ഖത്തറോ സെനഗലോ നെതർലാൻഡ്‌സോ? ഗ്രൂപ്പ് എയിൽ ആര്

ഓരോ ഗ്രൂപ്പിലെയും പ്രധാന ടീമുകൾ, അവരെ പ്രതിനിധീകരിക്കുന്ന താരങ്ങൾ, സമീപകാല പ്രകടനങ്ങൾ, അവരെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങൾ, ഖത്തർ ലോകകപ്പ് ഫുട്ബോൾ വിശകലനം.

ടലാസ് വിലയിരുത്തലുകൾക്ക് ഫുട്ബോളിൽ വലിയ പ്രാധാന്യമില്ല. മഷറാനോ ഒന്ന് ഡൈവ് ചെയ്താൽ, ഒരു മറ്റരാസി സിദാനെ തെറി വിളിച്ചാൽ, ഒരു സുനിഗ നെയ്മറെ ചവുട്ടിവീഴ്ത്തിയാൽ പൊളിഞ്ഞു പോവുന്നതേയുള്ളൂ ഈ പ്രവചനങ്ങൾ. എന്നിരുന്നാലും കളിക്ക് മുമ്പ് ടീമുകളുടെ ശക്തിയും, സമീപകാല പ്രകടനങ്ങളും അറിയുന്നത് പ്രധാനം തന്നെയാണ്.

ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, ഇക്കഡോർ, നെതർലൻഡ്‌സ്
ആതിഥേയരായ ഖത്തർ ഉൾപ്പെടുന്ന ഗ്രൂപ്പാണ് എ.

ഖത്തറിനെ കൂടാതെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് വിജയികളായ സെനഗൽ, നെതർലാൻഡ്‌സ്, ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ഇക്കഡോർ എന്നിവരാണ് മറ്റ് ടീമുകൾ. ആഫ്രിക്കയുടെ പ്രതീക്ഷകൾ ഗ്രൂപ്പ് സ്റ്റേജിനും, ആദ്യ ഘട്ടങ്ങളിലെ നോക്കൗട്ട് റൗണ്ടുകൾക്കും അപ്പുറത്തേക്ക് എത്തിക്കാൻ കഴിയുന്ന ടീമായി സെനഗലിനെ വിലയിരുത്താം. തുടർച്ചയായി രണ്ട് ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് ഫൈനലുകൾ കളിച്ച സെനഗൽ നല്ല ഫോമിലാണ്. 2002 -ൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് സെനഗലിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോർഡ്. സെനഗലിന്റെ ഏറ്റവും വലിയ പ്രതീക്ഷ സാദിയോ മാനെയാണ്. എന്നാൽ മാനെ മാത്രമല്ല, ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്കുവേണ്ടി കളിക്കുന്ന പ്രതിരോധ താരം കാലിഡോ കൂലിബാലിയും ടീമിലെ സൂപ്പർതാരമാണ്. ഇവരെ കൂടാതെ കഴിഞ്ഞ സീസണിൽ ചെൽസിക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, യൂറോപ്പിലെ മുൻനിര ക്ലബുകളിൽ കളിക്കുന്ന താരങ്ങളായ അബ്ദു ദയാലോ, ഇദ്രിസ ഗയെ, ഇസ്മാലിയ സാർ. പെപെ സാർ എന്നിവരെല്ലാം സെനഗൽ ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.

ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ടീം നെതർലാൻഡ്‌സ് തന്നെ. കേരളത്തിലുൾപ്പെടെ ചെറുതല്ലാത്ത ആരാധകവൃന്ദമുള്ള, ടോട്ടൽ ഫുട്‌ബോൾ കളിക്കുന്ന രാജ്യം. യോഹാൻ ക്രൈഫും, ഫ്രാങ്ക് റൈക്കാർഡും, മാർകോ വാൻ ബാസ്റ്റനും, റൊണാൾഡ് കൂമാനും, റൂഡ് ഗല്ലിറ്റും, പാട്രിക്ക് ക്ലൈവെർട്ടും വാൻ ഡെർ സാറും പന്ത് തട്ടിയ രാജ്യം. ഫുട്‌ബോൾ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഇതിഹാസങ്ങളും, ചരിത്രനിമിഷങ്ങളും നെതർലാൻഡ്സിനുണ്ട്. ഈ ഇതിഹാസങ്ങൾക്ക് തുടർച്ചയുമുണ്ടായിരുന്നു. 2010 ലോകകപ്പ് ഫൈനലിലും 2014 ലോകകപ്പ് സെമി ഫൈനലിലും നെതർലാൻറ് ടീമിനെ എത്തിച്ച ആര്യൻ റോബൻ, വെസ്ലി സ്നൈഡർ, റോബിൻ വാൻ പേഴ്‌സി തുടങ്ങിയ താരങ്ങളെ ആരാധകർ മറക്കാനിടയില്ല. എന്നാൽ 2014 നുശേഷം അത്ര നല്ല കാലമായിരുന്നില്ല ഡച്ച് നിരക്ക്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ പോലും സാധിച്ചില്ല.

