ഗോൾ കീപ്പറുടെ ഏകാന്തതയെക്കുറിച്ചും തൊയിരമരുളാത്ത ദുരന്ത മുഹൂർത്ത കാത്തിരിപ്പുകളെക്കുറിച്ചും ഇനി അധികമൊന്നും പറയാനവശേഷിക്കുന്നില്ല. അയാളുടെ പത്തു വിശ്വസ്ത സഖാക്കൾ സുല്ലിടുമ്പോൾ മൂളിപ്പറക്കുന്ന ആകാശ ഗോളങ്ങളെയും തീയുണ്ടകൾ പോലുള്ള നിലം പറ്റി കുതിച്ചു വരുന്ന മരണദൂതരായ മണ്ണിലുറച്ചു പോരാടുന്ന വെടിയുണ്ടകളെയും ഒറ്റയ്ക്കവർ നേരിടേണ്ടി വരുന്നുണ്ട്. ഗോൾ വലയത്തിനു താഴെ മുനിഞ്ഞിരിക്കേണ്ടി വരുന്ന, സഞ്ചാര സ്വാതന്ത്ര്യമെടുക്കാൻ കഴിയാത്ത ഗോൾ കീപ്പറുടെ പാരതന്ത്ര്യത്തിന്റെ കദനകഥകൾ വിട്ട് നമുക്കവളുടെ അധിക സാധ്യതകളെക്കുറിച്ച് ചിന്തിച്ചു നോക്കാം.
ഗോൾക്കീപ്പർ ടീമിലെ "ഫുട്ബോൾ' കളിക്കാത്ത ഏക ഫുട്ബോൾ കളിക്കാരനാണ്. ഫുട്ബോൾ എന്ന, കാലുകൾക്ക് മുൻ കൈയ്യുള്ള,
(കാലുകളുടെ "മുൻ കൈ'!) മുട്ടിനു കീഴേക്കു കൈവിലക്കുള്ളതിന്റെ നിയമശാസനയൊളിപ്പിച്ച "കളിനാമ' മയാൾക്ക് ബാധകമല്ല. അഥവാ പത്തുപേരെ അപേക്ഷിച്ചു നോക്കുമ്പോഴയാൾ ഫുട്ബോളറല്ല.
അയാൾക്കാ ഗെയിം ഉടൽപ്പന്തുകളിയാണ്.
ഫുട്ബോളിലെ വിലക്കപ്പെട്ട കനിയാണ് ഗോൾ കീപ്പറുടെ മുഖ്യ വിഭവം.
കൈകൾ ! ഗോളിയുടെ കയ്യുറകൾ പന്തിനോട് അവൾക്കുമാത്രം പെരുമാറാനധികാരം കൊടുക്കുന്ന നിയമ വാക്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യപത്രമാണ്. കുറ്റാന്വേഷകരുടെ കയ്യുറകൾപോലെ അവ അണിഞ്ഞ ആളിന്റെ യോഗ്യതകളെ അവ വിളംബരം ചെയ്യുന്നു.
മറ്റു കളിക്കാരെപ്പോലെ, കാലുകളുടെ എതിർ ദ്വന്ദ്വമായി കൈകളെ സങ്കൽപ്പിച്ചുണ്ടാക്കിയ കളിയിൽ, മനുഷ്യഭാവനയുടെ ചതിക്കുഴിയായ വിപരീതയുക്തിയുടെ തത്വശാസ്ത്രത്തിനു വെളിയിൽ ആധുനികപൂർവ്വകാലം തൊട്ടേ ബൈനറികൾക്കപ്പുറത്ത് ശ്വാസമെടുക്കുന്ന ആധുനികാനന്തര മനുഷ്യനാണ് ഗോൾവലയപ്പാറാവുകാരൻ. പെനാൽട്ടി തടുക്കാൻ ഉടൽമൊത്തവും പെനാൽട്ടിയടിക്കാൻ കാലുകളും ഉപയോഗിക്കാൻ അവകാശമുള്ളയാൾ.
