മറഡോണയിലൂടെ ഫുട്ബോളിനെ തൊട്ടറിഞ്ഞ തലമുറതൊട്ടിങ്ങോട്ടുള്ളവരെ സംബന്ധിച്ച് ഖത്തറിലെ അയാളുടെ അസാന്നിധ്യം അതിവൈകാരികം തന്നെയാണ്. അതിൽനിന്ന് അവർക്ക് മോചനം സാധ്യവുമല്ല.
എഴുതാൻ പോകുന്നത് ദ്യേഗോ മറഡോണയെ കുറിച്ചാണ്, അതും അയാളില്ലാത്ത ലോകത്തിരുന്നുകൊണ്ട്, അയാൾ കളിക്കാത്ത ലോകകപ്പ് ടൂർണ്ണമെൻറ് തുടങ്ങാനിരിക്കെ.
ഇത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പെന്ന് വിശേഷിപ്പിച്ചവരിലൊരാൾ അയാളുടെ ഏറ്റവും മികച്ച എതിരാളിയായിരുന്ന മുൻ ജർമൻ ക്യാപ്റ്റൻ ലോതർ മത്താവൂസാണ്. 1990 ൽ നിഴൽക്കുത്തുപോലുള്ള തന്ത്രം കൊണ്ട് അക്ഷരാർത്ഥത്തിൽ മറഡോണക്ക് രണ്ടാം ലോകകപ്പ് നിഷേധിച്ച പ്രതിരോധനായകൻ. പക്ഷെ സാക്ഷാൽ ദ്യേഗോ ഇത് സമ്മതിക്കുമായിരുന്നില്ല. അർജന്റീന ചാംപ്യൻമാരായ 1978 ലെ ടൂർണമെന്റിനെ താനില്ലാത്ത ആദ്യലോകകപ്പായി മറഡോണ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിക്കെതിരായ കളിയും ഫൈനലും കാണാൻ സ്റ്റേഡിയത്തിൽ പോവുകയും കപ്പ് നേടിയപ്പോൾ വാനിൽ നഗരം ചുറ്റി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അത് താനുണ്ടാകേണ്ടിയിരുന്ന, എന്നാൽ ഇല്ലാതെ പോയ ലോകകപ്പെന്നു തന്നെയായിരുന്നു ദ്യേഗോ വിശ്വസിച്ചിരുന്നത്.
സീസർ ലൂയിസ് മെനോറ്റിയുടെ ടീമിൽ ഇടം നേടാനാവാതെ പോയ, അന്നത്തെ പതിനെട്ടു തികഞ്ഞിട്ടില്ലാത്ത കൗമാരക്കാരന്റെ നിരാശ മറഡോണ ഒരിക്കലും മറച്ചു വച്ചിരുന്നില്ല. ‘78ൽ ഞാൻ ലോകകപ്പ് കളിക്കേണ്ടതായിരുന്നു. എനിക്കതിന് അർഹതയുണ്ടായിരുന്നു, മറ്റൊരിക്കലുമില്ലാത്തവിധം അതിനു വേണ്ടി ഞാൻ തയ്യാറെടുത്തിരുന്നു. ടീമിലെടുത്തില്ലെന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. 94ൽ അമേരിക്കിൽ വച്ച് മരുന്നു പരിശോധനയിൽ പെട്ടുപോയപ്പോൾ പോലും അതുപോലെ ഞാൻ കരഞ്ഞിട്ടില്ല. രണ്ടും രണ്ടു തരത്തിൽ എനിക്കു നേരെയുണ്ടായ അനീതിയായിരുന്നു. മെനോറ്റിക്ക് ഒരിക്കലും ഞാൻ മാപ്പു കൊടുത്തിട്ടില്ല, ഇനി കൊടുക്കുകയുമില്ല. അതിനർത്ഥം എനിക്ക് അദ്ദേഹത്തോട് വെറുപ്പാണെന്നല്ല, ഒരാളെ വെറുക്കലും അയാൾക്ക് മാപ്പുനൽകാതിരിക്കലും രണ്ടാണ്. മെനോറ്റിയിൽ നിന്നും പഠിച്ച പാഠങ്ങളൊന്നും ജീവിതത്തിൽ ഞാൻ മറക്കില്ല'- ആത്മകഥയായ എൽ ദ്യേഗോയിൽ മറഡോണ എഴുതി. അന്നത്തെ ടീമിനെ തെരഞ്ഞെടുക്കുമ്പാൾ സീസർ ലൂയിസ് മെനോറ്റിക്കു മൂന്നുപേരെ അയാൾക്ക് ഒഴിവാക്കണമായിരുന്നു. അതിൽ ആ പതിനേഴുകാരന്റെ പേര് ഒഴിവാകാകാൻ മെനോറ്റി കാര്യമായി ആലോചിച്ചിട്ടൊന്നുമില്ലായിരുന്നു എന്ന് വ്യക്തമാണ്. അന്നത്തെ കാലത്ത് ദൈവപുത്രനെന്നോ ‘പീബെ ദ് ഓറോ’ എന്നോ ആരും വിളിച്ചു തുടങ്ങിയിരുന്നില്ലല്ലോ. എന്നിരുന്നാലും തിരുപ്പിറവി വൈകിപ്പിച്ച ദുഷ്ടകഥാപാത്രമായി മുദ്രകുത്തപ്പെടും എന്നറിഞ്ഞുതന്നെയാണ് താനതിന് മുതിർന്നതെന്ന് മെനോറ്റി പിന്നീട് പറഞ്ഞിട്ടുണ്ട്. മെനോറ്റിയുടെ രാഷ്ട്രീയത്തോടും ക്രിയാത്മക ശൈലിയോടും ചേർന്നു പോകുമായിരുന്ന മറഡോണ അന്ന് ഒഴിവാക്കപ്പെട്ടത് എന്തിനായിരുന്നുവെന്ന് വിശദീകരിക്കാൻ പക്ഷെ മെനോറ്റി ഒരിക്കലും തയ്യാറായില്ല.
