഷിണാഫ്രിക്കയിലെ മൈതാനത്ത് നേരിട്ടുകണ്ട ഓരോ കളിയും യാഥാർത്ഥ്യമാണെന്നറിയാൻ മതിവരുവോളം ആർപ്പുവിളിക്കണമായിരുന്നു.

കുട്ടിമറഡോണ എന്ന് ആരാധകരായ സഹപാഠികൾ വിളിക്കുന്ന മറഡോണയുടെ ശരീരഛായയുള്ള കളിക്കാരൻ റസാഖ് വരെയുണ്ടായിരുന്ന അന്താരാഷ്ട്ര ബന്ധമുള്ള കുഞ്ഞുഗ്രാമത്തിൽ നിന്ന്​ കളിയിരമ്പങ്ങളുടെ പടുകൂറ്റൻ മൈതാനങ്ങളിലെത്തി മറഡോണയെ നേരിട്ടുകാണുമ്പോൾ, അർജൻറീനയും പോർട്ടുഗലും സ്‌പെയിനും ജർമനിയുമൊക്കെ കളിക്കുന്നത് നേരിട്ടുകാണുമ്പോൾ, ജലം അതിന്റെ സ്രഷ്ടാവിനെ കണ്ടപ്പോൾ തുടുത്തപോലെ, നമ്മൾ ഒരു പന്തുകളിമൈതാനം പോലെ പച്ചച്ചുതളിർത്തുപോകും.

Photo: Wikimedia Commons
Photo: Wikimedia Commons

മെസ്സി, അത്ഭുതകരമായ കളിയുടെ ജീവിതം

നാലുകൊല്ലത്തിനുശേഷം ബ്രസീലിൽ ലോകകപ്പ് നടക്കുമ്പോൾ പന്തുകളിയുടെ ചരിത്രത്തിൽ പെലെയ്ക്കും മറഡോണക്കും ശേഷം ലോകം കണ്ട ഏറ്റവും വലിയ കളിക്കാരൻ, ലയണൽ മെസ്സി തന്റെ കണക്കിൽ ബാക്കിയുള്ള ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കിരീടത്തിനായി കളത്തിലിറങ്ങുകയായിരുന്നു. റൊണാൾഡോയുമായി മാത്രം തന്റെ കാലത്ത് മഹത്വത്തിന്റെ വഴിയിൽ കണ്ടുമുട്ടിയ മെസ്സിക്ക് അധികസമയത്തേക്ക് നീണ്ട കലാശക്കളിയിൽ ജർമനിയുടെ ഗോട്‌സെ നേടിയ ഒറ്റ ഗോളിന് തന്റെ കാത്തിരിപ്പ് നീട്ടേണ്ടിവന്നു. അപ്രവചനീയമായ നിശ്ചലതയിൽ നിന്ന്​ അതിദ്രുതചലനങ്ങളിലൂടെ മൈതാനത്ത് ഒഴിഞ്ഞയിടങ്ങൾ കണ്ടെത്തുകയും അസാധ്യമായ കോണുകളിലൂടെ ഗോളടിക്കുകയും ചെയ്യുന്ന മെസ്സി ഒരു സീസണിൽപ്പോലും നിറം മങ്ങിയിട്ടില്ലാത്ത അത്ഭുതകരമായ കളിയുടെ ജീവിതമാണ്. എതിരാളികൾ എത്രയൊക്കെ പൂട്ടിയാലും അത് തുറന്നുപോകുന്ന മന്ത്രവാദിയാണയാൾ. കൈകൾ മുഴുവൻ പരത്തിനിന്നാലും ഗോൾവലയ്ക്കുള്ളിലേക്ക് തനിക്കായി മാത്രം തുറന്നുവെച്ചൊരു സൂത്രവഴിയുണ്ടെന്ന് നിമിഷത്തിന്റെ ശതക്ഷണികതയിൽ കണ്ടെത്തുന്ന മൂന്നാംകണ്ണുണ്ടയാൾക്ക്. സുരക്ഷിതമെന്ന് സകലരും കരുതുന്നൊരു പ്രതിരോധവിന്യാസത്തിന്റെ ഇടയിൽ വെടിയുണ്ടപോലെ കുതിച്ചുകയറാനും വളഞ്ഞുപുളഞ്ഞൊരു വാൽനക്ഷത്രം പോലെ പായാനും ചുറ്റിവളഞ്ഞു വല കുലുങ്ങുന്നൊരു പന്തിനെ തൊടുക്കാനും ആകാശത്തേക്ക് കൈകളുയർത്തി വിരൽചൂണ്ടി നക്ഷത്രങ്ങൾക്കും തനിക്കുമിടയിലെ ദൂരം ഒരു ഫ്രീ കിക്കിന്റേത് മാത്രമാണെന്ന് തോന്നിപ്പിക്കാനും കഴിയുന്ന മെസ്സി 2018-ൽ മോസ്‌കോയിൽനിന്ന്​ വീണ്ടും നിരാശനായി മടങ്ങിയെങ്കിലും ഖത്തറിൽ ലോകം മുഴുവനും അതേ ഉത്സാഹത്തോടെ അയാളെ കാത്തിരിക്കുന്നു.

