ഒരു ഗോളിന് ഇംഗ്ലണ്ടിനോട് തോറ്റതിനുശേഷം കോംഗോയുടെ സ്ട്രൈക്കർ യോൻ വിസ്സ കണ്ണുനീരോടെ പറഞ്ഞു:
"ഞങ്ങൾക്കിത് ഒട്ടും എളുപ്പമായിരുന്നില്ല. കോംഗോയുടെ കിഴക്ക് യുദ്ധം നടക്കുകയാണ്. ഓരോ തവണയും ഓരോ നിമിഷവും ഈ ജേഴ്സി അണിയുമ്പോൾ ഞങ്ങൾ ഓർക്കുന്നത് ഞങ്ങളുടെ രാജ്യത്തെ ആ മനുഷ്യരെക്കുറിച്ചാണ്…"
അതെ, കോംഗോ എന്നും അങ്ങനെ ആയിരുന്നു. സമ്രാജ്യത്വ രാജ്യങ്ങൾ, കോംഗോയുടെ വജ്രവും കോപ്പറും യുറേനിയവും മറ്റ് ദ്രവ്യങ്ങളും ധാതുക്കളും കൊള്ളയടിക്കുന്നതിനു വേണ്ടി ആ രാജ്യത്തെ ജനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ടേ ഇരുന്നു. ബെൽജിയൻ സാമ്രാജ്യത്വമായിരുന്നു മുന്നിൽ, അമേരിക്കയും ബ്രിട്ടനും ലാഭവിഹിതം പങ്കിട്ടു. പതിറ്റാണ്ടുകളുടെ നിശബ്ദതയ്ക്കു ശേഷം ആ ആഫ്രിക്കൻ രാജ്യത്തു നിന്നും അർത്ഥവത്തായ ഒരു എതിർശബ്ദം ഉയർന്നു വന്നു. പാട്രിസ് ലുംമുംബ!തൻ്റെ രാജ്യത്തെ കൊള്ളയടിക്കുന്നതിനെ പാട്രിസ് ലുമുംബ എന്ന പോരാളി ജനങ്ങളെ അണിനിരത്തി ചോദ്യം ചെയ്തു. 1958-ൽ നാഷണൽ കോംഗോലീസ് മൂവ്മെൻ്റ് എന്ന പാർട്ടി സ്ഥാപിച്ചു കൊണ്ടാണ് ലുമുംബ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യത്തിനുവേണ്ടി, ലുമുംബയും പാർട്ടിയും പോരാടി.
ആ പ്രക്ഷോഭത്തെ ബെൽജിയൻ സാമ്രാജ്യത്വം ചോരയിൽ മുക്കി കൊല്ലാനാണ് ശ്രമിച്ചത്. എന്നാൽ, കോംഗോയിലെ ജനങ്ങൾ ലുമുംബയോടൊപ്പം അടിയുറച്ച് നിലകൊണ്ടു. 1960 ജൂൺ 30-ന് ബെൽജിയം സാമ്രാജ്യത്വത്തിൽ നിന്നും കോംഗോ ജനത സ്വതന്ത്ര്യം പിടിച്ചെടുത്തു. വിമോചന നായകൻ പാട്രിസ് ലുമുംബ കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയായി. എന്നാൽ, ഉപജാപങ്ങൾ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ജനങ്ങൾ തെരഞ്ഞെടുത്ത അവരുടെ രാഷ്ട്രത്തലവനെ യു.എസ് - ആംഗ്ലോ - ബെൽജിയം സാമ്രാജ്യത്വം പിടികൂടി, ഫയറിംഗ് സ്‌ക്വാഡിനു മുന്നിൽ നിർത്തി, അവസാനിപ്പിച്ചു. ജനാധിപത്യത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്നവരുടെ 'ജനാധിപത്യം'!കൊല്ലപ്പെട്ട ലുമുംബ ജീവിച്ചിരുന്ന ലുംമുംബയേക്കാൾ അപകടകാരി ആയിരിക്കുമെന്ന് മനസ്സിലാക്കിയ സാമ്രാജ്യത്വ ശക്തികൾ അദ്ദേഹത്തിൻ്റെ മൃതദേഹം സൾഫ്യൂരിക് ആസിഡ് ഒഴിച്ച് ദ്രവിപ്പിച്ചു കളഞ്ഞു.