ഫുട്ബോളിലെ ദി കംപ്ലീറ്റ് ആക്റ്ററാണ് ഗോൾകീപ്പർ. അയാൾ മുഴുവൻ ശരീരവും കൊണ്ട് നടിക്കുന്നു. അവൾ അരങ്ങിൽ വരുന്ന നേരങ്ങളിൽ കാണികളുടെ അതിരില്ലാത്ത ആകാംക്ഷകളിൽ അവരുടെ ശ്വാസകോശങ്ങൾ
കാറ്റു നിറയുകയുമുടനടിയൊഴിയുകയും ചെയ്യുന്ന പന്തുകളായി പരിണമിക്കുന്നു.
ക്യാമറ അയാളിലേക്കു മാത്രമായി കണ്ണു കൂർപ്പിക്കുമ്പോഴെല്ലാം
ആ ചലച്ചിത്രത്തിലെ നായകനോ പ്രതിനായകനോ ആയിത്തീരാനുള്ള ഇരുതലമൂർച്ചയുള്ള സാധ്യതയുള്ള കഥാപാത്രമായി മാറുന്നു ഗോൾകീപ്പർ. കലുങ്കിൽ ചുമ്മാ ഇരിക്കുന്ന, പ്രേക്ഷകരുടെ കണ്ണെടുക്കാത്ത അപ്രധാനിയായ ഒരാൾ പൊടുന്നനെ ഇതിവൃത്തത്തിലെ വിധി നിർണ്ണായക ഇടപെടൽ നടത്തുന്നു.
ഗോൾമുഖത്തേക്കു പന്തുവരുമ്പോഴൊഴികെ ഗാലറിയിലും ടെലിവിഷനിലുമായി കളി കാണുന്ന കോടിക്കണക്കിനു മനുഷ്യർക്കു മുമ്പിൽ അദൃശ്യനായിരിക്കാൻ അയാൾക്കു കഴിയുന്നു. ഒരു മജിഷ്യനും അപ്രത്യക്ഷമാക്കാതെ, അദൃശ്യനാവാതെതന്നെ കാണപ്പെടാതിരിക്കുന്നതിന്റെ രസം ഗോൾകീപ്പർക്കു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യർക്ക് ഇടയ്ക്കെല്ലാം ഒളിഞ്ഞിരിക്കാൻ സ്പേസുള്ള ട്രഞ്ചുകൾ ഗോൾപോസ്റ്റുകൾ മാതിരി അധികമില്ല.
പെനാൽട്ടി ബോക്സിനുള്ളിൽ, ഗോൾ വലയത്തിനു കീഴെ, അദൃശ്യമായ കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തുവായി ആ അതിർത്തി രക്ഷകർത്താവിനെ കാണുന്നതിൽ ന്യൂനോക്തിയുണ്ട്.
ഹിഗ്വിറ്റ മാത്രമല്ല പാറാവു ഡ്യൂട്ടിക്കിടെ മൈതാന സംഘർഷങ്ങളിൽ ഇടപെടാൻ പെനാൽട്ടി ബോക്സ് വിട്ടിട്ടുള്ളത്. അതൊരു പ്രവണതയാണ്. ഹിഗ്വിറ്റ ഒരു വ്യക്തിയല്ല, ഗോൾകീപ്പിങ്ങിലെ സാമ്പ്രദായിക സൗന്ദര്യശാസ്ത്രത്തെ വിഛേദിക്കുന്ന ഗോൾകീപ്പിങ്ങ് പെരുമാറ്റരീതികളുടെ സർവ്വനാമമാണ്.
സ്വേച്ഛാപൂർവ്വം അപകടകരമായ സ്വാതന്ത്ര്യമെടുക്കുമ്പോൾ നഷ്ടമാവുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാരോപദേശകഥയാണ് ഹിഗ്വിറ്റ.