1986 ൽ ദൈവത്തിന്റെ കൈയാൽ മറഡോണ ലോകകപ്പ് ഏറ്റുവാങ്ങുന്ന കാഴ്ചയിലൂടെ ഫുട്ബോൾ ലോകത്തേക്ക് കടന്നുവന്നവരെ സംബന്ധിച്ച്, അയാൾ കളിച്ച ആദ്യ ലോകകപ്പ്, ഒരു ഫ്ലാഷ്ബാക്കാണ്.
‘മെയ് 19, 1978.
നല്ല മഴയുള്ളപ്പോഴാണ് പരിശീലന ക്യാമ്പിലുണ്ടായിരുന്ന 25 പേരേയും മെനോറ്റി ഒരുമിച്ചുവിളിക്കുന്നത്. അപ്പോൾ തന്നെ എനിക്കറിയാമായിരുന്നു, ഞാൻ ഒഴിവാക്കപ്പെടുകയാണെന്ന്. പത്താം നമ്പർ സ്ഥാനത്തിന് അഞ്ചുപേർ തമ്മിലായിരുന്നു മത്സരം: വിയ്യ, അലോൻസോ, വലൻസിയ, ബോച്ചീനി, പിന്നെ ഞാനും. വലൻസിയ, മെനോറ്റിയുടെ പ്രിയ കളിക്കാരനായിരുന്നു. കാരണം അവനെ കണ്ടെത്തിയത് അദ്ദേഹമാണ്. വിയ്യക്കും അലോൻസോക്കും വേണ്ടി മാധ്യമങ്ങൾ വൻ സമ്മർദ്ദമാണ് ചെലുത്തിക്കൊണ്ടിരുന്നത്. ബോച്ചീനിയാകട്ടെ ആദ്യമേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
‘ഞാൻ വെറുമൊരു പയ്യനായിരുന്നു. അന്നെനിക്ക് സംഭവിച്ചത് പുതുതായി വരുന്ന ഏതുപയ്യനും സംഭവിക്കാവുന്ന കാര്യമാണ്. ലിയോപോൾ ദോ ലൂക്കെയും അമെരികോ ഗശേഗോയും ഒഴികെയുള്ള ഒരു കളിക്കാരനും എന്നോട് സംസാരിക്കാൻ പോലും വന്നില്ല. സങ്കടം, സങ്കടം മാത്രമായിരുന്നു അപ്പോൾ തോന്നിയത്. ടീമിലില്ലെന്നറിഞ്ഞ ശേഷം ഒരു നിമിഷം പോലും ഞാനവിടെ നിന്നില്ല. നേരെ വീട്ടിലേക്കുപോന്നു. മരണവീട്ടിലേതുപോലുള്ള കൂട്ടക്കരച്ചിലായിരുന്നു അവിടെ’, ഇങ്ങനെയാണ് മറഡോണ താൻ തഴയപ്പെട്ടതിനെ പറ്റി വിവരിക്കുന്നത്.
ഉപരി മധ്യവർഗ്ഗമാന്യത മുഖമുദ്രയാക്കിയ ലോകത്തിന്റെ ഒരു പകുതി, അയാൾക്ക് വഞ്ചകനെന്ന ചാപ്പ കുത്തിയപ്പോൾ ആരാധകരുടെ മറുചേരി ആകെ അയാൾക്കൊപ്പം ചേർന്നിരുന്നു.
1986 ൽ ദൈവത്തിന്റെ കൈയാൽ മറഡോണ ലോകകപ്പ് ഏറ്റുവാങ്ങുന്ന കാഴ്ചയിലൂടെ ഫുട്ബോൾ ലോകത്തേക്ക് കടന്നുവന്നവരെ സംബന്ധിച്ച്, അയാൾ കളിച്ച ആദ്യ ലോകകപ്പ്, ഒരു ഫ്ലാഷ്ബാക്കാണ്. ആദിമധ്യാന്തങ്ങൾ കശക്കിമറിച്ച് അതിസങ്കീർണമായി അവതരിപ്പിക്കപ്പെട്ട ഒരു ചലച്ചിത്രാഖ്യാനത്തിൽ അപ്രതീക്ഷിതമായി വന്നെത്തുന്ന ഭൂതകാലദൃശ്യമെന്ന പോലെയാണ് യു ട്യൂബിലൂടെ മറഡോണയുടെ ചെറുപ്പകാലം മലയാളിക്കു മുന്നിലെത്തുന്നത്. ആദ്യതലമുറ ടെലിവിഷൻ കാഴ്ചകൾ കാണാനിടവന്നിട്ടുള്ള അപൂർവ്വം മനുഷ്യരുടെ കാര്യമല്ല പറയുന്നത്. പിൽക്കാലത്ത് മറഡോണയിലൂടെ അർജന്റൈൻ ആരാധകരായ ജനസാമാന്യത്തെ കുറിച്ചാണ്.