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ചു കൊണ്ടാണ് കോംഗോ തങ്ങളുടെ വരവറിയിച്ചത്. പിന്നീട്, കൊളംബിയയ്ക്കെതിരെ പരാജയപ്പെട്ടെങ്കിലും ഉസ്ബക്കിസ്ഥാനെ തകർത്ത് പ്രീക്വാർട്ടറിലേയ്ക്ക് മുന്നേറി. പ്രീ ക്വാർട്ടറിൽ കോംഗോ, ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുന്നത് കാണുവാൻ ലോകമെമ്പാടും കാത്തിരുന്ന അനേകകോടി ജനങ്ങളുണ്ട്. ചൂഷണം അനുഭവിക്കുന്നവർ! അടിച്ചമർത്തപ്പെടുന്നവർ!ഇപ്പോഴും തുടരുന്ന സാമ്രാജ്യത്വ അധിനിവേശത്തിൻ്റെ കെടുതികളിൽ പിടയുന്നവർ! എന്നാൽ, പാട്രിസ് ലുമുംബ സൃഷ്ടിച്ച കോംഗോ, പൊരുതി തോറ്റു.
അവസാനശ്വാസം വരെ പൊരുതുക എന്നത് ലുമുംബ സൃഷ്ടിച്ച മാതൃക ആയിരുന്നു. തോക്കിൻ്റെ ബാരൽ നെഞ്ചിൽ കുത്തിപ്പിടിച്ചവർക്കു മുന്നിലും രാജ്യത്തെ ഒറ്റു കൊടുക്കാത്ത ധീരതയുടെ പേരായിരുന്നു പാട്രിസ് ലുമുംബ! മത്സരത്തിൻ്റെ രണ്ടാം പകുതി അവസാനിക്കാറാകുമ്പോഴും ഇംഗ്ലണ്ട് ഒരു ഗോളിനു പിന്നിലായിരുന്നു. 75 -ാം മിനിറ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ തൊടുത്ത ഷോട്ട് കോംഗോയുടെ വല കുലുക്കി. ഇംഗ്ലണ്ട് ദീർഘ നിശ്വാസമെടുത്ത നിമിഷങ്ങൾ! 86 -ാം മിനിറ്റിൽ ക്യാപ്റ്റൻ വീണ്ടും അവതരിച്ചപ്പോൾ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ഇടനെഞ്ച് കലങ്ങി. അവസാന മിനിറ്റുകളിൽ ഗോൾ തിരിച്ചടിക്കാനുള്ള അവരുടെ വീറുറ്റ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തോൽക്കുമ്പോഴും ലോകമെമ്പാടുമുള്ള കാൽപ്പന്തു പ്രേമികളുടെ ഹൃദയത്തിൽ ഇരിപ്പിടം നേടിയാണ് അവർ മടങ്ങുന്നത്.

തൈസ്‌വില്ലെ ജയിലിൽ നിന്ന് തൻെറ പങ്കാളി Pauline Opango-യ്ക്ക് എഴുതിയ കത്തിൽ പാട്രിസ് ലുമുംബ പറഞ്ഞു:
"ചരിത്രം സംസാരിക്കുന്ന ഒരു ദിവസം വരും. ബ്രസ്സൽസിലോ, പാരീസിലോ, വാഷിംഗ്ടണിലോ, ഐക്യരാഷ്ട്രസഭയിലോ പഠിപ്പിക്കുന്ന ചരിത്രമായിരിക്കില്ല... ആഫ്രിക്ക സ്വന്തം ചരിത്രം എഴുതും, വടക്കും തെക്കും. അത് മഹത്വത്തിന്റെയും അന്തസ്സിന്റെയും ചരിത്രമായിരിക്കും"
കൊളംബിയയ്ക്കെതിരായ മത്സരത്തിലുടനീളം പാട്രിസ് ലുമുംബയുടെ പ്രതിമയെപ്പോലെ നിന്ന മൈക്കൽ കുക്ക എംബൊലാഡിംഗ എന്ന ആരാധകൻ പറയാതെ പറയുന്നുണ്ടായിരുന്നു. പോരാളികളുടെ ചരിത്രം കുഴിമാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമെന്ന്.