പെനാൽട്ടി ബോക്സിന്റെ അതിർത്തി ലംഘിക്കുന്ന നിമിഷം ഗോൾകീപ്പറുടെ കൈകളിൽ വിലങ്ങു വീഴുന്നു. പണമടക്കുന്ന നിമിഷം ആക്റ്റീവാകുന്ന മൊബൈൽ റീച്ചാർജു സാങ്കേതിക വിദ്യയെക്കാൾ വേഗത്തിൽ. ആ പ്രവിശ്യക്കു വെളിയിൽ അയാൾ മറ്റൊരു "ഫുട്ബോളർ' മാത്രമായി മാറുന്നു. അയാൾക്കു മാത്രമുള്ള കൈ പണയം വെച്ച് നടത്തുന്ന ചൂതാട്ടമാണ് ഗോൾകീപ്പറുടെ അതിർത്തി ലംഘനകല.
ഗോൾകീപ്പർ കൈകൾ കൊണ്ടോ കാലുകൾ കൊണ്ടോ ആസൂത്രിതമായി വിന്യസിക്കുന്ന ഗോൾ കിക്കുകൾ അയാളെ കേവലം പ്രതിരോധ ഭടന്റെ പദവിയിൽ നിന്നുയർത്തുന്നു. ഫുട്ബോളിൽ വിക്ഷേപിക്കുന്ന ദീർഘദൂര മിസൈലുകൾ മിക്കവാറും അയാളുടെതാണ്. ബീജിങ്ങിൽ നിന്ന് ന്യൂയോർക്കിലേക്ക് അവൾക്കത് തൊടുത്തു വിടാം.
പന്തിനെ എതിർഗോൾമുഖത്തേക്ക് പറഞ്ഞയക്കുമ്പോൾ ഏതെങ്കിലുമൊരു മുൻനിര കൂട്ടുകാരനുമായി അസാധ്യ പ്രണയങ്ങളിൽമാത്രം കാണുമ്പോലത്തെ,
ചോർന്നുപോകാത്ത വിനിമയം സംഭവ്യമായാൽ ഒരു ഗോൾ പിന്തുണക്കാരനാവാൻ നിന്ന നിൽപ്പിൽ അയാൾക്ക് സാധിക്കും.
ഏറ്റവുമധികം തവണ ഫ്രീ കിക്കുകളോ ത്രോ ഇന്നുകളോ ലഭിക്കുന്ന കളിക്കാരി അവളായിരിക്കും. എതിരാളികൾ മൈതാനത്തിന്റെ അതിർത്തി ലംഘിക്കുമ്പോഴാണ് അതിരിൽ വെച്ചെങ്കിലും അയാളുടെ കൈവിലക്കുള്ള കൂട്ടുകാർ മൈതാനത്തിൽ കൈപ്പെരുമാറ്റം നടത്തുന്നത്. ഗോൾകീപ്പർക്ക് മൈതാനത്തിനകത്തും അത് കൈപ്പന്ത്കളി കൂടിയാണ്.
റിഫ്ലക്സുകളുടെ ഖനികളാണ് മികച്ച ഗോൾ കീപ്പർമാർ. തനിക്കു നേരെ വരുന്ന വെടിയുണ്ടയിൽ നിന്ന് ഒഴിഞ്ഞു മാറുന്ന രജനീകാന്തിന്റെ കഥാപാത്രത്തിലെ അതിശയോക്തി കൂടാതെ അതു പറയാം. പെനാൽട്ടി കിക്ക് നേരിടുന്നതിൽ വിദഗ്ധരായ ഗോൾകീപ്പർമാരുടെ മസ്തിഷ്കം പഠന വിധേയമാക്കേണ്ടതുണ്ട്. മസ്തിഷ്കവും ഇതര ശരീര ഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജനം രൂപഭാവങ്ങൾ മ്യൂസിക്കിലെന്നപോലെ ലയിച്ചു നിൽക്കുന്ന വിസ്മയക്കാഴ്ചയാണത്.
മൈൻഡ് ഗെയിമിൽ മിടുക്കരായ ഗോൾകീപ്പർമാർ എതിർ ടീമിലെ യോദ്ധാക്കളോട് മന്ത്രിക്കുന്നത്, മൈൻഡ് യുവർ ഗെയിം എന്നാണ്.