സ്വന്തം നാട്ടിൽ നടന്ന കളിയിൽ ബ്രസീലുകാർ സെമിഫൈനലിൽ ജർമനിയോട് 7-1-നു തകർന്നടിഞ്ഞു. എത്രയും വേഗം കളി തീരണമെന്ന് ലോകത്തെങ്ങുമുള്ള ബ്രസീൽ ആരാധകർ ആഗ്രഹിച്ച കളിയായിരുന്നു അത്. കളി കാണാൻ വന്ന ജർമനിക്കാർ വരെ മൈതാനത്തിറങ്ങി ഗോളടിക്കും എന്നായിരുന്നു അവസ്ഥ. മറ്റൊരു സെമിഫൈനലിൽ ഹോളണ്ട് അർജൻറീനയോട് തോറ്റ് തങ്ങളുടെ ലോകകപ്പ് നിർഭാഗ്യങ്ങളുടെ കഥകളിലേക്ക് മടങ്ങിപ്പോയി. അടുത്ത മോസ്‌കോ ലോകകപ്പിലേക്ക് അവർക്ക് യോഗ്യത നേടാനുമായില്ല. ഖത്തറിൽ ഹോളണ്ടുണ്ട്. കിരീടം നേടാവുന്ന രാജ്യങ്ങളുടെ പട്ടികയിലും അവരുണ്ട്. അതൊട്ടും എളുപ്പമല്ലെങ്കിലും.

ലയണൽ മെസ്സി / Photo: Leo Messi Facebook Page
ലയണൽ മെസ്സി / Photo: Leo Messi Facebook Page