2020 യൂറോ കപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ നോക്കൗട്ട് റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ, ലൂയിസ് വാൻ ഗാളിന്റെ കീഴിൽ പതിയെ പതിയെ കരുത്താർജ്ജിക്കുന്നുണ്ട് ഓറഞ്ച് പട. കഴിഞ്ഞ യുവേഫ നാഷൻസ് ലീഗിൽ പോളണ്ട്, ബെൽജിയം, വെയ്ൽസ് തുടങ്ങിയ ടീമുകളെ തോൽപ്പിച്ച നെതർലൻഡ്‌സിനെ ലോകകപ്പിലും എളുപ്പം എഴുതിത്തള്ളാനാകില്ല. ടീം ഫോർമേഷനുമായി ബന്ധപ്പെട്ട തർക്കമാണ് കളിക്കാരും കോച്ചും തമ്മിലുള്ളത്. ഡച്ച് പടയുടെ കയ്യൊപ്പ് പൊസഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ആക്രമണ ഫുട്‌ബോളാണ്. ഇതിനനുയോജ്യമായ 4-3-3 അല്ലെങ്കിൽ 3-4-3 ഫോർമേഷനാണ് പൊതുവെ നെതർലാൻഡ്‌സ് സ്വീകരിക്കാറ്. എന്നാൽ പുതിയ കോച്ച് ലൂയിസ് വാൻ ഗാൽ ടീമിനെ അണിനിരത്തുന്നത് 5-3-2 എന്ന, പ്രതിരോധത്തിന് പ്രാമുഖ്യമുള്ള ഫോർമേഷനിലാണ്. ഇതിനോടുള്ള എതിർപ്പ് ടീമിലെ സൂപ്പർതാരമായ വിർജിൻ വാൻ ഡൈക്ക് ഉൾപ്പെടെ പരസ്യമായി പറയുകയും ചെയ്തു. എന്നാൽ ഈ ഫോർമേഷനിൽ ആക്രമിക്കാനും പ്രതിരോധിക്കാനും സാധിക്കുമെന്നാണ് കോച്ചിന്റെ പക്ഷം.

ഖത്തർ ഫുട്‌ബോൾ ടീം

നെതർലാൻഡ്‌സ് നേരിടുന്ന മറ്റൊരു പ്രതിസന്ധി, ആക്രമണ നിരയിൽ മികച്ച കളിക്കാരില്ല എന്നതാണ്. ബാഴ്സിലോണ താരമായ മെംപിസ് ഡീപേ ലോകകപ്പിന് മുമ്പ് പരിക്ക് ഭേദമായി തിരിച്ചെത്തുകയേയുള്ളൂ. ഈ സീസണിൽ വളരെ കുറച്ച് കളികൾ മാത്രം കളിച്ചിട്ടുള്ള മെംപിസിനെ ആക്രമണത്തിന്റെ ചുമതല ഏൽപ്പിച്ചുവേണം നെതർലാൻഡ്‌സ് കളത്തിലിറങ്ങാൻ. പിന്നെയുള്ളത് ഡച്ച് ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കോഡി ഗാപ്കോയെ പോലെയുള്ള യുവതാരങ്ങളാണ്.

ഇക്കഡോർ, ഖത്തർ എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് സ്റ്റേജ് കടക്കണമെങ്കിൽ വലിയ അട്ടിമറികൾ സംഭവിക്കണം. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാൻ ഇക്കഡോറിന് കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഇക്കഡോർ ടൂർണമെന്റിനെത്തുന്നത്. ഖത്തറാകട്ടെ യൂറോപ്യൻ- ലാറ്റിനമേരിക്കൻ കരുത്തരോട് മത്സരിക്കാനുള്ള ശേഷി ആർജ്ജിച്ചോ എന്നത് സംശയമാണ്. സമീപ കാലത്ത് യൂറോപ്യൻ ടീമുകളോട് മത്സരിച്ചപ്പോഴൊക്കെ കനത്ത തോൽവിയായിരുന്നു ഫലം. ഫിഫ അറബ് കപ്പിൽ ഈജിപ്തിനെ തോൽപ്പിച്ചതും 2019 ഏഷ്യാ കപ്പ് വിജയികളായതുമാണ് ഖത്തറിന്റെ എടുത്തുപറയാവുന്ന സമീപകാല നേട്ടങ്ങൾ.
കളി തുടങ്ങും മുമ്പ്​ ഒരു സാധ്യതാ കളി ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 102 ൽ ഷാരോൺ പ്രദീപ് എഴുതിയ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം, കേൾക്കാം...

Comments