1982 ലെ ലോകകപ്പിനുമുമ്പുതന്നെ മെനോറ്റി മറഡോണയെ തന്റെ ടീമിലേക്ക് വിളിച്ചിരുന്നു. 78 ലെ ലോകചാംപ്യൻ പട്ടത്തിനുപിന്നാലെ യൂത്ത് ലോകകപ്പായിരുന്നു എൽ ഫ്ലാക്കോയുടെ ലക്ഷ്യം. ജപ്പാനിൽ നടന്ന ആദ്യത്തെ ഫിഫ യൂത്ത് ലോകകപ്പിനുള്ള ടീമിനേയും പരിശീലിപ്പിച്ചത് മെനോറ്റിയാണ്. ഫൈനലിൽ മറഡോണയുടെ ഗോളടക്കം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സോവിയറ്റ് യൂണിയനെ തോൽപിച്ചാണ് മെനോറ്റിയുടെ യുവാക്കൾ തുടർച്ചയായി രണ്ടാം ലോകകപ്പ് നേടുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് മറഡോണ 1982 ലെ സ്പെയിൻ ലോകകപ്പിനെത്തുന്നത്. അപ്പോഴേക്കും ദ്യേഗോ
ബാഴ്സലോണയുമായുള്ള കരാറും ഉറപ്പിച്ചിരുന്നു.
ബെൽജിയത്തോട് ഒരു ഗോളിന് തോറ്റുകൊണ്ടായിരുന്നു തുടക്കം. നല്ല നാളുകൾ പിന്നിട്ടുതുടങ്ങിയ മുതിർന്ന കളിക്കാരുടെ കൂട്ടത്തെ കോർത്തിണക്കേണ്ട ദൗത്യമായിരുന്നു മറഡോണക്കുണ്ടായിരുന്നത്. അതുപക്ഷെ അർജന്റീനക്കാരേക്കാൾ മനസ്സിലാക്കിയത് അവരുടെ എതിരാളികളാണ്. മറഡോണയെ പൂട്ടിയാൽ അർജന്റീനയെ പൂട്ടാമെന്ന് ബെൽജിയത്തിന്റെ പ്രതിരോധ നിരക്കാർ മറ്റുടീമുകൾക്ക് കാണിച്ചുകൊടുത്തു. അടുത്ത കളിയിൽ, പക്ഷെ ഹംഗറിയെ ഒന്നിനെതിരെ നാലു ഗോളിന് തോൽപ്പിച്ച് ലോക ചാംപ്യൻമാർ ഗംഭീര തിരിച്ചുവരവു നടത്തി. മറഡോണയുടെ വകയായാരുന്നു രണ്ടു ഗോളുകൾ. ആദ്യ കളിയിൽ ഹംഗറിയോട് ഒന്നിനെതിരെ പത്തു ഗോളിന് തോറ്റ എൽസാൽവദോറായിരുന്നു അടുത്ത എതിരാളികൾ. കായികമായി കരുത്തരായ സാൽവദോറുകാർ കിട്ടിയ അവസരത്തിലെല്ലാം മറഡോണയെ ചവിട്ടി വീഴ്ത്തി. രണ്ടു ഗോളിന് കളി ജയിച്ചെങ്കിലും നിരാശനായിരുന്നു മെനോറ്റി.
നിരാശയിൽ നിന്ന് തുടങ്ങി നിരാശയിലവസാനിച്ചതാണ് മറഡോണയുടെ ലോകകപ്പുകൾ, അതിനിടയിലായിരുന്നു ലോകം കീഴടക്കിയ ‘ദൈവിക' പ്രകടനങ്ങൾ.
രണ്ടാം റൗണ്ടിൽ ഇറ്റലിയുമായുള്ള കളി പക്ഷെ പിൽക്കാലത്തേക്കുള്ള സൂചനാപുസ്തകമായി മാറുകയായിരുന്നു. മാൻമാർക്കിംഗിലൂടെ മറഡോണയെ തടവിലാക്കാനായിരുന്നു ഇറ്റാലിയൻ കോച്ചിന്റെ തന്ത്രം.യുവെന്തസ്സിന്റെ ഫുൾബാക്കായിരുന്ന ഗദ്ദാഫിയെന്ന അപരനാമമുള്ള ക്ലൗദിയോ ജെന്റീലെക്കായിരുന്നു അതിനുള്ള ചുമതല. അതയാൾ കൃത്യതയോടെ നടപ്പാക്കിയെന്നു മാത്രമല്ല, കിട്ടുന്ന അവസരത്തിലെല്ലാം മറഡോണയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. പുറത്താക്കപ്പെടേണ്ട ഒന്നിലധികം സന്ദർഭങ്ങളുണ്ടായിട്ടും അതെല്ലാം റഫറിയുടെ ശാസനയിലൊതുങ്ങി.