​ക്രൊ​യേഷ്യയുടെ അതിജീവനം

മോസ്‌കോവിൽ നിന്ന്​ വീണ്ടുമൊരു ലോകക്കപ്പുമായി ഫ്രാൻസ് മടങ്ങിയ 2018-ൽ ബ്രസീലിൽ നേടിയ ട്രോഫിയിലുള്ള അവാകാശവാദം ഒന്നാം വട്ടത്തിലേ അവസാനിപ്പിച്ച് തങ്ങളുടെ ഗ്രൂപ്പിൽ തെക്കൻ കൊറിയക്കും പിന്നിൽ നാലാം സ്ഥാനക്കാരായി ജർമനി പുറത്തുപോയിരുന്നു. ഈഡൻ ഹസാഡും ലുകാകുവും അടങ്ങുന്ന ബെൽജിയൻ സംഘം അടുത്ത ലോകകപ്പിലും തങ്ങൾ കിരീടത്തിനരികിലേക്ക് കളിച്ചെത്താനുള്ളവരാണ് എന്ന് തെളിയിച്ചു. ഉറുഗ്വേ അതിന്റെ തങ്ങളുടെ പോരാട്ടസാന്നിധ്യം സുവാരസും കവാനിയുമായി വീണ്ടും അറിയിച്ചെങ്കിലും ക്വാർട്ടറിൽ ഫ്രാൻസിനുമുന്നിൽ വീണു. ഇതിനെല്ലാമപ്പുറം കലാശക്കളിയിലെത്തിയ ക്രൊയേഷ്യയായിരുന്നു യഥാർത്ഥ പോരാളികൾ. 1998-ൽ സെമിഫൈനലിൽ തോറ്റശേഷം വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാതിരുന്ന ക്രൊയേഷ്യ 2018-ൽ ഫൈനലിലെത്തുമ്പോൾ ലൂക്ക മോഡ്രിക്കിനെയും ഇവാൻ റാകിറ്റിക്കിനെയും പോലുള്ള അന്താരാഷ്ട്ര ക്ലബ് ഫുട്ബോ​ളിൽ വൻവിലയുള്ള താരങ്ങളുണ്ടായി.

ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുമ്പോൾ ഇനിയൊരു ലോകകപ്പിനില്ലാത്ത മെസ്സിയും റൊണാൾഡോയും നമ്മുടെ കാലത്തെ ഏറ്റവും വലിയ കളിക്കാരായി ഇറങ്ങാനുണ്ട്.

യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആഭ്യന്തരയുദ്ധങ്ങളുടെ ബാക്കിയായിരുന്നു ക്രൊയേഷ്യ. യൂഗോസ്‌ളാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യത്തിന്റെ തകർച്ചയോടെ തുടങ്ങിയ ആഭ്യന്തര യുദ്ധം ഭീകരമായ, വംശ, മതവെറിയിലേക്ക് വീഴുകയും ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയും ചെയ്തു. ക്രൊയേഷ്യ, ബോസ്‌നിയ- ഹേർസെഗോവിന, മാസിഡോണിയ, മോണ്ടെനെഗ്രോ, സെർബിയ എന്നീ രാജ്യങ്ങളായി യൂഗോസ്‌ളാവിയ ചിതറിത്തെറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും ഭീകരമായ വംശീയ ആഭ്യന്തര യുദ്ധമായിരുന്നു അവിടെ നടന്നത്. പന്തുകളിയിൽ എക്കാലത്തും തെളിഞ്ഞുനിന്നിരുന്ന രാഷ്ട്രീയ പ്രതീകാത്മക പ്രകടനങ്ങളിൽ ചരിത്രപരമായ സ്ഥാനമുള്ളൊന്ന് അതിനിടയിൽ നടന്നു.

1990 മെയ് 13-ന്​ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബ്, റെഡ്സ്റ്റാർ ബെൽഗ്രെഡിനെ നേരിടുന്നു. ക്രൊയേഷ്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് തീർച്ചയായിരുന്നു. സെർബിയയുടെ ആക്രമണവും ഒപ്പം ഉറപ്പായിരുന്നു. ക്രൊയേഷ്യൻ ദേശീയതാവാദികളുടെ സംഘമായിരുന്നു ഡൈനാമോ ക്ലബും ആരാധകരും. കളി തുടങ്ങി പത്തുമിനിറ്റായപ്പോഴേക്കും സെർബിയക്കാർ ക്രോയേഷ്യൻ കാണികൾക്ക് നേരെ ആക്രമണം തുടങ്ങിയതോടെ മൈതാനം അടികലശലിലായി. ക്രൊയേഷ്യൻ കാണികളെ മർദ്ദിച്ച ഒരു പൊലീസുകാരനുനേരെ ഡൈനാമോ ക്യാപ്റ്റൻ ബോബൻ ചാടിയടിക്കുന്നത് ക്രൊയേഷ്യക്കാരുടെ ചരിത്രത്തിന്റെ ഭാഗമായി. ആഭ്യന്തരയുദ്ധത്തിന്റെ തകർച്ചകളിൽ നിന്നും ലോകകപ്പ് ഫുടബോളിന്റെ ഫൈനൽ കളിക്കാനെത്തിയ ക്രൊയേഷ്യ അനിതരസാധാരണമായ അതിജീവനചരിത്രമാണ് കളിച്ചത്.