വായുവിലേക്ക് ഉയർന്നു പൊങ്ങിയും ഡൈവു ചെയ്തും നൃത്തകലയുടെ സാധ്യതകളവർ കളിക്കളത്തിലേക്ക് കൊണ്ടുവരുന്നു. അസാധ്യമായ ടാർജെറ്റു കൊടുക്കാറുള്ള കമ്പനികളിലെ ജീവനക്കാരുടെ അവസ്ഥ ഗോൾകീപ്പർക്കുണ്ട്. തിരശ്ചീനവും ലംബവുമായി അയാൾ കാത്തു സംരക്ഷിക്കേണ്ട ഭൂമിയും ആകാശവും മനുഷ്യസാധ്യതയിലും അധികമാണ്.
ഫുട്ബോളിൽ അമാനുഷിക ദൗത്യം ഏൽപ്പിക്കപ്പെട്ട പടയാളിയാണവൾ.
ഒരേ സമയത്ത് കര -വ്യോമസേനകളുടെ അധിപരായിരിക്കേണ്ടി വരുന്ന ഗോൾകീപ്പർമാരിൽ മിക്കവരിലും നൊസ്സ് നിർലോഭമായിക്കാണുന്നത് അവരുടെ ചുമതലയിലുള്ള സംരക്ഷണ പ്രദേശത്തിന്റെ പരിമാണാധിക്യം കാരണമാവണം.
അതവരെ ഉൻമാദികളായ കലാകാരികളാക്കുന്നു. മറ്റു കളിക്കാരുടെ വീഴ്ചകൾക്ക് പ്രായശ്ചിത്തമാർഗ്ഗങ്ങളുണ്ട്. നിശ്ചയമായും ഗോളടിക്കാവുന്ന സാധ്യത തുലയ്ക്കുന്നതും ദുസ്സാധ്യമല്ലാത്ത പന്തുകൾക്കു വഴങ്ങുന്നതും രണ്ടുതരം പരിഗണനകളോടെയാണ് മനസ്സിലാക്കപ്പെടുന്നത്. നിസ്സാരമായ വീഴ്ചകൾ അയാളെ ഒരു സർക്കസിലും കാണാത്തതരം കോമാളിയാക്കുന്നുണ്ട്. കുമ്പസാരക്കൂട്ടിൽ പറഞ്ഞു തീർക്കാനാവില്ല അത്തരം പാപങ്ങൾ. ഇത് ഗോൾകീപ്പിങ്ങിന്റെ വശ്യത കൂട്ടുന്നേയുള്ളൂ. കരഘോഷങ്ങൾക്കും കൂക്കിവിളിക്കുമിടയിലുള്ള, ആരാധനയ്ക്കും അധിക്ഷേപത്തിനുമിടയിലുള്ള ദൂരം വളരെ നേർത്തതാണെന്നറിയുന്ന സെലിബ്രിറ്റിയാണ് ഗോൾ കീപ്പർ.
ഫുട്ബോൾ മൈതാനത്തിൽ ഒരേ സമയം കളിക്കാരനും കാണിയുമായിരിക്കാവുന്ന ഫ്ലക്സിബിൾ പൊസിഷനാണ് ഗോൾകീപ്പറുടേത്. ചലച്ചിത്രത്തിലഭിനയിച്ചു കൊണ്ടിരിക്കെത്തന്നെ പടം കാണാൻ കഴിയുന്ന പ്രേക്ഷകനാണയാൾ. ശ്രദ്ധിച്ചിട്ടുണ്ടോ, ഫുട്ബോളിൽ ക്യാപ്റ്റനേക്കാളധികം ആധികാരികമായി സഹകളിക്കാർക്ക് നിർദ്ദേശം കൊടുക്കാറുള്ളത് ഗോൾകീപ്പറാണ്. ടൂർണമെന്റിൽ പ്രവർത്തനക്ഷമമായ ക്യാമറകളിൽ ഏറ്റവും സമീപസ്ഥമായ ക്യാമറകളിൽ മുഖ്യം ഗോൾകീപ്പറുടെ കണ്ണുകളാണ്.