‘വർഷങ്ങൾക്കു ശേഷം ഇറ്റലിയിൽ വച്ച് ജെന്റീലെ തന്നെ എന്നോടതെല്ലാം പറഞ്ഞിട്ടുണ്ട് . പന്ത് കിട്ടുമ്പോഴെല്ലാം എന്റെ കണങ്കാലിനെ ലക്ഷ്യം വക്കാനായിരുന്നു അയാൾക്ക് കിട്ടിയ നിർദ്ദേശം. അത് ജെന്റീലെയുടെ കുുറ്റമായി ഞാൻ കാണുന്നില്ല, അയാൾക്ക് ചുവപ്പു കാർഡ് കൊടുത്ത് പറഞ്ഞുവിടാതിരുന്ന റഫറിയായിരുന്നു അന്നത്തെ പ്രതി'- മറഡോണ എഴുതി.
കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇറ്റലി വിജയിക്കുകയായിരുന്നു.
ബ്രസീലുമായുള്ള അടുത്ത മത്സരം മറഡോണയെ സംബന്ധിച്ച് ആ ലോകകപ്പിലെ അവസാനത്തേതായി മാറി. പത്താം നമ്പറുകാരായ മറഡോണയും സീക്കോയും തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ ആഘോഷിക്കപ്പെട്ട കളിയിൽ ഭാഗ്യം ബ്രസീലിനൊപ്പമായിരുന്നു. സീക്കോയുടേയും സെർജീന്യോയുടോയും ഗോളുകളിലൂടെ മുന്നിലെത്തിയ അവർക്കെതിരെ അർജന്റീന കിതച്ചു. കളിയുടെ അവസാനനിമിഷങ്ങളിൽ ഷാവോ ബതീസ്ത നടത്തിയ ഗുരുതരമായ ഫൗൾ റഫറി കാണാതെ പോയതോടെ മറഡോണ പ്രകോപിതനായി. റഫറിയുടെ മുന്നിൽ വച്ച് ബതിസ്തയുടെ നാഭിക്ക് ചവിട്ടിയതോടെ ചുവപ്പുകാർഡ് മറഡോണക്കുനേരെ ഉയർന്നു. അങ്ങനെ ആദ്യ ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ദ്യേഗോയാണ് അടുത്ത തവണ കപ്പുയർത്താനായി മെക്സിക്കോയിലെത്തിയത്. ‘അത് ഫൽക്കാവോക്ക് കൊടുക്കേണ്ടിയിരുന്ന ചവിട്ടാണ്, കിട്ടിയത് ബതീസ്തക്കാണെന്ന് മാത്രം’ എന്നായിരുന്നു അന്നത്തെ ചുവപ്പു കാർഡിനെ കുറിച്ചുള്ള മറഡോണയുടെ പ്രതികരണം. മൂന്നുഗോളിന് തോൽക്കേണ്ട കളിയായിരുന്നില്ല അതെന്നും.
1986 ലെ മെക്സിക്കോ ലോകകപ്പിൽ എ ഗ്രൂപ്പിൽ നിന്ന് ജേതാക്കളായി നോക്കൗട്ടിലെത്തിയ മറഡോണയും കൂട്ടരും ഉറുഗ്വായെ തോൽപിച്ചാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനു മുന്നിലെത്തുന്നത്. കളിയുടെ 51-ാം മിനുറ്റിൽ, പിന്നീട് ദൈവത്തിന്റേതെന്ന് അയാൾ തന്നെ പറഞ്ഞ, ചുരുട്ടിയ മുഷ്ടിയാൽ ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽറ്റനെ കീഴ്പ്പെടുത്തി പന്ത് വലയിലെത്തിക്കുമ്പോൾ മറഡോണ അക്ഷരാർത്ഥത്തിൽ ഇംഗ്ലീഷുകാരെ പോക്കറ്റടിക്കുക തന്നെയായിരുന്നു. ആർത്തുചിരിച്ച് അയാൾ വർഷങ്ങൾക്കുശേഷം, അത് എമിർ കുസ്തൂറിക്കയോട് പറയുന്നുമുണ്ട്.