ക്രൊയേഷ്യൻ കാണികളെ മർദ്ദിച്ച ഒരു പൊലീസുകാരനുനേരെ ഡൈനാമോ ക്യാപ്റ്റൻ ബോബൻ / Photo: Wikipedia
ക്രൊയേഷ്യൻ കാണികളെ മർദ്ദിച്ച ഒരു പൊലീസുകാരനുനേരെ ഡൈനാമോ ക്യാപ്റ്റൻ ബോബൻ / Photo: Wikipedia

ദേശീയത പന്തുകളിയിലേക്ക് വരുന്നത് ഇങ്ങനെ മാത്രമല്ല എന്നൊരു ചരിത്രം കൂടിയുണ്ട്. നാസികളുടെ ഉക്രെയിൻ അധിനിവേശക്കാലത്ത് 1946-ൽ ഹിറ്റ്‌ലറുടെ ജർമൻ സംഘവും ഡൈനാമോ കീവുമായി പന്തുകളി മത്സരം വെച്ചു. കളിക്കുമുമ്പുതന്നെ ഡൈനാമോ കീവിലെ കളിക്കാർക്ക് മുന്നറിയിപ്പ്​ കിട്ടിയിരുന്നു, ‘നിങ്ങൾ ജയിച്ചാൽ നിങ്ങൾ മരിച്ചു'.

കളി തുടങ്ങിയപ്പോൾ പറഞ്ഞുവെച്ചപോലെ തോൽക്കാൻ സന്നദ്ധരായാണ് നിരാശരും ക്ഷീണിതരുമായ ഡൈനാമോ കീവ് കളിച്ചത്. എന്നാൽ കളി ഒടുവിലേക്കെത്തിയപ്പോൾ ആത്മാഭിമാനത്തിന്റെയും പോരാട്ടത്തിന്റെയും അടക്കാനാവാത്ത തള്ളലിൽ അവർ ജർമൻ സംഘത്തെ തോൽപ്പിച്ചുകളഞ്ഞു. പതിനൊന്നുപേരെയും കളി തീർന്നപ്പോൾ വെടിവെച്ചുകൊന്നു, നാസികൾ. പന്തുകളിയുടെ ചരിത്രത്തിൽ ചോര കൊണ്ട് ജയിക്കുകയും തോൽക്കുകയും ചെയ്ത കളി.

ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുമ്പോൾ ഇനിയൊരു ലോകകപ്പിനില്ലാത്ത മെസ്സിയും റൊണാൾഡോയും നമ്മുടെ കാലത്തെ ഏറ്റവും വലിയ കളിക്കാരായി ഇറങ്ങാനുണ്ട്. ആരവങ്ങൾക്കും ആർപ്പുവിളികൾക്കും നഷ്ടമായ അവസരങ്ങൾക്കും പരാജിതർക്കും വിജയികൾക്കുമെല്ലാമിടയിലൂടെ ഒരു പന്ത് ഭൂമിയെ തന്നിലേക്കൊതുക്കിയുരുളുന്നു, ആകാശങ്ങളിലേക്കുയർത്തുന്നു, പച്ചപ്പുല്ലിൽ ചരിത്രത്തിനു കാതോർക്കുന്നു, വിജയികളുടെ ആഘോഷങ്ങൾക്കും പരാജിതരുടെ കണ്ണുനീരിനുമിടയിൽ തുള്ളിത്തെറിക്കുന്നു.

ഇനിയും കാലുകളെത്തേടി പറക്കുക, മനുഷ്യരുടെ ആദിമമായ ആനന്ദങ്ങളെ തൊട്ടുണർത്തുക. ▮

Comments