കളിച്ചു കൊണ്ട് കളിയെഴുത്തു നടത്താവുന്ന ദൂരം അയാളുടെ ഏകാന്തത സമ്മാനിക്കുന്നുണ്ട്.
കളിയെ ജീവിതമായി സങ്കൽപ്പിച്ചാൽ ആജീവനാന്ത തൊഴിലാളികളാണ് മറ്റു കളിക്കാർ. മുഴുവൻ മനുഷ്യരുടെയും അവധി ദിനമായ ഞായറാഴ്ചകളിൽ മാത്രം തൊഴിലെടുക്കുന്ന, ധൂർത്തമായ അളവിൽ ലിഷർ ലഭിക്കുന്ന
ഭാഗ്യജീവിതമാണ് ഗോൾകീപ്പറുടേത്.
കളിക്കിടയിൽ അവൾക്കു വേണമെങ്കിൽ മനസ്സിലൊരു കവിതയെഴുതാം. കുട്ടിക്കാലത്തെ മുത്തശ്ശിക്കഥകളിൽ ഗൃഹാതുരരാവാം. ട്രാൻസ് വ്യക്തികൾക്ക് പ്രവേശനം നിഷേധിച്ച ഖത്തറിൽ ട്രാൻസ് കാമുകിയുള്ള എംബാപ്പേ കളിക്കുമ്പോൾ അയാളുടെ മനസ്സിൽ സംഭവിക്കുന്ന വികാരങ്ങളെ ആസ്പദമാക്കി ഒരു സ്ക്രിപ്റ്റിന്റെ വൺലൈൻ സങ്കൽപ്പിച്ചുണ്ടാക്കാൻ അർജന്റീനയുടെ പ്രതിഭാശാലിയായ ഗോൾകീപ്പർക്ക് സമയമുണ്ട്. ഇരുവശത്തെയും സ്വവർഗ്ഗാനുരാഗികളായ ഗോൾകീപ്പർമാർ പൊടുന്നനെ അനുരാഗബദ്ധരായിത്തീർന്നതിന്റെ പശ്ചാത്തലത്തിൽ 90 മിനിറ്റിന്റെ കളിയെ ഒരു ചലച്ചിത്രമാക്കുന്നതിനെക്കുറിച്ച് ഞാൻ ഈയ്യിടെ ആലോചിച്ചിരുന്നു.
വിദൂരത്തെങ്കിലും മുഖാമുഖമാണവർ. നിരന്തരം സഞ്ചരിക്കുന്ന ആളുകളും പന്തുമുള്ള ടേബിളിനപ്പുറമിപ്പുറം രണ്ടു കാമുകർ. ഇരുവരും ഗംഭീരമായ സേവുകൾ നടത്തുമ്പോൾ ആദരപൂർണ്ണമായ പ്രണയത്തോടെ ഇരുവരും പരസ്പരം മനസ്സാ അഭിനന്ദിക്കും.
കെട്ടുവിട്ട മനോസഞ്ചാരങ്ങളൊന്നും ഗോൾകീപ്പർമാരെ അവളവളുടെ കർമപഥത്തിൽ നിന്നു വ്യതിചലിപ്പിക്കുന്നൊന്നുമില്ല. ഒഴിവു സമയത്തെ കളികളാണവ. മാർക്സ് പറഞ്ഞിട്ടുള്ളതു പോലെ മിച്ചനേരത്തിൽനിന്നാണ് സംസ്കാരമുണ്ടാകുന്നത്. ഗോൾകീപ്പർക്ക് അത് ധാരാളമുണ്ട്.
ഫുട്ബോൾ ഗോൾകീപ്പർമാരായിരിക്കുകയും പിൽക്കാലത്ത് എഴുത്തുകാരായിത്തീരുകയും ചെയ്ത വിശ്വ പ്രതിഭകൾ ഉണ്ടായിട്ടുള്ളത് യാദൃച്ഛികമാകാനിടയില്ല.