കള്ളനെന്ന് തന്നെ മുദ്രകുത്തിയ ലോകത്തെ അപ്പാടെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് നിമിഷങ്ങൾക്കകം അയാൾ ആ കളിയിലെ രണ്ടാം ഗോളടിക്കുന്നത് - അത് പിന്നീട് ഈ നൂറ്റാണ്ടിന്റെ ഗോളായി മാറി. സെമിയിൽ ബെൽജിയത്തെ മറികടക്കുമ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് മാൽവിനാസ് യുദ്ധപശ്ചാത്തലത്തിൽ ദ്യേഗോയും ഇംഗ്ലണ്ടുമായുള്ള വൈരവും അതിലെ ദൈവത്തിന്റെ കൈയിന്റെ പങ്കുമായിരുന്നു. ഉപരി മധ്യവർഗ്ഗമാന്യത മുഖമുദ്രയാക്കിയ ലോകത്തിന്റെ ഒരു പകുതി, അയാൾക്ക് വഞ്ചകനെന്ന ചാപ്പ കുത്തിയപ്പോൾ ആരാധകരുടെ മറുചേരി ആകെ അയാൾക്കൊപ്പം ചേർന്നിരുന്നു. ഫുട്ബോൾ ലോകമെന്നല്ല, മുഴുവൻ ലോകവും രണ്ടു പകുതിയായി മാറുന്ന കായിക നിമിഷങ്ങൾ ചരിത്രത്തിലേറെയുണ്ടാവില്ല. ഫൈനലിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം അവിശ്വസനീയമായി തിരിച്ചുവന്ന ജർമൻ പ്രഫഷണലിസത്തിനുമുന്നിൽ ഒന്ന് പകച്ചെങ്കിലും കളിയുടെ അന്ത്യനിമിഷങ്ങളിൽ ബറൂച്ചാഗയുടെ ഗോളിലൂടെ ബിലാർദോയുടെ അർജന്റീനയും ലോകകപ്പുയർത്തി, അതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി നേടിയിരുന്ന ദ്യേഗോ
അർമാൻഡോ മറഡോണയിലൂടെ തന്നെ.
ബാറ്റിസ്റ്റക്കുശേഷം മാനേജർ സ്ഥാനം ഏറ്റെടുത്തപ്പോൾ ഹുവാൻ റിക്വിൽമെയെ ഒഴിവാക്കി മെസ്സിക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുകയാണ് മറഡോണ ചെയ്തത്. അതാവട്ടെ 2010 ലെ ലോകകപ്പ് ദുരന്തത്തിലവസാനിക്കുകയും ചെയ്തു.
നഗരത്തിന്റെ പുണ്യാളനായി നേപ്പ്ൾസുകാർ സാന്താ മറഡോണയെ അവരോധിച്ചിരുന്ന കാലത്താണ് ഇറ്റലിയിൽ ലോകകപ്പ് നടക്കുന്നത്. ലോക ചാംപ്യൻമാരായി റോമിലെത്തിയ മറഡോണയുടെ സംഘത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനമൊന്നുമുണ്ടായില്ല. തപ്പിത്തടഞ്ഞെന്ന പോലെ ഫൈനലിലെത്തിയ അർജന്റീന ജർമനിക്കുമുന്നിൽ തോറ്റു. ഒരുപക്ഷെ ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പെന്ന ഖ്യാതിയാണ് ഇറ്റാലിയക്ക് കിട്ടിയതെന്നുപറയാം.
1986 ൽ മെക്സിക്കോയിൽ മറഡോണയെ കണ്ട് മതിമറന്ന ലോകത്തിന്റെ പ്രതീക്ഷ അപ്പാടെ തെറ്റി. ഇറ്റാലിയയിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം അർജന്റീനയും ഇറ്റലിയും തമ്മിലുള്ള സെമിഫൈനലായിരുന്നുവെന്ന് നിസ്സംശയം പറയാം. കളിക്കു മുമ്പ് വാർത്താസമ്മേളനത്തിൽ മറഡോണ തന്നെയാണ് ആ വിവാദത്തിന് തുടക്കമിട്ടത്. ‘നേപ്പ്ൾസുകാരേ, ഇറ്റലി നിങ്ങളെ രണ്ടാംകിടക്കാരായാണ് കാണുന്നത്, അതിനാൽ നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കൂ’ എന്നായിരുന്നു നേപ്ൾസുകാരുടെ പുണ്യാളനായിരുന്ന മറഡോണയുടെ ആഹ്വാനം. ഇറ്റാലിയൻ മാധ്യമങ്ങൾക്ക് ദേശീയവികാരം ആളിക്കത്താനുള്ള മരുന്നായി ഇത് മാറി. പിറ്റേന്നത്തെ ഗാലറിയിലുർന്ന കൂറ്റൻ ബാനറിൽ, ‘നേപ്ൾസ് നിങ്ങളെ സ്നേഹിക്കുന്നു, പക്ഷെ ഇറ്റലിയാണ് ഞങ്ങളുടെ രാജ്യം' എന്നാണെഴുതിയിരുന്നത്. ഗോൾകീപ്പർ സെർഹിയോ ഗോയ്‌കൊചിയയുടെ മികവിലാണ് അർജന്റീന ഷൂട്ടൗട്ടിൽ ഇറ്റലിയെ മറികടന്നത്. എന്നാൽ ഫൈനലിൽ മറഡോണയുടെ ഏറ്റവും വലിയ ആരാധകരിലൊരാളായിരുന്ന ലോതർ മത്താവൂസ് തന്നെ അയാളെ പിടിച്ചു കെട്ടി. ആന്ദ്രെ ബ്രമറുടെ പെനാൽറ്റിയിൽ അർജന്റീനയെ കഷ്ടിച്ച് മറികടന്ന് ജർമനി ചാംപ്യൻമാരായി.
ഇറ്റാലിയ 90ൽ ഏറ്റവും പരുക്കൻ കളി പുറത്തെടുത്ത ടീമുകളിലൊന്നായിരുന്നു അർജന്റീന. ടൂർണ്ണമെന്റിൽ 21 മഞ്ഞക്കാർഡുകളും മൂന്ന് ചുവപ്പുകാർഡുകളും കിട്ടിയെന്നു മാത്രമല്ല, ടീമിലെ മികച്ച കളിക്കാരിലൊരാളായ ക്ലൗദിയോ കനീജ്ജിയക്ക് ഫൈനലിൽ പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. 1986ൽ തന്റെ പ്രതിരോധാത്മക ഫുട്‌ബോൾ മറഡോണക്കു വേണ്ടി മാറ്റിവക്കാൻ തയ്യാറായ ബിലാർദോ ഇറ്റലിയിൽ പക്ഷെ അതിന് തയ്യാറായിരുന്നില്ല.
ആത്മകഥയിൽ 1994 ലെ അമേരിക്കൻ ലോകകപ്പിനെ കുറിച്ചുള്ള അധ്യായത്തിന് മറഡോണ നൽകിയ പേര് ‘വേദന’ എന്നാണ്. അതിനപ്പുറമൊന്നും അതേ പറ്റി അയാൾക്ക് പറയാനില്ലാത്തതുപോലെ. 1991 ൽ കൊക്കെയ്ൻ ഉപയോഗത്തിന്റെ പേരിൽ കിട്ടിയ വിലക്കിനു ശേഷം ലാ ലീഗയിൽ സെവിയ്യക്കുവേണ്ടിയാണ് മറഡോണ കളിച്ചുതുടങ്ങിയത്, അതും കാർലോസ് ബിലാർദോക്ക് കീഴിൽ. 26 കളികൾക്കുശേഷം മറഡോണ റൊസാരിയോവിലേക്ക് തിരികെപോയി, ന്യൂൾസ് ഓൾഡ് ബോയ്സിന്റെ കുപ്പായമിടാൻ. അവിടെനിന്നാണ് കൊക്കോ എന്നറിപ്പെട്ടിരുന്ന ആൽഫിയോ ബാസിലെ മറഡോണയെ ദേശീയ ടീമിലേക്ക് തിരികെ വിളിക്കുന്നത്. 1994 ലെ ലോകകപ്പിനുമുമ്പ് അത്ര ശുഭകരമായിരുന്നില്ല സ്ഥിതി. കൊളംബിയയോട് ഏതിരില്ലാത്ത അഞ്ചുഗോളിന് തോറ്റശേഷം കഷ്ടിച്ച് യോഗ്യത നേടിയാണ് അവർ അമേരിക്കയിലെത്തുന്നത്. പക്ഷെ ആ ടീം ഒരു പരിവർത്തനത്തിന്റെ പാതയിലായിരുന്നു. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്ന അവരുടെ എക്കാലത്തേയും മികച്ച സ്ട്രൈക്കറുടെ ഉദയകാലമായിരുന്നു അത്. മധ്യനിരയിലെ ദ്യേഗോ സിമ്യോണിയും പ്രതിഭാധനനായ റെഡോൻഡോയും കൂടെ കനീജ്ജിയയുടെ പരിചയസമ്പത്തും കൂടി ചേർന്നതോടെ മറഡോണയും ബാസിലെയും ചേർന്ന് ലോകം കീഴടക്കുമെന്ന പ്രതീതി വളരെ പെട്ടെന്ന്സൃഷ്ടിക്കപ്പെട്ടു. പന്തുമായി പറന്നിരുന്ന പീബെ ദ ഓറോയിൽ നിന്ന് മൈതാനം നിയന്ത്രിക്കുന്ന സെറിബ്രോയുടെ റോളിലേക്കുള്ള മറഡോണയുടെ പരിവർത്തനം കൂടിയായിരുന്നു അത്. വേട്ടപ്പട്ടികളെ പോലെ ബാറ്റിസ്റ്റ്യൂട്ടയേയും കനീജ്ജിയയേയും മുന്നിൽ നിർത്തി ഡോൺ വീറ്റോ കോർലിയോണായി മറഡോണ അടക്കിവാണത് അമേരിക്കൻ ലോകകപ്പിലെ രണ്ടു കളികളാണ് - ഗ്രീസിനെതിരേയും നൈജീരിയക്കെതിരേയും. ഒരു ഗോളും രണ്ട് അസിസ്റ്റും മതിയായിരുന്നു മറഡോണയുടെ സാന്നിധ്യം അറിയിക്കാൻ.
കണ്ടിട്ടുള്ളതിലേറ്റവും മികച്ച ടീം ഗെയിം എന്നാണ് ബ്രസീലിന്റെ അക്കാലത്തെ മുന്നേറ്റ ജോഡികളായ റൊമാരിയോയും ബെബെറ്റോയും നൈജീരിയക്കെതിരായ അർജന്റീനയുടെ കളിയെ പറ്റി പറഞ്ഞതെന്ന് മറഡോണ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ കളിക്കുശേഷമാണ് മറഡോണ മരുന്നു പരിശോധനക്ക് വിധേയനാകുന്നത്. അതേക്കുറിച്ച് ദ്യേഗോയുടെ തന്നെ വാക്കുകൾ ഇങ്ങനെയാണ്: ‘എന്റെ സ്വകാര്യ പരിശീലകൻ ദാനിയേൽഡ സെറീനിക്ക് ഒരബദ്ധം പറ്റി. അതിനുള്ള ശിക്ഷ ഞാനനുഭവിച്ചു. ഇതാണ് സത്യം, ഇതു മാത്രമാണ് സത്യം- അതിലപ്പുറം ഒന്നുമില്ല. എന്തെല്ലാമോ വാഗ്ദാനം ചെയ്ത് അമേരിക്കയിലേക്ക് കളിക്കാൻ കൊണ്ടുവന്ന് ഫിഫ എന്ന വഞ്ചിച്ചു എന്നെല്ലാമുള്ള കഥകൾ പച്ചക്കള്ളമാണ്. എ.എഫ്.എ പ്രസിഡൻറ് ഹൂലിയോ ഗ്രൊൻദോനയോട് ഒരേയൊരു കാര്യമേ ഞാനാവശ്യപ്പെട്ടിരുന്നുള്ളൂ. ആ ലോകകപ്പ് കളിച്ചു പൂർത്തിയാക്കാൻ എന്നെ അനുവദിക്കണം. അത് പക്ഷെ ക്രൂരമായി നിരാകരിക്കപ്പെട്ടു. എൺപത്തിയാറിൽ സ്പാനിഷ് കളിക്കാരനായ റമോൺ കൽദേരേക്ക് ലദിച്ച ആനുകൂല്യം മറഡോണക്ക് കിട്ടിയില്ല. വീണ്ടും ഒന്നര വർഷത്തെ വിലക്കാണ് എന്നെ കാത്തിരുന്നിരുന്നത്.'
1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലേക്ക് വരാൻ മറഡോണ വിസമ്മതിച്ചു. ആ അർത്ഥത്തിൽ അത് മറഡോണ പങ്കെടുക്കാത്ത ലോകകപ്പാണ്. 2002 ൽ ബ്രസീൽ ചാംപ്യൻമാരായപ്പോൾ കഴിവുകെട്ടവരുടെ ലോകകപ്പ് വിജയമെന്ന പരിഹാസത്തോടെ മറഡോണ വാർത്തകളിൽ നിറഞ്ഞു.
ആ ദുരന്തത്തിനുശേഷം മറഡോണ വീണ്ടും ബോക്കാ ജൂനിയേഴ്സിലേക്ക് തിരിച്ചുവരുന്നുണ്ട്, 1997 ൽ മറ്റൊരു മരുന്നുപരിശോധനയോടെ ഇരുപതു വർഷം നീണ്ട കളിക്കാരനെന്ന നിലയിലുള്ള അയാളുടെ ജീവിതത്തിന് തിരശ്ശീല വീഴുന്നതും അവിടെ വച്ചാണ്. ഫുട്ബോളാണ് ലോകത്തേറ്റവും മനോഹരവും ആരോഗ്യകരവുമായ കളി. അതിലാർക്കും സംശയം കാണില്ല. ഏതെങ്കിലുമൊരു മനുഷ്യൻ തെറ്റു ചെയ്തെന്നു വച്ച് ഫുട്ബോൾ എന്തുപിഴച്ചു?
‘എനിക്കു തെറ്റു പറ്റി, അതിനുള്ള ശിക്ഷയും ഞാൻ അുഭവിച്ചു. എന്നാൽ ഒന്നുറപ്പിച്ചു പറയാം, ഈ പന്തിൽ ചെളി പുരണ്ടിട്ടില്ല’ എന്ന വൈകാരികമായ പ്രസ്താവനയോടെയാണ് മറഡോണ ബൂട്ടഴിച്ചത്.
കളി മതിയാക്കിയെങ്കിലും ഫുട്ബോൾ വിട്ടു പോകാൻ തയ്യാറല്ലായിരുന്നു, പന്തുകളിക്കാരുടെ ഡീയോസ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലേക്ക് വരാൻ മറഡോണ വിസമ്മതിച്ചു. ആ അർത്ഥത്തിൽ അത് മറഡോണ പങ്കെടുക്കാത്ത ലോകകപ്പാണ്. 2002 ൽ ബ്രസീൽ ചാംപ്യൻമാരായപ്പോൾ കഴിവുകെട്ടവരുടെ ലോകകപ്പ് വിജയമെന്ന പരിഹാസത്തോടെ മറഡോണ വാർത്തകളിൽ നിറഞ്ഞു. 2006 ആപ്പോഴേക്കും ഹോസെ പെക്കർമാനുകീഴിൽ സന്തുലിതമായ ഒരു ടീമിനെ അർജന്റീന ഒരുക്കിയെടുത്തിരുന്നു. റിക്വിൽമെ മുതൽ മെസ്സി വരെയുള്ളവർ പല തട്ടിലായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. 2006 ലെ ലോകകപ്പിൽ തന്റെ വിവാദ സബ്സ്റ്റിറ്റ്യൂഷന്റെ ഫലമായി ജർമനിയോട് തോറ്റ് അർജന്റീന പുറത്താവുമ്പോൾ നിരാശ മറച്ചുവക്കാനാവാതെ മറഡോണ കാണികൾക്കിടയിലുണ്ടായിരുന്നു.
സെർജിയോ ബാറ്റിസ്റ്റ ദേശീയടീമിന്റെ ചുമതലയേറ്റതിൽ പിന്നെ ആ സ്ഥാനത്തിനുവേണ്ടി ചരടുവലിക്കുന്ന മറഡോണയെയാണ് നമ്മൾ കാണുന്നത്. അക്കാലത്ത് മെസ്സിയുടെ ആത്മാർത്ഥതയെ വരെ പരസ്യമായി ചോദ്യം ചെയ്യാൻ മറഡോണ മടിച്ചില്ല. സെർജിയോ ബാറ്റിസ്റ്റയെ ലക്ഷ്യമാക്കിയായിരുന്നു മറഡോണയുടെ ആക്രമണങ്ങളെന്ന് പിന്നീട് വ്യക്തമായിരുന്നു. യൂറോപ്പിലെ സൂപ്പർ താരമെന്ന നിലയിൽ മെസ്സി അർജന്റൈൻ ടീമിന് ബാധ്യതയാവുന്നു എന്ന വിമർശമാണ് മറഡോണ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചത്. മെസ്സിയെ പ്രീതിപ്പെടുത്താൻ എന്ത് കോമാളിവേഷവും കെട്ടാൻ തയ്യാറുള്ള ദുർബലനായി ബാറ്റിസ്റ്റയെ അവതരിപ്പിക്കുകയായിരുന്നു മറഡോണയുടെ ഉദ്ദേശ്യം. എന്നാൽ ബാറ്റിസ്റ്റക്കുശേഷം മാനേജർ സ്ഥാനം ഏറ്റെടുത്തപ്പോൾ ഹുവാൻ റിക്വിൽമെയെ ഒഴിവാക്കി മെസ്സിക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുകയാണ് മറഡോണ ചെയ്തത്. അതാവട്ടെ 2010 ലെ ലോകകപ്പ് ദുരന്തത്തിലവസാനിക്കുകയും ചെയ്തു. 2014 ലും മെസ്സിക്കെതിരായ ഒളിയമ്പുകളുമായി പുറത്ത് സജീവമായിരുന്നു മറഡോണ. 2018 ആയപ്പോഴേക്കും ദ്യേഗോ നേരെ തിരിഞ്ഞ്, നൈജീരിയക്കെതിരെ വിജയം നേിയ മെസ്സിയുടേയും കൂട്ടരുടേയും ആഹ്ലാദപ്രകടനത്തിനുമപ്പുറം പോയി ഗ്യാലറിയിൽ നിന്നുള്ള മറഡോണയുടെ ‘ആഘോഷം'.
നാല് ലോകകപ്പ് ടൂർണമെന്റുകളിൽ താൻ കണ്ട മറഡോണക്ക് ഇംഗ്ലീഷ് എഴുത്തുകാരനായ സ്റ്റ്യുഅർട്ട് ഹോസ്ഫീൽഡ് ഓരോ വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. ‘ചെകുത്താനിൽ നിന്ന് മാലാഖയിലേക്കുള്ള പരിണാമം’ എന്ന നിലയിലാണ് ഹോസ്ഫീൽഡ് മറഡോണയുടെ ലോകകപ്പ് പ്രകടനങ്ങളെ കോർത്തിണക്കുന്നത്. 1982 ലെ നിഷ്‌കളങ്കനായ ചെകുത്താൻ (Innocent Devil) 1986 ആകുമ്പോഴേക്കും മുഖ്യ മാലാഖയായി (Archangel). തൊണ്ണൂറിൽ വിതുമ്പുന്ന മാലാഖയായ (Weeping Angel) അയാൾ തൊണ്ണൂറ്റിനാലിൽ വീണ്ടുമൊരു മാലാഖയായി നിലംപൊത്തി (Fallen Angel).
നിരാശയിൽ നിന്ന് തുടങ്ങി നിരാശയിലവസാനിച്ചതാണ് മറഡോണയുടെ ലോകകപ്പുകൾ, അതിനിടയിലായിരുന്നു ലോകം കീഴടക്കിയ ‘ദൈവിക' പ്രകടനങ്ങൾ. മറഡോണയിലൂടെ ഫുട്ബോളിനെ തൊട്ടറിഞ്ഞ തലമുറതൊട്ടിങ്ങോട്ടുള്ളവരെ സംബന്ധിച്ച് ഖത്തറിലെ അയാളുടെ അസാന്നിധ്യം അതിവൈകാരികം തന്നെയാണ്. അതിൽനിന്ന് അവർക്ക് മോചനം സാധ്യവുമല്ല. ▮
(അവലംബം: El DIego - The autobiographyDiego Maradona -The world cup diaries, by Stuart Horsfield)